പ്രണയത്തിന്റെ തിളക്കം…
Story written by Jisha Raheesh
=============
സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ നിറഞ്ഞിരിക്കുന്ന സാധനങ്ങൾക്കിടയിൽ പരതുമ്പോഴാണ് ഞാൻ ആ തെല്ലപ്പുറത്ത് നിന്നും ആ പൊട്ടിച്ചിരി കേട്ടത്…
കണ്ണുകളിൽ നിറഞ്ഞു നിന്ന കാഴ്ച..സുന്ദരിയായ ഒരു സ്ത്രീയും അവർക്കരികിലായി, ഇരു നിറത്തിൽ അല്പം തടിച്ച ഒരു പുരുഷനും..
എന്റെ കണ്ണുകൾ വിടർന്നു…ജനിച്ചേച്ചി..
കൂടെയുള്ളത്…?
അയാൾ തന്നെ…പ്രസാദേട്ടൻ…
“നീതു, നീ ഇതെന്താ നോക്കി നിൽക്കുന്നെ..?എടുത്തു കഴിഞ്ഞില്ലേ ഇതുവരെ..?”
നിതിൻ മോളെയും എടുത്തു അരികിൽ വന്നു ചോദിച്ചപ്പോഴാണ് ഞാനും ഞെട്ടലോടെ ആളെ നോക്കിയത്…
“അത്…ഞാൻ…”
നേരത്തെ കണ്ടിടത്തേയ്ക്ക് നോട്ടമയച്ചപ്പോൾ അവർ അവിടെ ഉണ്ടായിരുന്നില്ല…
“ഞാൻ എനിക്ക് പരിചയമുള്ള ഒരാളെ കണ്ടു നിതീ…”
തെല്ല് അക്ഷമയോടെ മൂളിക്കൊണ്ട് നിതിൻ കുഞ്ഞിനേയും കൊണ്ടു തിരിഞ്ഞു നടന്നു..
മോള് ബഹളം വെയ്ക്കാൻ തുടങ്ങിയിട്ടുണ്ട്..ഒരിടത്തും അടങ്ങിയിരിക്കാത്ത സ്വഭാവമാണ്..ഞാൻ വേഗം ആവശ്യമുള്ള സാധനങ്ങളൊക്കെ ട്രോളിയിലേയ്ക്ക് എടുത്തിട്ടു…
മനസ്സപ്പോഴും നേരത്തെ കണ്ട മുഖങ്ങളിൽ കുടുങ്ങിക്കിടന്നിരുന്നു…
മാളിലെ എക്സ്ക്കലേറ്ററിലേയ്ക്ക് കയറിയപ്പോഴാണ് താഴത്തെ നിലയിലൂടെ പുറത്തേയ്ക്ക് നടക്കുന്നവരെ ഞാൻ കണ്ടത്…
ജനിച്ചേച്ചിയും പ്രസാദേട്ടനും…ജനിച്ചേച്ചി പറയുന്നതൊക്കെ ചിരിയോടെ കേൾക്കുന്ന പ്രസാദേട്ടൻ..
പ്രസാദേട്ടനെ ചേർന്നു നടക്കുന്ന ജനിച്ചേച്ചിയുടെ മുഖത്ത് ഞാനൊരിക്കലും കണ്ടിട്ടില്ലാത്തൊരു തിളക്കമുണ്ടായിരുന്നു…പ്രണയത്തിന്റെ തിളക്കം….
