കാണാൻ വന്നത് ഒരു ബുദ്ധിസ്ഥിരത ഇല്ലാത്തയാളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പെണ്ണുകാണലിനു ഒരുങ്ങി നിന്നത്. ആറു പെൺമക്കളിൽ അഞ്ചാമത്തവളായത് കൊണ്ട് തന്നെ സ്ത്രീധനം വേണ്ട എന്നൊരുവാക്കിൽ അച്ഛന് പാതി സമ്മതമായിരുന്നു തുടക്കം തന്നെ.
പെണ്ണുകാണലിനു കൂടെ വന്ന അമ്മ എന്റെ കൈയ്യിൽ പിടിച്ചിട്ട് , കല്യാണത്തോടെ മനു നേരെയാകുമെന്ന ഡോക്ടർ പറഞ്ഞതെന്ന ആശ്വാസവാക്കിനൊപ്പം എന്റെ മുഖത്തേക്ക് നോക്കിയ ദയനീയ നോട്ടത്തിൽ മറുത്തൊരു വാക്ക് പറയാൻ എനിക്ക് ആവുമായിരുന്നില്ല.
വിവാഹം കഴിഞ്ഞു അച്ഛനും അമ്മയും അനിയത്തിയും മാത്രമുള്ള ആ വലിയ വീട്ടിലേക്ക് എത്തി കഴിഞ്ഞാണ് , മാനസിക വിഭ്രാന്തിയുണ്ടായിരുന്ന മൂത്ത മകൾ ആത്മഹത്യ ചെയ്തതാണെന്ന് ഞാൻ അറിയുന്നത്.
ദിവസങ്ങൾ കടന്ന് പോകുംതോറും മനുവിന്റെ അവസ്ഥ മോശമാകുന്നത് കണ്ടിട്ട് വിട്ടിലേക്ക് തിരികെ കൂട്ടാൻ അച്ഛൻ വന്നുവെങ്കിലും എല്ലാം അറിഞ്ഞു കൊണ്ട് തന്റെ ജീവിതം നശിപ്പിച്ച അച്ഛനോടുള്ള വാശിയേക്കാൾ എന്നെ അവിടെ പിടിച്ചു നിർത്തിയത് മനു കെട്ടിയ താലിയോടുള്ള കടപ്പാട് മാത്രമായിരുന്നു.
പുറത്തിറങ്ങുമ്പോൾ ആളുകളുടെ സഹതാപത്തോടെയുള്ള നോട്ടത്തെക്കാൾ എനിക്ക് അറപ്പ് തോന്നിത്തുടങ്ങിയത് ചില സമയങ്ങളിലെ മനുവിന്റെ അച്ഛന്റെ അർത്ഥം വെച്ചുള്ള നോട്ടങ്ങളയിരുന്നു. പറഞ്ഞിട്ട് കാര്യമില്ലെങ്കിലും രാത്രിയിൽ മനു ഉറങ്ങിക്കഴിയുമ്പോൾ ചേർന്ന് കിടന്ന് സങ്കടങ്ങൾ പറഞ്ഞു ഒന്ന് കരഞ്ഞു കഴിയുമ്പോഴാണ് സത്യത്തിൽ മനസ്സൊന്ന് ശാന്തമാകുന്നത്.
അന്ന് രാത്രിയിൽ മനു ഉറങ്ങിക്കഴിഞ്ഞു കതകിലെ മുട്ട് കേട്ട് വാതിൽ തുറന്ന ഞാൻ കണ്ടത് ചെറുതായി പുഞ്ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന മനുവിന്റെ അച്ഛനെയാണ് , അവൻ ഉറങ്ങിയോന്ന് ചോദിച്ചു അകത്തേക്ക് വന്നയുടനെ കൈ എടുത്തു എന്റെ തോളിൽ വെച്ചിട്ട് എന്നെയൊന്ന് മൊത്തത്തിൽ നോക്കിയപ്പോഴേക്കും അമ്മേയെ വിളിക്കാൻ തുറന്ന എന്റെ വാ അയാൾ പൊത്തിപ്പിടിച്ചു അയാളിലേക്ക് എന്നെ വലിച്ചടിപ്പിക്കാൻ ശ്രമിച്ചതും , നിലവിളിയോടെ അയാൾ താഴെക്ക് വീണതും ഒരുമിച്ചായിരുന്നു!
ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ചോര പുരണ്ട കത്തിയുമായി മുന്നിൽ നിൽക്കുന്ന മനുനെ കണ്ട ഞാൻ സത്യത്തിൽ ഞെട്ടിയത് എന്റെ കയ്യിൽ പിടിച്ചു ‘ദേവി പുറത്തു പൊക്കോ ഇവനെ ഞാൻ നോക്കിക്കൊള്ളാമെന്ന’ മനുവേട്ടന്റെ വാക്കുകളായിരുന്നു. അത് വരെയും ഒരു മന്ദബുദ്ധിയായിരുന്ന മനുവേട്ടന് വന്ന മാറ്റത്തെ ഒരു അമ്പരപ്പോടെ നോക്കി കാണുന്നതിനടയിലാണ് സാരി തലപ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ചു അമ്മ അങ്ങോട് കയറി വന്നത്.
അമ്പരന്നു നിൽക്കുന്ന എന്നെയും കൊണ്ട് അമ്മ പുറത്തേക്ക് ഇറങ്ങുമ്പോഴും എന്റെ നോട്ടം മുഴുവൻ കത്തിയുമായി ആ മനുഷ്യന്റെ ബോഡിക്ക് ചുറ്റും നടക്കുന്ന മനുവേട്ടനിലായിരുന്നു.
അവനു ഭ്രാന്തില്ല മോളെ , എനിക്കും അനിയത്തിപ്പെണ്ണിനും വേണ്ടി അവൻ സ്വയം ഭ്രാന്തനായതാണ്. മോളെ… അനിയത്തിപ്പെണ്ണിനെയും ചേർത്തിപ്പിടിച്ചുള്ള അമ്മയുടെ വാക്കുകൾ കേട്ട് അമ്മയുടെ മുഖത്തേക്കു ഞാൻ തുറിച്ചു നോക്കുന്നത് കണ്ടിട്ടാണ് അമ്മ ആ കഥ എന്നോട് പറഞ്ഞു തുടങ്ങിയത്…
******************
ഭാഗം 02
ഏതോരു പെണ്ണും സ്വപ്നം കാണുന്നതിലുമപ്പുറമായിരുന്നു ഞങ്ങളുടെ ജീവിതം. രാഘവൻ എന്റെ ജീവിതത്തിലെക്ക് വരുന്നതിനുമുമ്പ് വരെയും എന്ന അമ്മയുടെ വാക്കുകൾക്ക് എന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ടിട്ടാകണം, അമ്മ അകത്തേക്ക് പോയി തിരിച്ചു വന്നിട്ട് എവിടെയോ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു പഴയ ഫാമിലി ഫോട്ടോ എനിക്ക് നേരെ നീട്ടിയത്.
അമ്മയ്ക്കും മുന്നു ചെറു മക്കൾക്കൊപ്പം നിന്നിരുന്ന കട്ടി മീശക്കാരനിൽ എന്റെ മുഖം ഉടക്കിയപ്പോഴാണ് അതായിരുന്നു എന്റെ മൂന്നു മക്കളുടെയും അച്ഛൻ! എന്റെ ഹരിയേട്ടൻ. അമ്മയുടെ വാക്ക് കേട്ട് ഞാൻ അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടാവണം ഇന്നത്തെ വർത്തകളിലേ പോലെ ഭർത്താവിനെയും വിട്ട് സ്വന്തം സുഖത്തിനു വേണ്ടി മക്കളെയും കൊണ്ട് ഒളിച്ചോടിയ അമ്മയല്ല മോളെ ഞാൻ എന്ന് നിറക്കണ്ണോടെ പറഞ്ഞു തീർത്തപ്പോഴേക്കും ഞാൻ ആ അമ്മയുടെ തോളിലേക്ക് ചാഞ്ഞിരുന്നു.
