വൃത്തി
എഴുത്ത്: ആർ കെ സൗപർണ്ണിക
“ഇതൊരിക്കലും ശരിയാകില്ല അർച്ചനാ നമുക്ക് പിരിയാം”
ഇനി എനിക്ക് വയ്യ ഇങ്ങനെ സഹിച്ച് ജീവിക്കാൻ ഒരു ജീവിതമേ ഉള്ളു..അത് ആഗ്രഹിക്കുന്ന പോലെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് ജീവിതം.
“മടുത്തു”ശരിക്കും മടുത്തു ഇനി വയ്യ ഇത്രയും കാലം കുട്ടികളെ ഓർത്താണ് ഞാൻ പകുതി മരിച്ച മനസ്സോടെ നിന്നോടൊപ്പം കഴിഞ്ഞത്..ഇനിയും ഇങ്ങനെ തുടരാൻ എനിക്ക് കഴിയില്ല സഹനത്തിനും ഒരതിരുണ്ടല്ലോ?
കഴിച്ച് കൊണ്ടിരുന്നത് മുഴുവനാക്കതെ പാത്രത്തിൽ കൈ കുടഞ്ഞ് അസഹനീയമായ മുഖഭാവത്തോടെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പ്രതാപൻ പ്രതാപൻ റൂമിലേക്ക് നടന്നു.
എച്ചിൽ പാത്രങ്ങൾ പറക്കി എടുത്ത് ഊൺമേശ വൃത്തിയാക്കുന്നതിനിടയിൽ “അർച്ചന”ഓർത്തു.
കഴിഞ്ഞു പോയ പത്ത് വർഷങ്ങൾ ഇന്നലെ എന്ന പോലെ അവളുടെ മനോമുകരത്തിലേക്ക് മിഴിവോടെ തെളിഞ്ഞ് വന്നു.
“പ്രതാപേട്ടൻ” പെണ്ണ് കാണാൻ വന്ന ദിവസം..താൻ ചായ കൊടുത്ത കുതിരപ്പടം ഉള്ള ഗ്ളാസ് തിരിച്ചും പിരിച്ചും നോക്കിയിട്ട് തന്നോട് ചോദിച്ചു..എനിക്ക് വേറോരു ഗ്ളാസിൽ ചായ തരുമോ?
ആദ്യം ഒന്നമ്പരന്നെങ്കിലും രാധമ്മായി കൊണ്ട് വന്ന മറ്റൊരു ചായഗ്ളാസ് ആ കൈകളിലേക്ക് കൊടുക്കുമ്പോൾ ആ മുഖത്തേക്ക് ഒന്ന് പാളി നോക്കി.
ഇതെന്ത് മനുഷ്യൻ… ചായ കൊടുത്ത എന്നിൽ അല്ല ഇപ്പോഴും നോട്ടം….ചായ ഗ്ളാസിൽ തന്നെ താൻ തിരികെ നടക്കെ പ്രതാപേട്ടന്റെ അമ്മാവൻ…
“മുകുന്ദൻമാമൻ” ഉറക്കെ പറയുന്നത് കേട്ടു..ഇവന് വൃത്തി അൽപ്പം കൂടുതലാണ്..ഇവന്റെ അമ്മയെ പോലെ.
നിനക്ക് പെണ്ണിനെ ഇഷ്ടം ആയോ മുകുന്ദൻമാമൻ പ്രതാപേട്ടനോട് ചോദിച്ചു?
എനിക്ക് ആ കുട്ടിയോട് ഒന്ന് സംസാരിക്കണം….ചോദ്യത്തിന് മറുപടി പോലെ പറഞ്ഞ് കൊണ്ട് പ്രതാപേട്ടൻ എഴുന്നേറ്റു.
പെണ്ണിനും,ചെറുക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ നടക്കട്ടെ…അച്ഛൻ പ്രതാപേട്ടനോട് പറഞ്ഞു..മോൻ അകത്തേക്ക് ചെല്ലൂ.
