ഒരു ചിരിയോടെ അയാള് കൊണ്ടു വന്ന തേൻ നിലാവും ഉണ്ണിയപ്പവും അവള് രുചിച്ചു…

എഴുത്ത്: ജിഷ്ണു

=============

അയാൾക്ക് പോസ്റ്റ്മാഷായി കിട്ടിയ ആദ്യ ജോലി അല്പം ദൂരെയുള്ള കവിയൂർ ഗ്രാമത്തിലായിരുന്നു…

“പുതിയ സ്ഥലവും ജോലിയുമല്ലെ, ഇന്ന് ഈ നാടൊക്കെ ഒന്ന് ചുറ്റി നടന്നു കണ്ടിട്ട് വാ” എന്ന പോസ്റ്റോഫീസിലെ രാഘവൻ മാഷിൻ്റെ വാക്കിൻ്റെ പുറത്ത് അയാള് വെറുതെ നാട് കാണാനിറങ്ങി…

നാട് ചുറ്റാനായി ഇറങ്ങിയ അയാളുടെ കൈയ്യിൽ ഒരെഴുത്ത് കൊടുത്തിട്ട് രാഘവൻ മാഷ് പറഞ്ഞു,

‘ഇത് പോകുന്ന വഴി മനയ്ക്കലെ വീട്ടിൽ ഏൽപ്പിച്ചാൽ മതി… ആരോട് ചോദിച്ചാലും മനയ്ക്കലെ വീട് കാണിച്ചു തരും…’

ഒന്ന് ചിരിച്ചു കൊണ്ട് അയാളാ എഴുത്ത് വാങ്ങി നടന്നു… ജോലി കുപ്പായം ഇല്ലെങ്കിലും തൻ്റെ തൊഴിലിൻ്റെ തുടക്കമാണ്…

ആ ഗ്രാമം അയാൾക്ക് അതിമനോഹരമായി തോന്നിച്ചു… ചില ഇടവഴികൾ ഭീകരമായും തോന്നിച്ചു…

വഴിയിൽ ഒരാളോട് മാത്രമേ മനയ്ക്കലെ വീട് ചോദിച്ചുള്ളു…ഒരു നാലുകെട്ടിനോട് സാദൃശ്യമുള്ള ആ വീട്ടിലേക്ക് ചുറ്റിലും ഇടം കണ്ണിട്ടു നോക്കിയാണ് അയാള് ചെന്നത്…

“ആരൂല്ലേ ഇവിടെ…! ഒരെഴുത്ത് ഉണ്ടായിരുന്നു….”

അയാളുടെ വിളി കേട്ട് പ്രായം ചെന്നൊരു സ്ത്രീ വീടിൻ്റെ തെക്ക് വശത്തു നിന്നും വന്നിട്ട് ചോദിച്ചു,

‘ ആരാ…?’

” ഞാൻ ഇവിടുത്തെ പുതിയ പോസ്റ്റ്മാനാണ്… ഈ വിലാസത്തിൽ ഒരു കത്തുണ്ട്…”

‘ അവിടെ വടക്ക് വശത്തെ ജനാലയ്ക്കരുകിലേക്ക് ചെന്നാ മതി…ഭദ്രമോളുണ്ട് അവിടെ… ഭദ്രയുടെ അച്ഛൻ ഇവിടില്ല…’

അത് കേട്ട് ഒരത്ഭുതത്തോടെ അയാള് കൈയ്യിൽ ചുരുട്ടി പിടിച്ച എഴുത്തുമായി വടക്കു വശത്തേക്ക് നടന്നു…

തുറന്നു കിടക്കുന്ന ജനലിലൂടെ അയാള് മുറിയിലേക്ക് എത്തി നോക്കി… അവിടെ അയാള് കണ്ടത് ഒരു പെൺരൂപത്തെയാണ്… കെട്ടി വെച്ച ജട പിടിച്ച മുടിയും, വരണ്ട ചുണ്ടുകളും, പഴക്കം ചെന്നൊരു മൂക്കുത്തിയും അണിഞ്ഞ ഒരു ക്ലാവ് പിടിച്ച പെൺരൂപം…

” ഒരെഴുത്തുണ്ട്…!”

