തയ്യൽക്കാരി
Story written by PRAVEEN CHANDRAN
“ചേട്ടാ എനിക്കൊരു ടൈലറിംഗ് മെഷീൻ വാങ്ങിത്തരാമോ?” ജോലിക്ക് പോയ് വന്ന ആലസ്യത്തിൽ കിടക്കുകയായിരുന്ന അവനെ നോക്കി അവൾ പറഞ്ഞു..
“എന്തിനാ… അതൊന്നും വേണ്ട.. ഒന്നാമതേ മൂന്ന് മാസമായി സാലറി തന്നെ കിട്ടിയിട്ട്..ലോൺ അടക്കാത്തതിന് ബാങ്ക് മാനേജർ വിളിച്ച് തെറി പറയാൻ തുടങ്ങീട്ടുണ്ട്.. നിനക്ക് ഒന്നും അറിയണ്ടല്ലോ? അവൾക്ക് മെഷീൻ വാങ്ങാണ്ടാ തിരക്ക്.. ” അവൻ പറഞ്ഞത് കേട്ട് അവളൊന്നും അപ്പോൾ മറുത്ത് പറഞ്ഞില്ല..
കുടുംബത്തിന്റെ അപ്പോളത്തെ അവസ്ഥ അവൾക്ക് നന്നായി അറിയാമായിരുന്നു..
മകന്റെ പഠിപ്പും കുടുംബത്തിലെ മറ്റ് ചിലവുകളും എങ്ങനെയാ നടന്ന് പോകുന്നത് എന്നു പോലും അവൾക്ക് അറിയില്ലായിരുന്നു… തന്റെ ഭർത്താവിങ്ങനെ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്നോർത്ത് അവൾക്ക് എന്നും സങ്കടമായിരുന്നു…
അത് കൊണ്ടായിരുന്നു അവൾ അവനോട് ടെയ്ലറിംഗ് മെഷീന്റെ കാര്യം പറഞ്ഞത്.. കല്ല്യാണത്തിന് മുന്നേ പഠിച്ചതാണ് ടൈലറിംഗ്.. നന്നായി ഡിസൈൻ ചെയ്യാനും അറിയാമായിരുന്നു അവൾക്ക്.. പക്ഷെ കല്ല്യാണത്തിന് ശേഷം അത് തൊട്ട് നോക്കിയിട്ടില്ല… അവൻ സമ്മതിക്കാത്തത് തന്നെയായിരുന്നു കാരണം.. അവന്റെ അഭിമാനം നഷ്ടപെടുമെന്നായിരുന്നു അന്ന് അവൻ പറഞ്ഞത്..
പഠിക്കാനത്ര മിടുക്കി അല്ലാതിരിരുന്നതിന്റെയും വീട്ടിലെ പ്രാരാബ്ദങ്ങളുടേയും പേരിൽ പ്ലസ്ടു വരെ പഠിക്കാനേ അവൾക്ക് സാധിച്ചിരുന്നുള്ളൂ.. രണ്ട് ചേച്ചിമാരെ കെട്ടിച്ച് വിട്ട കടം വീട്ടാൻ അവളുടെ അച്ഛൻ കഷ്ടപെടുന്നത് കണ്ടപ്പോൾ പോയതാണ് തയ്യൽ പഠിക്കാൻ.. അത് അച്ഛന് വലിയ ഒരു സഹായവുമായിരുന്നു..
അവന് മാത്രം അവൾ ആ പണി ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു..
നല്ല സമയത്ത് അങ്ങനൊന്ന് വാങ്ങിയിടാത്ത തിലുള്ള കുറ്റബോധം അവളെ അലട്ടാൻ തുടങ്ങി… ഇപ്പോഴാണെങ്കിൽ വങ്ങാൻ പൈസയുമില്ല… ആഭരണങ്ങളൊക്കെ വീട് പണിക്കും മറ്റുമായി പണയത്തിലുമാണ്…
ദിവസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു.. ഒരു ദിവസം അവനെ ആരൊക്കെയോ ചേർന്ന് താങ്ങിയെടുത്ത് കൊണ്ട് വരുന്നത് കണ്ടാണ് അവൾ മുറ്റത്തേക്ക് ഓടിച്ചെന്നത്…
“അയ്യോ… എന്റെ ഏട്ടന് എന്ത് പറ്റി?”
