അങ്ങനെ കുറേ വർഷങ്ങൾ കൊണ്ട് അനുഭവ സമ്പത്ത് ആവിശ്യത്തിൽ കൂടുതൽ ആയപ്പോൾ അവൾ അവിടുന്ന് ഇറങ്ങി….

ചില തിരിച്ചറിവുകൾ…

എഴുത്ത്: അനു

=========

അപ്പൊ അതങ്ങനെ ആണല്ലോ അതിന്റെ ഒരു നാട്ടു നടപ്പ്..അതായത് കല്യാണം കഴിഞ്ഞാൽ മരുമകൾ ഏതവസ്ഥയിലും ഭർത്താവിന്റെ വീട്ടിൽ ഉത്തരവാദിത്തം ഉള്ളവൾ ആയിരിക്കണം..അവളുടെ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകളോ സമ്മർദ്ദങ്ങളോ ഭർത്താവിന്റെ വീട്ടുകാർ സഹിക്കേണ്ട യാതൊരു കാര്യവും ഇല്ല..കൂടെ മരുമകൾ വിവാഹ ശേഷവും പഠനം തുടരുകയും ഒപ്പം ഗർഭിണി ആവുകയും കൂടി ചെയ്താൽ പിന്നെ….ജംഗ ജഗ പൊക…

ഗർഭിണി ആയിരിക്കെ വീട്ടിലെ മരുമകൾ BEd training course ചെയ്യുന്ന കാലം..രാത്രി ഏറെ വൈകിയും എഴുതിയാലും വരച്ചാലും തീരാത്ത റെക്കോർഡുകൾ, ചാർട്ടുകൾ, teaching manual, assignments, model making….കൂട്ടത്തിൽ രാവിലെ എണീറ്റാൽ തുടങ്ങുന്ന vomitting….ആഹാ അടിപൊളി..

രാവിലെ ശർദിച്ചു കിറുങ്ങി എങ്ങനെ എങ്കിലും ഒരുവിധം വരച്ചതും കുറിച്ചതും വാരിതൂക്കി കോളേജിൽ എത്തിയാൽ മതിയേ എന്ന് ഓർത്തുള്ള ഓട്ടം..

പഠനം പാതി വഴിക്ക് ഉപേക്ഷിച്ചാൽ ജീവിതം കുട്ടിച്ചോറായി പോകും എന്ന് അന്നേ മനസ്സിലായത് കൊണ്ട് അത് മാത്രം മുടക്കാൻ തയ്യാറല്ലാരുന്നു..

കോളേജിൽ പോയി കഴിഞ്ഞാൽ മുറിയിലേക്കൊരു ഘോഷയാത്രയാണ് പിന്നെ…വീട്ടുകാരുടെ….പിന്നീടാണ് വിശകലന കുറിപ്പ് തയ്യാറാക്കലും അവലോകനവും ചർച്ചയും…തലേ രാത്രി എഴുതിയ പേപ്പറുകളുടെ, വരച്ച ചാർട്ടിന്റെ, ഉണ്ടാക്കിയ മോഡലുകളുടെ ഒക്കെ ബാക്കി കീറിയ പേപ്പറും അവശിഷ്ടങ്ങളും, അവിടവിടെ ചിതറി കിടക്കുന്ന പേന പെൻസിൽ ആദിയായ സാമഗ്രികൾ, രാവിലെ മാറിയിട്ട് പോയ തുണി വരെ അവലോകന സമ്മേളനത്തിൽ വീട്ടിലെ ജോലിക്കാരി വരെ ചർച്ച ചെയ്യും..

കൃത്യമായി പട്ടിക തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാനുള്ള തിരക്കാണ്..ഉത്തരവാദിത്ത ബോധമില്ലാത്ത മരുമകളുടെ കൂടെ കഴിയേണ്ടി വന്ന മോന്റെ ഗതികേട്..അല്ലാതെ പിന്നെ ഇതൊക്കെ എന്താ..ഈ മുറിയിലാണോ ഇവിടുത്തെ മോൻ താമസിക്കുന്നത് എന്ന് മുറി സന്ദർശനത്തിനായി ക്ഷണിച്ചാനയിച്ചു കൊണ്ടു വന്ന ബന്ധുവിന്റെ ഡയലോഗ് മേമ്പൊടിക്ക്..ആനന്ദ ലബ്ധികിനിയെന്തു വേണം അവലോകന കമ്മിറ്റി പ്രസിഡന്റിന്….

ഇതൊക്കെ ചെറുത്…ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ….

അങ്ങനെ കുറേ വർഷങ്ങൾ കൊണ്ട് അനുഭവ സമ്പത്ത് ആവിശ്യത്തിൽ കൂടുതൽ ആയപ്പോൾ അവൾ അവിടുന്ന് ഇറങ്ങി….

