Story written by SAJI THAIPARAMBU
നൈറ്റ് ഡ്യൂട്ടിക്ക് പോകാനായി ഷൈജ, റൂമ് പൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് , നാട്ടിൽ നിന്ന് ഭർത്താവിൻ്റെ കോള് വന്നത്
“എന്താ ബിനുവേട്ടാ .. ഞാൻ ഓർത്തതേയുള്ളു ,രാവിലെ വിളിച്ചിട്ട്, പിന്നെ ഇത് വരെയൊന്ന് വിളിച്ചില്ലല്ലോ എന്ന്”
“ങ്ഹാ ഷൈജേ.. നാളെ കുട്ടികളുടെ ഫീസടയ്ക്കാൻ ചെല്ലണമെന്ന്, സ്കൂളിൽ നിന്ന് വിളിച്ച് പറഞ്ഞു ,എൻ്റെ കയ്യിലാണെങ്കിൽ പൈസയൊന്നുമില്ല, നിനക്കറിയാമല്ലോ? ലോക്ക് ഡൗണായത് കൊണ്ട്, ഇവിടെ പണിയൊന്നുമില്ലാതെ, ഞാൻ വെറുതെ ഇരിക്കുവാണെന്ന്”
“അതിന് ബിനുവേട്ടാ .. ഞാൻ കഴിഞ്ഞാഴ്ചയല്ലേ, പൈസ അയച്ച് തന്നത് ,എന്നിട്ട് അതെന്ത് ചെയ്തു”
“എടീ.. നിനക്കറിയാമല്ലോ ?ഇവിടെ എന്തൊക്കെ ചിലവുണ്ടെന്ന്, ബാങ്ക് ലോൺ കൂടാതെ ,പലചരക്ക്, പത്രം, പാല്, കേബിള്, പിന്നെ എൻ്റെയും മക്കളുടെയും മൊബൈലും ചാർജ് ചെയ്ത് കഴിയുമ്പോൾ, മിച്ചം ഒന്നും കാണില്ല ,നിനക്കറിയാമോ? ചിലവ് കുറയ്ക്കാനായി ഞാനിപ്പോൾ, സ്വന്തമായി കുപ്പി വാങ്ങുന്ന പരിപാടി നിർത്തി ,ഒരെണ്ണം അടിക്കണമെന്ന് തോന്നുമ്പോൾ, കൂട്ടുകാരോടൊപ്പം അമ്പതോ ,നൂറോ ഷെയറിടും ,അതാണ് ലാഭം, രണ്ട് പെഗ്ഗ് ഉറപ്പായും കിട്ടും”
“എൻ്റെ ബിനുവേട്ടാ .. അതിന് മക്കൾക്കെന്തിനാ നെറ്റ് ചാർജ്ജ് ചെയ്ത് കൊടുക്കുന്നത്, നിങ്ങടെ ഫോൺ അവർക്ക് ഓൺലൈൻ ക്ളാസ്സിൻ്റെ സമയമാകുമ്പോൾ കൊടുത്താൽ പോരെ?
“അതെങ്ങനെ ശരിയാവും, എൻ്റെ ഫോണിൽ ,വാട്ട്സ്ആപ്പു പോലെ എന്തെല്ലാം ആപ്പുകൾ ഉള്ളതാ, അവസാനം അത് നമ്മുടെ മക്കൾക്കൊരു ആപ്പാവുമെന്ന് പേടിച്ചിട്ടാ, ഞാൻ എൻ്റെ ഫോൺ കൊടുക്കാത്തത്”
“ങ്ഹാ അത് പറഞ്ഞപ്പോഴാ ബിനുവേട്ടാ.. മോളെ നല്ലത് പോലെ നോക്കിക്കോണേ ,ഓരോ ദിവസവും ടി വി യിൽ ഓരോ വാർത്തകള് കേൾക്കുമ്പോൾ, നെഞ്ചിനകത്ത് തീയാണ്”
“അത് പിന്നെ ഞാൻ നോക്കാതിരിക്കുമോ ? പിന്നെ അവൾക്ക് വയസ്സ് പതിനൊന്ന് കഴിഞ്ഞു, അവളുടെ പ്രായത്തിലെ തെക്കേലെ കുട്ടൻ്റെ മോള് വയസ്സറിയിച്ചു ,അത് കൊണ്ട് ഇവളുടെ ഉടനെ തന്നെയുണ്ടാവുമെന്നാണ്, എനിക്ക് തോന്നുന്നത് ,എന്തെങ്കിലുമായാൽ ഞാനൊറ്റയ്ക്ക് എന്ത് ചെയ്യുമെന്നാണ് ഇപ്പോഴെൻ്റെ ആദി”
“ഹേയ് ,അങ്ങനൊന്നുമുണ്ടാവില്ല ,ബിനുവേട്ടൻ സമാധാനമായിരിക്ക്, എൻ്റെ ഇവിടുത്തെ കോൺട്രാക്ട് അവസാനിക്കാൻ, ഇനി ഒരു വർഷം കൂടിയുണ്ട് ,അത് കഴിഞ്ഞ് ഞാൻ നാട്ടിലെത്തും”
“ഉം എന്നാൽ ശരി, നീ പൈസ അയക്കാൻ മറക്കല്ലേ?
