പിറകില്‍ ആരുടെയോ പരിഹാസം കലര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഗീത തിരിഞ്ഞു നോക്കിയില്ല…

പിഴച്ചവള്‍

Story written by Deepthy Praveen

” പ്രായമായപ്പോള്‍ പ്രണയമാണ് പോലും… ”

പിറകില്‍ ആരുടെയോ പരിഹാസം കലര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഗീത തിരിഞ്ഞു നോക്കിയില്ല….. ആരോടും മറുപടി പറയേണ്ട കാര്യമില്ലെന്നു ഈ ദിവസങ്ങളില്‍ എപ്പോഴോ ഉറപ്പിച്ചിരുന്നു…

ഫോണെടുത്തു മീരയെ വിളിച്ചു.

” നീ വരുമോ.. ”

” അതെന്താ നീ അങ്ങനെ ചോദിച്ചത്… ഞാന്‍ വരാതെ പിന്നെ.. ”’

”ചോദിച്ചതാണ്‌..” തണുത്തുറഞ്ഞ ശബ്ദത്തില്‍ മറുപടി നല്‍കി അകത്തേക്ക് കയറി… കല്യാണവീടാണ്… ആളും ആരവവും ഇല്ല..എന്നും താനും തന്റെ നിശ്വാസങ്ങളും മാത്രം…

” ആര്‍ക്ക് വേണം ഈ പെണ്ണിനെ… പി ഴച്ചു നടക്കുന്ന ഇവളെയൊന്നും ആരും കൈയ്യേല്‍ക്കില്ല.. ” ചെറുപ്പത്തിലെ വീടിന് വേണ്ടി കഷ്ടപെടാനും അതുവഴി സ്വയം പഠിച്ചു ജോലി നേടാനും ഇറങ്ങിയ തനിക്കു സമൂഹം തന്ന പേരാണ് പി ഴച്ചവള്‍ ,എന്നത്….. ആരെയും കൂസാത്ത സ്വഭാവമാണ് ആ പേര് പതിച്ചു നല്‍കിയതെന്ന് തന്നതെന്നു അറിഞ്ഞിട്ടും മാറാന്‍ കൂട്ടാക്കിയില്ല.. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം ഇല്ലാത്തത് കൊണ്ട് പേരുദോഷത്തെ മുന്‍നിര്‍ത്തി ജീവിതം ഒറ്റപെട്ടു തന്നെ തുടര്‍ന്നു..

പ്രകാശനെ ആദ്യം കാണുന്നത് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓഫീസിന്റെ മുന്നില്‍ പുതിയതായി ഹോട്ടല്‍ തുടങ്ങിയ സമയത്താണ് .. അന്ന് പ്രകാശന്റെ ഭാര്യയും മോനും ഒപ്പമുണ്ടായിരുന്നു… വളരെ ശാന്തയായ ഒരു സത്രീ.. ആ ഹോട്ടലിലെ ജോലികളൊക്കെ ചെയ്തു അവര്‍ പ്രകാശന് സപ്പോര്‍ട്ട് നല്‍കിയിരുന്നത് താന്‍ ശ്രദ്ധിച്ചിരുന്നു..

ഒരുനാള്‍ അവരും മകനും മരിച്ചുന്ന് ഓഫീസില്‍ പറയുന്നത് കേട്ട് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. മകനെ കൊന്ന് ആത്മഹത്യ ചെയ്യുക ആയിരുന്നത്രേ.. കാരണം ആര്‍ക്കും അറിയില്ല.. ചിലര്‍ അവരെയും മറ്റു ചിലര്‍ പ്രകാശനെയും കുറ്റം പറഞ്ഞു…

കുറേനാള്‍ അടച്ചിട്ടിരുന്ന ഹോട്ടല് ഒരുനാള്‍ പ്രകാശന്‍ വീണ്ടും തുറന്നു.. ആ സ്ത്രീയുടെയും കടയുടെ വാതിലില്‍ ചിരിച്ചു കൊണ്ടിരിക്കാറുള്ള ആ കുട്ടിയുടെയും മുഖം ഓര്‍ത്തപ്പോള്‍ അവിടെയ്ക്ക് പോകാന്‍ മടിച്ചു.. കൂടാതെ പ്രകാശനോട് ദേഷ്യവും തോന്നി.. എത്രയൊക്കെ ആയാലും സ്വന്തം ഭാര്യയും മകനും അയാള്‍ കാരണമല്ലെ മരിച്ചത്…

