Story written by Atharv Kannan
” എടീ… എന്റെ നേരെ കയ്യുയർത്തി സംസാരിക്കാറായോടി നീ.. ” അതും പറഞ്ഞു കൊണ്ടു അയ്യാൾ ഭാര്യയുടെ കഴുത്തിനു കുത്തിപ്പിടിച്ചു ഭിത്തിയോട് ചേർത്തു. അവൾ ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരുന്നു.
കണ്മുന്നിൽ അച്ഛനും അമ്മയും പരസ്പരം പോരാടിക്കുന്നത് കണ്ടു കൊണ്ടിരുന്ന പതിനാറു കാരൻ കണ്ണനും എട്ടു വയസ്സുകാരി അനിയത്തി കാർത്തികയും വിറയലോടെ നിന്നു. തപ്പി തടഞ്ഞ കൈകളിൽ കിട്ടിയ കുപ്പി എടുത്തു അവൾ അയ്യാളുടെ തലയിൽ ആഞ്ഞടിച്ചു.
ഉറക്കത്തിൽ നിന്നും തന്റെ ജീവിതത്തിൽ മാസങ്ങൾക്കു മുന്നേ നടന്ന ആ രംഗം മനസ്സിൽ ഓർത്തു കാർത്തിക ഹോസ്റ്റൽ മുറിയിലെ ബെഡിൽ നിന്നും ചാടി എണീറ്റു. ദീർഘാമായി നിശ്വസിച്ചു കൊണ്ടു അവൾ ചുറ്റും നോക്കി. മറ്റു കുട്ടികൾ എല്ലാം ഉറക്കമാണ്. എട്ടു കുട്ടികൾ ഉള്ള ആ മുറിയിൽ താൻ മാത്രമാണ് ഏറ്റവും ചെറുത്.
പ്രണയിച്ചു വിവാഹം ചെയ്ത അച്ഛനും അമ്മയും പിരിയൻ ഉറപ്പിച്ചപ്പോൾ ബന്ധുക്കൾ ആരും പറഞ്ഞു മനസ്സിലാക്കാൻ ഉണ്ടായിരുന്നില്ല. ഇരു കൂട്ടരും അപ്പോഴും എതിർപ്പോടെ തന്നെ മാറി നിന്നു.രണ്ട് കുട്ടികളെയും ഒരു മതിലിനിപ്പുറം ഹോസ്റ്റലുകളിൽ ആക്കി മഠത്തിലെ അമ്മമാരെ ഏല്പിച്ചു ഇരുവരും വെവ്വേറെ രാജ്യങ്ങളിലേക്ക് ചേക്കേറി.
കട്ടിലിൽ നിന്നും ഇറങ്ങി നാലാം ക്ലാസു കാരിയുടെ ശരീരവും മനസ്സും തോന്നിപ്പിക്കാത്ത അവൾ ജനാലക്ക് അരികിലേക്ക് നടന്നു. ജനാലയിൽ നിന്നും പുറത്തേക്കു നോക്കിയാൽ ചേട്ടന്റെ മുറി കാണാം.
മനസ്സിൽ വിഷമം അതിരു കടക്കുമ്പോൾ അച്ഛനെയും അമ്മയെയും കാണണം എന്ന് തോന്നുമ്പോൾ അവൾ ജനാലക്ക് അരികിൽ ഇത് പോലെ വന്നു നിക്കും. കാരണം ഓർമ്മ വെച്ച നാള് മുതൽ അവൾക്കു എല്ലാം അവളുടെ ചേട്ടൻ ആയിരുന്നു. ഭക്ഷണം വാരി കൊടുക്കുന്നത് മുതൽ കുളിപ്പിക്കുന്നതും തുണികൾ കഴുകി ഇടുന്നതും വരെ ചേട്ടനായിരുന്നു.
അച്ഛന്റെ തല തല്ലി പൊളിക്കുന്നത് കണ്ടു നിന്ന അന്ന് മുതൽ ആവശ്യത്തിന് മാത്രമേ കാർത്തു സംസാരിക്കു.അതും കണ്ണനോട് മാത്രം.
ജനാല പാളിയിലൂടെ ഇരുട്ടിന്റെ കഠിന്യം കുറയുന്നതും നോക്കി അവൾ പ്രതീക്ഷയോടെ നിന്നു. പക്വതയെത്താത്ത പ്രണയത്തിന്റെ ബലിയാടിന്മേൽ ഇളം കാറ്റു തൊട്ടും തൊടാതയും പൊയ്ക്കൊണ്ടിരുന്നു.