മോളെ പോലെ തന്നെ അഞ്ച് പെണ്മക്കൾ ഉണ്ടായിരുന്ന വീടായിരുന്നു എന്റേതും , പ്രാരാബ്ധവും ബുദ്ധിമുട്ടും വിശപ്പുമൊക്കെ നല്ലത് പോലെ അനുഭവിച്ചു കൊണ്ട് തന്നെയാ വളർന്നത്. അഞ്ചു പെണ്മക്കൾ ആണെന്ന് ബ്രോക്കർ പറഞ്ഞപ്പോൾ മോൾടെ സ്ഥാനത്തു ഞാൻ എന്നെ തന്നെ കണ്ടത്കൊണ്ട മോളെ കൂടെ കൂട്ടിയത് , അത് ഒരിക്കലും മോളുടെ ജീവിതം നശിപ്പിക്കാനായിരുന്നില്ല. എന്ന അമ്മയുടെ വാക്ക് കേൾക്കുന്നതിനിടയ്ക്കും അപ്പോൾ അമ്മേ രാഘവൻ എങ്ങനെ അമ്മയുടെ ജീവിതത്തിൽ?? എന്ന എന്റെ ചോദ്യത്തിന് ആദ്യം മൗനമായിരുന്നു അമ്മയുടെ മറുപടിയെങ്കിലും എനിക്ക് അറിയണമെന്ന നിർബന്ധത്തിനു മുന്നിൽ അമ്മ പറഞ്ഞു തുടങ്ങിയി.
ഒരു ബസുമായി തുടങ്ങിയ മനു ട്രാസ്പോർട്ടേഷന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് പിന്നിൽ മനുവിന്റെ അച്ഛന്റെ പ്രയത്നം ഒന്ന് മാത്രമായിരുന്നു. ഉയർച്ചയിൽ ഒരുപാട് സൗഹൃദങ്ങൾ കൂടെ കൂടി , അങ്ങനെ പരിചയമായതാണ് RDO ആയിരുന്ന രാഘവനെ. നമ്മുടെ വണ്ടികളുടെ പെർമിറ്റും മറ്റുമായി സഹായിച്ചിരുന്നത് കൊണ്ട് മറ്റാരേക്കാളും വീടുമായി ബന്ധമുണ്ടായിരുന്നതും രാഘവനായിരുന്നു.
പ്രവാസിയുടെ നാട്ടിലെ വളർച്ച സഹിക്കാൻ കഴിയാത്ത കുറച്ചു പ്രമാണിമാർ ഒത്തു ചേർന്ന് കളിച്ച കളിയിൽ മനു ട്രാൻസ്‌പോർട് തകർന്ന് തുടങ്ങിയിരുന്നു. ആരെയും കണ്ണുമടച്ചു വിശ്വസിച്ചിരുന്ന മനുവിന്റെ അച്ഛന് ആദ്യമൊന്നും മനസ്സിലായില്ലെങ്കിലും കൂടെ നിന്നവർ തന്നെ ചതിക്കുകയാണെന്നറിഞ്ഞത് ബാങ്ക് ലോണ് മുടങ്ങിയതിനു ഒരുമിച്ച് ആറു ബസ് ബാങ്കുകാർ ജപ്തി ചെയ്തപ്പോഴായിരുന്നു.
