വടക്കേപ്പുറത്തെ റബറും തോട്ടത്തിലാണ് അത്യാഹിതം നടന്നിരിക്കുന്നത്. ഓടുന്ന കൂട്ടത്തിൽ പരുമല തിരുമേനിയെ വിളിച്ചു, ഒരു കൂട് മെഴുകുതിരി…

Story written by Satheesh Veegee

ലാസർ മൊതലാളിയുടെ മോൾ ലില്ലിക്കുട്ടി അമേരിക്കയിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ വാങ്ങിയതാണ് ഒരു പഗ്ഗിനെ.

പശു, പോത്ത്, കാള , ആട്, ആന മയിൽ ഒട്ടകം തുടങ്ങിയവയോട് മാത്രം കട്ട ലബ് ആയിരുന്ന ലാസർ മൊതലാളിക്ക് പട്ടികളെ അത്ര ഇഷ്ടം അല്ലായിരുന്നു. പക്ഷേ ഭ ആകൃതിയിൽ മോന്തയുള്ള പഗ്ഗിനെ കണ്ടതും ലാസർ മൊതലാളിക്ക് ചിരി പൊട്ടി ആദ്യ നോട്ടത്തിൽ തന്നെ അവനെ ഇഷ്ടമായി .

ലില്ലിക്കുട്ടി അവന് നെപ്പോളിയൻ എന്ന പേരും ചാർത്തിക്കൊടുത്തു. ഒരു ഞായറാഴ്ച ദിവസം. പതിവുപോലെ പള്ളിയിൽ പോയിട്ടു വന്ന് ലാസർ ചായ്‌പ്പിന്റെ മറവിൽ പോയിരുന്ന് JDF ന്റെ ഒരു കട്ട പെഗ്ഗ്‌ ഭാര്യ കൊച്ചുത്രേസ്യ കാണാതെ പൈപ്പും വെള്ളം ഒഴിച്ച് അടിച്ചു ഒരു പൊട്ടു പേരക്ക പറിച്ചു ടച്ചിങ്‌സ് ആയി ആഞ്ഞൊരു കടിയും കടിച്ചു കണ്ണിൽ നിന്നും വെള്ളം ചാടി ഇരുന്നപ്പോഴാണ് ഒരു അലർച്ച കേൾക്കുന്നത്.

ഭാര്യ കൊച്ചുത്രേസ്യയും മോൾ ലില്ലിക്കുട്ടിയുമാണ് ആ അലർച്ചയുടെ സ്രോതസ്സുകൾ എന്നറിഞ്ഞ ലാസർ സ്വിച്ചിട്ടതുപോലെ ചാടിയെഴുന്നേറ്റു. നൂറിൽ പാഞ്ഞു. വടക്കേപ്പുറത്തെ റബറും തോട്ടത്തിലാണ് അത്യാഹിതം നടന്നിരിക്കുന്നത്.

ഓടുന്ന കൂട്ടത്തിൽ പരുമല തിരുമേനിയെ വിളിച്ചു “ഒരു കൂട് മെഴുകുതിരി കത്തിച്ചേക്കാമെ അത്യാഹിതങ്ങൾ ഒന്നും ഉണ്ടാക്കരുതേ തിരുമേനീ “എന്ന് അലറിക്കൊണ്ട് ഒരു നേർച്ചയും നേർന്നുകൊണ്ട് ലാസർ ചെന്നപ്പോൾ ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുള്ള ഒരു കാഴ്ചയാണ് കാണുന്നത്.

നെപ്പോളിയൻ ചോരയും ഒലിപ്പിച്ച് “നോക്കി നിൽക്കാതെ ആരെങ്കിലും ഒരു ഓലയോ വെള്ളക്കീറോ ഇടെടാ ” എന്ന് കണ്ണുകൊണ്ട് ആഗ്യം കാണിച്ച് റബറും കരീലകൾക്ക് മുകളിൽ യുദ്ധത്തിൽ തോറ്റ സേനാ നായകനെപ്പോലെ തകർന്നു കിടക്കുന്നു.

