നിനക്കായ് മാത്രം ~ ഭാഗം 05, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

©️ദീപ്തി ദീപ്

ദേവുവിനെ വലിച്ചു കൊണ്ട് ശേഖരൻ വീട്ടിലേക്കു വന്നതും സുഭദ്ര ആധിയോട് ഓടി വന്നു.

“”എവിടെ ഏട്ടാ എന്റെ പാറു?”

കരഞ്ഞു കൊണ്ട് സുഭദ്ര ചുറ്റും നോക്കാൻ തുടങ്ങി.

“”അവള് വരില്ല.”” ശബ്‌ദം ഉയർത്തിയയാൾ പറഞ്ഞു.

“”വരില്ലേ എന്താ ഏട്ടാ പറയണേ. എനിക്കൊന്നും മനസിലായില്ല.””

“”മനസിലാക്കാൻ ഒന്നുമില്ല സുഭദ്രേ ഇനി നിനക്കങ്ങനെ ഒരു മകളില്ല.””

അത് പറഞ്ഞ് കൊണ്ട് അയാൾ മുറിയിൽ കയറി വാതിലടച്ചു.

“”എന്താ ദേവു ഏട്ടൻ പറഞ്ഞത്.?ഒന്ന് പറയ് മോളെ….””

അവർ ദേവുവിന്റെ ഇരു തോളിലും പിടിച്ച് കൊണ്ട് ചോദിച്ചു.ദേവു വേദനയോടെ എല്ലാം പറഞ്ഞതും എന്തു ചെയ്യുമെന്നറിയാതെ എല്ലാരുമതു കേട്ടു തരിച്ചു നിന്നു.

????????

രാവിലെ ഗൗരി ഉണർന്നപ്പോൾ ഒരുപാട് വൈകിയിരുന്നു. അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്. വാതിൽ തുറന്നു പുറത്തേക്ക് പോയി.കുറെ നേരം മുറ്റത്തേക്കു നോക്കിയിരുന്നു.തിണ്ണയിലെ ഒരു മൂലയിൽ വിരിച്ചിട്ട ഒരു തുണിക്ക് മേലേ കുട്ടു(നായകുട്ടി )കിടക്കുന്നുണ്ട്. കാലടി കേട്ടിട്ട് ഒന്ന് മുഖമുയർത്തി നോക്കിയിട്ട് വീണ്ടും കണ്ണടച്ച് കിടന്നു.അതിനെ നോക്കി തൂണിൽ ചാരി നിൽക്കുമ്പോഴാണ് ദേവന്റെ ശബ്ദം കേട്ടത്.

“”പോയി കുളിച്ചു വാ ഗൗരി.വല്ലതും കഴിക്കേണ്ടേ നിനക്ക്.വാ നിന്റെ ശീലങ്ങൾ ഒന്നും തെറ്റിക്കേണ്ട. ചെന്ന് കുളിച്ചിട്ട് വാ.കഴിക്കാതെ നിനക്ക് വേണ്ടി കാത്തിരിക്കായിരുന്നു ഞാൻ.””

