പന്ത്രണ്ട് വയസ്സുകാരിക്ക് കുട്ടികളില്ലാത്തവരുടെ നൊമ്പരത്തിന്റെ തീവ്രതയോ കടന്നുപോകുന്ന കനൽവഴികളോ അത്രത്തോളം മനസിലായിരുന്നില്ലെങ്കിലും…

പകരക്കാരി

Story written by Lis Lona

:::::::::::::::::::::::::::::::::

സർക്കാർ ജോലിയുള്ള വർഗീസേട്ടനും ഭാര്യയും ഞങ്ങളുടെ വാടകവീട്ടിലേക്ക് താമസത്തിന് വരുമ്പോൾ എനിക്ക് പന്ത്രണ്ടു വയസ്സാണ് പ്രായം.

മൂന്ന് വീടുകളായി വിഭജിച്ച ലക്ഷം വീട് മാതൃകയിൽ പണി കഴിപ്പിച്ചിട്ട നീളത്തിലുള്ള വീടായിരുന്നു അന്ന് ഞങ്ങളുടേത്.നടുഭാഗത്തുള്ള വീട് തറവാടാണ് അവിടെ അമ്മമ്മയും അപ്പയുടെ കുഞ്ഞിപ്പെങ്ങളും താമസമുണ്ട്, വലതുഭാഗം വാടകക്ക് കൊടുക്കാനുള്ളതും ഇടതുഭാഗത്തുള്ള വീട് അപ്പക്ക് ഭാഗം കിട്ടിയതും ആയിരുന്നു..

രണ്ട് സൈഡിലും ചെറിയ സിമെന്റ് തിണ്ണകളുള്ള ഒരു ചെറിയ ഉമ്മറം അതുകഴിഞ്ഞാൽ കുഞ്ഞ് നടുവകം അതിനും അപ്പുറം ഒരാൾക്ക് നിന്ന് തിരിയാൻ മാത്രം സൗകര്യമുള്ള കുഞ്ഞൻ അടുക്കളയെ ഒരു മുറിയായി മാറ്റിയെടുത്ത് അതിനോട് ചേർന്ന് പിന്നാമ്പുറത്തേക്ക് നീട്ടിയെടുത്ത ആസ്ബറ്റോസ് മെനഞ്ഞ അടുക്കള. ഇതായിരുന്നു ഞങ്ങളുടെ വീട്.വാടകക്ക് കൊടുക്കുന്ന വീടും ഞങ്ങൾ താമസിക്കുന്ന വീടും തമ്മിലുള്ള ഏകവ്യത്യാസം പുതിയതായി അപ്പയെടുത്ത ആ അടുക്കളയുണ്ടെന്നതാണ് പിന്നെ അവർ വാടക കൊടുത്തും ഞങ്ങൾ കൊടുക്കാതെയും.

നീളനെയുള്ള വീടായതുകൊണ്ട് ഉമ്മറപടിയിൽ നിന്ന് നോക്കിയാൽ അടുക്കളയിൽ ജോലി ചെയ്യുന്നത് വരെ ഈ രണ്ട് വീടുകളിലും കാണാം. ആകെ പത്തടി വീതിയുള്ള മുറ്റത്തിന് ചേർന്ന് റോഡായത് കൊണ്ട് വണ്ടികൾ പറത്തിവിടുന്ന പൊടിപടലങ്ങൾ അത്രയും ഞങ്ങളുടെ കുഞ്ഞുവീട്ടിൽ ഭദ്രമായിരുന്നു..

ഇതുകൊണ്ടൊക്കെ തന്നെ സർക്കാർ ജോലിയും നല്ല ശമ്പളവുമുള്ള ആൾ എന്തിനായിരിക്കും താമസിക്കാൻ ക്വാർട്ടേഴ്‌സ് കിട്ടുമായിരുന്നിട്ടും അത് വേണ്ടെന്ന് വച്ച് ഈ ചെറിയ സൗകര്യത്തിൽ വന്നതാവോയെന്ന് അയൽപക്കത്തെ സ്ത്രീകൾ അമ്മയോട് അടക്കം ചോദിച്ചു.

ഗോതമ്പ് നിറവും തടിച്ച ശരീരപ്രകൃതിയും ഒത്ത ഉയരവുമുള്ള സുന്ദരിയുമായ സിസിലിചേച്ചി ഇരുണ്ട നിറവും ഉയരക്കുറവും മെല്ലിച്ച ശരീരപ്രകൃതിയുമായി എന്തിനും ഏതിനും വെപ്രാളപെട്ടു നടക്കുന്ന വർഗീസേട്ടന്റെ നേരെ വിപരീതമായിരുന്നു. പുഞ്ചിരിയുടെ തിളക്കം മിഴികളിൽ നിറച്ച് ശാന്തമായ മുഖത്തോടെയെ സിസിലി ചേച്ചിയെ എപ്പോഴും കാണാറുള്ളു.

