പത്തു വർഷങ്ങൾക്കു മുൻപ് ധനു മാസത്തിലെ ഒരു മഴയുള്ള രാത്രിയിൽ ,എന്റെ അമ്മയുടെ നാലാമത്തെ കുട്ടിയായി…

എഴുത്ത്: വൈശാഖൻ

:::::::::::::::::::::::::::::::::::::

പത്മിനി …അതായിരുന്നു അവളുടെ പേര്..ഞാൻ ആദ്യമായി ബ ലാത്സംഗം ചെയ്ത ,എന്നെക്കാൾ നാലു വയസ്സിനു മൂത്ത,എന്നെ പലപ്പോഴും കൊതിപ്പിച്ചു കടന്നു കളഞ്ഞവൾ.

മറ്റു പലരും എന്നെ കണ്ടു കൊതിയോടെ ഇങ്ങോട്ടു വന്നു വഴങ്ങി തന്നപ്പോൾ ,ഇവൾ മാത്രം എന്റെ പൗരുഷത്തെ വെല്ലു വിളിച്ചു കൊണ്ടു കൂസലില്ലാതെ കടന്നു പോയി..അന്നേ ഞാൻ ഉറപ്പിച്ചിരുന്നു ഒരു ദിവസം അവളെ.

കന്നിമാസത്തിലെ ഒരു രാത്രിയിൽ ,എന്നിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ നടന്നപ്പോൾ ,അവളുടെ യജമാനൻ കെട്ടിപ്പൊക്കിയ അതിർവരമ്പുകൾ ചാടി കടന്നു ,ചങ്ങലയിൽ ബന്ധിക്കപ്പെട്ടു കിടന്ന അവളെ ഞാൻ നിഷ്പ്രയാസം കീഴ്പ്പെടുത്തി.

നാട്ടിൽ ഈ കേശുവിനു കീഴ്പെടാത്ത ഒരു പെൺ നായയും ഉണ്ടാവാൻ പാടില്ല..അവളുടെ ഉള്ളിൽ എന്റെ വിത്തുകൾ പാകി ,ഒരു യുദ്ധം ജയിച്ചവനെ പോലെ ഞാൻ തിരിഞ്ഞു നടന്നു.

ചങ്ങല ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ എന്നെ അവൾക്കു കീഴ്പ്പെടുത്താൻ കഴിഞ്ഞേക്കുമായിരുന്നു.എന്നിരുന്നാലും എന്റെ ബീ ജത്തിൽ നിന്നു ഉടലെടുക്കുന്ന കുഞ്ഞുങ്ങൾ ഈ നാട്ടിലെ ഏറ്റവും മിടുക്കരായ നായ്ക്കളായ് വളരും..അതെന്റെ ഗുണം അല്ല..ഞാൻ അറിഞ്ഞ,കണ്ട പെണ്ണുങ്ങളിൽ വ്യത്യസ്തത ഉള്ള ഒന്നിന്റെ ഗുണം.

ഇതു കേശു എന്ന എന്റെ കഥ..പത്മിനി എന്ന പപ്പിയുടെ കഥ ഇനി അവൾ പറയട്ടെ.

കേട്ടല്ലോ ,എന്നെ ഈ അവസ്ഥയിൽ എത്തിച്ച ഒരുത്തന്റെ വീര പുരാണങ്ങൾഅതെങ്ങനാ നിങ്ങൾ മനുഷ്യർ ഈ പീ ഡനം ,ബ ലാത്സംഗം എന്നൊക്കെ കേൾക്കുമ്പോൾ ചാടി വീഴുമല്ലോ.

പത്തു വർഷങ്ങൾക്കു മുൻപ് ധനു മാസത്തിലെ ഒരു മഴയുള്ള രാത്രിയിൽ ,എന്റെ അമ്മയുടെ നാലാമത്തെ കുട്ടിയായി ഞാൻ ജനിച്ചു..മനുഷ്യൻ ആയാലും മൃഗം ആയാലും പെണ്ണിന് എന്നും ഒരേ പരിഗണന.എന്റെ സഹോദരങ്ങളെ എല്ലാം ,അവർ ആണായതു കൊണ്ടു മാത്രം ഓരോരുത്തർ വന്നു കൊണ്ടു പോയിട്ടും,പ്രസവിച്ചു കൂട്ടും എന്നുള്ള ഒറ്റ കാരണത്താൽ ആണിനേക്കാൾ ശൗര്യം ഉണ്ടായിരുന്ന എന്നെ എല്ലാവരും അവഗണിച്ചു..