അത് പറഞ്ഞവൻ അടുത്തേക്ക് വന്നതും പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.ആ മുഖത്തേക്ക് പോലും നോക്കാതെ വേഗം അകത്തേക്ക് കയറി പോയി.കുറച്ച് നേരം തലയ്ക്കു കൈ കൊടുത്ത് കട്ടിലിൽ തന്നെ ഇരുന്നു. ‘അമ്മയെ കുറിച്ചാലോചിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി .അമ്മയുടെ പ്രാണനാണ് താൻ.അച്ഛൻ മരിച്ചതിനു ശേഷം സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് അമ്മയാണ്.അമ്മയ്ക്കും താൻ മാത്രമേയുള്ളൂ.മിണ്ടാൻ വയ്യാത്ത കുട്ടിയായത് കൊണ്ട് അമ്മക്ക് എല്ലാ കാര്യത്തിനും എന്നും പേടിയായിരുന്നു.ഒറ്റയ്ക്ക് പോകാൻ അനുവദിക്കാതെ,എവിടെ എങ്കിലും പോയി വരാൻ ഒന്ന് വൈകിയാൽ തന്നെ കാണാതെ സമാധാനം കിട്ടാത്ത അമ്മയെ വിട്ടാണ് ഇന്നലെ താൻ വന്നത്. ഇനി അമ്മയെ കാണാതെ നിൽക്കേണ്ടി വരും.പിന്നെ അമ്മാവൻ എല്ലാവരെക്കാളും തന്നെ സ്നേഹിച്ച അമ്മാവനെ അനുസരിക്കാൻ കഴിയാതെ പോയി.അതും ഒരു ചെറിയ താലിക്കു വേണ്ടി.ഇഷ്ടമില്ലാത്ത ആൾ കെട്ടിയ താലിക്കു വേണ്ടി…. അവരെക്കാളുമൊക്കെ വലുതാണോ ഇന്നലെ താൻ പോലും അറിയാതെ തന്റെ കഴുത്തിൽ വീണ ഈ താലി എന്ന് തന്നോട് തന്നെ മനസ് ചോദിച്ചു കൊണ്ടിരുന്നു..’ എല്ലാം കൊണ്ടും വല്ലാത്ത വീർപ്പു മുട്ടൽ പോലെ തോന്നി. വല്ലാത്ത വിശപ്പ്‌ തോന്നിയപ്പോൾ വേഗം പോയി കുളിച്ച് വന്നു. കഴിക്കാൻ വന്നപ്പോൾ എല്ലാം മേശക്കു മുകളിൽ എടുത്ത് വെച്ച് ഗൗരിയെ കാത്തു ദേവൻ അതിനടുത്തു ഇരിക്കുന്നത് കണ്ടു.തന്റെ മുഖത്തേക്ക് നോക്കി നിരാശയോടെ അവനുള്ള ഭക്ഷണവും എടുത്ത് പുറത്തേക്കു പോയി. കഴിച്ചു കഴിഞ്ഞതും ഗൗരി കഴിച്ച പാത്രവും അവൻ തന്നെ അവളിൽ നിന്നും വാങ്ങി കഴുകി വെച്ചു.

“”ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.””

അതും പറഞ്ഞ് ഡ്രസ്സ്‌ മാറ്റി പുറത്തേക്കു പോയി.

????????

അവൻ പോയി കഴിഞ്ഞതും ആ വീടും പരിസരവും കാണാൻ തോന്നി.ഓടിട്ട ഒരു ചെറിയ വീട്. ഒരു മുറിയും,അടുക്കളയും, നടുമുറിയും, കുഞ്ഞു തിണ്ണയുമുള്ള വീട്. സാധനങ്ങളൊക്കെ വലിച്ചു വാരി ഇട്ടിട്ടുണ്ട്. ഒരടുക്കും ചിട്ടയുമില്ലാതെയാണ് ഓരോ സാധനങ്ങളും കിടക്കുന്നത്.അടുക്കളയിൽ ചോറും കറിയുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. നിലത്തായി കുറച്ച് വാടിയ പച്ചക്കറികളും, ഒരു ചെറിയ സ്റ്റാന്റിന്റെ പുറത്ത് കുറച്ച് കുപ്പികളും, പാത്രങ്ങളും. മുറ്റത്തിറങ്ങി നോക്കിയപ്പോൾ ആകെ കാടുപിടിച്ച് മുറ്റത്തു ചപ്പും ചവറുമെല്ലാം നിറഞ്ഞ് കിടക്കുന്നുണ്ട്.വീടിന്റെ പുറകുവശം മദ്യകുപ്പികൾ കൂട്ടിയിട്ടിട്ടുണ്ട്. അത് കണ്ടപ്പോൾ തന്നെ ദേഷ്യം തോന്നി.വേഗം അകത്തേക്ക് കയറി പോയി. കട്ടിലിൽ കയറി ഇരുന്നു. എന്തോ തന്റെ വിധിയോർത്തപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല വീണ്ടും കരഞ്ഞു. പിന്നെ എപ്പോഴോ അറിയാതെ ഉറങ്ങി പോയി.കുട്ടുവിന്റെ കുര കേട്ടാണ് ഉണർന്നത്.പുറത്തേക്കിറങ്ങി നോക്കിയപ്പോൾ വഴിയിലേക്ക് നോക്കിയാണ് കുരക്കുന്നത്. സമയം നോക്കിയപ്പോൾ 2മണി ആയിട്ടുണ്ട്‌.വിശന്നിട്ട് ആണെന്ന് തോന്നിയപ്പോൾ കുറച്ച് ചോറെടുത്തു അടുത്തേക്ക് പോയി. എന്തോ വല്ലാത്ത പേടിയൊക്കെ തോന്നി.അവിടെ കണ്ട പാത്രത്തിൽ ആ ചോറിട്ട് കൊടുത്തു. അതടുത്തേക്ക് വരുന്നത് കണ്ടതും വേഗം വീട്ടിലേക്ക് ഓടി കയറി പോയി. മാറി നിന്നു നോക്കിയപ്പോൾ കഴിക്കുന്നുണ്ട്.

