Story written by AMMU SANTHOSH
:::::::::::::::::::::::::::::::
“ഞാൻ ഒരു സാധാരണക്കാരൻ ആണ്. പച്ച മനുഷ്യൻ.. നി എന്നെ സാധാരണ പോലെ സ്നേഹിക്കു. ഇങ്ങനെ സ്നേഹിച്ചു കൊല്ലാതെ “
ഞാൻ തലയിൽ കൈ വെച്ച് പറഞ്ഞു. ആരാണേലും പറയും അമ്മാതിരി ഫോൺ വിളിയാ ദിവസം വിളിക്കുന്നെ. ദൈവമേ !ഏതു നേരത്താണോ എനിക്കിവളെ തന്നെ പ്രേമിക്കാൻ തോന്നിയെ.. എത്ര സ്വാതന്ത്ര്യത്തോടെ നടന്ന താനാണ്. പൂവിൽ നിന്ന് പൂവിലേക്കു ഒരു ചിത്രശലഭം പോലെ. കൃത്യം ഇവളിൽ വന്നു പശ തേച്ചു വെച്ച പോലെ ഒട്ടിപ്പോയി.
“ഞാൻ ഇപ്പോൾ എന്താ ചെയ്തേ ?” അവൾ നഖംഅമർത്തി ഒറ്റ മാന്തും ഒരു പിച്ചും.
“ദേഹോപദ്രവോം തുടങ്ങിയോ പ്രാന്തി ?”
“ദേ എന്നെ പ്രാന്തിന്നു വിളിച്ചാലുണ്ടല്ലോ “
“പിന്നെ നിന്നെ എന്താ വിളിക്കണ്ടേ ?എനിക്കിവിടെ വേറെ ജോലിയൊന്നുമില്ലേ ?24 മണിക്കൂറും നിന്നോട് സംസാരിച്ചിരുന്നാൽ നിന്റെ തന്ത……. “
“ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ “
“അല്ല നിന്റെ പിതാവ്… അച്ഛൻ… പിതാശ്രീ.. സമ്പാദിച്ചു തന്നിട്ടുണ്ടോ… ഇല്ലല്ലോ ഞാൻ തന്നെ കഷ്ടപ്പെട്ട് നടത്തിക്കൊണ്ടു പോകുന്ന ഒരു ബിസിനസ് ആണ് “
“ഓ ! ഒരു ഷോപ്പ് അല്ലെ ?”
പൂരം കഴിഞ്ഞു ആളൊഴിഞ്ഞു കിടക്കുന്ന മൈതാനം പോലെയുള്ള ഷോപ്പിൽ നോക്കി അവളുടെ ചോദ്യം കേട്ട് എനിക്ക് കലി കയറി.
“നിനക്കെന്താടീ പുച്ഛം ?എല്ലാ വലിയ ബിസിനസ് കാരുടെയും തുടക്കം ഒരു ചെറിയ ഷോപ്പിൽ നിന്നാണ്. നമ്മുടെ പ്രധാനമന്ത്രി വരെ ചായക്കടയിൽ നിന്നല്ലേ തുടങ്ങിയത്?
“ആ എനിക്കറിയാമ്മേല ആരാ അയാള് ?” അവളുടെ വലിയ കണ്ണിലെ അറിവില്ലായ്മ കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി.
“ദൈവമേ നമ്മുടെ പ്രധാന മന്ത്രിയെ അറിയില്ലേ ?”
അവളുടെ ശ്രദ്ധ മുഴുവൻ എന്റെ മൊബൈലിൽ ആണ്. എത്ര കാൾ വന്നു പോയി… ആരോടൊക്കെ ചാറ്റ് ചെയ്തു… സ്കാനിങ് ആണ് സ്കാനിംഗ്..
“എടീ നിനക്ക് പ്രധാന മന്ത്രിയെ അറിയില്ലേ “?
“ലാൽ ബഹദൂർ ശാസ്ത്രി ആണോ ?”അവൾ
ഇടി വെട്ടിയവന്റെ തലയിൽ തേങ്ങ വീണവനെ കണ്ടിട്ടുണ്ടോ ?അന്നേരം ഒറ്റ സെൽഫി മാത്രം മതി. എന്റെ… മുഖം.
ഇവൾ മന്ദബുദ്ധി ആണൊ ?അതോ ഇനി അങ്ങിനെ അഭിനയിക്കുവാണോ ?
“ലാൽ ബഹദൂർ ശാസ്ത്രി നിന്റെ…. “
“എന്റെ അച്ഛനല്ല “”അവൾ ചിരിക്കുന്നു
“നരേന്ദ്രമോദിയാ പെണ്ണെ “?
“ആ ശരിയാണല്ലോ ഞാൻ മറന്നത… സോറി ട്ടാ “പുള്ളി നമ്മുടെ രാജ്യത്ത് ണ്ടാവില്ലല്ലോ മിക്കവാറും.. അതാ മറന്നേ “
“അപ്പോൾ ഈ ലാൽ ബഹദൂർ ശാസ്ത്രി ഇവിടുണ്ടോ ?”
“ഇല്ലേ ?”
ഞാൻ എന്ത് പറയാൻ. വിവരക്കേടിനു കയ്യും കാലും വെച്ചു ഇറങ്ങിയിരിക്കുക…..… എന്റെ പുക കണ്ടേ ഇവളടങ്ങു
“ഉണ്ടെടി മോളെ അദ്ദേഹം അല്ലെ നമ്മുടെ മുഖ്യമന്ത്രി ?”
