മനസില്ലാത്തവർ
Written by Bindhya Balan
???????
നാലഞ്ചു കൊല്ലം മുൻപൊരു ദിവസം എന്റെ ഫോണിലേക്കൊരു കോൾ പരിചയമില്ലാത്തൊരു നമ്പറിൽ നിന്ന്.
മൂന്ന് തവണ അടുപ്പിച്ചു അതിൽ നിന്ന് കോൾ വന്നപ്പോൾ ഞാൻ അവസാനം അതങ്ങ് അറ്റന്റ് ചെയ്തു. ഹലോ എന്ന് പറഞ്ഞതും അങ്ങേ തലയ്ക്കൽ നിന്നും ഒരു പെൺശബ്ദം ആണ് കേട്ടത്
“ഹലോ.. ബിന്ധ്യ ആണോ?
“അതേല്ലോ.. ആരാണ്? “
ഞാൻ മറുപടി കൊടുത്തു.
“എന്റെ പേര് അനു എന്നാണ്. ഇവിടെ കലൂരുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നഴ്സ് ആണ്.. . “
വിളിച്ചയാൾ എനിക്കയാളെ സ്വയം പരിചയപ്പെടുത്തി. ഞാൻ ആണെങ്കിൽ ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത് എന്ന സംശയത്തോടെ എല്ലാം മൂളിക്കേട്ടു. എന്റെ മനസ് വായിക്കാൻ പെട്ടന്ന് തന്നെ അവർക്ക് കഴിഞ്ഞത് കൊണ്ടാവാം, അവൾ പറഞ്ഞത്
“ബിന്ധ്യ ഇപ്പൊ ഓർക്കുന്നുണ്ടാവും എന്റെ ഡീറ്റെയിൽസ് എന്തിനാണ് ഞാൻ കുട്ടിയോട് പറയുന്നതെന്ന്. ഉള്ള കാര്യം തുറന്നു പറയാം, എനിക്കൊരു അനിയൻ ആണുള്ളത് പേര് അഭിലാഷ്..സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ബാംഗ്ലൂർ ആണ് വർക്ക് ചെയ്യുന്നത്. അവൻ കഴിഞ്ഞ മാസം എറണാകുളത്തൊരു കല്യാണം കൂടാൻ വന്നപ്പോ അവിടെ വച്ച് മോളെ കണ്ട് ഇഷ്ട്ടപ്പെട്ടു എന്ന് വീട്ടിൽ പറഞ്ഞായിരുന്നു. അവനാണ് മോളുടെ നമ്പർ തന്നിട്ട് ചേച്ചി ഒന്ന് വിളിച്ചു സംസാരിക്ക്, എന്നിട്ട് ഞാൻ വിളിച്ചോളാം എന്ന്.. അതാണ് ഞാൻ വിളിച്ചത് “
സത്യത്തിൽ അവർ പറഞ്ഞ കാര്യം കേട്ട് ഞാൻ ആകെ ഷോക്ക് ആയി. ഇതൊക്കെ എപ്പോ സംഭവിച്ചു എന്ന മട്ടിൽ. എങ്കിലും ഞാൻ അവരോട് പറഞ്ഞു
“എന്റെ നമ്പർ എവിടുന്നു എങ്ങനെ കിട്ടി എന്നൊന്നും ഞാൻ ചോദിക്കുന്നില്ല..ഇന്നത്തെ കാലത്ത് ഒരാളുടെ നമ്പർ തപ്പിയെടുക്കാൻ വലിയ പാടൊന്നും ഇല്ല.. എന്റെ വിഷയം അതൊന്നുമല്ല, ഞാൻ ഒരു സാധാരണ പെൺകുട്ടിയാണ്. സാധാരണക്കാരനായ ഒരച്ഛന്റെ അതിലും സാധാരണക്കാരിയായൊരു മകൾ.. എനിക്കപ്പോ ആ രീതിയിൽ ഉള്ളൊരു ബന്ധം തന്നെയാണ് താല്പര്യം. ഈ ബിടെക്, എഞ്ചിനീയർ, ബാംഗ്ലൂർ.. അതൊന്നും എനിക്ക് ശരിയാവില്ല ചേച്ചി.. അനിയന് അതെ പ്രൊഫഷനിൽ നിന്നൊരു കുട്ടിയെ നോക്കുന്നതായിരിക്കും നല്ലത്. അതാകുമ്പോ ഒരു പരസ്പര ധാരണയോക്കെ ഉണ്ടാവും അവർ തമ്മിൽ.. ഒത്തു പോവുകയും ചെയ്യും. സോറി എനിക്ക് താല്പര്യമില്ല “
“അയ്യോ അങ്ങനെ പെട്ടന്നൊരു തീരുമാനം പറയല്ലേ മോളെ.. ഞാൻ ആദ്യം അവന്റെ ഫോട്ടോ മോൾക്ക് അയച്ച് തരാം. അത് കണ്ടിട്ട് പറയൂ. ഈ നമ്പറിൽ വാട്സ്പ്പ് ഉണ്ടോ?”