?????????

“”എടാ ശിവാ ഞാൻ പറയുന്നത് ഒന്ന് കേൾക്കെടാ.എന്നിട്ട് എന്നോട് ദേഷ്യപ്പെട്,അല്ലെങ്കിൽ നീ എന്നെ തല്ലിക്കോ ഞാൻ നിന്ന് കൊണ്ടോളാം “”

ദേവനെ കണ്ടു ദേഷ്യത്തിൽ എഴുന്നേറ്റു പോകുന്ന ശിവനെയവൻ പിടിച്ച് വെച്ചു.

“”കൈ എടുക്ക് രുദ്രാ.എനിക്ക് നീ പറയുന്നതൊന്നും കേൾക്കണ്ട.””

ദേവന്റെ കൈ തട്ടി മാറ്റികൊണ്ട് ശിവൻ മാറി നിന്നു.

“”നീ കേട്ടേ പറ്റൂ. എനിക്ക് നീയല്ലേ ഉള്ളു എന്തും തുറന്നു പറയാൻ…. എനിക്ക് ആരുമില്ലാതെ ഒറ്റപെട്ട സമയത്ത് എന്റെ കൂടെ പിറപ്പായും, എല്ലാമായും നീ അല്ലേ ഉണ്ടായിരുന്നുള്ളു.എന്റെ ചങ്ക് കൂട്ടുകാരൻ ശിവ ദാസ്”

“””ആണോ ഞാൻ അറിഞ്ഞില്ല. അവന്റെ ഒരു കൂട്ടുകാരൻ…..നീ ഇപ്പോഴാണോ ഈ ശിവനെ കണ്ടത്.ഇന്നലെ നീ ചെയ്ത കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞത് നാട്ടുകാർ പറഞ്ഞിട്ടാണ്. എന്നോട് ഒരു സൂചന പോലും തരാതെ നീ ഇന്നലെ എന്തു തെ ണ്ടിത്തരമാണെടാ ചെയ്തത്. പ്രേമമൊക്കെ ശെരി തന്നെ പക്ഷേ ഒരു പെണ്ണിനെ അവളുടെ സമ്മതം കൂടാതെ കള്ളത്തരത്തിൽ കെട്ടിയ നിന്നേ ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു.അതും അവൾക്കിഷ്ട്ടമല്ലെന്നറിഞ്ഞിട്ടും. ഛെ…..””

പുച്ഛത്തോടെ ശിവൻ മുഖം തിരിച്ചു.

“”ഞാൻ കണ്ട രുദ്രദേവൻ എന്ത് പ്രതിസന്ധിയിലും ആരുടെ മുന്നിലും നേരെ നേരെ നിന്നും പോരാടിയാണ് കണ്ടിട്ടുള്ളത്. പക്ഷേ ഈ രുദ്ര ദേവൻ ഞാൻ കാണാത്ത ഭീരുവായ ഒരാളായി പോയി.”””

ശിവൻ വീണ്ടും ദേഷ്യത്തോടെയും പുച്ഛത്തോടെയും ദേവന്റെ മുഖത്തേക്ക് നോക്കി.

