നിനക്ക് അത്ര വിശ്വാസമാണെങ്കിൽ എന്നെക്കൊണ്ടാവുന്ന സഹായങ്ങൾ ഞാൻ ചെയ്തു തരാം….ധ്വനി പറഞ്ഞു.

വയലറ്റ്

Story written by Susmitha Subramanian

============

“ഇന്നാണ് ആ ദിവസം. എന്നെ വേണ്ടെന്നു പറഞ്ഞു പോയവളെ ശ്രീജിത്തിനും വേണ്ടാതായ നാൾ. പക്ഷേ ഇന്നും ഞാൻ അവളെ പ്രണയിക്കുന്നു.” വളരെ നാടകീയമായി രേണുക വായിച്ചു നിർത്തി.

“നിനക്ക് പ്രാന്താണ് രേണു. വർഷം എത്രയായെനാണ്. രണ്ടായിരത്തിലെ ഡയറിയും പൊക്കിപിടിച്ചു വന്നേക്കുന്നു.” ധ്വനി പറഞ്ഞു.

രേണുകയും ധ്വനിയും കൂട്ടുകാരാണ്. ഡിഗ്രി കഴിഞ്ഞു റിസൾട്ടിനു വെയിറ്റ് ചെയുന്നു. പത്തിൽ പഠിക്കുമ്പോൾ രേണുകയ്ക് ട്യൂഷൻ ക്ലാസ്സിൽ കിടന്നു കളഞ്ഞു കിട്ടിയ ഡയറി ആണ് ഇരുവരുടെയും കൈയിൽ. വീട്ടിൽ വെറുതെ ഇരുന്നു മടുത്തപ്പോൾ തന്റെ പുസ്തകങ്ങളൊക്കെ അടുക്കി വയ്ക്കാമെന്നോർത്ത് എടുത്തതിന്റെ കൂട്ടത്തിൽ നിന്നാണവൾക് ഈ ഡയറി വീണ്ടും കിട്ടിയത്. അതിന്റ ഉടമയെ കണ്ടെത്തണമെന്ന മോഹം വന്നതും.

“രണ്ടായിരത്തിൽ എൻ എസ് എസ് കോളേജിൽ ഫൈനൽ ഇയറിന്  പഠിച്ചിരുന്ന ആളാണെന്നു ഈ ഡയറിയിൽ ഉണ്ട്. അപ്പൊ എന്റെ ഒരു കാൽകുലേഷൻ വച്ചിട്ട് ഈ ഡയറി എഴുതിയ ആൾക്കിപ്പോ നാല്പത്തൊന്നോ നാല്പത്തിരണ്ടോ വയസു പ്രായം വരും.”

“അതൊക്കെ ഓക്കേ. പേരോ സ്ഥലമോ പഠിച്ചിരുന്ന ഡിപ്പാർട്മെറ്റോ പോലും ഇല്ലാത്ത ഈ ഡയറിയിൽ നിന്ന് ആളെ കണ്ടുപിടിക്കാൻ പറ്റുമെന്നു നിനക്ക് തോന്നുന്നുണ്ടോ?”

“ഈ ഡയറി കൈയിൽ കിട്ടിയപ്പോൾ ആരോ റഫ് നോട്ടായി ഉപയോഗിക്കുന്നതാണെന്നാണ് കരുതിയത്. വെറുതെ ഇതെടുത്തു മറിച്ചു നോക്കിയപ്പോൾ,നീ നോക്കിക്കേ അവസാന പേജുകളിൽ ബാലചന്ദ്രൻ ചുള്ളികാടിന്റെ കവിതകൾ…ഇടയ്ക്ക് ചില പേജുകളിൽ മാത്രെ ഡയറിയായി എഴുതിയിട്ടുള്ളു, പിന്നെ കുറെ കവിതകളും എഴുത്തുക്കുത്തുകളും…മുൻപിലത്തെ കുറച്ചു പേജിൽ ന്യൂട്ടന്റെ ഗാവിറ്റേഷണൽ ലോസ് ആണ്. നമ്മൾ പത്തിൽ പഠിച്ചത്…ധ്വനി, അപ്പോൾ ഉറപ്പായും ഇതെന്റെ കൂടെ പത്തിൽ ട്യൂഷന് പഠിച്ച ആരോ ആണ് ഉപയോഗിച്ചിരുന്നത്. ആ ട്യൂഷൻ സെന്ററിൽ കൂടുതലും എന്റെ ക്ലാസ്സിലെ കുട്ടികൾ തന്നെ ആയിരുന്നു. ഉറപ്പായും ആ കയ്യക്ഷരത്തിന്റെ ഉടമയെ എനിക്ക് കണ്ടെത്താൻ പറ്റും. ആ ആൾ വഴി ഡയറിയുടെ യഥാർത്ഥ ഉടമയെയും”

“നിനക്ക് അത്ര വിശ്വാസമാണെങ്കിൽ എന്നെക്കൊണ്ടാവുന്ന സഹായങ്ങൾ ഞാൻ ചെയ്തു തരാം.” ധ്വനി പറഞ്ഞു.