ഒരു നേരിയ വിഷമത്തോടെയാണ് അവരത് പറഞ്ഞത്. ഞാൻ വെറുതെ ഒന്ന് മൂളി.
“എങ്കിൽ ഇപ്പൊ തന്നെ അവന്റെ ഫോട്ടോ അയച്ചു തരാം ഞാൻ.. എന്നിട്ട് അവനോട് മോളെയൊന്നു വിളിക്കാൻ പറയാം. നിങ്ങൾ തമ്മിൽ ആദ്യമൊന്നു സംസാരിക്ക്. മോൾക്ക് ഇഷ്ട്ടപ്പെട്ടാൽ മാത്രം മതിയല്ലോ അടുത്ത നടപടി..അപ്പൊ ഞാൻ ഫോട്ടോ അയക്കാം. മോള് അവനോട് സംസാരിക്ക് കേട്ടോ.. ആള് പാവമാണ്. മോൾക്ക് ഇഷ്ട്ടാവും അവനെ. ന്നാ ഞാൻ വയ്ക്കുവാ. ഫോട്ടോ ഇപ്പൊ അയച്ചു തരാം.. ബൈ “
അത്രയും പറഞ്ഞിട്ട് അവർ ഫോൺ കട്ട് ചെയ്തു. ഞാൻ ആണെങ്കിൽ ആകെ സ്തംഭിച്ച അവസ്ഥയിൽ ആയിപ്പോയി. ഇങ്ങനെയൊരു അനുഭവം ജീവിതത്തിൽ ആദ്യമായാണ്.
ഓരോന്ന് ചിന്തിച്ചു ഒരെത്തും പിടിയും കിട്ടാതെ അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്. വാട്സാപ്പ് ഓപ്പൺ ചെയ്തു, വന്ന ഫോട്ടോ ഞാൻ നോക്കി.. ബ്ലാക്ക് കളർ ജീൻസും ഇൻസേർട് ചെയ്ത മെറൂൺ കളർ ഫുൾസ്ലീവ് ഷർട് ഒക്കെ ധരിച്ചു, ഒരു ചുവന്ന സ്വിഫ്റ്റ് കാറിൽ ചാരി നിൽക്കുന്നൊരു ചെറുപ്പക്കാരൻ. കട്ടിമീശയും ട്രിം ചെയ്ത താടിയും ഒക്കെ ആയി സുമുഖനായ ഇരുനിറമുള്ളൊരു പയ്യൻ. ഫോട്ടോ അങ്ങനെ നോക്കിയിരിക്കുമ്പോൾ ആണ് മറ്റൊരു നമ്പറിൽ നിന്നൊരു മെസ്സേജ് വന്നത്
“ഹായ് ബിന്ധ്യ, ഐ ആം അഭിലാഷ്.. “
കുറച്ചു നേരം എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നിട്ട് ഞാൻ തിരിച്ചു റിപ്ലൈ കൊടുത്തു
“ആ യെസ്.. അനുചേച്ചി വിളിച്ചിരുന്നു .. കാര്യങ്ങൾ എന്നോട് പറഞ്ഞു… “
മലയാളത്തിലുള്ള എന്റെ ആ മറുപടിക്ക് അയാൾ തന്ന റിപ്ലൈ, അയാൾക്ക് മലയാളം അത്ര വായിക്കാൻ അറിയില്ല ഇംഗ്ലീഷിൽ സംസാരിക്കാമോ എന്ന ചോദ്യം ആയിരുന്നു. ഒന്ന് ഞെട്ടിയെങ്കിലും ഞാൻ അയാളോട് ഇംഗ്ലീഷിൽ ആണ് പിന്നെ ചാറ്റ് ചെയ്തത്.