അവള് അയാളെ ഒന്ന് നോക്കിയതിനു ശേഷം മുഖഭാവ വ്യത്യാസമില്ലാതെ എഴുത്തിനായി കൈ നീട്ടി…

ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് അയാള് എഴുത്ത് നൽകി തിരിച്ച് നടന്നു… ഒരു ചെറു ജനൽപാളിയിലൂടെ കണ്ട ആ പെണ്ണിൻ്റെ മുറി അയാളിൽ തികട്ടി വന്നു…

പിറ്റേന്ന് ഒരത്ഭുതത്തോടെ, ചിരിയോടെ അയാളുടെ ജോലി തുടർന്നു…അതിനിടയിൽ പലകുറി മനയ്ക്കലെ വീട്ടിലേക്ക് എഴുത്തുകൾ കൊടുക്കാൻ അയാള് ചെന്നിരുന്നു…വീടിനുള്ളിൽ അടച്ചിരിക്കുന്ന ആ പെണ്ണിനെ ചിലപ്പോഴൊക്കെ ഒരു എഴുത്ത് കൈമാറ്റത്തിലൂടെ കാണാറുണ്ട്…

ചുരുണ്ട മുടിയുള്ള, എപ്പോഴും മുഖത്തൊരു പുഞ്ചിരിയുള്ള ആ തപാലുകാരൻ അന്നാട്ടിലെ ആളുകളുടെ പ്രിയപ്പെട്ടവനായി…

ഇടവേളകളിൽ പോയിരുന്ന വായശാലയിൽ അയാള് ഒരു വൈകുന്നേരം ചെന്നിരുന്ന് ഓരോ പുസ്തകങ്ങളും താളുകളായി മറിച്ചു നോക്കി കൊണ്ടിരുന്നു…അവിടെ ഇരുന്നുള്ള വായന മാത്രമുള്ള അയാള് പതിവില്ലാതെ ഒരു പുസ്തകം വീട്ടിലേക്ക് കൊണ്ടു പോകാനായി എടുത്ത് പേരും വിലാസവും എഴുതാനായി കൊടുത്തു…

വായനശാലയിലെ മേൽനോട്ടക്കാരനായ, ഒരിക്കൽ പോലും ചിരിച്ച് കണ്ടിട്ടില്ലാത്ത ആ മനുഷ്യൻ അന്നാദ്യമായി ചിരിച്ച് കൊണ്ട് അയാളോട് പറഞ്ഞു,

‘ ആഹാ കൊള്ളാലോ, ഇന്ന് പതിവില്ലാതെ എടുത്ത പുസ്തകം അസ്സലാണ്… മനയ്ക്കലെ കുട്ടി എഴുതിയ പുസ്തകമാണ്…’

” മനയ്ക്കലെ കുട്ടിയോ…?”

‘ അതെ, അവിടുത്തെ ഭദ്ര എഴുതിയതാണ്… വായിച്ചു നോക്കൂ…മനോഹരമാണ്, സുന്ദരമാണ്, വേദനയാണ്…’

ചിരിക്കാത്ത മനുഷ്യൻ്റെ അവളെ പറ്റിയുള്ള വാക്കുകൾ അയാള് തൻ്റെ നെഞ്ചില് ഒരിടത്ത് സൂക്ഷിച്ച് കൊണ്ട് വീട്ടിലേക്ക് നടന്നു…

വീട്ടിലെത്തി അന്നത്തെ രാത്രി മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ അയാളാ പുസ്തകം തുറന്നു വായിച്ചു…മനയ്ക്കലെ ഭദ്രയുടെ ഓർമ വെച്ച നാള് മുതലുള്ള ചെറു ജീവിതം വാക്കുകൾ കൊണ്ട് വരച്ചിട്ട പുസ്തകം…

വായനശാലയിലെ ചിരിക്കാത്ത മനുഷ്യൻ പറഞ്ഞത് പോലെ മനോഹരമായ, സുന്ദരമായ, വേദനയുള്ള ഭദ്രയുടെ പകർപ്പ്…

അടുത്ത ദിവസം തപാലാപ്പീസിൽ ജോലിക്കായി ചെന്നപ്പോ തനിക്ക് കൊണ്ടു പോകാനായി ഒരടുക്ക് എഴുത്തുകൾ മേശയിൽ ഉണ്ടായിരുന്നു…ചിരിച്ചു കൊണ്ട് അയാളാ എഴുത്ത് കെട്ടുകൾ എടുത്ത് കൊണ്ട് ഇറങ്ങി…

കത്തുകൾ കൊണ്ട് നാടു നീളെ നടക്കുന്ന സമയം ഭദ്രയുടെ വീടിന് മുന്നിലൂടെ പോകലുണ്ടായി…അവിടെയെത്തി എഴുത്ത് സഞ്ചിയിൽ ഒന്ന് തപ്പി നോക്കി…

“ഇല്ല ഇവിടേക്ക് എഴുത്തൊന്നും ഇല്ല…”

എങ്കിലും അയാള് അവിടേക്ക് കയറി ചെന്നു… വീടിൻ്റെ വടക്കു വശം എത്തി നോക്കിയാണ് ചെല്ലുന്നത്…

‘ഇന്നും എഴുത്തുണ്ടോ…?’

