ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നീ എങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്കറിയില്ല. പക്ഷെ എല്ലാം നീ മനസ്സിലാക്കണം…

ജാതകദോഷം

Story written by BIBIN S UNNI

” ലക്ഷ്മീ”

” ആ അരുണേട്ടാ.. “

അരുൺ വിളിച്ചപ്പോൾ അവൾ തെളിയിച്ചമില്ലാത്തയൊരു പുഞ്ചിരി അവന് നൽകി..

” ലക്ഷ്മി വന്നിട്ടൊത്തിരി നേരമായോ… സോറി ഞാൻ കുറച്ചു തിരക്കിലായിരുന്നു. ചടങ്ങിന് വേണ്ടിയുള്ള കുറച്ച് സാധനങ്ങൾ എടുക്കണമായിരുന്നു… എല്ലാത്തിനും പുറകെ ഓടാൻ ഞാൻ മാത്രമല്ലേയുള്ളൂ “

അരുൺ ഇതും പറഞ്ഞു കൊണ്ട് കോഫി ഷോപ്പിൽ ലക്ഷ്മിക്ക് എതിരായി വന്നിരുന്നു..

” ഏയ്‌ ഞാനിപ്പോൾ വന്നതേയുള്ളൂ അരുണേട്ടാ.. “

ലക്ഷ്മി മുഖത്തൊരു ചിരി വരുത്തി കൊണ്ട് പറഞ്ഞു… അതിനു മറുപടിയായി അരുണിന്റെ മുഖത്തും അത്ര തെളിച്ചമില്ലാത്തൊരു ചിരി വിരിഞ്ഞു..

കുറച്ചു സമയം അവരുടെ ഇടയിൽ നിശബ്ദത തളംകെട്ടി നിന്നു…

ഇത് ലക്ഷ്മിയും അരുണും, കഴിഞ്ഞയാഴ്ച ഇതേ സമയം അരുണിന്റെ താലി ഏറ്റുവാങ്ങി അവന്റെ നല്ല പാതിയാകേണ്ടവളായിരുന്നു ലക്ഷ്മി..

പക്ഷെ വിധിയൊരു മ ദ്യപാനിയുടെ രൂപത്തിൽ അയാളോടിച്ച കാർ കല്യാണത്തിനു വേണ്ടി ഒരുങ്ങിയിറങ്ങിയവരുടെ കാറിൽ വന്നിടിച്ചു.. ഇടിയുടെ ആഘാതത്തിൽ ആ കാറിൽ നിന്നുമോരാൾ റോഡിലേക്ക് തെറിച്ചു വീണു മറ്റൊരു വാഹനം അയാളുടെ ദേഹത്തുടെ കയറിയിറങ്ങി .. ആ റോഡിൽ വച്ചു തന്നെ അയാൾ മരിച്ചു. നിർഭാഗ്യവശാൽ അത് അരുണിന്റെ അച്ഛനായിരുന്നു…

അച്ഛൻ മരിച്ചത് കൊണ്ട് തന്നെ അന്ന് ലക്ഷ്മിയുടെയും അരുണിന്റെയും വിവാഹം നടന്നില്ല… വിവാഹ ശേഷം ഏഴുതിരിയിട്ട നിലവിളക്ക് പിടിച്ചു വരന്റെ വീട്ടിലേയ്ക്ക് കയറേണ്ടവൾ ഒരു മരണച്ചടങ്ങിന് ചെല്ലേണ്ടന്നുള്ളത് കൊണ്ട് ലക്ഷ്മിയുടെ വീട്ടുകാർ മാത്രമേ അരുണിന്റെ അച്ഛന്റെ മരണാനന്തര ചടങ്ങിന് പോയുള്ളായിരുന്നു.. അതിന് ശേഷം ഇന്നാണ് അവർ തമ്മിൽ നേരിൽ കാണുന്നത് തന്നെ.. അതും അരുൺ അവളെ വിളിച്ചു വരുത്തിയത് കൊണ്ട് മാത്രം..

” ലച്ചൂ.. അല്ല ലക്ഷ്മി… “

കുറച്ചു നേരത്തെ നിശബ്ദയ്ക്ക് ശേഷം അരുൺ തന്നെ സംസാരിച്ചു തുടങ്ങി…

” ഞാനിപ്പോൾ തന്നെ ഇവിടെയ്ക്ക് വിളിപ്പിച്ചത് കുറച്ചു കാര്യങ്ങൾ തുറന്ന് പറയാൻ വേണ്ടിയാണ്.. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നീ എങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്കറിയില്ല.. പക്ഷെ എല്ലാം നീ മനസ്സിലാക്കണം.. “

” എന്താ.. ഏട്ടാ.. “

അരുൺ പറഞ്ഞത് വിശ്വാസമാകാതെയവൾ ഒന്നൂടെ ചോദിച്ചു

” ഈ കല്യാണം ഇനി നടക്കില്ലന്ന്… “

അരുൺ തീർത്തു പറഞ്ഞു..

