മൗനം…
Story written by Jisha Raheesh
==========
“തനൂ , ആദി ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല..”
ജാലകവാതിലിലൂടെ പുറത്തെ ഇരുളിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ അനിലയുടെ ശബ്ദം കാതിൽ മുഴങ്ങുന്നത് പോലെ തനൂജയ്ക്ക് തോന്നി…
വർഷങ്ങൾ ശേഷമുള്ള കോളേജ് മീറ്റിന് പോവേണ്ടിയിരുന്നില്ലെന്ന് അവൾക്ക് തോന്നി..ഒന്നും അറിയേണ്ടിയിരുന്നില്ല..
ആദിത്യനും തനൂജയും..ഒരേ സ്കൂളിലും, പിന്നെ കോളേജിലും ഒരുമിച്ചു പഠിച്ചവർ…വർഷങ്ങൾ നീണ്ട പ്രണയം..
പക്ഷെ…
കടമകളുടെയും കടപ്പാടുകളുടെയും മുൻപിൽ വഴി പിരിയേണ്ടി വന്ന പ്രണയം..
തനിയ്ക്ക് താഴെയുള്ള സഹോദരങ്ങളുടെ ഭാവിയെ പറ്റിയുള്ള ഉത്കണ്ഠ, മാതാപിതാക്കൾ അവളിലേയ്ക്ക് പകർന്നപ്പോൾ തനൂജയും, തന്റെ ജീവിതത്തിലേയ്ക്ക് അവളെ കൈ പിടിച്ചു കയറ്റാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ടെന്ന്, അവളോട് പറയാനാവാതെ ആദിത്യനും,തങ്ങളുടെ പ്രണയത്തെ നിസ്സഹായതയോടെ,എന്നാൽ പരസ്പരം പഴി ചാരാതെ വിധിയ്ക്ക് വിട്ടു കൊടുത്തു…
പിന്നിലൂടെ രണ്ടു കരങ്ങൾ തന്നെ ചുറ്റുന്നത് തനു അറിഞ്ഞു….ചുമലിൽ താടിത്തുമ്പ് അമരുന്നതും….
“എന്താടോ ഭാര്യേ, മീറ്റിങ്ങിനു പോയി വന്നതിനു ശേഷം ആകെയൊരു മൂഡോഫ്..?”
തിരിച്ചു നിർത്തി അവളുടെ മുഖം പിടിച്ചുയർത്തികൊണ്ട് വിഷ്ണു ചോദിച്ചു..
“വല്ല പൂർവ്വകാമുകന്മാരെയും കണ്ടോ നീ അവിടെ..?”
ഒരു കണ്ണിറുക്കികൊണ്ടു വിഷ്ണു ചോദിച്ചതും തനൂജയുടെ ഉള്ളൊന്ന് പിടഞ്ഞു…
ആ പിടച്ചിൽ പുറത്ത് കാണിക്കാതെ, തനൂജ ചുണ്ടുകൾ കോട്ടി, വിഷ്ണുവിന്റെ ചുമലിലൊന്നിടിച്ചു…
“പോ അവിടുന്ന്, ചുമ്മാ ഓരോന്ന് പറഞ്ഞുണ്ടാക്കാതെ..”
വിഷ്ണുവിനെ നോക്കി കണ്ണുരുട്ടി അവൾ അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ ചുമൽ ഉഴിഞ്ഞു കൊണ്ടവൻ ചിരിക്കുന്നുണ്ടായിരുന്നു…
രാത്രിയിലേയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കുമ്പോഴും തനൂജയുടെ ഉള്ളിൽ ആദിത്യന്റെ മുഖം മിഴിവോടെ നിന്നു…
കോളേജ് മീറ്റിന് ചെല്ലണമെന്ന് അനില നിർബന്ധിച്ചപ്പോൾ ആദ്യം ഓർത്തത് അവനെയായിരുന്നു.. ആദിത്യൻ ദുബായിലാണ്, മീറ്റിങ്ങിനു വരില്ലെന്ന അനിലയുടെ വാക്കുകൾ കേട്ടാണ് പോയത്..
