കിണറ്റിൽ നിന്നും വെള്ളം കോരി രണ്ട് കൈ കൊണ്ട് ബക്കറ്റിൽ എടുത്തു വരുന്ന എന്നെ നോക്കി അമ്മയും പെങ്ങളും മുഖത്തോട് മുഖം നോക്കി അങ്ങിനെ നിന്നു…

Story written by Sanal SBT

===========

ഫസ്റ്റ്നൈറ്റിന് മണി ഒൻപതായപ്പോൾ തന്നെ കാവടി തുള്ളി റൂമിലേക്ക് പോകുന്ന എന്നെ കണ്ടതും  അമ്മയും പെങ്ങളും അന്തം വിട്ട് കു ന്തം വി ഴുങ്ങി ഹാളിൽ ഒരേ നിൽപ്പാണ്…

“കല്യാണമേ വേണ്ടാന്ന് പറഞ്ഞ് നടന്നിരുന്ന ചെക്കനാണ്, കണ്ടില്ലേ അവൻ്റെ ഒരു ആവേശം…” മൂക്കത്ത് വിരൽ വെച്ച് കൊണ്ട് പെങ്ങൾ അമ്മയോട് പറഞ്ഞു.

ഞാനതൊന്നും മൈൻ്റ് ചെയ്യാതെ നേരെ റൂമിൽ കയറി കതക് അടച്ചു. എന്നെ കണ്ടതും ബെഡിൽ ഇരിക്കുന്ന അവൾ ചാടി എഴുന്നേറ്റു.

“അയ്യോ എഴുന്നേൽക്കണ്ട അവിടെ ഇരുന്നോ .”

“ഞാൻ അവളെ പിടിച്ച് വീണ്ടും ബെഡിൽ ഇരുത്തി.”

“എന്താ നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നേ? “

“ഹേയ് ഒന്നൂല്ല.”

“എന്താ പേടിയുണ്ടോ? “

“കുറച്ച്…”

“അത് സാരല്ല രണ്ട് ദിവസം കഴിഞ്ഞാൽ പേടിയൊക്കെ താനെ മാറിക്കോളും. “

“ഉം…ജിത്തുവേട്ടാ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.”

“എന്ത് കാര്യം, പണ്ട് വല്ല പ്രേമവും ഉണ്ടായിക്കാണും, അതല്ലേ നീ പറയാൻ പോണത്. കഥകൾ ഒക്കെ നമ്മുക്ക് വിശദമായിട്ട് പിന്നെ ഒരു ദിവസം പറയാം. ഇന്ന് നല്ലൊരു ദിവസം ആയിട്ട് അതിൻ്റെ  രസം കളയണോ? നീ ഇങ്ങ് വന്നേ…”

“ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് എൻ്റെ മാറോട് ചേർത്തു.”

“അതല്ല എനിക്ക് പറയാനുള്ള കാര്യം. .”

“പിന്നെന്ത്…”

“എനിക്ക് വിശക്കുന്നു'”

“ന്താ..”

“എനിക്ക് വിശക്കുന്നൂ ന്ന്…ഏഴ് മണിക്ക് റിസപ്ക്ഷൻ കഴിഞ്ഞപ്പോൾ ആകെ കിട്ടിയത് രണ്ട് ഉണക്ക പത്തിരിയാണ്. അതും ക്യാമറാമാൻ എൻ്റെ വായിലേക്ക് നോക്കി ഇരുന്ന് ഫോട്ടോ പിടിക്കുന്നത് കണ്ടപ്പോൾ  അതും നേരാ വണ്ണം കഴിക്കാൻ പറ്റിയില്ല. ഇപ്പോ വിശന്നിട്ടാണേൽ വയറ് തള്ളക്ക് വിളിക്കുന്നു. “

“ങ്ങേ എന്ത് സംസാരം ആടോ ഇത്…”

“ആ വിശന്നാൽ പിന്നെ ഞാൻ ഇങ്ങനാ.”

“എന്നാൽ പിന്നെ നീ ആ ഫ്രൂട്ട്സ് എടുത്ത് കഴിക്ക്.”

“അയ്യേ ഞാനെന്താ പനി പിടിച്ച് കിടക്കുവാണോ ഫ്രൂട്ട്സ് കഴിക്കാൻ, കനത്തിൽ എന്തേലും വേണം.”

“എന്നാൽ ബാ അടുക്കളയിലോട്ട് പോകാം. അവിടെ എന്തേലും ഇരിപ്പുണ്ടാവും.”

