എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ലിച്ചായാ…അച്ചായൻ എങ്ങും പോകണ്ടായിരുന്നു. ഇവിടെ വല്ല….

പ്രവാസം…

Story written by Aswathy Joy Arakkal

===========

പൊരിവെയിലത്തു നൂറുകണക്കിന് നിലകൾക്ക് മേലെ നിന്നുള്ള ജോലിയും, ഓവർ ടൈമും കഴിഞ്ഞു റൂമിലെത്തിയപ്പോൾ സമയം ഒരുപാടു വൈകി.

ഓവർടൈം എടുക്കാതെ പറ്റില്ലേ..നാട്ടിൽ വീടിന്റെ പണി നടക്കുവാ..ബാങ്ക് ലോൺ കൂടാതെ ഒരുവിധം കിട്ടാവുന്നിടത്തു നിന്നെല്ലാം കാശു മറിച്ചിട്ടുണ്ട് ഒപ്പം  പെണ്ണുമ്പിള്ളേടെ സ്വർണ്ണവും പണയം വെച്ചു…അങ്ങനെ എല്ലാംകൂടി ചേർത്തു ഒരുവിധം വീട് വാർത്തു തേപ്പും കഴിഞ്ഞു..

പറഞ്ഞില്ലല്ലോ…ഞാൻ ജോജി ജോസഫ്…ഒരു പാവം കോട്ടയംകാരൻ പ്രവാസി..ഇവിടെ ദുബൈയിൽ വന്നു കൊല്ലം പത്തു കഴിഞ്ഞു അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ ആണ്..

എല്ലാ പ്രവാസികളെയും പോലെ പറയാൻ എനിക്കുമൊരു കഥയുണ്ട്..അപ്പച്ചൻ സ്ട്രോക്ക് വന്നു വീണതോടെ  കുടുംബഭാരം  തലയിലേറ്റി  കയറിയതാണ് ഈ മരുഭൂമിയിലേക്ക്…പെങ്ങളെ കെട്ടിച്ചതും അപ്പന്റെ ചികിത്സയും എല്ലാംകൂടി  നല്ലൊരു ബാധ്യത ഉണ്ടായിരുന്നു..

ബാധ്യതയൊക്ക ഒരുവിധം തീർത്തു കല്യാണം കഴിച്ചട്ടു ഇപ്പൊ മൂന്ന് കൊല്ലം ആയതേ ഒള്ളു…നാട്ടിലെ വീട്ടിലിപ്പൊ സുഖല്ലാത്ത അപ്പച്ചനും അമ്മച്ചിയും നല്ലപാതിയായ  ആനിയമ്മയും പിന്നെ  എന്റെ രണ്ടു തങ്കകുടങ്ങളും…ഇരട്ടപെണ്മക്കൾ ആണെനിക്ക്..അവർക്കിപ്പോ രണ്ടു വയസ്സ് തികഞ്ഞു..

വീടുപണി വിശേഷങ്ങൾ നേരത്തെ പറഞ്ഞല്ലോ…പണിയാതെ നിവർത്തിയില്ല, അത്രയ്ക്ക് മോശമായി തുടങ്ങി ഇപ്പോഴത്തെ വീടിന്റെ അവസ്ഥ…എല്ലാം നോക്കി നടത്തുന്നതും, കൈകാര്യം ചെയ്യൂന്നതുമെന്റെ ആനികൊച്ചാണ്.. 

ഒരു ദീർഘ നിശ്വാസത്തോടെ സാമ്പാറെന്നു പറയപ്പെടുന്ന പുളിവെള്ളം ഉണ്ടാക്കുന്ന സഹമുറിയന്മാരുടെ  ഇടയിലെക്കു ഞാനും  ചെന്നു….പാചകവും, തീറ്റയുമൊക്കെ കഴിഞ്ഞു ആനികൊച്ചിനെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് വാട്സാപ്പിൽ അവളുടെ മെസ്സേജ്….