അങ്ങനെ മു ലകുടി മാറാത്ത എന്നെ അവർ ഒരു വഴിയിൽ ഉപേക്ഷിച്ചു..എന്റെ സഹോദരങ്ങളെ കൊണ്ടു പോയപ്പോൾ അമ്മയിൽ ആശ്വാസത്തിന്റെ നെടുവീർപ്പ് ഉയർന്നപ്പോൾ,വളർത്താൻ അല്ല കളയാൻ ആണെന്ന് നന്നായി അറിയാമായിരുന്ന എന്റെ അമ്മ അന്ന് ഉറക്കെ കരഞ്ഞു.ഒരു സഞ്ചിയിലേക്കു എടുത്തിടും മുൻപ് അവസാനമായി ഞാനന്നു എന്റെ അമ്മയെ നോക്കി..ഇനി ഒരിക്കലും കാണില്ല എന്ന സത്യം അറിയാമായിരുന്ന അമ്മ അന്നെന്നെ ഒരു വല്ലാത്ത നോട്ടം നോക്കി.

രണ്ടു ദിവസത്തോളം ഞാൻ ഏതോ ഒരു വഴിയിൽ കിടന്നു.സഞ്ചിയുടെ കെട്ടു പോലും അഴിക്കാത്തതു കൊണ്ടു ശ്വാസം കിട്ടാൻ ഏറെ ബുദ്ധിമുട്ടി.മരണം എന്നൊന്നും അന്നറിയില്ലല്ലോ.പക്ഷെ ഞാൻ കാണിച്ചത് ആ വെപ്രാളം തന്നെ ആയിരുന്നു…ഒരു ചെറിയ തുളയിലൂടെ വന്ന വായു മാത്രം ശ്വസിച്ചു, ഒന്നുറക്കെ കരയാൻ പോലും വയ്യാതെ ,അമ്മയുടെ പാലിന്റെ രുചി മനസ്സിൽ നുണഞ്ഞ് കൊണ്ടു അത് (മരണം) പ്രതീക്ഷിച്ചു ഞാൻ കിടന്നു…

അധികമാരും നടക്കാത്ത ഒരു ഇട വഴിയിൽ,തന്റെ പ്രണയിനിയോടൊത്തു ആരും കാണാതെ മിണ്ടിക്കൊണ്ടു പോവാൻ എന്റെ യജമാനൻ ആ വഴി തിരഞ്ഞെടുത്തത് എന്റെ ഭാഗ്യം..പ്രണയിനി വഴക്കിട്ടു എങ്കിലും , എന്റെ ദയനീയമായ അവസ്ഥ കണ്ട അദ്ദേഹം എന്നെ കൂടെ കൂട്ടി…

ഒരു പെൺ പട്ടിയെയും കൊണ്ടു വീട്ടിൽ ചെന്ന അദ്ദേഹത്തിനെ വീട്ടുകാർ കണക്കിന് ശകാരിച്ചു..ഇവിടെയും അതേ കാരണം..പ്രസവം..അന്ന് അതിന്റെ അർത്ഥം അറിയില്ലായിരുന്നുവെങ്കിലും മനസ്സു കൊണ്ടു ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ പ്രസവിക്കില്ല എന്നു…ഒരു പെണ്ണിന്റെ പൂർണ്ണത അവൾക്കൊരു കുഞ്ഞു ഉണ്ടാവുമ്പോഴാണെന്ന സത്യം അന്നറിയില്ലായിരുന്നുവെങ്കിലും എടുത്ത തീരുമാനത്തിൽ നിന്നു ഞാൻ പിന്നോട്ടു പോയില്ല…

കുഞ്ഞിലേ ഉള്ള എന്റെ കുസൃതികൾ പയ്യെ പയ്യെ വീട്ടുകാരും ആസ്വദിച്ചു തുടങ്ങി…രാത്രി ഒരു ദിവസം പുറത്തേക്കിറങ്ങിയ അദ്ദേഹത്തിന്റെ അച്ഛനെ ഒരു വിഷ പാമ്പിൽ നിന്നു രക്ഷിച്ച അന്ന് മുതൽ ഞാൻ അവരുടെ എല്ലാം ആയി..അവരുടെ കണ്മുന്നിൽ ഇട്ടു ആ പാമ്പിനെ കടിച്ചു കുടഞ്ഞു ഞാൻ എന്റെ സ്നേഹവും നന്ദിയും വ്യക്തമാക്കി…

