എഴുത്ത്: മഹാ ദേവൻ
==========
ജോലി കഴിഞ്ഞ് വരുമ്പോൾ കയ്യിൽ കുറച്ചു കുഞ്ഞൻമത്തിയും കരുതിയിരുന്നു. അത് കണ്ടപ്പോഴേ കെട്യോൾടെ മുഖത്തൊരു കനം.
വല്ല ആവോലിയോ ചൂരയോ മറ്റോ ആയിരുന്നെങ്കിൽ പണി എളുപ്പം ആണല്ലോ..വാങ്ങുമ്പോൾ തന്നെ അവർ നേരാക്കി തരും. പിന്നെ നന്നായി കഴുകി കറിയോ വറവോ എന്താച്ചാ ആവാം..ഇതിപ്പോ മത്തി നേരാക്കൽ പണി കൂടും..രാത്രി കൂടി ആകുമ്പോൾ പിന്നെ പറയേണ്ടല്ലോ.
ന്തായാലും ഓൾടെ മുഖഭാവം കണ്ടപ്പോഴേ മത്തിയും കത്തിയും കൂടെ ഒരു ചട്ടിയും അവളെ ഏൽപ്പിച്ചു ഞാൻ മെല്ലെ എസ്കേപ്പ് ആയി.
പോകുമ്പോൾ കറി മുളകിട്ടു വെച്ചാ മതിട്ടോ എന്ന് കൂടി പറഞ്ഞപ്പോൾ…പിന്നെ ഓൾടെ മുഖഭാവം ങ്ങള് ഊഹിച്ചാ മതി. ന്തായാലും കുളിയും കഴിഞ്ഞ് ഫ്രിഡ്ജിൽ ഇന്നലെ വെച്ച ബിയർ എടുക്കാനായി അടുക്കളയിലേക്ക് ചെല്ലുമ്പോൾ പുറത്തെ കല്ലിന്മേൽ ഇരുന്ന് കെട്യോൾ മത്തിയെ അത്യന്തം മൃഗീയമായി കത്തികൊണ്ട് മാന്തുന്നത് കണ്ടപ്പോൾ മനസ്സിലൊരു വിഷമം. സമയം ഇത്ര ആയ സ്ഥിതിക്ക് മത്തി വാങ്ങേണ്ടായിരുന്നു. ഇനി അതൊക്കെ ആയി എപ്പോ കഴിക്കാനാ എന്നൊക്ക ചിന്തിച്ചുകൊണ്ട് അവളുടെ പിറകിൽ ചെന്ന് അവൾക്ക് സന്തോഷമാകാൻ വേണ്ടി പിറകിൽ നിന്ന് വയറിലൂടെ ഒന്ന് കെട്ടിപിടിച്ചു.
ഹോ…പിടിച്ചതെ ഓർമ്മയുള്ളൂ. എന്നെ കുടഞ്ഞെറിഞ്ഞ അവൾ സടകുടഞ്ഞെഴുനേറ്റ് കത്തുന്ന കണ്ണുകളുമായി ഒരു നോട്ടം.
” ദേ, പാതിരാത്രിക്ക് ചീ-ഞ്ഞ മീനും വാങ്ങി വന്ന് ഇവിടെ ഉള്ള പണികൾ പോരാഞ്ഞിട്ട് പിന്നേം പണി ഉണ്ടാക്കിത്തന്നിട്ട് ശൃംഗരിക്കാൻ നിന്നാലുണല്ലോ, കയ്യിൽ കത്തിയ, മത്തി വരയും പോലെ വരയും ഞാൻ. പണി കഴിഞ്ഞാ പാതിരാ വരെ കൂട്ടുകാരുടെ കൂടെ ഇരിക്കും, എന്നിട്ട് മനുഷ്യൻ ഒന്ന് നടു നിവർത്തുമ്പോഴാ ഇതുപോലെ ഉള്ള ഓരോ ഏടാകൂടങ്ങളുമായി വരവ്…”
അവളുടെ അപ്പോഴത്തെ ഭാവം കണ്ടപ്പോൾ എനിക്ക് ദേഷ്യമൊക്ക വന്നെങ്കിലും മത്തി മത്തായീടെ തൊടീൽ പോണ്ട എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ശൃംഗാരം മതിയാക്കി പതിയെ പിൻവാങ്ങി.
ഫ്രിഡ്ജ്ജിൽ ഇരുന്ന ബീ-റുമെടുത്തു ടീവീയ്ക്ക് മുന്നിൽ ഇരിക്കുമ്പോൾ മനസ്സ് മുഴുവൻ അവൾ എന്തിനാണിത്ര ചൂടായത് എന്ന ചിന്ത ആയിരുന്നു.
