തിരിച്ചറിവുകൾ…
Story written by Jisha Raheesh
================
മുഖം വീർപ്പിച്ചു മുറിയിലേയ്ക്ക് കയറി വരുന്ന കല്യാണിയെ കണ്ടാണ് വരുൺ കയ്യിലെ മൊബൈൽ താഴെ വെച്ചത്…
വന്നപാടെ,ഒന്നും മിണ്ടാതെ,കട്ടിലിൽ തനിയ്ക്കരികിലേയ്ക്ക് ഇരുന്ന കല്യാണിയുടെ ചുമലിൽ ചുമൽ കൊണ്ടൊന്നു തട്ടി ചിരിയോടെ വരുൺ ചോദിച്ചു…
“ഇന്നത്തെ പ്രശ്നം എന്താടോ ഭാര്യേ..?”
കല്യാണി മുഖമുയർത്തി വരുണിനെ കൂർപ്പിച്ചൊന്നു നോക്കി..
“ഹാ,പറയെടോ..”
വരുൺ ചൂണ്ടുവിരലിനാൽ അവളുടെ വീർത്ത കവിളിൽ ഒന്ന് കുത്തികൊണ്ട് ചോദിച്ചു..…
“അത്.. ഞാനിന്നലെ ഉണ്ടാക്കിയ ഉണ്ണിയപ്പം ഒട്ടും നന്നായിട്ടില്ലെന്ന്..”
“ങേ.. അതാരാ അങ്ങനെ പറഞ്ഞത്.. അതും ഞാനും കഴിച്ചതല്ലേ.. നല്ലതായിരുന്നല്ലോ..?”
“ങും…”
വരുണിന് ചിരി വന്നെങ്കിലും അത് കടിച്ചുപിടിച്ചു കൊണ്ടവൻ ചോദിച്ചു..
“ഒന്നുമില്ലേലും നീയൊരു ഡോക്ടർ അല്ലെ കല്ലൂ, ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങൾക്കൊക്കെ ഈ ഭംഗിയുള്ള മുഖം ഇങ്ങനെ വീർപ്പിച്ചിരിക്കണോ..?”
കല്യാണി വരുണിന്റെ കൈ തട്ടിമറ്റി..
അങ്ങനെ പറഞ്ഞെങ്കിലും അവൾക്കത് അത്ര നിസ്സാരമല്ലെന്ന് വരുണിന് അറിയാമായിരുന്നു..
ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്ന വരുൺ,എംബിബിഎസ് പഠനത്തിനിടയിലാണ് കല്യാണിയെ കണ്ടു മുട്ടുന്നതും പ്രണയിക്കുന്നതും..
സമ്പന്നരായ മാതാപിതാക്കളുടെ ഏകമകൾ.. പഠിച്ചു ഡോക്ടറായി വരുന്ന മകൾക്കായി ഹോസ്പിറ്റൽ പണിയുന്ന അച്ഛൻ…
വരുണും കല്യാണിയുമായുള്ള വിവാഹത്തിന് ആർക്കും എതിർപ്പില്ലായിരുന്നു.. പക്ഷെ…
“നമ്മളെക്കാൾ കാശുള്ള പെണ്ണാവുമ്പോൾ നമ്മൾക്ക് അടങ്ങത്തില്ല ഇന്ദിരെ..”
“ഇനിയിപ്പോ കല്യാണം കഴിയുമ്പോൾ വരുണിനെ അവരങ്ങു കൊണ്ടുപോകും.. ഒറ്റമോളല്ലേ..”
“വയസ്സാംകാലത്ത് നിങ്ങളെ നോക്കാനൊന്നും വരുണിനേയും പെണ്ണിനെയും നോക്കണ്ടാ..”
“വരുൺ കല്യാണം കഴിച്ചാൽ നിനക്കൊരു സഹായമാവൂന്ന് വെച്ചതാ, പക്ഷേങ്കി വല്യേടത്തെ പെങ്കൊച്ചാവുമ്പോൾ അതിന് നമ്മടെ വീടൊക്കെ പിടിക്ക്യോ..”