അവൾ അവനെ കൊണ്ട് വന്നവരോടായ് ചോദിച്ചു..
“പേടിക്കാനൊന്നുമില്ല ചേച്ചി… കള്ള് കുടിച്ച് ബോധമില്ലാതായതാ… വഴിയിൽ കിടക്കുകയായിരുന്നു…ഒന്ന് തലവഴി വെള്ളമൊഴിച്ചാ മതി കെട്ടിറങ്ങിക്കോളും” അവർ പറഞ്ഞത് കേട്ട് അവൾക്ക് ടെൻഷനായി…
അവനങ്ങനെ അധികം കൂട്ടുകെട്ടുകളൊന്നു മില്ലായിരുന്നു… വല്ലപ്പോഴുമുള്ള മദ്യപാനം അല്ലാതെ ഇത് പോലെ ബോധമില്ലാത്ത ഒരവസ്ഥ ഇത് വരെ ഉണ്ടായിട്ടുമില്ല….
അവനാകെ അവശനായിരുന്നു.. വായിൽ നിന്ന് വെള്ളമെല്ലാം വന്ന് വസ്ത്രങ്ങളെല്ലാം വൃത്തികേടായിരുന്നു..
കൊണ്ടാക്കിയവർ പിരിഞ്ഞ് പോയതോടെ ഒരു കണക്കിന് അവൾ അവനെ ബാത്ത്റൂമി ലെത്തിച്ചു.. ഷവർ തുറന്നിട്ടതോടെ വെള്ളം അവന്റെ തലയിലേക്കൊഴുകി..
ഒരു കുട്ടിയെ കുളിപ്പിക്കുന്ന പോലെ അവളവനെ കുളിപ്പിച്ചെടുത്തു.. തലയിൽ കുറെ വെള്ളം വീണതോടെ അവന് കുറച്ച് ബോധം വന്നിരുന്നു..
തലതോർത്തിക്കൊടുക്കുമ്പോൾ അവൻ അവളുടെ മടിയിലേക്ക് തലവച്ച് കരയാൻ തുടങ്ങി…
അത് കണ്ട് അവൾക്ക് ദേഷ്യമാണ് വന്നത്…
“എന്താ ഏട്ടാ ഇത്.. ഇങ്ങനൊരു ശീലം ഇല്ലാത്തതാണല്ലോ? എന്തിനാ ഇങ്ങനെ സ്വയം നാണം കെടുന്നത്?”
” എനിക്കറിയില്ല മോളേ… ഇനി എങ്ങനെ ജീവിക്കണം എന്ന്.. ആകെ ഉണ്ടാടന്ന ജോലിയും പോയി.. എം.ഡീ ഓഫീസ് ക്ലോസ് ചെയ്തു.. കിട്ടാനുള്ള പൈസയും തന്നില്ല… ഇപ്പോൾ തന്നെ ആവശ്യത്തിന് കടം ആയി…” അതും പറഞ്ഞ് അവൻ അവളെ കെട്ടിപിടിച്ച് വീണ്ടും കരയാൻ തുടങ്ങി…
ഈ ഒരവസ്ഥയിൽ അവനോട് കാര്യങ്ങൾ സംസാരിക്കുന്നതിൽ അർത്ഥമില്ല എന്നറിയാവുന്നത് കൊണ്ട് അവളവനെ താങ്ങിപിടിച്ച് കിടക്കയിലേക്ക് കിടത്തി…
പിന്നേയും അവൻ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു…അവളവനെ പുതപ്പ് കൊണ്ട് പുതപ്പിച്ചു… അധികം വൈകാതെ തന്നെ അവൻ ഉറക്കത്തിലേക്ക് വഴുതി…
അവൾക്ക് പക്ഷെ അന്ന് ഉറങ്ങാനാവുന്നില്ലായി രുന്നു… മകൻ ഉറങ്ങിയത് കൊണ്ട് അച്ഛന്റെ ആ അവസ്ഥ അവൻ കണ്ടില്ലല്ലോ എന്നോർത്ത് അവൾ സമാധാനിച്ചു.. എങ്കിലും ആശങ്കകൾ ബാക്കിയായിരുന്നു.. ഇനി എങ്ങനെ കുടുംബം മുന്നോട്ട് പോകും എന്ന് ചിന്തിച്ച് അവൾക്ക് ആധിയായി…
അന്ന് മുഴുവൻ അവൾ ചിന്തിച്ചത് അതിനെ പ്പറ്റിയായിരുന്നു.. പത്ത് വർഷത്തോളമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്.. ഇത് വരെ അല്ലലില്ലാതെ അവൻ കുടുംബം നോക്കി.. ഇപ്പോൾ ഒരു പ്രതിസന്ധിഘട്ടം വന്നിരിക്കുന്നു.. എങ്ങനെ അതിനെ തരണം ചെയ്യണമെന്ന് അവൾക്ക് അറിയുന്നില്ലായിരുന്നു..
