എന്തായാലും ദാസന്റെയും രമയുടെയും ആദ്യ രാത്രി ശുഭമായിരുന്നു. കുറച്ചു നേരം സംസാരിച്ചു കിടന്ന ദാസന്‍ രമയോട് പറഞ്ഞു…

” കെട്ടി കേറിയ പുതു പെണ്ണും പച്ച തേങ്ങയും “

Story written by Vipin PG

===============

മൂന്നു വര്‍ഷം നീണ്ട പ്രണയത്തിനോടുവില്‍ വിപ്ലവം വിജയിപ്പിച്ച് ദാസനും രമയും കല്യാണം കഴിച്ചു. പേര് കേട്ട് ഞെട്ടണ്ട. രണ്ടു പേരുടെയും സെക്കന്റ് മാരിയേജ് ആണ്. ദാസന്റെ ആദ്യ ഭാര്യ ഡിവോഴ്സ് ആയി. രമയുടെ ആദ്യ ഭര്‍ത്താവ് ഇട്ടിട്ട് പോയി. ഈ സംഭവിച്ച രണ്ടു കാര്യത്തിലും ഇവര് രണ്ടുപേരും കുറ്റക്കാരല്ല. പക്ഷെ രണ്ടാം കല്യാണമെന്ന വിപ്ലവം ഉണ്ടാക്കിയെടുക്കാന്‍ രണ്ടാളും പാട് പെട്ടു.

എന്തായാലും കല്യാണം നടന്നു. വളരെ കുറച്ച് ആൾക്കാരെ മാത്രം വിളിച്ച് ചെറിയ പരിപാടി. ഇഷ്ടമല്ലാതെ നടത്തിയ കല്യാണമായത് കൊണ്ട് ദാസന്റെ അമ്മയ്ക്ക് രമയെ അത്രയ്ക്കങ്ങ് പിടിച്ചില്ല. കാരണം കല്യാണത്തിന്റെ അന്ന് രാവിലെ കറണ്ട് പോയതാണ്. ഐശ്വര്യമില്ല എന്ന് പറഞ്ഞിട്ട് അമ്മ രാവിലെ തന്നെ ഉടക്ക് വച്ചതാണ്.

പക്ഷെ രമ വന്നു വലത് കാലു വച്ചതെ കറണ്ട് വന്നു. ഐശ്വര്യത്തിന്റെ വെള്ളി വെളിച്ചം. മാത്രവുമല്ല കല്യാണത്തിന് വന്നവര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പൈസ കൊടുക്കുക്കയും ചെയ്തു. ഇത് കൊള്ളാലോ കളി. ദാസന്റെ അമ്മ മനസ്സിലോര്‍ത്തു.

സമയം സന്ധ്യ കഴിഞ്ഞു,, രമ ദാസന്റെ അമ്മൂമ്മയുമായി സംസാരിക്കുകയാണ്. അമ്മൂമ്മ കുറെ നാളായി കിടപ്പിലാണ്. എന്നാ പിന്നെ എഴുന്നേൽപ്പിക്കണമല്ലോ. രമ ഒരു തരത്തില്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു കുറച്ചു ദൂരം നടത്തി.

പറ്റാത്ത അമ്മൂമ്മ എഴുന്നേറ്റത് അവര്‍ക്കെല്ലാവര്‍ക്കും ഭയങ്കര അത്ഭുതമായി. അയലോക്കത്തെ മീന ചേച്ചി ദാസന്റെ അമ്മയോട് അടക്കം പറഞ്ഞു

“കണ്ടാ,, കണ്ട കണ്ടാ,,, ജാനുവേച്ചി,,, ഈ പെണ്ണ് നിങ്ങളെ ഭാഗ്യമാ,, ഓള് കാലു കുത്തിയതെ അമ്മമ്മ വരെ എണീറ്റത് കണ്ടാ”

ദാസന്റെ അമ്മയ്ക്കും കുറച്ചു സന്തോഷമായി.

” ജാനൂ,,, ഓള് ഭാഗ്യ ദേവതയാ,, നോക്കിക്കോ “

എല്ലാവരും ഒരേപോലെ പറഞ്ഞപ്പോൾ ജാനു അമ്മയ്ക്കും സന്തോഷമായി.