കോളേജിൽ എത്തിയതും മറവിയിൽ തളച്ചിട്ട ഓർമ്മകളോരോന്നായി ചങ്ങല പൊട്ടിച്ചെത്തിയിരുന്നു..
വരേണ്ടായിരുന്നുവെന്ന് തോന്നി..ശ്വാസം മുട്ടുന്നുണ്ടായിരുന്നു…
ആരോടോ എന്തോ പറഞ്ഞു ചിരിക്കുന്നതിനിടയിലാണ്, തെല്ലപ്പുറത്തു സംസാരിച്ചു നിൽക്കുന്നവർക്കിടയിൽ നിന്നും തന്നെ തേടിയെത്തിയ കണ്ണുകളിൽ നോട്ടം കുരുങ്ങിയത്..
ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർ കടന്നു പോയത് പോലെ ദേഹമൊന്ന് വിറച്ചത് തനൂജ അറിഞ്ഞു…
അടുത്ത നിമിഷം അവൾ സ്വയം നിയന്ത്രിച്ചു..
തങ്ങളെ പോലെ പരസ്പരം പ്രണയിച്ചവർ വേറെയും ഉണ്ടാവും ഈ കൂട്ടത്തിൽ..
കഴിഞ്ഞുപോയതെല്ലാം മറന്നു പുതിയൊരു ജീവിതം നയിക്കുന്നവർ..
ആദിയും എല്ലാം മറന്നു പുതിയൊരു ജീവിതം തിരഞ്ഞെടുത്തിട്ടുണ്ടാവണം..
എല്ലാവരോടും കളിചിരികളുമായി സംസാരിക്കുന്നുണ്ടെങ്കിലും,ആദിത്യൻ ഒരു തവണ പോലും തനൂജയ്‌ക്കരികെ എത്തിയില്ല…
പക്ഷെ ഇടയ്ക്കെപ്പോഴൊക്കെയോ, തന്നിലേയ്ക്ക് പാറി വീഴുന്ന നോട്ടങ്ങളെ അവൾ അറിയുന്നുണ്ടായിരുന്നു..
പിരിയാൻ തുടങ്ങുന്നതിനു മുൻപ്, യാദൃശ്ചികമായാണ് അനിലയും താനും സംസാരിച്ചു നിൽക്കുന്നയിടത്തേയ്ക്ക് ആദിയെയും പിടിച്ചു വലിച്ചു കൊണ്ടു ശരൺ എത്തിയത്..
പരസ്പരം നോക്കി ചിരിച്ചു, കണ്ണുകളിൽ നോക്കാതെ..ശരൺ തന്റെ കുടുംബത്തെ പറ്റി ചോദിച്ചപ്പോൾ, വിഷ്ണുവിനെയും മക്കളെയും കുറിച്ച് പറയുന്നതിനിടെ, കൗതുകത്തോടെ തന്നെ ഉറ്റു നോക്കുന്ന മിഴികളെ താനും അറിയുന്നുണ്ടായിരുന്നു..
എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതിയാണ് ആദിയോട് ജോലിയെ പറ്റി ചോദിച്ചത്..
ദുബായിൽ ഒരു കമ്പനിയിൽ ആണെന്ന് പറഞ്ഞപ്പോൾ,ഫാമിലിയും അവിടെയാണോയെന്ന് അറിയാതെ ചോദിച്ചു പോയിരുന്നു..
“തനൂ, ആദി ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല..ക്രോണിക്ക് ബാച്ചിലർ..”
അനിലയുടെ വാക്കുകൾ കേട്ട്, തന്റെ മുഖം വിളറിയെങ്കിലും, തന്നെ നോക്കിയ ആദിത്യന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല..