അവർ തമ്മിലുള്ള ആകാരവ്യത്യാസങ്ങൾ അവരെക്കാൾ കൂടുതൽ അലട്ടിയത് മറ്റുള്ളവരെ ആയിരുന്നു.. അത്തരം ചോദ്യങ്ങളും പരിഹാസങ്ങളും പര്യമ്പുറത്തെ ചർച്ചകളിൽ വിഷയമായി ഉയരുമ്പോഴേക്കും നിങ്ങൾക്ക് വേറെയൊരു പണിയില്ലേ പെണ്ണുങ്ങളെയെന്ന ഒറ്റചോദ്യത്തിൽ അമ്മ നിർത്തിക്കുമായിരുന്നു.

കുഞ്ഞൻ ശരീരമുള്ള ചേട്ടനെ കുട്ടികൾ തമാശയാക്കുന്നത് കൊണ്ടാകാം ചേട്ടൻ ഗൗരവത്തോടെ മറ്റു കുട്ടികളെ മാറ്റിനിർത്താൻ ശ്രമിച്ചിരുന്നെങ്കിലും രണ്ടുപേരും എന്നോടും അനിയന്മാരോടും വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്.

സാധാരണക്കാരായ ഞങ്ങളുടെ അടുക്കളയിൽ വർഷത്തിലൊരിക്കൽ കണ്ടിരുന്ന പലഹാരങ്ങളും രുചിക്കൂട്ടുകളും അവർ താമസത്തിന് വന്നശേഷം മക്കൾക്കുള്ള പങ്കെന്ന പേരിൽ ഇടയ്ക്കിടെ അതിഥികളായി എത്താൻ തുടങ്ങി.

സന്ധ്യയോടെ ചേട്ടൻ ഡ്യൂട്ടി കഴിഞ്ഞു വന്നാൽ ഇണക്കിളികൾ രണ്ടുപേരും നടക്കാൻ പോകും.. പരിഹസിക്കുന്നവരുടെ നോട്ടങ്ങൾ അവരെ അശേഷം അലട്ടിയിരുന്നില്ല.

അവരുടെ സ്നേഹം പകുത്തുപോകാതെയിരിക്കാനാകും ദൈവം അവർക്കിടയിലേക്ക് വേറൊരാളെ അയക്കണ്ടായെന്ന് തീരുമാനിച്ചതെന്ന് ചിരിയുടെ മേലങ്കിയണിഞ്ഞു മൊഴിയുമ്പോഴും മക്കളില്ലാത്തതിന്റെ നോവിൽ ചേച്ചിയുടെ ഉള്ളുരുകി രക്തം കിനിയുന്നത് കണ്ണുകളിലൂടെ കാണാമായിരുന്നു.

എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകുന്നേരം നാട്ടിലേക്ക് പോകുന്ന ചേട്ടനൊപ്പം ചേച്ചി പോയിരുന്നില്ല കുട്ടികളില്ലാത്തതിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബക്കാരുടെ കുറ്റപ്പെടുത്തലുകൾ കേൾക്കാതെയിരിക്കാനാകും പോകാത്തതെന്ന് അമ്മയെന്നോട് പറഞ്ഞു.

മക്കളില്ലാത്തവരെ നാട്ടിൻപുറത്തുകാർ വിളിക്കുന്ന മച്ചി പ്രയോഗം പലരുടേം സംസാരത്തിൽ നിന്നും സിസിലിയെന്ന പേരിന് പകരം ഞാൻ കേട്ടു. കുട്ടികളുമായി ബന്ധപ്പെട്ട ശുഭകാര്യങ്ങളിൽ അവരെ കൂട്ടാറില്ലാത്തതും ചെറിയ കുട്ടികളെ അവരെക്കൊണ്ട് എടുപ്പിക്കാൻ സമ്മതിക്കാത്തതും പലപ്പോഴും കണ്ടു.

അവരെയറിയുന്നതിന് ആരും ശ്രമിച്ചില്ലെങ്കിലും അവർ കേൾക്കേയും കേൾക്കാതെയും അത് വിളിച്ചുപറഞ്ഞ് കടലോളം നോവ് നൽകാനും ആരും മടിച്ചില്ല..എല്ലാം ഉള്ളിലൊതുക്കി പുഞ്ചിരി വിതറുന്ന ആ മുഖം എന്നിട്ടും പ്രസന്നമായിരുന്നു.