ചോദ്യ ശബ്ദം കേട്ട് അയാള് ഉമ്മറത്തേക്ക് ഒന്ന് നോക്കി…സ്വല്പം പ്രായം ചെന്നൊരാള്…ഭദ്രയുടെ അച്ഛൻ…

ഒരു ചിരിയോടെ തന്നെ അയാളൊരു നുണ പറഞ്ഞു…

“ഉണ്ട് ഒരെഴുത്ത് ഉണ്ട്…;”

‘പതിവ് അറിയാലോ…! നേരിട്ട് കൊടുത്താ മതി…’

അത് കേട്ട് വീണ്ടും ഒരു ചിരിയോടെ അയാള് എഴുത്ത് സഞ്ചിയും തൂക്കി ജനാലക്കരുകിലേക്ക് നടന്നു…

പാതി തുറന്നു കിടക്കുന്ന ദ്രവിച്ച് തുടങ്ങിയ ജനാല മുഴുവനായി തുറന്നു…അയാള് അവളെയൊന്ന് നോക്കി…

അയാളെ കണ്ട ഭദ്ര കണ്ണ് ചുരുക്കി കൊണ്ട് ചോദിച്ചു, ” ഇന്നും എഴുത്ത് ഉണ്ടല്ലേ…?”

‘ഇല്ല, ഞാൻ ഞാൻ വെറുതെ വന്നതാ…; ഒരു ചെറിയ കാര്യം പറയാൻ മാത്രം…!!’

“ചെറിയ കാര്യമാണെങ്കിൽ ഇത്രയും പരിഭ്രമിക്കേണ്ട…പറയൂ…”

‘ഞാൻ ഇന്നലെ ഭദ്രയുടെ പുസ്തകം വായിച്ചിരുന്നു…ഈ വീടും, ചുറ്റുപാടും, നാട്ടുകാരും, ദുഃഖവും, ആഗ്രഹവും അങ്ങനെ എന്തൊക്കെയോ ഉള്ളൊരു പുസ്തകം… ‘

“ദാ ഈ എഴുത്തുകൾ കണ്ടോ…; എൻ്റെ പുസ്തകം വായിച്ച് അഭിപ്രായം എഴുതി അയക്കുന്നതാണ്… വന്നിട്ട് ഇത്രയും ദിവസത്തിനുള്ളിൽ ഈ പുതിയ തപാലുകാരൻ ഇവിടേക്ക് ഒരുപാട് എഴുത്തുകൾ കൊണ്ട് വന്നിട്ടില്ലേ…!”

‘ഉണ്ട്…ചോദിക്കണം എന്നുണ്ടായിരുന്നു, മടുപ്പ് തോന്നുന്നില്ലേ ഇങ്ങനെ എഴുത്തുകൾ വരുന്നത് കൊണ്ട്…?’

“ആദ്യം വല്ലാത്തൊരു ഇഷ്ടമായിരുന്നു…എൻ്റെ വാക്കുകൾക്ക് കിട്ടുന്ന മറു കുറിപ്പ് വായിക്കാൻ നല്ല ഇഷ്ടായിരുന്നു… പിന്നീട് ഞാനെഴുതിയ എൻ്റെ അക്ഷരങ്ങൾ ഞാൻ തന്നെ വെറുത്തു… കാരണമില്ലാത്ത വെറുപ്പ്…;”

‘ അങ്ങനെയാവട്ടേ… അല്ല ഈ ജനാലക്കരുകിൽ തന്നെയിരിക്കാൻ എന്താ ഇത്രയിഷ്ട്ടം…?’

” എനിക്കൊരു വലിയ ആഗ്രഹമുണ്ട്…എൻ്റെ ആ വല്യ ആഗ്രഹം ഞാൻ എഴുതാൻ വേണ്ടിയാ എപ്പോഴും ഇവിടെയിരിക്കുന്നത്…പകുതിയിൽ കൂടുതൽ എഴുതി കഴിഞ്ഞു…”

‘ ഭദ്രയുടെ മൂക്കുത്തി തുരുമ്പിച്ച പോലെ…!’