പിറ്റെ ദിവസം രാവിലെ വൈകിയാണ് അവൻ ഉണർന്നത്… നന്നേ ക്ഷീണിതനായിരുന്നു അവൻ… തലേന്ന് നടന്ന കാര്യങ്ങൾ ഓരോന്നായെ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു… പലതും അവന് ഓർമ്മയിൽ തെളിഞ്ഞില്ലെങ്കിലും അവളുടെ ദേഷ്യം നിറഞ്ഞ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞ് തന്നെ നിന്നു…
അവൻ പുതപ്പ് മാറ്റി റുമിന് പുറത്തേക്കിറങ്ങി… അവളെ അടുക്കളയിലും മുറ്റത്തെല്ലാം നോക്കിയെങ്കിലും കാണുന്നില്ലായിരുന്നു..
മകൻ ചിലപ്പോൾ സ്കൂളിൽ പോയിരിക്കാം എന്ന് അവൻ ചിന്തിച്ചു…
അവൾ എവിടെപോയതാകാം എന്നോർത്താണ് അവന് ആധികയറിയത്..അവൻ ഉടൻ അവളുടെ ഫോണിലേക്ക് വിളിക്കാൻ തുടങ്ങി.. ഫോൺ റിംഗ് ചെയ്യുന്നുണ്ടെങ്കിലും അവൾ എടുക്കുന്നില്ലായി രുന്നു…
അത് കൂടെയായപ്പോൾ അവന് ആകെ പരിഭ്രമമായി.. തലേന്ന് എന്തോ അബദ്ധം താൻ കാണിച്ചിരിക്കാം എന്ന ചിന്ത അവനെ അലട്ടാൻ തുടങ്ങി…
അതിന്റെ ദേഷ്യത്തിൽ ചിലപ്പോൾ അവൾ അവളുടെ വീട്ടിലേക്ക് പിണങ്ങിപ്പോയിരിക്കാം എന്ന് അവൻ കരുതി… അപ്പോഴാണ് ബാങ്കിൽ നിന്ന് അവന് കോൾ വന്നത്… ലോൺ അടവ് മുടങ്ങിയതിനാലായിരുന്നു അത്..
അതോടെ അവന് വീണ്ടും ടെൻഷനായി… വേറെ ഒരു ജോലിക്ക് വേണ്ടി ഇതിനിടക്ക് എത്രയോ ഓഫീസുകളിൽ കയറിയിറങ്ങി… നല്ലസമയത്ത് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നെങ്കിലും ആപത്ത് സമയത്ത് ആരും സഹായിക്കാനില്ലാ യിരുന്നു എന്ന് അവനോർത്തു…
അവളും ഇപ്പോൾ തന്നെ ഇട്ട് പോയിരിക്കുന്നു.. അതോർത്താണ് അവന് കൂടുതൽ വിഷമം ആയത്…
എന്ത് ചെയ്യണമെന്നറിയാതെ നിരാശനായി ഇരിക്കുമ്പോഴാണ് മുറ്റത്തേക്ക് ഒരു പെട്ടി ഓട്ടോറിക്ഷ കയറി വരുന്നത് അവൻ ശ്രദ്ധിച്ചത്…
അവൻ ആകാംക്ഷയോടെ മുറ്റത്തേക്കിറങ്ങി.. പിന്നാലെ ഒരു ഓട്ടോയിൽ അവളും ഉണ്ടായിരുന്നു…
അവളെക്കണ്ടതും അവന് സമാധാനമായെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് അവന് മനസ്സിലാക്കിയെടുക്കാൻ പറ്റിയില്ല…
“നോക്കി നിൽക്കാതെ അയാളെ ഒന്ന് സഹായിക്ക് ചേട്ടാ” അവൾ പറഞ്ഞത് കേട്ടാണ് അവൻ ഓട്ടോയിലേക്ക് നോക്കിയത്..
