അല്ലെങ്കിൽ തന്നെ ശാന്തിമുഹൂർത്തം ആയിട്ടില്ലാന്ന് പറഞ്ഞ് ഒരാഴ്ച്ചയായി ഇവള് വട്ടം കറക്കുന്നു. ഇവിടെങ്കിലും വച്ച് വല്ലോം നടക്കുമെന്ന് വച്ചതാ……….

ഹണിമൂൺ

Story written by Praveen Chandran

” വരുൺ ഞാനൊരു കാര്യം പറഞ്ഞാൽ സാധിച്ച് തരുമോ?”

പ്രിയതമയുടെ ചോദ്യം കേട്ട അവൻ ഉന്മാദ ത്തോടെ അവളെ നോക്കി.. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവനാഗ്രഹിച്ചിരുന്നതും അങ്ങനൊരു ചോദ്യമായിരുന്നു…

വനത്തിന് നടുവിലുള്ള ആ ട്രീ ഹൗസ് അവളുടെ ആഗ്രഹപ്രകാരം ആണ് ഹണിമൂണിനായി അവൻ തിരഞ്ഞെടുത്തത്..

പക്ഷെ പകൽ വനത്തിന്റെ ഭംഗിയെല്ലാം ആസ്വദിച്ച് കഴിഞ്ഞ് രാത്രിയായപ്പോഴാണ് വേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിയത്…

കാടിന്റെ ഭീകരത ശരിക്കും മനസ്സിലാവുന്നത് ഇരുട്ട് കൂടുമ്പോഴാണ്…

അതും ഇത്പോലുള്ള ഒരു സ്ഥലത്ത് അതിന്റെ ഭീകരത ഇരട്ടിക്കും.. ആ ട്രീ ഹൗസ് ആയിരുന്നെങ്കിൽ വനത്തിലേക്ക് കൂടുതൽ ഇറങ്ങിനിൽക്കുന്നതും ആയിരുന്നു…

“എന്താ രേഷ്മ.. ? പറയൂ..?” അവന് ആകാംക്ഷ അടക്കാനായില്ല…

പക്ഷെ അവളുടെ ആഗ്രഹം കേട്ട് അവൻ അമ്പരന്ന് പോയി…

“നീ എന്താ പറയുന്നത്? ഓജോബോർഡ് കളിക്കാനോ? അതും ഈ ഹണിമൂൺ സമയത്ത്.. നിനക്ക് വട്ടുണ്ടോ രേഷ്മ? അല്ലേലെ മനുഷ്യന് ഇവിടത്തെ അറ്റ്മോസ്ഫിയർ കണ്ട് കിളിപോയിരിക്കാ.. അതിന്റെ ഇടയിലാ ഓജോബോർഡ്..നീ വന്നേ നമുക്ക് കിടക്കാം…”

അവൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടി…

“നിനക്ക് എന്നെ ഇഷ്ടമില്ലല്ലേ?” പരിഭവത്തോടെ അവൾ പറഞ്ഞു.

“ഇതിലെന്ത് ഇഷ്ടവും അനിഷ്ടവും… ഇതല്ലാതെ വേറൊന്നും നിനക്ക് ആഗ്രഹിക്കാനില്ലേ ? “

അവനാകെ ധർമ്മസങ്കടത്തിലായി…

” ഇല്ല വരുൺ.. ഇന്നെങ്കിലും എനിക്കിത് സാധിക്കണം.. നാളുകളായി ഞാനിത് ഉള്ളിൽ കൊണ്ട് നടക്കുകയാണ്.. ഇവിടെ അതിന് പറ്റിയ നിശബ്ദതയുണ്ട്.. ഇരുട്ടുണ്ട്.. എനിക്ക് കളിച്ച് നോക്കണം.. ഇതില് എന്തേലും സത്യമുണ്ടെങ്കിൽ എനിക്കത് ഇന്ന് അറിയണം…”