നേരം വെളുത്താൽ അവൾക്കു സന്തോഷമാണ്. ചേട്ടൻ വരും… കഴിക്കാൻ വാരി തരും… പാട്ട് പാടി തരും… അവളോട് കഥകൾ പറഞ്ഞും കൊഞ്ചിച്ചും തുണികൾ കഴുകി ഇടും. മഠത്തിലെ അമ്മമാർ അവർക്കതിനുള്ള അനുമതി നൽകിയിരുന്നു.
അന്നും പതിവുപോലെ അവൻ വന്നു. തന്റെ കുഞ്ഞു പെങ്ങൾക്ക് ദോശ വായിൽ വെച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ വീങ്ങി ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു.
” മോളിന്നലെ ഉറങ്ങീലെ? “
അവൾ ഇല്ലെന്നു കണ്ണടച്ച് കാണിച്ചു.
” എന്തെ? വയ്യേ മോൾക്ക്? “
അവൾ തല കുനിച്ചു കൊണ്ടു മൗനം പാലിച്ചു
” അച്ചെനേം അമ്മേനേം കാണാത്തോണ്ടാ? “
അവൾ തന്റെ കൈകളിൽ ചുരുട്ടി പിടിച്ചിരുന്ന മിട്ടായി കവറുകൊണ്ട് ചുരുട്ടി ഉണ്ടാക്കിയ മോതിരം അവന്റെ നേരെ നീട്ടി
” ആഹാ… ” അവളെ അതിശയിപ്പിക്കുന്ന ഭാവത്തോടെ അവൻ പറഞ്ഞു… അതവളുടെ മൗനത്തെ ഭേദിച്ച് മുഖത്ത് ചിരി ഉണ്ടാക്കുന്നുണ്ടെന്നു മനസ്സിലായത്തോടെ കുറച്ചു കൂടി നാടകീയതയോടെ അവൻ തുടർന്നു ” കൊള്ളാലോ… വാവ ഉണ്ടാക്കീതാ? ” തിരിച്ചും മറച്ചും നോക്കിക്കൊണ്ടു തനിക്കതു നന്നേ ബോധിച്ചു എന്ന് അവളെ വിശ്വസിപ്പിക്കുന്നതിൽ അവൻ വിജയിച്ചു.
അതെ എന്ന മട്ടിൽ അവൾ മറുപടി ആയി തല കുലുക്കി… കണ്ണൻ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു.
” നീ എന്ന വെല്ല കണ്ടതിലും ഉഴുവൻ പോവുന്നുണ്ടോ? ഇതിനു മാത്രം ചെളി ഇരിക്കുന്നെ ഇതിൽ? ” അവളുടെ ഡ്രസ്സ് വെള്ളത്തിൽ മുക്കി പൊക്കി അതിൽ നിന്നും ഒഴുകുന്ന ചെളിവെള്ളം നോക്കിക്കൊണ്ടു കണ്ണൻ പറഞ്ഞു.
മുഖം വീർപ്പിച്ചു താഴേക്കു നോക്കിക്കൊണ്ടു ഒന്നും മിണ്ടാതെ അവൾ നിന്നു
” ഓഹ്.. ഇനി അതിനു മോന്ത വീർപ്പിക്കണ്ട… ഞാൻ വെറുതെ പറഞ്ഞതാ “
അവൾ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു.
” അമ്മ വിളിച്ചാരുന്നു… അവധിക്കു മോളേ അങ്ങോടു കൊണ്ടൊവുന്നു… ഞാൻ അച്ഛന്റെ കൂടെ ആയിരിക്കും. ” അതും പറഞ്ഞു അവൻ തുണി വിരിച്ചു തിരിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
” അയ്യേ… എന്തിനപ്പ കരായണേ? “
” പോവണ്ട “
” എങ്ങോട്? “
” എങ്ങോടും പോവണ്ട “
അവൾ അവനെ കെട്ടിപ്പിടിച്ചു… കൈകൾ കൊണ്ടു മെല്ലെ തലോടി അവളെ ആശ്വസിപ്പിച്ചു.
” പോവണ്ടങ്കിൽ പോവണ്ട… അതിനു ചേട്ടനും അനിയത്തീം ഇങ്ങനെ ഇമോഷണൽ ആവണോ? ” മഠത്തിലെ ഒരമ്മ അവിടേക്കു വന്നു. കണ്ണൻ കാര്ത്തുവിന്റെ കണ്ണുകൾ തുടച്ചു
” അതെ.. സിസ്റ്ററമ്മ പറഞ്ഞ പോലെ.. പോവണ്ടങ്കിൽ പോവണ്ട.. പ്രശ്നം തീർന്നില്ലേ? “
അവൾ കണ്ണുകൾ തുടച്ചു തലയാട്ടി…
” എന്നാ മോളു പോയി കുളിക്കു… മിടുക്കി ആയിരിക്കു… ചേട്ടൻ വന്നിട്ട് മുടി കെട്ടി തരാം “
അവൾ മുറിയിലേക്ക് നടന്നു..