രേണുക ന്യൂട്ടന്റെ ലോസ് എഴുതിയ പേജ് ഫോട്ടോ എടുത്ത് തന്റെ പത്തിൽ പഠിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു. വേറെ ഒന്നും തന്നെ കുറിച്ചില്ല. ഉടനെ തന്നെ ഗ്രൂപ്പിൽ അതിനെ കുറിച്ച് ചർച്ചകൾ ഉണ്ടായി. പഴയ സ്കൂൾ കുട്ടികളായി മാറി ഓർമയിൽ നിന്നെടുത്തു പഴയ സമവാക്യങ്ങളും അത് പഠിപ്പിച്ചിരുന്ന ടീച്ചേഴ്സിനെയും കുറിച്ച് ചർച്ചകൾ മുന്നേറിയപ്പോൾ താൻ നോക്കിയത് അതെഴുതിയ ആളുടെ മറുപടി ആണ്. ഓരോ മെസ്സേജും വരുമ്പോൾ പ്രതീക്ഷയോടെ നോക്കും പക്ഷേ അതിലൊന്നും അതാരുടെ ആണെന്ന സൂചന ഇല്ലായിരുന്നു. അവസാനം ഫോൺ മാറ്റിവച്ചു മറ്റു പരുപാടികളിലേക്യ്ക്കു പോയി.

രാത്രിയാണ് ഫോൺ എടുത്തത്. അതിൽ കണ്ണന്റെ പേർസണൽ മെസ്സേജ് ‘എടി അത് ഞാൻ എഴുതിയതാണല്ലോ. നിനക്കിതെവിടുന്നു കിട്ടി?’

സന്തോഷം കൊണ്ട് ഉടനെ കണ്ണനെ വിളിച്ചു. ഡയറി കിട്ടിയ കാര്യവും ഡയറിയിലുള്ള കാര്യവുമൊക്കെ പറഞ്ഞു.

“അത് ആരുടെ ഡയറി ആയിരുന്നെടാ. “

കുറച്ചു നേരത്തെ മൗനത്തിന് ശേഷമാണ് മറുപടി വന്നത്. “രേണു, ഞാൻ അന്ന് ഒരു ബുക്കുപോലും എടുക്കാതെ ട്യൂഷന് വന്നപ്പോൾ എന്റെ വീടിനടുത്തു കിടന്ന് എനിക്ക് കിട്ടിയ ഡയറി ആണത്. ഞാനതു തുറന്നു വായിക്കാനൊന്നും നിന്നില്ല. എഴുതാൽ പേജുകൾ ഉണ്ടോ എന്ന് മാത്രെ നോക്കിയുള്ളു. അതിൽ ഞാൻ ആകെ എഴുതിയതാണ് നീ ഗ്രൂപ്പിൽ ഇട്ടിരിക്കുന്നത്. അന്ന് തന്നെ അതെന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടു. നീ ഇത്രനാളും അത് സൂക്ഷിച്ചു വച്ചതു തന്നെ അത്ഭുതമായിരിക്കുന്നു. “

“എനിക്കതിന്റെ ഉടമയെ കണ്ടുപിടിക്കണമെടാ. അന്ന് ഒരു രസം, അത്രെ ഉണ്ടായിരുന്നുള്ളൂ എനിക്കാ ഡയറി. പക്ഷേ എഴുതിയ അത്രയും പേജുകളിൽ പ്രണയമാണ്. ആതിരയെ കുറിച്ചാണ്. അതിൽ നിറയെ കവിതകൾ ഉണ്ട്. അതിലൊക്കെയും ആ ആളുടെ ആത്മാവും. എനിക്കാ കവിയോടുള്ള ഇഷ്ടമാണ്. “

“അപ്പൊ ദത്താണ് കാര്യം. കവിതാ പ്രാന്ത്. എടി, അത് പറഞ്ഞപ്പോഴാ ആ സമയത്ത് എന്റെ വീടുനടുത്തൊരു ചേട്ടൻ താമസിച്ചിരുന്നു. അതികം ആരോടും കമ്പനി ഇല്ല. എൻ എസ് എസ് കോളേജിലാ പഠിച്ചിരുന്നത്. അങ്ങേരു വീടുമാറി പോയതിനു ശേഷമാണ് എനിക്കി ഡയറി കിട്ടിയത്. ഞാൻ എന്റെ ചേട്ടൻ വഴി ഒന്ന് അന്വേഷിച്ചു നോക്കട്ടെ.”