ഞങ്ങൾ നേരെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു. അടച്ച് വെച്ചിരുന്ന പാത്രങ്ങൾ ഓരോന്നായി തുറന്ന് നോക്കി. അവസാനം കുറച്ച് നെയ്ച്ചോറും ചിക്കൻ കറിയും ബാക്കി ഇരിപ്പുള്ളത് കിട്ടി. അത് പ്ലേറ്റിലാക്കി ഞാൻ അവൾക്ക് നേരെ നീട്ടി. അടുക്കളയിലെ സ്ലാമ്പിൻ്റെ പുറത്ത് ചാടിക്കയറി ഇരുന്ന് അവൾ ആർത്തിയോടെ വലിച്ച് വാരിക്കഴിക്കാൻ തുടങ്ങി.

“അപ്പോ കൈ കഴുകണ്ടേ ?”

“ആ ഇനി അത് കഴിച്ചിട്ട് കഴുകാം .”

ഇതിനിടയ്ക്ക് അടുക്കളയിലെ ഒച്ചപ്പാടും ബഹളവും കേട്ടിട്ടാവണം അമ്മ എണീറ്റ് വന്ന് നോക്കിയത്. നോക്കിയപ്പോൾ കണ്ടതോ ഒരു കൈയ്യിൽ പ്ലേറ്റും മറു കൈയ്യിൽ ചിക്കൻ കാലും പിടിച്ച് സ്ലാമ്പിൻ്റെ പുറത്ത് ഇരിക്കുന്ന അവളെയാണ്. അമ്മ ആദ്യം ഒന്ന് ഞെട്ടി ഞാനും അവളും അമ്മയെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

“ഹാ നിങ്ങൾ ആയിരുന്നോ? ഞാൻ വിചാരിച്ചു അടുക്കളയിൽ വല്ല പ ട്ടിയോ പൂ ച്ചയോ കയറിയെന്ന്…”

“അത് പിന്നെ…ആ ഇവൾക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ “

“ആ..ആ..പോകുമ്പോൾ ആ ലൈറ്റ് ഓഫാക്കിയിട്ട് പോ. “

ശ്ശെ ഞാൻ അമ്മയുടെ മുന്നിൽ ആകെ ചമ്മിപ്പോയി. അവസാനം തീറ്റയും കുടിയും ഒക്കെ കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ മണി പത്തായി. ചെന്നപാടെ നാല് ഏമ്പക്കവും വിട്ട് അവള് സുഖായിട്ട് പുതച്ച് മൂടി കിടന്നു. ശ്ശോ മൂഡ് പോയി മൂഡ് പോയി ഇനി ഇന്ന് ഒരു പരിപാടിയും നടക്കില്ല. ഞാനും അപ്പുറത്തോട്ട് മാറി കിടന്ന് ഉറങ്ങി.

അതിരാവിലെ ചേച്ചി വന്ന് കതക് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം ഉണർന്നത്.

“ന്താ ചേച്ചീ ഇത് മനുഷ്യനെ രാവിലെ കിടത്തി ഉറക്കില്ലേ. “

“എടാ നമ്മുടെ മോട്ടോർ കേടായി. ചായ ഉണ്ടാക്കാൻ പോലും ഒരു തുള്ളി വെള്ളം ഇല്ല. നീ ഒന്ന് വന്ന് നോക്കിക്കേ. “

“ആ മോട്ടോർ കേടായതിന് ഞാൻ എന്ത് ചെയ്യാനാ…പുതിയത് മേടിച്ച് വെക്കാം, ചേച്ചി വെള്ളം തത്ക്കാലം കിണറ്റിൽ നിന്ന് കോരിക്കോ.”

ഞാൻ വീണ്ടും കതക് അടച്ച് മൂടി പുതച്ച് കിടന്നു. ഇതൊന്നും അറിയാതെ പോത്ത് പോലെ അവളും എൻ്റെ തൊട്ടടുത്ത് കിടക്കുന്നുണ്ട്.

സമയം രാവിലെ ഒൻപത് മണി…കിണറ്റിൽ നിന്നും വെള്ളം കോരി രണ്ട് കൈ കൊണ്ട് ബക്കറ്റിൽ എടുത്തു വരുന്ന എന്നെ നോക്കി അമ്മയും പെങ്ങളും മുഖത്തോട് മുഖം നോക്കി അങ്ങിനെ നിന്നു.

“അതെ ഇന്ന് വിരുന്നിന് പോണ്ടതല്ലേ അപ്പോ അവൾക്ക് കുളിക്കണം എന്ന്…വെള്ളം കോരി ശീലം ഇല്ല അതാ ഞാൻ തന്നെ..”

