ഏട്ടന് പെരുത്തിഷ്ട്ടാണേൽ പിന്നെ അനിയനായ എനിക്ക് ഇടം വലം ചിന്തിക്കേണ്ടതില്ലല്ലോ…

ചങ്കിടിപ്പാണ് ഏട്ടത്തിയമ്മ

Story written by Anandhu Raghavan

============

എനിക്ക് ഒരു ഏട്ടൻ ഉണ്ട്..എന്റെ ചങ്കായ ഏട്ടൻ…

ചെറുപ്പം മുതൽ ഞാനുണ്ടാക്കുന്ന കുഞ്ഞു കുഞ്ഞു പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് ഒരു നിഴൽ പോലെ എന്നും ഏട്ടനെന്റെ കൂടെ കാണും…

ഏട്ടൻ കൂടെയുണ്ടെങ്കിൽ അതൊരു ധൈര്യമാണ്…

ഏട്ടനെന്ന് വച്ചാൽ എനിക്ക് ജീവനാണ് , അതുപോലെ തന്നെയാണ് ഏട്ടനും. എനിക്ക് വേണ്ടി പ്രാണൻ കളയുവാൻ പോലും ഏട്ടന് മടിയില്ല…

കുഞ്ഞിലെ പാടത്ത് ക്രിക്കറ്റ് കളിക്കാൻ പോകുന്ന സമയം എതിർ ടീമുമായി ചെറിയ വഴക്കൊക്കെ ഉണ്ടാകുമ്പോൾ ലാലേട്ടൻ വരുന്നതുപോലെ പൊടി മീശയൊക്കെ പിരിച്ച് മുണ്ടും മടക്കി കുത്തി പ്രശനം തീർക്കാൻ വരുന്ന എന്റെ ഏട്ടനെ കാണുമ്പോൾ സത്യം പറഞ്ഞാൽ അന്നത്തെ ദിവസം മുഴുവൻ ചിരിക്കാനുള്ള വകയുണ്ടാവും അത്…

വർഷങ്ങളങ്ങനെ എത്ര കടന്നു പോയാലും അവസാനിക്കുന്നതല്ല ആ സ്നേഹവും ഓർമകളും..

ഇന്ന് ഏട്ടന്റെ വിവാഹമാണ്…

ഏട്ടന്റെ വിവാഹത്തിന് അനിയന്റെ റോൾ പ്രേത്യകം പറയേണ്ടതില്ലല്ലോ..അതീവ ഗ്ലാമറായി കട്ടക്ക് ഏട്ടന്റെ കൂടെതന്നെയുണ്ട് ഞാനും…

ഞാനും ഏട്ടനും കൂടിയാണ് പെണ്ണുകാണാൻ പോയത്..

പെണ്ണ് കണ്ടിറങ്ങുമ്പോൾ ഏട്ടൻ എന്നോട് ഒന്നേ പറഞ്ഞുള്ളു , ഏട്ടത്തിയമ്മ ആക്കാൻ നിനക്ക് ഇഷ്ടമാണെങ്കിൽ ഈ ഏട്ടന് പെരുത്തിഷ്ട്ടാ…

ഏട്ടന് പെരുത്തിഷ്ട്ടാണേൽ പിന്നെ അനിയനായ എനിക്ക് ഇടം വലം ചിന്തിക്കേണ്ടതില്ലല്ലോ…

അപ്പോഴത്തെ ഏട്ടന്റെ മുഖഭാവം ഒന്നു കാണണമായിരുന്നു..കട്ടി മീശയൊക്കെ പിരിച്ചു വെച്ച് റൊമാൻസിന്റെ വിവിധ ഭാവങ്ങൾ ആ മുഖത്ത് മിന്നി മറഞ്ഞു…

എന്റെ ഏട്ടത്തിയമ്മയെ ഈ മുതലിനെ കത്തോളണേ…പറഞ്ഞു കൊണ്ട്  ഞാൻ ഊറി ചിരിച്ചു..

എന്റെ ചിരി കണ്ട് ഏട്ടനും ചിരിച്ചു പോയി…

എടാ…നീ ഇതെന്താ സ്വപ്നം കണ്ട് നിൽക്കുകയാണോ.. ?? ഏട്ടൻ ദാ താലി കെട്ടാൻ പോകുകയാണ്.. !

കൂട്ടുകാരിൽ ഒരാൾ വന്ന് തോളിൽ തട്ടിയപ്പോഴാണ് ഞാൻ പഴയ ഓർമകളിൽ നിന്നും മുക്തനായത്..