വീട്ടിൽ വരുന്ന എല്ലാവരോടും എന്റെ വീര കഥകൾ പറയാൻ അവർ മത്സരിച്ചു…മച്ചി ആയതു കൊണ്ടു പെറും എന്നുള്ള പേടിയും ഇല്ല എന്നുള്ള ചിലരുടെ വാക്കുകൾ സത്യത്തിൽ എന്നെ വേദനിപ്പിച്ചു….

നല്ല സ്വഭാവം ആണെന്ന് മനസ്സിലാക്കിയത് കൊണ്ടാവണം എന്നെ തുറന്നു വിടാൻ അവർക്കു മടി ഉണ്ടായിരുന്നില്ല..മനുഷ്യരുടെ ഭാഷയും,അറിയാവുന്നവരുടെ മണവും ,എല്ലാം എന്നെ നാട്ടുകാർ ബുദ്ധി കൂടിയ നായയുടെ ഗണത്തിൽ പെടുത്തി..പക്ഷെ സ്ഥിരമായി അടുത്ത വീട്ടിലെ കോഴികളെ കൊന്നു തിന്നുന്നു എന്ന ദുഷ്പേര് എങ്ങിനെയോ എന്നിൽ വന്നു ചേർന്നു..അതറിഞ്ഞ അദ്ദേഹം എന്നെ അന്നാദ്യമായി ഒരുപാട് തല്ലി..മിണ്ടാൻ കഴിയാത്ത ഞാൻ എന്തു പറയാൻ…സഹിച്ചു..

ഒടുവിൽ ആ കള്ളനായ മരപ്പട്ടിയെ കഷ്ടപ്പെട്ടു പിടിച്ചു ഞാൻ എന്റെ നിരപരാധിത്വം തെളിയിച്ചു..അന്ന് അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീർ…എന്നെ കെട്ടിപിടിച്ചു എന്നോട് ക്ഷമ ചോദിച്ചു…കാലിൽ തല വെച്ചു കിടന്നും,കാൽ വിരലുകളിൽ നക്കിയും ,വാൽ ആട്ടിയും ഞാൻ സാരമില്ല എന്നു പറഞ്ഞു…

വർഷങ്ങൾ കഴിഞ്ഞു….

ഞാനിപ്പോ അവരുടെ സ്വന്തം ആണ്..അവിടുത്തെ ഒരംഗം..സർവ്വ സ്വാതന്ത്ര്യം..പക്ഷെ ആ സ്വാതന്ത്ര്യത്തിനു അധികം ആയുസ്സുണ്ടായില്ല ..അദ്ദേഹത്തിന്റെ വിവാഹം..പഴയ ആ പ്രണയിനി തന്നെ…അന്നത്തെ എന്നോടുള്ള ആ ഇഷ്ടക്കേട് മാറിയിട്ടില്ല എന്നു വിവാഹ ശേഷം എനിക്കു മനസ്സിലായി..പുതു പെണ്ണിന് പട്ടിയെ പേടി ആയതു കൊണ്ടു അതിനെ പൂട്ടി ഇടാൻ അച്ഛൻ പറഞ്ഞതും..പലപ്പോഴും എന്റെ കാര്യം പറഞ്ഞു അദ്ദേഹത്തോട് പുതു പെണ്ണ് കയർക്കുന്നതും,സങ്കടം നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി നെടുവീർപ്പിടുന്നതും എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്…

വർഷങ്ങൾ പിന്നെയും കഴിഞ്ഞു…..