ടൈലറിംഗ് മെഷീനും അനുബന്ധ സാധനങ്ങളും കുറച്ച് തുണികളും ആയിരുന്നു അതിൽ… അത് കണ്ടതും അവന് ദേഷ്യമാണ് വന്നത്..
“നീ എന്തിനാ ഇപ്പോൾ ഇത് വാങ്ങിയത്..? നിനക്ക് എവിടന്നാ ഇത് വാങ്ങിക്കാൻ പൈസ?”
അവളതിന് ഉത്തരമൊന്നും പറഞ്ഞില്ല…
അവൾക്ക് ഇന്നലത്തെ ദേഷ്യം മാറിയിട്ടില്ലെന്ന് അവന് തോന്നി… മെഷീൻ അകത്ത് വച്ചതിന് ശേഷം അവൾ പൂമുഖത്തേക്ക് വന്ന് ഓട്ടോറിക്ഷക്കാരുടെ പൈസ കൊടുത്ത് വിട്ടതിന് ശേഷം അവനെ ഒന്ന് നോക്കി..
ആ നോട്ടത്തിൽ അവനൊന്ന് ഉരുകി…
“എന്താ നീ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്? ഈ ടൈലറിംഗ് മെഷീനിൽ തുണികളടിച്ച് കൊടുത്ത് കിട്ടുന്ന നക്കാപിച്ച കൊണ്ട് നമ്മുടെ കടങ്ങൾ വീടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? “
അത് കേട്ടിട്ട് അവൾക്ക് ദേഷ്യം കൂടി…
“കടം വീട്ടാൻ പറ്റില്ലെങ്കിലും പട്ടിണിയില്ലാതെ കഴിയാനെങ്കിലും പറ്റുമല്ലോ?” അവൾ പറഞ്ഞു..
“അങ്ങനെ ഭാര്യയുടെ സമ്പാദ്യം കൊണ്ട് ജീവിക്കേണ്ട ഗതികേടൊന്നും എനിക്ക് ഇപ്പോ ഇല്ല.. എം.ബി.എ പഠിച്ചവനാ ഞാൻ.. ഒരു ജോലികിട്ടാൻ വല്ല്യ ബുദ്ധിമുട്ടൊന്നും ഇല്ല… ” അതും പറഞ്ഞ് അവൻ അകത്തേയ്ക്ക് കയറി പോയി…
അവന്റെ സപ്പോർട്ട് കിട്ടുമെന്ന് അവൾക്ക് ഉറപ്പി ല്ലാഞ്ഞത് കൊണ്ട് അവൾക്ക് അതിൽ അതിശയമൊന്നും തോന്നിയില്ല…
അന്ന് തന്നെ അവൾ ഫേസ്ബുക്കിലെ അവളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ടൈലറിംഗ് മെഷീൻ വാങ്ങിയ കാര്യം അറിയിച്ചു… ഇനിയുള്ള വർക്കുകൾ അവൾക്ക് തന്ന് സഹായിക്കണ മെന്നും അവൾ അപേക്ഷിച്ചു…
അങ്ങനെ ഒരു മാസം കടന്ന് പോയി… ടൈലറിംഗും ഡിസൈനിംഗും അവൾക്ക് ഇഷ്ടമുള്ള ജോലിയായതിനാലാവാം അവൾക്ക് അത്യാവശ്യം വർക്കുകൾ വന്ന് തുടങ്ങിയിരുന്നു…
അവനപ്പോഴും ദിവസവും ടൈയും കെട്ടി ജോലിതെണ്ടിക്കൊണ്ടിരുന്നു… അവർ തമ്മിൽ അധികം സംസാരവുമില്ലായിരുന്നു..
