അവളെന്നെത്തെയും പോലെ എന്നെ ചേർത്ത് പിടിച്ച നേരം തന്നെയാണ് മീര വാതിൽ തുറന്നകത്തേക്കു വന്നത്….

കൂടെയുള്ളവൾ…

Story written by AMMU SANTHOSH

“സത്യം പറ ദീപു കുഴപ്പം മീരയുടേതല്ലെ ? ഡോക്ടർ അനൂപ് എന്റെയും സുഹൃത്താണ് .”അലീന എന്റെ കൂട്ടുകാരി എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി ചോദിച്ചു

ഞാൻ നേർത്ത ഞെട്ടലോടെ അവളെ നോക്കി .അലീനയാണെന്റെ ഏറ്റവും അടുത്ത കൂട്ടുകാരി .ഒന്നിച്ചു കളിച്ചു വളർന്നവൾ. ഇപ്പോൾ ഒന്നിച്ചു ജോലി ചെയുന്നവൾ .

എന്റെയും മീരയുടെയും വിവാഹം കഴിഞ്ഞിട്ടു നാലു വർഷമായി .ഞങ്ങൾക്ക് കുട്ടികളുണ്ടാകില്ല അത് മീരയുടെ തകരാർ തന്നെയാണ് .പക്ഷെ അതവൾ അറിയാൻ ഞാൻ ആഗ്രഹിച്ചില്ല ഭൂമിയിലൊരാളും അതറിയണ്ട എന്നാണെന്റെ ആഗ്രഹം. അതിനാണ് എനിക്കാണ് കുഴപ്പം എന്ന് പറഞ്ഞത്

അത് പറഞ്ഞപ്പോൾ

“എനിക്ക് മോൻ ആയിട്ടു ദീപു ഉണ്ടല്ലോ “എന്ന് അവൾ പറഞ്ഞു അവൾക്കതിൽ സങ്കടമോ നിരാശയോ ഉള്ളതായി എനിക്ക് തോന്നിയില്ല .അവളെന്നിൽ സ്വാർത്ഥ ആണെന്നൊഴിച്ചാൽ അവളിൽ ഒരു പുരുഷൻ ആഗ്രഹിക്കുന്നതെല്ലാം ഉണ്ടായിരുന്നു സ്നേഹം ,വാത്സല്യം ,കുറുമ്പ്, കുസൃതി ,വാശി എല്ലാം .അലീന പോലും ഒരു പരിധിക്കപ്പുറത്തേക്കു വന്നാലാ മുഖം വാടും .പിന്നെ രണ്ടു ദിവസത്തേക്ക് തുലാവര്ഷമാണ് .

മീര വീട്ടിൽ പോയപ്പോളാണ് അലീന വന്നത് .മീര പെട്ടെന്ന് വന്നാൽ ചിലപ്പോൾ എങ്ങനെ പ്രതികരിക്കുമെന്നോർത്തു എനിക്കൊരു പേടിയുണ്ട് ഞാൻ ഒറ്റയ്ക്കാണ് വീട്ടിൽ . എന്നെ വിശ്വാസം ഒക്കെയുണ്ടെങ്കിലും നൂറിൽ ഒരു ശതമാനം അവളെപ്പോലും ഒഴിച്ചിടും.

“നീ മറുപടി പറയ് ” അലീന ആവർത്തിച്ചു.

“നിന്റെ സുഹൃത്ത് ഡോക്ടർ പറഞ്ഞു കാണുമല്ലോ ? ഞാൻ ഇനി എന്ത് പറയാനാ?” ഞാൻ അലസമായി പറഞ്ഞു

“ഇത് മീരയ്ക്കറിയുമോ “

“ഇല്ലെങ്കിൽ ..?” ഞാൻ ഒരു മറുചോദ്യമുന്നയിച്ചു

“എടാ ഇത് നിന്റെ ലൈഫ് ആണ് .നീ ഒറ്റ മകൻ ആണ് ആന്റിക്കും അങ്കിളിനും എന്ത് സങ്കടം ആവും? നിന്റെ കുടുംബം അന്യം നിന്ന് പോകില്ലേ?’

ഞാൻ മെല്ലെ ചിരിച്ചു

“ഒന്ന് പോടി , ദേ ഇപ്പൊ നിപ്പ ബാധിച്ചു എത്ര പേര് മരിച്ചു ? ഇനിയെന്തെല്ലാം അസുഖങ്ങൾ ഉണ്ടാകുമായിരിക്കും കുടുംബങ്ങളെ വേരോടെ പിഴുതു കൊണ്ട് പോകില്ലേ? അതിനൊരു അപകടം പോരെ ? ഇതിലൊന്നും ഒരു കാര്യമില്ലെടി “ഞാൻ ചിരിച്ചു

“ദീപു മെഡിക്കൽ സയൻസ് ഒരു പാട് പുരോഗമിച്ചിട്ടുണ്ട് . വാടകയ്ക്ക് ഗർഭപാത്രം വരെ കിട്ടും ..നമുക്കെങ്ങനെ നോക്കിക്കൂടെ ?’ അലീന ചോദിച്ചു

ഞാൻ വേണ്ട എന്ന് തലയാട്ടി

“മീര ഒരു പാവം ആണ് അലീന . നമ്മൾ വളർന്ന സാഹചര്യങ്ങളൊന്നുമല്ല അവളുടേത്‌ ..അത്രക്കൊന്നും വിശാലമായ മനസാണെന്നും എനിക്ക് തോന്നുന്നില്ല എങ്കിലും ഭാവിയിൽ അവൾക്കൊരു കുഞ്ഞിനെ വേണമെന്ന് എനോട് പറഞ്ഞാൽ ഞാൻ ഈ സാധ്യതകളൊക്കെ ഉപയോഗിക്കും .എനിക്കവൾ ഹാപ്പി ആയിരുന്നാൽ മതി .ഒരു കുഞ്ഞു എന്റെ മനസ്സിൽ തല്ക്കാലം ഇല്ല .”