എന്റെ കൗമാരവും,യൗവ്വനവും എല്ലാം കഴിഞ്ഞു വാർദ്ധക്യത്തിലേക്കു കാലെടുത്തു വെക്കാൻ പോകുന്നു..അദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടായി ഓടി കളിക്കാൻ പ്രായം ആയി..അദ്ദേഹത്തിന്റെ സ്വഭാവം തന്നെ..സമയം കിട്ടുമ്പോളൊക്കെ എന്റടുത്തു ഓടി വരും..ചെവിയിൽ പിടിക്കും,വാലിൽ പിടിച്ചു വലിക്കും..ഇടക്ക് ഒരുമ്മ തരും..ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ കുഞ്ഞിന് ചീത്ത ഉറപ്പാണ്..ഇപ്പൊ എന്നോട് സ്നേഹം കാണിക്കാൻ ആ കുഞ്ഞു മാത്രമേ ഉള്ളു…ഉണ്ടായിരുന്ന ഒരു കൂടു ദ്രവിച്ചു പോയതിനാൽ പിന്നെ ചങ്ങലയിലാണ് കിടപ്പു..വയസ്സായി തുടങ്ങിയവർക്ക് എന്തിനാ പുതിയ കൂട് അല്ലെ??

ഒരു ദിവസം പതിവ് പോലെ കളിച്ചു കൊണ്ടിരുന്നപ്പോ ചങ്ങലയിൽ ഉടക്കി കുഞ്ഞൊന്നു വീണു..കാലു മുറിഞ്ഞു ചോര വന്നപ്പോൾ ഞാൻ കുരച്ചു ആളുകളെ അറിയിക്കാൻ ശ്രമിച്ചു..ഒപ്പം കാലിൽ പുരണ്ടിരുന്ന ചോര നക്കി വൃത്തി ആക്കി..രക്തത്തിനോടുള്ള ആർത്തി അല്ല,കുഞ്ഞിനോടുള്ള വാത്സല്യം ഒന്നു കൊണ്ടു മാത്രം…പക്ഷെ കണ്ടിറങ്ങി വന്ന അദ്ദേഹത്തിന്റെ സഹധർമ്മിണി ആ മുറിവിൽ എന്റെ പല്ലിന്റെ പാടുകൾ കണ്ടെത്തി..ഞാനെന്തു പറയാൻ…

വാർത്ത അറിഞ്ഞു എത്തിയ അദ്ദേഹവും തല്ലി…കരഞ്ഞില്ല..ഒരിറ്റു കണ്ണുനീർ പോലും ഞാൻ വാർത്തില്ല..ഞാനും എന്നോടൊപ്പം ഉള്ളിലുള്ള കുഞ്ഞുങ്ങളും അതോടെ ഇല്ലാതായിരുന്നെങ്കിൽ എന്നു ഞാൻ ആത്മാർത്ഥമായി അന്നാഗ്രഹിച്ചു. ആശുപത്രിയിൽ പോയി വന്നു അദ്ദേഹം കുറെ നാളുകൾക്കു ശേഷം എന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു…ഡോക്ടർ പറഞ്ഞു കൊടുത്തു കാണും ..ഞാനല്ല ആ മുറിവിനു കാരണം എന്നു…

നാളുകൾ കഴിഞ്ഞു…എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ,എന്നെ മച്ചി എന്നു വിളിച്ചു ആക്ഷേപിച്ചവരെ നിരാശരാക്കി കൊണ്ട് ,കേശുവിന്റെ മൂന്നു കുഞ്ഞുങ്ങൾക്ക് ഞാൻ ജന്മം കൊടുത്തു..വാർധക്യത്തിലും എന്റെ മു ലകൾ നന്നായി പാൽ ചുരത്തുന്നുണ്ടായിരുന്നു..ഒരു അമ്മ അനുഭവിക്കുന്ന ആത്മ നിർവൃതി എന്താണെന്നു ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ…കേശുവിന്റെ സ്വഭാവം ആവണം..കുഞ്ഞുങ്ങൾ ആണെങ്കിലും ദേഷ്യക്കാർ…മോളുടെ വീട്ടിൽ വിരുന്നു വന്ന അച്ഛനെ അവർ ഒന്നു പേടിപ്പിച്ചു..പെട്ടെന്നുള്ള അവരുടെ കുരയും,ഓട്ടവും കണ്ടു പേടിച്ച അച്ഛൻ ഒന്നു വീണു….