” നീയാണ് അവൾക്കു എല്ലാം.. നല്ല മാറ്റം കണ്ടു തുടങ്ങീട്ടുണ്ട്.. കൗൺസിലിംഗ് പ്രോപ്പർ ആയി തുടർന്നാൽ അവൾ വേഗം റിക്കവർ ചെയ്യും “
” സിസ്റ്ററമ്മ അമ്മയോടും അച്ഛനോടും പറയണം ദൈവത്തെ ഓർത്തു ഞങ്ങളെ ഇനിയും ഉപദ്രവിക്കരുതെന്നു.. അവരുടെ കൂടെ നിക്കാൻ ഉള്ളിൽ നല്ല ആഗ്രഹം ഉണ്ട്..പക്ഷെ ചിലപ്പോ ഞങ്ങക്ക് വട്ടായി പോവും “
” അങ്ങനൊന്നും ഇല്ല കണ്ണൻ… ഇന്നല്ലേ എൻട്രൻസ് എക്സൈമിന് ആപ്ലിക്കേഷൻ കൊടുക്കാൻ പോണൊന്നു പറഞ്ഞെ? “
” അതെ.. “
” മ്മ്… സൂക്ഷിച്ചു പോയിട്ടു വാ… ആരാ കൂടെ വരുന്നേ? “
” അസീം “
” ബൈക്കിനാണോ പോവുന്നെ? “
” അതെ “
കാര്ത്തുന്റെ മുടി ചീവി കെട്ടി അവളെ ക്ലാസ്സിൽ കൊണ്ടാക്കി കണ്ണൻ പുറത്തേക്കു നടന്നു. ജനാല ചില്ലയിലൂടെ അവൻ പോവുന്നത് നോക്കി അവൾ നിന്നു. അവൾ നിക്കുന്നുനടന്നു മനസ്സിലായ അവൻ തിരിഞ്ഞു നോക്കി. വിഷമത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു…അതിയായ സന്തോഷത്തിൽ അവളും പുഞ്ചിരിച്ചു. കൈകൊണ്ടു അവൾക്കു ഉമ്മ കൊടുത്തു.. അവളും കൊടുത്തു.
” അസീമേ സമയയുണ്ടല്ലോ എന്തിനാ ഇത്രേം സ്പീഡിൽ പോണേ ” പിന്നിൽ ഇരുന്ന്കൊണ്ട് ഭയത്തോടെ കണ്ണൻ ചോദിച്ചു
” നീയെന്തിനാ പേടിക്കണേ….? ഞാനല്ലേ വണ്ടി ഓടിക്കുന്നെ…. “
” എടാ എതിരെ വരുന്നവൻ മര്യാദക്കല്ല ഓടിക്കുന്നെ എങ്കിൽ തീരാവുന്ന ജീവിതമേ ഉള്ളൂ നമ്മുടെ… അതിനിടക്ക് നമ്മളും “
” നിനക്ക് പേടി ആണേൽ അത് പറഞ്ഞാ മതി “
” ആട… എനിക്ക് പേടിയാ… നീ വണ്ടി നിർത്തു ഞാൻ ബസ്സിന് വന്നോളാം “
അത് കേട്ടതും അസീം വണ്ടിയുടെ സ്പീഡ് കൂട്ടി.. വളവ് വീശി തിരിച്ചതും ksrtc യെ ഓവർടേക്ക് ചെയ്തു ചീറി പാഞ്ഞു വന്ന ടിപ്പർ ലോറിയിലേക്കു ബൈക്ക് ഇടിച്ചു കയറി.
തിരിച്ചറിയാൻ പോലും കഴിയാത്ത നിലയിൽ അവശിഷ്ടങ്ങളായി അവൻ മോർച്ചറിയിൽ കിടക്കുമ്പോഴും ആരും മരണമെന്തെന്നു പറഞ്ഞാൽ പോലും മനസ്സിലാക്കാൻ ആവാത്ത അവളോട് ഒന്നും പറയാനാവാതെ നിന്നപ്പോഴും, അതുവരെ ചേട്ടൻ വരുന്നതും കാത്തു ഹോസ്റ്റലിന്റെ വാതിൽ പടിക്കൽ കണ്ണും നാട്ടിരുന്ന അവൾ പിന്നീട് ജനലിലൂടെ ചേട്ടന്റെ മുറിയിലേക്കും നോക്കി നിന്നു.
അപ്പോഴും അവളുടെ ഉള്ളിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. നാളെ രാവിലെ തനിക്കു ഭക്ഷണം വാരി തരാൻ ചേട്ടൻ വരും എന്ന പ്രതീക്ഷ. ഒരിക്കലും നടക്കില്ലെന്നു കാലത്തിനു അറിയാവുന്ന പ്രതീക്ഷ.