മറിയേടപ്പനും അമ്മച്ചിയും…
Story written by Sujitha Sajeev Pillai
നാലാം ക്ലാസ്സിൽ വെച്ചാണ് കൂടെ പഠിക്കുന്ന മറിയ ജോസഫ് സണ്ണിയുടെ അപ്പൻ മരിച്ചു പോകുന്നത്!
വീട്ടിൽ നിന്നും അമ്മ പലയാവർത്തി മുറുക്കി കെട്ടി വിട്ടാലും..ആക്കൂടെ റബ്ബർ ബാൻഡ് ഇട്ട് കെട്ടിയാലും.. സ്കൂൾബസ്സിലെ കളിയിലും ഇടിയിലും കെട്ടഴിഞ്ഞു പോകുന്ന റിബ്ബണും ഷൂലേസുമാണ് എന്റേത്.
രാവിലെ തന്നെ വിയർത്ത് കുളിച്ചും കരുവാളിച്ചും സ്കൂളിൽ എത്തുന്ന എന്റെ മുന്നിൽ ഒരിക്കലും വിയർക്കാത്ത, കരുവാളിക്കാത്ത വെളുത്ത തൊലിയോടെ…ഒരിക്കലും കെട്ടഴിഞ്ഞു പോവാത്ത റിബ്ബണോടെ മറിയ നിൽക്കും!
അവള് ചിരിക്കുമ്പോ കണ്ണിനു താഴെ ചുവന്ന കവിള് വന്നങ്ങുരുണ്ടു കൂടി തിളങ്ങും..എന്തോരഴകാണവൾക്ക്…
ഹോ! എനിക്കവളോട് അസൂയയാണ് !
അല്ലെങ്കിലും കാണാൻ ഭയങ്കര ഭംഗി ഉള്ള മനുഷ്യരെ ഒന്നും പണ്ടേ എനിക്കിഷ്ടമല്ല!
പരമാവധി മിണ്ടാതിരിക്കാൻ നോക്കിയിട്ടും…കളിക്കാൻ കൂട്ടാതെ ഇരുന്നിട്ടും..ആവുന്ന പോരൊക്കെ കുത്തിയിട്ടും..എങ്ങനെയോ അവളെന്റെ കൂട്ടാരിയായി..ക്ലാസ്സ് ഷഫ്ളിംഗ് ചെയ്തപ്പോ പൊക്കമുള്ള പെൺകുട്ടികൾ എന്ന വകയിൽ അവളെന്റെ തൊട്ടടുത്ത് ഇരിപ്പും പിടിച്ചു.
അനിയത്തിപ്രാവിറങ്ങിയ സമയമാണ്..ഞാൻ ഇങ്ങനെ നിർത്താതെ കുഞ്ചാക്കോ ബോബന്റെ കാര്യോം അയാളുടെ ബൈക്കിന്റെ കാര്യോം പറഞ്ഞോണ്ടെ ഇരിക്കും…. അപ്പോ അവളെന്നോട് അവൾടെ അപ്പൻന്റെ കാര്യം പറയും!
ശാലിനീം കുഞ്ചാക്കോ ബോബനും ശെരിക്കിനും ലവ് ആണെന്ന് ഞാൻ അടക്കം പറഞ്ഞാൽ “നിനക്കറിയോ? എന്റെ അപ്പനും അമ്മയും ലവ് മാര്യേജ് ആയിരുന്നു” ന്ന് അവളും അടക്കം പറയും!
പള്ളിക്കല് വെച്ചാണ് അവൾടെ അപ്പൻ അമ്മച്ചീനെ കണ്ടത് പോലും! അമ്മച്ചി ഒന്നു ചിരിച്ചപ്പോ തന്നെ ഒറ്റ വീഴ്ചയായിരുന്നു അപ്പൻ.പിന്നെ ഇന്ന് വരെ എഴുന്നേറ്റിട്ടില്ലന്നും പറഞ്ഞു അവൾടപ്പൻ അമ്മച്ചിനെ കളിയാക്കും .
“പിള്ളാര് കേൾക്കെ കന്നംതിരിവ് പറയാതെ എണീറ്റു പണിക്ക് പോടോ പരട്ട മാപ്ലെ!” ന്ന് അവൾടെ അമ്മച്ചിയും പറയും പോലും!
അപ്പൻ അമ്മച്ചിയെ ഭയങ്കര പുന്നാരമാണെന്നാണ് അവള് പറഞ്ഞത്.