“എന്തായാലും വീട്ടിലെ പണിയൊന്നും അറിയാൻ വഴിയില്ല..”
അങ്ങനെയങ്ങനെ ബന്ധുക്കളുടെ പിറുപിറുക്കൽ അമ്മയിലും ചെറിയൊരു ഭയം ജനിപ്പിക്കാതിരുന്നില്ല…
കല്യാണത്തിന് മുൻപേ തന്നെ ഇതൊക്കെ താൻ കല്യാണിയോട് പങ്കു വെച്ചു പോയി.. അതായിരുന്നു താൻ ചെയ്ത തെറ്റ്..
കല്യാണിയെ നോക്കിയിരിക്കെ വരുൺ ഓർത്തു പോയി..
പാവമാണ്.. പണത്തിന്റെ അഹങ്കാരമോ പൊങ്ങച്ചമോ ഒന്നുമില്ല…
ഭർത്താവിന്റെ ബന്ധുക്കൾക്ക് താനും സ്വീകാര്യയാവണമെന്നൊരു ആഗ്രഹം.. നല്ലത് പറയിക്കാനുള്ള പരിശ്രമം…
വിവാഹം കഴിഞ്ഞുള്ള നാളുകളിൽ തന്റെ കുടുംബവുമായി പെട്ടെന്ന് ഇണങ്ങിച്ചേർന്ന കല്യാണിയെ മനസ്സിലാക്കിയതും അമ്മയുടെ ഭയമൊക്കെ മാറിയിരുന്നു…
ജോലിയ്‌ക്ക് പോവാനുള്ള എളുപ്പത്തിനായിരുന്നു തങ്ങൾ സിറ്റിയിലേക്ക് താമസം മാറിയതും…
ഒരാഴ്ചത്തെ ലീവിൽ നാട്ടിൽ വന്നപ്പോൾ, ചെറിയച്ഛന്റെ മോളായ,രശ്മിയുടെ കല്യാണത്തിന് കൂടിയിട്ട് തിരിച്ചു പോവാമെന്നായിരുന്നു തീരുമാനം…
അച്ഛന്റെ തറവാടിന്റെ അടുത്ത് തന്നെയാണ് സഹോദരങ്ങളും വീട് വെച്ചിട്ടുള്ളത്..
പാചകത്തിൽ അത്രയ്ക്ക് താല്പര്യമോ,നൈപുണ്യമോ ഒന്നുമില്ലെങ്കിലും എല്ലാവരെയും ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാമെന്ന ഉദ്ദേശത്തിലാണ് കല്യാണി യൂ ട്യൂബ് വഴി പാചകപരിശീലനം നേടിയത്…
അതിലൊന്നായിരുന്നു ഇന്നലത്തെ ഉണ്ണിയപ്പം.. അത് പക്ഷെ നന്നായിട്ടും ഉണ്ടായിരുന്നു…
ഇന്നലെ തറവാട്ടിൽ,അവിയൽ ഉണ്ടാക്കുന്നതിനിടെ സഹായിക്കാൻ ചെന്നപ്പോൾ കേട്ട..
“മോൾക്ക് ഇത് വല്ലതും അറിയാമോ.. ചുമ്മാ കയ്യിൽ അഴുക്കൊന്നും ആക്കാതെ അവിടെയെങ്ങാനും പോയിരിക്ക്..”
എന്ന വിമലചെറിയമ്മയുടെ വാക്കുകളായിരുന്നു ഇന്നലത്തെ ഉണ്ണിയപ്പത്തിന് പിറകിലെ പ്രേരകശക്തി …
കാര്യപ്രാപ്തിയും പക്വതയുമൊക്കെയുണ്ടെന്ന് ഞാൻ പറയുന്ന ഭാര്യയാണ്,ഇവിടെ മറ്റുള്ളവരുടെ നല്ല വാക്കുകൾക്കായി പെടാപ്പാട് പെടുന്നത്…
എല്ലാരെക്കൊണ്ടും നല്ലത് മാത്രം പറയിപ്പിക്കുക എന്നത് അസാധ്യമാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ടു വരുൺ അതിനു തുനിഞ്ഞില്ല….