ആ വീഴ്ചയിൽ പിന്നെ അദ്ദേഹം എഴുന്നേറ്റിട്ടില്ല , മനോനില കൈ വിട്ട അദ്ദേഹവും മൂന്ന് മക്കളുമായി ഈ വീട്ടിൽ പട്ടിണി കിടന്നപ്പോൾ സഹായത്തിനെത്തിയത് രാഘവൻ ആയിരുന്നു. മുൻപെയുള്ള പരിചയത്തിൽ നല്ല രീതിയിൽ പെരുമാറിയിട്ടുള്ള രാഘവൻ എനിക്ക് ആങ്ങളയുടെ സ്ഥാനത്തു ആയിരുന്നുവെങ്കിലും അവന്റെ ഉദ്ദേശം മറ്റു പലതുമായിരുന്നു മോളെ. കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റിട്ടുമാണ് മനുവിന്റെ അച്ഛനെ ചികിൽസിച്ചത്.
ഞങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഓരോരോന്നായി രാഘവൻ ഏറ്റെടുക്കുന്നതിനൊപ്പം ഹരിയേട്ടനെ ഹോസ്പിറ്റലിലും മറ്റും കൊണ്ട് പോയി തുടങ്ങിരുന്നു , ഞാൻ ഉള്ളപ്പോൾ നിങ്ങൾ എന്തിനാ എന്ന സ്നേഹത്തോടെയുള്ള രാഘവന്റെ ചോദ്യത്തിന് മുന്നിൽ പാലപ്പഴും തോറ്റു പോയത് കൊണ്ട് പലപ്പോഴും ഹരിയേട്ടനെ ഒറ്റയ്ക്കാണ് രാഘവൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാറുള്ളത് ..
അക്രമ സ്വഭാവങ്ങൾ ഇടക്ക് ഉണ്ടാകുമെകിലും എന്നെയും മക്കളെയും കണ്ടാൽ അത് കരച്ചിലായി മാറുമെന്നത് കൊണ്ട് ഹരിയേട്ടന്റെ മുന്നിലേക്ക് ചെല്ലുന്നത് പുള്ളിയുടെ തലച്ചോറിനെ സ്‌ട്രെയിൻ ചെയ്യിക്കുമെന്ന് പറഞ്ഞു ഞങ്ങളെ അദ്ദേഹത്തിൽ നിന്ന് മാറ്റിയത് പാലിൽ കുറച്ചു കുറച്ചായി വിഷം കലർത്തി എന്നെന്നേക്കുമായി ഞങ്ങളിൽ നിന്ന് ഹരിയേട്ടനെ പറിച്ചെറിയാനായിരുന്നുവെന്ന് അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.
ഹോസ്പിറ്റലിൽ കൊണ്ട് പോകും നേരം ഒപ്പിട്ടും കൈപ്പതിപ്പിച്ചും ബാക്കിയുണ്ടായിരുന്ന നാലു ബസും ഈ വിടും രാഘവന്റെ പേരിലേക്ക് മാറ്റിയെന്ന് അറിഞ്ഞപ്പോൾ ഒരു ഭ്രാന്തിയെ പോലെ അവനെ കൊല്ലാൻ ശ്രമിച്ചത ഈ ഞാൻ. ഹരിന്റെ പേരിലുള്ള ബാധ്യതതകൾക്ക് ഭാര്യയുടെയും മക്കളുടെയും പേരിൽ എന്തുണ്ടെങ്കിലും ബാങ്കിന് ജപ്തി ചെയ്യാൻ കഴിയുമെന്നും കേസ് ഒന്ന് ഒതുങ്ങി തീർന്നു കഴിഞ്ഞാൽ മനുവിന്റെ പേരിലേക്ക് തന്നെ ഞാനിത് മാറ്റിക്കൊള്ളാമെന്നും പറഞ്ഞു അവൻ എന്നെ പറ്റിച്ചതാ മോളെ..എന്നുള്ള അമ്മയുടെ വാക്ക് അവസാനിക്കും മുമ്പ് തന്നെ പുറകിൽ ഒരു ശബ്ദം കേട്ട ഞാൻ കണ്ടത് രക്തം ഇറ്റിറ്റു വീഴുന്ന കത്തിയുമായി മനുവേട്ടൻ അമ്മയ്ക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നതായിരുന്നു
തുടരും…