മൂക്കള ഒലിപ്പിച്ചുള്ള കരച്ചിലിൽ ഒരു മത്സരമായി കണക്കാക്കി കരഞ്ഞുകൊണ്ട് കൊച്ചുത്രേസ്യയും ലില്ലിക്കുട്ടിയും ചുറ്റും ഇരിക്കുന്നു.

വെപ്രാളം പിടിച്ച ഓട്ടത്തിൽ JDF ന്റെ പിടുത്തം മൊത്തം പോയ ലാസർ മൊതലാളി “യ്യോ ഇവനിത് എന്നാ പറ്റി ” എന്ന് അഴിയാറായ ഉടുമുണ്ട് ഒതുക്കി വെച്ചുകൊണ്ട് ചോദിച്ചു.

“നോക്കി നിൽക്കാതെ പട്ടിയെ എടുക്ക് മനുഷ്യാ ആശുപത്രിയിൽ കൊണ്ടുപോണം ” എന്ന കൊച്ചുത്രേസ്യയുടെ അലർച്ചയിൽ ഭയന്നുപോയ ലാസർ നെപ്പോളിയനെ വാരി എടുത്തു പാഞ്ഞു.

വെറ്റനറി ഹോസ്പിറ്റലിൽ നിന്നും ഉഗ്രൻ ഒരു കുത്തിവെപ്പും എടുപ്പിച്ചു വെച്ചുകെട്ടും ഒക്കെയായി നെപ്പോളിയനെ വീട്ടിൽ എത്തിച്ചു സോഫയിൽ കിടത്തി മൂവരും താടിക്കു കയ്യും കൊടുത്തിരുന്നു. ഇലക്ഷനിൽ സ്വന്തം കുടുംബത്തിൽ നിന്ന് പൊടിമണിക്ക് പോലും ഒരു വോട്ട് കിട്ടാതെ വമ്പൻ പരാജയം ഏറ്റുവാങ്ങിയ വാർഡ് മെമ്പറുടെ വീടുപോലെ ശ്മശാന മൂകമായി വീട്.

സ്വന്തം അയൽക്കാരനായ താറാവ് വറീതിന്റെ ഒട്ടുംതന്നെ ദൈവഭയമില്ലാത്ത നാടൻ പട്ടി ടോമിയാണ് നെപ്പോളിയനെ കേറി അറ്റാക്ക് ചെയ്തത്. ആ പ്രദേശത്തെ പ്രധാന കട്ടയായ ടോമിക്ക് ഭ മോന്ത വച്ച നെപ്പോളിയനെ അത്രക്ക് അങ്ങോട്ട് പിടിച്ചില്ല. താനൊക്കെ രാവിലെ മുതൽ തുടങ്ങുന്ന ഓട്ടമാണ്. എന്തിനാണ് ഇത്രയും ഓടുന്നതെന്ന് ഒരു പട്ടിക്കും അറിയില്ല എങ്കിലും ദിവസം ഒരു പത്തു റൗണ്ട് ഓടി ഒരു 35 മരങ്ങൾക്ക് എങ്കിലും പുണ്യാഹം തളിച്ചാലേ രാത്രി ഉറക്കം വരൂ.

അപ്പോഴാണ് ഇവിടെ ഒരുത്തൻ കട്ടിലിലും സോഫയിലും കിടന്നുറങ്ങി പട്ടികളുടെ വില കളയുന്നത്. തരം കിട്ടിയപ്പോൾ അതിനെപ്പറ്റി റബറും തോട്ടത്തിൽ വെച്ച് വെറുതെ ഒന്ന് ചോദിച്ചു.” ഡാ പുളുന്താനെ നീയിങ്ങനെ വീട്ടിൽ അടച്ചു പൂട്ടി ഇരിക്കാതെ എന്റെ കൂടെ വാ നാട്ടിലെ നമ്മുടെ പിള്ളേരെ ഒക്കെ കൊണ്ടു കാണിക്കാം. പിന്നെ വാഴപ്പാത്തിയിലും കണ്ടത്തിലും ഒക്കെ ഒന്ന് ചാടി വല്ലവന്റെയും കയ്യിൽ നിന്നും രണ്ട് ഏറും വാങ്ങി പറ്റിയാൽ രണ്ടു കൊക്കുകളെയും പിടിക്കാം. പോരുന്നോ നീ നമുക്ക് പൊളിക്കാം “