രാവിലെ ചിട്ടിപിരിവിനു പോയാലും പത്തുമണിക്ക് ഓടി വന്നു അവൾടപ്പൻ തൊഴുത്തു കഴുകി പശുനെ അഴിച്ചു കെട്ടും പോലും!
പോകാൻ നേരം “വൈന്നേരം വന്നിട്ട് പുല്ലരിയാൻ ഞാമ്പോക്കോളാം.. ഇല്ലെങ്കിൽ ഈ വെയിലെല്ലാം കൊണ്ടു എന്റെ പെണ്ണിന്റെ നിറമെല്ലാം അങ്ങ് മങ്ങി പോകും” എന്ന് പറയും പോലും!
“എന്റെ പൊന്നിനോളം നിറമുള്ള പെണ്ണുങ്ങളൊന്നും ഇന്നാട്ടിൽ വേറെ ഇല്ലെ”ന്നാണ് അവൾടപ്പൻ പറയുന്നത് പോലും!
വൈന്നേരം അമ്മച്ചിയുണ്ടാക്കുന്ന പഴംപൊരീം പാൽചായേം കെഞ്ചി ചോദിച്ചാലും അപ്പൻ വരാതെ അവൾടെ അമ്മച്ചി തരത്തില്ല..
“രാവിലെ പണിക്കിറങ്ങി പോയൊരാളുണ്ട്.. വിശന്നു വലഞ്ഞിപ്പോ കേറി വരും..ആദ്യം അങ്ങേർക്ക്! എന്നിട്ടേ ഉള്ളൂ നിനക്കെല്ലാം.” എന്ന് പറയും പോലും!
വന്നു കേറുമ്പോ അപ്പനെ കള്ള് നാറിയാൽ “നാല് കാലേൽ കേറി വന്നോളും! ചായ എടുത്തു ഞാൻ മോന്തക്കോഴിക്കും ” എന്നവൾടെ അമ്മച്ചി വഴക്കുണ്ടാക്കും പോലും!
“നിന്റമ്മച്ചി നിന്റപ്പനോട് കാണിക്കുന്ന കയ്യിലിരുപ്പ് എന്നോട് കാണിച്ചാൽ… കോപ്പേ നീ കുത്ത് മേടിക്കും! ” എന്നപ്പനും പറയും പോലും!
എത്ര തെറി അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞാലും പിറ്റേന്ന് വെളുപ്പിനെ കെടക്കപ്പായേൽ ഉമ്മ തന്നു എണീപ്പിക്കാൻ വരുമ്പോ അവൾടമ്മച്ചിക്ക് കള്ളിന്റെ നാറ്റമാണ് പോലും!
ഇവള്ടെ കഥ പറച്ചില് കേൾക്കുമ്പോ ഞാൻ വായും പൊളിച്ചിരിക്കും. അമ്മുമ്മ മുത്തശ്ശനെയും അമ്മ അച്ഛനെയും “അവർ” എന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത്. ഭർത്താവിന്റെ പേരവർ ഉച്ഛരിക്കാറില്ല. കാരണം നാരായണൻ എന്നാണ് ഭർത്താവിൻറെ പേരെങ്കിൽ വിളക്കിന്റെ നാരായം എന്ന് പോലും സ്ത്രീകൾ പറയാൻ പാടില്ലെന്നാണ് എന്റെ വീട്ടിലെ നിയമം.
ചിട്ടി പൊട്ടി ചിറ്റാളന്മാർക്ക് കാശ് കൊടുക്കാൻ ഇല്ലാതെ അവൾടപ്പൻ വിഷം കുടിച്ചും
അതും പോരാതെ തൂങ്ങിയും ചാവുറപ്പിച്ചപ്പോ മറിയ എന്റെ കൂടെ സ്കൂളിലാണ്.
അപ്പന് സുഖോല്ലന്നും പറഞ്ഞു അവളെ സ്കൂളിന്ന് കൊണ്ടു പോവുമ്പോ അവൾക്കൊരു കൂട്ടിനു പോരാൻ ജിനിമിസ്സ് എന്നോടും പറഞ്ഞു.
ആ വീട്ടിലെ ആൾക്കൂട്ടത്തിലേക്ക് ചെന്നപ്പോ ഞങ്ങൾ കൈ കോർത്തു പിടിച്ചിരുന്നു. പെട്ടെന്ന് അപ്പനെന്തോ പറ്റിയെന്നുള്ള തിരിച്ചറിവിൽ അവളെന്റെ വിരല് പിടിച്ചു ഞെരിച്ചു.