കുറച്ചു നിമിഷങ്ങൾ, അയാൾ പറഞ്ഞതത്രയും അയാളെകുറിച്ചായിരുന്നു..അയാളുടെ ലൈഫിലും പ്രൊഫഷനിലും ഉണ്ടായ വളർച്ച, അയാൾക്ക് ഇപ്പോൾ കിട്ടുന്ന സാലറിയുടെ കനം, അയാളുടെ കാറ് വീട് സ്റ്റാറ്റസ്..ഇതെല്ലാം അയാൾ ആ ഇത്തിരി നേരം കൊണ്ട് എനിക്ക് മുന്നിൽ ശർദ്ധിച്ചിട്ടു. കുറെ നേരത്തേക്ക് എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല.എന്റെ ആ മൗനം കണ്ടത് കൊണ്ടാവും അയാൾ അപ്പോൾ ചോദിച്ചത്
“ഡ്യു യു ലൈക് മി ബിന്ദു? “
ആ ചോദ്യം കേട്ടപ്പോൾ ഒരു ഈർഷ്യയോടെ ഞാൻ പറഞ്ഞു
“ഡോണ്ട് കോൾ മി ബിന്ദു.. ഐ ഹേറ്റ് ദാറ്റ് നെയിം.. “
മറുപടി വളരെപ്പെട്ടെന്നായിരുന്നു. ഒരു വോയിസ് നോട്ട്..
“ഇപ്പോഴേ താൻ ഞാൻ പറയുന്നതിന് എതിരാണല്ലോ.. ബിന്ദു എന്ന പേര് വിളിക്കാൻ ആണ് എനിക്കിഷ്ട്ടം.. ഞാൻ തന്നെ അങ്ങനെയെ വിളിക്കൂ… “
ആ സ്വരത്തിൽ ഉണ്ടായിരുന്ന ധാർഷ്ട്യം എനിക്കെന്തോ അയാളിൽ വെറുപ്പുണ്ടാക്കി. എങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു
“അഭിലാഷ് എന്നെ എവിടെ വച്ചോ കണ്ട് ഇഷ്ട്ടപ്പെട്ടു എന്നാണ് തന്റെ ചേച്ചി എന്നോട് പറഞ്ഞത്.. എല്ലാം പറഞ്ഞു.. തന്റെ ഫോട്ടോയും അയച്ചു തന്നു.. താൻ വിളിക്കുമെന്ന് പറഞ്ഞു.. ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു.. താൻ വിളിച്ചില്ല പകരം യൂ മെസ്സേജ്ഡ് മി..അത് സാരമില്ല.. പോട്ടെ.. ഇത്രയും നേരം താൻ തന്നെക്കുറിച്ചു പറഞ്ഞതല്ലാതെ എന്നെക്കുറിച്ച് എന്തെങ്കിലും ചോദിച്ചോ..? വൈ? “
” ഇറ്റ്സ് നോട്ട് നെസസറി ബിന്ദു.. ഞാൻ തന്നെയല്ല താൻ എന്നെയാണ് അറിയേണ്ടത്.. കാരണം ഞാൻ തന്നെയാണ് താലി കെട്ടുന്നത്..എന്റെ ജോലി സാലറി ഫാമിലി സെറ്റപ്പ്, ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട്.. ഇതൊക്കെ കേട്ടാൽ തനിക്ക് എന്നെ ഇഷ്ടമാവും എന്നുറപ്പല്ലേ.. എനിക്ക് പൊന്നോ പണമോ ഒന്നും വേണ്ട… എന്നെ സ്നേഹിച്ചു എന്റെ കൂടെ കഴിയാൻ ഒരു പെണ്ണിനെ മതി.. ഒരു സാധാരണക്കാരിയായ പെണ്ണ്.. നൗ ഐ ഫൗണ്ട് എ ഗേൾ ലൈക്ക് ദാറ്റ്.. ഫോർച്ചുനേറ്റ്ലി ദാറ്റ്സ് യൂ ബിന്ദു.. പിന്നെ പറഞ്ഞല്ലോ എന്റെ പ്രൊഫഷൻ കുറെയധികം ടെൻഷനും സ്‌ട്രെസും ഉള്ളതാണ്.. സെയിം പ്രോഫഷനിൽ നിന്നൊരു പെണ്ണായാൽ ശരിയാവില്ല..തന്നെപ്പോലൊരു കുട്ടി ആകുമ്പോൾ അഡ്ജസ്റ്റഡ് ആയിരിക്കും..പക്ഷെ താൻ പേടിക്കണ്ട ബിന്ദു തനിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാവില്ല… എന്റെ ഒരാളുടെ സമ്പാദ്യം മതി നമുക്ക് സുഖമായി ജീവിക്കാൻ.. ഇതിൽ കൂടുതൽ എന്ത് വേണം തനിക്ക്… “