” ഭാ ബ്ലഡി ഗ്രാമവാസീസ് നിന്നെപ്പോലെ പാത്തിയിൽ ചാടാനും പള്ളത്തിയെ പിടിക്കാനും ഒന്നും നെപ്പോളിയനെ കിട്ടില്ല. ഞാനെ പഗ്ഗാ പഗ്ഗ് ” നെപ്പോളിയൻ പൊട്ടിത്തെറിച്ചു.

രക്തം തിളച്ചു മറിഞ്ഞ ടോമി ” നീ നെപ്പോളിയൻ ആണെങ്കിൽ ഞാൻ ഹിറ്റ്ലർ ആണെടാ ഊളെ, ഈ നാട്ടിലെ ഹിറ്റ്ലർ ” എന്നലറിക്കൊണ്ട് നെപ്പോളിയനെ കേറി അറ്റാക്ക് ചെയ്തു. ടോമിയുടെ നാടൻ കടിയിൽ നെപ്പോളിയൻ നിലം പരിശ്ശായി. “

” ആരെങ്കിലും ഓടിവായോ ഈ മുതുകാലൻ എന്നെ കൊല്ലുന്നേ” എന്നുള്ള നെപ്പോളിയന്റെ നിലവിളി കേട്ടാണ് റബ്ബറും തോട്ടത്തിൽ സെൽഫി എടുത്തു കളിച്ചുകൊണ്ടിരുന്ന ലില്ലിക്കുട്ടി പാഞ്ഞു ചെന്നത്.

“ദേ മനുഷ്യനെ ആ പണ്ടാരത്തിനെ വെറുതെ വിടരുത് ഞാൻ പറഞ്ഞേക്കാം എങ്ങനെ എങ്കിലും അതിനിട്ട് പണി കൊടുത്തേ പറ്റൂ ” എന്ന കൊച്ചുത്രേസ്യ യുടെ വാക്കുകളാണ് ലാസർ മുതലാളിയുടെ വീട്ടിലെ ശ്മശാന മൂകതയെ കീറി മുറിച്ചു കളഞ്ഞത്.

പണ്ട് അളിയൻ കൊച്ചു തോമയുടെ വീട്ടിലെ അൽസേഷ്യൻ നായ തന്റെ ഉടുമുണ്ടും കൊണ്ടു പോയപ്പോൾ ആൻഡ്രയാറും ഇട്ടുകൊണ്ട് ഹൈജമ്പ് ചാടി കുരുമുളക് കൊടികൾക്ക് ഇടയിൽ അഭയം പ്രാപിച്ച തന്നോട് “കണക്കായിപ്പോയി കിട്ടേണ്ടത് ആയിരുന്നു നിങ്ങൾക്ക് കടി.അതിന്റെ മുൻപിൽ പോയി ഗോഷ്ടി കാണിച്ചിട്ടാണ് ” എന്നു പറഞ്ഞവളാണ് ഇപ്പോൾ നെപ്പോളിയനു വേണ്ടി മരിക്കാൻ നടക്കുന്നത് എന്നോർത്തപ്പോൾ ലാസർ മൊതലാളിയുടെ ഹൃദയം അമ്മമനസ്സിലെ ഗായത്രി തമ്പുരാട്ടിയെപ്പോലെ നീറി നീറി പുകഞ്ഞു.

ആ സങ്കടത്തിന് ചായ്‌പ്പിന്റെ പുറകിൽ പോയി ബാക്കി ഇരുന്ന JDF യാതൊരു മയവും ഇല്ലാതെ വെള്ളമോ ടച്ചിങ്ങോ കൂടാതെ കട്ടക്ക് ഒരടി അടിച്ചു തന്റെ ഹൃദയവേദന തീർത്തു കളഞ്ഞു ലാസർ മൊതലാളി.