നാളുകൾക്ക് ശേഷം പണ്ട് കുറേ പഴി കേൾപ്പിച്ച ആ മുറിയിലേക്ക് അവൾ ഒന്നുകൂടി ചെന്നു..ആൾതാമസം ഉള്ള വീട്ടിലെ മുറി ആണെന്ന് പോലും തോന്നാത്ത രീതിയിൽ വൃത്തികേടായി കിടക്കുന്നു..പണ്ട് കുറ്റം പറഞ്ഞും പറയിച്ചും രസിച്ച അതേ ആളുകൾ ഇപ്പൊ ഒന്നും പറയാതെ മിണ്ടാതിരിക്കുന്നു..

അത് പിന്നെ മോൻ ജോലി ചെയ്യാൻ പാടില്ലല്ലോ..

പണ്ടും ഇപ്പഴും അത് മാറുന്നത് എങ്ങനെ?

ആണല്ലേ..

നാണക്കേടല്ലേ..

കിടന്നുറങ്ങിയ പുതപ്പും ബെഡ്ഷീറ്റും മടക്കി വെക്കാനോ, മുഷിഞ്ഞ സ്വന്തം വസ്ത്രം  അലക്കാനോ, സ്വന്തം മുറി വൃത്തിയാക്കാനോ ആൺമക്കളോട് നിങ്ങളാരും പറയരുത് അമ്മമാരെ..അതിനൊക്കെ എന്നെങ്കിലും വരുന്ന മരുമകൾക്കായി നിങ്ങൾ കാത്തിരിക്കണം..സ്വന്തമായി ഭക്ഷണം വിളമ്പി കഴിക്കാനോ, കഴിച്ച പാത്രം കഴുകി വെക്കാനോ,ഒരു ചായ ഇടാനോ, എന്തിന് സ്വന്തം അടിവസ്ത്രം കഴുകാൻ പോലും നിങ്ങൾ ആൺമക്കളെ ഒരിക്കലും ശീലിപ്പിക്കരുത്…

ഇനി എങ്ങാനും ഭാവിയിൽ കല്യാണ ശേഷം അവർ ഇതു വല്ലതും ചെയ്യാൻ തുടങ്ങിയാൽ..ഭാര്യക്കൊപ്പം ഒന്നടുക്കളയിൽ കേറിയാൽ, അവൾക്കൊരു ചായ ഇട്ടുകൊടുത്താൽ..യാതൊരു കാരണവശാലും നിങ്ങൾ ഇതൊന്നും നിങ്ങളുടെ വീട്ടിൽ അനുവദിക്കരുത്..എല്ലാം വന്നു കേറിയവളുടെ മാത്രം പണിയായി മാറ്റി വെപ്പിച്ചേക്കണം…

ഏതെങ്കിലും അവസ്ഥയിൽ അവളുടെ ഭാഗത്തു നിന്ന് ഇതിനൊക്കെ എന്തെങ്കിലും കുറവ് വന്നാൽ, ഇനി ഒരു കുറവും  വന്നില്ലെങ്കിൽ പോലും നിങ്ങൾ അവളെ വെറുതെ വിടരുത്. സകല നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ നിങ്ങൾ അവളെ പഴിച്ചു കൊണ്ടേ ഇരിക്കണം..

അങ്ങനെ അവരുടെ ജീവിതം നിങ്ങൾ ഒരു വഴിക്ക് എത്തിച്ചു കൊടുക്കണം…അപ്പോഴേക്കും അവർ സ്വന്തം ജീവിതത്തെ പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കും…

അപ്പൊ നിങ്ങൾക്ക് ആത്മ സുഖവും കിട്ടും. മരുമകൾ സ്വന്തം കാലിൽ നിൽക്കാനും നിലപാടുകൾ വ്യക്തമാക്കാനും പ്രതികരിക്കാനും പ്രാപ്തയായ നിലയിലേക്ക് വളരുകയും ചെയ്യും..

ഫലത്തിൽ നിങ്ങൾ ചെയ്തതെല്ലാം മരുമകളുടെ നന്മ മാത്രം ഉദ്ദേശിച്ചായിരുന്നു അല്ലെ…വിവാഹ ശേഷ ജീവിതം സ്വന്തം നിലപാടുകൾ വ്യക്തമാക്കാനും പ്രതികരിക്കാനും പല മരുമക്കളെയും പഠിപ്പിച്ചു…

ഇത്തരത്തിൽ നന്മ മാത്രം ചെയ്തു മരുമക്കളെ ജീവിക്കാൻ പ്രാപ്തരാക്കുന്ന എല്ലാ (അമ്മായി) അമ്മമാർക്കും നമോവാഗം..??

അനുജ ✍?