നോക്കുമ്പോ വീഡിയോ ആണ്…ഗർഭിണിയായ പെൺകൊച്ചു കരഞ്ഞു കൊണ്ട് പ്രവാസിയായ കെട്ട്യോനോട് നാട്ടിലേക്കു വരാൻ പറയുന്ന ഏതു പ്രവാസിയുടെയും  ചങ്കു തകർന്നു പോകുന്ന വീഡിയോ..താഴെ ആനികൊച്ചിന്റെ കണ്ണീരിൽ കുതിർന്ന മെസ്സേജും…

എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ലിച്ചായാ…അച്ചായൻ എങ്ങും പോകണ്ടായിരുന്നു. ഇവിടെ വല്ല ജോലിയും ആയിരുന്നെങ്കിൽ…എനിക്കെന്നും കാണായിരുന്നല്ലോ .

വിഡിയോയും, സങ്കടം പറഞ്ഞുള്ള അവളുടെ മെസ്സേജും എല്ലാം ആയപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…

എത്ര പ്രാവശ്യം ആ വീഡിയോ റിപീറ്റ് ചെയ്തു കണ്ടെന്നു എനിക്ക് തന്നെ അറിയില്ല…സഹമുറിയന്മാർക്കു കൂടെ ആ വീഡിയോ ഷെയർ ചെയ്തപ്പോൾ അവിടമാകെ ശോകമായി…കുറച്ചു അധികം ഓണം ഉണ്ട സൂപ്പർ സീനിയർ പ്രവാസി ചന്ദ്രേട്ടൻ മാത്രം ഒന്നും മിണ്ടാതെ ചിരിച്ചെന്റെ പുറത്തൊന്നു തട്ടി…

ഫുൾ സെന്റി മോഡിൽ ആനികൊച്ചിനെ  വിളിക്കുമ്പോൾ കരഞ്ഞിടറിയ  ശബ്ദത്തോടെയാണ് അവളും ഫോൺ എടുത്തത്..

നീ കിടന്നില്ലായിരുന്നോ  പെണ്ണേ…ആർദ്രമായി ഞാൻ  ചോദിച്ചു.

അതെന്നാ അച്ചായാ അങ്ങനെ ചോയ്ച്ചേ..അച്ചായൻ വിളിക്കാതെ ഞാൻ ഉറങ്ങുകേലാന്നു  അറിയാൻ മേലായോ ..

അച്ചായോ…

എന്നാടി…

എനിക്ക് അച്ചായനെ കാണാൻ തോന്നുന്നു..

ഡിസംബറിൽ ഞാനങ്ങു വരത്തില്ലായോടി..

അതിനിനി നാലുമാസം കൂടെ കഴിയണ്ടേ ഇച്ചായാ…

അതുവരെ ഞാനെങ്ങനെ അച്ചായനെ കാണാതെ…എനിക്ക് മേല അച്ചായാ…

ആനിയമ്മേ..

ഓ..

എന്നാ അച്ചായനൊരു കാര്യം ചെയ്യട്ടെടി..

എന്നതാച്ചായാ…

എനിക്കും വയ്യടി നിന്നെയും, പിള്ളേരേം കാണാതിരിക്കാൻ…ഞാൻ എക്സിറ്റ് അടിച്ചങ്ങു കയറി വന്നലോടി…നാട്ടിൽ എന്നതെലും നോക്കാം..

മറുപുറം നിശബ്ദം..

നീയെന്നാടി ഒന്നും മിണ്ടാത്തെ…

ഓ…ഞാനെന്ന പറയാനാ.

നിനക്കെന്നെ കാണണ്ടായോടി…

വീണ്ടും നിശബ്ദം…

പറ ആനിയമ്മേ..