എന്റെ മനസ്സിലപ്പോൾ തോന്നിയത് എന്തൊക്കെയായിരുന്നുവെന്നെനിക്കറിയില്ലെങ്കിലും, ഉള്ളിലെവിടെയോ അവരുടെ ഓർമ്മയെ പൊതിഞ്ഞിരുന്ന ഭീതിയുടെ നേർത്ത ആവരണം ഒന്നിളകിയിരുന്നു…
നിതിനുമായുള്ള ഇന്റർകാസ്റ്റ് മാര്യേജിന്റെ കോലാഹലങ്ങൾ തീർന്നപ്പോഴാണ് ഞാൻ ആ ഓഫീസിൽ എത്തിയത്..ആർക്കിടെക്റ്റ് മനോജ് മാധവൻ സാറിന്റെ ജൂനിയറായി അവിടെ എത്തിയപ്പോഴാണ് ആദ്യമായി അവരെ കാണുന്നത്..സാറിന്റെ പി എ…
ആ ഓഫീസിന്റെ ജീവശ്വാസമെന്ന് തന്നെ പറയാം..വളരെക്കാലമായി സാറിന്റെ കൂടെയുള്ള ആളെന്നതിലുപരി സൗമ്യമായ പെരുമാറ്റവും ആ മുഖത്ത് എപ്പോഴും ഉണ്ടായിരുന്ന പുഞ്ചിരിയുമാവാം മറ്റെല്ലാവരെയും എന്നത് പോലെ എന്നെയും അവരിലേക്ക് അടുപ്പിച്ചത്…
ജനിച്ചേച്ചി..ജനിത പ്രസാദ്…
ആ മുഖത്തെ ഭംഗിയുള്ള ചിരിയോടൊപ്പം, ചുവന്ന വട്ടപ്പൊട്ടും വെള്ളക്കൽ മൂക്കുത്തിയുമാണ് അവരെ കൂടുതൽ സുന്ദരി ആക്കുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്..
സാർ ഏൽപ്പിച്ച, പുതിയ പ്രൊജക്ടിൽ ജനിചേച്ചിയുടെ സഹായം കൂടി ആവശ്യമായതോടെയാണ് ഞാൻ അവരുമായി കൂടുതൽ അടുത്തത്…
നിതിനുമായുള്ള വർഷങ്ങളുടെ പ്രണയവും ഒടുവിൽ ഇരുവീട്ടുകാരെയും എതിർത്തുള്ള രജിസ്റ്റർ മാര്യേജും ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നു..
നിതിനുമായുള്ള കൊച്ചു കൊച്ചു പിണക്കങ്ങളും കുഞ്ഞു പരിഭവങ്ങളും ചേച്ചി കൗതുകത്തോടെ കേട്ടിരുന്നു..ഇടക്ക് ചെറിയ ഉപദേശങ്ങളും തരാൻ ആള് മറന്നിരുന്നില്ല…
ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്നു ജനിച്ചേച്ചിയ്ക്ക്..കുഞ്ഞുങ്ങളുടെയും, സഹോദരങ്ങളുടെയും, സുഹൃത്തുക്കളുടെയും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ടായിരുന്നെങ്കിലും, ഒരിക്കൽപോലും ജനിചേച്ചിയുടെ പേരിന്റെ അറ്റത്ത് ഉണ്ടായിരുന്ന പ്രസാദേട്ടനെ പറ്റി ഒരു വാക്കുപോലും പറഞ്ഞു കേട്ടില്ല…
ഒരിക്കൽ മോന്റെ സ്കൂളിൽ പോവാനായി, കാറിൽ ജനിച്ചേച്ചിയെ പിക് ചെയ്യാനായി വന്ന ആളെ, ഞാൻ കണ്ടിട്ടുള്ളതുകൊണ്ട് അങ്ങിനെ ഒരാൾ ഉണ്ടെന്നു എനിക്ക് അറിയാമായിരുന്നു..
ഒരിക്കലും വിളിക്കില്ല എന്ന് കരുതിയിട്ടും, ഒരു ദിനം മമ്മിയുടെ ഫോൺ വന്നപ്പോൾ ഞാൻ കരഞ്ഞു പോയത് സന്തോഷം കൊണ്ടായിരുന്നു..അന്ന് ആ സന്തോഷം പങ്കു വെച്ചപ്പോഴാണ് അവരുടേതും ഒരു പ്രണയവിവാഹം ആയിരുന്നുവെന്ന് ജനി ചേച്ചി വെളിപ്പെടുത്തിയത്…
വീട്ടുകാർക്ക് എതിർപ്പായിരുന്നു എങ്കിലും ജനിച്ചേച്ചിയുടെ നിർബന്ധം കൊണ്ട് നടന്ന കല്യാണം.