ജനാലയ്ക്ക് പുറം തിരിഞ്ഞു നിന്ന എന്റെ പുറകിൽ വന്ന് ചെറിയ ചുമയോടെ തന്റെ സാന്നിധ്യം അറിയിച്ച് കൊണ്ട് പതിയെ വിളിച്ചു “അർച്ചനാ…
ആത്മാവിലെവിടെയോ തട്ടിയ വിളി അത്രയ്ക്ക് മധുരമായിരുന്നു ആ ശബ്ദം
തിരിഞ്ഞ് കുനിഞ്ഞ ശിരസ്സോടെ ഞാൻ നിന്നു ഒരു വിധേയയെ പോലെ.
“അർച്ചനയ്ക്ക്”എന്നെ ഇഷ്ടം ആയോ? ആളുടെ ചോദ്യത്തിന് അതെയെന്ന് താൻ തലയനക്കി.
എനിക്ക് “അർച്ചനയെ”ഇഷ്ടം ആയി “പക്ഷേ”
ആ പക്ഷേയുടെ ബാക്കി എന്തെന്നറിയാനായി ഞാൻ ഉദ്വേഗത്തോടെ ആ മുഖത്തേക്ക് ഉറ്റുനോക്കി.
“അർച്ചനാ”എനിക്ക് വെറെ ഒരു കാര്യത്തിലും നിർബന്ധം ഇല്ല പക്ഷെ “വൃത്തിയുടെ” കാര്യത്തിൽ ഒരു വിട്ടു വീഴ്ചയക്കും ഞാൻ ഒരുക്കമല്ല.
ഇന്ന് ചായ തന്ന ഗ്ളാസ് പോലും എനിക്ക് ഇഷ്ടപ്പെട്ടില്ല..പഴം പൊരി ഇരുന്ന പ്ലെയിറ്റും വൃത്തിയില്ലാതെ പഴകിയത് പോലെ തോന്നിച്ചു..എന്റെ ഈ ശീലങ്ങൾ ഒക്കെ ഉൾക്കൊള്ളാൻ അർച്ചന തയാറാണെങ്കിൽ നമുക്ക് മുന്നോട്ട് പോകാം.
തിളങ്ങുന്ന കണ്ണുകളും..ചുരുണ്ട മുടിയും കട്ടിമീശയും,ഒത്ത ഉയരവും തന്റെ സങ്കൽപ്പത്തിലെ പോലെ തന്നെ.. അനെയുള്ള ഒരാളിനെ ഇഷ്ടം ആണൊ എന്ന് ചോദിക്കുന്നതിൽ എന്ത് അർത്ഥം.
നാണം കൊണ്ട് ചുവന്ന മുഖത്തോടെ അർച്ചന പതിയെ പറഞ്ഞു എനിക്ക് ഇഷ്ടമാണ്.
പിന്നെ എല്ലാം തകൃതിയായി നടന്നു..ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹം. കല്യാണത്തലേന്ന് കൂട്ടുകാരി സുശീല ചെവിയിൽ അടക്കം പറഞ്ഞു..നീ ഭാഗ്യവതിയാ സർക്കാർ സർവ്വീസിലുള്ള ചെറുക്കൻ..പോരെടുക്കാൻ അമ്മായിഅമ്മയോ, നാത്തൂനൊ ഇല്ല ആകെയുള്ളത് വയസ്സനായ ഒരമ്മാവൻ മാത്രം.. വേറെന്ത് വേണം.
“അങ്ങനെ ആദ്യരാത്രി”ഗ്ളാസ്. നന്നായി തുടച്ച് പാലുമായി ഞാൻ അകത്തേക്ക് നടന്നു…
ദേ ഏട്ടാ പാല്..പാല് ഗ്ളാസ് വാങ്ങി മേശപ്പുറത്തേക്ക് വച്ച “പ്രതാപൻ” അർച്ചനയെ ചേർത്ത് പിടിച്ചു.. പെട്ടെന്ന് തന്നെ അടർത്തി മാറ്റി തെല്ലു ദേഷ്യത്തോടെ ചോദിച്ചു?
“അർച്ചന” കുളിച്ചില്ല അല്ലേ?
കുളിച്ചതാ ഏട്ടാ…ഒരു മണിക്കൂർ മുന്നെ. അർച്ചനാ”അർച്ചയോട്.. ഞാൻ അന്നേ പറഞ്ഞതല്ലേ എനിക്ക് വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന്?