എല്ലാവരോടും യാത്ര പറഞ്ഞു ഗേറ്റിനരികിൽ എത്തിയപ്പോഴായിരുന്നു
ആ പിൻവിളി..
“തനൂ….”
പണ്ട്,ഒരായിരം വട്ടം കേട്ടാലും മതി വരാതിരുന്ന ആ വിളി..
നെഞ്ചിടിപ്പോടെ പതിയെ തിരിഞ്ഞു നിന്നു..നിറഞ്ഞ ചിരിയോടെയാണ്,ആ ചോക്ലേറ്റ് ബോക്സ് തനിയ്ക്ക് നേരെ നീട്ടിയത്…
“തന്റെ മക്കൾക്ക് വേണ്ടി വാങ്ങിയതാടോ..പിക്ക് ഞാൻ കണ്ടിട്ടുണ്ട് ഫേസ്ബുക്കിൽ..”
അതിന് എന്റെ ഫ്രണ്ട് അല്ലെല്ലോ ഫേസ്ബുക്കിൽ, എന്ന ചോദ്യത്തിനു, ഉത്തരം, ഒരു പക്ഷെ പ്രൊഫൈൽ പിക്കിൽ കണ്ടതാവുമെന്ന് മനസ്സ് തന്നെ മറുപടി പറഞ്ഞു..
തൊണ്ടയിൽ കുടുങ്ങിയ ഗദ്ഗദം പുറത്ത് വരാതെ, നേർത്ത പുഞ്ചിരിയോടെ, ഒരു നന്ദി വാക്ക് പോലും പറയാതെ, തന്റെ നേരെ നീട്ടിയ ആ ബോക്സ് വാങ്ങി, തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ തന്നിൽ തന്നെയാവും എന്നറിയാമായിരുന്നു..
വീട്ടിലെത്തിയതും ചോക്ലേറ്റ് ബോക്സിനായി പിടിവലി കൂട്ടിയ മക്കൾക്കായി, അത് വിട്ടുകൊടുത്തു തിരിഞ്ഞു അകത്തേയ്ക്ക് കയറുമ്പോഴാണ് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടത്..
തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മക്കളുടെ അടിപിടിയ്ക്കിടയിൽ, ബോക്സിൽ നിന്നും താഴേയ്ക്ക് വീണ ഡയറി മിൽക്കിന്റെ ഒരു പാക്കറ്റ്…
മുറിയിൽ കയറി വാതിലടയ്ക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു…
ആദിയോടൊപ്പം ഉപേക്ഷിച്ച ഇഷ്ടങ്ങളിൽ ഒന്ന്..അതിൽ പിന്നെ ആ ചോക്ലേറ്റിന്റെ മധുരം അറിഞ്ഞിട്ടില്ല നാവ് ഇതുവരെ..
പിറ്റേന്ന് വൈകുന്നേരം ജോലി കഴിഞ്ഞു വന്നു,മക്കൾക്ക് ചായയും കൊടുത്താണ് മൊബൈലുമായി ടെറസിലേയ്ക്ക് നടന്നത്..
വിഷ്ണുവേട്ടൻ വരാൻ വൈകുമെന്ന് പറഞ്ഞിട്ടുണ്ട്..എന്തോ മീറ്റിംഗ് ഉണ്ടത്രേ…
വെറുതെ ഗ്രൂപ്പിലെ മെസ്സേജുകളിലൂടെ സ്ക്രോൾ ചെയ്യുന്നതിനിടെയാണ് അത് കണ്ടത്..
ആദിയുടെ ശബ്ദം..
ആരൊക്കെയോ നിർബന്ധിച്ചിട്ടാണ് ആദി ആ പാട്ട് പാടിയത്..ഇന്ന് വരെ ഗ്രൂപ്പിൽ ആളുടെ ഒരു മെസ്സേജ് പോലും കണ്ടിട്ടില്ല..