ഏട്ടൻ താലിമാല കൈകളിൽ എടുത്തപ്പോൾ തന്നെ നാദസ്വര മേളങ്ങൾക്കൊപ്പം ആരോ കുരവയിടുന്ന ശബ്ദം കൂടി ഉയർന്നു കേട്ടു…

ഏട്ടൻ ഏട്ടത്തിയമ്മയുടെ കഴുത്തിൽ താലി ചാർത്തി…ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും മുഖങ്ങളിൽ സന്തോഷം നിറഞ്ഞു നിന്നിരുന്നു…

ആർഭാടമായ വിവാഹ ചടങ്ങുകൾക്ക് ശേഷം ഏട്ടനും ഏട്ടത്തിയമ്മയും വീട്ടിലേക്ക് യാത്രയായ്…

വലതുകാൽ വച്ച് ഏട്ടത്തിയമ്മ ഞങ്ങളുടെ സ്വർഗ്ഗതുല്യമായ വീട്ടിലേക്ക് കടന്നു വന്നു…

ഏട്ടനെയും ഏട്ടത്തിയമ്മയെയും സ്വീകരിച്ചിരുത്തിയ ശേഷം കുടിക്കുവാനായി കരിക്ക് നൽകി..

വിവാഹമല്ലേ ഓർത്തിരിക്കുവാൻ എന്തെങ്കിലും ഒക്കെ കുസൃതി ഒപ്പിക്കണ്ടേ… ?

കരിക്കിൽ നന്നായി ഉപ്പ് കലർത്തിയ ശേഷമാണ് ഏട്ടനും ഏട്ടത്തിയമ്മക്കും നൽകിയത്…വേറൊന്നിനുമല്ലന്നെ അപ്പോഴത്തെ മുഖ ഭാവങ്ങൾ ഒക്കെ ചോർന്ന് പോകാതെ ചിത്രങ്ങളാക്കി പകർത്തി വെക്കണം…പിന്നീടുളള ജീവിതത്തിൽ ഓർത്തു ചിരിക്കാൻ ചില നല്ല നിമിഷങ്ങൾ…

കരിക്കിൻ വെള്ളം സ്ട്രോ ഉപയോഗിച്ച് കുടിക്കാൻ ശ്രമിച്ച ഏട്ടത്തിയമ്മ എന്നെ ഒന്നു നോക്കി , നിന്നെ പിന്നെ കണ്ടോളാം എന്നുള്ള അർത്ഥത്തിൽ…

ഞാൻ ചിരിയടക്കാൻ പാട് പെട്ട് നിൽക്കുകയായിരുന്നു…

ഏട്ടത്തിയമ്മയുടെ നോട്ടം കണ്ട് ഒന്ന് സംശയിച്ച ശേഷം കരിക്കിൻ വെള്ളം കുടിക്കാൻ ശ്രമിച്ച ഏട്ടനും എന്നെ നോക്കി കണ്ണുരുട്ടി…

ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്നുള്ള രീതിക്ക് ഒറ്റ നിൽപ്പായിരുന്നു ഞാൻ…

ജീവിതം അങ്ങനെ മുന്നോട്ട് പോകുമ്പോൾ ഏട്ടത്തിയമ്മയെന്നാൽ അമ്മക്ക് തുല്യം എന്ന സത്യം ജീവിച്ചു കാണിച്ചു തരുകയായിരുന്നു ഏട്ടത്തിയമ്മ…

സന്തോഷത്തോടെയുള്ള മൂന്ന് വർഷങ്ങൾ  പിന്നിടുമ്പോൾ ഇന്ന് ഞങ്ങളെ ചിരിപ്പിക്കാനും ഇടക്കൊക്കെ ഒന്ന് ദേഷ്യം പിടിപ്പിക്കാനും ഒരു അഥിതി കൂടിയുണ്ട്.. ഏട്ടന്റെ രണ്ട് വയസ്സുകാരി അമ്മൂട്ടി..

കൊച്ചച്ഛന്റെ ചിങ്കാരി അമ്മൂട്ടി…

അമ്മൂട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഞാൻ ഏട്ടനോടത് സൂചിപ്പിക്കുന്നത്.. എങ്ങനെ പറഞ്ഞു തുടങ്ങുമെന്ന് എനിക്കൊരു നിശ്ചയമില്ലാരുന്നു…

ഏട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്…??

അതിന് എന്തിനാടാ ഇങ്ങനെ വളച്ചു കെട്ടി ഉരുണ്ട് കളിക്കുന്നത്..?? നീ പറ.. !

