Story written by Saji Thaiparambu
===========
പുതിയ വീടിൻ്റെ ഗേറ്റിന് വലത് ഭാഗത്തുള്ള തൂണിൽ അയാൾ സ്വന്തം പേരും തൊട്ട് താഴെ CI OF POLICE എന്ന ഔദ്യോഗിക പദവിയും എഴുതി വച്ചപ്പോൾ അയാളുടെ ഭാര്യ ചോദിച്ചു
ഇത് നമ്മുടെ രണ്ട് പേരുടെയും കൂടെ വീടല്ലേ ?എന്നിട്ടെന്താ എൻ്റെ പേരെഴുതാതിരുന്നത് ?
ഭാര്യയെ പിണക്കേണ്ടെന്ന് കരുതി പിറ്റേ ദിവസം തന്നെ നെയിംപ്ളേറ്റ് തയ്യാറാക്കുന്ന കടയിൽ ഭാര്യയേയും കൂട്ടി അയാൾ പോയി.
നിനക്കിഷ്ടപ്പെട്ട മോഡൽ ഏതാണെന്ന് കാണിച്ച് കൊടുക്ക്…
കടയിലിരുന്ന പലതരം നെയിംപ്ളേറ്റുകൾ ചൂണ്ടിക്കാണിച്ച് കൊണ്ട് അയാൾ ഭാര്യയോട് പറഞ്ഞു.
എൻ്റെ പേര് ഇത് പോലെ എഴുതിയാൽ മതി…
സ്വർണ്ണലിപികളിൽ എഴുതിയ ഒരു ബോർഡ് ചൂണ്ടിക്കാണിച്ച് കൊണ്ട് അവൾ പറഞ്ഞു.
ങ്ഹാ പിന്നെ ആ പേരിൻ്റെ താഴെ നിങ്ങളെപ്പോലെ എൻ്റെ ഔദ്യോഗിക പദവി കൂടെ എഴുതണം
അതിന് നിനക്ക് ഉദ്യോഗമൊന്നുമില്ലല്ലോ? നീയൊരു ഹൗസ് വൈഫല്ലേ?
അതിനെന്താ? അതൊരു പദവിയല്ലേ?നിങ്ങളതങ്ങോട്ടെഴുതാൻ പറയ്…
നീരസത്തോടെയവൾ പറഞ്ഞു…
ഓകെ…
മനസ്സില്ലാ മനസ്സോടെ അയാൾ ഭാര്യയുടെ നെയിംപ്ളേറ്റിൽ അവളുടെ പേരിന് തൊട്ട് താഴെ ഹൗസ് വൈഫ് എന്നെഴുതിച്ചു.
രണ്ട് ദിവസത്തിന് ശേഷം കടയിൽ നിന്നും നെയിംപ്ളേറ്റ് കൊണ്ട് വന്ന് ഗേറ്റിൻ്റെ ഇടത് വശത്തെ തൂണിൽ ഉറപ്പിക്കുകയും ചെയ്തു.
വർഷങ്ങൾ കടന്ന് പോയപ്പോൾ അവരുടെ രണ്ട് മക്കളും പഠിച്ച് ഉദ്യോഗസ്ഥരായി
ഒരാൾ അച്ഛനെ പോലെ പോലീസ് സേനയിൽ സബ്ബ് ഇൻസ്പെക്ടറായപ്പോൾ മറ്റെയാൾ പട്ടാളക്കാരനായി
അയാൾ തൻ്റെ നെയിംപ്ളേറ്റിന് താഴെ മക്കളുടെ പേരും ഡെസിംഗ്നേഷനുമുള്ള നെയിംപ്ളേറ്റുകൾ സ്ഥാപിച്ചിട്ട് അതും നോക്കി അഭിമാനത്തോടെ നിന്നു.
വർഷങ്ങൾ കടന്ന് പോകവേ അയാൾസി ഐ റാങ്കിൽ നിന്നും ഡിവൈഎസ്പിയായി പ്രമോഷനായപ്പോൾ പഴയ നെയിംപ്ളേറ്റിൽ നിന്ന് ഡെസിംഗ്നേഷൻ മാറ്റിയെഴുതി.
ഒടുവിൽ അയാൾ സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ നെയിംപ്ളേറ്റിൽ Rtd of Police എന്ന് എഴുതി വയ്ക്കുകയും ചെയ്തു .
ഇതിനിടയിൽ മക്കളുടെ ഡെസിംഗ്നേഷനിലും നിരവധി മാറ്റങ്ങൾ വന്നു.
പക്ഷേ അപ്പോഴും ഒരു മാറ്റവും വരാതെ ഇടത് വശത്തെ തൂണിൽ ക്ളാവ് പിടിച്ച ഒരു നെയിംപ്ളേറ്റ് തുരുമ്പെടുത്ത സ്ക്രൂവുമായി ഇളകിയാടുന്നുണ്ടായിരുന്നു.
ശ്യാമള, ഹൗസ് വൈഫ്.
പ്രമോഷനുകളില്ല, റിട്ടയർമെൻ്റുമില്ല, ആജീവനാന്ത സേവനം മാത്രം…
~സജി തൈപ്പറമ്പ്.