നിനക്ക് അല്ലെങ്കിലും ന്യായീകരിക്കാൻ നൂറ് കാരണങ്ങൾ ഉണ്ടാവും. ഞാൻ ഇനിയൊന്നും പറയില്ല. വരുന്നതൊക്കെ അനുഭവിച്ചോ…

Story written by Kavitha Thirumeni

::::::::::::::::::::::::::::::::::

“ഉണ്ണിമോൾക്ക്‌ പാലും പഴവും കൊടുത്ത് ഊട്ടാൻ നീയാരാ അവളുടെ ആയയോ അതോ രണ്ടാനമ്മയോ…. ?”

ഉമ്മറപ്പടിയിലേക്ക്‌ കാല് കുത്തിയപ്പോഴേ അമ്മയുടെ ശകാരമാണെന്നെ വരവേറ്റത്‌..ഇന്നിതിപ്പോൾ ഏത് പരദൂഷണം പാർട്ടിയുടെ ഏഷണിയാണോ എന്തോ…..

“ഇപ്പൊ തന്നെ നാട്ടുകാര് ചോദിച്ചു തുടങ്ങി തെക്കുംഭാഗത്തെ കുട്ടിക്ക് അവരുമായിട്ട് എന്താ ബന്ധമെന്ന്…. എല്ലാരുടേം വായടപ്പിക്കാൻ എന്നെകൊണ്ട് പറ്റുമോ…?”

“അമ്മയെന്തിനാ മറ്റുള്ളവർക്ക് മറുപടി കൊടുക്കാൻ നിൽക്കുന്നത്…എന്തെങ്കിലും അറിയണോങ്കിൽ എന്നോട് ചോദിയ്ക്കാൻ പറ… സംശയൊക്കെ ഞാൻ തീർത്ത് കൊടുക്കാന്നെ…”

“അല്ല… നീയെന്തിനാ ഓടിയോടി അങ്ങോട്ട് പോകുന്നത്… അവരുടെ കൊച്ചിനെ നോക്കാൻ അവർക്ക് അറിയാം..”

“ഇത്രയ്ക്ക് കണ്ണി ചോരയില്ലാതായി പോയോ എന്റെ അമ്മയ്ക്ക് ..?
കൈകുഞ്ഞായിരുന്നപ്പോൾ ഈ ലോകം വിട്ട് പോയതല്ലേ അതിന്റെ അച്ഛനും അമ്മയും… ആ ഒരു പരിഗണനയെങ്കിലും കൊടുത്തുടെ … അവളെ നോക്കാൻ അമ്മമ്മ എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കെ അറിയൂ….”

” നിനക്ക് അല്ലെങ്കിലും ന്യായീകരിക്കാൻ നൂറ് കാരണങ്ങൾ ഉണ്ടാവും … ഞാൻ ഇനിയൊന്നും പറയില്ല.. വരുന്നതൊക്കെ അനുഭവിച്ചോ…”

ഇതെന്ത് നാടാണ്..അരുമില്ലാത്തവർക്ക് ഒരാശ്രയമാവുന്നത് ഇത്രേംവല്യ തെറ്റാണോ…

ദേവേട്ടനും മായേച്ചിയും ഉണ്ടായിരുന്നപ്പോൾ സ്വന്തക്കാരേം ബന്ധുക്കരേം മുട്ടിയിട്ട് ആ വീട്ടിൽ നടക്കാൻ വയ്യായിരുന്നു..ഇപ്പൊ അവരുടെ പൊടികുഞ്ഞ് ജീവിച്ചിരിപ്പുണ്ടോന്ന് പോലും പലർക്കും അറിയില്ല..