“അന്ന് പ്രസാദേട്ടൻ മാത്രമേ കണ്ണിൽ ഉണ്ടായിരുന്നുള്ളു നീതു….പ്രണയം മാത്രം മനസ്സിലും…”
ജനിച്ചേച്ചിയുടെ ശബ്ദത്തിലെ കുറ്റബോധത്തിന്റെ അലയൊലികൾ, ഒരുപക്ഷെ എനിക്ക് തോന്നിയതുമാവാം…
കൂടുതലൊന്നും അവർ പറഞ്ഞില്ല..മറ്റുള്ളവരുടെ ജീവിതത്തിൽ ചിക്കിച്ചികയാനുള്ള മടി ഉണ്ടായിരുന്നുവെങ്കിലും ഒരു ജിജ്ഞാസ എന്റെയുള്ളിൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു..പക്ഷേ ഞാൻ ഒന്നും ചോദിച്ചില്ല..
പിന്നീടൊരിക്കൽ പറഞ്ഞു..ജനിച്ചേച്ചിയും കുഞ്ഞുങ്ങളും സ്വന്തം വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നതെന്ന്..അച്ഛൻ മരിച്ചിട്ട് കുറച്ചായി..അമ്മയും ഒരു ചേട്ടനും ചേച്ചിയും…ചേട്ടനും ചേച്ചിയും ജോലിയും കുടുംബവുമൊക്കെയായി വേറെ ഏതോ നാടുകളിലാണ്..ജോലിക്കാരി ഉണ്ടെങ്കിലും ചേച്ചിയുടെ അമ്മയ്ക്ക് ഒറ്റയ്ക്ക് കഴിയാൻ ഭയമാണ്..അതുകൊണ്ട് ചേച്ചിയും കുഞ്ഞുങ്ങളും അമ്മയോടൊപ്പമാണ്…
“അപ്പോൾ ചേച്ചിയുടെ ഹസ്ബൻഡ്..? “
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല…
“അവിടെ പ്രസാദേട്ടന്റെ അമ്മയും തനിച്ചാണ് നീതു..അനിയത്തിയും ഭർത്താവും ഓസ്ട്രേലിയയിലാണ്..”
രണ്ടുപേരും അവരവരുടെ വീടുകളിലാണ്..തെല്ലതിശയം തോന്നാതിരുന്നില്ല…
ആർക്കുവേണ്ടിയും നിതിനെ പിരിയുന്നത്, എനിക്ക് അപ്പോൾ ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല…
എപ്പോഴോ ഒരിക്കൽ, കുട്ടികളുടെ സ്കൂൾ ഫീസ് അടക്കുന്നതിനെപ്പറ്റി എന്തോ പറഞ്ഞപ്പോൾ അറിഞ്ഞു..മൂത്ത മകന്റെ വിദ്യാഭ്യാസവും ചെലവുകളും ഒക്കെ നോക്കുന്നത് പ്രസാദേട്ടൻ ആണത്രെ…മകളുടെ കാര്യങ്ങളൊക്കെ ജനിച്ചേച്ചിയും…
അവരുടെ വാക്കുകളിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു…ഇത്രയൊക്കെ പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചിട്ടും രണ്ടുപേരും രണ്ടു ധ്രുവങ്ങളിൽ ആണെന്ന് എനിക്ക് തോന്നിയിരുന്നു..
എന്തോ തുറന്നു ചോദിക്കാനും വയ്യായിരുന്നു. ചില സൂചനകൾ ഒക്കെ തരാറുണ്ട് എന്നല്ലാതെ ആൾ അങ്ങനെ എല്ലാം വിട്ടു പറയുന്ന കൂട്ടത്തിൽ ആയിരുന്നില്ല..
