എടീ കൊച്ചേ ഇങ്ങനെ കിടക്കയിൽ കിടന്നാൽ നടുവേദന ഒഴിഞ്ഞ സമയം ഉണ്ടാവില്ല. പ്രസവശേഷം നല്ല…

Story written by MANJU JAYAKRISHNAN

എടീ കൊച്ചേ ഇങ്ങനെ കിടക്കയിൽ കിടന്നാൽ നടുവേദന ഒഴിഞ്ഞ സമയം ഉണ്ടാവില്ല. പ്രസവശേഷം നല്ല സുഖചികിത്സയും സ്വപ്നം കണ്ടു നടന്ന എനിക്ക് കിട്ടിയതോക്കെ നല്ല എട്ടിന്റെ പണി ആയിരുന്നു…

ടീവി കാണാൻ പാടില്ല. ആരോടും അധികം സംസാരിക്കാൻ പാടില്ല. കെട്ടിയോൻ എങ്ങാനും ഇടക്ക് വന്നാൽ സി. ഐ.ഡി യുടെ ഭാവഭേദങ്ങളോടെ അമ്മ ഹാജർ ആണ്. ഒന്നിന്റെ ക്ഷീണം കഴിഞ്ഞിട്ടില്ല അപ്പോഴാ ഇനി….

രാത്രി ആണെങ്കിൽ നൈറ്റ്‌ ഡ്യൂട്ടി ആണ്. കുഞ്ഞ് അലാറം വച്ച് എണീറ്റ പോലെ പാലുകുടി അതു കഴിഞ്ഞു മൂത്രമൊഴി. ഇവൾ എങ്ങിനെ അമേരിക്കൻ സമയം പിന്തുടർന്നു എന്നത് എനിക്കിപ്പോഴും അറിയില്ല

രാവിലെ ആണെങ്കിൽ കുളിപ്പിക്കാൻ ചേച്ചി തയ്യാർ. തൊലി പൊളിയുന്ന ചൂടിൽ നല്ല തിളച്ച വെള്ളം ദേഹത്ത് ഒഴിക്കും. കണ്ണിൽ നിന്നും പൊന്നീച്ച പറക്കും.

“അയ്യോ”,”അമ്മേ ” എന്നീ വാചകങ്ങൾ ഒന്നും അമ്മ കേട്ടതായി പോലും ഭാവിച്ചിട്ടില്ല. ഞാൻ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം. നമ്മുടെ ചമ്മലിനൊന്നും അവിടെ യാതൊരു കാര്യവും ഇല്ല. ഒരു ലോഡ് കുഴമ്പും പിന്നെ കഷായം,ലേഹ്യം. ഒക്കെ കൂടി ആയുർവേദകടയുടെ അടുത്ത് കൂടി പോയ അവസ്ഥ. തൊണ്ട പൊട്ടിയാലും ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത അവസ്ഥ. കുഴമ്പിന്റെ മണം കൊണ്ട് ഒരു ഈച്ച പോലും ആ വഴിക്ക് വരില്ല

രാവിലെ കുളി ഒക്കെ കഴിഞ്ഞാൽ കാലിൻമേലെ കാല് കേറ്റി മുകളിൽ നോക്കി പായപ്പുറത്ത്‌ ഒറ്റ കിടപ്പാണ്. ഉറങ്ങാൻ ശ്രമിച്ചാലും ഉറക്കം വരില്ല. ഗർഭിണി ആയപ്പോൾ ഇടത്തെ വശം ചേർത്ത് കിടന്നു അതൊരു ശീലം ആയി പ്പോയത് കൊണ്ട് മൊത്തത്തിൽ പണി ആണ്

മുരിങ്ങക്കോലു പോലുള്ള എന്നെ കണ്ണു വൈകും എന്നും പറഞ്ഞ് ഒരു കണ്മഷി മുഴുവൻ മറുക് ആയും കണ്ണിലും ഒക്കെ എഴുതി കണ്ടത്തിൽ വൈകാൻ പോലും ആവാത്ത അവസ്ഥയിൽ ആവും. അമ്മക്ക് അല്ലേലും സ്വന്തം കുഞ്ഞ് പൊൻകുഞ്ഞ് ആണല്ലോ.

ഇനി അമ്മയെയും കുഞ്ഞിനെയും കാണാൻ വരുന്നവരുടെ കാര്യം. കുഞ്ഞ് കറുത്തതാണ്. കുഞ്ഞിന് കെട്ടിയോന്റെ ഛായ ഇല്ല. അതു കേട്ട ഉടനെ ഇടക്ക് ഇടക്ക് പുള്ളി തന്നെ വന്നു നോക്കാൻ തുടങ്ങി.

പിന്നെ കുഞ്ഞുങ്ങൾ മാറിപ്പോയ കഥകൾ. നന്നായി പ്രസവശുശ്രുഷ നോക്കാത്ത കൊണ്ട് ആണ് ഞാൻ തടിച്ചി ആവാതെ ഇരിക്കുന്നത് .. ഇങ്ങനെ ഒരു തരത്തിലും മനസമാധാനം ഉണ്ടാവരുത് എന്ന് കരുതി കൂട്ടിയുള്ള വാചകങ്ങൾ.

എല്ലാം കൂടി അത്രക്ക് പ്രതീക്ഷിച്ച സുഖം ഒന്നും ഉണ്ടായിരുന്നേ ഇല്ല. പ്രസവിക്കാൻ ആണ് ഇതിലും എളുപ്പം. കുറച്ചു സമയത്തെ കാര്യമേ ഉള്ളൂ. ഇതു മൂന്നു മാസം നീണ്ടു നിൽക്കുന്ന കലാപരിപാടി ആണല്ലോ