പ്രവാസം
എഴുത്ത്: ഗീതു അല്ലു
ഇന്നവളുടെ കല്യാണമായിരുന്നു,
എന്റെ കുഞ്ഞിപ്പെങ്ങൾ എന്തിനും ഏതിനും ഞാൻ വഴക്കടിക്കാറുള്ള എന്റെ കാന്താരിയുടെ.
ഇന്നലെ വൈന്നേരം അവളെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ ഏങ്ങലടിച്ചു കരഞ്ഞ ആ സ്വരം ഇപ്പോഴും എന്റെ കാതിൽ അലയടിക്കുന്നുണ്ട്, വിങ്ങിപ്പൊട്ടുന്ന എന്റെ ഹൃദയവും ഓരിയിട്ട് നിലവിളിക്കുമ്പോഴും ഈ ഏട്ടന്റെ മനസ്സ് എപ്പോഴും എന്റെ കുട്ടീടെ കൂടെ ഉണ്ടെന്നു പറയുമ്പോഴും ഒരിറ്റു ചുടുനീര് എന്റെ കവിളിൽ നിന്നുമാ മണലാരണ്യത്തിൽ പതിഞ്ഞ് ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.
എന്തിനും ഏതിനും അവൾക്കു ഈ ഏട്ടൻ കൂട്ടിനു വേണമായിരുന്നു. അങ്ങനെയുള്ള എന്റെ കാന്താരിയുടെ കല്യാണമാണ് ഞാൻ ഇല്ലാതെ നടന്നത്. ഓർത്തപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു.
അടക്കി വച്ചിട്ടും പുറത്തേക്കു അണപൊട്ടി ഒഴുകിയ കണ്ണുനീർ കണ്ടിട്ട് കൂടെയുള്ള മൂസക്ക പറഞ്ഞു
“നീ കരയാതെടാ, നമ്മൾ പ്രവാസികൾക്ക് ചില സന്തോഷങ്ങളൊക്കെ അന്യമാണ്..നമ്മൾ തളർന്നു പോയാൽ നമ്മളെ പ്രതീക്ഷിച്ചു നാട്ടിൽ ഇരിക്കുന്നവരും തളരും. ന്റെ മോൻ കരയാതെ പെങ്ങള് കുട്ടീടെ നന്മയ്ക്കു അല്ലാഹുവിനോട് പ്രാർത്ഥിക്കു. “
മൂസക്കയുടെ വാക്കുകൾ എനിക്ക് എന്തോ ഒരു ആശ്വാസം തരുന്നതായിരിന്നു. കണ്ണുകൾ തുടച്ചു പതുക്കെ കട്ടിലിലേക്ക് കിടന്നു.
ഓർമകളിൽ നാടും വീടും അമ്മയും ന്റെ കാന്താരിയുംഓടി എത്തി.
*****************
ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ പതിവിനു വിപരീതമായി ചായ ഇടുന്ന അച്ഛയെ ആണ് കണ്ടത്. അമ്മ എവിടെന്നുളള എന്റെ ചോദ്യം കേട്ടാണ് അച്ഛ തിരിഞ്ഞു നോക്കിയത്.
എനിക്കുള്ള ചായ ടേബിൾന്റെ മുകളിൽ വച്ചിട്ടു അച്ഛ പറഞ്ഞു “അമ്മ അകത്തു മുറിയിൽ കിടക്കുവാണ്. മോനോട് അച്ഛ ഒരു കാര്യം പറയട്ടെ..”
വളരെ ആകാംഷയോടെ ഞാൻ അച്ഛേടെ മുഖത്തു നോക്കി ചോദിച്ചു, “ന്താ അച്ഛേ പറയാനുള്ളത് ??”
അച്ഛ ഒരു ചെറിയ പുഞ്ചിരി മുഖത്തു വരുത്തികൊണ്ട് പറഞ്ഞു മോനു ഒരു കുഞ്ഞ് അനുജനോ അനുജത്തിയോ വരാൻ പോകുന്നു എന്ന്.
ഒരുപാടു സന്തോഷമാണ് എനിക്ക് അപ്പോൾ തോന്നിയത്. കാരണം ഞാനും ആഗ്രഹിച്ചിരുന്നു കൂടെ കളിക്കാനും തല്ലു കൂടാനും സ്നേഹിക്കാനും ഒരു അനുജനെയോ അനുജത്തിയെയോ.