“ഈ കല്‍പ്പടവില്‍, ഈ മരത്തണലില്‍ ഒരിക്കല്‍ കൂടി നീ ഇരുന്നെങ്കില്‍..ഒരു വേനല്‍ മുഴുവനും അടരുന്ന പൂക്കളായ് ഇനിയും നിന്നെ ഞാന്‍ മൂടിയേനെ മൂടിയേനെ.. ( ഈ കല്‍പ്പടവില്‍ …)”
ആ ശബ്ദത്തിൽ, ആ നിമിഷങ്ങളിൽ, തനൂജ വീണ്ടും ആദിത്യന്റെ കാമുകി മാത്രമായി മാറിയിരുന്നു..
യാന്ത്രികമായാണ് വിരലുകൾ ഗ്രൂപ്പിൽ നിന്നും ആദിത്യന്റെ നമ്പർ തിരഞ്ഞെടുത്തത്..
ഏതോ മലമുകളിൽ കൈകൾ വിരിച്ചു നിൽക്കുന്നതാണ് ഡിപി…
യാത്രകളെ, ഇഷ്ട്ടപ്പെടുന്ന, സംഗീതം പ്രാണനായ, അങ്ങേയറ്റം റൊമാന്റിക്കായ ആദിത്യൻ..
തങ്ങളുടെ ഇഷ്ടങ്ങൾ എന്നും ഒരുപോലെയായിരുന്നു..ഇഷ്ടപ്പെട്ട ആകാശനീല നിറം മുതൽ കുത്തരി ചോറും കുടംപുളിയിട്ട മീൻ കറിയും വരെ..
“ഹായ്…”
മെസ്സേജ് അയച്ചപ്പോൾ തന്നെ നീല വരകൾ തെളിഞ്ഞെങ്കിലും തെല്ലു കഴിഞ്ഞാണ് ടൈപ്പിംഗ് എന്ന് കണ്ടത്..പഴയ കൗമാരക്കാരിയായിരുന്നു തനൂജ അപ്പോൾ..
“തനൂ..”
“ആദി, നാട്ടിലാണോ…?”
ഇത്തിരി കഴിഞ്ഞു മറുപടി എത്തുമ്പോൾ..
“ഒരു യാത്രയിലാണ് തനൂ, അവിടെ നിന്ന് നേരെ ദുബായിലേയ്ക്ക്..നാട്ടിൽ അങ്ങനെ കാത്തിരിക്കാൻ ആരും ഇല്ലെടോ….?”
“അമ്മ..?”
“അമ്മ പോയിട്ട് വർഷങ്ങളായി , അശ്വതിയും ഭർത്താവും ലണ്ടനിലാണ്…”
പിന്നെ എന്താണ് ടൈപ്പ് ചെയ്യേണ്ടതെന്ന് തനുവിന് അറിയില്ലായിരുന്നു..
മണിക്കൂറുകൾ മടുപ്പില്ലാതെ സംസാരിച്ചവർക്കിടയിൽ വാക്കുകൾ ശ്വാസം മുട്ടി നിന്നു…
താഴെ വിഷ്ണുവിന്റെ ശബ്ദം കേട്ടതും പിന്നെ കാണാമെന്നു ആദിയ്ക്ക് മെസ്സേജ് അയച്ചു തനു,ഗോവണിപ്പടികൾ ഇറങ്ങി..
തനിക്കരികിലിരുന്നു,കുഞ്ഞുങ്ങളോട് സംസാരിച്ചു കൊണ്ടു ചായ കുടിക്കുന്ന വിഷ്ണുവിനെ നോക്കി തനൂജ…
അല്പം കഷണ്ടി കയറിയിട്ടുണ്ട്..അവിടവിടെയായി നര വീണിട്ടുമുണ്ട്, വർക്ക് സൈറ്റിലെ വെയിലേറ്റാവാം കവിൾത്തടങ്ങൾ കരുവാളിച്ചിട്ടുമുണ്ട്…
അറിയാതെ,ആദിത്യന്റെ ഭംഗിയുള്ള മുഖവും, ഇടതൂർന്ന നീണ്ട മുടിയിഴകളും, വെട്ടിയൊതുക്കിയ താടിയും മനസ്സിൽ തെളിഞ്ഞു…കുറച്ചൊന്നു തടിച്ചുവെന്നതല്ലാതെ കാര്യമായ വ്യത്യാസമൊന്നും വന്നിട്ടില്ല ആൾക്ക്..