“”ഇതിന്റെ ഒക്കെ കാരണം തന്നെയാണ് ഞാൻ പറയാൻ പോകുന്നത്. നീ ആദ്യം ഞാൻ പറയുന്നതൊന്നു കേൾക്ക്.”””

ദേവൻ വീണ്ടും സമാധാനിപ്പിക്കാൻ ശ്രെമിച്ചെങ്കിലും ശിവൻ അത് കേൾക്കാൻ ശ്രെമിച്ചില്ല. അവസാനം ക്ഷമ കെട്ടു കൊണ്ട് ദേവൻ ശിവന്റെ മുഖത്താഞ്ഞടിച്ചു.

“””നിനക്ക് പ്രസംഗിക്കാൻ സമയം തരാം. അതിന് മുൻപ് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. അത് നീ ആദ്യം കേൾക്ക്. ഇനിയും നീ അത് കേൾക്കാൻ തയ്യാറായില്ലെങ്കിൽ പിന്നെ നീയും ഞാനും തമ്മിൽ ഇന്നത്തോടെ രണ്ട് വഴിക്കു പോകും.””

അവസാന താക്കിതോടെ പറഞ്ഞു കൊണ്ട് ദേവൻ മാറി നിന്നു. കുറച്ച് സമയത്തെ നിശബ്ദതക്ക് ശേഷം ശിവൻ ചിരിച്ചു കൊണ്ട് ദേവന്റെ കയ്യിൽ പിടിച്ചു. ദേവൻ മുഖം തിരിച്ചതും ശിവൻ ദേവനെ കെട്ടിപിടിച്ചിരുന്നു.ദേവന്റെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു. അവനും ശിവനെ ചേർത്ത് പിടിച്ചു.പിന്നെ രണ്ട് പേരും ചേർന്നവിടെ ഇരുന്നു.

“”നീ പറഞ്ഞില്ലേ ശിവാ എന്തും ചങ്കൂറ്റത്തോടെ നേരിടുന്ന രുദ്രദേവന് എവിടെയാണ് പിഴച്ചതെന്ന്?…. ഞാൻ എന്തുകൊണ്ടാണ് എന്റെ ഗൗരിയെ ആരുടേയും സമ്മതമില്ലാതെ, അവളുടെ പോലും സമ്മതമില്ലാതെ ഒരു ഭീരുവിനെ പോലെ കല്യാണം കഴിച്ചതെന്ന്.ഞാൻ ആ കാരണം വീട്ടുകാരോട് പറഞ്ഞിരുന്നേൽ ഞാൻ കള്ളം പറഞ്ഞതാണെന്നേ എല്ലാരും പറയൂ.അതുകൊണ്ടാണ് ആരോടും പറയാതിരുന്നത്.

ചിരിച്ചു കൊണ്ട് ശിവനോട് ദേവൻ പറഞ്ഞു.

“””പിന്നെ പണ്ടും അങ്ങനെ ആണല്ലോ എന്റെ സത്യങ്ങളെ ആരും കണ്ടിട്ടില്ല. എന്റെ അച്ഛൻ പോലും.””

“”നീ അത് വിട് രുദ്രാ. അതൊക്കെ കഴിഞ്ഞതല്ലേ?””

ദേവന്റെ കണ്ണ് നിറഞ്ഞതും ശിവൻ അവനെ സമാധാനിപ്പിച്ചു.

“”ആ കഴിഞ്ഞ കാലം എനിക്ക് ഒരുപാട് നഷ്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശിവാ…. എന്റെ കുടുംബം, അമ്മ, ഭാവി, എല്ലാം….. അതിന്റെ കൂട്ടത്തിൽ എന്റെ ഗൗരിയെയും കൂടി ഉൾപെടുത്താൻ വയ്യെടാ. അത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്. പിന്നെ നിന്നോട് പറയാൻ തോന്നിയിരുന്നു. പക്ഷേ അവളെ ഇങ്ങനെ കെട്ടാൻ നീ തടസ്സം നിൽക്കും എന്നെനിക്കറിയാമായിരുന്നു.””