ഞാൻ ഓടി അമ്മയുടെ അടുത്ത് ചെന്നു. അമ്മ കട്ടിലിൽ കിടക്കുകയായിരുന്നു. അമ്മേ വിളിച്ചുണർത്തി കവിളിൽ ഒരു ഉമ്മയും കൊടുത്തു പുറത്തേക്കോടി. കൂട്ടുകാരോട് ന്റെ സന്തോഷം പങ്കു വയ്ക്കാൻ.
പിന്നീടുള്ള ഒൻപതു മാസവും അമ്മയുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധ എനിക്കായിരുന്നു.
അവൾ ജനിച്ച ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ഒരു വെള്ളതുണിയിൽ അവളെ പൊതിഞ്ഞു അച്ഛേ ഏൽപ്പിച്ചിട്ടു നേഴ്സ് പറഞ്ഞു മോൾ ആണ്. അച്ഛ അവളെ എന്റെ നേർക്കു നീട്ടി പറഞ്ഞു നിന്റെ അനിയത്തികുട്ടി.
“ഞാൻ അച്ഛയോടും പറഞ്ഞു നമ്മുടെ കിങ്ങിണി.”
അവളുടെ ഓരോ വളർച്ചയും ഞാൻ ആഘോഷമാക്കുകയായിരുന്നു. സൈക്കിളിന്റെ മുൻപിൽ അവളെയും വച്ചു സ്കൂളിൽ കൊണ്ടാക്കാനും, എല്ലാം ഞായറാഴ്ചയും നൃത്തം പഠിപ്പിക്കാൻ കൊണ്ട് പോകാനും ഞാൻ മതിയായിരുന്നു അവൾക്കു.
എന്നോട് തല്ലു കൂടി എന്റെ കയ്യിലും കവിളിലും ഒക്കെ കടിച്ചിട്ടു എന്നെക്കാളും ഉച്ചത്തിൽ നിലവിളിച്ചു അച്ഛേടേം അമ്മേടേം തല്ലു കൂടെ എനിക്ക് വാങ്ങി തന്നിട്ടേ എന്റെ കാന്താരിക്കു സമാധാനമാകൂ.
അവൾ പ്ലസ് ടുവിൽ പഠിക്കുന്ന സമയം, ഞാൻ വീടുമായി ഒരു ഉത്തരവാദിത്തവും ഇല്ലാതെ കൂട്ടുകാരുമായി കറങ്ങി നടക്കുന്ന സമയം, ഒരു ഇടിത്തി പോലെ ആ വാർത്ത ഞങ്ങളെ തേടിയെത്തിയത്. അച്ഛ ഞങ്ങളെ വിട്ടു പോയിരിക്കുന്നു.
ജീവിതം ഒരു ചോദ്യചിഹ്നം പോലെ മുന്നിൽ നിക്കുന്നു. ഞാൻ ആദ്യമായി ജോലിയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. അമ്മയേം അനിയത്തിയേം നോക്കണം. ഇത്ര നാളും അവർക്കു ഒരു കുറവും ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ വേണം.
ഞാൻ നാട്ടിൽ തന്നെ കുഞ്ഞ് കുഞ്ഞ് പണിക്കു ഒക്കെ പോയി തുടങ്ങി. അകന്നു പോയി എന്ന് തോന്നിയ സന്തോഷമൊക്കെ തിരിച്ചു വന്നു തുടങ്ങി. ആകെ ഉള്ള ഒരു സങ്കടം അച്ഛ ഞങ്ങളുടെ കൂടെ ഇല്ല എന്നതായിരുന്നു.
ഒരു ദിവസം കരഞ്ഞു കൊണ്ടാണ് കിങ്ങിണി സ്കൂളിൽ നിന്നും വന്നത്. അമ്മ എത്ര ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല. അമ്മ ഉടനെ എന്നെ ഫോൺ ചെയ്തു വിവരം പറഞ്ഞു. ഞാൻ പെട്ടന്ന് വീട്ടിൽ എത്തി. അവളോട് കാര്യം തിരക്കി.ആദ്യമൊക്കെ പറയാതെ കരഞ്ഞോണ്ട് തന്നിരുന്നു. ഞാൻ പിന്നെയും ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
ഞങ്ങളുടെ നാട്ടിലെ ഒരു പ്രമാണിയുടെ മകൻ വഴിയിൽ വച്ചു അവളുടെ കയ്യിൽ പിടിച്ചതും അനാവശ്യങ്ങൾ പറഞ്ഞതുമൊക്കെ.