അതും പറഞ്ഞ് ബിനു ഫോൺ വച്ചപ്പോൾ ,ഷൈജയുടെ മനസ്സ് നാട്ടിലേക്ക് അയക്കാനുള്ള പണത്തിൻ്റെ ഉറവിടം തേടുകയായിരുന്നു.
ബിനുവേട്ടൻ്റെ ഒരാളുടെ സ്ഥിരതയില്ലാത്ത വരുമാനം കൊണ്ട് ,രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ്, കൈവശമുണ്ടായിരുന്ന നഴ്സിങ്ങ് സർട്ടിഫിക്കറ്റും, നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ അഞ്ച് വർഷം ജോലി ചെയ്തതിൻ്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായി ,ഉണ്ടായിരുന്ന കിടപ്പാടം പണയം വച്ച് ,ബാങ്ക് ലോണെടുത്ത് വിസ തരപ്പെടുത്തിയതും, വിദേശത്തേയ്ക്ക് വന്നതും.
ഇവിടെയെത്തി ഒരു വർഷത്തിനുള്ളിൽ, തൻ്റെ കുടുംബം ഒരു വിധം പച്ചപിടിച്ച് വന്നപ്പോഴാണ് ,വീട്ടിൽ നിന്ന് അമ്മ വിളിക്കുന്നത്.
അനുജത്തിക്ക് കല്യാണാലോചനകൾ വരുന്നുണ്ട്, അവളെക്കൂടി കെട്ടിച്ച് വിടാനുള്ള സമ്പാദ്യമെടുത്താണ് അച്ഛൻ നിന്നെയൊരു നഴ്സാക്കിയതും, നിൻ്റെ കല്യാണം നടത്തിയതും, നീ നഴ്സായാൽ അതിൻ്റെ ഗുണം കുടുംബത്തിന് കൂടി കിട്ടുമെന്ന് അച്ഛൻ കരുതി ,എന്നിട്ട് ഇത്രയും നാളായിട്ട് ,ഈ കുടുംബത്തിലേക്ക് നീ പത്തിൻ്റെ നയാ പൈസ അയച്ച് തന്നിട്ടുണ്ടോ?
അമ്മയുടെ വാക്കുകൾ എൻ്റെ നെഞ്ചിൽ തറച്ചു.
“അതിനമ്മേ.. വിനുവേട്ടൻ വരുത്തി വച്ച കുറെ കടങ്ങൾ തീർത്തിട്ട് ,ഞാനൊന്ന് നടുവ് നിവർത്തിയതേയുള്ളു, അടുത്ത മാസം ശബ്ബളം കിട്ടുമ്പോൾ, ഉറപ്പായും ഞാനെന്തെങ്കിലും അയക്കാം”
“നീയങ്ങനെ എന്തെങ്കിലും നക്കാപ്പിച്ച അയച്ചിട്ട് കാര്യമില്ല, ശ്യാമയുടെ കല്യാണക്കാര്യം നീ വേണം നോക്കാൻ ,നിൻ്റെ അച്ഛന് അതിനൊള്ള പാങ്ങൊന്നുമില്ല, എല്ലാം നിനക്കായി ചിലവാക്കിത്തീർത്തില്ലേ?
ഞെട്ടലായിരുന്നു, അമ്മയുടെ കണക്ക് പറച്ചിൽ കേട്ടപ്പോൾ.