JDF ന്റെ പിൻബലത്തിൽ ലാസർ നേരെ പറമ്പിലേക്ക് ഇറങ്ങി. അല്ല ലാസറിനെ JDF അങ്ങോട്ട്‌ കൊണ്ടുപോയി എന്നു പറയുന്നതാവും ശെരി. താറാവ് വറീതിന്റെ വീടിനടുത്തു നിന്ന് ” ഡാ വറീതെ ഇങ്ങോട്ട് ഇറങ്ങി വാടാ ” എന്ന് ഉഗ്രൻ ഒരു അലർച്ച.

” മൊതലാളിയോ എന്താ മൊതലാളീ ” എന്നു ചോദിച്ചു കൊണ്ട് വറീത് ഇറങ്ങി വന്നു

“ഡാ നിന്റെ പട്ടിയെ മാനം മര്യാദക്ക് വളർത്തിക്കോണം, എന്റെ നെപ്പോളിയനെ അവൻ കേറി കടിച്ച കാര്യം നീ അറിഞ്ഞില്ലേ “

“മൊതലാളി പട്ടികൾ അല്ലേ അതിനൊക്കെ എവിടെ മാനവും മര്യാദയും.ഇതുവരെ ഇവിടുത്തെ ടോമി ആരെയും കടിച്ചിട്ടില്ല. പിന്നെ മറ്റവൻ വല്ല കുരുത്തക്കേടും കാണിച്ചു കാണും. പട്ടിയോട് പറയാൻ പറ്റുമോ നീ ഇന്ന ഇന്ന ആൾക്കാരെ കടിക്കരുതെന്ന്” വറീതിന് ദേഷ്യം വന്നു

“എന്റെ 20000 രൂപ വില വരുന്ന പട്ടി ആയിരുന്നു അത് . കടിച്ചിട്ട് ഇപ്പോൾ ന്യായം പറയുന്നോ നീ “

“എന്നാ മൊതലാളി ഒരു കാര്യം ചെയ്യ് ദേ ഇവിടെ കിടപ്പുണ്ട് ടോമി. അത്ര സൂക്കേട് ആണെങ്കിൽ വന്ന് അവനെ ഒന്ന് കടിച്ചിട്ട് പോ.. അല്ലപിന്നെ”

താറാവ് വറീത് ദേഷ്യത്തോടെ പറഞ്ഞിട്ട് അകത്തേക്ക് പോയി.

“നിന്നെ പിന്നെ കണ്ടോളാം” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ലാസർ വീട്ടിലേക്ക് പോയി.

വൈകുന്നേരം വീട്ടിൽ വന്ന ബന്ധുവും അയൽക്കാരനുമായ പോസ്റ്റർ പൊന്നച്ചനോട് കാര്യം അവതരിപ്പിച്ചു.

“എന്ത് നമ്മുടെ കുഞ്ഞിനെ അവൻ കടിച്ചോ ” പോസ്റ്ററിന്റെ രക്തം വെട്ടിത്തിളച്ചു. പോസ്റ്റർ പൊന്നച്ചന്റെ മുഖഭാവം കണ്ടാൽ നെപ്പോളിയൻ പോസ്റ്ററിന്റെ കുഞ്ഞമ്മേടെ മോനാണെന്ന് തോന്നും.

” മൊതലാളീ ഇന്നവന്റെ കഥ നമുക്ക് തീർക്കാം “

“എന്താ നിന്റെ പ്ലാൻ ” ലാസർ ആകെ ത്രില്ലടിച്ചു ഒരു പരുവമായി

“നമുക്കവന് മത്തിത്തലയിൽ എലിവിഷം കൊടുത്തു കൊന്നാലോ “

“നീയൊന്ന് പോയ്ക്കെ, എലിവിഷം തിന്നാൽ എലി പോലും ഇപ്പോൾ ചാകില്ല പിന്നല്ലേ പട്ടി “

“എന്നാൽ പിന്നെ നമുക്ക് മറഞ്ഞിരുന്നു എറിഞ്ഞു കൊന്നാലോ, ഞാൻ പണ്ട് സ്കൂളിൽ ജാവലിൻ ത്രോയ്ക്ക് സർട്ടിഫിക്കേറ്റ് വാങ്ങിച്ചവനാ. എറിഞ്ഞവന്റെ ആറാമാലി കീറുന്ന കാര്യം ഞാനേറ്റു ” പോസ്റ്റർ ഉന്മേഷം മൂത്ത് പറഞ്ഞു.

