ഓർമ്മകൾ തോൽപിച്ചപ്പോൾ
Story written by Jolly Shaji
==============
പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ഉമ്മറത്തേക്ക് കയറിയപ്പോൾ എവിടെനിന്നോ അച്ഛന്റെ വിയർപ്പിന്റെ മണം ഒഴുകിയെത്തി… ഉമ്മറകോണിലെ നിറം മങ്ങിമുഷിഞ്ഞ അച്ഛന്റെ ചാരു കസേര കാലൊന്ന് ഒടിഞ്ഞതിനാൽ മൺഭിത്തിയിൽ ചാരി വെച്ചിരിക്കുന്നു…
ഉഷ്ണത്തെ ആട്ടിയോടിക്കാൻ അച്ഛന് അമ്മയുണ്ടാക്കി കൊടുത്ത പാള വിശറി ഉണങ്ങി ചുരുണ്ടു വീടിന്റെ കോലായിൽ തിരുകി വെച്ചിരിക്കുന്നു…അച്ഛൻ മഴയെയും അവശതയെയും നേരിട്ട കാലൻ കുട നരച്ച നിറമോടെ കോലായിൽ തൂക്കിയിട്ടിട്ടുണ്ട്…
പൊക്കമുള്ള വാതിൽ പടിയിൽ കാൽ പൊക്കി വെച്ച് കടക്കുമ്പോൾ മുകളിൽ തലമുട്ടാതിരിക്കാൻ നന്നായി കുനിയേണ്ടി വന്നു…
“മോളെ നീ എപ്പോ വന്നു…”
അമ്മയുടെ ശബ്‍ദം അല്ലേ… ഞാൻ ഇരുൾ പടർന്ന ആ മുറിയിലേക്ക് കടന്നു…കാച്ചെണ്ണയുടെയും കുഴമ്പിന്റെയും മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി… എവിടെ അമ്മ.. കൊതുകുവല ഇട്ടു മൂടിയ പഴയ കയർ കട്ടിലിലേക്ക് ഞാൻ നോക്കി…
ഓല അടർന്നു മാറിയ തഴപ്പായയിൽ എണ്ണക്കറ പിടിച്ച മുഴിഞ്ഞ തലയിണയും കീറി പറിഞ്ഞ പുതപ്പും…മെല്ലെ കുനിഞ്ഞു ഞാനാ പുതപ്പെടുത്തു നെഞ്ചോടു ചേർത്തു..അമ്മയുടെ ചൂട് ഇപ്പോളും ഉണ്ട് ഇതിൽ…കട്ടിൽ താഴെ കൊതുകിനെ പുകയ്ക്കാൻ പൊട്ടിയ ചട്ടിയിൽ ചകിരി കത്തിച്ചതിന്റെ ചാരം…അതിനോട് ചേർന്ന് അമ്മയുടെ വെറ്റിലകിണ്ണം…ഉണങ്ങി കരിഞ്ഞ വെറ്റില, അടക്ക, നാടൻ പുകയിലയും… ചെറിയ വെള്ള ഡബ്ബയിലെ ചുണ്ണാമ്പ് കട്ടപ്പിടിച്ചിരിക്കുന്നു…
കട്ടിലിന്റെ തലക്കൽ പഴയ മരപ്പെട്ടി…മെല്ലെ പുറത്തേക്കു വലിച്ചെടുത്ത പെട്ടിയുടെ അടപ്പു ഞാൻ തുറന്നു…നല്ലൊരു സുഗന്ധം എന്റെ മൂക്കിലേക്ക് തുളച്ച് കയറി… വെണ്ണീറിൽ മുക്കി കഴുകി നീലം മുക്കി വെയിലിൽ ഉണങ്ങിയ അമ്മയുടെ വസ്ത്രങ്ങൾ.. ഇന്നും എത്ര പുതുമയോടെ ഇരിക്കുന്നു…
അപ്പോളാണ് ഭിത്തിയോട് ചേർന്നിരിക്കുന്ന രാമായണ പലക എന്റെ കണ്ണിൽ ഉടക്കിയത്… അതിൽ മടക്കി വെച്ചിരിക്കുന്നു രാമായണത്തിൽ എന്റെ കണ്ണുകൾ ഉടക്കി… വൈകിട്ടു കുളികഴിഞ്ഞു വന്നു സന്ധ്യവിളക്ക് കൊളുത്തി രാമായണം വായിക്കണം എന്നത് അച്ഛന്റെയും അമ്മയുടെയും ഒരേ പോലെയുള്ള നിർബന്ധം ആയിരുന്നു..ഞാൻ കുനിഞ്ഞു രാമായണം കയ്യിൽ എടുത്തു.. ആകെ മുഴിഞ്ഞു പൊടി പിടിച്ചിരിക്കുന്നു… സാരിയുടെ തുമ്പു കൊണ്ടു രാമായണം തുടച്ചപ്പോൾ രണ്ടുതുള്ളി കണ്ണുനീര് എൻറെ അനുവാദം ചോദിക്കാതെ രാമായണത്തിലേക്കു പറന്നിറങ്ങി ..
