? അപ്പുവേട്ടൻ ?
എഴുത്ത്: വീണ എസ് ഉണ്ണി
“അപ്പുവേട്ടൻ നാളെയാണല്ലേ ദുബായ്ക്ക് തിരിച്ചു പോകുക രമേടത്തി ???”
കായ വറുത്തതു വാർത്തു പാത്രത്തിൽ വച്ചു കൊണ്ട് നിൽകുമ്പോൾ ആണ് അടുക്കള വാതിൽക്കൽ ഉഷയുടെ ശബ്ദം രമ കേട്ടത് …. രമ ഗ്യാസിലെ തീ അണച്ചു. സാരീ തലപ്പ് കൊണ്ട് കഴുത്തിനടിയിലെ വിയർപ്പ് ഒപ്പിക്കൊണ്ട് ഉഷയുടെ അരികിലേക്ക് ചെന്നു …
“അതെ ഉഷേ ലീവ് കഴിഞ്ഞു …രണ്ടു മാസം എത്ര പെട്ടെന്നു ആണ് പോയെ …ഇനി കാത്തിരുപ്പ് ആണ് …” ഒരു ദീർഘ നിശ്വാസത്തോടെ രമ പറഞ്ഞു …
“ചേച്ചിക്ക് പറയാൻ പാടില്ലേ ഇനി പോകേണ്ട എന്ന് ???എത്ര വർഷം ആയി അപ്പുവേട്ടൻ ഇങ്ങനെ കഷ്ടപ്പെടുന്നു … മക്കളും വലുത് ആകുക അല്ലെ ….??”ഉഷ പറഞ്ഞു ..
“ഈ വട്ടം കൂടിയേ ഉള്ളു എന്ന് വാക്ക് തന്നിട്ടുണ്ട് ഏട്ടൻ …പിന്നെ വരുന്നതിന് മുന്നെ മക്കളെയും എന്നെയും ആ നാട് ഒന്ന് ചുറ്റി കാണിക്കണം എന്ന് പറഞ്ഞു ….അദ്ദേഹം ഇത്രയും കാലം ജീവിച്ച നാടല്ലേ …പാസ്പോർട്ട് എടുക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ട് എല്ലാം ശരി ആയാൽ ഉടനെ കൊണ്ട് പോകാം എന്ന് പറഞ്ഞു …പിന്നെ തിരിച്ചു ഒരുമിച്ചു നാല് പേരും കൂടി നാട്ടിലേക്ക് …അദ്ദേഹത്തിന്റെ ആഗ്രഹം അല്ലെ എങ്ങനെ വേണ്ടന്ന് പറയുക ???”
“ഇരുപത്തെട്ട് വർഷം ആയില്ലേ ചേച്ചി അപ്പുവേട്ടന്റെ ജീവിതം അന്യ നാട്ടിൽ കഴിച്ചത്…ആ മനുഷ്യന്റെ നല്ല കാലം മുഴുവൻ അവിടെ തീർന്നില്ലേ ….??ഇനി ഒരു വിശ്രമം വേണ്ടേ ചേച്ചി ….”
“സത്യമാണ് ….അല്ലെങ്കിലും പ്രവാസി ആയാൽ അങ്ങനെ ആണ് ഉഷേ …ആദ്യം അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിക്കും …പിന്നെ പെങ്ങന്മാർക്കും അനിയന്മാർക്കും…അത് എല്ലാം കഴിഞ്ഞു വരുമ്പോൾ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും വേണ്ടി … ആ ഉത്തരവാദിത്തങ്ങളുടെ ഓട്ട പാച്ചിലിൽ അവർ അവരുടെ ആരോഗ്യമോ വയസോ ഒന്നും നോക്കില്ല …കുടുംബം മാത്രം ആകും മനസ്സിൽ …. അവരോടുള്ള സ്നേഹം മാത്രം …..
പാവം ഏട്ടൻ ഓരോ തവണയും വരുമ്പോൾ പറയുന്ന ഒരു കഥയുണ്ട് .…ആദ്യമായി അവിടേക്ക് പോകുമ്പോൾ വെറും 21 വയസേ ഉള്ളു …അവിടെ ആ മരുഭൂമിയിൽ കേബിൾ കുഴി വെട്ടുന്ന ജോലി ആയിരുന്നു ആദ്യം …പരിചയം ഇല്ലാത്ത ജോലി …മണിക്കൂറുകൾ നീളുന്ന കഷ്ടപ്പാട് ..കഠിനമായ ചൂടും വെയിലും ….ഒപ്പം ആഞ്ഞടിക്കുന്ന മണൽ കാറ്റും …കൈകൾ ഒക്കെ പൊട്ടിയിട്ടുണ്ടാകും ….
