ഇങ്ങനെയുമുണ്ട് പെണ്ണുങ്ങൾ
Story written by SAJI THAIPARAMBU
“എന്താ ഇക്കാ ഒരാലോചന”
ബെഡ് റൂമിൽ കയറി കതകിന് കുറ്റിയിട്ടിട്ട് ഷെജിന, കട്ടിലിൽ ചിന്താകുലനായി കിടക്കുന്ന മജീദിനോട് ,ചോദിച്ചു.
“ഒന്നുമില്ല ,നാളെ മോനെ കാണാൻ പോകണം ,രാവിലെ അവനെയും കൊണ്ടവർ, ഷോപ്പിങ്ങ്മാളിലെത്താമെന്നാണ് പറഞ്ഞത്”
“ആരാ ,റസിയയാണോ മോനെ കൊണ്ട് വരുന്നത്?
“ഹേയ്, അവൾക്കെന്നെ കാണുന്നത് വെറുപ്പല്ലേ? അവളുടെ മാമയാണ് വരുന്നത്”
“എന്നാൽ പിന്നെ, ഞാനും കൂടി വന്നാലോ ,മോനേ എനിക്ക് കൂടി കാണാലോ”
“അത് വേണ്ട ഷെജിന, അവന് ചിലപ്പോൾ നിന്നെ അക്സപ്റ്റ് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല ,അത് നിനക്ക് വിഷമമാകും”
“എങ്കിൽ നിങ്ങള് പോയിട്ട് വാ, രാവിലെ തന്നെ ഞാൻ, മോന് കൊടുക്കാനുള്ള ചോക്ളേറ്റ്സും ,ടോയ്സുമൊക്കെ പായ്ക്ക് ചെയ്ത് വയ്ക്കാം”
“ഉം ശരി ,എങ്കിൽ നീ ലൈറ്റ് ഓഫ് ചെയ്തേക്ക്, നമുക്ക് കിടക്കാം”
കണ്ണടച്ച് കിടന്നെങ്കിലും, റസിയയെക്കുറിച്ചുള്ള ഓർമ്മകൾ, മജീദിൻ്റെ ഉറക്കം കെടുത്തി.
ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾക്കൊടുവിൽ,കോടതിയിൽ വച്ച് ,അവളുമായുള്ള ബന്ധം വേർപെടുത്തുമ്പോൾ, റസിയ പൂർണ്ണ ഗർഭിണിയായിരുന്നു.
അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ അവകാശം, തനിക്ക് കൂടിയുള്ളതാണന്ന് വാദിച്ചിട്ടാണ്, കുഞ്ഞിനെ പ്രസവിച്ച് ഒരു വയസ്സ് കഴിയുന്നത് മുതൽ, ആറ് മാസത്തിലൊരിക്കൽ കുഞ്ഞിനെ കാണാനുള്ള അവകാശം, തനിക്ക് നല്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്
പഴയതൊക്കെ ഓർത്ത് കിടന്ന്, എപ്പോഴോ അയാൾ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് മാളിൽ, മജീദ് ഒറ്റയ്ക്കാണ് ചെന്നത്, പറഞ്ഞ സമയം കഴിഞ്ഞിട്ടും അവരെ കാണാഞ്ഞിട്ട് ,അയാൾ അക്ഷമയോടെ മാളിൻ്റെ കവാടത്തിൽ ഇറങ്ങി നിന്ന് റോഡിലേക്ക് നോക്കി.
ആറ് മാസം മുമ്പാണ്, താൻ ദുബൈയിൽ നിന്ന് വന്നപ്പോൾ അവനെ കാണുന്നത് ,അപ്പോഴവന് ഒന്നര വയസ്സ് പ്രായം ,ആദ്യമായാണ് അവൻ തന്നെക്കാണുന്നത്, താൻ വിളിപ്പോൾ, ആദ്യമവൻ വരാൻ മടിച്ചെങ്കിലും ,താൻ കൊണ്ട് വന്ന ടോയ്സ് കാണിച്ചാണ്, ഒടുവിൽ അവനെ തന്നിലേക്ക് അടുപ്പിച്ചത് ,ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്, എല്ലാം തുറന്ന് പറഞ്ഞിട്ട് ,ഷെജിനയെ രണ്ടാമത് വിവാഹം കഴിക്കുന്നത്, അന്നവനോടൊപ്പം കുറെ മണിക്കൂറുകൾ സ്പെൻറ് ചെയ്തത്, ഒരു ഉൾക്കുളിരോടെ അയാൾ ഓർത്തു.