പിന്നെ ഞാൻ അമ്മയുടെ സ്നേഹം മുഴുവൻ പകർന്നു തന്ന അടുക്കളയിലേക്ക് ചെന്നു….നിലത്തോട് അല്പം മാത്രം ഉയരത്തിൽ മണ്ണുതേച്ചു പിടിപ്പിച്ചിരിക്കുന്ന അടുപ്പും തറ ചാരമൊക്കെ പറന്ന് ആകെ വൃത്തികേടായി കിടക്കുന്നു… മൂന്നു കല്ലുകൾ കൂട്ടിവെച്ച അടുപ്പിൽ നിറയെ കരിപ്പിടിച്ച ആ കലം ഇപ്പോളും ഇരിപ്പുണ്ട്…ഞാൻ അതിന്റെ മൂടപാത്രം മെല്ലെ നീക്കി… വെള്ളം വറ്റി വരണ്ട് കാപ്പിപ്പൊടി അതിൽ ഉണങ്ങിപിടിച്ചിരിക്കുന്നു… നല്ല നാടൻ കാപ്പിപ്പൊടിയുടെ മണം… കാപ്പിക്കുരു പുഴുങ്ങി ഉണങ്ങി ഉരലിൽ പൊടിക്കാറാണ് വീട്ടിലെ പതിവ്….
അടുപ്പിനു മുകളിൽ ഇപ്പോളും ആ മീൻകൂട തൂങ്ങിയാടുന്നുണ്ട്… ചിരട്ട വെച്ച് അടച്ചിരിക്കുന്ന കൂട ഞാൻ തുറന്നു നോക്കി… കുറച്ച് ഉണക്കമീൻ ഇപ്പോളും അതിലുണ്ട്…. അടുപ്പിൽ നിന്നും കുറച്ച് മാറി രണ്ട് ഉറികൾ തൂക്കിയിട്ടിട്ടുണ്ട്…. ഒന്നിൽ ഒരു മൺചട്ടി മൂടി വെച്ചിരിക്കുന്നു… എന്തോ കറിയുടെ അവശേഷിപ്പ്….പാത്രങ്ങൾ കഴുകി കമിഴ്ത്തി വെച്ചിരിക്കുന്ന പലകയിൽ ഇരിക്കുന്ന അടിച്ചൂറ്റി പലക അപ്പോളാണ് ഞാൻ കണ്ടത്… നടുഭാഗം കുഴിഞ്ഞിരിക്കുന്ന ആ പലകയിൽ കാന്താരി മുളകും ചുവന്നുള്ളിയും ഉപ്പും പുളിയും വെച്ച് ചിരട്ട തവികൊണ്ട് ഉടച്ച്ഉടച്ച് അമ്മയുണ്ടാക്കുന്ന ചമ്മന്തിയുടെ രുചി എന്റെ നാവിൻ തുമ്പിലേക്ക് ഓടിയെത്തി…
അടുക്കള വാതിൽ വഴി പുറത്തിറങ്ങിയപ്പോൾ മുറ്റമടിക്കുന്ന ഈർക്കിൽ ചൂല് കെട്ടിയ ചാക്ക്നൂല് പൊട്ടി ചിതറി കിടക്കുന്നു… രണ്ട് ചെങ്കല്ല് മുകളിൽ മുകളിൽ വെച്ച് അതിന് മുകളിൽ വെച്ചിരിക്കുന്ന നടു കുഴിഞ്ഞ് വള്ളം പോലെ ആയ അമ്മിക്കല്ലിൽ നിറയെ പായൽ പിടിച്ചിരിക്കുന്നു… അമ്മി മൂടിവെച്ചേക്കുന്ന പലകയിലൂടെ യദേഷ്ടം സഞ്ചരിക്കുന്ന അച്ചിളുകൾ..