കല്യാണആഘോഷങ്ങൾക്കിടെ ഇടയ്ക്കിടെ മുഖം വീർപ്പിച്ചും മുഖത്തെ തെളിച്ചം വീണ്ടുകിട്ടിയും ഞാനവളെ കാണുന്നുണ്ടായിരുന്നു…
ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നത് കേട്ട്,അതിനനുസരിച്ചു സന്തോഷിക്കുകയും, വിഷമിക്കുകയും, ചെയ്യുന്ന ഈ കല്യാണിയെ എനിക്ക് തീരെ പരിചയം ഉണ്ടായിരുന്നില്ല…
ചെറിയച്ഛന് കുറച്ചു സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്ന് അമ്മ പറഞ്ഞുള്ള അറിവിലാണ്,രശ്മിയ്ക്ക് വിവാഹസമ്മാനമാണെന്നും പറഞ്ഞു, മൂന്ന് പവൻ വരുന്നൊരു നെക്ലസ് കല്യാണി വാങ്ങിയതെന്ന് എനിക്കറിയാമായിരുന്നു..
ഞാനെന്താണ് കൊടുക്കുന്നതെന്ന് അവളെന്നോട് ചോദിച്ചിരുന്നില്ലെങ്കിലും, അത് പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചതേയുണ്ടായിരുന്നുള്ളൂ…
ആ നെക്ലസ് കല്യാണി തന്നെയാണ് രശ്മിയുടെ കഴുത്തിൽ കെട്ടിക്കൊടുത്തത്.. ചെറിയമ്മയുടെ കണ്ണിലെ നന്ദിയുടെ തിളക്കവും,ചുറ്റുമുള്ളവരുടെ സ്നേഹത്തോടെയുള്ള നോട്ടവും, കല്യാണിയുടെ മുഖത്ത് ചിരിയായി വിടരുമ്പോൾ ഞാനും അവൾക്കൊപ്പം ഉണ്ടായിരുന്നു…
പെണ്ണിനെ മണ്ഡപത്തിലേയ്ക്ക് ആനയിക്കുമ്പോൾ അവളുടെ കഴുത്തിലെ ആഭരണങ്ങളിലേയ്ക്ക് നോക്കി…
“ആ കൊച്ചിന്റെ നല്ല മനസ്സാ, അല്ലാണ്ട് വരുൺ ഇത്രയ്ക്കൊക്കെ സഹായിക്കുമ്പോൾ, ഇതും കൂടെ കൊടുക്കേണ്ട കാര്യമുണ്ടോ..?”
കല്യാണിയെ പറ്റി ആരോ പറഞ്ഞ വാക്കുകളും കല്യാണിയുടെ ഉള്ളിൽ സംതൃപ്തി പടർത്തിയിരുന്നു…
പെണ്ണും ചെറുക്കനുമൊക്കെ പോയപ്പോൾ, നമുക്ക് വീട്ടിലേയ്ക്ക് പോവാമെന്ന് കല്യാണി പറഞ്ഞപ്പോഴാണ്,ഞാനും അവളോടൊപ്പം യാത്ര പറയാനായി അകത്തേയ്ക്ക് കയറിയത്…
ചെറിയമ്മയുടെ മുറിയിൽ ആരൊക്കെയോ ഉണ്ടായിരുന്നു….
“ഓ,ഒരു മൂന്ന് പവൻ കൊടുത്തൂന്ന് വെച്ചിട്ടാ ഈ നെഗളിപ്പ്, വിചാരിച്ചിരുന്നേൽ ഇതിൽ കൂടുതൽ കൊടുക്കാൻ പറ്റുമായിരുന്നല്ലോ.. അതിനു നല്ല മനസ്സ് വേണം.. നല്ല മനസ്സ്…”
മീനാക്ഷി വല്യമ്മയുടെ വാക്കുകളാണ് ആദ്യം ഞങ്ങളുടെ കാതിൽ പതിഞ്ഞത്…
“അല്ല പിന്നെ, ഓരോരോ പ്രഹസനങ്ങൾ..”