അവളെ ആശ്വസിപ്പിച്ചു വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയത് അവനെ കാണാൻ ആരുന്നു. അവനെ കാണേണ്ട പോലെ കണ്ടു തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും എന്റെ കാന്താരി ഹാപ്പി.
പക്ഷെ അത് നാട്ടിൽ കൊറച്ചു പ്രശ്നങ്ങൾ സൃഷ്ടിച്ചു. എനിക്ക് നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ ആയി. അങ്ങനെയാണ് ഒരു ബന്ധു വഴി ഈ മണൽകാട്ടിൽ വന്നത്.
******************
ഇവിടെ വന്നതിനു ശേഷം ജീവിക്കാൻ ഉള്ള വാശിയും കൂടി. പിന്നെയുള്ള ഒരേ ഒരു ലക്ഷ്യം എന്റെ കാന്താരിയെ നല്ലൊരു കയ്യിൽ ഏൽപ്പിക്കണം എന്നതായിരുന്നു.
അവളുടെ കല്യാണത്തിന് നനഞ്ഞോട്ടിയ ഒരു ഷർട്ടും ഇട്ടു അവളെയും അവളുടെ ചെക്കനെയും ചേർത്തു നിർത്തി ഒരു ഫോട്ടോ എടുക്കണം.
അങ്ങനെയുള്ള കുഞ്ഞു സ്വപ്നങ്ങളുമായി ഞാൻ ഇവിടെ ജീവിക്കാൻ തുടങ്ങീട്ട് ഇപ്പോൾ അഞ്ചു കൊല്ലം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഒറ്റ വട്ടമേ നാട്ടിൽ പോയിട്ടുള്ളൂ.
എങ്കിലും അമ്മയുടെയും എന്റെ കാന്താരി പെങ്ങളുടെയും എല്ലാം സന്തോഷങ്ങളും അറിഞ്ഞു അതിൽ എന്റെ സന്തോഷം കണ്ടെത്തി ഞാൻ ജീവിക്കുകയായിരുന്നു.
ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട സ്വപ്നം ഞാൻ അച്ഛയുടെ സ്ഥാനത്തു നിന്ന് എന്റെ പെങ്ങളുടെ കൈ പിടിച്ചു ഒരുത്തനെ ഏൽപ്പിക്കുന്നതായിരുന്നു.
ആ സ്വപ്നത്തിനും ഇന്നലെ തിരശീല വീണു. ഞാൻ ഇല്ലാതെ എന്റെ കാന്താരിയുടെ കല്യാണം കഴിഞ്ഞു.
ഞാൻ പതുക്കെ കട്ടിലിൽ നിന്നും എണീറ്റിരുന്നു. കണ്ണിൽ നിന്നും ഉള്ള പ്രവാഹം ഇത് വരെ നിലച്ചിട്ടില്ല.
മൂസക്കയുടെ വാക്കുകൾ ഞാൻ ഓർത്തു. ഇക്ക പറഞ്ഞത് ശെരിയാ. ഞങ്ങൾ പ്രവാസികൾക്ക് ചില സന്തോഷങ്ങൾ ഒന്നും വിധിച്ചിട്ടില്ല.
നാട്ടിലുള്ളവരുടെ സന്തോഷത്തിൽ അവർ പോലും അറിയാതെ പങ്കാളികൾ അവനാണ് ഞങ്ങളുടെ വിധി. അത് മതി എന്നാവും ദൈവനിച്ഛയം.
ഞാൻ ഇല്ലായിരുന്നു എന്നെ ഉള്ളു എന്റെ പ്രാർത്ഥന എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും. അവൾ എനിക്ക് കൂടപിറപ്പ് മാത്രമല്ല മകൾ കൂടെ ആണ്.
പ്രവാസം എനിക്ക് ചില സന്തോഷങ്ങൾ നഷ്ട്ടപ്പെടുത്തി. എന്നാലും എന്നെ ആശ്രയിച്ചവർക്കു സന്തോഷം നൽകിയിട്ടുണ്ട്. എനിക്ക് അത് മതി.