പന്ത്രണ്ട് വയസ്സുകാരിക്ക് കുട്ടികളില്ലാത്തവരുടെ നൊമ്പരത്തിന്റെ തീവ്രതയോ കടന്നുപോകുന്ന കനൽവഴികളോ അത്രത്തോളം മനസിലായിരുന്നില്ലെങ്കിലും വെള്ളിയും ശനിയും രാത്രി തുണയ്ക്കായി അവിടെ ചെല്ലുമ്പോൾ കിടക്കാൻ നേരമുള്ള ലുത്തനീയകളുടെ അവസാനം ചേച്ചിയുടെ കവിളിലൂടെ ചാലിട്ടൊഴുകുന്ന നീർച്ചാലുകളും ഇടറിയ ശബ്ദവും മനസ്സ് വേദനിപ്പിച്ചിരുന്നു.

കൈകളിൽ അമർത്തിപ്പിടിച്ച് കൂടെയുണ്ടെന്നും കരയേണ്ടെന്നും മൗനമായി ഇരിക്കാനല്ലാതെ ഉള്ളുരുകി കരയുന്നവരുടെ ഒപ്പം കരയാനോ ആശ്വസിപ്പിക്കാനോ അന്നും എനിക്കറിയില്ലായിരുന്നു.

ഞായറാഴ്ച്ച വൈകുന്നേരത്തോടെ മടങ്ങിവരുന്ന ചേട്ടൻ മടങ്ങിവന്നാലും വലിഞ്ഞുമുറുകിയ മുഖത്തോടെ അപൂർവമായി ചേച്ചിയോട് പോലും മിണ്ടാതെയിരിക്കുന്നതും ദേഷ്യപെടുന്നതും കാണാം..അന്ന് പതിവുള്ള പുഞ്ചിരിത്തിളക്കമോ സന്തോഷമോ ചേച്ചിയുടെ കണ്ണുകളിൽ കാണാറില്ല പകരം ചുവന്ന വരകളുടെ ചിത്രപ്പണികളെ മറച്ച് ‌മിഴിക്കോണിലൊരു നീർത്തിളക്കം പെയ്യാൻ വെമ്പി നിൽപ്പുണ്ടാകും.

ഓടിട്ട വീടായതുകൊണ്ട് വീടിനുള്ളിലെ ഒച്ചയും ബഹളവും അപ്പുറമുള്ളവർ കേൾക്കുമെന്നത് കൊണ്ടാകാം പതിവുള്ള സംസാരം പോലും അന്നാ വീട്ടിൽ നിന്നും ഉയരില്ല.

അങ്ങനെ മാസങ്ങൾ കടന്നുപോയി ഒരു ദിവസം വൈകുന്നേരത്തോടെ അമ്മായി വന്ന് അമ്മയോട് എന്തോ പറയുന്നതും ആശ്ചര്യഭാവത്തിൽ അമ്മ അമ്മായിയെ നോക്കി നിൽക്കുന്നതും ഞാൻ കണ്ടു. അന്ന് രാത്രി അപ്പ വരാൻ വൈകിയിട്ടും അമ്മായിയും അമ്മമ്മയും അമ്മയും ചർച്ചയിൽ തന്നെ ആയിരുന്നു. അപ്പ എത്തി കുളിച്ച് ചോറുണ്ണാൻ ഇരിക്കുന്നതിനും മുൻപേ അമ്മമ്മ വന്ന് അതുവരെയുമുള്ള ചർച്ചാവിഷയം അറിയിച്ചു.

വാടകപണം വാങ്ങുന്നതും വാടകക്കാരുടെ ഉത്തരവാദിത്തവും അമ്മാമയുടെ അധികാരപരിധി ആയിരുന്നെങ്കിലും വാടകക്കാരുടെ പ്രശ്നങ്ങളിൽ മകനെയും കൂടി വലിച്ചിറക്കാറുള്ളത് പതിവാണ്.

” ആ എനിക്കറിയാമായിരുന്നു.. അയാളെന്നോട് ഒരു ദിവസം കാര്യങ്ങൾ പറഞ്ഞിരുന്നു. അതൊന്നും അമ്മ നോക്കണ്ട ഇവിടെ അവർ പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ലല്ലോ അവര് എങ്ങനേം ജീവിച്ചോട്ടെ അമ്മക്ക് വാടക കൃത്യം കിട്ടുന്നില്ലേ? അതിന്റെ വരുംവരായ്കൾ അവര് തന്നെ ഏറ്റെടുത്തോളും നമ്മളായി ഒന്നിലും പോയി ചാടണ്ട.”