എന്റെ ഒരു ചെറിയ ചോദ്യത്തിന്, ഇനി എന്നിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാവരുത് എന്നുറപ്പിച്ചത് പോലെ ഒത്തിരി കാര്യങ്ങൾ അയാൾ പറഞ്ഞു.. ഞാൻ വേഗം ചോദിച്ചു
“ഞാൻ തന്നെ ഒന്ന് വിളിച്ചോട്ടെ? “
“വൈ നോട്ട്.. വിളിച്ചോളൂ.. “
ഒരു ചിരിയുടെ ഇമോജി കൊടുത്തു അയാൾ തന്ന റിപ്ലൈ കണ്ട് ദേഷ്യം തോന്നിയെനിക്ക്. ഞാൻ അയാളുടെ നമ്പറിൽ വിളിച്ചു. ആദ്യത്തെ റിങ്ങിൽ തന്നെ അയാൾ ഫോണെടുത്തു..
“ഹലോ ബിന്ദു… “
കനമുള്ള സ്വരം.. ഒന്ന് പതറിയെങ്കിലും ഞാനും തിരിച്ചൊരു ഹായ് പറഞ്ഞു
“ഹായ് അഭിലാഷ്… “
“എനിക്കറിയാം തനിക്കെന്നെ ഇഷ്ടം ആയെന്ന്… അതല്ലേ താൻ ഇപ്പോ വിളിച്ചത്…അല്ലെങ്കിൽ തന്നെ തന്നെപ്പോലൊരു കുട്ടിക്ക് എന്നെപ്പോലൊരാളെ ഇഷ്ട്ടവാതിരിക്കാൻ കാരണങ്ങൾ ഉണ്ടാകുമോ… ഉണ്ടാവില്ല.. എനിക്ക് ബിന്ദുവിനെ വലിയ ഇഷ്ട്ടാണ്.. താൻ എനിക്ക് ചേരും എല്ലാം കൊണ്ടും…”
ചിരിച്ചു കൊണ്ടാണ് അയാൾ അത്രയും പറഞ്ഞത്.എന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും കാണാഞ്ഞു അയാൾ പിന്നെയും പിന്നെയും അയാളെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.. എത്ര ഭംഗിയയാണ് ഒരു പരിചയവുമില്ലാത്ത ഒരുത്തൻ എന്റെ ജീവിതത്തിന് വിലയിടുന്നത് എന്നോർത്ത് ഒരു മരവിപ്പോടെയാണ് ഞാനിരുന്നത്.
നീണ്ട് പോകുന്ന എന്റെയാ മൗനം അയാളെ ചൊടിപ്പിച്ചു. അയാൾ എന്നോട് ഈർഷ്യയോടെ ചോദിച്ചു
“തനിക്കൊന്നും പറയാനില്ലേ എന്നോട്.. “
വെറുപ്പിന്റെ വിഷം കുടിച്ച് മരിച്ച ഒരുവളെന്നപോലെ ഞാൻ പറഞ്ഞു
“ആദ്യം തന്റെ ചിലയ്ക്കൽ കഴിയട്ടെ.. എന്നിട്ട് ഞാൻ സംസാരിക്കാം അഭിലാഷേ.. “
“വാട്ട്? ഹൗ ഡെർ യു ടോക്ക് മി ലൈക് ദിസ്? “
പല്ല് ഞെരിച്ചു കൊണ്ടാണയാൾ ചോദിച്ചത്.
എന്റെ അത്തരമൊരു സംസാരം അയാൾ തീരേ പ്രതീക്ഷിച്ചില്ല എന്ന് മാത്രമല്ല, അതയാളുടെ ദുരഭിമാനത്തെ മുറിപെടുത്തുകയും ചെയ്തു.
