എഴുത്ത്: ശ്രുതി മോഹൻ
Feb -14
ബലിയിട്ട് മടങ്ങി വന്നപ്പോഴേക്കും കുഞ്ഞ് ഉണർന്നിരുന്നു…. ഈറൻ മാറിയുടുത്തു കുഞ്ഞിനെ നെഞ്ചോട് ചേർത്തു… വിശപ്പ് മാറിയപ്പോൾ അവൻ വീണ്ടും മയങ്ങി…
കുഞ്ഞിനെ തോളിൽ കിടത്തി ജനലിനരികിലേക്ക് ചെന്നു നിന്നു…
നീ നട്ട പനിനീർചെടികൾ പതിവില്ലാതെ പൂത്തുലഞ്ഞിട്ടുണ്ടല്ലോ…പല നിറത്തിലുള്ളവ….
ആദീ….. നിനക്കിത് കാണാമോ? നീ ഒരുപാട് ഇഷ്ടത്തോടെ വാങ്ങി നട്ട ചെടികൾ പൂത്തു നിൽക്കുന്നത്….
വിവാഹം കഴിഞ്ഞു അധികദിവസം അവധി ഇല്ലാത്തതിനാൽ പേരിനു പോയ യാത്രകൾക്കൊടുവിൽ നീ വാങ്ങിയ ചെടികൾ…
മടങ്ങി പോവാനാവുംതോറും വീർത്തു വന്ന എന്റെ കവിളിൽ അമർത്തി ചുംബിച്ചു നീ കളിയായി പറഞ്ഞിരുന്നില്ലേ….എന്തിനാടീ ഭാര്യേ നമുക്ക് ഹണിമൂൺ ആഘോഷിക്കാൻ വേറൊരു സ്ഥലമെന്ന്…
പിണക്കം മാറി ചുവക്കുന്ന എന്റെ മുഖം നിന്നിൽ വികാരങ്ങൾ ജനിപ്പിച്ചിരുന്നത്…
മടങ്ങി പോവും നേരം എനിക്ക് നീ വാക്ക് നല്കിയിരുന്നതല്ലേ…അടുത്ത അവധിക്ക് എന്നെയും കൂട്ടി ഒരുപാട് യാത്രകൾ പോവാമെന്ന്……
ഏതൊരു ഭാര്യയെയും പോലെ മനസ് ന്റെ നീറ്റൽ പുഞ്ചിരിയിൽ മറച്ചു നീ കുനിച്ചു തന്ന നെറ്റിയിൽ ഞാനും ചുംബിച്ചില്ലേ…..അന്ന് നീ പല തവണ ചോദിച്ചിട്ടും നിന്റെ ചുണ്ടിൽ ഞാൻ ചുംബിച്ചില്ല…. അപേക്ഷ രൂപേണ നീ ചോദിച്ചപ്പോൾ ചുണ്ട് കൂർപ്പിച്ചു ഒരുമ്മ ഞാൻ കാറ്റിൽ ഞാൻ പറത്തിവിട്ടില്ലേ….
നിനക്കോർമ്മയുണ്ടോ..? പിന്നീട് നിന്റെ പരിമിതമായ വിളികളിൽ പ്രണയത്തിന്റെ മൂളലുകളിൽ ഞാൻ മറുപടി നൽകിയിരുന്നത്…..
പിന്നീട് നിന്നെ കാത്തിരിക്കാൻ എനിക്കൊപ്പം മറ്റൊരാൾ കൂടി വരുന്നുണ്ടെന്നറിഞ്ഞു ഞാൻ സന്തോഷിച്ചത്….
തിരക്കുകളിൽ നീ പെട്ടുപോയപ്പോൾ ഒരു കുഞ്ഞു ആദി നിന്നെ കാത്തിരിക്കുന്നുണ്ടെന്നു നിന്നെ അറിയിക്കാനാവാതെ പോയത്…
കുഞ്ഞു വിഷമം ഉള്ളിൽ തോന്നിയെങ്കിലും നീ അറിയുമ്പോൾ ഞാൻ കണ്ടില്ലെങ്കിലും നിന്റെ മുഖത്ത് വിടരുന്ന സന്തോഷം ഓർത്തു ഞാൻ കാത്തിരുന്നില്ലേ…
പ്രണയദിനത്തിൽ നീ എന്നെ വിളിക്കാതിരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു…എന്നാൽ അന്നു കാത്തിരിപ്പിന് ഒടുവിൽ നീയടക്കമുള്ളവർ യാത്ര ചെയ്തിരുന്ന വാഹനം കത്തിയമർന്നപ്പോൾ പൊലിഞ്ഞു പോയത് ഞങ്ങളുടെ കാത്തിരിപ്പായിരുന്നില്ലേ…..
വീണ്ടുമൊന്നു കാണാനായി ഒന്നും ബാക്കി വച്ചില്ലല്ലോ….. നമ്മളുടെ കുഞ്ഞാദിക്ക് നിന്റെ ശബ്ദമോ….. ജീവനറ്റുപോയെങ്കിലും ആ ശരീരമോ ഒന്നുപോലും………
നീയോ ആദി…… നിന്നോട് പറയാനിരുന്ന എന്റെ പരിഭവങ്ങളും സന്തോഷങ്ങളും കേൾക്കാതെ പോയില്ലേ…അന്ന് നിനക്ക് നൽകാൻ കഴിയാതിരുന്ന ചുംബനം ഇന്നെന്റെ ചുണ്ടിനെ പൊള്ളിക്കുന്നുണ്ട്……
ലോകമാകെ ഇന്ന് പ്രണയദിനം ആഘോഷിക്കുമ്പോൾ ആദീ…ഞാൻ നിനക്ക് ബലിയിടുകയായിരുന്നു…
നീയറിയുന്നുണ്ടോ ആദീ…ഇന്നീ പ്രണയപുഷ്പങ്ങൾ വിരിഞ്ഞിട്ടെന്തിനാണ്..എന്നോടൊപ്പം ഇത് കാണാൻ നീയില്ലല്ലോ..
നിറഞ്ഞൊഴുകിയ കണ്ണുകൾ കുഞ്ഞു ആദിയെ നനച്ചപ്പോൾ അറിയാതെ ആ കുഞ്ഞു കൈ എന്റെ കവിളിൽ തലോടി…….അതേ….. ആദി……… ഇത് നീയാണ്…എനിക്കറിയാം…. എന്നെ തനിച്ചാക്കാൻ നിനക്കാവില്ലല്ലോ…….
മരണം വരിച്ച ജവാന്മാരുടെ ഓർമ്മകൾക്കു മുന്നിൽ പൂക്കൾ അർപ്പിച്ചു കൊണ്ട് ഏവർക്കും പ്രണയദിനം ആശംസിക്കുന്നു
Sruthy Mohan