കുറച്ചുനേരത്തെ സംസാരത്തിനു ശേഷം അവർ അപ്പുറത്തേക്ക് പോയി..നിലത്തിരുന്ന് ഉണ്ണുന്നതിനിടയിൽ അടുത്ത് വന്നിരുന്ന അമ്മയോട് അപ്പ അറിഞ്ഞ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടായിരുന്നു.

വർഗീസേട്ടന്റെ രണ്ടാം ഭാര്യയാണ് സിസിലിചേച്ചി. ആദ്യഭാര്യയും രണ്ട് പെൺമക്കളും നാട്ടിലെ വീട്ടിൽ താമസമുണ്ട്. കുടുംബക്കാർക്ക് ആർക്കും തന്നെ ഈ രണ്ടാം ബന്ധത്തെക്കുറിച്ച് അറിയില്ല.

ആരോരുമില്ലാത്ത ചേച്ചിയെ ജോലിസ്ഥലത്തു വച്ചു കണ്ട പരിചയമാണ് ..സഹാനുഭൂതി ഒടുവിൽ ഇഷ്ടമായി, നിയമപരമായി വിവാഹമൊന്നും ചെയ്തിട്ടില്ലെങ്കിലും വർഷങ്ങളായി ഒരുമിച്ചാണ് ജീവിതം . അത് തുടരാൻ വേണ്ടിയാണ് ഇങ്ങനൊരു ചെറിയ വീടെടുത്തത്.

സർക്കാർ ജോലി ആയതുകൊണ്ട് ഈ ബന്ധം പുറത്തറിഞ്ഞാൽ ജോലിക്ക് പ്രശ്നമാകുമെന്നത് കൊണ്ടാണ് ക്വാർട്ടേഴ്‌സ് വേണ്ടെന്ന് വച്ചത് .. മാത്രമല്ല ക്വാർട്ടേഴ്സിൽ താമസമാക്കിയാൽ ഭാര്യയും മക്കളും വന്നേക്കാനും ഇത്ര നാളും മറച്ചുവച്ചത് മറ നീക്കി ഭൂകമ്പമുണ്ടാകാനും നിമിഷാർദ്ധം മതി.

ആദ്യഭാര്യ കുറച്ച് സമർത്യക്കാരിയാണ് ഭർത്താവിനെ വരച്ചവരയിൽ നിർത്താൻ ശ്രമിക്കുന്ന ഭാര്യയെ ആ വരയിൽ തന്നെയെന്ന് തെറ്റിദ്ധരിപ്പിക്കാൻ ആഴ്ചയിൽ കൃത്യമായി മക്കളെയും അവരെയും കാണാൻ ചെല്ലും എങ്കിലും അവർ അറിയാതെ തനിക്ക് ഇഷ്ടമുള്ള വരകൾ ഇഷ്ടമുള്ള ലോകത്തിൽ വരച്ച് നടക്കുന്ന ഭർത്താവ്.

ചോദിക്കാനും പറയാനും ആകെ തുണയുണ്ടായിരുന്ന അമ്മ മരിച്ചപ്പോൾ ചേച്ചിക്ക് കിട്ടിയ ഒരാശ്രയമായിരുന്നു ചേട്ടൻ.ഈ ബന്ധത്തിൽ മക്കളുണ്ടായാൽ അയാൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളോർത്ത് മക്കൾ വേണ്ടെന്നവർ തീരുമാനിച്ചു .

തൊട്ടപ്പുറത്തെ മുറിയിലിരിന്ന് ഇതെല്ലാം കേട്ടുകൊണ്ടിരിക്കുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പന്ത്രണ്ട് വയസ്സുകാരിയിരുന്ന് തല പുകഞ്ഞു. ഒരു ഭാര്യയുണ്ടെന്ന് അറിഞ്ഞിട്ടും കൂടെ താമസിക്കുന്ന ചേച്ചിയാണോ തെറ്റുകാരി അതോ ഭാര്യയെ മറച്ച് ഇനിയൊരു ബന്ധം കൊണ്ടുനടക്കുന്ന ചേട്ടനോ?

അന്ന് ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും ആരുമില്ലാത്തവൾക്ക് ഒരു തുണ നൽകിയ ചേട്ടനും..ആശ്രയം തന്നവന്റെ കുടുംബം തകർക്കാനോ അവകാശം സ്ഥാപിക്കാനോ ശ്രമിക്കാത്ത ചേച്ചിയും എന്റെ കുഞ്ഞുമനസ്സിൽ തെറ്റുകാരായിരുന്നില്ല.