അയാളുടെ മുഖത്ത് പ്രത്യേകിച്ചു ഭാവഭേദമൊന്നും ഇല്ലായിരുന്നു …ഭാര്യയ്ക്ക് പകരം അയാള്‍ ,മറ്റൊരു ജോലിക്കാരനെ വെച്ചു.. അയാള്‍ ,അവര്‍ ചെയ്തിരുന്ന പണികള്‍ ഭംഗിയായി ചെയ്തു പോരുകയും ചെയ്തു…

ഒരു ദിവസം അസ്സഹനീയമായ തലവേദന വന്നപ്പോഴാണ് ഇഷ്ടമില്ലാതെ ആ ഹോട്ടലിലേക്ക് കയറിയത്….

” സാറിനെ ഇങ്ങോട്ടു കാണാറേയില്ലല്ലോ ..” എന്നു പറഞ്ഞപ്പോഴുള്ള അയാളുടെ കണ്ണുകളിലെ തിളക്കം അയാള്‍ എന്നെ തേടാറുണ്ടായിരുന്നു എന്നതിന്റെ തെളിവായി തോന്നി…

” കടുപ്പത്തിലൊരു ചായ.” വാക്കുകളില്‍ കാഠിന്യം നിറച്ചു പറഞ്ഞു കൊണ്ടു അകത്തെ ടേബിളിലേക്ക് ഇരുന്നു.

ചായ കൊണ്ടു വെച്ചു പോകുന്ന ആ രൂപത്തെ വെറുതെ നോക്കി.. ഭാര്യയും മകനും മരിച്ച ദുഃഖം ആ മുഖത്തോ ഭാവത്തോ ഉണ്ടോന്നു നിരീക്ഷിച്ചു കൊണ്ടു ചായ കുടിച്ചു. പിന്നെയും വല്ലപ്പോഴും ആ ഹോട്ടലില്‍ കയറുമ്പോഴൊക്കെ ആ മുഖം തെളിയുന്നത് കണ്ടിട്ടും കാണാത്ത ഭാവം നടിച്ചു… ഇടയ്ക്ക് അങ്ങോട്ടു കണ്ണുകള്‍ പാളിയപ്പോഴൊക്കെ പുഞ്ചിരിയോടെ ഹോട്ടലിലെ ജോലികളെല്ലൊം ചെയ്തിരുന്ന അയാളുടെ ഭാര്യയുടെ മുഖം ഓര്‍മ്മ വന്നു…

ഒരിക്കല്‍ യാദൃശ്ചികമായാണ് അയാളെ വീടിനൂ മുന്നില്‍ വെച്ചു കണ്ടത്..പതിവു പോലെ മുഖം തെളിഞ്ഞപ്പോള്‍ തിരിഞ്ഞു നടക്കാന്‍ കഴിഞ്ഞില്ല….

” ഇതല്ലേ സാറിന്റെ വീട്. ” വീടിന് നേര്‍ക്ക് ചൂണ്ടിയപ്പോള്‍ ,അകത്തേക്ക് ക്ഷണിച്ചു…

” ഇവിടെ ഞാനൊറ്റയ്ക്കാണ്. ” സിറ്റൗട്ടിലെ കസേരയിലേക്ക് വിരല്‍ ചൂണ്ടി കൊണ്ടാണ് പറഞ്ഞത്..

” അറിയാം.. സാറിന്റെ കാര്യങ്ങളൊക്കെ അറിയാം.. ഇടയ്ക്കിടെ ഈവഴി വരാറുണ്ട് ” ആ വാക്കുകളില്‍ നിറഞ്ഞ സ്നേഹം മനസ്സില്‍ സ്പര്‍ശിച്ചു..

” ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല.. ”

” കാണാന്‍ വഴിയില്ല..വീടിന് മുന്നില്‍ നില്‍ക്കാറില്ല..തനിയെ ജീവിക്കുന്ന സ്ത്രീകള്‍ക്ക് പഴിക്ക് കുറവില്ലല്ലോ. ”

അകത്തു പോയി പെട്ടെന്ന് ചായയുമായി മടങ്ങി വരുമ്പോള്‍ അയാള്‍ പത്രം നോക്കി ഇരിക്കുനുണ്ടായിരുന്നു..