അല്ല ഏട്ടാ… കൂട്ടുകാരൊക്കെ ചോദിക്കുന്നു കല്യാണം ഒന്നും ആയില്ലേന്ന്..?

ഓ അപ്പൊ അതാണ് കാര്യം .. !!

എന്താണ് ഏട്ടനും അനിയനും കൂടെ ഒരു രഹസ്യ സംഭാഷണം.. ??

ഏട്ടത്തിയുടെ ചോദ്യത്തിന് മറുപടിയായ് ഏട്ടൻ പറഞ്ഞു , അതേ ഇവന് കല്യാണം കഴിക്കണമെന്ന്.. !

ഏയ് അങ്ങനെ ഒന്നും ഇല്ല..ഞാൻ ഏട്ടത്തിയുടെ മുഖത്ത് നോക്കാനുള്ള ചമ്മൽ മറച്ച് അമ്മൂട്ടിയെ നോക്കിക്കൊണ്ട് ഇരുന്നു…

എങ്കിൽ നമുക്കാ തെക്കേപ്പാടത്തെ ശാലിനിയെ ആലോചിക്കാം അല്ലേടി.. ??

ഏട്ടന്റെ നിർദ്ദേശം ഇഷ്ടപ്പെട്ടിട്ടെന്നവണ്ണം ഏട്ടത്തിയമ്മയും പറഞ്ഞു..അതെ അവൾ നല്ല കുട്ടിയാ ഇവന് നന്നായി ചേരും…

ഏയ്..അതൊന്നും ശരിയാവില്ല ഏട്ടാ..അവൾക്ക് കോളേജിൽ വേറെ ലൈൻ ഒക്കെ ഉണ്ട്..

ആണോ..എന്നാ പിന്നെ അത് വിട്ടേക്കാം..

ഏട്ടൻ അത് വിട്ടേക്കാം എന്നു പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്..

എന്നാൽ പിന്നെ എന്റെ അനിയത്തി സങ്കീർത്തനയെ ആലോചിക്കാം അല്ലെ ഏട്ടാ.. ??

ഏട്ടത്തിയമ്മയുടെ ആ പറച്ചിലിൽ ഞാൻ ശരിക്കും ഒന്നു ഞെട്ടി…

ഏട്ടനോടും ഏട്ടത്തിയമ്മയോടും എങ്ങനെ ഇത് പറയുമെന്നറിയാതെ വീർപ്പു മുട്ടുകയായിരുന്നു ഇത്ര ദിവസം.

നീ ഞെട്ടണ്ട മോനെ….നിനക്ക് പറയാൻ പേടിയാണെങ്കിലും അവൾ എന്റെ അനിയത്തി അല്ലെ..ഏട്ടനോടും എന്നോടും അവൾ എല്ലാം തുറന്ന് പറഞ്ഞതാ…

ഏട്ടൻ തന്നെയാണ് അവളോട് പറഞ്ഞത് ഞങ്ങൾ ഇത് അറിഞ്ഞ വിവരം നിന്നോട് പറയണ്ടാന്ന്..

ഇത് അറിഞ്ഞയുടൻ തന്നെ വീട്ടിൽ ഞാൻ അച്ഛനെയും അമ്മയേയും വിളിച്ചു പറഞ്ഞതാ..

പെണ്മക്കൾ രണ്ടും ഒരേ വീട്ടിൽ എത്തുന്നതിന്റെ സന്തോഷത്തിൽ ത്രില്ലടിച്ചിരിക്കുകയാണ് അച്ഛനും അമ്മയും…

സന്തോഷം കൊണ്ട് ഞാൻ അമ്മൂട്ടിയെ എടുത്തുയർത്തി വട്ടം കറക്കി… പിന്നെ ഏട്ടനോട് പറഞ്ഞു , ഏട്ടാ.. ഈ ഏട്ടത്തിയമ്മയുണ്ടല്ലോ ചങ്കല്ല ചങ്കിടിപ്പാണ്…

അതുകേട്ട് പിന്നിൽ നിന്നിരുന്ന ഏട്ടത്തിയമ്മ പൊട്ടിച്ചിരിച്ചു.. കൂടെ ഞങ്ങളും.. കാര്യമൊന്നും കാര്യമായി മനസ്സിലായില്ലെങ്കിലും അമ്മൂട്ടിയും ഞങ്ങൾക്കൊപ്പം പൊട്ടിച്ചിരിച്ചു.. !!