ഒരു പക്ഷെ ഞാനായിരുന്നെങ്കിലോ ആ ഭാര്യ എന്ന ചിന്തയാകാം തന്റെ ഭർത്താവിൽ വേറൊരുവൾ അവകാശം സ്ഥാപിച്ചതറിയാതെ മക്കളെ പഠിപ്പിച്ചും കുടുംബകാര്യങ്ങൾ നോക്കിയും ജീവിക്കുന്ന ഇതുവരെയും കാണാത്ത കഥാപാത്രമായ വർഗീസേട്ടന്റെ ഭാര്യയോട് ചേർന്ന് നിന്ന എന്റെ അമ്മയുടെ മനസ്സ് പിന്നെ ചേച്ചിയോട് പഴയ അടുപ്പമൊന്നും കാണിച്ചിരുന്നില്ല.

കുറച്ച് മാസങ്ങൾക്ക് ശേഷം ചേട്ടന് സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടാൻ ചാൻസുണ്ടെന്നും അതുകൊണ്ട് ചേച്ചിക്കായി അദ്ദേഹം ഇത്തിരി സ്ഥലവും ചെറിയ വീടും വാങ്ങാൻ പോകുകയാണെന്നും അറിയിച്ചു.

ഇതുവരെയും സിസിലിക്കായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ശമ്പളത്തിലെ ഒരു സംഖ്യ ഭാര്യ അറിയാതെ മാറ്റിവച്ചതെടുത്ത് ചേച്ചിക്കുള്ള കാര്യങ്ങൾ ചെയ്യണമെന്നുമൊക്കെ ചേട്ടൻ പറയുന്നുണ്ടായിരുന്നു.

ട്രാൻസ്ഫർ ആകും വരെ വീട്ടിൽ നിന്ന് ട്രെയിനിൽ ദിവസവും ജോലിക്ക് വന്നുപോയാൽ മതിയെന്നാണ് ഭാര്യ നിർദ്ദേശിച്ചത് അതുകൊണ്ട് അങ്ങോട്ടേക്ക് മാറും മുൻപേ ചേച്ചിക്കു വേണ്ടി ഒരു സ്ഥലം കണ്ടെത്തി രെജിസ്ട്രേഷൻ നടത്തണമെന്നാണ് ആഗ്രഹം.

അർഹതയുള്ളതാണോ അവകാശമുള്ളതാണോ മറ്റുള്ളവരെ ഒളിച്ചും മറച്ചും ഭിക്ഷയായി ലഭിക്കുന്ന ആനുകൂല്യങ്ങൾ നിവൃത്തികേട്‌ കൊണ്ട് സ്വീകരിക്കുന്ന അവസ്ഥ ആലോചിച്ചാകാം ചേച്ചിയുടെ ശിരസ്സ് താണിരുന്നു.

പിറ്റേ ആഴ്ച്ച ചേച്ചിയെ അകന്നയേതോ ഒരു ബന്ധുവീട്ടിൽ കൊണ്ടാക്കി ആ മാസം അവസാനം ചേട്ടൻ വീടൊഴിഞ്ഞു. അടുത്തുള്ള വീടുകളിൽ വിവരങ്ങളെല്ലാം അറിഞ്ഞിരുന്നത് കൊണ്ടാകാം പരിഹസിക്കുന്ന കണ്ണുകളെ കാണാനോ യാത്ര പറയാനോ സാഹചര്യമുണ്ടാക്കാതെ ചേച്ചി പോയി.

അവരെപ്പറ്റി വർഷങ്ങളോളം ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു. പിന്നൊരിക്കൽ വർഗീസേട്ടനെ ടൗണിലെ ഓഫിസിൽ കണ്ടെന്നും എപ്പോഴെങ്കിലും സമയമുള്ളപ്പോൾ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ടെന്നും അപ്പ പറഞ്ഞു.

ചേച്ചിക്കായി വീടും സ്ഥലവും വാങ്ങാൻ ഇതുവരെയും കഴിഞ്ഞില്ലെന്നും ശമ്പളമെല്ലാം കൃത്യമായി ഭാര്യയെ ഏല്പിക്കേണ്ടതുള്ളതുകൊണ്ട് അതിൽനിന്നും മറിക്കാനോ അവരെ മറച്ച് എന്തെങ്കിലും ചെയ്യാനോ ഭയമാണെന്നും സാവകാശം എന്തെങ്കിലും ചെയ്യണമെന്നും ചേട്ടൻ സങ്കടത്തോടെയാണ് പറഞ്ഞതെങ്കിലും ഇതുവരെയും എല്ലാരേയും ഒളിപ്പിച്ച് കൊണ്ടുനടന്ന് ഒടുവിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് അയാൾ മനപ്പൂർവം ഒഴിഞ്ഞുമാറുന്നതാണോയെന്ന് അപ്പ അരിശം പൂണ്ടു.