“ജാവലിൻ എറിഞ്ഞു കൊല്ലണമെങ്കിൽ പട്ടിയെ പിടിച്ചു റബ്ബർ മരത്തിൽ കെട്ടിയിടണം. പോസ്റ്ററെ നീ വേറെ വല്ല ഐഡിയായും പറ “

” എന്റെ മൊതലാളീ അത് ഞാനൊരു പഞ്ചിനു പറഞ്ഞതല്ലേ, വൈകുന്നേരം ആകട്ടെ കാണിച്ചു തരാം “

വൈകുന്നേരം നടയടിയായി ഈരണ്ടു പെഗും അടിച്ചിട്ട് താറാവ് വറീതിന്റെ വീടിനോട് ചേർന്നുള്ള ലാസർ മൊതലാളിയുടെ റബ്ബറും തോട്ടത്തിൽ ലാസറും പോസ്റ്റർ പൊന്നച്ചനും ലഷ്കറെ തോയ്‌ബ തീവ്രവാദിയെ പിടിക്കാൻ ഇരിക്കുന്ന NSG കമാണ്ഡോകളെപ്പോലെ പമ്മി ഇരുന്നു.

താറാവ് വറീതിന്റെ താറാവ് കളത്തിൽ പതിവ് വിസിറ്റിങ് കഴിഞ്ഞു ടോമി ഓടിയും നടന്നും വീടിന് അടുത്തെത്തി. അരണ്ട വെളിച്ചത്തിൽ ടോമിയെ കണ്ട പോസ്റ്റർ പൊന്നച്ചൻ ഉഗ്രൻ ഒരു പാറക്കല്ല് കയ്യിൽ എടുത്തു ഉന്നം പിടിച്ച് ഷോയിബ് അക്തറിനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് പറപ്പൻ ഒരു യോർക്കർ എറിഞ്ഞു.

ആ സെക്കൻഡിൽ തന്നെ ” ദൈവമേ ഞാൻ പുണ്യാഹം തളിക്കാൻ മറന്നുപോയല്ലോ എന്ന ബോധോദയം ഉണ്ടായ ശ്രീമാൻ ടോമി ഡയറക്ഷൻ മാറ്റി നേരെ എതിർ വശത്തുള്ള തെങ്ങിന്റെ അടുത്തേക്ക് വണ്ടി തിരിച്ചു വിട്ടു.

ഒരു ഒന്നൊന്നര യോർക്കർ ആയിരുന്ന പൊന്നച്ചൻ യോർക്കർ പാഞ്ഞു ചെന്നു ലാൻഡ് ചെയ്തത് താറാവ് വറീതിന്റെ അളിയൻ സ്ലീവാചന്റെ പള്ളയ്ക്കാണ്. വീട്ടിൽ എത്ര ബാത്റൂമുകൾ ഉണ്ടായാലും പൊന്തക്കാട്ടിൽ മൂത്രം ഒഴിക്കുന്നതിൽ നൊസ്റ്റാൾജിയ കണ്ട് നിർവൃതി അടഞ്ഞിരുന്ന സ്ലീവാചൻ പതിവുപോലെ മോട്ടർ ഓണാക്കി ഒന്ന് രസിച്ചു വന്നപ്പോഴാണ് ഉൽക്ക വീഴുന്നതുപോലെ പോസ്റ്റർ പൊന്നച്ചന്റെ മാരക യോർക്കർ പള്ളക്ക് പതിക്കുന്നത്.

ഒട്ടകം കരയുന്നതുപോലെ യ്യോ എന്നൊന്ന് അലറി മോട്ടർ കയ്യിൽ തന്നെ പിടിച്ചു കൊണ്ട് സ്ലീവാചൻ പൊന്തക്കാട്ടിലേക്ക് തന്നെ തകർന്ന നൊസ്റ്റാൾജിയയുമായി വീണു.