രണ്ടു ദിവസം കഴിഞ്ഞു കണ്ണൻ വിളിച്ചു. “ഒരു രക്ഷയുമില്ലെടി. ചേട്ടനും കൂട്ടുകാർക്കുമൊന്നും പുള്ളിയായിട് കമ്പനി ഇല്ലായിരുന്നു. അങ്ങേരുടെ ഡിപ്പാർട്മെന്റ് പോലും കണ്ടു പിടിക്കാൻ പറ്റിയില്ല. “

“സാരില്ലെടാ, ആ ഡയറിടെ ഇന്റക്സിൽ രണ്ടു മൂന്നു ഫോൺ നമ്പറുകൾ ഉണ്ട് അതിൽ വിളിച്ചു നോക്കിയാല്ലോ? “

“എന്ത് പറഞ്ഞു വിളിക്കാനാടി? “

“എൻ എസ് എസ് കോളേജിൽ ആ കാലഘട്ടത്തിൽ പഠിച്ചിരുന്ന കവിതയൊക്കെ എഴുതുന്ന ആരെയെങ്കിലും അറിയുമോ എന്ന് ചോദിക്കാം. “

” നീ ഫോൺ നമ്പർ സെൻറ് ചെയ്. ഞാൻ വിളിച്ചു ചോദിക്കാം. അവർ തെറി വിളിക്കുവാണെങ്കിൽ എനിക്കല്ലേ കിട്ടുക. “

ഫോൺ നമ്പർ അഴച്ചു കൊടുത്തതിനു ശേഷം രേണുക ഓർത്തു. താനെന്തിനാണ് കുറച്ചു കവിതകൾക്ക് പുറകെ ഇങ്ങനെ നടക്കുന്നത്. പ്രണയം തനിക്കൊരിക്കലും ഇഷ്ടപ്പെട്ട വിഷയമേ അല്ലായിരുന്നല്ലോ. പക്ഷേ എഴുത്തിന്റെ ഭംഗി മനസ്സിൽ അങ്ങട്ട് പതിഞ്ഞു പോയി….

ആതിര – വയലറ്റ് നിറം മാത്രം ഇഷ്ടപെടുന്നവൾ. എങ്ങനെയാണ് എല്ലാ നിറങ്ങളേയും ജീവിതത്തിൽ ചേർക്കാൻ ഇഷ്ടപെടുന്ന ഒരാൾക്കു ഇത്രയും പ്രിയപെട്ടവൾ ആയത്? ഇത്ര ഭംഗിയായി ഒരാളെ പ്രണയിക്കാൻ പറ്റുമോ എന്നത് തന്നെ തനിക് അവിശ്വസനീയമായ ഒന്നാണ്. ഒന്നിന് വേണ്ടിയുമലാത്ത പ്രണയം, എത്ര മോനോഹരം. അതുകൊണ്ടാണല്ലോ “നഷ്ടപ്പെടുത്തുന്നത് ” എന്ന ടോപിക്കിൽ താൻ കവിതാരചനയ്ക്കുള്ള യൂണിവേഴ്സിറ്റി ലെവൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.

ആ കവിത മുഴുവൻ ആ ഡയറി ആയിരുന്നു. വയലറ്റ് നിറമായിരുന്നു .

കുറച്ചു ദിവസങ്ങൾക്കു ശേഷം കണ്ണൻ വിളിച്ചു. “നീ ഫ്രീ ആണെങ്കിൽ നമുക്ക് തിങ്കളാഴ്ച എൻ എസ് എസ് കോളേജ് വരെ ഒന്ന് പോകാം.”

” എന്തിനാടാ? “

“അതൊക്കെ നേരിട്ട് പറയാം. വരുമ്പോൾ ആ ഡയറി എടുത്തേക് “

അത്രമാത്രം പറഞ്ഞു കാൾ കട്ട്‌ ചെയ്തു.