“ഞാനൊന്ന് നോക്കട്ടമ്മേ.. ഡ്യൂട്ടിക്ക് പോകാൻ സമയമായി ,പിന്നീട് വിളിക്കാം”
ഫോൺ വച്ച് കഴിഞ്ഞപ്പോൾ സങ്കടമായിരുന്നു ,തനിക്ക് വേണ്ടി ചിലവാക്കിയ കാശിൻ്റെ കണക്ക് പറഞ്ഞിട്ട്, ഒരിക്കൽ പോലും നിനക്കവിടെ സുഖമാണോ മോളേ..എന്നൊന്ന് തിരക്കിയില്ലല്ലോ? എല്ലാവർക്കും അവരവരുടെ കാര്യമാണ് വലുത്.
വാർഡിലെ റൗണ്ട്സിന് ശേഷം, ഡ്യൂട്ടി റൂമിൽ വന്നിരിക്കുമ്പോൾ, ശ്യാമയുടെ വിവാഹത്തിന് വേണ്ട പണം എങ്ങനെയുണ്ടാകുമെന്ന ആലോചനയിലായിരുന്നു ഷൈജ.
ലക്ഷങ്ങൾ വേണ്ടി വരില്ലേ ?അതിന് താനിവിടെ ഇരുപത്തിനാല് മണിക്കൂറും ഡ്യൂട്ടി ചെയ്താൽ പോലും, ഇനിയുള്ള ഒരു വർഷം കൊണ്ടത് സമ്പാദിക്കാൻ കഴിയില്ല.
“സിസ്റ്റർ … നിങ്ങളെ, റൂം നമ്പർ നൂറ്റിയൊന്നിലെ ബൈസ്റ്റാൻ്റർ തിരക്കിയായിരുന്നു,
നഴ്സിങ്ങ് അസിസ്റ്റൻ്റ് മുറിയുടെ വാതിൽക്കൽ വന്ന് പറഞ്ഞിട്ട് ,പോയപ്പോൾ ഷൈജ, കസേരയിൽ നിന്നെഴുന്നേറ്റു
കോട്ടയംകാരായ ഭാര്യാഭർത്താക്കന്മാരാണ്, ആ റൂമിലുള്ളത്, രണ്ട് ദിവസമായി പനി പിടിച്ച ഭർത്താവുമായി വന്ന് അഡ്മിറ്റായതാണ്, താനൊരു മലയാളി ആണെന്നറിഞ്ഞപ്പോൾ, അവർക്ക് ഭയങ്കര സന്തോഷമായിരുന്നു.
ഷൈജ ചെന്ന് ,നൂറ്റിയൊന്നിൻ്റെ ഡോറിൽ തട്ടിയപ്പോൾ, കോട്ടയംകാരി സലീന വന്ന് വാതില് തുറന്നു.
“ങ്ഹാ വരു സിസ്റ്റർ,”
ഷൈജ അകത്ത് കയറിക്കഴിഞ്ഞ്, സലീന വാതില് അടച്ച് അകത്ത് നിന്ന് കുറ്റിയിട്ടപ്പോൾ, ഷൈജ അമ്പരന്ന് പോയി.
“പേടിക്കേണ്ട ,ഞങ്ങൾക്ക് ഷൈജയോട് ഒരു സ്വകാര്യം പറയാനുണ്ട് അതാ കതകടച്ചത്”
എന്താണെന്നുള്ള ജിജ്ഞാസയിൽ ഇമവെട്ടാതെ ഷൈജ ,സലീനയുടെ മുഖത്ത് നോക്കി.