ജോലിയെല്ലാം കഴിഞ്ഞ് കുളിച്ച് വൃത്തിയായി വേണം എന്റടുത്തേക്ക് വരാൻ ആദ്യരാത്രി എന്ന പരിഗണന പോലും ഇല്ലാതെയുള്ള പ്രതാപേട്ടന്റെ പറച്ചിലിൽൽ ചെറിയ വിഷമം തോന്നിയെങ്കിലും…പുത്തരിയിൽ കല്ലുകടി എന്തിനെന്ന ചിന്തയോടെ ടൗവ്വലുമായി താൻ ബാത്റൂമിലേക്ക് നടന്നു.
അത് കൊണ്ടും കഴിഞ്ഞിരുന്നില്ല വൃത്തിയുടെ ബാക്കി എന്ന പോലെ.. രാത്രിയിൽ രണ്ട് മണിക്ക് ഒരു കുളി കൂടി വിയർത്ത ദേഹവുമായി പറ്റിച്ചേർന്ന് കിടന്നപ്പോൾ തട്ടിയകറ്റി തിരിഞ്ഞ് കിടന്ന് കൊണ്ട് അടുത്ത കുളിയ്ക്കുള്ള ഓർഡർ.
ഇയാളെ എന്താ വൃത്തിപ്പിശാച് പിടിച്ചോ?ഉത്തരം കിട്ടാത്ത ചോദ്യമായി കുളിരുന്ന രാത്രികളിൽ അതിലും കുളിരുള്ള വൃത്തിക്കുളികൾ.
പതിയെ,പ്പതിയെ പേടി ആയ് തുടങ്ങി കാലം മുന്നോട്ട് പോകും തോറും വൃത്തിപ്പിശാച് പൂർവ്വാധികം ശക്തിയോടെ പുതിയ പല വൃത്തി നിബന്ധനകളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
സഹിക്ക വയ്യാതെ ഒരിയ്ക്കൽ പിണങ്ങി വീട്ടിലേക്ക് എത്തി..കാരണം കേട്ട അമ്മയും അച്ഛനും പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..അല്ലെങ്കിലും പണ്ടേ നിനക്ക് വൃത്തി ഇത്തിരി കുറവാണ്.
സന്ധ്യാ ദീപം കൊളുത്തി അധികം കഴിയും മുന്നേ തന്നെ ആളെത്തി.. ഉമ്മറപ്പടിയിൽ അച്ഛനോട് പറയുന്നത് അർച്ചന കതകിന് പുറകിൽ ഒളിഞ്ഞു നിന്നു കേട്ടു.
അവളില്ലാതെ ഒരു നിമിഷം പോലും അവിടെ പറ്റില്ല അച്ഛാ…വീടുറങ്ങിയത് പോലെ.
തന്റെ ദേഷ്യവും..സങ്കടവും എല്ലാം ആ വാക്കുകളിൽ ഉരുകിയൊലിച്ച് ഇല്ലാതായി.
ആ പുറകെ ഇരുന്നുള്ള യാത്രയിൽ അർച്ചന ഓർത്തു…ഇതാണ് ഇനിയുള്ള തന്റെ ജീവിതം പൊരുത്തപ്പെടുക എന്നതല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല
പഠിയ്ക്കുന്ന സമയത്ത് ജോലി എന്ന സങ്കല്പം പോലും ഇല്ലായിരുന്നു.. ഇനിയിപ്പോൾ അതിനുള്ള സമയവും ഇല്ല..സ്വന്തം കാലിൽ നിൽക്കാനാത്ത എല്ലാ വീട്ടമ്മമാരുടേയും അവസ്ഥ ഇത് തന്നെയാകും.
പിന്നെയുള്ള സ്വയം എരിഞ്ഞടങ്ങലിന്റെ പല വർഷങ്ങൾ..രണ്ട് കുട്ടികൾ അമ്മുവും,അഭിനന്ദനും.. അവരുടെ വരവോടെ പ്രതാപേട്ടനെ വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല എന്നതാണ് ശരിക്ക സത്യം.
“ഉണ്ണിമൂത്രം..പുണ്യാഹം ആയി തോന്നുന്നത് അമ്മമാർക്ക് മാത്രം”
പുരുഷനത് രാത്രികളുടെ മനം മടിപ്പിക്കുന്ന ഗന്ധം മാത്രം..അമ്മയുടെ അമൃതെന്ന് വാഴ്‌ത്തി പാടുന്ന മാ റിടങ്ങൾ അവന് പാൽ മണം മറാത്ത അരോചക കുഭംങ്ങളും.