ഒരിക്കൽ നിതിനുമായുള്ള പിണക്കം, സാധാരണ പിണക്കങ്ങളിൽ നിന്നും ഒരു രാത്രിയും കടന്നു പകലിലേക്ക് നീണ്ടപ്പോഴാണ് ജനിചേച്ചി ആദ്യമായി എന്നെ വഴക്കു പറഞ്ഞത്…
“നീതു, നിങ്ങളിപ്പോൾ പഴയ കാമുകീകാമുകന്മാരല്ല…പ്രണയത്തിൽ ആവുമ്പോൾ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറാവുന്ന മനസ്സ്, ദാമ്പത്യത്തിലേക്ക് നീളുമ്പോൾ ചിലപ്പോഴൊക്കെ അതിന് മടി കാണിച്ചേക്കാം..ഈഗോ ആയിരിക്കാം ചിലപ്പോൾ ..പക്ഷെ അതൊരിക്കലും നീണ്ടു പോവാൻ ഇട കൊടുക്കരുത്…അത്രമേൽ പ്രണയിച്ചവർ, ചിലപ്പോഴൊക്കെ അപരിചിതരെപോലെ പെരുമാറുമ്പോൾ, അത് താങ്ങാൻ വലിയ പാടാണെടോ…”
അവരുടെ വാക്കുകൾ ഉള്ളിലെവിടെയോ തറച്ചു കയറിയിരുന്നു…
താനും നിതിനും അപരിചിതരായി മാറുന്നത് ആലോചിക്കുമ്പോൾ, ഒക്കെ പ്രാണൻ പറിഞ്ഞു പോകുന്നതുപോലെ തോന്നുമായിരുന്നു…
ദാമ്പത്യത്തിലെ മാധുര്യത്തിൽ, കടമകളും ചുമതലകളും പ്രാരാബ്ധങ്ങളും ഒക്കെ വന്നു ചേരുമ്പോൾ, ഞങ്ങളും അങ്ങനെ മാറി പോകുമോ എന്ന പേടി എന്റെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു..
“നിങ്ങൾക്ക് പരസ്പരം ഒന്ന് തുറന്നു സംസാരിച്ചു കൂടെ..?”
ഒരിക്കൽ മുഖവുരയൊന്നും ഇല്ലാതെയുള്ള എന്റെ ചോദ്യത്തിന്, ജനിച്ചേച്ചി ആദ്യം എന്നെ ഒന്ന് പകച്ചു നോക്കി..പിന്നെ ഒരു വരണ്ട ചിരിയോടെ പറഞ്ഞു…
“പരസ്പരം സംസാരിക്കാൻ പോലും തോന്നാതെ, അകന്നു പോയ മനസ്സുകൾ, ഈഗോയൊക്കെ മാറ്റി വെച്ച്, മിണ്ടാൻ പോലും മടിക്കും നീതൂ..കുറച്ചു കഴിയുമ്പോൾ നമ്മൾ പോലും അറിയാതെ വെറുപ്പ് മനസ്സിനെ കീഴടക്കും.. ‘ഇത്രയൊക്കെ നിനക്ക് വേണ്ടി ഞാൻ ചെയ്തിട്ടും’എന്ന ചിന്ത മനസ്സിനെ മടുപ്പിക്കും…”
നിതിൻ ട്രാൻസ്ഫറായി പൂനെയ്ക്ക് ഞങ്ങൾ തിരിച്ചു പോകുന്നത് വരെ തുടർന്ന സൗഹൃദം, ആദ്യമൊക്കെ ഫോൺകോളുകളായി കൂടെ ഉണ്ടായിരുന്നുവെങ്കിലും, ജീവിതവഴികളിൽ എവിടെയോ ഞങ്ങൾ വേർപ്പെട്ട് പോയിരുന്നു..