പിന്നെ ഒന്നും മിണ്ടാതെ ഞാൻ വേഗം ബാത്റൂമിലേക്ക് നടന്നു.

“അമ്മൂസേ കുളിക്കാൻ ഉള്ള വെള്ളം റെഡി'”

“ആ എന്നാൽ ഞാൻ  പോയി കുളിച്ചിട്ട് വരാം അപ്പോഴേക്കും എനിക്ക് ഉടുക്കാനുള്ള ആ സാരിയും ബ്ലൗസും ഒന്ന് തേച്ച് വെച്ചേര്…”

ങ്ങേ ഇവള് എന്തോന്നിത്. നിന്നെ ഒന്ന് കയ്യിൽ കിട്ടട്ടേ ശരിയാക്കി തര്ണ്ട് ട്ടാ.

സാരി തേച്ച് കഴിഞ്ഞപ്പോൾ തന്നെ അവള് കുളി കഴിഞ്ഞ് ഇറങ്ങി. അപ്പോഴാണ് ആ ന ഗ്ന സത്യം ഞാൻ അറിയുന്നത് അവൾക്ക് സാരിയുടുക്കാൻ അറിയില്ല എന്ന്. പിന്നെ ഒന്നും നോക്കിയില്ല ഞാൻ തന്നെ സാരി ഉടുപ്പിക്കാൻ അങ്ങ് തീരുമാനിച്ചു. സാരിയുമായി വട്ടം പിടിച്ച് നിൽക്കുമ്പോഴാണ് ചേച്ചി ഭക്ഷണം കഴിക്കാൻ വിളിക്കാൻ റൂമിൽ കയറി വന്നത്…വന്ന പടെ കണ്ട കാഴ്ചയോ ഇതും…കയറി വന്ന ശരവേഗത്തിൽ ചേച്ചി അടുക്കളയിലേക്ക് തന്നെ വെച്ച് പിടിച്ചു.

“അമ്മേ അവന് ഇത് എന്നാ പറ്റിയെ? “

“എന്ത് പറ്റാൻ..?”

“ഇന്നലെ രാത്രി ചോറ് വാരിക്കൊടുക്കുന്നു. രാവിലെ കുളിക്കാൻ വെള്ളം കോരിക്കൊടുക്കുന്നു. ഇപ്പോ ഇതാ സാരിയും ഉടുപ്പിച്ച് കൊടുക്കുന്നു. “

“അപ്പോ നിനക്ക് ഇത് വരെ ഒന്നും മനസ്സിലായില്ലേ. പെണ്ണ് കെട്ടിയാൽ എല്ലാവരും അങ്ങനെ തന്നെ…”

“എന്നാലും മനുഷ്യന്മാർ ഇങ്ങനെ മാറുമോ?എങ്ങനെ നടന്നിരുന്ന ചെക്കനാ ഇപ്പോ തനി പെൺ കോന്തൻ ആയിട്ടുണ്ട്.”

“ഹേയ് നീ അത് വിട് കല്ല്യാണം കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ച ഇങ്ങനെയൊക്കെതന്നെ. പുതുമോഡിയാണേയ്  ഇപ്പോ അമ്പിളി മാമനെ വേണം എന്ന് പറഞ്ഞാൽ അവൻ അതും പറിച്ച് കൊണ്ടു കൊടുക്കും. ഈ ആവശ്യം ഒക്കെ അങ്ങ് തീരും കുറച്ച് ദിവസം കഴിയട്ടെ നീ കണ്ടോ.”

“ശ്ശെടാ മുറ്റത്ത് കിടക്കുന്ന ഒരു പ്ലാവില മലർത്തി ഇടാൻ പറഞ്ഞാൽ കേൾക്കാത്ത ചെറുക്കനാ…എന്നാലും കല്യാണം കഴിഞ്ഞാൽ ആളുകൾ ഇങ്ങനെ മാറുമോ?”

ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് ഞങ്ങള് രണ്ടും കൂടി വിരുന്നിന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും ചേച്ചിയുടെ ആ സംശയം അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല.

ആരാല്ലേ ഒരു ചേഞ്ച് ഒക്കെ ആഗ്രഹിക്കാത്തത്. മാറണം മാറണമല്ലോ മാറ്റം എന്ന വാക്ക് മാത്രമാണ് മാറാത്തത് ബാക്കിയെല്ലാം ജീവിതത്തിൽ മാറിക്കൊണ്ടേയിരിക്കും…

~സനൽ SBT