രാത്രിയിൽ കിടക്കയുടെ നനവ് കൂടിയാകുമ്പോൾ എല്ലാം ശുഭം..ഒടുവിൽ പിറുപിറുക്കൽ സഹിക്ക വയ്യാതെ ഒരുമിച്ചുള്ള കിടപ്പ് തന്നെ അവസാനിച്ചു.
കടമ നിർവഹിക്കൽ പോലെയുള്ള ജീവിതം..ഒരുതരത്തിൽ അഭിനയം തന്നെ.
ഒരിയ്ക്കൽ അമ്മു ഒഴുകി ഇറങ്ങുന്ന മൂക്കളയുമായ് പ്രതാപേട്ടനെ കെട്ടിപ്പിടിച്ചു…മൂന്ന് വയസ്സ് പ്രായം ഉള്ള കുഞ്ഞിനെന്ത് മൂക്കളയും..വൃത്തിയും
ദേഷ്യത്തോടെ ദൂരേക്ക് തള്ളി നിർത്തി കൊണ്ട് ഉറക്കെ പറഞ്ഞു..അതെങ്ങനാ
അമ്മയുടെ കണ്ടല്ലേ മക്കൾ പടിക്കുന്നത്
അമ്മുവിന്..ഒൻപതും..അഭിനന്ദന് ഏഴും വയസ്സ് കഴിഞ്ഞു..ഇപ്പോൾ വിവാഹ വേർപെടുത്തും എന്ന ഭീഷണിയും.
വയ്യ ഇനി എത്രനാൾ ഇങ്ങനെ തുണികൾ എല്ലാം..വലിച്ച് വാരി ബാഗിൽ നിറയ്ക്കുന്നതിനിടയിൽ ഓർത്തു.
അച്ഛനും,അമ്മയ്ക്കും..വയസ്സാം കാലത്ത് ഇത് താങ്ങാനാവില്ല എങ്കിലും ഇനിയും ഇങ്ങനെ പാതി മരിച്ച് ജീവിക്കാൻ തനിക്ക് കഴിയില്ല.
വീടും ഇരുപത് സെന്റ് പുരയിടവും തന്റെ പേരിൽ ഏഴുതി വച്ചിട്ടുണ്ട്..അൽപ്പ സ്വൽപ്പം തയ്ക്കാനും അറിയാം.. അത് മതി മക്കളെ നോക്കാനും തനിക്ക് വിശപ്പകറ്റാനും.
പഴയത് പോലെ ആർഭാടങ്ങൾ ഉണ്ടാവില്ല എന്നേ ഉള്ളൂ സമാധാനവും ശാന്തിയും ഉണ്ടാകും അത് മതി.
***************************
നീ എങ്ങോട്ടാ അർച്ചനാ തുണിയൊക്കെ കെട്ടിപ്പെറുക്കി..വാതിൽക്കലെ ശബ്ദം കേട്ട്..അർച്ചന ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു.
“മാലതിച്ചേച്ചി”തൊട്ടപ്പുറത്തെ വീട്ടിലെ…എന്താ ചേച്ചീ..തുണി നിറച്ച ബാഗുകൾ സൈഡിലേക്ക് ഒതുക്കി വച്ച് അർച്ചന ചോദിച്ചു?
ഈ ചുരിദാർ ഒന്ന് ഷെയ്പ്പടിക്കണം ഇന്നലെ വാങ്ങിയതാ വണ്ണം ഇത്തിരി കൂടുതൽ ആണ്..നീ വെറുതെ ഇരിക്കുവാണെന്ന് കരുതി വന്നതാ..
തിരക്കാണെങ്കിൽ സാരം ഇല്ല ഞാൻ പിന്നെ വരാം..നീ ചെയ്തു വച്ചിരുന്നാൽ മതി.
വേണ്ട ചേച്ചി..ഇപ്പോൾ തന്നെ ചെയ്തു തരാം നാളെ മുതൽ ഞാനിവിടെ ഉണ്ടാകില്ല.