അവളുടെ ഒരു കൂട്ടുകാരിയുടെ ഉപദേശപ്രകാരമാണ് അവൾ ഫേസ്ബുക്ക് പേജ് തുടങ്ങുന്നത്… അവൾ ഡിസൈൻ ചെയ്ത ഡ്രസ്സുകളൊക്കെ ആ പേജിലൂടെ പബ്ലിഷ് ചെയ്യാൻ തുടങ്ങിയതോടെ അവളെ തേടി കൂടുതൽ വർക്കുകൾ വന്ന് തുടങ്ങി…
മാസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു… അവന് അത്ഭുതമായിരുന്നു അവളുടെ വളർച്ചയിൽ..
ആറ് മാസത്തിനിടെ അവൾ അവരുടെ ലോണിന്റെ കുടിശ്ശികയും കടങ്ങളും തീർത്തത് കണ്ട് അവൻ ഞെട്ടിയിരിക്കുകയായിരുന്നു.. ഓൺ ലൈൻ ഓഡറുകളും അവൾക്ക് ധാരാളം ലഭിച്ചിരുന്നു.. രാവും പകലുമില്ലാതെ അവൾ കഷ്ടപെടുന്നത് കണ്ടപ്പോൾ അവനും വിഷമം തോന്നിതുടങ്ങിയിരുന്നു…
ദുരഭിമാനം കാരണം അവളോട് ഇതെങ്ങനെ സാധിച്ചു എന്നും പോലും ചോദിക്കാൻ അവന് മടിയായി… സത്യം പറഞ്ഞാൽ അവന് അവളോട് അസൂയ തോന്നി തുടങ്ങിയിരുന്നു.. അവൻ ഒന്ന് രണ്ട് സ്ഥലങ്ങളിൽ ജോലിക്ക് പ്രവേശിച്ചെങ്കിലും അവിടേയും പ്രശ്നങ്ങൾ കാരണം പിരിഞ്ഞ് പോരേണ്ടതായ് വന്നിരുന്നു..
പോക്കറ്റിൽ ഒരു നയാ പൈസപോലുമില്ലെന്ന നഗ്നസത്യം അവൻ മനസ്സിലാക്കിയതോടെ അവന് ദുരഭിമാനം അവസാനിപ്പിക്കേണ്ടതായ് വന്നു..
പതിവ് പോലെ തന്റെ ജോലിയിൽ മുഴുകിയിരി ക്കുകയായിരുന്നു അവൾ…
അവൻ അവളുടെ മുന്നിൽ വന്ന് തല ചൊറിഞ്ഞ് കൊണ്ട് നിന്നു…
പതിവില്ലാത്ത അവന്റെ നിൽപ് കണ്ട് അവളൊന്ന് തലയുയർത്തി നോക്കി…
“കൺഗ്രാജുലേഷൻ രമ്യ… സമ്മതിച്ചിരിക്കുന്നു.. ” അവൻ മടിച്ച് മടിച്ച് പറഞ്ഞു..
അവൾ അവനെ ഒന്ന് സൂക്ഷിച്ചൊന്ന് നോക്കി..
“എന്തേ ഇങ്ങനെ നോക്കുന്നത്.. ഞാൻ കാര്യായിട്ട് പറഞ്ഞതാ.. ശരിക്കും അസൂയ തോന്നുന്നു.. പഠിപ്പിലൊന്നും ഒന്നുമില്ലെന്നും അദ്ധ്വാനിക്കാ നുള്ള മനസ്സുണ്ടെങ്കിൽ ഏത് രംഗത്തും വിജയം കൈവരിക്കാമെന്ന് നീയെനിക്ക് പഠിപ്പിച്ച് തന്നു.. എന്നോട് ക്ഷമിക്കെടീ.. എനിക്ക് നിന്നെ മനസ്സിലാക്കാനായില്ല..” അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
അവന്റെ മുഖം കണ്ടപ്പോൾ അവൾക്കും വിഷമം തോന്നി…
“എന്താ ഏട്ടാ ഇത്..? നമുക്കും മോനും വേണ്ടിയല്ലേ ഞാനിതൊക്ക ചെയ്യുന്നത്.. ചേട്ടനന്ന് കുടിച്ച് ബോധമില്ലാതെ വന്ന ദിവസം ഓർമ്മയുണ്ടോ? അന്ന് ഞാനെത്ര വിഷമിച്ചു എന്നറിയാമോ? ഇത്രയും കാലം ഞങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിതന്ന് ഒരല്ലലുമില്ലാതെ കൊണ്ട് നടന്ന ഏട്ടൻ തളരുന്നത് കണ്ട് അന്ന് എനിക്ക് സഹിച്ചില്ല.. പലപ്പോഴായി ചേട്ടൻ എനിക്ക് തന്നിരുന്ന പൈസ സൂക്ഷിച്ചിരുന്ന ഒരു ബോക്സ് ഉണ്ടായിരുന്നു എനിക്ക്.. എന്തെങ്കിലും അത്യാവശ്യം വന്നാൽ എടുക്കാൻ വേണ്ടി സൂക്ഷിച്ചതായിരുന്നു അത്.. അത് പൊട്ടിച്ചാണ് ഞാൻ മെഷീൻ വാങ്ങിയത്… ചേട്ടൻ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വരുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.”