നിങ്ങളിങ്ങനെ പറ പറ എന്നു പറഞ്ഞാ ഞാനെന്നാ പറയാനാ…നിങ്ങളങ്ങു എല്ലാം അവസാനിപ്പിച്ചു കേറി വന്നാ എന്നാ ചെയ്യാനാ..എന്നും കെട്ടിപിടിച്ചു  ഇരുന്നാ  മതിയോ…രണ്ടു പെണ്കൊച്ചുങ്ങളാ ഒരുപോലെ വളർന്നു വരണേ…അതുങ്ങളെ..പഠിപ്പിയ്ക്കണ്ടേ…ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കണ്ടേ….കേറി കിടക്കാൻ വീടായോ..വീടുപണി പകുതിലങ്ങു നിൽക്കുവാ…ലോൺ, സ്വർണ്ണം വച്ചേക്കുന്നതു, കടം, ചിട്ടി, വട്ടി, അപ്പച്ചന്റെ ചികിത്സാ ഇതിനൊക്കെ നിങ്ങളെന്നാ കണ്ടേക്കണേ…

ഇതിനൊന്നും പൈസ ആരും കോട്ടെ ചൊമന്നു കൊണ്ട് തരുകേല നിങ്ങളോർത്തോ…

ആനിയമ്മ ഇടഞ്ഞു…

പ്ഫാ പുല്ലേ….ഇനി കോ-പ്പിലെ വീഡിയോ അയച്ചു മാങ്ങാത്തൊലി ഡയലോഗുമായി എന്റെയടുത്തു വന്നാലുണ്ടല്ലോ…ആനിയമ്മേ…കർത്താവാണെ ഞാൻ പറയാ…നീ എന്റെ കയ്യ്ന്നു വാങ്ങുവെ…

അവൾടെ ഒരു കോ–പ്പിലെ വിഡിയോയും, സെന്റിയും…

അവളെ നാലു ചീത്തയും പറഞ്ഞു ഫോൺ കട്ട് ചെയ്തു ചുറ്റും നോക്കുമ്പോൾ വളിച്ച ചിരിയും ആയി സഹമുറിയന്മാർ വായിനോക്കി നിൽപ്പുന്നുണ്ടായിരുന്നു…

അവന്മാരെ പത്തുതെറിയും പറഞ്ഞു പുതപ്പിനുള്ളിലേക്കു  ചൂഴ്ന്നു കയറുമ്പോൾ എന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. അതു  ആനികൊച്ചിനോടുള്ള  ദേഷ്യം  കൊണ്ടായിരുന്നില്ല…

ആരെക്കാളും നന്നായി എനിക്കറിയാം എന്റെ പെണ്ണിനെന്നെ  പിരിയുമ്പോഴുള്ള  പ്രാണസങ്കടം…എല്ലാമുള്ളിൽ ഒളിപ്പിച്ചു അവളെന്നോട് തട്ടിക്കയറിയതു നിസ്സഹായത കൊണ്ടാണെന്നും അറിയാം..വേറെ നിവർത്തി ഇല്ലാത്തതു കൊണ്ടവൾ സ്വപ്നങ്ങളും, മോഹങ്ങളുമെല്ലാം ഉള്ളിൽ ഒതുക്കുകയാണെന്നും അറിയാം. പരസ്പരം അറിഞ്ഞു കൊണ്ടൊരു അഭിനയം..

അവളുടെയും, മക്കളുടെയും ഫോട്ടോയും നോക്കി കണ്ണു നിറച്ചു കൊണ്ട് കിടക്കുമ്പോൾ…മൊബൈലിൽ ചന്ദ്രേട്ടന്റെ മെസ്സേജ്..

“പോട്ടെടാ…നമുക്ക് അറിഞ്ഞുടെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ…നീ അതു വിട്ടു കള… “

ഒപ്പം സുദേവന്റെ ഫോണിൽ നിന്നും സ്ഥിരം പാട്ടു കേട്ടു തുടങ്ങിയിരുന്നു..

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്…..