” ഏട്ടാ… എന്തിനാ എന്നോട് ഇങ്ങനെ.. ഞാനെന്ത് തെറ്റാണ് ഏട്ടനോട്.. “

ലക്ഷ്മിയപ്പോഴേക്കും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു…

” നീ തെറ്റ് ചെയ്‌തെന്ന് ഞാൻ പറഞ്ഞോ… ഈ കല്യാണം ഇനി നടക്കില്ല.. “

” ഏട്ടാ.. “

” അതെ ലച്ചൂ… അല്ല ലക്ഷ്മി… നമ്മുടെ ഈ കല്യാണം നടക്കാതിരിക്കുന്നതാണ് നല്ലത്.. “

അരുൺ ലക്ഷ്മിയെ നോക്കാതെ തന്നെ പറഞ്ഞു…

” ഏട്ടാ… ഏട്ടൻ എ… ന്താ തമാശ പറയുവാണോ.. “

ലക്ഷ്മിയുടെ കണ്ണുകൾ അപ്പോഴേക്കും ഈറനണിഞ്ഞിരുന്നു..

” തമാശയല്ല ലക്ഷ്മി ഞാൻ കാര്യമായി തന്നെ പറഞ്ഞതാ…അതിന്”

” അച്ഛൻ മരിച്ചത് എന്റെ ജാതക ദോഷം കൊണ്ടാണന്നു ഏട്ടനും വിശ്വസിക്കുന്നുണ്ടോ.. “

അരുൺ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ലക്ഷ്മി അവനോട് ചോദിച്ചു…

” ഏയ്‌… അച്ഛന് അത്രയും ആയുസ്സേ ദൈവം കൊടുത്തിട്ടുണ്ടായിരുന്നുള്ളൂ… അതു കഴിഞ്ഞപ്പോൾ അച്ഛനെ ദൈവം തിരിച്ചു വിളിച്ചു.. അത്രയേ ഞാൻ കരുതുന്നുള്ളൂ..

പക്ഷെ ഒന്നുണ്ട്.. ഈ കല്യാണമിപ്പോൾ വേണ്ടാന്നു വെക്കാൻ അതും ഒരു കാരണം തന്നെയാണ്.. “

” ഏട്ടാ.. “

” അതെ ലക്ഷ്മി… അച്ഛന് ആക്‌സിഡന്റ് ഉണ്ടായെന്ന് അറിഞ്ഞപ്പോൾ തന്നെ അവിടെ എല്ലാവർക്കും ആദ്യം അറിയേണ്ടത് നിന്റെ ജാതകത്തെ കുറിച്ചായിരുന്നു, അല്ലാതെ അച്ഛനിപ്പോൾ എങ്ങനെയുണ്ടെന്ന് ആയിരുന്നില്ല…

നമ്മുടെ നാട് എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും ഇതു പോലെയുള്ളയുള്ള അന്ധവിശ്വാസങ്ങൾ ഇപ്പോഴുമുണ്ട്. ഒരു വിവാഹം നടന്നു കഴിഞ്ഞു ആ കുടുംബത്ത് എന്താപത്ത് നടന്നാലും വന്നു കേറിയ പെണ്ണിന്റെ കുഴപ്പം കൊണ്ടാണന്നും… അതു പോലെ എന്തു ഐശ്വര്യം നടന്നാലും പെണ്ണിന്റെ ഭാഗ്യമാണെന്നും പറയും…

നമ്മുടെ കാര്യത്തിൽ ഒരു ആപത്താണ് നടന്നത്.. ഞാൻ നിന്നെ ഇനി കെട്ടിയാൽ ജീവിത കാലം മുഴുവൻ നിനക്ക് കരയാൻ മാത്രമേ നേരം കാണൂ… എവിടെയേലും ഒരു ചടങ്ങിന് എന്തു കുഴപ്പമുണ്ടായാലും അതു നിന്റെ ജാതക ദോഷം കൊണ്ടാണന്നു വരുത്തി തീർക്കാനായിരിക്കും എല്ലാവർക്കും ഉത്സാഹം.. അവിടെ നിന്റെ വിഷമം അവർക്കൊരു ല ഹരിയായിരിക്കും… അവിടെ ചിലപ്പോൾ എനിക്ക് നിന്നെ സപ്പോർട്ട് ചെയ്തു ഒരു വാക്കു പോലും പറയാൻ പറ്റിയെന്ന് വരില്ല…

ഒരു നിമിഷം കൊണ്ട് വേണേൽ എനിക്ക് എല്ലാവരെയും എതിർത്ത് നിന്നെ കൂടെ കൂട്ടാം പക്ഷെ അവരെയെല്ലാം അപ്പോൾ എനിക്ക് നഷ്ടപ്പെടുത്തേണ്ടി വരും…

