സനു അതു പറയുമ്പോൾ അവന്റെ ഉള്ളിൽ സുമയാണെന്ന് മണിക്ക് ഉറപ്പായിരുന്നു…

സുമ

Story written by NAYANA VYDEHI SURESH

”ഭംഗിയില്ലാത്ത പെണ്ണിനെ പ്രേമിച്ച രണ്ട് കാര്യങ്ങളുണ്ട് ഒന്ന് , അവളുമാരെ വേറെയാരും തൊട്ട് കാണില്ല .. പിന്നെ നമുക്ക് മടുക്കുമ്പോൾ നമ്മൾ കളഞ്ഞിട്ട് പോകുന്നവരെ അവര് നമ്മളെ ചതിക്കില്ല …”

സനു അതു പറയുമ്പോൾ അവന്റെ ഉള്ളിൽ സുമയാണെന്ന് മണിക്ക് ഉറപ്പായിരുന്നു…. രണ്ട് ദിവസമായി മണി ശ്രദ്ധിക്കുന്നു സുമയെ നോക്കിയുള്ള അവന്റെ നിൽപ് ..

അവൻ പറഞ്ഞ പോലെ സുമയെ കാണാൻ ഭംഗിയൊന്നുമില്ല ,എങ്കിലും പാവമാണ് ,, ഒരു ഫാൻസി കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്ന ജോലിയാണ് .. സൗന്ദര്യം ഒരു പ്രശ്നമായതുകൊണ്ടു ത്തന്നെയാവാം അവളെ നിർത്തി അനിയത്തിമാരെ കെട്ടിച്ചു വിടാൻ കാരണമായതും ..

‘സനു …. നീ വേണ്ടാത്തേന് നിൽക്കണ്ടട്ടാ … ആ പെണ്ണ് ഒരു പാവാ .. ഇല്ലാത്ത മോഹം കൊടുത്ത് ചതിക്കരുത് ,, മറ്റുള്ള പെൺപിള്ളാരെ പോലെയല്ല … ഇതു വരെ ആരും നോക്ക പോലും ചെയ്യാത്ത അവളെ ആരെങ്കിലും ശ്രദ്ധിക്കുന്നു എന്നറിയുമ്പോ അവളും ഇഷ്ടപ്പെടും .. മാത്രല്ല അടുത്ത മാസം നീ പുതിയ ജോലിക്ക് കേറും ചെയ്യില്ലെ.. അതിനിടക്ക് എന്തിനാടാ ..

നീയൊന്നുപോയെടാ …. ഒരു ഉപദേശം ,, ഞാനൊന്നിനെ നോട്ടമിട്ടാൽ അതിനെ വളക്കും , കാണണാ നിനക്ക്

മണി അതിന് ഉത്തരമൊന്നും പറഞ്ഞില്ല .സനുവും മണിയും ചെറുപ്പം തൊട്ടെ കൂട്ടുകാരായിരുന്നു … മണിയേക്കാൾ പഠിപ്പുണ്ട് സനുവിന് , പണ്ട് ഇല്ലാത്ത കാലത്ത് മണിയെ അവൻ ഒരു പാട് സഹായിച്ചിട്ടുണ്ട് ആ കപ്പാട് എന്നും മണിക്കുണ്ട് .അവന് നല്ല സ്വഭാവമായിരുന്നു .വേണ്ടാത്ത ഒന്നും അവനിലുണ്ടായിരുന്നില്ല ,എന്തോ പഠിക്കാനായി സനു രണ്ടു കൊല്ലം പുറത്ത് പോയി പിന്നീടുള്ള വരവിൽ അവനാകെ മാറി .. എന്തൊക്കെ പറഞ്ഞിട്ടും പിന്നീടവൻ ശരിയായില്ല .

…………………………………………

അന്നു രാത്രി മണി ഉറങ്ങിയില്ല …. ഇതിനു മുൻപ് ഇവൻ മറ്റൊരു പെണ്ണിനെ വഞ്ചിച്ചതാണ് അവൾ തന്റേടി ആയതു കൊണ്ട് അന്തസ്സായി ജീവിക്കുന്നു .സുമയെയാണ് ഇനി നോട്ടം

മണിയുടെ വീടിന്റെ നാലു വീട് അപ്പുറമാണ് സുമ താമസിക്കുന്നത് .. ഒരു ചെത്തുതൊഴിലാളിയുടെ മകൾ

സനുവിന്റെ ചുറ്റികളികളൊന്നും നാട്ടിലാർക്കും അറിയില്ല .. കക്കാൻ മാത്രമല്ല അവന് നിൽക്കാനും അറിയാം .. പിന്നീടുള്ള ദിവസങ്ങളിൽ മണി സനുവിനോടൊപ്പം വൈകീട്ട് നടക്കാൻ പോവാറില്ല.

സുമയുടെ പതിവിലും നേരത്തെയുള്ള പോക്കും വൈകിയുള്ള വരവും ഒക്കെ മണി കാണുന്നുണ്ടായിരുന്നു ,അവനവളോട് സങ്കടം തോന്നി .. ഇതൊന്നും ശരിയല്ലെന്ന് ഒരിക്കൽ പറയണം എന്നു വരെ തോന്നിയതാണ് …

………………………………………….