ചെറിയൊരു ചിരിയോടെ ഒട്ടും പതറാതെ സംയമനത്തോടെ ഞാൻ പറഞ്ഞു
“താൻ തന്റെ പല്ല് ഞെരിച്ചു പൊട്ടിക്കണ്ട വെറുതെ.. രണ്ടു കാര്യങ്ങളെ എനിക്ക് തന്നോട് പറയാൻ ഉള്ളൂ.. അതിൽ ആദ്യത്തെ കാര്യം, എനിക്ക് തന്നെ ഇഷ്ടമായില്ല..അതിന്റെ കാരണം ആണ് രണ്ടാമത്തെ കാര്യം.. മറ്റൊന്നുമല്ല, താൻ എന്നെ ബിന്ദു എന്ന് വിളിച്ചപ്പോ ആദ്യമേ തന്നെ ഞാൻ ആ പേരിനോടുള്ള എന്റെ ഇഷ്ടക്കേട് പറഞ്ഞതാണ്… എന്റെ വാക്കിന് കടുക് മണിയോളം പോലും വില തരാതെ താൻ പിന്നെയും പിന്നെയും എന്നെ ആ പേര് തന്നെ വിളിച്ചു.. ഇപ്പൊ താൻ ഓർക്കുന്നുണ്ടാവും ആ പേരിനെന്താ കുഴപ്പമെന്ന്.. ഒരു കുഴപ്പവുമില്ല.. എന്നേ അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല എന്നെ പറഞ്ഞുള്ളൂ.. എന്റെ കുഞ്ഞ് ഇഷ്ടക്കേട് പോലും മനസിലാക്കി പെരുമാറാൻ മനസ്സില്ലാത്ത, സ്വന്തം ജോലിയും ഫിനാൻഷ്യൽ സെറ്റപ്പും പൊങ്ങച്ചവും നിരത്തി ആളാകാൻ നോക്കുന്ന , എന്നെപ്പോലൊരു സാധാരണ പെൺകുട്ടിക്ക് തന്നെപ്പോലൊരാളെ കിട്ടുക ഭാഗ്യം എന്നേ കരുതേണ്ടൂ എന്ന ധാർഷ്ട്യത്തോടെ സംസാരിക്കുന്ന തന്നെ എനിക്ക് വേണ്ട..എന്നേ കല്യാണം കഴിക്കാനുള്ള യോഗ്യത തനിക്കില്ല എന്ന് കരുതാനാണ് എനിക്കിഷ്ടം. തനിക്കൊരു ധാരണ ഉണ്ട്, എന്നെപ്പോലുള്ള സാധാരണക്കാരായ പെൺകുട്ടികൾ വലിയ ജോലി കാറ് അഞ്ചക്ക സാലറി എന്നൊക്കെ കേൾക്കുമ്പോ നെഞ്ചും തല്ലി വീഴുമെന്നു.. തോന്നലാടോ അതൊക്കെ..തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുമ്പോൾ ഉണ്ടാകുന്ന തരിപ്പ്… പാവംപിടിച്ചൊരുത്തി ആണേൽ പറയുന്നത് കേട്ടും അനുസരിച്ചും വാ പൊത്തി നിന്നോളും അല്ലെ.. ഒപ്പത്തിനൊപ്പം നിൽക്കുന്നവളോട് അത് ചിലപ്പോ പറ്റിയില്ലെങ്കിലോ… തന്റെ ഉദ്ദേശം അതാണെന്ന് തന്നോട് സംസാരിച്ചു പത്തു മിനിട്ടിൽ എനിക്ക് മനസിലായി.. കാശില്ല എന്നേയുള്ളെടോ, അന്തസ്സും ആത്മാഭിമാനവും വേണ്ടുവോളം ഉള്ളൊരു പെണ്ണാണ് ഞാൻ.. ആർക്കു വേണ്ടിയും ഒന്നിന് വേണ്ടിയും ഇഷ്ടമില്ലാത്തത് സഹിക്കാൻ നിൽക്കരുത് എന്ന് പഠിപ്പിച്ചു തന്ന ഒരച്ഛന്റെ മകൾ.. അതോണ്ട് എഞ്ചിനീയർ അഭിലാഷ് ചെല്ല്… ഇനിയും സംസാരിച്ചാൽ തന്റെ നിലവാരത്തിലേക്ക് താഴ്ന്നു എനിക്ക് സംസാരിക്കേണ്ടി വരും..ഞാൻ തന്റെ ചേച്ചിയെ വിളിച്ചോളാം..കേട്ടിടത്തോളം ആ പാവത്തിന് അനിയന്റെ ഈ മുഖം അറിയില്ല.. ഞാൻ പറഞ്ഞോളാം.. അപ്പൊ ശരി.. “
“എടി ” എന്നൊരു അലർച്ചയായിരുന്നു അയാൾ.