അവൾ പറഞ്ഞത് കേട്ട് അവൻ ത്രിശങ്കു സ്വർഗ്ഗത്തിലകപെട്ടപോലെയായി…

നല്ലൊരു ഹണിമൂൺ ആയിട്ട് ഈ ഒരു കളി മാത്രമേ ഇവൾക്കാവശ്യപെടാനുള്ളൂ.. ഇനി ഇപ്പോ സമ്മതിക്കാതിരുന്നാ പിന്നെ അത് മതി ഹണിമൂൺ കുളമാവാൻ…

അല്ലെങ്കിൽ തന്നെ ശാന്തിമുഹൂർത്തം ആയിട്ടില്ലാന്ന് പറഞ്ഞ് ഒരാഴ്ച്ചയായി ഇവള് വട്ടം കറക്കുന്നു.. ഇവിടെങ്കിലും വച്ച് വല്ലോം നടക്കുമെന്ന് വച്ചതാ… ഇനി രണ്ടാഴ്ച്ച കൂടിയേ ലീവ് ബാക്കിയുള്ളൂ…

“ശരി.. നമുക്ക് കളിക്കാമെന്നിരിക്കട്ടെ.. പക്ഷെ അതിന് ഓജോബോർഡ് ഇല്ലല്ലോ..? നാളെ നമുക്ക് ഓജോബോർഡ് വാങ്ങിച്ചിട്ട് കളിക്കാം പോരേ..?” അവൻ ഒരു കച്ചിത്തുരുമ്പ് കിട്ടിയ ആശ്വാസത്തിൽ പറഞ്ഞു..

” ഒജോബോർഡ് എന്റെ ബാഗിലുണ്ട്.. “

അത് കേട്ടതും അവന് അമ്പരപ്പായി…

ഇവളിതൊക്കെ കെട്ടിപ്പറുക്കിയാണോ ഹണിമൂണിന് വന്നിരിക്കുന്നത്.. ഇത് വല്ല്യ ചതിയായല്ലോ എന്നവനോർത്തു…

അവൾ അകത്തേക്ക് പോയി ഓജോബോർഡ് ബാഗിൽ നിന്നും എടുത്ത് മേശപ്പുറത്ത് വച്ചു…

“ആ ലൈറ്റ് ഓഫ് ചെയത് വാതിൽ കുറ്റിയിടൂ വരുൺ.. ഞാൻ മെഴുകുതിരി കത്തിക്കാം..”

അവൾ പറഞ്ഞത് കേട്ട് അവനൊന്ന് ശങ്കിച്ചെങ്കിലും അതനുസരിക്കുകയല്ലാതെ അവന് വേറെ നിവൃത്തിയില്ലായിരുന്നു..

ഇവൾക്ക് ഇതായിരുന്നോ ഇനി ബാംഗ്ലൂരിൽ ജോലി.. അവനാകെ കൺഫ്യൂഷനിലായി..

വളരെ ആവേശത്തോടെയാണ് അവൾ അതിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയത്…

എല്ലാം തയ്യാറാക്കിയതിന് ശേഷം അവൾ നാണയത്തിൽ വിരൽ വച്ച് കണ്ണടച്ചുകൊണ്ട് പറഞ്ഞു..

“ഗുഡ്സ്പിരിറ്റ് പ്ലീസ് കം.. “

അത് വരെയില്ലാത്ത ഒരു ഭയം അപ്പോൾ മുതൽ അവനെ പിടികൂടാൻ തുടങ്ങി..

അവൻ അവളോട് കുറച്ച് അടുത്തിരുന്നു.. പുറത്ത് ഇരുട്ടിന് ശക്തി കൂടി ക്കൊണ്ടിരുന്നു.. കനത്ത നിശ്ശബ്ദത ഇരുട്ടിനേക്കാൾ ഭയാനകമായിരുന്നു…

അവൾ വീണ്ടും വീണ്ടും ആ വാക്കുകൾ ഉരുവിട്ടുകൊണ്ടിരുന്നു..

അവൻ ശ്വാസമടക്കിപിടിച്ചാണ് ഇരുന്നിരുന്നത്…

പെട്ടെന്നാണ് ശക്തമായ ഇടിവെട്ട് അവരുടെ കാതുകളിൽ പതിഞ്ഞത്..