അമ്മിക്കല്ലിന് മുകളിൽ ഉണക്ക ചുരക്ക വെട്ടിയുണ്ടാക്കി ഉമിക്കരി ഇടുന്ന കുടുക്ക ഇപ്പോളും ഉണ്ട്….
ഞാൻ മെല്ലെ തെക്കേ പുറത്തേക്കു നടന്നു അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളൂന്ന ആറടി മണ്ണിനു മുകളിൽ നട്ട വാഴകൾ കാടുപോലെ പടർന്നു പന്തലിച്ചു നിൽക്കുന്നു… അപ്പോളാണ് എന്റെ കണ്ണിൽ ആ കാഴ്ച ദൃശ്യമായതു…വാഴകൈകളിൽ ഇരിക്കുന്ന രണ്ട് കാക്കകൾ… അവ എന്നെ തന്നെ നോക്കുന്നുണ്ട്….
ദൂരെനിന്നും മണ്ണുമാന്തി യന്ത്രത്തിന്റെ ശബ്‍ദം അടുത്തടുത്തു വരുന്നു…
അവർ വരുന്നുണ്ട്… താൻ ജനിച്ച് പിച്ചവെച്ചു നടന്ന ഈ വീട് ഇടിച്ചു പൊളിക്കാൻ…
പെട്ടന്ന് ആ കാക്കകൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് വീടിനു ചുറ്റും പറക്കാൻ തുടങ്ങി…
ഈശ്വരാ ഇവയെന്താ ഇങ്ങനെ…
അവർ വീടിന്റെ തിണ്ണയുടെ കോണിലും അടുക്കള വശത്തെ അമ്മിക്കല്ലിലുമൊക്കെ പറന്നു വന്ന് ഇരിക്കുന്നു…
ചേച്ചി തുടങ്ങുവല്ലേ ജോലി…
വേണ്ട… നിങ്ങൾ തിരികെ പൊയ്ക്കോ..
എന്താ ചേച്ചി ഇത് ഞങ്ങൾ ഉണ്ടാരുന്ന വേറൊരു പണി കളഞ്ഞിട്ടാണ് ഇങ്ങ് വന്നത്… ചേച്ചിക്ക് ഇന്നു തന്നെ മടങ്ങണം എന്ന് പറഞ്ഞത് കൊണ്ടു മാത്രം….
നിങ്ങൾക്ക് പണിക്കാശ് ഞാൻ തന്നോളാം… തത്കാലം ഈ വീട് ഞാൻ പൊളിക്കുന്നില്ല.. എന്നെങ്കിലും ഒരിക്കൽ തനിയെ മറിഞ്ഞു വീഴും വരെ ഇതിവിടെ വേണം…നിങ്ങൾ പൊയ്ക്കോ എനിക്ക് കുറച്ച് നേരം കൂടി ഇവിടെ ഇരിക്കണം…
മണ്ണ്മാന്തി യന്ത്രവുമായി അവർ തിരികെ പോയി… ആ വണ്ടിയുടെ ശബ്ദം ദൂരെ മറഞ്ഞപ്പോൾ ഞാൻ ആ വഴക്കൂട്ടത്തിന് അടുത്തേക്ക് ചെന്നു.. ആ കാക്കകൾ അവിടില്ല… പക്ഷെ രണ്ട് അണ്ണാറക്കണ്ണമാർ ചിൽ ചിൽ ശബ്‍ദമോടെ വഴക്കൂമ്പിലെ തേൻ ഊറ്റിക്കുടിക്കുന്നു…
ഒരു നെടുവീർപ്പു എന്നിൽ നിന്നും പുറത്തേക്കു വന്നു….ഞാൻ ആ ആത്മനിശ്വാസത്തിൽ ഒന്ന് പുഞ്ചിരിച്ചു….
ജോളി ഷാജി… ✍️