ആ നനുത്ത ഓർമ്മകളാണ്, വീണ്ടും അവനെക്കാണാൻ, മനസ്സിനെ വെമ്പൽ കൊള്ളിക്കുന്നത്,
കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഓട്ടോറിക്ഷയിൽ, തൻ്റെ മോനും ,റസിയയുടെ മാമയും വന്നിറങ്ങുന്നത് കണ്ടപ്പോഴാണ്, മജീദിൻ്റെ ആശങ്കയകന്നത്.
മോനെ, മാമയുടെ കയ്യിൽ നിന്ന് വാരിയെടുത്ത് മജീദ് അവനെ തെരുതെരെ ഉമ്മവച്ചു .അയാൾ കൊണ്ട് വന്ന കളിപ്പാട്ടങ്ങളും, ടോയ്സുമൊക്കെ അവന് കൊടുത്തിട്ടും, താൻ കൊടുത്തതൊന്നും മതിയാവാത്തത് പോലെ, മജീദിന് തോന്നി .അവനെ ചേർത്ത് പിടിച്ച്, തൻ്റെ മൊബൈലിൽ കുറെയധികം സെൽഫിയുമെടുത്താണ് ,മാമയുടെ കൈയ്യിലേക്ക് അവനെ തിരികെ ഏല്പിക്കുന്നത്.
“ങ്ഹാ,മജീദിനോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു,”
മാളിൽ നിന്നിറങ്ങുമ്പോൾ റസിയയുടെ മാമ, മജീദിനോട് പറഞ്ഞു.
ആകാംക്ഷയോടെ മജീദ് അയാളുടെ മുഖത്തേക്ക് നോക്കി.
“റസിയയ്ക്ക് ഒത്തിരി നല്ല ആലോചനകളൊക്കെ വരുന്നുണ്ട്, അവളിപ്പോഴും ചെറുപ്പമല്ലേ? ജീവിതം ഇനിയും ഒത്തിരി ബാക്കി കിടക്കുന്ന, അവളുടെ ഭാവിയെക്കുറിച്ച് ഞങ്ങൾക്കെല്ലാം ഉത്കണ്ഠയുണ്ട് , ആദ്യമൊക്കെ അവളെതിർത്തെങ്കിലും, സുഖമില്ലാത്ത അവളുടെ ബാപ്പയുടെ നിർബന്ധത്തിന് മുന്നിൽ, ഒടുവിൽ അവൾക്ക് വഴങ്ങേണ്ടി വന്നു”
അത് കേട്ട് മജീദിന് ആദ്യമൊരു ഞെട്ടലുണ്ടായെങ്കിലും, റസിയ ഇപ്പോൾ തൻ്റെയാരുമല്ല എന്ന തിരിച്ചറിവ് ,അയാളെ ബോധവാനാക്കി .
“അതിനെന്താ, അത് നല്ല കാര്യമല്ലേ? അവൾക്കൊരു നല്ല ജീവിതം ഉണ്ടാകുന്നതിൽ എനിക്കും സന്തോഷമേയുള്ളു”
“പക്ഷേ, ഇപ്പോഴുള്ളൊരു തടസ്സം റയ്ഹാനാണ് , ആലോചനയുമായി വരുന്നവർ, മകനെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത് ,മജീദവനെ ഏറ്റെടുക്കുമെങ്കിൽ മാത്രമേ, റസിയ അത്തരമൊരു ആലോചനയെ പ്രോത്സാഹിപ്പിക്കുകയുള്ളു, പക്ഷേ മജീദിന് മറ്റൊരു ഭാര്യയുള്ളപ്പോൾ, തന്നോടെങ്ങനെ ഇത് പറയുമെന്ന വീർപ്പുമുട്ടലിലാണ്, റസിയയുടെ വീട്ടുകാർ “
അത്രയും പറഞ്ഞ് മാമ ,മജീദിൻ്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ, വ്യക്തമായൊരു മറുപടി പറയാൻ കഴിയാതെ അയാൾ കുഴങ്ങി.