സ്വന്തം അച്ഛനെ പേടിപ്പിച്ച,കുഞ്ഞുങ്ങളോടും എന്നോടുമുള്ള ആ മകളുടെ ദേഷ്യം കൂടി..ഒടുവിൽ കുറച്ചു കടുത്ത തീരുമാനം തന്നെ അവർ എടുത്തു..പതിവിനു വിപരീതമായി ഭക്ഷണവുമായി അവർ എത്തിയപ്പോൾ തന്നെ എന്നിൽ സംശയം ഉടലെടുത്തു..ഭക്ഷണം കഴിക്കാൻ വന്ന കുഞ്ഞുങ്ങളെ തടയുകയും കൂടെ ചെയ്തതോടെ എനിക്കു കാര്യങ്ങൾ മനസ്സിലായി..എന്നെ കൊല്ലുക..കുഞ്ഞുങ്ങളെ കളയുക…

ഒരു നായ ആയതു കൊണ്ടു ഒരു മണം,പ്രത്യേകിച്ചു വിഷത്തിന്റെ ആകുമ്പോൾ അതെനിക്കറിയാൻ പറ്റുമെന്നു അവർ ഓർത്തു കാണില്ല..ഇന്നല്ലെങ്കിൽ നാളെ അവർ ഏതെങ്കിലും വിധത്തിൽ ഇതു ചെയ്യും,പ്രായം ആയതും എന്നെ തളർത്തുന്നുണ്ട്..മു ലകുടി മാറാത്ത കുഞ്ഞുങ്ങളെയും,അദ്ദേഹത്തെയും പിരിയണമല്ലോ എന്നോർക്കുമ്പോൾ…എങ്കിലും എന്നെ കരുതി ആ കുടുംബത്തിന് ഒരു പ്രശ്നവും ഉണ്ടാവരുത്..

ഭക്ഷണം തന്നിട്ട് അതു ഞാൻ കഴിക്കുന്നതിനു വേണ്ടി അവർ കാത്തു നിൽക്കുകയാണ്..ആദ്യമായും അവസാനമായും അവർ എനിക്കു വേണ്ടി……മരിക്കുന്നതിന് മുൻപ് കുഞ്ഞുങ്ങൾക്ക് അവസാനമായി എനിക്കു പാൽ ചുരത്തണം…വയറു നിറയെ കുടിക്കട്ടെ ഈ അമ്മയുടെ സ്നേഹം…മൂന്നു പേരും മത്സരിച്ചു കുടിക്കുകയാണ്..കുത്തിമറിഞ്ഞും വഴക്കിട്ടും മുറു മുറുത്തും…കണ്ണിൽ നിന്നു കണ്ണുനീർ…എന്റെ കണ്ണുനീരിനും ഉപ്പുരസം തന്നെ…

അല്ല..ഇതെന്റെ കണ്ണുനീർ അല്ലല്ലോ..പിന്നെ??..അണ പൊട്ടി ഒഴുകും പോലെ അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ..അതെന്റെ മുഖവും മേലും നനക്കുകയാണ്…വച്ചിരുന്ന പാത്രം എടുത്തു എറിഞ്ഞു കളയുന്നു..എന്നെ കെട്ടി പിടിച്ചു കരയുന്നു…ക്ഷമ ചോദിക്കുന്നു..ആദ്യമായി എനിക്കുമ്മ തരുന്നു..എന്റെ കുഞ്ഞുങ്ങളെ എടുക്കുന്നു ,കൊഞ്ചിക്കുന്നു….എനിക്കും എന്തോ ഒരു…അവരും സ്ത്രീ തന്നെ,ഒരമ്മയും …ഒരമ്മക്ക് മറ്റൊരമ്മയെ മനസ്സിലാവും അല്ലേ ?..മൃഗം ആണെങ്കിലും ഞങ്ങൾക്കും ഉണ്ടല്ലോ ഒരമ്മ മനസ്സു….പാല് കുടിക്കുന്ന കുഞ്ഞുങ്ങളെ കണ്ട ആ പെണ്മനസ്സു നൊന്തു….ഒരു വല്ലാത്ത നോവ്….

ഇന്ന് ഞാൻ കേശുവിനെ ഏറെ ഇഷ്ടപ്പെടുന്നു..എന്നിലെ സ്ത്രീയെ ഉണർത്തിയതിനു,എന്നെ ഒരമ്മ ആക്കിയതിനു,സർവ്വോപരി ഈ കുടുംബത്തിൽ വിള്ളൽ ഉണ്ടാവാതെ എന്നെ എല്ലാവരെയും കൊണ്ടു സ്നേഹിപ്പിച്ചതിനു….നന്ദി കന്നിമാസത്തിലെ ആ ബ ലാത്‌സംഗത്തിനു…

ശുഭം