” മൂക്കുത്തി മാത്രമല്ല, ഞാനും…പതിനഞ്ച് വയസ്സിന് ശേഷം ഞാൻ നടന്നിട്ടില്ല… ദാ ഇതൊരു ഉരുളുന്ന കസേരയാണ്… സിറ്റിയിലെ ഡോക്ടർമാർ എൻ്റെ തലയിലെ അസുഖത്തിന് എന്തോ വല്യ പേര് പറഞ്ഞ് അച്ഛനെ പേടിപ്പിച്ച് വെച്ചിരിക്കുകയാ…”

എഴുത്ത് സഞ്ചിയിൽ മുറുകെ പിടിച്ച് കൊണ്ട് അയാള് ചിരിച്ചു…എന്നിട്ട് പറഞ്ഞു, ‘ ഇപ്പൊ എഴുതി കൊണ്ടിരിക്കുന്ന നിറയെ ആഗ്രഹങ്ങളുള്ള പുസ്തകം മുഴുവനായി എഴുതൂ… ഞാനിനിയും വരാം, വെറുപ്പിക്കുന്ന എഴുത്തുകളുമായി…’

അയാള് പിന്നീടും വന്നു ഭദ്രയ്ക്കുള്ള മറു കുറിപ്പടങ്ങിയ കത്തുകളുമായി…

ഒരിക്കൽ അയാളുടെ നാട്ടിൽ നിന്നും കൊണ്ടു വന്ന അല്പം പലഹാരവും കൊണ്ട് ഭദ്രയുടെ വീടിൻ്റെ വടക്കുവശത്തെ ജനലരുകിൽ ചെന്നു…

ഒരു ചിരിയോടെ അയാള് കൊണ്ടു വന്ന തേൻ നിലാവും ഉണ്ണിയപ്പവും അവള് രുചിച്ചു… ശേഷം അയാള് പോകുവാൻ നേരം ഭദ്രയൊരു വല്യ പൊതി കൊടുത്തിട്ട് പറഞ്ഞു,

” ഇത് ഞാനെഴുതിയ എൻ്റെ വല്യ ആഗ്രഹങ്ങളാണ്…ഒരിക്കലും ഇതൊരു പുസ്തകമാക്കാൻ എനിക്കിഷ്ടമല്ല…നിങ്ങളിത് വായിക്കണമെന്ന് തോന്നി…”

‘ ഞാൻ, ഞാൻ വായിക്കാം… കൂടെ നിൻ്റെ ആഗ്രഹങ്ങളും നടക്കും…’

” ഉറപ്പില്ല… അവിടെ ഉമ്മറത്തിരിക്കുന്ന അച്ഛൻ്റെ കയ്യിൽ എന്നെ ചികിത്സിക്കുന്ന ഡോക്ടർ നൽകിയൊരു കടലാസുണ്ട്… എനിക്ക് തീരെ ആയുസ് കുറവാണെന്ന്…;”

ചിരിച്ച് കൊണ്ട് മരണത്തെ പറ്റി പറയുന്ന ഭദ്രയെ അയാള് വെറുതെ നോക്കി നിന്നു…

‘ ഞാനിത് വായിക്കും… മരണം എനിക്കുമുണ്ട്, പക്ഷേ ഭദ്രയെ പോലെ സ്വപ്നം കാണാനുള്ള കഴിവില്ല എനിക്ക്… നിൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇനിയും സ്വരുക്കൂട്ടി വെയക്ക്…’

കുറച്ച് ദിവസം കഴിഞ്ഞ് ഒരു പുലർച്ചെ അയാള് ഭദ്രയുടെ കടലാസ് കെട്ടുകൾ തുറന്നു വായിച്ചു…ആർക്കും പിടി നൽകാത്ത സ്വപ്നങ്ങൾ…

ഒറീസയെന്ന അടഞ്ഞ നഗരത്തിൻ്റെ തുറന്നു കിടക്കുന്ന ചെറു കാഴ്ചകൾ അവളുടെ അക്ഷരങ്ങളിലൂടെ വായിക്കാൻ കഴിഞ്ഞിരുന്നു അയാൾക്ക്…

***********  *********

” ഒറീസയിലെ തിരക്കൊഴിഞ്ഞ ഒരു ചെറു നഗരം…പുറമെ നിന്ന് നോക്കുമ്പോ ഭീകരമായി അനുഭവപ്പെടുന്ന ചെറു ചേരിയിൽ ഒതുങ്ങുന്ന നഗരം…