നീ എവിടെ പോകുന്നു?വീട്ടിലേക്കുള്ള പോക്കാണെന്ന് തോന്നുന്നല്ലോ?എത്ര ദിവസത്തേക്കാ?
ഇനി തിരികെ വരവ് ഉണ്ടാകില്ല ചേച്ചീ…ചിലമ്പിച്ച ശബ്ദത്തോടെ കരച്ചിലോടെ അർച്ചന പറഞ്ഞു.
അതെന്താ മനസ്സിലാകാത്ത പോലെ മാലതി” അർച്ചനയെ നോക്കി..
നീ എന്തോക്കെയാ ഈ പറയുന്നത് നിന്റെ വീട് വിട്ട് നീ എങ്ങോട്ട് പോകാൻ ഇതാണ് നിന്റെ വീട്. നിന്റെ കുട്ടികളും ഭർത്താവും അടങ്ങുന്ന വീട്.
കൂടിയും,വലിയും,കുഴപ്പം പിടിച്ച ഒരു ദുശ്ശീലങ്ങളും പ്രതാപനും ഇല്ല..അവന്റെ നല്ല പ്രായം മുതൽ ഞങ്ങൾ കാണുന്നതല്ലേ?
പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ നീ കാര്യം പറ?
പൊട്ടിക്കരച്ചിലോടെ തറയിലേക്കൂർന്ന് ഇരുന്ന് ഒന്നൊന്നായി അർച്ചന മാലതിയോട് പറഞ്ഞു.
കരച്ചിലും ഏങ്ങലടിയും മൂലം പലപ്പോഴും വാക്കുകൾ മുറിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു.
ആ വാക്കുകളിലൂടെ അവളനുഭവിച്ച വേദനകൾ ഒന്നൊന്നായി മാലതിയുടെ മനസ്സിലൂടെ നിഴൽചിത്രങ്ങൾ പോലെ കടന്ന് പൊയ്ക്കൊണ്ടിരുന്നു.
ഒടുവിൽ അർച്ചനയെ ചേർത്ത് പിടിച്ച് നെറുകയിൽ പതിയെ തഴുകി സ്നേഹത്തോടെ മാലതി പറഞ്ഞു.
ഇതാണോ കാര്യം?പരിഹാരം ഇല്ലാത്ത എന്ത് പ്രശ്നങ്ങൾ ആണ് അർച്ചനാ ലോകത്തുള്ളത്..ഇത് കുറച്ച് വൈകി പോയെന്ന് മാത്രം.
വീട്ടുകാര്യങ്ങൾ എല്ലാം എല്ലാവരോടും തുറന്ന് പറയണം എന്നില്ല എന്നാലും ഇങ്ങനെയുള്ള കാര്യങ്ങൾ പറയുക …അങ്ങനെ പറഞ്ഞിരുന്നെങ്കിൽ നിന്റെ പത്ത് വർഷങ്ങൾ ഇങ്ങനെ പാഴാകില്ലായിരുന്നു.എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി ഇതിന്റെ പേരിൽ കണ്ണീർ ഒഴുക്കാതെ എന്ത് ചെയ്യാൻ പറ്റും എന്ന് ആലോചിക്കാം.
ഞാൻ വിശ്വേട്ടനോട് ഒന്ന് ആലോചിക്കട്ടെ… നീ സന്തോഷം ആയി ഇരിക്കൂ ഈ പ്രശ്നം പരിഹരിച്ചെന്ന് കൂട്ടിക്കോളു…
*****************************
നാളെ ഞയറാഴ്ച അല്ലേ എന്താ പ്രതാപാ പ്രൊഗ്രാം?ഗെയ്റ്റു തുറന്ന് കൊണ്ട് വിശ്വൻ ഉറക്കെ ചോദിച്ചു.
ഒന്നും ഇല്ല വിശ്വേട്ടാ കയറി വാ അകത്തിരുന്ന് സംസാരിക്കാം..പ്രതാപൻ സ്നേഹത്തോടെ ക്ഷണിച്ചു.
ഇരിക്കാൻ സമയം ഇല്ല..നാളെ നീ ഫ്രീ ആണോ?ആണെങ്കിൽ എന്നോടൊപ്പം ഒരു സ്ഥലം വരെ വരണം.