“ങേ,, അപ്പോൾ ഉമ്മൻ ചാണ്ടി സാർ അല്ലെ ?”ഈശ്വര !ഇവൾ വിശ്വസിച്ചു…
ദൈവമേ ഭരണം മാറിയത് ഇവൾ അറിഞ്ഞില്ലേ… (സഖാവേ മാപ്പ് )
“അതേടീ.. നീ കറക്റ്റ് ആണ്.. മിടുക്കി.. “ഡി.. നീ പത്രം വായിക്കില്ലേ ?
“ബെസ്റ്റ്.. അതിൽ മുഴുവൻ പീ ഡനം കൊലപാതകം.. ഒക്കെയാ അച്ഛൻ പത്രം നിർത്തി… ഇപ്പോൾ ന്യൂസ് ചാനെലും വെയ്ക്കില്ലന്നെ “
ഒരു ചെമ്പരത്തി പൂ.. ഒരെണ്ണം മതി. എനിക്ക് ചെവിയിൽ വെച്ചു റോഡിൽ കൂടെ കൂവി കൊണ്ടോടാനാ…
അവൾ മാത്രമല്ല. വിവരക്കേടിന്റെ ഹോൾ സെയിൽ നടത്തുന്ന ഒരു കുടുംബം മുഴുവനായും തലേലോട്ടു കേറാൻ പോവാ… എന്റെ വിധി ! ഒരു ചെമ്പരത്തി യിൽ നിൽക്കുമെന്ന് തോന്നുന്നില്ല.. ഉദ്യാനം വേണ്ടി വരും.
അപ്പോൾ ആണവളുടെ കയ്യിലെ പൊതി എന്റെ ശ്രദ്ധയിൽ പെട്ടത്
“ഇതെന്താ ?”
“ഇത് മട്ടൻ ബിരിയാണി… ഞാൻ ഉണ്ടാക്കിയതാ “
ഇന്നാള് അവളു കൊണ്ട് വന്ന ചെമ്മീൻ റോസ്‌റ് തിന്ന് വയറിളകി കിടന്ന നാലു ദിവസം… ദേവിയെ !
“നീ ഉണ്ടാക്കിയതാണോ പൊന്നെ ?”
“പിന്നല്ലാതെ… ഏട്ടനെ ഓർത്തിട്ടല്ലേ ഇതൊക്കെ കൊണ്ട് വരണേ.. അല്ലേൽ ഹോട്ടലിൽ നിന്ന് കഴിക്കണ്ടേ ?
“ഉം ഉം.. വെണ്ടാർന്നു.. “
ഇവൾ പോയിട്ടു ആർക്കേലും കൊടുത്തു നോക്കിട്ടെ ഞാൻ കഴിക്കു… അല്ല പിന്നെ… ചാകത്തൊന്നുമില്ലായിരിക്കും… ഇനി.. ദൈവമേ… ആഹാരം തന്നു കൊല്ലുമോ ഇവളെന്നെ.
“അതൊക്കെ പോട്ടെ..പിന്നേ കഴിച്ചാൽ മതി. ഏട്ടനെപ്പോ ഫ്രീ ആകും ?”
“എന്തി…..നാ… ?”
“കാണാൻ “ആ മുഖം പ്രണയാർദ്രമായി
“ഞാൻ എന്താടി മൃഗശാലയിലാണോ ?ഇപ്പോൾ കണ്ടത് കാണൽ അല്ലെ ?
“ഇങ്ങനെ അല്ല..നമ്മൾ തനിച്ച്.. ബീച്ചിൽ പോകാം “അവൾ പുഞ്ചിരിച്ചു
ഈ ചിരിയിലാണ് ഞാൻ വീണത്. നുണക്കുഴി വിരിയിച്ചുള്ള ഒടുക്കത്തെ കള്ള ചിരി
“എന്നിട്ടെന്തിനാ ?”
“കാണാല്ലോ “അവൾ എന്റെ കൈയിൽ മെല്ലെ പിടിച്ചു
“കണ്ടിട്ടോ ?””കണ്ടിട്ടെന്തിനാ ?”
“ഒന്നിനുമല്ല ഇനി കാണും വരെ ഓർക്കാൻ “”കാണാണ്ടിരിക്കുമ്പോ നെഞ്ച് പൊട്ടി പോവും പോലെ തോന്നുവാ.. അതാ “
സ്നേഹാധിക്യത്താൽ അവളുടെ കണ്ണ് നിറയുമ്പോൾ എന്റെ ഉള്ളും നിറഞ്ഞു. അവളോടുള്ള പ്രണയം കൊണ്ട്… എത്ര വിവരക്കേട് പറഞ്ഞാലും ഈ പൊട്ടിക്കാളിയുടെ ഒടുക്കത്തെ സ്നേഹത്തിനു മുന്നിലാണ് ഞാൻ തോറ്റു പോവുന്നെ… രാഷ്ട്രീയമൊക്കെ പോകാൻ പറ.. കുറച്ചു വിവരവും ബുദ്ധിയുമേയുള്ളെങ്കിലും എന്റെ പെണ്ണിന്റെ ലോകം ഞാൻ തന്നെയാണ്. എന്നേ ഓർത്താണ് അവൾ ജീവിക്കുന്നത് തന്നെ. അതല്ലേ ഒരു ആണിന് വേണ്ടതും…