വല്ലപ്പോഴും നിതിനുമായി ഉണ്ടാവുന്ന കുഞ്ഞ് വഴക്കുകൾ, നീണ്ടു പോകുമ്പോഴൊക്കെ ഞാനോർത്തത്, ജനിച്ചേച്ചിയുടെ മുഖമായിരുന്നു…ഭയമായിരുന്നു ഉള്ളിൽ…
വീണ്ടും തിരിച്ചു വന്നിട്ട് കൊല്ലം ഒന്ന് ആയെങ്കിലും ആളെ വീണ്ടും കണ്ടത് ഇന്നായിരുന്നു…
അവരെ അങ്ങനെ ഒരുമിച്ച് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം ഉള്ളിൽ നിറഞ്ഞിരുന്നു…
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു..
അന്ന് മോളെ മമ്മിയുടെ അടുത്ത് ആക്കിയാണ് ഞാൻ പുറത്തേക്കിറങ്ങിയത്..കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്..എടിഎമ്മിൽ ഒന്ന് കയറണം..
എടിഎം കൗണ്ടറിൽ നിന്ന്, കാശുമായി ഇറങ്ങി, പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പിറകിൽ നിന്നും ആ വിളി വന്നത്…
“നീതൂ…?”
പരിചിതമായ ആ ശബ്ദം…ജനിചേച്ചി…
ആ കോഫീ ഷോപ്പിൽ ഇരുന്ന് വിശേഷങ്ങൾ കൈമാറുന്നതിനിടെ ഞാൻ പറഞ്ഞു..
“ജനിച്ചേച്ചി ഒന്നൂടെ ചെറുപ്പം ആയതു പോലെ തോന്നുന്നു..എന്താണ്…ഇതിന്റെ രഹസ്യം..?”
ആ ഭംഗിയുള്ള അതേ ചിരി..ചുവന്ന വട്ടപൊട്ട്..വെള്ളക്കൽ മൂക്കുത്തി…
“ഞാൻ എന്റെ പ്രണയം തിരിച്ചു പിടിച്ചു… “
അവരുടെ കണ്ണുകൾ തിളങ്ങി…എന്റെ മുഖത്തെ പകപ്പ് കണ്ടാവണം ചേച്ചി വീണ്ടും ചിരിച്ചു…
“ആദ്യമൊക്കെ ഞങ്ങളും നിങ്ങളെപ്പോലെ തന്നെ ആയിരുന്നെടോ…ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാതെ..പിന്നീടെപ്പോഴോ കാര്യങ്ങൾ മാറി മറിഞ്ഞു…വഴക്കുകളുടെ ദൈർഘ്യം കൂടി വന്നു.. ‘പറയാതെ തന്നെ എന്നെ മനസ്സിലാക്കിയാലെന്താ’ എന്ന ചിന്ത വന്നു.. ‘ഇത്രയും കാലമായിട്ടും എന്നെ മനസ്സിലാക്കിയില്ലേ’ എന്നോർത്തു..സിനിമകളിലും കഥകളിലും ഒക്കെ അങ്ങനെയല്ലേ..വാക്കുകളുടെ പോലും ആവശ്യമില്ലാതെ പരസ്പരം മനസ്സിലാക്കുന്നവർ… “
ചേച്ചിയുടെ ചിരിയിൽ നേർത്തൊരു പരിഹാസം ഒളിഞ്ഞിരുന്നുവോ….?
“പഴയതുപോലെ എന്നെ സ്നേഹിക്കുന്നില്ല എന്നുള്ള സംശയം കൂടിവന്നപ്പോൾ വഴക്കുകൾ കൂടി, പിന്നെപ്പിന്നെ സംസാരം കുറഞ്ഞു..പതിയെ കുട്ടികളുടെ കാര്യങ്ങൾ അല്ലാതെ, സംസാരിക്കാനുള്ള വിഷയങ്ങൾ ഞങ്ങൾക്കിടയിൽ ഇല്ലാതായി..തോറ്റു പോയിട്ടില്ല, നീയില്ലെങ്കിലും ഞാൻ ജീവിക്കും എന്ന് വാശിയായി..”