ന്തായാലും പിന്നീട് അതിനെ കുറിച്ച് കൂടുതൽ ചികയാൻ നിൽക്കാത്തത് കൊണ്ട് നല്ലൊരു മീൻകറി കൂട്ടി ചോറ് കഴിച്ചു.
അപ്പോഴും മനസ്സിലിങ്ങനെ ഉരുണ്ടുകളിക്കുന്നുണ്ടായിരുന്നു ഇവളിതിപ്പോ ന്തിനാ ഇത്രയ്ക്ക് രോഷം കൊണ്ടത് എന്ന ചിന്ത.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും കുഞ്ഞൻമത്തിയുമായി വന്നപ്പോൾ അത് അവളെ തൊടീക്കാതെ വൃത്തിയാക്കാൻ ഞാൻ തന്നെ മുൻകൈ എടുത്തു. അവൾ ചെയ്യാമെന്ന് പറഞ്ഞപ്പോൾ ഓഹ് വേണ്ട എന്നും പറഞ്ഞ് ഞാൻ പുറത്തെ കല്ലിന്മേൽ കയറി ഇരുന്നു. തുടങ്ങിയപ്പോഴാണ് അസമയത്തെ മീൻനേരാക്കലിന്റെ അവസ്ഥ മനസ്സിലായത്.
നാലുപാടും ഈച്ചകൾ സരിഗമ പാടാൻ തുടങ്ങി. കൂടെ മീനിൽ വന്നിരിക്കുന്ന ഈച്ച പാറി ചുണ്ടിലും ചെവിയിലും കഴുത്തിലുമെല്ലാം ചുംബിച്ചുപോയി. മീൻകൈ കൊണ്ട് അവനെ ആട്ടാൻ പോലും പറ്റാത്ത അവസ്ഥ. ഒന്ന് ആട്ടിയാൽ കയ്യിലുള്ള വെള്ളം ദേഹത്തു മൊത്തം മൊത്തം സെന്റടിക്കും. അതിനിടയ്ക്ക് പാതിരാകൊതുകുകൾ ആസനത്തിൽ വരെ കുത്തി രസിക്കാൻ തുടങ്ങി. ആ അവസ്ഥ….എല്ലാം കടിച്ചുപിടിച്ചിരുന്നു മത്തിയുടെ ചെകിള കളയുമ്പോൾ പുറത്ത് വീണ ചെകിളയിൽ ഇരുമ്പു പരേഡ് തുടങ്ങിയത് കാലിൽ കടി തുടങ്ങിയപ്പോഴാണ് അറിഞ്ഞത്. ഹോ..പോന്നോ… മത്തിയും വേണ്ട ഒരു മൈ….വേണ്ടെന്ന് മനസ്സിൽ പ്രാകി ചൊറിഞ്ഞും മാന്തിയും മുതുകത്തു തല്ലിയും ഒരുവിധം മത്തിയെ മെനെയാക്കി എടുക്കുമ്പോൾ മുന്നിൽ അറ്റൻഷൻ ആയിരുന്നു അപ്പുറത്തെ വീട്ടിലെ പൂച്ച. എല്ലാം സഹിക്കാം. അതിന്റ ദയനീയമായ കരച്ചിൽ കൂടി കേട്ടപ്പോൾ എന്റെ അവസ്ഥ…
ഊഹിക്കാമല്ലോ…. !
പെട്ടന്ന് പിന്നിൽ നിന്ന് ഒരു കെട്ടിപ്പിടുത്തം.
“എന്ത് മൈ….ആടി കാണിക്കുന്നത്. മനുഷ്യനിവിടെ പ്രാന്ത് പിടിച്ചിരിക്കുമ്പോൾ ആണ് അവളുടെ ഒരു… “
പിന്നെ ന്തൊക്കെയോ പറഞ്ഞു. എല്ലാം കേട്ടവൾ ചിരിച്ചു.
ആ ചിരിയിൽ ഉണ്ടായിരുന്നു കുഞ്ഞൻമത്തിയും രാത്രിയും തമ്മിലുള്ള ബന്ധത്തിന്റെ അളവ്.
പക പോകുകയാണല്ലേ…എന്ന് മനസ്സിൽ പറഞ്ഞ് ഒരുവിധം നെരെ ആക്കി അവൾക്ക് മുന്നിൽ വെക്കുമ്പോൾ ഒരു ആശ്വാസം.
ഇച്ചിരി കഷ്ട്ടപെട്ടാലും മത്തി ഉഗ്രൻ ട്ടേസ്റ്റ് ആയിരുന്നു.
പക്ഷേ മത്തിയുടെ വരവ് ഞാൻ ഇച്ചിരി നേരത്തെ ആക്കി അന്ന് മുതൽ. ന്തിനാ വെറുതെ അവളെ പണിയെടുപ്പിക്കുന്നത്.
പാവല്ലേ അവൾ…
അവസ്ഥ ???
✍️ദേവൻ