ഹലോ

എന്താടാ സനു

ഡാ … അവര് വിളിച്ചു ഞാൻ മറ്റന്ന ജോയിൻ ചെയ്യും .. നാളെ രാവിലെ ഞാൻ പുറപ്പെടും

ആണോ …ഓകെ ഡാ

ഞാൻ എത്തീട്ട് വിളിക്കാം നിന്നെ

ആ … ശരി

……………………………………………

സനു പോവുന്നു എന്നറിഞ്ഞപ്പോ മണിക്ക് സമ്മാധാനമായി ..

രണ്ട് ദിവസം കഴിഞ്ഞ് പണി തീർത്ത് വരുമ്പോ സുമ ഇടവഴിയിൽ നിന്നിരുന്നു

എന്താ സുമേ

മണി ഏട്ടാ …. സനു ഏട്ടൻ എവടെ

അവൻ ജോലിക്ക് കേറി

എവടെ

ഡൽഹില്

എന്നോട് പറഞ്ഞില്ല … തലേന്നു കൂടി കണ്ടതാ

അതെന്തിനാ സനു നിന്നോട് പറയണെ

മണി ഏട്ടാ ഞങ്ങള് ഇഷ്ടത്തിലാ

ഉവ്വ് ,ഇഷ്ടം … അതൊന്നും നീ വിശ്വസിക്കണ്ട .അവൻ ചുമ്മാ പറയുന്നതാ

അല്ല … അങ്ങനെ പറയല്ലെ മണി ഏട്ടാ … വിളിക്കുമ്പോൾ കോള് പോണില്ല

സുമ എന്തിനാ കരയണെ ,, ‘അവൻ അതൊക്കെ ഒരു രസത്തിന് നോക്കും പറയും ചെയ്യുന്നതാ .. ആൺ പിള്ളാരല്ലെ ചുമ്മാ ഒരോന്നു പറയും

മണി ഏട്ടാ ചുമ്മാ പറയ മാത്രല്ല .. ചെയ്യും ചെയ്തതാ .. എന്നെ പറ്റിച്ചാ ഞാൻ ചാവേയുള്ളു … ഏട്ടാനറിയോ .. അനിയത്തിമാരൊക്കെ ഭർത്താക്കൻമാരുടെ കൂടെ വരുമ്പോ ഞാനും കൊതിച്ചിട്ടുണ്ട് … എന്നെ നിർത്തി എന്റെ അനിയത്തിമാര് പടിയിറങ്ങുമ്പോ ഉള്ള് നീറിട്ടുണ്ട് … ആരും ഇന്നേ വരെ ഇഷ്ടാ പറഞ്ഞിട്ടില്ല ,എന്നെ ഒന്ന് നോക്കീട്ടില്ല .. സനു ഏട്ടൻ പുറകെ നടന്നപ്പോ ഞാൻ വിശ്വസിച്ചു , സ്നേഹിച്ചു , എല്ലാം കൊടുത്തു പോയി .. ഇല്ലാന്നു പറഞ്ഞാ വിട്ടിട്ട് പോയാലോന്ന് പേടിച്ചു .

നീ കരയാതിരിക്ക് … ഞാനവനെ വിളിക്കാം … നീ സംസാരിക്കാൻ വരട്ടെ ഞാൻ മിണ്ടാം അവനോട്

ഉം

ഹലോ ഡാ

പറയാടാ മണി

സുമ വന്നിരുന്നു

എന്തിന്

നീ എവടെ ചോദിച്ചിട്ട് …. നീ എന്താ അവളെ ചെയ്തെ

ഞാൻ ഒന്നും ചെയ്തില്ല .. ഞാൻ വിളിച്ചു അവൾ വന്നു ,ഞാൻ ചോദിച്ചു അവൾ തന്നു

ദേ … ഇതൊന്നും നല്ലതല്ല സനു ,,, പെണ്ണിന്റെ ജീവിതം വെച്ച് കളിക്കരുത്

ഓ .. പിന്നെ …. ആർക്കും വേണ്ടാത്ത അവളെ എനിക്ക് എന്തിനാ .നീ ഫോൺ വെച്ചെ …

സുമ ഒന്നും പറയാതെ മണ്ണിൽ ഇരുന്നു …

മണി ഏട്ടാ … എനിക്ക് ആരും ഇല്ലാന്ന് സനു ഏട്ടന് അറിയാം എന്നിട്ട് എന്തിനാ എന്നോട് ,,, ഇനി ഞാൻ എന്താ ചെയ്യാ ,,,

നീ കരയണ്ട … നടന്നതൊന്നും ആരും അറിയണ്ട

എന്റെ അമ്മ വരും നിന്നെ പെണ്ണ് കാണാൻ

ആർക്ക്

എനിക്ക് …

വേണ്ട മണി ഏട്ടാ … സനു ഏട്ടൻ ചെയ്ത തെറ്റിന് ,,വേണ്ട

അവൻ എന്നെ ഒരു പാട് സഹായിച്ചിട്ടുണ്ട് പണ്ട് … നിന്നെ ഞാൻ കല്യാണം കഴിക്കുമ്പോൾ അവനു മനസ്സിലാ വേണ്ട രണ്ട് കാര്യമുണ്ട്

ഒന്ന് നിന്നെ ഞാൻ തനിച്ചാക്കിയില്ല രണ്ട് അവൻ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം …

നീ പോയ്ക്കോ … കൊതിച്ചതല്ല വിധിച്ചതേ കിട്ടു