ഇപ്പോഴും ബന്ധുവീട്ടിലുള്ള സിസിലി ചേച്ചിയെ മാസത്തിലൊരിക്കലോ മറ്റോ പോയി പുള്ളി കാണാറുണ്ടെന്നുമാണ് അറിഞ്ഞതെന്ന് അപ്പ പറഞ്ഞതും “പാവം സിസിലി “എന്ന് അമ്മ ദീർഘനിശ്വാസം വിടുന്നത് ഞാൻ കണ്ടു.

നാലാളെ അറിയിക്കാൻ കഴിയാത്ത പകരക്കാരിയെന്ന സ്ഥാനമാണെന്ന് അറിഞ്ഞിട്ടും താലോലിക്കാൻ ഒരു കുഞ്ഞിനെ കൊടുക്കാതിരുന്നിട്ടും അയാളെ അവർ ജീവനായാണ് കരുതുന്നത്.

വന്നു ചേർന്ന ജീവിതമോ തിരഞ്ഞെടുത്തതോ എന്തായാലും അവരുടെ ഇപ്പോഴുള്ള ഒറ്റപെടലോർത്ത് ചേച്ചിയോടുണ്ടായിരുന്ന അമ്മയുടെ നീരസം മാറുന്നതും പതിയെ എഴുത്തുകൾ അയക്കാൻ തുടങ്ങുന്നതും വിശേഷങ്ങൾ കൈമാറുന്നതും ഞാൻ കണ്ടു.

അപ്രതീക്ഷിതമായാണ് ഒരു ദിവസം വർഗീസേട്ടൻ വീട്ടിലേക്ക് കയറിവന്നത് ചേച്ചിയുടെ കാര്യങ്ങൾ എങ്ങനെയോ വീട്ടിലറിഞ്ഞെന്നും അതിന്റെ പേരിൽ ഭാര്യയും മക്കളും അദ്ദേഹത്തോട് വഴക്കാണെന്നും ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ പോലും സാധിക്കാത്ത വിധം കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞെന്നും സങ്കടപ്പെട്ടു.

കാരണങ്ങൾ എന്ത് തന്നെ ആയാലും സങ്കടമോ ആവലാതികളോ വിശദീകരണങ്ങളോ കൊണ്ട് മനുഷ്യന്റെ ആവശ്യങ്ങൾ നടക്കില്ലെന്നും ഒരൊഴിവും പറയാതെ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ വേണ്ട കാര്യങ്ങൾ ചേച്ചിക്ക് ചെയ്തുകൊടുക്കണമെന്നും അതിൽ നിന്നും ഒഴിഞ്ഞുമാറരുതെന്നും ഉറച്ച സ്വരത്തിൽ അറിയിച്ച അമ്മയെ അന്നയാൾ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ കണ്ടു.

കടുത്ത മാനസിക സമ്മർദ്ദത്തിലും വിഷമത്തിലും കൂടിയാണ് കടന്നുപോകുന്നതെന്ന് ചേട്ടന്റെ ഓരോ ചേഷ്ടകളും അന്ന് വ്യക്തമാക്കുന്നുണ്ടായിരുന്നു.

രണ്ടാഴ്ചക്ക് ശേഷം ചേച്ചിയുടെ ഒരു ഫോൺ കാൾ അമ്മയെത്തേടി തൊട്ടപ്പുറത്തെ വീട്ടിലേക്ക് വന്നു.

പതിവില്ലാതെയുള്ള വിളി എന്താകുമെന്നോർത്ത് ഫോണെടുത്തതും ഹാർട്ട് അറ്റാക്ക് ആയി ചേട്ടൻ ജോലിസ്ഥലത്ത് മരണപ്പെട്ടെന്നും അവസാനമായി ഒന്ന് കാണുവാൻ പോലും വീട്ടിലേക്ക് കയറ്റാതിരുന്നതും പള്ളിയിൽ ചെന്ന അവരെ അർഹതയില്ലാത്തവളെന്നും വേ ശ്യയെന്നും ആക്ഷേപിച്ച് ചേട്ടന്റെയും ഭാര്യയുടെയും ആളുകൾ ആട്ടിപായിച്ചതുമെല്ലാം തേങ്ങലോടെയുള്ള ഇടറിയിടറിയുള്ള ചേച്ചിയുടെ സ്വരം കേട്ടിട്ടാകാം അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

പിറ്റേന്ന് ചേച്ചിയെ കാണാൻ പോയ അമ്മ വൈകുന്നേരമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ആശ്വസിപ്പിക്കാൻ പോയവളെ അതിലും തകർന്ന് കണ്ട ചിത്രം .. അമ്മയോട് ഞാൻ കാര്യങ്ങൾ തിരക്കി.