ദേഹം മുഴുവൻ ആ മണൽ തരികളിൽ പൊതിഞ്ഞു വിയർത്തു ഒഴുകുമ്പോളും വേദന കൊണ്ട് ദേഹം പുളയുമ്പോളും മനസ്സിൽ ചെറ്റ കുടിലിൽ കഴിയുന്ന തന്റെ വീട്ടുകാരെയും ആഹാരത്തിന് വേണ്ടി കരയുന്ന തന്റെ സഹോദരങ്ങളുടെയും മുഖം ഓർമ വരുമത്രെ …അതോർക്കുമ്പോൾ അത്രയും നേരമില്ലാത്ത ഒരു ആവേശം പിന്നെയും ജോലി ചെയ്യാൻ തോന്നിക്കുമത്രേ …
പച്ചവെള്ളവും കുബൂസും കഴിച്ചു വെറും നിലത്തു ഉറങ്ങി ജീവിച്ച കാലമായിരുന്നു അത് …ആദ്യത്തെ ശമ്പളം നാട്ടിലേക്ക് അയച്ചു കൊടുത്തത് 3000 രൂപ ആയിരുന്നത്രേ …അന്ന് അതിന്റെ ഒപ്പം ഒരു കത്ത് കൂടി എഴുതി അയച്ചു
“ഇനി നമ്മുടെ വീട്ടിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ല അച്ഛാ ….നമ്മുടെ കഷ്ടപ്പാട് ഒക്കെ മാറും ” എന്ന് ….അദ്ദേഹം ആ വാക്ക് പാലിച്ചു …അദ്ദേഹത്തിന്റെ ചോര നീരാക്കി തന്നെ ….” അത് പറയുമ്പോൾ രമയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു…. അത് കാൺകെ ഒന്നും പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി ഉഷയ്ക്ക് ….
“ഞാൻ ഇറങ്ങുവാ രമേടത്തി …വെറുതെ ഓരോന്ന് പറഞ്ഞു ഞാൻ ഏട്ടത്തിയെ വിഷമിപ്പിച്ചു ….”ഉഷ വിഷമത്തോടെ പറഞ്ഞു ..
“അത് അല്ലേലും അങ്ങനെ ആണ് ഉഷേ … പലപ്പോഴും അദ്ദേഹതേ പറ്റി ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും …ദേ കുറച്ചു കായ വറുത്തത് കൂടി കൊണ്ട് പോ …മക്കൾക്ക് കൊടുക്കാം …”രമ പറഞ്ഞു …
“വേണ്ട ചേച്ചി …അപ്പുവേട്ടന്റെ കൂട്ടുകാർക്ക് വേണ്ടി ഉണ്ടാക്കുന്നത് അല്ലെ….അവർക്ക് ഇതൊക്കെ നാടൻ രുചി ചേർത്തു വല്ലപ്പോഴും അല്ലെ കിട്ടുക ….ചേച്ചിയുടെ പണി നടക്കട്ടെ…” അത്രയും പറഞ്ഞു ഉഷ ഇറങ്ങി ….
********************
ഉഷ പോയ പുറകിന് പിന്നെയും തന്റെ പണികളിൽ മുഴുകി രമ….അവർ ഓർക്കുക ആയിരുന്നു തന്റെ അപ്പുവേട്ടൻ ഉൾപ്പെടെയുള്ള പ്രവാസികളുടെ അവസ്ഥ …. അപ്പുവേട്ടനെ നാട്ടിൽ വരുമ്പോൾ നല്ല ടിപ്പ് ടോപ് ആയിട്ടാണ് വേഷം ധരിക്കുക….പാന്റ്സും ഷർട്ടും ഷൂസും കയ്യിൽ ഒരു ഗോൾഡ് കളർ വാച്ചും ധരിച്ചു ആണ് വരിക…
അപ്പുവേട്ടൻ വീട്ടിൽ വന്നു കയറുമ്പോൾ മുതൽ സെന്റിന്റെ ഒരു പ്രത്യേക മണം ഉണ്ട് അത് ഇങ്ങനെ എല്ലാ മുറിയിലും നിറഞ്ഞു നില്കും …ആ സുഗന്ധം ഗള്ഫുകാരന് മാത്രം സ്വന്തം ആയിട്ടുള്ളത് ആണ് …
വീട്ടിൽ ഉള്ള രണ്ടു മാസം ആ ഗന്ധവും ഉണ്ടാകും അദ്ദേഹം തിരിച്ചു പോകുമ്പോൾ ഒപ്പം അത് ഇല്ലാതെ ആകുകയും ചെയ്യും ….എന്നാലും ആ ഓർമയ്ക്ക്..അപ്പുവേട്ടൻ എപ്പോളും കൂടെ ഉണ്ടെന്ന് തോന്നാൻ വേണ്ടി മനഃപൂർവം അദ്ദേഹത്തിന്റെ റോസ് നിറത്തിൽ ഉള്ള ഷർട്ട് റൂമിൽ ഇട്ടിട്ടു പോകും ….പല രാത്രികളിലും ആ ഷർട്ട് നെഞ്ചോടു ചേർത്തു പിടിച്ചു കിടന്നു ഉറങ്ങിയിട്ടുണ്ട് ….