” ഒരു കാര്യം ചോദിച്ചാല്‍ വിഷമമാകുമോ..” ബുദ്ധിമുട്ടിയാണ് തുടക്കം കുറിച്ചത്..

ചായ ഒന്നു മൊത്തി ചോദ്യഭാവത്തില്‍ തലയുയര്‍ത്തി ..

”ഭാര്യയും മോനും .. ”

” നിര്‍മ്മല എന്റെ അമ്മാവന്റെ മോളായിരുന്നു.. പഠിക്കുന്ന സമയത്ത് ആരോടോ ഇഷ്ടം ഉണ്ടായിരുന്നു.. ആ വകയില്‍ ഉള്ള കുട്ടിയാ അപ്പു.. അയാള്‍ നാടു വിട്ടു പോയി..അമ്മാവന്‍ മരിച്ചപ്പോള്‍ ഗര്‍ഭിണിയായ അവളെ അമ്മ കൂടെ കൂട്ടി.. അമ്മയും മരിച്ചപ്പോള്‍ ഞങ്ങള്‍ മാത്രമായി..

നാടു വിട്ട അയാള്‍ മടങ്ങി വന്നു വേറേ കല്യാണം കഴിച്ച വിഷമത്തിലാ അവള്‍… ”

കൂടുതല്‍ പറയാന്‍ നില്‍ക്കാതെ ചായ കപ്പ് വെച്ചു അയാള്‍ ഇറങ്ങി നടന്നു..

പിന്നെയും കണ്ണുകള്‍ ഇടഞ്ഞു.. അപ്പോഴൊക്കെ മടിച്ചാണെങ്കിലും പിന്‍തിരിഞ്ഞു നടന്നു… അര്‍ഹതയില്ലാത്തിടത്തേക്ക് മനസ് ചെല്ലരുതെന്നു വിലക്കീ…

എല്ലാ ദിവസവും ആ മുഖം തിരഞ്ഞു കണ്ടുപിടിക്കാന്‍ മനസ്സിന് പ്രത്യേക വൈദഗ്ധ്യം ഉണ്ടെനു തോന്നി…

റിട്ടേയര്‍ ആകുന്നത് വരെ ആ പതിവ് തുടര്‍ന്നു..പരസ്പരം വാക്കുകള്‍ കൊണ്ടുള്ളതിലേറേ മനസ്സു കൊണ്ടു പങ്കുവെച്ചിരുന്നെന്നു തോന്നി..

റിട്ടയറായി വീട്ടീലിരുന്നപ്പോഴാണ് സത്യത്തില്‍ പങ്കുവെയ്ക്കാത്ത ആ സ്നേഹം ശ്വാസം മുട്ടിച്ചു തുടങ്ങിയത്‌….വെറുതെ വീട്ടുപടിക്കല്‍ റോഡിലേക്ക് നോക്കി കണ്ണയച്ചെങ്കിലും നിരാശ ആയിരുന്നു ഫലം…

” റിട്ടയര്‍ ആയതില്‍ പിന്നെയാണ് ആ നോട്ടത്തിന്റെ നഷ്ടം തിരിച്ചറിഞ്ഞത്… ഇനി എന്തു ജീവിതം എന്നു ചിന്തിക്കുന്നവര്‍ ഉണ്ടാകാം.. പക്ഷേ ഇനി ആണ് ജീവിതത്തില്‍ തുണ വേണ്ടതെന്നു ഞാന്‍ ചിന്തിക്കുന്നു..ഗീത എന്നോടൊപ്പം വരുമോ.. ”

ഒരു ദിവസം അപ്രതീക്ഷിതമായി കയറി വന്നു പ്രകാശന്‍ അത് പറയുമ്പോള്‍ നിറഞ്ഞ മനസ്സോടെ സമ്മതിക്കൂകയായിരുന്നു.. ആകെ മീരയെ മാത്രമാണ് വിളിച്ചു പറഞ്ഞത്‌ .. അവളെ തന്നെ കേള്‍ക്കാനും മനസ്സിലാക്കാനും ഉള്ളു… അതുകൊണ്ട് തന്നെ അവള്‍ക്ക് സന്തോഷം മാത്രമായിരുന്നു ..

നാളെ ആണ് കല്യാണം ..ചുറ്റുപാടും പരിഹസിക്കാന്‍ ആളുകളുണ്ടാകും.. പക്ഷേ ഒറ്റപെടുന്നവരുടെ വേദന അവര്‍ക്കു അല്ലേ അറിയൂ..