എന്നാൽ പറ്റുന്നത്ര കാലം ഞാൻ അമ്മമ്മയെ കാണാൻ പോയിരുന്നു.. ഉണ്ണിമോളെ കുളിപ്പിച്ച് ഒരുക്കി കുറുക്കും കൊടുത്ത് ഉറക്കിയ ശേഷമേ ഞാൻ മടങ്ങാറുള്ളൂ..
അതിൽ എതിർപ്പ് പ്രകടിപ്പിക്കാത്തതായി അന്നാരും തന്നെയുണ്ടായിരുന്നില്ല

ആ കുഞ്ഞെനിക്കൊരു ബാധ്യതയാകുമെന്ന മറ്റുള്ളവരുടെ ഭയം അവളെയെന്നിലേക്ക് കൂടുതൽ അടുപ്പിച്ചതെയുള്ളൂ…അന്നൊരിക്കൽ സുഖമില്ലാതായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അമ്മമ്മ ഏറെ വ്യാകുലപ്പെട്ടത് എന്റെ കൈയിലിരുന്ന ഉണ്ണിമോളെ നോക്കിയാണ്…രോഗാവസ്ഥ മൂർച്ഛിച്ചതല്ലാതെ തെല്ല് പോലും കുറയാതെ വന്നപ്പോൾ ഞാനും വല്ലാതെ ആശങ്കപ്പെട്ടിരുന്നു.. അസുഖം മൂർച്ഛിച്ച് മൂർധന്യാവസ്ഥയിലെത്തിയപ്പോൾ അമ്മമ്മയ്ക്കും തോൽവി സമ്മതിക്കേണ്ടതായി വന്നു…

അന്ന് ഉണ്ണിമോൾക്ക് ഇനിയാരുണ്ടെന്ന ചോദ്യത്തിനപ്പുറം എന്നിലേക്ക് മാത്രം നീണ്ടിരുന്ന ആ കുഞ്ഞിളം കൈകളെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കായില്ല..

“ഇവളെന്താ മദർ തെരേസയാകാൻ പോകുവാണോ… വഴിയേ പോകുന്ന വയ്യാവേലികളെല്ലാം എടുത്ത് തലേൽ വെച്ചോണം..അസത്ത്….

കളിയാക്കിയവരും കുറ്റപ്പെടുത്തിയവരിലും സ്വന്തം ഏട്ടനും അമ്മയും വരെ ഉൾപ്പെട്ടപ്പോൾ ഞങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് എന്റെ അച്ഛൻ മാത്രമാണ്..

“ഒരുപാട് വല്യ മനസ്സുള്ളവർക്ക് മാത്രേ ഇങ്ങനൊക്കെ ചെയ്യാൻ തോന്നൂ.. എന്റെ മോൾക്ക് അതുണ്ട്..!

കുഞ്ഞിനേം വാങ്ങി അകത്തേക്ക് നടക്കുന്ന അച്ഛനിൽ ഞാൻ എന്നെ തന്നെ കണ്ടെത്തിയിരുന്നു .

ഒരാള് പോലും എനിക്കനുകൂലമായി പറയാതിരുന്നിട്ടു കൂടി എന്റെ തീരുമാനത്തെ ഒരിക്കൽ പോലും അച്ഛൻ ചോദ്യം ചെയ്തിരുന്നില്ല…ഭാവിയിൽ ആ കുഞ്ഞ് എനിക്ക് ദോഷം ചെയ്യുമെന്നു പറഞ്ഞവരെയെല്ലാം ചെറുപുഞ്ചിരിയോടെ അച്ഛനന്ന് നേരിട്ടു.

ഭൂതവും ഭാവിയും വർത്തമാനവുമൊന്നും അറിയില്ലായിരിക്കാം…പക്ഷേ എന്റെ അച്ഛന് എന്നെ അറിയാമായിരുന്നു..