തനിക്ക് റോസ് നിറം ആയിരുന്നു ഏറെ ഇഷ്ടം…അത് കൊണ്ട് തന്നെ അപ്പുവേട്ടൻ ലീവിന് വരുമ്പോൾ ആ നിറത്തിൽ ഉള്ള ഷർട്ട് ധരിച്ചു ആകും വരിക ….അലമാരയിൽ നിറയെ അദ്ദേഹം ഓരോ തവണ വന്നു പോകുമ്പോളും തന്നിട്ട് പോകുന്ന ആ ഷർട്ടുകൾ മടക്കി വച്ചിട്ടുണ്ട് ….ഒരിക്കൽ നാത്തൂൻ അത് കണ്ടു തനിക്ക് വട്ടാണോ എന്ന് ചോദിച്ചു കളിയാക്കി ….ശരിയാണ് വട്ട് തന്നെയാണ് മറ്റാർക്കും മനസിലാക്കാത്ത….പ്രവാസിയുടെ ഭാര്യമാർക്ക് തോന്നുന്ന ഒരു തരം “വട്ട് “….
അദ്ദേഹം വരുന്നു എന്ന് അറിഞ്ഞാൽ പിന്നെ വീട്ടുകാർക് മൊത്തം ആഘോഷം ആണ് …എല്ലാവരും കൊണ്ട് വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതി അയക്കുന്ന തിരക്കിൽ ആകും…ആരെയും അദ്ദേഹം മറക്കില്ല …പറഞ്ഞത് എല്ലാം വരുമ്പോൾ ആ വലിയ പെട്ടികൾക്കുള്ളിൽ കാണും …ഞാൻ മാത്രം ഒന്നും പറയാഞ്ഞിട്ടു അപ്പുവേട്ടന് പരാതി ആണ് ….
വരുന്ന ദിവസങ്ങൾക്കു മുന്നേയുള്ള വെള്ളിയാഴ്ചകളിൽ നീണ്ട ബെല്ലോടെ അടിക്കുന്ന ലാൻഡ് ഫോണിനു ചെവി ഓർത്തു ഇരിക്കുമ്പോൾ അതിനു ചുറ്റും ബന്ധുക്കളുടെ ഒരു നിര തന്നെ ഉണ്ടാകും മറന്നു പോയ സാധനങ്ങൾ ഒന്നൂടി ഓർമ്മിപ്പിക്കാൻ …എല്ലാവരുടെയും അവസരം കഴിഞ്ഞു റീസിവർ എന്റെ കയ്യിൽ കിട്ടുമ്പോൾ അപ്പുവേട്ടന്റെ ഒരു ചോദ്യം ഉണ്ട് …
“എന്റെ മോൾക്ക് മാത്രം ഒന്നും വേണ്ടാ അല്ലെ…അപ്പുവേട്ടനെ അല്ലാതെ ….” അത് കേൾക്കുമ്പോൾ തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരും ….അല്ലെങ്കിൽ തന്നെ അദ്ദേഹത്തിനേക്കാൾ വില പിടിപ്പുള്ളത് തനിക്കു എന്താണ് ഈ ലോകത്തു ….മറുപടി ഒരു മൂളലിൽ മാത്രം ഒതുക്കും താൻ … പിന്നെ കാത്തിരിപ്പാണ് ആ ദിവസത്തിന് വേണ്ടി ….