അവൻ ഞെട്ടി പിന്നിലേക്കാഞ്ഞു…

അവൾക്ക് പക്ഷെ ഒരു കുസലുമില്ലായിരുന്നു..

“ഗുഡ് സ്പിരിറ്റ് പ്ലീസ് കം…”

അവൾ തുടർന്നുകൊണ്ടേയിരുന്നു..

ആ സമയത്ത് പുറത്തുണ്ടായ ശക്തമായ കാറ്റിൽ ട്രീ ഹൗസ് ഇളകാൻ തുടങ്ങി…

അവന്റെ ഭയം കുടിക്കൊണ്ടിരുന്നു…

പെട്ടെന്നാണ് നാണയത്തിലമർന്നിരുന്ന അവളുടെ കൈവിരൽ ചലിക്കാൻ തുടങ്ങിയത്…

“ഹായ്” എന്നെഴുതിയ ബോർഡിലെ ആ സ്ഥലത്താണ് കോയിൻ ചെന്ന് നിന്നത്..

അതോടെ അവന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി…

ആത്മാവിന്റെ സാന്നിദ്ധ്യം അവന് അവിടെ അനുഭവപ്പെടാൻ തുടങ്ങി…

അവളിൽ യാതൊരു ഭാവമാറ്റവും കാണാഞ്ഞ് അവൻ അമ്പരന്നു…

“ഹു ആർ യൂ?” ബോർഡിലേക്ക് നോക്കി അവൾ ചോദിച്ചു…

അവൾ ചോദിച്ചതിന് ഉത്തരമെന്നോണം അവളുടെ വിരലുകൾ താനെ കോയിനോടൊപ്പം ചലിക്കാൻ തുടങ്ങി…

ഓരോ അക്കങ്ങളിൽ വിരലെത്തുമ്പോഴും അവളുടെ മുഖത്തെ പ്രകാശം കൂടി കൂടി വന്നു..

കൈവിരൽ അസാനത്തെ അക്ഷരത്തിൽ ചെന്നെത്തിയതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…

” ആകാശ്..” അവൾ ആ പേര് ഉറക്കെ പറഞ്ഞു….

അവനൊന്നും മനസ്സിലാവാതെ പരിഭ്രമത്തോടെ അവളെ നോക്കി…

പൊട്ടിക്കരയുകയായിരുന്നു അവൾ..

അവൾ വീണ്ടും വീണ്ടും പലതും ചോദിച്ചുകൊണ്ടിരുന്നു… അതിന് ഉത്തരമായെന്നോണം അവളുടെ കൈകവിരലുകൾ ചലിച്ചുകൊണ്ടുമിരുന്നു…

അങ്ങനെയൊരു രംഗത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല..

ആരാണ് ആ ആത്മാവ് എന്നതിനുള്ള ഏകദേശം ഒരു രൂപം അവന് അവളുടെ ചോദ്യങ്ങളിൽ നിന്ന് ഊഹിക്കാമായിരുന്നു…

വിദേശത്ത് ജോലിചെയ്തിരുന്ന അവന്റെ വിവാഹം ഉറപ്പിച്ചത് വീട്ടുകാർ തമ്മിലായിരുന്നു…

വീട്ടുകാർക്കിഷ്ടപെടുന്ന പെണ്ണിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അവൻ വാക്കു കൊടുത്തിരുന്നു…

അത് കൊണ്ട് തന്നെ വിവാഹത്തിനായി ലീവിന് വന്നപ്പോഴാണ് അവനവളെ ആദ്യമായി കാണുന്നത് തന്നെ…

അന്ന് മുതലേ അവളവനോട് ഒരുപരിധിയിൽ കൂടുതൽ സംസാരിക്കാറില്ലായിരുന്നു..

നാണം കൊണ്ടായിരിക്കാം എന്നാണ് അവൻ വിചാരിച്ചിരുന്നത്..