അപ്പച്ചിയുടെ മകൻ ജിതേഷാണ്….
കല്യാണിയുടെ മുഖം വല്ലാതായിരുന്നു..
അകത്തേയ്ക്ക് കയറാതെ, ആരും കാണാതെ തിരിഞ്ഞു നടക്കുമ്പോൾ,ഞാൻ കല്യാണിയെ ചേർത്ത് പിടിച്ചിരുന്നു…
അവളുടെ മനസ്സ് മുറിഞ്ഞത് ഞാനറിഞ്ഞിരുന്നുവല്ലോ..
“ഇനിയെങ്കിലും, നീ എന്തു ചെയ്താലും മറ്റുള്ളവർ നല്ലത് മാത്രം പറയണമെന്ന് വാശി പിടിക്കരുത് കല്ലൂ.. അവരെ കൊണ്ടു നല്ലത് പറയിക്കാനായി മാത്രം നീ ഒന്നും ചെയ്യുകയും വേണ്ടാ.. നീ നീയായിരുന്നാൽ മതി.. ആ കല്യാണിയെയാണ് ഞാൻ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതും.. നിന്നെ എനിക്കറിയാമല്ലോ.. അത് പോരെ..”
മുഖം പൂർണ്ണമായും തെളിഞ്ഞില്ലെങ്കിലും ആ മുഖത്തൊരു ചിരി തെളിഞ്ഞിരുന്നു…
രണ്ടു മാസങ്ങൾക്കിപ്പുറം..
നാട്ടിലേയ്ക്ക് പോവാൻ വേണ്ടി പാക്ക് ചെയ്ത ബാഗുകൾ ഡിക്കിയിലേയ്ക്ക് വെയ്ക്കുമ്പോഴാണ് കല്യാണി ഒരുങ്ങി കാറിനടുത്ത് എത്തിയത്…
“വരുൺ,പോവുന്ന വഴിക്ക് ആ ആരാധന ബേക്കറിയ്‌ക്കരികെ നിർത്തണേ , അവിടെ നല്ല ഉണ്ണിയപ്പം കിട്ടും…അച്ഛന് വല്യ ഇഷ്ടമല്ലേ..”
ഡ്രൈവിംഗ് സീറ്റിലേയ്ക്കിരുന്നു, സീറ്റ് ബെൽറ്റ് ഇടുന്നതിനിടെ ഒരാക്കിച്ചിരിയോടെ ഞാൻ ചോദിച്ചു…
“അല്ലെടോ,നിന്റെ യൂ ട്യൂബ് നോക്കിയുള്ള പാചകപരീക്ഷണങ്ങളൊക്കെ നിർത്തിയോ..? എന്തായാലും അന്നത്തെ ആ ഉണ്ണിയപ്പം കിടുവായിരുന്നു, ശാരദമ്മായി കുറ്റം പറഞ്ഞ..”
ഒരു തീ പാറുന്ന നോട്ടം പകരം കിട്ടി..
“നാട്ടുകാരെ കൊണ്ടു നല്ലത് മാത്രം പറയിപ്പിക്കാനുള്ള പരിശ്രമം ഞാനങ്ങു നിർത്തി..കൂട്ടത്തിൽ കെട്ട്യോനെ ഇമ്പ്രെസ്സ് ചെയ്യിക്കുന്നതും…”
ഗൗരവത്തിലുള്ള മറുപടി കേട്ടതും ഞാൻ പൊട്ടിച്ചിരിച്ചു.. ഒരു നിമിഷം വൈകിയെങ്കിലും കല്യാണിയും അതിൽ പങ്കു ചേർന്നിരുന്നു….
~സൂര്യകാന്തി ?