ഞാൻ ഒന്നും പറയാതെ കേട്ടിരുന്നു..
“അങ്ങനെ അങ്ങനെ മനസ്സുകൾ അകന്നുപോയി…ഉള്ളിൽ സ്നേഹം ഒക്കെ ഉണ്ടായിരുന്നിരിക്കാം…”
പിന്നെ എങ്ങിനെ…?
ചോദിച്ചില്ലെങ്കിലും, എന്റെ കണ്ണുകളിൽ ആ ചോദ്യം കണ്ടായിരിക്കാം, ചേച്ചി ആ ദിവസങ്ങൾ വാക്കുകളാൽ വരച്ചിട്ടത്..
അന്ന് ജനിത ഓഫീസിലേയ്ക്ക് ഇറങ്ങുമ്പോൾ, അമ്മയ്ക്ക് ചെറിയൊരു പനിയുണ്ടായിരുന്നു..ലീവെടുക്കാൻ പറ്റാത്ത അവസ്ഥ ആയതുകൊണ്ട്, വൈകുന്നേരം വന്നു അമ്മയെ ഡോക്ടറെ കാണിച്ചു..പനി കൂടിയിരുന്നെങ്കിലും, മരുന്നൊക്കെ കഴിച്ചു രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അസുഖം ഭേദമായിരുന്നു..
അന്ന് വൈകുന്നേരം, ജനിത ഓഫീസിൽ നിന്ന് വന്നപ്പോൾ മുറ്റത്ത് രണ്ട് കാറുകൾ കിടപ്പുണ്ടായിരുന്നു..
ചേച്ചിയും ചേട്ടനും..
വരുന്നത് ഒന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് കൊണ്ട് അകത്തേക്ക് കയറുമ്പോഴാണ്, ഇരുണ്ട മുഖങ്ങൾ കണ്ടത്..
“ജനീ, നീ ഇവിടെ ഉണ്ടല്ലോയെന്നുള്ള സമാധാനത്തിലാണ് ഞങ്ങൾ അമ്മയെ തനിച്ചാക്കി അന്യനാട്ടിൽ പോയി കിടക്കുന്നത്.. “
ചേട്ടൻ ആയിരുന്നു തുടങ്ങിയത്..
“നിനക്ക് നോക്കാൻ വയ്യെങ്കിൽ അത് പറഞ്ഞു കൂടായിരുന്നോ…ഞാൻ കൂടെ കൂട്ടില്ലായിരുന്നോ..?”
ചേച്ചി അത് ഏറ്റുപിടിച്ചു..
“ഞങ്ങൾ ജോലിക്കും, കുട്ടികൾ സ്കൂളിലും പോയി കഴിഞ്ഞാൽ അമ്മ അവിടെ ഫ്ലാറ്റിൽ ഒറ്റക്കിരുന്ന് മടുക്കും..”
പണ്ടെങ്ങോ ചേച്ചി പറഞ്ഞത് ഓർത്തു..
ചേച്ചിയോടൊപ്പം, കുറേക്കാലമായി ഉണ്ടായിരുന്ന ജോലിക്കാരി പിരിഞ്ഞു പോയതും പറ്റിയ ഒരാളെ കിട്ടാനില്ലെന്ന ചേച്ചിയുടെ പരാതിയും അപ്പോഴാണ് മനസ്സിൽ തെളിഞ്ഞത്..