വിദ്യാഭ്യാസമില്ലാത്ത പണമില്ലാത്ത ആളുകൾ തിങ്ങിയ ഒരിടം… വശ്യമായി ചിരിക്കുന്ന മനുഷ്യർ…

ഭീകരമായി തോന്നിക്കുന്ന ഒറീസയിലെ ആ നഗരത്തിൽ ഇന്നേ വരെ കലാപം നടക്കാത്ത ഒരിടമായിരുന്നു… ഭയം തോന്നിപ്പിക്കുന്ന ശാന്തമായ അന്തരീക്ഷം…

അല്പം വൃത്തിശൂന്യമായ അവിടുത്തെ ചായക്കടയിൽ നിന്ന് എരിവുള്ള മസാല ചായ കുടിക്കാൻ ഒരു ചെറു ആഗ്രഹം…

ഒരിക്കലും കണ്ടിട്ടില്ലാത്ത ആദ്യമായി കണ്ടുമുട്ടുന്ന സമയം ചെറു പുഞ്ചിരി മാത്രം നൽകുന്ന ഒരു മനുഷ്യ കുടുംബത്തിൻ്റെ അതിഥിയായി ഒരു ദിവസം അവിടെ കഴിയണം എനിക്ക്…

എൻ്റെ ശീലമല്ലാത്ത അവരുടെ ഭക്ഷണം കഴിക്കണം…എൻ്റെ നാവിൽ രുചി അറിയാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ മുന്നിൽ ആസ്വദിച്ച് കഴിക്കണം…

ഇന്ന് വരെ നേരിൽ കണ്ടിട്ടില്ലാത്ത ഒറീസയിലെ ചെറു ചേരീ നഗരം മനോഹരമാണ്…ചില ലഹരിയുടെ ഗന്ധവും, പ്രത്യേക വസ്ത്രങ്ങളും, പൂക്കളും, കട്ടിയുള്ള ഭക്ഷണവും, ഈർപ്പം നിറഞ്ഞ ചില വെളുപ്പാൻ കാലവും ഞാൻ നേരിൽ കാണും…കാണാൻ ആഗ്രഹിക്കുന്നു…”

********  ********

ഒരിക്കൽ പോലും നേരിൽ കാണാത്ത ആ ചെറു നഗരത്തിൻ്റെ ചില രൂപങ്ങൾ അക്ഷരങ്ങളാക്കി വെച്ചിരിക്കുന്ന ആ കടലാസ് താളുകൾ തപാലുകാരനിൽ അത്ഭുദം സൃഷ്ടിച്ചു…അയാള് ഒരിക്കൽ കൂടി വെറുതെ ഓടിച്ചു വായിച്ചു…

“എരിവുള്ള അവിടുത്തെ മസാല ചായ കുടിക്കാൻ തോന്നിച്ചിരുന്നോ എനിക്ക്…!”

അയാളും എന്തൊക്കെയോ ചിന്തിച്ചു… ഒരിക്കലും കാണാത്ത,അറിയാത്ത ഒറീസ നഗരം ഭദ്രയുടെ വിരലുകളാൽ ചികഞ്ഞു…

വീണ്ടും ഒരു ദിവസം അയാള് ആ പെണ്ണിൻ്റെ വീട്ടിലേക്ക് ചെന്നു…പതിവ് ചിരിയോടെ ഒരെഴുത്ത് ഭദ്രയുടെ കയ്യിലേക്ക് കൊടുത്തിട്ട് പറഞ്ഞു,

‘ ഇത് നിൻ്റെ ആഗ്രഹങ്ങൾ അടങ്ങിയ കടലാസു താളിനുള്ള എൻ്റെ മറു കുറിപ്പാണ്… പതിവ് വെറുപ്പോടെ വായിച്ച് നോക്കൂ…’

അവളും പതിവ് പോലെ എഴുത്ത് വാങ്ങി… അയാള് പിന്നീട് കാണാം എന്ന് പറഞ്ഞ് തിരിച്ച് നടന്നിരുന്നു…

” നിൻ്റെ ആഗ്രഹങ്ങൾ ആശ്വാസമാണ്…നിറയെ ആഗ്രഹങ്ങൾ എഴുതൂ,ഡോക്ടർ അച്ഛന് നൽകിയ ആയുസിൻ്റെ കാലാവധി കൂടുമായിരിക്കും…” എന്ന അയാളുടെ വാക്കുകൾ അവളെ പുഞ്ചിരിക്കാൻ അനുവദിച്ചു…

