ഭാര്യ
Story written by AMMU SANTHOSH
:::::::::::::::::::::::::::::
ഒരു ചെറിയ പിണക്കം ആയിരുന്നത് വേണമെങ്കിൽ ഒഴിവാക്കാവുന്നതു. രണ്ട് പേർക്കും വാശി. അവള് താഴ്ന്നു കൊടുത്തിട്ടും ഞാൻ ശകാരം തുടർന്നോണ്ടിരുന്നു ഗതികേട്ടപ്പോൾ ആണ് അവളും എന്തൊക്കെയോ തിരിച്ചു പറഞ്ഞത്. എല്ലാ ഭർത്താക്കന്മാരേയും പോലെ കൈ നീട്ടി ഒന്നു കൊടുക്കുകയും ചെയ്ത്.. കിട്ടേണ്ടത് കിട്ടിയപ്പോൾ അവൾ കരഞ്ഞു കൊണ്ട് സ്വന്തം വീട്ടിൽ പോയി.
പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അവരുടെ വീട്ടിൽ എന്നെ പോലൊരു കച്ചവടക്കാരന് പെണ്ണ് കൊടുക്കുന്നതിനോടൊട്ടും താത്പര്യമുണ്ടായിരുന്നില്ല അവൾ കൂടെ ഇറങ്ങി വന്നു കഴിഞ്ഞപ്പോൾ അവർ പിന്നെ സമ്മതിക്കാതെന്തു ചെയ്യാൻ ?പ്രേമത്തിന്റെ ആവേശമൊക്ക ആദ്യത്തെ രണ്ടു മാസം കൊണ്ട് തീർന്നു പിന്നേ കുറ്റപ്പെടുത്തലായി വഴക്കായി… അമ്മ ഇടയ്ക്കിടെ കൂട്ടുകാരുടെ കല്യാണത്തിന് പെണ്ണും വീട്ടുകാർ കൊടുത്ത പൊന്നും പണവും കണക്കായി പറയുമ്പോൾ അറിയാതെ എന്റെ ഉള്ളിലും തോന്നി തുടങ്ങി വേണ്ടായിരുന്നു… അത് പലപ്പോളും കാരണമില്ലാതെയുള്ള വഴക്കു കളിൽ അതവസാനിച്ചു
അതിശയം അതല്ല അവൾ പോയി കഴിഞ്ഞപ്പോൾ മുതൽ അമ്മ വഴക്കാണ് അവളെ വിളിച്ചു കൊണ്ട് വരണം അതാണ്… തനിയെ പോയവർ തനിയെ വരട്ടെ അതാണ് എന്റെ വാശി… എങ്കിലും ഉറങ്ങും മുന്നേ അവളുടെ ഫോട്ടോ നോക്കികിടന്നാണ് ഞാൻ ഉറങ്ങുക. ഉണരുമ്പോളും അതങ്ങനെ തന്നെ അവൾക്കു ഒന്നു വിളിച്ചാലെന്താ ?
ഇന്ന് അമ്മയവളെ കൂട്ടികൊണ്ടു വന്നു. കടയടച്ചു ഞാൻ നേരെത്തെ വന്നു. ഒരു മടി മിണ്ടാൻ. ചോറ് വിളമ്പി തന്നു അവൾ അടുക്കളയിൽ പോയി.. അങ്ങിനെ അല്ല പതിവ്. കൈയിൽ നിന്ന് ഒരു ഉരുള വാങ്ങി കഴിച്ചു ചേർന്ന് നിന്ന്… ആ മുഖം നിർവികാര മായിരുന്നു. കഴിക്കാൻ തോന്നിയില്ല. രാത്രി ഒരു പായ എടുത്തു അവൾ നിലത്തു കിടന്നു.. കൈ നീട്ടിയാൽ വേണേൽ തൊടാം. വേണ്ട.. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി.. ഉറങ്ങാതെ കടന്ന് പോയി ആ രാത്രി.
കച്ചവടം മോശമാണ് അവളോട് പറഞ്ഞിട്ടില്ല.. എന്തിനാ അവളെ കൂടെ ?
രാവിലെ കടയിലേക്ക് ഇറങ്ങുമ്പോൾ അവൾ മുറിയിലേക്ക് വന്നു. കൈയിലെയും കഴുത്തിലെയും ആഭരണങ്ങൾ ഒരു പൊതിയാക്കി കൈയിൽ തന്നു. പണയം വെയ്ക്കോ വിൽക്കുകയോ ആവാം എന്നും പറഞ്ഞു കൈയിൽ വെച്ചു തന്നിട്ട് പോയി.
പണയം വെക്കാനോ വിൽക്കാനോ തോന്നിയില്ല. അതവളുടെ ദേഹത്ത് കിടക്കുന്നതു കാണുന്നതാണ് സന്തോഷം.. ചില തോന്നലുകളിൽ വഴക്കുണ്ടാക്കി പോകുന്നതാണ്. എല്ലാം അവൾ മനസ്സിലാക്കി എന്നുള്ള തിരിച്ചറിവ് ഉണ്ടായി ഇപ്പോൾ അവൾ ഒരു പൊട്ടിപെണ്ണാണ് എന്നായിരുന്നു ധാരണ.
കടയടച്ചു നേരെത്തെ ചെന്നപ്പോൾ അവളില്ല.. അവളുടെ അമ്മ വന്നു കൂട്ടികൊണ്ടു പോയത്രേ..ഒരു ആധി നിറഞ്ഞു മനസ്സിൽ.. തന്നെ വേണ്ടെന്നു വെക്കുമോ ?അതിനാണോ ഈ ആഭരണങ്ങൾ ഒക്കെ തന്നത് ?
നോക്കിയിരിക്കെ അവൾ വന്നു. തനിച്ച് ഒന്നും പറഞ്ഞില്ല ചോദിച്ചില്ല.. രാത്രി ഒപ്പം വന്നു കിടന്നു.. മെല്ലെ ഒന്നു ചുറ്റിപിടിച്ചു നെഞ്ചോടു മുഖം ചേർത്തു.. എന്റെ കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
“അമ്മ എന്നെ വക്കീലിന്റെ അടുത്ത കൊണ്ട് പോയെ… വേണ്ട എന്ന് വെയ്ക്കാൻ…എനിക്ക് ഈ മുഖം ശബ്ദം ഒന്നും ഒഴിവാക്കാൻ പറ്റില്ലല്ലോ.. അവരാരും ഇനി എന്നെ തേടി വരില്ല.. ഏട്ടന് എന്നെ എന്ത് വേണേൽ ചെയ്യാം ആരും ചോദിക്കാനും പറയാനുമില്ല “
പൊട്ടിവന്ന ഒരു കരച്ചിൽ അവളുടെ നിറുകയിൽ ചുണ്ടമർത്തി ഞാൻ അടക്കി. ജീവിതത്തിൽ ഒരിക്കൽ പോലും വഴക്കു കൂടില്ലെന്നോ പിണങ്ങില്ലന്നോ ഞാൻ പറഞ്ഞില്ല. പക്ഷെ അവളെ ഞാൻ നുള്ളി പോലും നോവിക്കില്ല.. അത് ഞാൻ ഉറപ്പിച്ചു, അവളില്ലാതെ ജീവിക്കാനും വയ്യ