വീട്ടിൽ ആഘോഷം തന്നെയാണ് ആ രണ്ടു മാസം ….വരുന്ന ദിവസം കൂട്ടാനായി എയർ പോർട്ടിൽ താനും മക്കളും ചെല്ലണം എന്ന് അപ്പുവേട്ടന് നിർബന്ധം ആണ് … കണ്ണനും കിച്ചുവും അച്ഛൻ വരുന്നു എന്ന് അറിഞ്ഞാൽ പിന്നെ നിലത്തു എങ്ങും അല്ല… അച്ഛൻ കൊണ്ട് വരുന്ന ലൈറ്റ് കത്തുന്ന ഷൂവിനെ കുറിച്ചും മണമുള്ള സെന്റും കളർ പെൻസിലുകളും പേരറിയാത്ത ചോക്ലേറ്റുകളെ കുറിച്ചും ഒക്കെ ആയിരുന്നു അവരുടെ സംസാരം കാറിൽ ഇരുന്നു …
പിന്നെ നാട്ടിൽ വന്നാൽ പുതിയ സൈക്കിൾ വാങ്ങി നൽകാം രണ്ടു പേർക്കും എന്ന് അച്ഛൻ പറഞ്ഞിരുന്നു അത്രേ …അതിന്റെ ഗമ രണ്ടാൾക്കും വേറെ ഉണ്ട് …കാരണം അവർ പഠിക്കുന്ന സ്കൂളിൽ സൈക്കിൾ ഉള്ള കുട്ടികൾ ആരും തന്നെ ഉണ്ടായിരുന്നില്ല …പിന്നെയും നീണ്ടു അവരുടെ സംസാരം…. സ്കൂളിലെ ടീച്ചറന്മാർക്ക് കൊടുക്കേണ്ട ഹീറോ പേനകളും കൂട്ടുകാർക്ക് നൽകേണ്ട മിട്ടായികളും മണമുള്ള മായ്ക്കു കട്ടകളും പെൻസിലുകളും നിറഞ്ഞ സംസാരം …
ആ നിമിഷം എല്ലാം തന്റെ ഓർമ്മകൾ അപ്പുവേട്ടനെ കുറിച്ച് ആയിരുന്നു …മക്കൾ രണ്ടു പേരുടെയും ജനനവും വളർച്ചയും ഒന്നും നേരിട്ട് അനുഭവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല …രണ്ടു വർഷം കൂടുമ്പോൾ ഉള്ള വരവിൽ അദ്ദേഹം ആദ്യം പറയുക
“മക്കൾ എത്ര വേഗം ആണ് വളരുന്നേ …കഴിഞ്ഞ തവണ കണ്ടതിലും സ്മാർട്ട് ആയി രണ്ടാളും ” എന്നാകും….പിന്നെ ആ രണ്ടുമാസ അവധിക്കാലം അച്ഛന്റെ വാത്സല്യവും സ്നേഹവും എങ്ങനെയൊക്കെ നൽകാമോ അങ്ങനെ എല്ലാം നൽകാൻ അപ്പുവേട്ടൻ മത്സരിക്കുക ആകും …
മക്കളുടെ അവസ്ഥ ആയിരുന്നു അതിലും സങ്കടം …ആകാശത്തു കൂടെ വിമാനമിരച്ചു പോകുമ്പോൾ അതിന്റെ പിറകെ ഓടി കൈ വീശി കാണിക്കും ..എന്നിട്ട് ഉറക്കെ വിളിച്ചു പറയും
“ഞങ്ങളുടെ അച്ഛനെ ഞങ്ങൾ തിരക്കി എന്ന് പറയണേ ” എന്ന് …അവരുടെ വിചാരം ആ വിമാനം ആണ് അവരുടെ അച്ഛന്റെ നാടെന്നാണ് …കാരണം അവർ കാണുമ്പോൾ അച്ഛൻ വിമാനത്തിൽ നിന്ന് ഇറങ്ങി വരുന്നു …പോകുമ്പോൾ വിമാനത്തിൽ കയറി പോകുന്നു …ഒരിക്കൽ അപ്പുവേട്ടൻ തന്നെ ആ സംശയം അവർക്ക് മാറ്റി കൊടുത്തു …അതോടെ വിമാനം പോകുമ്പോൾ പുറകെ ഉള്ള ഓട്ടം അവർ നിർത്തി ..