ഭദ്രയുടെ പുസ്തകം കൈപ്പറ്റിയവരുടെ ആസ്വാദന വാക്കുകൾ കത്തുകളായി പിന്നെയും അവളെ തേടി വന്നിരുന്നു…പതിവു പോലെ ആ തപാലുകാരൻ കത്ത് കൈമാറാൻ മനയ്ക്കലെ വീടിൻ്റെ ജനലരുകിൽ ചെന്നിരുന്നു…

ഒരു ദിവസം രാവിലെ അയാള് ഭദ്രയുടെ ജനലരുകിൽ വന്നിരുന്നു… പതിവുള്ള കത്തുകളോ, തുണി സഞ്ചിയോ അയാളിൽ ഇല്ലായിരുന്നു…

‘ ഭദ്ര ഞാൻ പോവുകയാണ്… എൻ്റെ നാട്ടിലേക്ക് എനിക്ക് സ്ഥലമാറ്റം ആണ്…ഇവിടെ യാത്ര പറയാൻ ഭദ്രയും പിന്നെ ഒന്നുരണ്ടു പേരുമുള്ളൂ…’

” അല്ല നിങ്ങള് പെട്ടന്നങ്ങ് പോയാൽ എങ്ങനെയാ…! എനിക്ക് വരുന്ന കത്തുകളുടെ കൂടെയുള്ള ഒരു പുഞ്ചിരിയും, സ്വല്പ സംസാരവും ഇല്ലാതാവില്ലെ…?”

‘എഴുത്തുകൾ കൊണ്ടു വരാൻ മറ്റൊരാൾ…; മറ്റുള്ളതെല്ലാം ഇനി ഭൂതകാലത്തേക്ക് മാറ്റി വെയക്കൂ…’

അയാളത് പറയുമ്പോ പതിവ് ചിരിയില്ല, ജനലഴിയിൽ താളം പിടിക്കലില്ല…

“എൻ്റെ ഇന്ന് വരെയുള്ള കണ്ടുമുട്ടലുകളിൽ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് ഈ തപാലുകാരൻ്റെ  മുഖം… രുചിയോടെ കഴിച്ച ഉണ്ണിയപ്പം, തേൻ നിലാവ്…സംസാരത്തില് പിശുക്കുള്ള നിങ്ങളുടെ സ്വല്പ വർത്തമാനം…”

അയാള് അല്പ നേരം മിണ്ടാതെ നിന്നു…

‘ ഭദ്രാ ദാ ഇതെൻ്റെ നാട്ടിലെ മേൽവിലാസമാണ്… സുഖവിവരങ്ങൾ എന്ന പല്ലവിയില് എഴുതണം എന്ന് ഞാൻ പറയില്ല… ഇനിയും ഒരുപാട് ആഗ്രഹങ്ങളുടെ കലവറ നിറച്ചാൽ ഒരു പുസ്തക രൂപത്തിൽ എനിക്ക് അയക്കാൻ മറക്കരുത്… വായിക്കും, ഒരുപാട് ആശ്വാസത്തോടെ വായിക്കാൻ ഇഷ്ടമാണ് എനിക്ക്…’

അയാള് നാട്ടിലേക്ക് പോകുന്ന വഴി ആ പെണ്ണിനെ കാണാൻ ചെന്നിരുന്നു… ആ ചുരുണ്ട മുടിയുള്ള, എപ്പോഴും ചിരിക്കുന്ന അയാള് അവളെ നോക്കി പറഞ്ഞു,

‘ ഒറീസയിലെ ഇരുണ്ട നഗരത്തിലെ മസാല ചായ കുടിക്കുമ്പോ ഏരിവുണ്ടെങ്കിലും മധുരമുള്ള മുഖഭാവം  നടിക്കണം… അനുഭവങ്ങൾ എഴുതി അയക്കുമ്പോ എനിക്കും അറിയണം എരിവുള്ള മസാല ചായയുടെ രുചി…’

ചെറു ചിരിയോടെ അയാളത് പറഞ്ഞപ്പോ നാളുകൾക്ക് ശേഷം അവളും ചിരിച്ചു…

“ചിലപ്പോ എനിക്കത് അനുഭവിക്കാൻ കഴിഞ്ഞെന്നു വരില്ല… മരണം ദാ ഇവിടെ ഈ മുറിയിൽ എൻ്റെ അവശതയും നോക്കി നിൽക്കാണ്…”

വീണ്ടും അവളുടെ മറുപടി കേട്ട് അയാള് ചിരിച്ചു…

“നിങ്ങളുടെ പേര്…?”