കഴിഞ്ഞയാഴ്ച ഞങ്ങടെ സൂപ്പർവൈസർ സാർ എന്നെ നേരെ വിളിപ്പിച്ചു പറഞ്ഞ കാര്യം ഇപ്പോഴും എന്റെ ഓർമ്മയിൽ മിന്നി മറിഞ്ഞു കിടപ്പുണ്ട്, പെങ്ങളുടെ കല്യാണത്തിന് വേണേൽ ലീവ് തരാമെന്നയാൾ പറഞ്ഞപ്പോഴും ഉള്ളിൽ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു, പക്ഷെ ഒപ്പം ഒരു കണ്ടീഷൻ കൂടെ വെച്ചു അയാൾ ഇപ്രാവശ്യം പോകുമ്പോൾ എല്ലാം അവസാനിപ്പിച്ചു ആയിരിക്കണം പോകേണ്ടത് എന്ന് ,
പലകുറി ആവർത്തിച്ചു ആലോചിച്ചു ഞാൻ, ഒരു ഇവിടം വിട്ടു പോകണമെന്ന് തീരുമാനവും എടുത്തതായിരുന്നു,
പക്ഷെ എത്ര തവണ ആലോചിച്ചിട്ടും എന്റെ മനസ്സ് എന്നെ പിറകിലോട്ട് വലിക്കുകയായിരുന്നു, ഇന്നെന്റെ പെങ്ങളുടെ വിവാഹം നടന്നെങ്കിൽ എന്റെ വീടിന്റെ പണിയെല്ലാം തീർന്നെങ്കിൽ അന്തസ്സായി എന്റെ വീട്ടുകാർ സമാധാനത്തോടു കൂടിയും സ്നേഹത്തോടുകൂടിയും ജീവിക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരേയൊരു കാരണം ഇന്നീ മണലാരണ്യത്തിൽ ഞാനൊഴുക്കിയ വിയർപ്പാണ്, എന്റെ ഭാവി ജീവിതവും ഇനി മുതൽ ഈ മണ്ണിനെ ആശ്രയിച്ചു തന്നെയായിരിക്കും
ആ ഒരു ഉറപ്പിന്റെ ബലത്തിൽ ഉള്ളിൽ ഞാനാ വേദനയെ മനപ്പൂർവ്വം ഒതുക്കുകയായിരുന്നു , നാട്ടുകാരുടെ മുൻപിൽ ഞാനൊരു പണത്തിന്റെ പിന്നാലെ പായുന്നതിനടിയിൽ പെങ്ങളെ മറന്നൊരു പ്രവാസിയായിരിക്കാം, പക്ഷെ എന്റെ കിങ്ങിണി, അവൾക്കറിയാം എല്ലാം, ഞാൻ മാത്രമല്ല എന്നെപ്പോലുള്ള ഓരോ പ്രവാസികളും വെറുത്തിട്ടാണെങ്കിലും ഈ മണലാരണ്യത്തിൽ വിയർപ്പൊഴുക്കാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്നവരാണ്, മറ്റാർക്കും വേണ്ടിയല്ല സ്വന്തം കുടുംബത്തിനു വേണ്ടിയാകുമ്പോ അതിനിത്തിരി ഹരം കൂടുതലായിരിക്കും
ഞങ്ങൾക്കൊക്കെ എന്ത് വിക്ഷു, എന്ത് ഓണം , എന്ത് കല്യാണം, എന്ത് പിറന്നാൾ , എല്ലാം ഞങ്ങൾക്ക് ഒരു പോലാണ്, നീറുന്ന നെഞ്ചകത്തിനൊപ്പം ചുണ്ടിലൊരൽപ്പം പുഞ്ചിരി വിടർത്തുന്നവർ ഞങ്ങൾ പ്രവാസികൾ.
വേറൊരു കാര്യം കൂടെ പറയട്ടെ ഞാൻ ഞങ്ങൾ പ്രവാസികൾക്ക് പിറന്നനാടിനെ പോലെ അന്നം നൽകുന്നയീ മണലാരണ്യവും ഒരു പോലെത്തന്നെ പ്രിയപ്പെട്ടതാണ്