വിവാഹത്തിന് ശേഷം എല്ലാം ശരിയാവും എന്നാണ് അവൻ കരുതിയത്.. എന്തോ ഒരു സങ്കടം അവൾക്കുണ്ടെന്ന് മുന്നേ അവന് തോന്നിയിരുന്നു…

ഇപ്പോഴാണ് ആ സങ്കടത്തിന് പിന്നിലുള്ള കാരണം അവന് മനസ്സിലായത്…

കുറച്ച് സമയത്തിന് ശേഷം അവളുടെ വിരലുകൾ നിശ്ചലമായി..

“ബൈ” എന്ന പോയന്റിലായിരുന്നു അത്..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

അവൻ അവളുടെ അരികിലെത്തി.. ആ തോളിൽ കൈവച്ചതും അവളവനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി..

അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

“താങ്ക്യൂ… വരുൺ… “

അവളെ അവൻ അവിടെ നിന്ന് എഴുന്നേൽപ്പിച്ച് കിടക്കയിലേക്ക് ഇരുത്തി..

മേശപ്പുറത്തിരുന്ന ഗ്ലാസ്സിലെ വെള്ളം അവൾക്ക് നേരെ നീട്ടിക്കൊണ്ട് കുടിക്കാനായി അവൻ ആവശ്യപെട്ടു..

അവൾ അത് ഒറ്റവലിക്ക് കുടിച്ച് കുടിച്ചു കൊണ്ട് വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി….

” വിഷമിക്കണ്ട.. എനിക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി.. ഇതായിരുന്നു താൻ മനസ്സിൽ കൊണ്ട് നടന്നിരുന്ന സങ്കടമല്ലേ?… ബുദ്ധിമുട്ടില്ലെ ങ്കിൽ എന്നോട് പറയാമോ ആകാശ് എങ്ങനെയാണ് മരിച്ചതെന്ന്…?”

അത് കേട്ട് അവൾ അവനെ നിറകണ്ണുകളോടെ നോക്കി..

അവളുടെ മനസ്സ് ശാന്തമായിരുന്നില്ല…

അല്പസമയത്തിന് ശേഷം ആണ് അവൾ ആ കഥ പറഞ്ഞ് തുടങ്ങിയത്…

” എഞ്ചിനീയറിംഗ് പഠനകാലത്താണ് ആകാശിനെ ഞാൻ പരിചയപെടുന്നത്.. എന്റെ സീനിയർ ആയിരുന്നു ആകാശ്.. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ വല്ലാതടുത്തു.. അവന് ഞാനെന്നാൽ ഭ്രാന്തമായ ഒരു ആവേശമായിരുന്നു.. എനിക്കും അവനെ ജീവനായിരുന്നു… അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ ഇടയിലേക്ക് ഷെറിൻ കടന്നു വരുന്നത്… ഷെറിൻ അവനുമായി സൗഹൃദത്തിലാകുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു…

അവനെന്നിൽ നിന്ന് അകന്ന് പോകുന്നപോലെ എനിക്ക് തോന്നി.. ഷെറിനും അവനുമായി പ്രണയത്തിലാണെന്ന് ഞങ്ങളുടെ ഒരു സുഹൃത്ത് എന്നോട് സംശയം പ്രകടിപ്പിച്ചതോടെ എനിക്ക് ആകെ ടെൻഷനായി..അതോടെ ഞാനവനുമായി വഴക്ക് കൂടി.. അവൻ പറയുന്നത് കേൾക്കാൻ പോലും ഞാൻ മനസ്സ് കാണിച്ചില്ല..

ഞാനവനെ തീർത്തും ഒഴിവാക്കുകയായിരുന്നു.. പക്ഷെ പിന്നീടാണ് ഞാനറിഞ്ഞത് അവന് ഷെനുമായി വെറും സുഹൃദ്ബന്ധം മാത്രമേയുള്ളൂ വെന്നും.. അവന്റെ കൂട്ടുകാരന്റെ പെങ്ങളാണ് ഷെറിനെന്നും…