ഒരു വിവാഹം കൊണ്ട് ഒന്നിക്കേണ്ടത് രണ്ടു പേര് മാത്രമല്ല രണ്ടു കുടുംബങ്ങൾ കൂടെയാണ്… നാളെ നമ്മുക്കൊരു പ്രശ്നം വന്നാൽ നമ്മുടെ കൂടെ ആ കുടുംബങ്ങളേ കാണൂ… അപ്പോൾ അവരെ എങ്ങനെ നമുക്ക് വേണ്ടന്ന് വെക്കാൻ പറ്റും…

ഇതെല്ലാം കൂടെ ആലോചിച്ചപ്പോൾ ഈ ഒരു വഴി മാത്രമേ ഞാൻ കണ്ടുള്ളു… ഇപ്പോൾ ഈ കല്യാണം മുടങ്ങുന്നതിൽ നിനക്ക് കുറച്ചു വിഷമം കാണും… പക്ഷെ കുറച്ചു കഴിയുമ്പോൾ ഈ വിഷമങ്ങളൊക്കെയങ്ങ് മാറിക്കോളും, നിനക്ക് നല്ലൊരു കുടുംബജീവിതമുണ്ടാകും…

ജീവിതകാലം മുഴുവൻ കരയുന്നതിനെക്കാൾ നല്ലത് കുറച്ച് ദിവസത്തെ വിഷമമാണ്…

ഈ കുറഞ്ഞ നാളുകൾ കൊണ്ട് ഞാൻ നിനക്ക് കുറേ പ്രതീഷകളും വാഗ്ദാനങ്ങളും നൽകിയിട്ടുണ്ടായിരുന്നു… പക്ഷെ അതൊന്നും എനിക്കിപ്പോൾ പാലിക്കാൻ പറ്റുന്നില്ല… എന്നോട് നീ ക്ഷമിക്കണം… “

ഇത്രയും പറഞ്ഞു കൊണ്ട് അരുൺ അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു.. അരുൺ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാൻ പറ്റാതെയിരിക്കുകയായിരുന്നു ലക്ഷ്മി…

” ഇനി ഒന്നും പറയാനില്ല.. കഴിഞ്ഞതെല്ലാം മറന്നു മറ്റൊരു ജീവിതം നീ സ്വപ്നം കാണണം… നിന്റെ വീട്ടുകാരെ അധികം വിഷമിപ്പിക്കരുത്… “

ഇത്രയും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ലക്ഷ്മിയുടെ മറുപടിക്ക് നിൽക്കാതെ അരുൺ അവിടെ നിന്നും എണീറ്റു…

” ആ പിന്നെ നിന്റെ കല്യാണം ആകുമ്പോൾ അറിയിക്കണം… നീ മറ്റൊരാളുടെ സ്വന്തം ആകുന്നത് കാണാൻ എനിക്ക് സാധിക്കില്ല… ഞാൻ വരില്ല… എങ്കിലും അറിയിക്കണം… എന്റെ സ്വന്തം മനസിനെ പറഞ്ഞു പഠിപ്പിക്കാനെങ്കിലും… “

ഇതും പറഞ്ഞു അരുൺ തിരിഞ്ഞു നോക്കാതെ തന്നെ നടന്നു… താൻ കരയുന്നത് മറ്റാരും കാണാതെയിരിക്കാൻ വേണ്ടി പുറത്തു തിമിർത്തു പെയ്യുന്ന മഴയിലേക്ക് ഇറങ്ങി നടന്നു…

അപ്പോഴും അവന്റെ മനസിൽ സ്വന്തം അമ്മയുടെ വാക്കുകളായിരുന്നു…

” എന്റെ താലി പൊട്ടിച്ചവളെ തന്നെ നിനക്ക് ഭാര്യയായി വേണമല്ലേ… “

മനസിന്റെ തുലാസിൽ ജന്മം തന്ന അമ്മയും ഒപ്പം ഒരു ജീവിതം കൊതിച്ച പെണ്ണും മത്സരിച്ചപ്പോൾ ജന്മം തന്ന അമ്മയുടെ തട്ട് തന്നെ താണിരുന്നു.. സ്വയം തോറ്റുകൊണ്ട് മറ്റുള്ളവരുടെ വിജയത്തിനായി ബലിയാടായ ഒരു ജന്മം…

ഇതൊരു കഥയല്ല ചിലരുടെയെങ്കിലും ജീവിതത്തിൽ നടന്ന കാര്യമായിരിക്കും… ഒരു വിവാഹ നിശ്ചയത്തിന് ശേഷം ആ കുടുംബത്തിൽ എന്തനർത്ഥങ്ങൾ നടന്നാലും ഒരു പറ്റം ആളുകൾ പറയുന്നത്.. ” പെൺകുട്ടിയുടെ ജാതകം ശരിക്കും നോക്കിയിരുന്നോ..” എന്ന് മാത്രമായിരിക്കും… അല്ലാതെ അതിന്റെ കാരണം ആരും തിരക്കാറില്ല…

ഈ കഥയിൽ അരുൺ ചെയ്തത് ശരിയാണോ? നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു…

സ്നേഹത്തോടെ…ബിബിൻ എസ് ഉണ്ണി…