ആരോരുമില്ലാത്ത ചേച്ചി എങ്ങനെയോ ചേട്ടനുമായി ഇഷ്ടത്തിലായതും ഉപാധികളൊന്നുമില്ലാതെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതും അന്നത്തെ സാഹചര്യങ്ങളാണ്. ചേച്ചിയുടെ സ്വന്തം പേരിലുണ്ടായിരുന്ന സ്ഥലം വിറ്റ പണം കൂടി ഉപയോഗിച്ച് പണിതീർത്ത വീട്ടിൽ ചേട്ടന്റെ ഭാര്യയും മക്കളും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ട് ഒരിക്കൽ പോലും വേദന തോന്നിയിട്ടില്ല പ്രാണനേക്കാൾ പ്രിയമാക്കി സ്നേഹിച്ചവന് വേണ്ടി ചെയ്തതതൊന്നും പകരം പ്രതീക്ഷിച്ചിട്ടല്ല.

അഭയാർഥിയായി ബന്ധുവീട്ടിൽ കുറ്റപ്പെടുത്തലുകൾക്കിടയിലും ജീവിക്കുമ്പോഴും ഒന്ന് ചേർത്ത് പിടിക്കാനും ഒരു ആശ്രയത്തിനുമായി ഒരു കുഞ്ഞിനെപോലും അദ്ദേഹം തന്നില്ലല്ലോ എന്നായിരുന്നു ചേച്ചിയുടെ നെഞ്ചുരുകിയുള്ള സങ്കടം.

ഹൃദയം നിറഞ്ഞു നൽകിയ സ്നേഹത്തിന് പകരമായി വീടോ അവകാശമോ ഒന്നും ആവശ്യപ്പെട്ടില്ല ആഗ്രഹമുണ്ടെന്ന് അറിയിച്ചിട്ടും കൊഞ്ചിക്കാനും സ്നേഹിക്കാനും അനാഥയാകാതിരിക്കാനും ഒരു കുഞ്ഞിനെ തന്നാൽ അദ്ദേഹമെന്ന അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി അത് മാറിയേക്കുമെന്ന് പുള്ളി ഭയന്നിരുന്നു..

ഒരു പരാതിയും പറയാതെ മക്കളുണ്ടാകാതിരിക്കാനുള്ള ഓപ്പറേഷൻ അയാളുടെ നിർബന്ധപ്രകാരമാണ് അവർ നടത്തിയത് .. ഭിക്ഷപോലെ കൊടുക്കുന്ന ജീവിതവും ആനുകൂല്യങ്ങളും മാറി ഒരു കുഞ്ഞ് ജനിച്ചാൽ അതിനെ ഉയർത്തിപ്പിടിച്ച് അവകാശങ്ങൾക്കായി ചേച്ചി കുടുംബത്തിൽ അധികാരത്തോടെ കയറിവന്നേക്കുമോയെന്ന ഭയമായിരുന്നു സ്നേഹത്തേക്കാൾ അയാളെകൊണ്ടത് ചെയ്യിപ്പിച്ചത്.

തന്റെ സ്നേഹവും കരുതലും ഒരിക്കലും കാപട്യമല്ലായിരുന്നെന്നും ജീവിതസൗകര്യങ്ങൾക്കോ അവകാശങ്ങൾക്കോ വേണ്ടി അദ്ദേഹത്തോടൊപ്പം ജീവിച്ചിട്ടില്ലെന്നും എന്നെങ്കിലും അദ്ദേഹമത് മനസിലാക്കുമെന്നും നിഷ്കളങ്കമായി തന്നെ തിരികെ സ്നേഹിക്കുമെന്നതും സ്വപ്നമായിത്തീർന്നെന്ന അവരുടെ നെഞ്ച് പൊടിയുന്ന വേദനയും നൊമ്പരവും അമ്മയുടെ വാക്കുകളിലൂടെ ഞാനും കണ്ടിരുന്നു.

ഒരു മനസ്സും രണ്ട് ശരീരവുമായി ജീവിച്ചവർ വർഷങ്ങളോളം കൂടെക്കഴിഞ്ഞവൻ .. അവസാനമായൊന്ന് കാണാനോ ആ നെഞ്ചിലൊന്ന് വീണ് പൊട്ടിക്കരയാനോ അന്ത്യചുംബനം നൽകാനോ കഴിയാത്ത വിധം അന്യയായി ഹൃദയം നുറുങ്ങി നോക്കിനിക്കേണ്ടവളുടെ ഗതികേടിലും നോവിലും ഞങ്ങളും ഉരുകിയൊലിച്ചു.