പിന്നീട് പലവട്ടം അവനെന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഞാൻ മനപ്പൂർവ്വം ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു… എന്റെ മനസ്സിൽ അവനോടുള്ള ഇഷ്ടം അപ്പോഴും അത് പോലെ തന്നെ ഉണ്ടായിരുന്നുവെങ്കിലും അവനെ ഫേസ് ചെയ്യാൻ എനിക്ക് ഒരുമടി പോലെ തോന്നി… അവനെ തെറ്റിധരിച്ചതല്ലേ ഞാൻ അത് കൊണ്ടു തന്നെ ഒരു ചമ്മൽ.. കുറച്ച് ദിവസം കുടെ കഴിയട്ടെ എന്ന് കരുതിയാണ് അവനെ ഞാൻ വീണ്ടും അവോയ്ഡ് ചെയ്തത്..

കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എനിക്കതിനുള്ള ധൈര്യം വന്നത്.. അവനെ ഞാൻ ഫോണിൽ വിളിച്ച് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് എന്ന് മാത്രം പറഞ്ഞു.. കോളേജിനടുത്തുള്ള കോഫി ഷോപ്പിൽ വച്ച് മീറ്റ് ചെയ്യാമെന്നാണ് ഞാനവനോട് പറഞ്ഞത്.. അത് കേട്ടപ്പോൾ വളരെയധികം സന്തോഷത്തോടെ അവനെന്നോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും മനപ്പൂർവ്വം ഞാൻ ഫോൺ കട്ട് ചെയ്യുകയായിരുന്നു…

അങ്ങനെ ഞാനവനെക്കാണാനായി പുറപ്പെട്ടു… ബസ്സിലിരിക്കുമ്പോൾ അവനായിരുന്നു എന്റെ മനസ്സ് മുഴുവൻ… അന്ന് പതിവില്ലാതെ നല്ല മഴയും ഉണ്ടായാരുന്നു…

അവനെന്നെയോർത്ത് ഒരുപാട് സങ്കടപെട്ടിട്ടുണ്ടാവുമെന്ന് ഞാനോർത്തു.. എല്ലാ ത്തിനും ഒരു സോറി പറയണമെന്നും അവന്റെ ദേഷ്യത്തോടെയുള്ള ആ മുഖം കാണണമെന്നും ആലോചിച്ച് പോകുമ്പോഴാണ് എനിക്ക് ആ കോൾ വന്നത്…

അവന് ആക്സിഡന്റ് ആയെന്നും സീരിയസ്സ് ആണെന്നും പറഞ്ഞുള്ള കോൾ ആയിരുന്നു അത്.. ഞാനാകെ തളർന്നുപോയിരുന്നു… ഹോസ്പിറ്റലിലേക്ക് ഞാനെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു… “

അവൾ അതു പറഞ്ഞു തീർന്നതും നിയന്ത്രണം വിട്ട് പൊട്ടിക്കരയാൻ തുടങ്ങി…

അവൾ പറയുന്നത് കേട്ട് അവന്റെ നെഞ്ചിടിപ്പ് കുടിക്കൊണ്ടിരുന്നു..

അല്പ സമയത്തിന് ശേഷം അവൾ തുടർന്നു…

“അതിന് ശേഷം ഞാനാകെ തകർന്നു പോയിരുന്നു.. നീണ്ട രണ്ട് വർഷത്തോളം അവനോട് ഒന്ന് ക്ഷമ ചോദിക്കാൻ പോലും എനിക്കായില്ലല്ലോ എന്നോർത്ത് ഞാനൊരുപാട് സങ്കടപെട്ടിരുന്നു.. ഓജോബോർഡ് വഴി അവന്റെ ആത്മാവുമായി സംവദിക്കാനാവുമെന്നും അത് വഴി എനിക്കവനോട് മാപ്പ് പറയാനാവുമെന്നും എന്റെ ഒരു സുഹൃത്ത് ആണ് എന്നോട് പറഞ്ഞത്.. ഇതിന് മുമ്പ് പലതവണ ഞാനതിന് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു… പക്ഷെ ഇവിടെ വച്ച് അത് നടക്കുമെന്ന് എന്തോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..അത് തെറ്റിയില്ല.. അവനോട് ഞാൻ മനസ്സ് തുറന്നു സംസാരിച്ചു… അവനെന്നെ ആശ്വസിപ്പിച്ചു.. പുതിയ ജീവിതത്തിന് എല്ലാ ആശംസകളും നേർന്നാണ് അവൻ പോയത്… ഇപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം തോന്നുന്നു വരുൺ…”

അവൾ പറഞ്ഞു തീർത്തതും അവനവളെ നെഞ്ചോട് ചേർത്തു..