പക്ഷേ എല്ലാത്തിലും ഏറെ നോവിച്ചത് അമ്മയുടെ നിശബ്ദതയായിരുന്നു…ഞാൻ അമ്മയെ വേണ്ടവിധം നോക്കിയിട്ടില്ല, എന്നുള്ള അവരുടെ വാക്കുകൾ കേട്ടിട്ടും, ഒരക്ഷരം പോലും അമ്മ മറുത്ത് പറഞ്ഞില്ല…
എന്നും എല്ലാ കാര്യത്തിനും അമ്മയോടൊപ്പം കൂടെയുണ്ടായിരുന്നത് ഞാനായിരുന്നു…
ജീവിതത്തിൽ, ആകെ അമ്മയുടെ വാക്കുകൾ എതിർത്തത്, പ്രസാദേട്ടന്റെ കാര്യത്തിലായിരുന്നു..അതിനവസരം കിട്ടുമ്പോഴൊക്കെ, അമ്മ കുത്തിനോവിക്കാറും ഉണ്ടായിരുന്നു പലപ്പോഴും..എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് അറിയാവുന്നതുകൊണ്ട് മൗനംപാലിക്കാറേയുള്ളൂ…
വല്ലാതെ മനസ്സ് നൊന്തു.. ഹൃദയത്തിലെ മു റിവിൽ നിന്ന് ചോ ര ഒഴുകുന്നുണ്ടായിരുന്നു…
ആരോടും ഒന്നും പറയാതെ, മുകളിലേക്കുള്ള ഗോവണിപ്പടികൾ കയറുമ്പോൾ കണ്ണുകൾ പുകഞ്ഞെങ്കിലും കരഞ്ഞില്ല…
ബാൽക്കണിയിലെ തൂണിൽ ചാരി ഇരിക്കുമ്പോൾ, മനസ്സ് ശൂന്യമായിരുന്നു..ഈ ലോകത്തിൽ തനിച്ചായതുപോലെ..
നല്ലൊരു മകളായിരുന്നില്ല…നല്ലൊരു ഭാര്യയാവാൻ കഴിഞ്ഞില്ല…തിരക്കുകൾക്കിടയിൽ പലപ്പോഴും നല്ലൊരു അമ്മയാവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിട്ടുമുണ്ട്…
പൂർണ്ണ പരാജയമായിരുന്നുവെന്ന് തോന്നിയതും ആ നിമിഷം ജീവിതം അവസാനിപ്പിച്ചു കളഞ്ഞാലോയെന്ന് തോന്നിപ്പോയി…കുഞ്ഞുങ്ങളെ പറ്റി പോലും ആലോചിച്ചില്ല…
കണ്ണുകൾ നിറഞ്ഞിരുന്നു…തൊട്ടരികിൽ, ഏറെ നേരമായി ആരോ നോക്കിയിരിക്കുന്നുണ്ടെന്ന തോന്നലിൽ മുഖമുയർത്തിയപ്പോൾ…
പ്രസാദേട്ടൻ..ആ മുഖത്ത് ഭാവഭേദമൊന്നുമില്ല..നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാനായി തിരിഞ്ഞപ്പോൾ ചുമലിൽ കൈ വെച്ചിരുന്നു..മറ്റാർക്കു മുൻപിൽ തോറ്റാലും, ആ മുൻപിൽ തോൽക്കാൻ വയ്യായിരുന്നു
“ജനീ…”
ആ നേർത്ത സ്വരം…
പിടച്ചിലോടെ തിരിഞ്ഞപ്പോൾ, ആ മുഖത്ത് തിരഞ്ഞത് പരിഹാസമായിരുന്നുവെങ്കിലും കണ്ടില്ല..
പിന്നെ പിടിച്ചു നിൽക്കാനായില്ല…
“ആ നെഞ്ചിൽ വീണു, കരഞ്ഞു തീർക്കുവോളം ആ കൈകൾ എന്നെ ചേർത്ത് പിടിച്ചിരുന്നു നീതു…”
ജനിച്ചേച്ചിയുടെ കണ്ണുകൾ നിറയാൻ തുടങ്ങുന്നത് ഞാൻ കണ്ടു..
“സോനു..ഞങ്ങളുടെ മൂത്തയാൾ..അമ്മയെ എല്ലാവരും കൂടെ വഴക്ക് പറഞ്ഞെന്നും, അമ്മ ഒന്നും പറയാതെ മുകളിലേയ്ക്ക് കയറിപ്പോയെന്നുമൊക്കെ വിളിച്ചു പറഞ്ഞിട്ട് വന്നതായിരുന്നത്രെ…ആൾക്ക് ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് ഇച്ചിരി പേടിയും ഉണ്ടായിരുന്നൂന്ന്..”