അവിഹിതമെന്നോ സംബന്ധക്കാരിയെന്നോ വേശ്യയെന്നോ എന്ത് പേര് ചൊല്ലി വിളിച്ചാലും കൂടെക്കഴിഞ്ഞ ആണൊരുത്തന്റെ മരണശേഷം അയാളുടെ ശവശരീരം ഒന്ന് കാണാൻ പോലും സമ്മതിക്കാതെ ആട്ടിയോടിച്ചതിന് ന്യായമെത്രെ നിരത്തും.

ആദ്യഭാര്യയോടും മക്കളോടുമുള്ള കടമകൾക്ക് പ്രാധാന്യം നൽകിയ ചേട്ടൻ ചേച്ചിയോടുള്ള കടമകൾക്കും ഉത്തരവാദിത്തത്തിനും പുല്ലുവില നൽകി എങ്കിലും പകരമൊന്നും പ്രതീക്ഷിക്കാതെ സ്വന്തമായുള്ളത് പോലും പ്രിയപെട്ടവന് വേണ്ടി ത്യജിച്ച് അനാഥയായി ഹൃദയവേദനയോടെ ജീവിക്കാനുള്ള യോഗം ഒരുപക്ഷെ ദൈവമവർക്കായി തീരുമാനിച്ചിരുന്നിരിക്കാം.

പകരക്കാരിയെന്ന് ജനം പേര് ചൊല്ലി വിളിച്ചാലും ഭാര്യയെന്ന പേരിൽ തന്നെ അവരുടെ സ്നേഹത്തെ വിശുദ്ധമെന്ന് വിശേഷിപ്പിക്കാനായിരുന്നു ചേച്ചിക്കിഷ്ടം..

തിരിച്ചു കിട്ടാത്ത സ്നേഹവും ആദരവും വിശ്വാസവും വേദനിപ്പിക്കുന്നതായിട്ട് കൂടി വർഗീസേട്ടന് പകരം വേറൊരാളെയും ചേച്ചി ജീവിതത്തിലേക്ക് കൂട്ടിയില്ല.

സർവിസിലിരിക്കെ മരണപെട്ടതുകൊണ്ട് ചേട്ടന്റെ മരണശേഷമുള്ള അവകാശങ്ങൾക്കും പണത്തിനും ആനുകൂല്യങ്ങൾക്കുമായി പെണ്മക്കളും അമ്മയും പോർവിളികൾ നടത്തി പരസ്പരം പോരാടി എല്ലാം പങ്കിട്ട് നേടിയെടുത്തു.

ഒന്നും പ്രതീക്ഷിക്കാതെ ചേട്ടന് വേണ്ടി ആണ്ടുകുർബാന നടത്തിയും ആത്മാവിന്റെ നിത്യശാന്തിക്കായി ഒപ്പീസ് ചൊല്ലിപ്പിച്ചും മനസ്സുരുകി പ്രാർത്ഥിച്ചും കരിയിലകൾ പൊഴിഞ്ഞ് പുല്ലുവളർന്നു കിടക്കുന്ന ആ കല്ലറക്കരികിൽ അനാഥാലയത്തിൽ നിന്നുമെത്തുന്ന സിസിലി ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സ്നേഹകച്ചവടത്തിന്റെ ലാഭനഷ്ടക്കണക്കുകളെടുത്ത് കടമകളും ഉത്തരവാദിത്തങ്ങളും നിരത്തി തിരിച്ചുകിട്ടാത്ത സ്നേഹത്തിന് വേണ്ടിയും നല്കാൻ സാധിക്കാതിരുന്ന സ്നേഹത്തിന് വേണ്ടിയും പരാതിയും പരിഭവവും ചൊല്ലി നിരർത്ഥമായി കണ്ണീരൊഴുക്കുന്ന ഈ ലോകത്ത് തന്നെയാണ് തിരികെ ലഭിക്കില്ലെന്നറിഞ്ഞും പ്രിയപ്പെട്ടവരെ പ്രാണനായി നെഞ്ചിലേറ്റി സ്വാർത്ഥരല്ലാത്ത സിസിലി ചേച്ചിയെപ്പോലുള്ളവരും ജീവിക്കുന്നത്.

ലിസ് ലോന ✍️

അവർ തിരഞ്ഞെടുത്ത ജീവിതം തെറ്റോ ശരിയോ എന്നതല്ല ഇങ്ങനെയും മനുഷ്യരുണ്ട് സ്വാർത്ഥതയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ഉരുകിത്തീരുന്ന ജീവിതവുമായി..