അവന്റെ നെഞ്ചിടിപ്പ് അപ്പോഴും അവസാനിച്ചിട്ടില്ലായിരുന്നു… അവന്റെ മനസ്സ് രണ്ട് വർഷം പുറകിലേക്ക് സഞ്ചരിച്ചു..

അന്ന് ലീവിന് വന്ന സമയം ആയിരുന്നു.. കൂട്ടുകാരുമൊത്ത് ടൂർ പോകുകയായിരുന്നു അവൻ.. മദ്യപിച്ച് വണ്ടി ഓടിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അന്നത്തെ ആവേശത്തിലാണ് അത് ചെയ്തത്.. നല്ല മഴയുണ്ടായിരുന്നത് കൊണ്ട് റോഡ് വ്യക്തവുമല്ലായിരുന്നു.. ശക്തമായ ഇടിയുടെ ആഘാതത്തിലാണ് അവന് മനസ്സിലായത് അവരുടെ വണ്ടി ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയതാണ് അതെന്ന്…

വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയതും റോഡിൽ ചോരയൊലിപ്പിച്ച് ജീവന് വേണ്ടി കേഴുന്ന ആ യുവാവിനെ അവൻ കണ്ടത്.. ആ മുഖത്തെ നിസ്സഹായകത അവന് വ്യക്തമായിരുന്നെങ്കിലും കൂട്ടുകാരുടെ നിർബന്ധപ്രകാരം അവന് ആ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് മുന്നോട്ട് പോകേണ്ടതായി വന്നു.. കേസ് ആയാൽ വിദേശത്തേക്ക് തിരിച്ച് പോകാൻ പറ്റില്ലെന്നും റോഡിൽ അപ്പോൾ ആരുമില്ലാതിരുന്നതിനാൽ രക്ഷപെടാനാകുമെന്നും അവർ പറഞ്ഞപ്പോൾ അവൻ പിന്നീടൊന്നും ചിന്തിച്ചില്ലായിരുന്നു..

എങ്കിലും ആ യുവാവിന്റെ ദയനീയ മുഖം അവനെ വേട്ടയാടിക്കൊണ്ടിരുന്നു… പിറ്റെ ദിവസം പത്രത്തിൽ അവന്റെ ഫോട്ടോ കണ്ടപ്പോഴാണ് അവൻ മരിച്ചെന്ന് മനസ്സിലായത്.. ആ സംഭവത്തിന് ശേഷം അവനും വല്ലാത്തൊരു അവസ്ഥയിലായിരുന്നു കുറച്ച് നാൾ…

ഇപ്പോൾ രേഷ്മയുടെ കഥകൂടെ ചേർത്ത് വായിച്ചപ്പോൾ അവനെല്ലാം മനസ്സിലാക്കാനായി..

താൻ അന്ന് വാഹനമിടിച്ച് കൊന്ന വ്യക്തി ആകാഷ് ആണെന്ന സത്യം അവന് ബോധ്യമായി…

അവന്റെ കണ്ണുകൾ ഓജോബോർഡിലേക്ക് പാഞ്ഞു…

ഓജോബോർഡിലിരുന്ന കോയിൻ പതിയെ ചലിക്കാൻ തുടങ്ങി…

അത് കണ്ടതും അവന്റെ തൊണ്ടവരളാൻ തുടങ്ങി.. ഭയം അവന്റെ കണ്ണുകളിൽ നിഴലിച്ചു.. കോയിൻ ചെന്നെത്തിയ അക്ഷരങ്ങൾ അവൻ ചേർത്തുവായിച്ചു…

“ഐ.. വിൽ.. കിൽ യൂ….”