‘ പേരിനും മുകളിൽ ചില സ്ഥാനമില്ലേ…? തപാലുകാരൻ എന്ന വിളി എനിക്കിഷ്ടമാണ്…’

രണ്ടു പേരും അല്പം മൗനം പാലിച്ചു…

‘ഞാൻ പോകുന്നു…’  എന്ന് പറഞ്ഞ് അയാള് തിരിഞ്ഞ് നടന്നിരുന്നു അപ്പോഴേക്കും…

കുറച്ച് മാസങ്ങൾക്ക് ശേഷം കുറെ ദൂരെയൊരു നാട്ടിൽ ആ തപാലുകാരൻ രാവിലെ തനിക്ക് കൊണ്ടു പോകാനുള്ള എഴുത്തുകൾ തിരയുന്ന സമയം തൻ്റെ വിലാസത്തിലേക്ക് വന്നൊരു കത്ത് ആകാംഷയോടെ  തുറന്നു…

” തപാലുകാരാ ഇത് ഞാനാണ് ഭദ്ര,

ഇവിടുത്തെ പുതിയ തപാലുകാരൻ കത്തുകൾ കൊണ്ട് വരുമ്പോ എനിക്ക് പഴയ വെറുപ്പില്ല…ആകാംക്ഷയോടെ എല്ലാ കത്തുകളും തുറന്നു വായിക്കാറുണ്ട്…പക്ഷേ നിങ്ങളുടെ ഒരു വരി പോലും കാണാറില്ല…അതിലെനിക്ക് ദുഃഖമില്ല, അതിശയമാണ്… പതിവുകൾ മടുപ്പിക്കും…ഇത് പോലെ വല്ലപ്പോഴും രണ്ടു വരി ഒരുപാട് സന്തോഷം നൽകുന്നുണ്ട് അല്ലേ…”

ഭദ്രയുടെ കുറച്ച് വാക്കുകൾ അയാളെ അല്പം പുറകിലേക്ക് ചിന്തിപ്പിച്ചു… വീണ്ടും വെറുതെ ചിരിച്ചു അയാള്… അന്ന് തന്നെ അയാള് ഒരു ചെറു മറുപടി എഴുതി അയച്ചിരുന്നു അവൾക്ക്…

കുറച്ച് ദിവസങ്ങൾക്ക് കഴിഞ്ഞ് മനയ്ക്കലെ വീടിൻ്റെ ജനാലയിൽ ഒന്ന് തട്ടിയ ശേഷം ഒരു എഴുത്ത് അവിടെ വെച്ചിട്ട് ഒരാള് തിരിഞ്ഞു നടന്നു…അവിടുത്തെ പുതിയ തപാലുകാരനാണ്…കർക്കശ മുഖമുള്ള ഒരാള്…

ഭദ്ര പുതു പതിവ് പോലെ തിടുക്കത്തിൽ കത്ത് തുറന്നു വായിച്ചു,

” അകലമാണ് കൂടുതൽ അടുപ്പമുണ്ടാക്കുന്നത്… ഒരിക്കലും മറക്കില്ല… ഭൂതകാലം ഓർമയിലുണ്ട്…ഒറീസയെന്ന സ്വപ്നവും ആഗ്രഹവും എന്നും നീ ഓർമിക്കുക…

തപാലുകാരൻ…”

ചുരുണ്ട മുടിയുള്ള അയാളെ ഓർമിച്ച് അവള് പുഞ്ചിരിച്ചു…

മാസങ്ങളുടെ അകലത്തിൽ അക്ഷരങ്ങളിലൂടെ അവര് സംസാരിച്ചിരുന്നു… അതും കുറച്ച് വാക്കുകൾ മാത്രം…പിന്നീടവ നിലച്ചിരുന്നു… ഇരു കരകളെന്ന പോലെ, ഭൂതകാലം മറവിയിൽ മൂടിയത് പോലെ കത്തുകൾ നിലച്ചു…

ഏഴ് വർഷങ്ങൾക്ക് ശേഷം അയാളുടെ ഗ്രാമത്തിലെ വീട്ടിലേക്ക് കട്ടി കടലാസിൽ പൊതിഞ്ഞൊരു കൊറിയൻ വന്നിരുന്നു…

ഈ ഏഴു വർഷക്കാലം അവര് തമ്മിൽ എഴുത്തുകൾ അയക്കാത്തതിൻ്റെയും സംസാരിക്കാത്തതിൻ്റെയും കാരണം അവർക്കിടയിൽ ചുരുങ്ങി…കാരണമില്ലാതെ അവർക്കിടയിൽ എന്തോ ഒന്ന്…!