ആദിയുടെ സ്വഭാവത്തിൽ നിന്നും നേരെ വ്യത്യസ്തമാണ് വിഷ്ണുവേട്ടന്റെത്…ബാത്‌റൂമിൽ പോലുമൊരു മൂളിപ്പാട്ട് പാടിക്കേട്ടിട്ടില്ല..യാത്രകൾ എന്നും ആൾക്ക് അലർജിയാണ്..ഒട്ടും റൊമാന്റിക്കുമല്ല…തങ്ങൾക്കിടയിൽ പൊതുവായ ഇഷ്ടങ്ങളും കുറവാണ്
പക്ഷെ തന്റെ മുഖമൊന്നു മാറിയാൽ വിഷ്ണുവേട്ടന് അത് മനസ്സിലാകും..മുഖം തെളിയുന്നത് വരെ പിന്നാലെ ഉണ്ടാകും..സ്നേഹവും കരുതലുമുള്ളൊരു ഭർത്താവ്..കുട്ടികളുടെ വാത്സല്യനിധിയായ അച്ഛൻ..
“കാര്യമായിട്ട് ഭർത്താവിന്റെ സൗന്ദര്യം ആസ്വദിക്കുന്നുണ്ടല്ലോ തനൂ…?”
മക്കൾ കേൾക്കാതെ കാതോരം ആ ശബ്ദം കേട്ടതും തനുവൊന്ന് ഞെട്ടി..ചമ്മലോടെ പുഞ്ചിരിയ്ക്കുമ്പോൾ ഉള്ളിൽ നിറഞ്ഞത് കുറ്റബോധമായിരുന്നു…
വിവാഹം കഴിഞ്ഞ നാളുകളിൽ, എല്ലാം തുറന്നു പറയണമെന്ന് കരുതിയിരുന്നു..പക്ഷെ ചിറ്റയുടെ വാക്കുകൾ…
“തനൂ, കല്യാണം കഴിഞ്ഞ ഉടനെയുള്ള സ്നേഹം കണ്ടു നീ പഴയ കാര്യങ്ങളൊന്നും അവനോട് പറയാൻ നിക്കണ്ട, എല്ലാവരും ഒരുപോലെയാവണമെന്നില്ല…ജീവിതത്തിൽ ഒരു പ്രണയമൊക്കെ ഉണ്ടാവുന്നത് വലിയ തെറ്റൊന്നുമല്ല..പക്ഷെ…കഴിഞ്ഞു പോയതൊക്കെ കഴിഞ്ഞത് തന്നെയാണ്..”
തന്റെ വിവാഹജീവിതത്തിൽ ഉണ്ടാകുന്ന ഉലച്ചിൽ അനിയത്തിമാരുടെ ഭാവിയെ പോലും ബാധിക്കുമെന്നുള്ള,അമ്മയുടെ വാക്കുകൾ, പഴയ പ്രണയത്തെ മൗനത്തിന്റെ പെട്ടിയിലടച്ചു മനസ്സിലെ ഇരുൾ മൂടിയ കോണിലേയ്ക്കെങ്ങോ തള്ളി വെയ്ക്കാൻ പ്രേരിപ്പിച്ചിരുന്നു…
ഒരിക്കൽ പോലുമത് തുറന്നു നോക്കാൻ മുതിർന്നിരുന്നില്ല.. ആദിയെ വീണ്ടും കാണുന്നത് വരെ…
ദിവസങ്ങൾ കഴിയവേ,ചെറിയ ചില വാക്കുകളും സംഭാഷണങ്ങളും മാത്രം അവർക്കിടയിൽ മെസ്സേജുകളായി തുടർന്നു..ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലുകളൊന്നും ആദിത്യനിൽ നിന്നും ഉണ്ടായിരുന്നില്ല..പരിധി വിട്ടൊരു വാക്ക് പോലും..