ഇതേ പറമ്പിൽ തന്നെ വളഞ്ഞൊടിഞ്ഞു കാലും പൊക്കി നിന്ന് ഈ ദിവസത്തെ മുപ്പത്തി ഏഴാമത്തെ കർമ്മ പരിപാടിയിൽ മുഴുകി ലയിച്ചു പുണ്യാഹം തളിച്ചു നിന്ന ടോമി സ്ലീവാചന്റെ അലർച്ചയിൽ ഭയന്നുപോയി. വെസ്റ്റൺ മ്യൂസിക് പോലൊരു മ്യൂസിക്കും ഇട്ടുകൊണ്ട് ടോമി അലറിക്കൊണ്ട് എങ്ങോട്ടെന്ന് അറിയാതെ പാഞ്ഞു.

ലോട്ടറി കച്ചവടക്കാരൻ തടത്തിൽ താമരാക്ഷൻ പതിവുപോലെ ലോട്ടറി കച്ചവടം കഴിഞ്ഞു, ഒരൊറ്റ ലോട്ടറി പോലും ആർക്കും അടിക്കാഞ്ഞതിൽ നാട്ടുകാരുടെ മൊത്തം തെറിവിളിയും വാങ്ങി ശ്രീവത്സം ബാറിൽ നിന്നും രണ്ടു നിൽപ്പനും അടിച്ചിട്ട് തന്റെ സ്കൂട്ടിയിൽ വരുമ്പോഴാണ് ആ അത്യാഹിതം നടന്നത്.

താറാവ് വറീതിന്റെ വീടിനടുത്തെത്തിയപ്പോഴാണ് പട്ടിയെപ്പോലെ എന്തോ ഒന്ന് പാഞ്ഞു വന്നത്. സർവ്വ നിയന്ത്രണങ്ങളും പോയ താമരാക്ഷൻ കോടികൾ അടങ്ങിയ ലോട്ടറിയുമായി റോഡ് സൈഡിലുള്ള കമ്യുണിസ്റ്റ് പാചകൾക്ക് ഇടയിലേക്ക് വീണു. കൂടെ വീണതോ സ്ലീവാചന്റെ അലർച്ചയിൽ കിളിപോയ ടോമിയും.

എല്ലാം ഒറ്റ സെക്കൻഡിൽ കഴിഞ്ഞു. തന്റെ യോർക്കർ ബീമറായി ആരുടെയോ പള്ളക്ക് ചെന്ന് ലാൻഡ് ചെയ്ത നഗ്നസത്യം മനസിലാക്കിയ പോസ്റ്റർ പൊന്നച്ചൻ ചാടിയെഴുന്നേറ്റു.

” മൊതലാളി ” എന്ന് വിളിക്കാൻ നോക്കിയപ്പോഴാണ്. ഓട്ട മത്സരത്തിൽ സ്റ്റാർട്ടിങ് പറയുന്നതിന് മുന്നേ ഓടുന്ന ഓട്ടക്കാരനെപ്പോലെ പായുന്ന ലാസർ മൊതലാളിയെ കാണുന്നത്.

“ആഹാ എന്നെ കൂട്ടാതെ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പോസ്റ്റർപൊന്നച്ചൻ, KSRTC യെ ഓവർ ടേക്ക് ചെയ്യാൻ ശ്രെമിക്കുന്ന സ്വകാര്യ ബസ്സ്‌ പോലെ പുറകെ പാഞ്ഞു.

പിറ്റേന്ന് ഞെട്ടിക്കുന്ന ഒരു വാർത്ത നാടെങ്ങും പരന്നു. താറാവ് വറീതിന്റെ അളിയൻ സ്ലീവാചന്റെ പള്ളയ്ക്ക് ഉൽക്ക വീണു. ബോധം പോയ സ്ലീവാചൻ അപകട നില തരണം ചെയ്ത് ICU വിൽ നിന്ന് പുറത്തു വന്നു.