പതിവില്ലാതെ വന്നൊരു കൊറിയർ അതിശയമില്ലാതെ അയാള് തുറന്നു…ഒരു ചെറു പുസ്തകമായിരുന്നു അത്… ചട്ടയിലെ പേര് വായിച്ചപ്പോ തന്നെ അയാൾക്ക് അത്ഭുതമായി, സന്തോഷം തോന്നിച്ചു, വെറുതെ കണ്ണുകൾ നിറഞ്ഞു…

” ഒറീസയിലെ ഞാൻ ” എന്ന പുസ്തകത്തിൻ്റെ പേര് വീണ്ടും വീണ്ടും അയാള് നോക്കി നിന്നു…

പുറം ചട്ടയിലെ ഭദ്രയുടെ ചിത്രം അയാളിൽ വർഷങ്ങൾക്ക് മുമ്പുള്ള പുഞ്ചിരി നൽകിയിരുന്നു… ഉരുളുന്ന വണ്ടിയിൽ ഭദ്രയുടെ ഇന്ന് വരെ അയാള് കാണാത്ത നിറഞ്ഞ ചിരിയുള്ള ചിത്രം…

പുസ്തകത്തിൻ്റെ ആദ്യ താളിൽ കുറച്ച് വരികൾ അയാൾക്കായി അവൾ കുറിച്ചിരുന്നു…

“എൻ്റെ മുറിയിലെ എനിക്ക് കൂട്ടിരിക്കുന്ന മരണത്തെ ഞാൻ ഏറെ ഭയപ്പെട്ടു…പോകെ പോകെ ഞങ്ങള് നല്ല കൂട്ടുകാരായി…നാളുകൾക്ക് ശേഷം എൻ്റെ കൂട്ട് യാത്ര പറഞ്ഞു പോയി, ഞാൻ തനിച്ചായി… മരണവും എന്നെ തനിച്ചാക്കി… ഈ തളർന്ന കാലുകളുമായി ഒറീസ വരെ പോകാൻ അത്രയും ധൈര്യം മതിയായിരുന്നു എനിക്ക്…നിങ്ങള് പറഞ്ഞത് പോലെ കൊറേ സ്വപ്നം കണ്ട് ഞാനും പോയി ഒറീസ വരെ…അവിടുത്തെ ഇരുണ്ട ചെറു നഗരവും, പരിചയമില്ലാത്ത മനുഷ്യരും അത്ഭുതമായിരുന്നു…”

ഒറീസയെന്ന അവളുടെ സ്വപ്നം നിറവേറിയ അനുഭവങ്ങൾ വായിക്കാൻ അയാൾക്കൊരു രാത്രിയോ പുലർച്ചയോ വേണമായിരുന്നു…

വൈകാതെ ആ നിമിഷം തന്നെ അയാള് ഭദ്രയ്ക്ക് എഴുതിയിരുന്നു…

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭദ്ര അയാളുടെ എഴുത്ത് കൈപ്പറ്റി…

“ചില അകലങ്ങൾ അന്ന് പറഞ്ഞത് പോലെ ഏറെ അടുപ്പമുണ്ടാക്കും…ഞാനേറെ ആഗ്രഹിച്ച പുസ്തകം… നിൻ്റെ ചിരിയും, വാക്കുകളും, സ്വപ്നങ്ങളും… ഇനിയും സ്വപ്നങ്ങൾ കാണുക, പോവുക, എഴുതുക…ചില ആഗ്രഹങ്ങളോടെ കാത്തിരിക്കുന്ന തപാലുകാരൻ…”

അയാളുടെ ആ കുറച്ച് വാക്കുകൾ അവൾക്ക് വീണ്ടും വീണ്ടും പുഞ്ചിരിക്കാൻ അവസരം നൽകി…

അയാള് വർഷങ്ങൾക്ക് മുൻപ് ഇടയ്ക്ക് വന്നു പോയിരുന്ന ആ ജനൽപാളികളും, എഴുത്തുകളും ഓർമ്മകളായി തികട്ടി വന്നിരുന്നു…

അവിടെ ജനാലക്കരുകിൽ വീണ്ടുമൊരു എഴുത്ത് പ്രതീക്ഷിച്ചു കൊണ്ട് ഭദ്രയുണ്ട്… സുന്ദരമായ മനോഹരമായ പുഞ്ചിരിയോടെ…

ജിഷ്ണു