എന്നിട്ടും വിഷ്ണുവിനെ നോക്കുമ്പോഴൊക്കെ,ഹൃദയത്തിൽ കുറ്റബോധം നീരാളിയെ പോലെയുള്ള പിടിമുറുക്കുന്നതവൾ തിരിച്ചറിഞ്ഞു….
ആര് തന്നെയായാലും, വിഷ്ണുവേട്ടൻ പരിധിയിൽ കവിഞ്ഞു ഒരു പെണ്ണിനോട് അടുപ്പം കാണിക്കുന്നത് തനിയ്ക്ക് സഹിക്കില്ലെന്നവളോർത്തു….
വിശ്വാസമില്ലാഞ്ഞിട്ടല്ല..പക്ഷെ മറ്റെന്തോ…ഒരു തരം അസ്വസ്ഥത..തന്റെ കുശുമ്പ് ആൾക്കും നന്നായിട്ട് അറിയാം…
അന്ന് തനൂജ ലീവായിരുന്നു..ഉച്ചയ്ക്ക് വീട്ടിലൊന്ന് പോകണം..അമ്മയെ കണ്ടിട്ട് കുറച്ചായി…
തിരക്കിട്ട് ജോലികളൊക്കെ തീർക്കുന്നതിനിടെയാണ്, മൊബൈലിൽ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടത്..
ആദിത്യനാണ്..
“തനൂ…ഫ്രീയാണോ..?”
“എന്തേ..?”
“എനിക്കൊന്ന് സംസാരിക്കണമായിരുന്നു..ഞാൻ വിളിച്ചോട്ടെ..?”
ഒരു മാത്ര, ഹൃദയം മിടിക്കാൻ മറന്നു പോയത് പോലെ..
രണ്ടും കല്പിച്ചാണ് ഒടുവിൽ മറുപടി അയച്ചത്..
“യെസ്..ഫ്രീയാണ്..വിളിച്ചോളൂ..”
തെല്ലു നേരം കഴിഞ്ഞതും ഫോൺ റിങ് ചെയ്ത്..മൂന്നാമത്തെ റിങ്ങിൽ കോൾ എടുക്കുമ്പോൾ കൈകൾ വിറച്ചിരുന്നു…
“ഹലോ…?”
“”തനൂ..?”
മറുപടി ഒന്നും പറഞ്ഞില്ല…
“തനൂ..ആർ യൂ ദേർ….?”
“ആദി പറഞ്ഞോളൂ..”
“തന്നെ കാണാൻ വേണ്ടി തന്നെയാണ് ഞാൻ മീറ്റിംഗിന് വന്നത്..അതിനു വേണ്ടി മാത്രമൊരു യാത്ര..അതായിരുന്നു ആ വരവ്..”
തനു എന്താണ് പറയേണ്ടതെന്നറിയാതെ നിന്നു..
“കണ്ടു…താൻ ഹാപ്പിയാണെന്ന് മനസ്സിലായി..അത് മതിയായിരുന്നു..”
“ആ..ആദി ഹാപ്പിയാണോ…?”
അവൻ പറയുന്ന മറുപടിയ്ക്ക് തിരിച്ചു പറയേണ്ടുന്ന വാക്കുകൾ മനസ്സിൽ അടുക്കി കൊണ്ടായിരുന്നു ചോദിച്ചത്…ഇനിയും ഇത് തുടരാൻ വയ്യാ..വിഷ്ണുവേട്ടനെ കുറ്റബോധത്തോടെ നോക്കാനാവില്ല..