അദ്ദേഹം വന്നു കയറുന്നത് മുതൽ വീട്ടിൽ തിരക്ക് തുടങ്ങും …ബന്ധുക്കൾ മുതൽ അയൽക്കാർ വരെ ഉണ്ടാകും … ഗൾഫുകാരന്റെ സ്നേഹം ആളുകൾ അളക്കുക അവൻ തരുന്ന സോപ്പ് , മിട്ടായി , ബദാം , ടൈഗർ ബാം കോടാലി തൈലം , സ്പ്രേ പിന്നെ ഗൾഫ് ലുങ്കിയിലും ഒക്കെ ആകും … അങ്ങനെ കിട്ടാത്തവർക്ക് പണം വാങ്ങി കീശയിൽ ഇട്ട് സ്നേഹം പ്രകടിപ്പിക്കും…അവരുടെ വിചാരം ഗൾഫുകാർക്ക് ഇതൊക്കെ ഫ്രീ ആയി അവിടെ കിട്ടുന്നത് ആണെന്ന ….
ഒരിക്കൽ തന്റെ സഹോദരൻ അപ്പുവേട്ടനോട് ചോദിച്ചു അളിയൻ എന്തിനാ ഇങ്ങനെ എല്ലാർക്കും കൊടുക്കുന്നത് എന്ന് ….
“ഇതല്ലേ അളിയാ ഒരു സന്തോഷം ….” അത്രയും പറഞ്ഞു ഒരു ചിരിയും ചിരിച്ചു അപ്പുവേട്ടൻ അടുക്കളയിലേക്ക് കയറി …
അപ്പുവേട്ടൻ വന്നാൽ പിന്നെ അടുക്കളയിലെ പാചകം മൊത്തം പുള്ളിയുടെ വകയാണ് …എന്നാലും അദ്ദേഹത്തിന് ഇഷ്ടം ഉള്ളതൊക്കെ വച്ചു വിളമ്പാൻ ഞാനും അമ്മയും ഒപ്പം കൂടും ….
*************************
യാത്രകളും വിരുന്നുകളും എല്ലാം അവസാനിച്ചു അപ്പുവേട്ടൻ നാളെ തിരികെ പോകുമ്പോൾ വീണ്ടും വീട് ബഹളം കൊണ്ട് നിറയും …. തിരികെ പോകുമ്പോൾ കൊണ്ട് പോകാൻ കൂട്ടുകാരുടെ വീട്ടുകാർ ഏൽപ്പിച്ച സാധനങ്ങൾ കുറെ ഉണ്ടാകും …. ഉച്ചയ്ക്ക് എല്ലാർക്കും ഒപ്പം ഇരുന്നു ഊണ് കഴിക്കണം എന്നത് അപ്പുവേട്ടന് നിർബന്ധം ആണ് ….
എന്നാൽ വൈകിട്ടു അപ്പുവേട്ടൻ ഒരു പാത്രത്തിൽ ചോറ് വിളമ്പി ഇഷ്ടമുള്ള കറികളും ആയി കുഴച്ചു ഓരോ ഉരുള ചോറ് തനിക്കും മക്കൾക്കും വാരി തരും…അപ്പുവേട്ടനും അതിൽ നിന്നു കഴിക്കും …ആ നിമിഷം അപ്പുവേട്ടന്റെ കണ്ണുകൾ നിറഞ്ഞു വന്നിട്ടുണ്ടാകും…തന്റെയും …
ഇറങ്ങാൻ സമയം ആയി…അപ്പുവേട്ടൻ റൂമിൽ ചുറ്റി പറ്റി നിന്ന് മക്കളുടെ നെറുകയിൽ തടവി നിറയെ മുത്തം നൽകി….അവസാനം തന്നെയും ചേർത്തു പിടിച്ചു തന്റെ നെറുകയിൽ മുത്തം ഇട്ട് കൊണ്ട് ഒന്നും പറയാതെ തിരിഞ്ഞു പോലും നോക്കാതെ കാറിൽ ചെന്നു കയറി …. തന്റെ ശ്വാസം വിലങ്ങുന്ന നിമിഷങ്ങൾ ആയിരുന്നു അത് … ആ കാറ് ദൂരേക്ക് അകലുമ്പോൾ അകത്തെ റൂമിൽ തന്റെ നിലവിളി ഉയർന്നിട്ടുണ്ടാകും ….ആ കാറിലെ പിൻ സീറ്റിൽ കണ്ണുകൾ നിറച്ചു അപ്പുവേട്ടനും ……അങ്ങനെ എത്രയെത്ര യാത്ര പറച്ചിലുകൾ തങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നു….വീണ്ടും കാത്തിരിപ്പാണ്…അപ്പുവേട്ടന്റെ വരവിനായി…..
അവസാനിച്ചു