ജനിചേച്ചി ചിരിച്ചു…
“പ്രസാദേട്ടനും ചിന്തിച്ചത് എന്നെ പോലെയായിരുന്നു നീതു…ഇവളെന്താ ഇത്രയും കാലമായിട്ടും എന്നെ മനസ്സിലാക്കാത്തത്..ഇനി പഴയ സ്നേഹം കുറഞ്ഞു പോയോ..അങ്ങനെയങ്ങനെ..ആദ്യം എന്നോട് മിണ്ടട്ടെയെന്ന വാശിയും..”
ഞാൻ ജനിച്ചേച്ചിയുടെ വാക്കുകൾക്കായി കാതോർത്തു..
“മനുഷ്യരാണ്..പറയാതെ മറ്റൊരാളുടെ മനസ്സിലുള്ളത് അറിയാനുള്ള കഴിവൊന്നും കാണില്ല, എന്നൊന്നും ഞങ്ങൾ ചിന്തിച്ചില്ല..ചിലപ്പോഴൊക്കെ മനസ്സ് തുറന്നു സംസാരിക്കണമെന്നതും ചിന്തയിൽ വന്നില്ല..വേണ്ടതിലധികം ഈഗോയും രണ്ടു പേരുടെയും മനസ്സിൽ ഉണ്ടായിരുന്നു…”
ജനിച്ചേച്ചി പതിയെ കണ്ണുകൾ തുടച്ചു…
“ഇപ്പോഴും ഞങ്ങൾ വഴക്ക് കൂടാറുണ്ട്..ജോലിയുടെ ടെൻഷനിടെ, പ്രസാദേട്ടൻ ചിലപ്പോഴൊക്കെ ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയോടൊപ്പം കുട്ടികളുടെ ബർത്ത്ഡേ പോലും മറന്നു പോവാറുണ്ട്…പ്രസാദേട്ടൻ ആഗ്രഹിക്കുന്നത് പോലെ പെരുമാറാൻ എനിക്കും കഴിയാറില്ല ചിലപ്പോൾ…ഒട്ടും റൊമാന്റിക്ക് അല്ലെന്ന് ഞാൻ ഇപ്പോഴും ഇടയ്ക്കിടെ കുറ്റപ്പെടുത്താറുമുണ്ട്..”
ജനിച്ചേച്ചി പൊട്ടിച്ചിരിച്ചു..
“പക്ഷെ നീതു, ഇപ്പോൾ ഞങ്ങളുടെ പിണക്കങ്ങൾക്ക് ദൈർഘ്യം കുറവാണ്..മനസ്സിൽ ഉള്ളത് എന്തായാലും തുറന്നു സംസാരിക്കും…പരസ്പരം കുറ്റപ്പെടുത്താതെ….പെർഫെക്ട് ആയിട്ട് ആരും ഇല്ലെന്ന തിരിച്ചറിവുണ്ട്…നമ്മുടെ സങ്കടങ്ങളിൽ ചേർത്ത് പിടിക്കാനും, കൂടെ നിൽക്കാനും കഴിഞ്ഞാൽ അത് മതിയെടോ..”
ജനിച്ചേച്ചിയുടെ മൊബൈൽ ശബ്ദിച്ചു..സ്ക്രീനിൽ തെളിഞ്ഞ പേര് ഞാൻ കണ്ടിരുന്നു…
പ്രസാദേട്ടൻ…
എന്നെയൊന്നു നോക്കി, കോൾ അറ്റൻഡ് ചെയ്ത ജനിച്ചേച്ചിയുടെ കണ്ണുകളിൽ മിന്നി മാഞ്ഞ തിളക്കം ഞാൻ കണ്ടിരുന്നു….
പ്രണയത്തിന്റെ തിളക്കം..
~ സൂര്യകാന്തി ?