അകത്തേക്ക് കാലെടുത്തു വെച്ചപ്പോ അവൾടമ്മച്ചിടെ “മ്മ്മ്…”ന്നുള്ള മൂളൽ എന്റെ ചെവിയിൽ പതിച്ചു..
അവരങ്ങനെ കട്ടിലിൽ ഇരുന്ന് വെറുതെ മൂളുകയാണ്..
ആ മൂളലിൽ ശ്വാസം മുട്ടി നിൽക്കുകയാണ് ആ വീട് മുഴുവനും.
അവളെ കണ്ട പാടെ “എന്റെ മറിയകൊച്ചേ… ആ കാലമാടൻ ഒറ്റക്ക് പോയെടി..നിന്റപ്പൻ ഒറ്റക്ക് പോയെടി ” ന്നും പറഞ്ഞു അവൾടമ്മച്ചി അലറി വിളിച്ചു.
അവൾ അവൾടമ്മച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു ..
എന്തോ….എനിക്കെന്റമ്മയെ കാണാൻ കൊതിയായി..കെട്ടിപിടിച്ചൊന്നു കരയാൻ തോന്നി.
അവൾടപ്പനെ കൊണ്ടു വന്നപ്പോ “എവിടെ? എനിക്കയാളോട് നാല് വർത്താനം ചോദിക്കാൻ ഉണ്ട്… കാലമാടൻ! അയാളെന്നോട് എന്തിനിതു ചെയ്തെന്നു എനിക്കായാളോട് ചോദിക്കണം!” ന്നും പറഞ്ഞു അവൾടമ്മച്ചി ദേഷ്യപ്പെട്ടു.
അല്പം കഴിഞ്ഞ് അവൾടപ്പനെ എടുത്തോണ്ട് പോയപ്പോ മറിയ ബോധം കെട്ടു വീണു.
കെട്ടു പോവാനുള്ള ബോധം പോലും ഇല്ലാത്ത കൊണ്ടായിരിക്കും.. അവൾടമ്മച്ചി അവിടിരുന്നു അവൾടെപ്പനെ തെറി പറയുകയായിരുന്നു… “പറഞ്ഞിട്ട് പോടോ മൈ*** ഞാൻ തന്റെ പിള്ളാരേം കൊണ്ടു എന്താ ചെയ്യണ്ടേന്ന് പറഞ്ഞിട്ട് പോടോ… എനിക്ക് ആ പശുനെ ഒന്നു അഴിച്ചു കെട്ടാൻ പോലും അറിയില്ലെടോ … താൻ എന്നെ വല്ലോം പഠിപ്പിച്ചിട്ടുണ്ടോടോ..? ഇത് ചെയ്യാൻ ആയിരുന്നെങ്കിൽ താൻ എന്നെ വെയില് കൊള്ളിക്കാതെ കൊണ്ടു നടന്നത് എന്തിനാടോ? ” എന്നുമൊക്കെ ബഹളം വെച്ചു.
വേലി കടന്ന് അവൾടപ്പൻ അങ്ങ് പോയപ്പോ.. “അയ്യോ… അയ്യോ… അയ്യോ.. എന്റെ മാപ്ല! അയാളില്ലാതെ ജീവിക്കാൻ എനിക്കറിയാൻ മേലേ..ആ കാലമാടൻ ഇല്ലാതെ ജീവിക്കാൻ എനിക്കറിയാൻ മേലേ എന്റെ കർത്താവെ..” എന്നും പറഞ്ഞൊരു വീഴ്ചയായിരുന്നു!
വിചിത്രമായ ചില വാക്കുകളിലും അസഭ്യങ്ങളിലും രണ്ട് മനുഷ്യർ പ്രണയമിങ്ങനെ ഒളിച്ചു കടത്തുന്നത് ഞാൻ അന്ന് ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു!
അവരിൽ ഒന്നിന് ജീവനില്ലായിരുന്നെങ്കിലും..അത്ര വല്യ ആൾക്കൂട്ടത്തിനിടയിൽ ആണെങ്കിലും..എന്ത് ഭംഗിയായിട്ടാണവർ പരസ്പരം പ്രണയിച്ചിട്ടു പോയതെന്നോർത്തു ഞാൻ അന്തിച്ചു നിൽക്കുകയായിരുന്നു!