ഏട്ടത്തിക്കും അമ്മയ്ക്കും മോളോട് എന്നും നീരസ്സമായിരുന്നു… എനിക്ക് വരുന്ന കല്യാണാലോചനകളെല്ലാം മോള് കാരണമാണ് മുടങ്ങുന്നതെന്ന് അമ്മ വിശ്വസിച്ചു..അതോടെ ആ വെറുപ്പ് വല്ലാതെ വളർന്നു.. അതിനനുസരിച്ച്‌ ഞാൻ അവളെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി… ഉണ്ണിമോളുടെ മാത്രം ലക്ഷ്മിയമ്മയാവാൻ അതിനിടയിലെ ആ മൂന്ന് വർഷം തന്നെ എനിക്ക് ധാരാളമായിരുന്നു…കല്യാണം കഴിഞ്ഞു മോളെ ഒറ്റയ്ക്ക് അവിടെ നിർത്തി പോവാൻ ഞാൻ തയ്യാറായിരുന്നില്ല…അത് പോലെ എനിക്കൊപ്പം മോളെ സ്വീകരിക്കാൻ അവരും തയ്യാറായില്ല.

വർഷങ്ങൾ കഴിയുംന്തോറും കോലം കെട്ടിയുള്ള നിൽപ്പ് മടുപ്പായി മാറി…എന്നിലൊരു ഭാര്യ ഉണ്ടായില്ലെങ്കിലെന്താ അമ്മയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെ ആ കലാപരിപാടിക്ക് ഞാൻ തന്നെ കലാശകൊട്ട് നടത്തി…

സ്വന്തം വരുമാനത്തിൽ നിന്ന് ഉണ്ണിമോൾക്കുള്ള കളിപ്പാട്ടങ്ങളും ഉടുപ്പുകളും തുടങ്ങി മോളുടെ ആവശ്യങ്ങളൊക്കെ നടത്തി കൊടുക്കാൻ അന്ന് ഞാൻ പ്രാപ്തയായുരുന്നു..ആരെയും ഒന്നിനു വേണ്ടിയും ബുദ്ധിമുട്ടിച്ചില്ല..ഇടയ്ക്കൊക്കെ ഏട്ടത്തി വല്ലാതെ കുറ്റപ്പെടുത്തുമെങ്കിലും അതിനപ്പുറം ഞങ്ങളെ അവിടെ നിന്നും ഇറക്കി വിടാനുള്ള എല്ലാ ഹർജികളും അച്ഛനെന്ന കോടതിയിൽ പണ്ടേ തള്ളിയതാണ്….

പിന്നീടൊരിക്കൽ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാൾക്ക് മുന്നിൽ കൂടി ഞാൻ അണിഞൊരുങ്ങി…യോഗ്യതകൾ വല്ലാതെ കൂടിയതുകൊണ്ടാവണം അന്ന് വന്നതൊരു രണ്ടാംകെട്ടുകാരനായിരുന്നു.. പക്ഷേ എന്നെക്കാളേറെ അന്നയാൾ ശ്രദ്ധിച്ചത് അച്ഛന്റെ മടിയിലിരുന്ന ഉണ്ണിമോളെയാണ് …അവളുടെ കുസൃതിയിലും ചിരിയിലും അദ്ദേഹവും സന്തോഷവാനായി കാണപ്പെട്ടു..

യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം അയാൾ മോളോട് ചോദിച്ചത് ഇത്രമാത്രമാണ്…

“മോളുടെ ലക്ഷ്മിയമ്മയ്ക്കൊപ്പം ഇനി എന്നെ അച്ഛാന്ന് വിളിക്കുമോയെന്ന്…

നിഷ്കളങ്കമായി അവളന്നതിന് സമ്മതം മൂളുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്നേക്കാൾ പ്രീയപ്പെട്ടത് ഒരിക്കൽ അവൾക്ക് ആ അച്ഛനായിരിക്കുമെന്ന്.

ഇന്ന് കോളേജ് ഗ്രാജുവേഷൻ പരിപാടിയിൽ ആരാണ് ഉണ്ണിമായയുടെ റോൾ മോഡൽ എന്ന ചോദ്യത്തിന് അവൾ വിരൽ ചൂണ്ടിയത് എന്റെ അപ്പുവേട്ടന്റെ നേർക്കായിരുന്നു… ഉണ്ണിമോൾടെ സ്വന്തം അച്ഛനിലേക്കായിരുന്നു…