അലീന എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അവൾക്കു വേദനയുണ്ട് എനിക്കറിയാം. കുഞ്ഞുങ്ങളെ എനിക്കൊരുപാട് ഇഷ്ടം ആണെന്ന് അവളെക്കാൾ മറ്റാർക്കാണ് അറിയുക !

“ഞാൻ പോട്ടെടാ മക്കൾ വരാൻ നേരമായി ” അവൾ എഴുനേറ്റു

അവളെന്നെത്തെയും പോലെ എന്നെ ചേർത്ത് പിടിച്ച നേരം തന്നെയാണ് മീര വാതിൽ തുറന്നകത്തേക്കു വന്നത് .ഞാൻ വിളറിവെളുത്തു പോയി .

മീര അലീനയെ നോക്കി പുഞ്ചിരിച്ചു .

“എപ്പോൾ വന്നു ? ചായയെടുക്കട്ടെ ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഏതോ ഗുഹാമുഖത്തു നിന്നും വരുമ്പോലെ.

“ഈശ്വര… “

അലീനയെ യാത്രയാക്കി അവളകത്തേക്കു പോയി .പിന്നാലെ ചെല്ലണോ വേണ്ടയോ എന്നോർത്തുഞാൻ അവിടെ നിന്നു. ഇന്നൊരു യുദ്ധം ഉറപ്പാണ് എത്ര വിശാലമനസ്കയും ഭർത്താവു കൂട്ടുകാരിയെ കെട്ടിപിടിച്ചുകൊണ്ടു നിൽക്കുന്നത് കണ്ടാൽ രൂക്ഷമായി പ്രതികരിക്കും .ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അവൾക്കരികിൽ ചെന്നു .മീര ചായയുണ്ടാക്കുകയാണ് .

“ദീപുവേട്ട ‘അമ്മ പറയുന്നു വേറെ കല്യാണം കഴിക്കാൻ “

“ങേ “? ഞാൻ ഞെട്ടി പോയി. എനിക്കാണ് തകരാർ എന്ന് അവളെ വിശ്വസിപ്പിക്കുക എനിക്ക് എളുപ്പമായിരുന്നു. കാരണം ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടിയാണ് എന്റെ പെണ്ണ്. അത് കൊണ്ട് തന്നെയാണ് ഞാൻ അവളെ ജീവനേക്കാൾ അധികം സ്നേഹിക്കുന്നതും.

“അതേന്നു….. ഡിവോഴ്സ് ചെയ്തിട്ടു വേറെ കല്യാണം കഴിക്കാൻ..കുട്ടികളുണ്ടാകാത്തതു ദീപ്‌വേട്ടന്റെ കുഴപ്പം കൊണ്ടാണല്ലോ ?’

അവൾ ചായ കപ്പുകളിലേക്കു പകർന്ന് കൊണ്ട് പറഞ്ഞു

“എന്നിട്ടു നീ എന്ത് തീരുമാനിച്ചു ?’

ഞാൻ ഉള്ളിലെ പിടച്ചിൽ പുറത്തു കാണിക്കാതെ ചോദിച്ചു

“ഞാൻ ഇനി വീട്ടിൽ പോകുന്നില്ല .പോയാലല്ലേ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ വരൂ ..അപ്പോളല്ലേ ഇത് പോലെയുള്ള കൂട്ടുകാരികളും വരൂ ?'”എനിക്ക് എന്റെ ഈ ചക്കര മാത്രം മതി “

അവൾഅവസാനത്തെ വാചകം പറഞ്ഞിട്ട് ഒരു കള്ളച്ചിരി ചിരിച്ചു

യുദ്ധമില്ല തുലാവര്ഷമില്ല .സ്നേഹമഴയാണ് .എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി .ഞാൻ അവളെ ഇറുകെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു .

പെണ്ണിനെ വിലയിരുത്താൻ സാക്ഷാൽ ദൈവത്തിനു പോലും കഴിയില്ല.അവളെന്താണ് ചിന്തിക്കുക, പറയുക, പ്രവർത്തിക്കുക .,ഒന്നും ഊഹിക്കാൻ പോലും സാധിക്കില്ല

പക്ഷെ ഒന്നുണ്ട് പെണ്ണ് എന്നത് ആണിന്റെ ശക്തിയാണ് ., സ്നേഹമഴയാണ്.അവളെന്നും അവന്റെ പ്രണയകുടക്കീഴിൽ ചേർന്ന് നില്ക്കാൻ ആഗ്രഹിക്കുന്ന, അവനെ മാത്രം പ്രപഞ്ചം എന്ന് ചിന്തിക്കുന്ന വിശുദ്ധമായ ഒരു പനിനീർ പൂവ് കണക്കെയാണ്

എന്റെ പെണ്ണിനെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല ..അവൾക്കിനി എന്ത് കുറവുണ്ടെങ്കിലും. അങ്ങനെ ഞാൻ ഉപേക്ഷിച്ചാൽ ഞാൻ ആണല്ലാതാകും.