ഉൽക്ക കാണാനും സെൽഫി എടുക്കാനുമായി നാട്ടുകാരും ഞെട്ടിക്കുന്ന വാർത്ത ലൈവായി കാണിക്കാൻ ചാനലുകാരും , ഇനിയും ഇവിടെ നിരന്തരമായി ഉൽക്കകൾ വീഴാൻ സാധ്യത ഉണ്ടെന്നും, അതിനാൽ ഹിമാലയ പർവതം വന്നു വീണാലും പൊട്ടാത്ത ഹെൽമറ്റുമായി ഇനി പുറത്തിറങ്ങൂ എന്ന പരസ്യവുമായി ഹെൽമറ്റ് കമ്പനി ക്കാരും നാട്ടിൽ നിറഞ്ഞു.

ലോട്ടറി കച്ചവടക്കാരൻ തടത്തിൽ താമരാക്ഷന്റെ സ്കൂട്ടിക്കു മുൻപിൽ പട്ടി ചാടി. ചെറിയ പരുക്കുകളോടെ താമരാക്ഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്. ടോമി പട്ടി ചെറിയ ഒന്നു രണ്ടു മുറിവുമായി രക്ഷപെട്ടു.

സ്ലീവാചനുവേണ്ടി അമ്പതിനായിരം മെഴുകുതിരികൾ പരുമല തിരുമേനിക്ക് നേർന്നുകൊണ്ട് കിടന്നുറങ്ങിയ ലാസർ മൊതലാളി രാവിലെ കൊച്ചുത്രേസ്യയുടെ വിളിയിൽ എഴുനേറ്റു വന്നു.

“നിങ്ങളിങ്ങോട്ട് വാ മനുഷ്യനെ, ഇവിടെ നടക്കുന്നത് വല്ലതും നിങ്ങൾ അറിയുന്നുണ്ടോ. എന്റെ പ്രാർത്ഥനക്ക് ഫലം കണ്ടു. നമ്മുടെ നെപ്പോളിയനെ കടിച്ച വറീതിന്റെ പട്ടിക്ക് എട്ടിന്റെ പണി കിട്ടി പോലും. ചാകാറായി കിടക്കുകയാണെന്നാ പൊന്നച്ചൻ പറഞ്ഞത്. ഇന്നലെ ആ പട്ടിയെ നമ്മുടെ താമരാക്ഷന്റെ സ്കൂട്ടർ ഇടിച്ചത്രേ. പണ്ടാരം ചത്തില്ലല്ലോ. പിന്നെ ആ വറീതിന്റെ അളിയൻ സ്ലീവാചന്റെ തലയിൽ ഉൽക്ക വീണു. ICU വിൽ ആണെന്നാണ് പറയുന്നത്. മിക്കവാറും തട്ടിപ്പോകാൻ സാധ്യത ഉണ്ടെന്ന് “

തകർന്നുപോയ ലാസർ മൊതലാളി കസേരയിലേക്ക് വീണു. ഇതെല്ലാം കേട്ടുകൊണ്ട്
റബർ വെട്ട് കഴിഞ്ഞു കുറച്ചു വെള്ളം കുടിക്കാൻ വന്ന ഉൽക്കയുടെ ഉപജ്ഞാതാവ് ശ്രീമാൻ പോസ്റ്റർ പൊന്നച്ചൻ ലാസർ മൊതലാളിയെ ഒന്ന് നോക്കി.

“അല്ല പൊന്നച്ചാ നിനക്ക് സ്കൂളിൽ വെച്ച് ഏതോ സർട്ടിഫിക്കറ്റ് കിട്ടിയെന്നു പറഞ്ഞല്ലോ എന്തായിരിന്നു അത് ” ലാസർ ചോദിച്ചു

“അത് പിന്നെ ജാവലിൻ ത്രോയ്ക്ക് അല്ലാരുന്നോ ജാവലിൻ ത്രോ “

” അവന്റെയൊരു ജാവലിൻ ത്രോ.പൊക്കോണം അവിടുന്ന് ദൈവമേ ആ സ്ലീവാചനു കുഴപ്പം ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു ” എന്നുപറഞ്ഞു കൊണ്ട് ലാസർ താടിക്ക് കൈ കൊടുത്തു………….

ശുഭം