“ഹാപ്പി..ഹാപ്പിയാണ് തനു…നിങ്ങളൊന്നും കരുതുന്നത് പോലെ ഞാനൊരു നിരാശകാമുകനൊന്നുമല്ല..ഐ ആം എൻജോയിങ് മൈ ലൈഫ്, എന്റെ യാത്രകൾ, സൗഹൃദങ്ങൾ, സംഗീതം..ഇടയിൽ എപ്പോഴൊക്കെയോ തന്നെ ഓർക്കുന്നില്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും..പക്ഷെ ഈ മുഖം ഒരിക്കലും എന്നെ ശല്യപ്പെടുത്തിയിട്ടില്ല…അതുകൊണ്ട് തനിയ്ക്കൊരിക്കലും ഒരു കുറ്റബോധത്തിന്റെയും ആവശ്യമില്ല..ഇറ്റ്സ് മൈ ലൈഫ് ആൻഡ് മൈ ചോയ്സ്..”
ഫോണിൽ പടർന്നു കയറിയ മൗനത്തിനൊടുവിൽ തനൂജയുടെ ദീർഘനിശ്വാസം ആദിത്യൻ അറിഞ്ഞു…
“ആദി..താങ്ക്സ്..ഇനി ഇനിയൊരിക്കലും നമ്മൾ കാണില്ല. സംസാരിക്കില്ല..ഒരുപക്ഷെ,ഞാൻ ആദിയെ ഓർത്തെന്നും വരില്ല..ഗുഡ് ബൈ..”
ആദിത്യന്റെ മറുപടിയ്ക്ക് കാക്കാതെ കോൾ കട്ടായിരുന്നു…
തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ദൂരേക്ക് നോക്കി നിന്ന ആദിത്യന്റെ ചുണ്ടുകളിലൊരു വരണ്ട ചിരി തെളിഞ്ഞു..
ആ മുഖത്തിന് പകരം മറ്റൊന്നു പ്രതിഷ്ഠിയ്ക്കാൻ വയ്യാത്തത് കൊണ്ടാണ് ഇന്നും തനിച്ചെന്ന് താൻ അവളോട് പറഞ്ഞിരുന്നില്ല…
അയാൾ വീണ്ടും കയ്യിലെ മൊബൈലിലെ തനൂജയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് നോക്കി…
ബ്ലോക്ക്ഡ്…
തിരിച്ചു മുറിയിലേയ്ക്ക് നടക്കുമ്പോൾ ആദിത്യനറിയാമായിരുന്നു..തനു ചെയ്തതാണ് ശരി..
മനുഷ്യരാണ്..ഒരിക്കൽ പ്രണയിച്ചവരും..അവസരങ്ങൾ തെറ്റുകളിലേയ്ക്ക് നയിച്ചേക്കാം..അവസരങ്ങളെയാണ് മാറ്റി നിർത്തേണ്ടത്..
ആദിത്യൻ മനസ്സിലോർത്തു….
എണ്ണമില്ലാത്ത യാത്രകൾക്കും, സൗഹൃദവലയങ്ങൾക്കും, സംഗീതത്തിനുമിടയിൽ, ചിലപ്പോഴൊക്കെ ആദിത്യന്റെ മനസ്സിൽ ഒരു നോവായി തനൂജയുടെ മുഖം തെളിയാറുണ്ടായിരുന്നു.
ലോകത്തിന്റെ ഏതോ ഒരു കോണിലിരുന്നു ആദിത്യൻ തന്നെ ഓർക്കുന്നുണ്ടാവുമെന്ന് അറിയാമായിരുന്നെങ്കിലും . മനസ്സിലെ ഇരുളിലേക്ക്, വീണ്ടും തള്ളി വെച്ച മൗനത്തിന്റെ പെട്ടി, പിന്നീടൊരിക്കലും തുറക്കാൻ തനൂജ ആഗ്രഹിച്ചിരുന്നുമില്ല…
~സൂര്യകാന്തി ?