അതിനെന്താ വിശ്വേട്ടാ വരാല്ലോ.. എവിടേയ്ക്കാണ്..അമ്പലത്തിൽ പോയ് വന്നാൽ ഞാൻ ഫ്രീ ആണ്.
ശരി നാളെ കാണാം..രാവിലെ പത്ത് മണി നീ റെഡി ആയി നിന്നാൽ മതി.
എവിടേയ്ക്കാണ് വിശ്വേട്ടാ.. കാറിന്റെ മുൻ സീറ്റീലിരുന്ന് ഉദ്വേഗത്തോടെ പ്രാതപൻ ചോദിച്ചു.
“ഒരു ഡോക്ടറെ” കാണാൻ അത്രയും അറിഞ്ഞാൽ മതി ഇപ്പോൾ നീ..പകുതി കാര്യമായും പകുതി കളി ആയും പറഞ്ഞ് വിശ്വൻ ഉറക്കെ ചിരിച്ചു..
എന്തിനെന്നറിയാതെ പ്രതാപനും ചിരിയിൽ പങ്ക് ചേർന്നു.
********************************
“സന്തോഷത്തിന്റ വഴി” എന്ന വലിയ ബോർഡ് ഉള്ള കവാടത്തിനുള്ളിലൂടെ കാർ അകത്തേക്ക് കടന്നു.
ചെടികളും,ചെറിയ വൃക്ഷങ്ങളും നിറഞ്ഞ ആശ്രമം പോലെ തോന്നിക്കുന്ന ഇടം..
കാറിന്റെ ഡോർ തുറന്ന് പ്രതാപൻ വെളിയിലേക്കിറങ്ങി.
“വരൂ” മുന്നിൽ നടന്ന് കൊണ്ട് വിശ്വൻ പ്രതാപനെ വിളിച്ചു.
“സന്തോഷത്തിന്റെ വഴിയിലേക്കുള്ള ചൂണ്ട് പലക”എന്നെഴുതിയ ഒരു റൂമിന് മുന്നിലെത്തി വിശ്വട്ടൻ നിന്നു.
റൂമിനുള്ളിൽ കടന്നതും കാഷായ വസ്ത്രം ധരിച്ച ഒരാൾ ജപമാലയോടെ കസേരയിൽ ധ്യാനത്തോടെ ഇരുന്നിരുന്നു.
എടാ ഇതാണ് ലോകം അറിയപ്പെടുന്ന മനോരോഗ വിദഗ്ധൻ.. ഡോക്ടർ”സക്കറിയാ പോത്തൻ” ആറടി ഉയരവും അതിനൊത്ത ശരീരവും ഉള്ള പ്രസന്ന മുഖഭാവത്തോടെയുള്ള ഒരു മനുഷ്യൻ.
അയാളുടെ നോട്ടം കണ്ണുകളിലൂടെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ചെന്നെത്തും പോലെ തോന്നി.
“പ്രതാപൻ”അല്ലേ?സൗമ്യമായ സ്വരത്തോടെ ഡോക്ടർ ചോദിച്ചു? അതേ എന്ന് പ്രതാപൻ തലകുലുക്കി.
എന്നാൽ ഞാൻ വെളിയിലേക്ക് നിൽക്കാം ഡോക്ടർ എന്ന് പറഞ്ഞ് വിശ്വൻ വെളിയിലേക്കിറങ്ങി.
വിശ്വേട്ടാ നിങ്ങള് ഡോക്ടറെ കാണാൻ വന്നിട്ട് ഞാനെന്തിനാ ഇവിടെ ഇങ്ങനെ എന്ന പോലെ പ്രതാപൻ വിശ്വന്റെ പുറകെ വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി.
“പ്രതാപൻ”അവിടെ ഇരിക്കൂ.. ഡോക്ടറുടെ സ്വരം സൗമ്യം എങ്കിലും ആഞ്ജാശക്തി ഉള്ളതായിരുന്നു പ്രതാപൻ അറിയാതെ കസേരയിലേക്കിരുന്നു.