“വച്ചിട്ട് പോടാ “
എന്ന് തിരിച്ചൊന്ന് ഒച്ച വച്ച് ഞാൻ ഫോൺ കട്ട് ചെയ്തിട്ടു അവന്റെ നമ്പർ ബ്ലോക്ക് ചെയ്തു. പിന്നെ അവന്റെ ചേച്ചിയുടെ നമ്പറിലേക്ക്, ആ ഫോൺ കോളിന്റെ റെക്കോർഡും , അത് വരെയുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടും സെന്റ് ചെയ്തിട്ട് ഒരു മെസ്സേജ് കൂടി അയച്ചു .
“ഇതാണ് ചേച്ചിയുടെ അനിയൻ… എനിക്ക് ഒരു കാര്യമേ പറയാൻ ഉള്ളൂ, അനിയൻ കെട്ടുന്ന പെണ്ണ് ആരായാലും ഏതായാലും ആ പെണ്ണിന് മേലെ നിങ്ങളുടെ ഒരു നോട്ടം എപ്പോഴും വേണം.. കാരണം ഒരിക്കലും ഒരു പെണ്ണും നിങ്ങളുടെ അനിയന്റെ കൂടെ ഹാപ്പി ആയിരിക്കില്ല.. അത് നൂറ് ശതമാനം ഉറപ്പാണ്… ഈ റെക്കോർഡ് കേട്ടാൽ, ഞാൻ അയച്ച സ്ക്രീൻ ഷോട്ടുകൾ കണ്ടാൽ നിങ്ങൾക്കത് മനസിലാകും.. പഠിപ്പും ജോലിയും കനത്ത സാലറിയും മാത്രമല്ല യോഗ്യതയായ് വേണ്ടത്, സഹജീവികളെ മനസിലാക്കാൻ ഉള്ള മനസ് കൂടി വേണമെന്ന് സമയം കിട്ടുമ്പോൾ അനിയനെ പറഞ്ഞു മനസിലാക്ക്… “
മെസ്സേജ് അയച്ച് ഏതാനും സെക്കന്റുകൾ അങ്ങേ തലയ്ക്കൽ സീൻ ആയതിന്റെ നീല ശരികൾ തെളിഞ്ഞു.
അത് കഴിഞ്ഞുള്ള കുറച്ചു മിനിറ്റുകൾ..ആ നിമിഷങ്ങൾക്കപ്പുറം എനിക്ക് തിരിച്ചു വന്ന
“എനിക്ക് മനസിലായി മോളെ മോളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയും ദേഷ്യവും എല്ലാം… ..നമുക്ക് ആരുടേയും മനസിന്റെ അകത്തു കയറി നോക്കാൻ കഴിയില്ലല്ലോ..അവൻ പറഞ്ഞതിന് ഞാൻ മാപ്പ് ചോദിക്കുന്നു.. സോറി ഫോർ എവെരിതിങ്”
എന്ന മറുപടിയിൽ എന്റെ നമ്പർ അവിടെ എന്നെന്നേക്കുമായി ബ്ലോക്ക് ആയിക്കഴിഞ്ഞിരുന്നു….
വാൽക്കഷ്ണം : മറ്റൊരു മുഖവുമായി നടക്കുന്ന ഇത് പോലുള്ള എത്രപേർ ഉണ്ടാകും നമുക്ക് ചുറ്റും.. ഇന്നലെയും അതിനു മുൻപും ഒക്കെയായി നാട്ടിൽ നടന്ന പെൺകുട്ടികളുടെ ആത്മഹത്യ അറിഞ്ഞപ്പോൾ അഞ്ച് കൊല്ലം മുൻപത്തേ ഈ സംഭവം ഓർമ്മ വന്നെനിക്ക്.. മാന്യതയുടെ മേലാപ്പണിഞ്ഞു നടക്കുന്ന ക്രൂരൻമാർ ഇനിയും ഉണ്ട്.. ഉണ്ടായിക്കൊണ്ടിരിക്കും.. ആ ചേച്ചി പറഞ്ഞത് പോലെ, ആർക്കും ആരുടേയും മനസിനകത് കയറി നോക്കാൻ കഴിയില്ലല്ലോ
ബിന്ധ്യ ബാലൻ