“ഷൈജയ്ക്കറിയാമല്ലോ ഞങ്ങൾക്ക് കുട്ടികളില്ലെന്നുള്ള കാര്യം ,എൻ്റെ യൂ ട്രസ് വീക്കായത് കൊണ്ട് എനിക്ക് ഗർഭധാരണം സാധ്യമല്ല ,കുട്ടികളെ ദത്തെടുക്കാമെന്ന് വച്ചാൽ, അതിന് ഞങ്ങൾക്ക് രണ്ട് പേർക്കും താല്പര്യവുമില്ല, പിന്നെയുള്ള പോംവഴി ,ഒരു വാടക ഗർഭപാത്രത്തെ ആശ്രയിക്കുക എന്നുള്ളതാണ്, പക്ഷേ അത് നാട്ടിലുള്ള ഞങ്ങളുടെ ബന്ധുക്കളാരും അറിയാനും പാടില്ല, രണ്ട് വർഷത്തിനുള്ളിൽ ഞങ്ങൾ നാട്ടിലേക്ക് തിരിച്ച് പോകുമ്പോൾ, ഞങ്ങളുടെ സ്വന്തം കുഞ്ഞായി ബന്ധുക്കളെ കാണിക്കാൻ, ഒരു കുഞ്ഞിനെ വേണം, അതിന് ഷൈജയുടെ സഹായം അഭ്യർത്ഥിക്കാനാണ്, തന്നെ വിളിച്ചത്”
അവർ പറഞ്ഞത് കേട്ട് ഷൈജ ,പകച്ച് പോയി.
“അല്ല മേഡം ,അതിനിപ്പോൾ എനിക്കെന്ത് ചെയ്യാൻ പറ്റും, ഈ നാട്ടിൽ അത്തരം ഡോണറെ കിട്ടാൻ പ്രയാസമാണ്”
“ഡോണറായി ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഷൈജയെയാണ് ,ഞങ്ങളുടെ കുഞ്ഞ് ആരോഗ്യവും സൗന്ദര്യവുമുള്ള ഒരു യുവതിയുടെ വയറ്റിൽ വളരണമെന്ന സ്വാർത്ഥത കൊണ്ട് മാത്രമല്ല, ഞങ്ങൾ അങ്ങനൊരു തീരുമാനമെടുത്തത്, ഞങ്ങൾക്കിവിടെ വിശ്വസിക്കാൻ പറ്റിയ മറ്റാരുമില്ല ,കുറഞ്ഞ സമയത്തിനുള്ളിൽ, ഷൈജ ഞങ്ങളുടെ സഹാദരിയുടെ സ്ഥാനത്താണ് എത്തി നില്ക്കുന്നത് ,എക്കാലവും ഈ രഹസ്യം ,ഷൈജയുടെ മനസ്സിൽ തന്നെ ഉറങ്ങിക്കിടക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് ,അത് കൊണ്ട് പ്ലീസ്, ഷൈജ ഞങ്ങളെയൊന്ന് സഹായിക്കണം ,അതിന് വേണ്ടി എത്ര ലക്ഷങ്ങൾ വേണമെങ്കിലും, ഷൈജ ചോദിക്കുന്നത്, തരാൻ ഞങ്ങൾ തയ്യാറാണ്”
ഷൈജയ്ക്ക് തൻ്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
“ഞാൻ ,ഞാനൊന്ന് ആലോചിക്കട്ടെ ,പോയിട്ട് പിന്നെ വരാം”
ഞൊടിയിടയിൽ വാതിൽ തുറന്ന് ഷൈജ ,ഡ്യൂട്ടി റൂമിലേക്ക് പോയി.
സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ആഗ്രഹവുമായി നടക്കുന്ന ,ആ ദമ്പതികളുടെ ദയനീയമായ ചോദ്യം, ഷൈജയുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
താനാലോചിച്ചിട്ട് ഛേദമില്ലാത്തൊരു ഉപകാരമാണ്, പകരം തനിക്ക് ലക്ഷങ്ങൾ പ്രതിഫലവും കിട്ടും ,അത് കൊണ്ട് ആർഭാടമായി തന്നെ അനുജത്തിയുടെ കല്യാണം നടത്താം ,പക്ഷേ താൻ പൈസയുണ്ടാക്കിയത്, ഗർഭപാത്രം വാടകയ്ക്ക് കൊടുത്താണെന്നറിഞ്ഞാൽ, അത് തൻ്റെ കുടുംബത്തിനൊന്നാകെ നാണക്കേടാവുo, എന്ത് തന്നെയായാലും ,ബിനുവേട്ടനോട് തനിക്കൊന്നും ഒളിച്ച് വയ്ക്കാൻ കഴിയില്ല.
അന്ന് രാത്രി, അവൾ നാട്ടിലേക്ക് വിളിച്ച് ,ബിനുവിനോട് നടന്ന കാര്യങ്ങളൊക്കെ പറത്തു.