അവൾ പറഞ്ഞത് കേട്ട് അവൻ അതിശയത്തോടെ അവളെ നോക്കി…
“ഏട്ടൻ ഒരിക്കലെങ്കിലും എന്റെ അടുത്ത് വന്ന് എന്നെ ഒന്ന് പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു.. എല്ലാം ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നപ്പോഴൊക്കെ ഞാനാശ്വസിച്ചത് ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നില്ലേ ഏട്ടനോട് എന്നാണ്.. ഏട്ടൻ പലപ്പോഴും ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളൊക്കെ പറയുമ്പോൾ ഞാൻ ശ്രദ്ധിക്കാറ് പോലുമുണ്ടായിരുന്നില്ലല്ലോ?.. സാരമില്ല ഏട്ടനിപ്പോഴെങ്കിലും വന്നല്ലോ എനിക്കത് മതി…” അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു..
അവന് അത് കേട്ട് ഒരുപാട് സന്തോഷമായി.. അവളെക്കുറിച്ചോർത്ത് അഭിമാനവും..
“നീ തുന്നിച്ചേർത്തത് നമ്മുടെ ജീവിതമാണ് രമ്യ”
അവനവളെ നെഞ്ചിലേക്ക് ചേർത്തു..
“ഞാനൊരു കാര്യം ചോദിച്ചാ എതിര് പറയോ?” അവൻ ചോദിച്ചത് കേട്ട് അവൾ മുഖമുയർത്തി നോക്കി…
“എന്താ ഏട്ടാ..?”
“അല്ലേൽ വേണ്ട… പിന്നെയാവട്ടേ” അവൻ അത് മറക്കാൻ ശ്രമിച്ചു…
“പറ ചേട്ടാ എന്തായാലും… വെറുതെ ടെൻഷനടിപ്പിക്കാതെ…” അവൾ കവിളിൽ പിടിച്ച് കൊണ്ട് ചോദിച്ചു..
“അല്ലാ ഈ ടൈലറിംഗ് എനിക്ക് കൂടെ ഒന്ന് പഠിപ്പിച്ച് തരുമോ?”
അത് കേട്ടതും അവൾ അവനെ ഒന്ന് സൂക്ഷിച്ച് നോക്കിയതിന് ശേഷം ചിരിക്കാൻ തുടങ്ങി..
” അല്ലാ ഈ എം.ബി.എ പഠിച്ചോർക്ക് അതിനുള്ള ക്ഷമ ഉണ്ടോ ആവോ?”
അവൾ ചോദിച്ചത് കേട്ട് അവനും ചിരി വന്നു…
“ഞാൻ കാര്യായിട്ട് പറഞ്ഞതാടോ… ഈ വൈറ്റ് കോളർ ജോബ് ഒക്കെ ഒരു തരം അടിമപ്പണി ആണ്.. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുന്നതാണ് ഏറ്റവും വലിയ വിജയം.. അത് നീയാണ് എനിക്ക് കാണിച്ച് തന്നത്… നാളെ മുതൽ നല്ല കുട്ടിയായി ഞാൻ ശിഷ്വത്വം സ്വകരിക്കട്ടേ ഗുരോ…”
അവൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു…
“ശരി… എന്നൽ ഇന്ന് മുതൽ തന്നെ ദക്ഷിണ വച്ച് തുടങ്ങിക്കോളൂ ശിഷ്യാ… “
പ്രവീൺ ചന്ദ്രൻ