തിങ്കളാഴ്ച കണ്ണൻ കാറുമായി വന്നു. ധ്വനിയെയും കൂടെ കൂട്ടി. കണ്ടപാടേ രണ്ടു ചീത്തയാണ് കണ്ണൻ പറഞ്ഞത്. ആ നമ്പറുകളിൽ വിളിച്ചതും വിളിച്ചപ്പോൾ അവർ സംശയത്തോടെ സംസാരിച്ചതും അവസാനം അതിൽ ശ്രീനി എന്ന ഒരാളോട് എല്ലാം തുറന്നു പറഞ്ഞതും, രണ്ടു ദിവസം കഴിഞ്ഞ് ശ്രീനി ചേട്ടൻ തിരിച്ചു വിളിച്ചു ഡയറിയുടെ ശെരിക്കുള്ള ഉടമയുടെ ഡീറ്റെയിൽസ് തന്നതുമെല്ലാം വിശദമായി തന്നെ പറഞ്ഞു.

“അപ്പോൾ നമ്മൾ ആളെ കാണാൻ ആണോ പോണേ?”

എൻ എസ് എസ് കോളേജിലെ മലയാളം ഡിപ്പാട്മെന്റിന് മുന്നിൽ ചെന്ന് കണ്ണൻ ആരെയോ അന്വേഷിച്ചു. കുറച്ചു കഴിഞ്ഞു കണ്ണനൊപ്പം വരുന്ന ആളെ കണ്ടു നല്ല പരിചയം തോന്നി.ഇത് ആ മാഷല്ലേ, തന്റെ കവിത മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞ അതെ ആൾ.

” രേണുകയല്ലേ? ” അദ്ദേഹത്തിന്റെ ചോദ്യമാണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്. കൈയിൽ ഇരുന്ന ഡയറി കൊടുത്തു.

“ഇതാണപ്പോൾ ശ്രീനി പറഞ്ഞ സർപ്രൈസ്. ” മാഷോരു ചിരിയോടെ പറഞ്ഞു.

ഡയറി കിട്ടിയപ്പോൾ മുതലുള്ള കാര്യങ്ങൾ കണ്ണൻ സർനോട് പറഞ്ഞു.

“ഈ ഡയറി നഷ്ടപ്പെട്ടതറിഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി. വീടുമാറിയപ്പോൾ സംഭവിച്ചതാണ്. പക്ഷേ ഇത്രയും വർഷങ്ങൾക്കു ശേഷം ഇതെന്റെ കൈയിൽ എത്തുമെന്ന് കരുതിയതല്ല. “

” മാഷിന്റെ പേരെന്താ? ” ധ്വനി ചോദിച്ചു.

” ശിവറാം “

” ശിവറാം. കവിതകൾ ഒക്കെ എഴുതുന്ന? വയലറ്റ് പൂക്കൾ മാഷിന്റെ കവിതയാണോ? ” രേണുക ഒറ്റ ശ്വാസത്തിൽ ചോദിച്ചു.

“അതേടോ. ഇയാൾ അന്നാ കവിത എഴുതിയപ്പോൾ ഞാൻ ഓർക്കുകയായിരുന്നു, അതേത്രമാത്രം എന്റെ ജീവിതവുമായി ചേർന്ന് കിടക്കുന്ന ഒന്നാണെന്ന്. ആ ജഡ്ജിങ് പാനലിൽ ഞാനും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രേണുകയേയും ആ കവിതയെയും എനിക്കും മറക്കാൻ പറ്റില്ല. “

” മാഷേ, അപ്പൊ ആതിര? “

” വിവാഹം കഴിഞ്ഞു. വിദേശത്താണ്.  “

” മാഷിന്റെ കുടുംബം? “

” ഇല്ല. ആരെയും കൂടെ കൂട്ടാൻ തോന്നിയില്ല. “

കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല. യാത്ര പറഞ്ഞിറങ്ങി. ആതിരയോട് ഇഷ്ടം തോന്നിയത്തും പിരിയാനുള്ള കാരണവും എല്ലാം ചോദിക്കാൻ നിന്നിരുന്നതല്ലേ എന്ന് കണ്ണനും ധ്വനിയും ചോദിച്ചിരുന്നു . പക്ഷേ അതിനുള്ള ഉത്തരമെല്ലാം അദ്ദേഹത്തിന്റെ കവിതകളിലൂടെ തനിക് അറിയാമല്ലോ. അതിലൊരു കവിതയിലെ വരി പോലെ..

“നിറങ്ങൾ പൂക്കുന്ന വഴികൾ ഉണ്ട്. ഒരു നിറത്തിലേയ്ക്ക് മാത്രം ചെന്നെത്താൻ കഴിയാതെ അവിടെ പിടഞ്ഞു തീരുന്നതും ആനന്തമാണ് “