ഏറെ നേരത്തെ മൗനത്തിന് ശേഷമാണ്, ബിനു മറുപടി പറഞ്ഞത്.
“ഷൈജേ… ആ ഭാര്യാ ഭർത്താക്കന്മാർ, ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല ,അതിനായി നീ നിൻ്റെ ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്നതും ഒരു പുണ്യ പ്രവർത്തിയാണ് ,പക്ഷേ ,നിന്നെ പഠിപ്പിച്ച് നിൻ്റെ വിവാഹം നടത്തിയതിൻ്റെ പേരിൽ, നിൻ്റെ അനുജത്തിയുടെ വിവാഹം നടത്തിക്കൊടുക്കാൻ, നീ ബാധ്യസ്ഥയാണെന്ന് നിൻ്റെ അമ്മ പറഞ്ഞതിനോട് ,എനിക്ക് യോജിപ്പില്ല ,മക്കളെ പഠിപ്പിക്കലും, അവരുടെ ഭാവി ഭദ്രമാക്കലും ഓരോ മാതാപിതാക്കളുടെയും കടമയാണ് ,നിൻ്റെ കല്യാണം നടത്തിയതിലൂടെ, തറവാട് ക്ഷയിച്ച് പോയെന്ന് പറയാൻ എനിക്ക് നിൻ്റെ വീട്ടുകാർ, സത്രീധനമെന്ന് പറഞ്ഞ് എന്തെങ്കിലും തന്നിട്ടുണ്ടോ? കല്യാണ സമയത്ത് നിൻ്റെ ദേഹത്തുണ്ടായിരുന്ന, പത്ത് പവൻ്റെ ആഭരണമല്ലേ, അവരിട്ട് തന്നത്, അതിപ്പോഴും ഇവിടുത്തെ ട്രങ്ക് പെട്ടിയിൽ ഭദ്രമായി ഇരിപ്പുണ്ട്, നമ്മുടെ വകയായി ,ശ്യാമയ്ക്ക് അത് കൊടുത്തേക്കാം ,അതിനപ്പുറമൊന്നും നമ്മളെക്കൊണ്ടാവില്ലെന്ന്, അമ്മയെ പറഞ്ഞ് മനസ്സിലാക്കണം ,പിന്നെ നീ അവർക്ക് ഗർഭപാത്രം കൊടുക്കുന്നത്, വാടക വാങ്ങിയിട്ടാകരുത് ,അതൊരു പുണ്യ പ്രവർത്തിയാകണമെങ്കിൽ, തികച്ചും സൗജന്യമായി നീയവരെ സഹായിക്കണം ,അതിൻ്റെ ഗുണം നമ്മുടെ മക്കൾക്കുണ്ടാവും”
തൻ്റെ ബിനുവേട്ടൻ്റെ മനസ്സ് ,ഇത്രയും വിശാലമായിരുന്നോ?
ഷൈജയ്ക്ക് തൻ്റെ ഭർത്താവിനെക്കുറിച്ചോർത്ത് അഭിമാനം തോന്നി.
“ബിനുവേട്ടാ.. ഞാനൊരു കാര്യറായി കഴിഞ്ഞാൽ, ചിലപ്പോൾ നാട്ടിലേക്ക് വരാൻ ഇനിയും താമസിക്കും, അപ്പോൾ നമ്മുടെ മോൾക്ക് എന്തെങ്കിലുമായാൽ എന്ത് ചെയ്യും?
“അതിനെക്കുറിച്ച് നീ വറീഡാവണ്ട, നമ്മുടെ അയൽവക്കത്തും ഒരുപാട് അമ്മമാരില്ലേ? സമയമാകുമ്പോൾ അവരിങ്ങ് ഓടിയെത്തിക്കൊള്ളും ,നീ എത്രയും പെട്ടെന്ന് നിനക്ക് സമ്മതമാണെന്നുള്ള കാര്യം, ആ ദമ്പതികളെ അറിയിക്ക്”
ബിനുവിൻ്റെ പൂർണ്ണ പിന്തുണ കിട്ടിയപ്പോൾ, എത്രയും വേഗം നൂറ്റിയൊന്നാം നമ്പർ റൂമിലേക്കെത്താൻ, ഷൈജയുടെ മനസ്സ് വെമ്പി.