ചിരിച്ചു കൊണ്ട് ശിവനോട് ദേവൻ പറഞ്ഞു.

“”പിന്നെ ഈ കല്യാണം ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു.ഒരിക്കലും നടത്തുകയുമില്ല ഈ രുദ്രദേവൻ. എന്റെ ഗൗരിയുടെ കണ്ണീരു കാണാൻ വയ്യാത്തത് കൊണ്ടാണ്. അവൾ മറ്റുള്ളവർക്ക് പിന്നീട് ബാധ്യതയാകാതിരിക്കാൻ. പിന്നെ അവളെ ആർക്കും വിട്ടു കൊടുക്കാൻ പറ്റില്ല എനിക്ക്.ഗൗരി എന്നും എനിക്കുള്ളതാ.എനിക്ക് മാത്രം…””

“”നീ മനസിലാകുന്ന ഭാഷയിൽ പറയുന്നുണ്ടോ? “”

ശിവൻ ദേഷ്യപെട്ടതും ദേവൻ സത്യങ്ങൾ എല്ലാം ശിവാനോട് തുറന്നു പറഞ്ഞു. അത് കേട്ടതും ശിവൻ ദേഷ്യം കൊണ്ട് വിറച്ചു.

?????????

ദേവൻ വീട്ടിൽ എത്തിയപ്പോൾ ഗൗരിയെ നോക്കിയെങ്കിലും അവളെ പുറത്തൊന്നും കണ്ടില്ല. മുറി അടഞ്ഞു കിടക്കുന്നതു കണ്ടതും അതിനുള്ളിൽ ആണെന്ന് മനസിലായി. അടുക്കളയിൽ ചോറെല്ലാം അത് പോലെ ഇരിക്കുന്നത് കണ്ടതും അവൾ കഴിച്ചിട്ടില്ലെന്നു മനസിലായി. ദേഷ്യത്തോടെ ചെന്ന് വാതിൽ തട്ടി വിളിച്ചു. അൽപ സമയത്തിന് ശേഷം വാതിൽ തുറന്നതും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ഗൗരിയെയാണ് കണ്ടത്.കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും പുറത്ത് കാണിക്കാതെ അവളെ ദേഷ്യത്തിൽ നോക്കി.

“”നീ എന്താ ഒന്നും കഴിക്കാത്തത്.?””

അവൻ ചോദിച്ചെങ്കിലും അവൾ മുഖം തിരിച്ചു.

“”ഗൗരി നിന്നോടാ ചോദിച്ചത് നീ എന്താ കഴിക്കാത്തത്.ഇന്നലെയും ഇന്ന് രാവിലെയൊന്നും നിനക്ക് കഴിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നല്ലോ “””

അതിനും മറുപടി കിട്ടാതായപ്പോൾ ദേഷ്യത്തിൽ അവളെ തിരിച്ചു നിർത്തി.

“”എന്നോടുള്ള ദേഷ്യത്തിന് ഭക്ഷണം കഴിക്കാതെ നിൽക്കണ്ട. പട്ടിണി കിടന്നു വല്ലതും പറ്റിയാൽ ദേവൻ പട്ടിണിക്കിട്ടു കൊന്നെന്നെ നാട്ടുകാർ പറയൂ. നിന്റെ അമ്മാവൻ പോലും.ഞാൻ ഉണ്ടാക്കിയത് കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ സ്വന്തമായി ഉണ്ടാക്കിക്കോ.ഇനി പുറത്ത് നിന്നും വല്ലതും വാങ്ങി തരണമെങ്കിൽ അതും പറയണം. ഞാൻ ആയിട്ട് ഉണ്ടാക്കിയ പ്രേശ്നമല്ലേ. ഞാൻ തന്നെ പരിഹാരം കണ്ടോളാം.””

അതും പറഞ്ഞു ദേഷ്യത്തിൽ പറഞ്ഞു പോകുന്ന ദേവനെ ഗൗരി പേടിയോടെ നോക്കി നിന്നു.

തുടരും…