എന്തായാലും ദാസന്റെയും രമയുടെയും ആദ്യ രാത്രി ശുഭമായിരുന്നു. കുറച്ചു നേരം സംസാരിച്ചു കിടന്ന ദാസന്‍ രമയോട് പറഞ്ഞു.

“ഡീ,, നിന്നെ എല്ലാര്‍ക്കും ബോധിച്ചു,, അതെനി കളഞ്ഞു കുളിക്കാതെ കൊണ്ട് നടന്നാല്‍ അമ്മേനെ മാത്രമല്ല എല്ലാരേം ചാക്കിലാക്കാം”

“മോനെ ദാസേട്ടാ,, നിങ്ങള് സമാധാനത്തില്‍ കിടന്നോ,, നാളെ നേരം വെളുത്താല്‍ ഒരു പകല്‍ കൊണ്ട് എല്ലാത്തിനെയും ഞാന്‍ ചാക്കില്‍ കെട്ടും”

രമയുടെ ആത്മ വിശ്വാസത്തില്‍ ദാസന്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കിടന്നു.

ഇടോ പടോ ന്നൊരു ഭീകര ശബ്ദം കേട്ട് കൊണ്ടാണ് ദാസന്‍ രാവിലെ ഞെട്ടി എണീറ്റത്. പറഞ്ഞു പോയ കൈലി തപ്പി പിടിച്ച ശേഷം ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി ചെന്ന ദാസന്‍ കാണുന്നത് നടു വെട്ടി കിടക്കുന്ന അമ്മയെയും അമ്മയുടെ നടപ്പുറത്തു കിടക്കുന്ന അമ്മമ്മയെയുമാണ്.

സംഭവം ഇന്നലെ എണീറ്റ ധൈര്യത്തില്‍ അമ്മമ്മ ഒറ്റയ്ക്ക് എഴുന്നേല്‍ക്കാന്‍ നോക്കിയതാ. ആ എഴുന്നെല്‍പ്പ് വിജയിച്ചില്ല എന്ന് മാത്രമല്ല അമ്മയുടെ ദേഹത്ത് വീഴുകയും ചെയ്തു. രമയും ഓടി വന്നു. ദാസനും രമയും ചേർന്ന് ഒരു തരത്തില്‍ രണ്ടിനെയും രണ്ടു വഴിക്കാക്കിയിട്ട് ഒരാളെ നിലത്തും ഒരാളെ കട്ടിലിലും കിടത്തി.

അമ്മമ്മ മൂക്കില്‍ വച്ച് വലിക്കുന്ന ആവി പിടിക്കുന്ന സാധനം എടുത്ത് കരണ്ടില്‍ കുത്തിയപ്പോള്‍ കറക്റ്റ് സമയത്ത് കറണ്ടും പോയി. അമ്മമ്മ എങ്ങാനും തട്ടി പോയാല്‍ പിന്നെ ആ വീട്ടില്‍ നിക്കാന്‍ പറ്റൂല. അമ്മേന്റെ ദേഹത്ത് ചാടി കേറിയ രമ നെഞ്ചില്‍ രണ്ടു ഞെക്ക് ഞെക്കി. ഭാഗ്യം അമ്മമ്മയ്ക്ക് ശ്വാസം കിട്ടി.

അമ്മേനെ ഒരു തരത്തില്‍ എടുത്ത് കസേരയില്‍ ഇരുത്തി കാറ്റ് വീശിക്കൊണ്ടിരുന്നപ്പോള്‍ ദേ പോസ്റ്റ്‌ മാന്‍ വന്നിരിക്കുന്നു. ലെറ്റര്‍ വാങ്ങി വായിച്ചപ്പോള്‍ ഡും. ബാങ്ക് ലോണിന്റെ പേപ്പര്‍ ആണ്. ജപ്തി ആകാന്‍ സാധ്യതയുണ്ടെന്ന്. ഒരു തരത്തില്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ അമ്മ ആ പേപ്പര്‍ വാങ്ങിയിട്ട് ദാസനോട് പറഞ്ഞു

“ നിന്റെ ഒള് ഭാഗ്യ ദേവതയല്ലെടാകാലാ,, ഓള് തേങ്ങയാന്ന്,,, പച്ച തേങ്ങ”

ദാസനും രമയും ഒന്നും മിണ്ടാതെ നിന്നു