“സാരമില്ല, മജീദ് സാവധാനം ആലോചിച്ചിട്ട് ഒരു മറുപടി പറഞ്ഞാൽ മതി”
ഒന്നും മിണ്ടാതെ നില്ക്കുന്ന മജീദിനെ, ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞിട്ട് ,മാമ, റയ്ഹാനെയും കൊണ്ട് ഓട്ടോറിക്ഷയിൽ കയറി പോയി.
വീട്ടിലേക്ക് തിരിച്ച് വന്ന മജീദിൻ്റെ മുഖത്തെ സംഘർഷം കണ്ട് ,ഷെജിന വിവരം തിരക്കിയപ്പോൾ, മടിച്ച് മടിച്ചാണ് അയാൾ ഭാര്യയോട് എല്ലാം പറഞ്ഞത്.
“അതിനിത്ര ആലോചിക്കാനെന്തിരിക്കുന്നു, റയ്ഹാൻ ഇക്കാടെ ചോരയല്ലേ? അവനീ തറവാട്ടിൽ വളരേണ്ട കുട്ടിയാണ് ,നാളെ തന്നേ പോയി കുഞ്ഞിനെ കൂട്ടിക്കൊണ്ട് വാ, ഞാനവനെ പൊന്ന് പോലെ നോക്കിക്കൊള്ളാം”
എല്ലാം കേട്ടതിന് ശേഷം ഷെജിന, ഉത്സാഹത്തോടെ പറഞ്ഞു.
“പക്ഷേ ,ഇന്നല്ലെങ്കിൽ നാളെ, നീയും പ്രസവിക്കേണ്ടവളാണ് ,അപ്പോൾ റയ്ഹാൻ നിനക്കൊരു ബുദ്ധിമുട്ടാവില്ലേ ?
മജീദ് ജിജ്ഞാസയോടെ ചോദിച്ചു.
“അതപ്പോഴല്ലേ ഇക്കാ, അപ്പോഴും ഇക്കാടെ ചോര തന്നെയല്ലേ ഞാനും പ്രസവിക്കാൻ പോകുന്നത്, എനിക്കവർ തമ്മിൽ വേർതിരി വൊന്നും തോന്നാൻ പോകുന്നില്ല, പിന്നെ മറ്റുള്ളവർ പലതും പറയും, നമ്മളതൊന്നും ചെവിക്കൊള്ളേണ്ട കാര്യമില്ല”
“നിനക്കിത്ര ഉറപ്പുണ്ടെങ്കിൽ പിന്നെ, എനിക്കെന്താ ഛേദം ,നാളെത്തന്നെ ഞാൻ പോയിക്കൊള്ളാം”
മജീദ് ചിരിച്ച് കൊണ്ട് പറഞ്ഞു.
“നാളെ വേണ്ട, നാളെ നമുക്കൊന്ന് ഡോക്ടറെ കാണാൻ പോകണം”
ഷെജിന ഇടയിൽ കയറി പറഞ്ഞു.
“ങ്ഹേ, അതെന്തിനാ?
മജീദ് ആകാoക്ഷയോടെ അവളെ നോക്കി.
“അത് പിന്നെ ,ഞാനിപ്പോൾ പുറത്തായിരിക്കുന്ന സമയമാണ് ,ഇനി നമുക്ക് കുറച്ച് നാളത്തേയ്ക്ക് സൂക്ഷിക്കണം ,അതായത് റയ്ഹാനിപ്പോൾ രണ്ട് വയസ്സല്ലേ ആയുള്ളു ,അവനൊരു നാല് വയസ്സാകുന്നത് വരെയെങ്കിലും, നമ്മുടെ ശ്രദ്ധ നല്ലത് പോലെ അവന് കൊടുക്കണം, അത് കഴിഞ്ഞവൻ സ്കൂളിൽ പോയി തുടങ്ങുമ്പോൾ നമുക്ക് ആലോചിക്കാം, അവന് അനുജത്തി വേണോ? അനുജൻ വേണോ എന്ന് ,അതല്ലേ നല്ലത്”
അതും പറഞ്ഞ് ലജ്ജയോടെ ഷെജിന, മജീദിനെ നോക്കിയപ്പോൾ ,തൻ്റെ ഭാര്യയുടെ ദീർഘവീക്ഷണത്തെക്കുറിച്ചോർത്ത് , അയാൾ അത്ഭുതപ്പെട്ട് നില്ക്കുകയായിരുന്നു.