******************************
“അർച്ചനാ”ഞാൻ ഡോക്ടർ സക്കറിയാ പോത്തൻ…അർച്ചനയുടെ ഭർത്താവിന് ചെറിയ ഒരു മാനസിക രോഗം ഉണ്ടായിരുന്നു..ഇപ്പോഴൂം അത് പൂർണ്ണമായ് മാറിയിട്ടില്ല ചിട്ടയായ ചികിത്സയിലൂടെയും സ്നേഹത്തോടെ ഉള്ള ഇടപെടലുകളിലൂടെയും നമുക്കത് മാറ്റി എടുക്കാം.
അമ്മോടുള്ള അമിത സ്നേഹവും അമ്മയെ അനുകരിക്കാൻ ഉള്ള ശ്രമവും ആണ് പ്രതാപനെ ഒരു മാനസികരോഗി ആക്കി മാറ്റിയത്.
പിന്നെ ചുറ്റിനുമുള്ളവരുടെ പ്രോത്സാഹനം…് പോലെ അവൻ അമ്മയെ പോലെ ഇത്തിരി വൃത്തി കൂടുതലാണ് എന്ന പ്രയോഗവും.
അൽപ്പം ദുരഭിമാനം കടുതൽ ഉള്ള പ്രതാപനെ പോലെയുള്ളവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക അത്ര എളുപ്പം ആയിരുന്നില്ല.
എങ്കിലും അയാൾ ഇപ്പോൾ അസുഖത്തെ മനസ്സിലാക്കുന്നു അത് നല്ല ലക്ഷണം ആണ്.
പ്രെത്യേകം ശ്രദ്ധിക്കേണ്ടത് അർച്ചനയ്ക്ക് പ്രതാപന്റെ അസുഖത്തെ കുറിച്ച് അറിയാം എന്ന് ഒരിക്കലും “പ്രതാപൻ”അറിയാൻ ഇടവരരുത് അതയാളെ ചിലപ്പോൾ തകർത്ത് കളഞ്ഞേക്കാം.ചികിത്സയുടെ ആദ്യഘട്ടത്തിൽ തന്നെ ആയാൾ ആവശ്യപ്പെട്ടതും അത് മാത്രമാണ്.പോകൂ പുതിയ ഒരു ജീവിതം ആരംഭിക്കൂ, എല്ലാവിധ ആശംസകളും..
“പ്രതാപേട്ടാ”ചായ എടുക്കട്ടെ?അടുക്കളയിൽ നിന്ന് അർച്ചന ഉറക്കെ ചോദിച്ചു?
“ആ ചായ വേണം കടുപ്പം കുറച്ച് മതി”
അഭിനന്ദനെ മടിയിലിരുത്തി അച്ഛനും. മകനും എന്തോ പറഞ്ഞ് ചിരിക്കുന്നതിനിടയിൽ അർച്ചന ചായയുമായി അടുത്തേക്ക് ചെന്നു.
ചായ ഗ്ളാസ് വാങ്ങി ചുണ്ടിൽ വയ്ക്കുന്നതിനിടയിൽ മുഖം ചുളിച്ച് കൊണ്ട് ഗ്ളാസിലേക്ക് നോക്കി പിന്നെ ഒന്നും സംഭവിക്കാത്തത് പോലെ ചായ ചണ്ടോട് ചേർത്തു.
സന്തോഷത്തോടെ അർച്ചന ആ കാഴ്ച കണ്ട് കൊണ്ട് കതകിന് പുറകിൽ മറഞ്ഞ് നിൽക്കുന്നുണ്ടായിരന്നു നിറമിഴികളോടെ.
ഡോക്ടർ പറഞ്ഞത് അനുസരിച്ച് ഗ്ളാസ് നന്നായി കഴുകിയിരുന്നില്ല..പക്ഷേ അതറിഞ്ഞിട്ടും വലിയ കാര്യം ആക്കാതെ ചായകുടിയ്ക്കുന്നു ഡോക്ടറുടെ ചികിത്സ ഫലിച്ചു. ആഹ്ലാദത്തോടെ അർച്ചന അടുക്കളയിലേക്ക് നടന്നു.
ചായ ഗ്ളാസ്സുമായി പ്രതാപൻ മുറ്റത്തേക്കിറങ്ങി ആരും കാണാതെ ചായ ചെമ്പരത്തിയുടെ ചുവട്ടിലേക്ക് ഒഴിച്ചു ഒരു മൂളിപ്പാട്ടോടെ തിരികെ നടന്നൂ ….!