ഞാൻ മീര
Story written by Priyanka Rajesh
==============
നിനക്കൊരിക്കലും എന്റെ പ്രണയമാകാൻ കഴിയില്ല. ഞാൻ നിന്റെ പ്രണയമാണെന്നു നീ എന്നെ തെറ്റിദ്ധരിപ്പിച്ചു. അതോ, എന്റെ വെറും തോന്നൽ മാത്രം ആയിരുന്നോ??
പലപ്പോഴും നീ നല്ലൊരു കാമുകൻ ആയിരുന്നു. രാത്രിയുടെ മൂടുപടത്തിൽ ഈ വേ ശ്യ തെരുവിന്റെ ഓരം പറ്റി പലരും വന്നു. വെറും നിർജീവമായ ശരീരം മാത്രമായിരുന്നു അവർക്ക് മുന്നിൽ…
അങ്ങനെയല്ല എന്നു എന്നെ തോന്നിപ്പിച്ചത് നീ മാത്രമായിരുന്നു. നിന്റെ സാന്നിധ്യത്തിൽ പൂത്തുലയുന്നത് ഒരിക്കലും എന്റെ ശരീരമായിരുന്നില്ല. എന്റെ മനസ്സ്…മനസ്സ്….അതെനിക്ക് എപ്പോഴോ കൈമോശം വന്നതല്ലേ…
പണ്ട്, രണ്ടാനച്ഛന്റെ കൈകൾ എന്റെ കുരുന്നു മാറിനെ തഴുകിയപ്പോൾ, അമ്മയോട് പോലും പറയാതെ എത്രനാൾ. അമ്മയ്ക്ക് എപ്പോഴും അയാൾ ദൈവമായിരുന്നു. എനിക്ക് ഓർമ്മയുറയ്ക്കും മുന്നേ അമ്മയുടെ ആകെ സമ്പാദ്യമായിരുന്ന പണ്ടങ്ങളും കൊണ്ട് നാടുവിട്ട അച്ഛൻ…അച്ഛനും അമ്മയും അപകടത്തിൽ മരിച്ച ശേഷം അമ്മാമയുടെ കാരുണ്യത്തിൽ കഴിഞ്ഞിരുന്ന അമ്മ ആരോട് പരാതി പറയാനാണ്…അലെങ്കിലും ഈ കല്യാണം തന്നെ ഒരു ഒഴിവാക്കി വിടൽ ആയിരുന്നല്ലോ.
പിന്നീട് അങ്ങോട്ട് എന്നെ വളർത്താൻ ആരോടൊക്കെയോ അമ്മ കൈനീട്ടി. പലർക്കും ആവശ്യം…ഒരു പെണ്ണിന് ഒരിക്കലും ഒറ്റയ്ക്ക് ജീവിക്കാനാകില്ല എന്ന തിരിച്ചറിവാകണം അമ്മ ജോലിയ്ക്ക് പോയിരുന്ന പ്ലാന്റ്റേഷനിലെ ജോലിക്കാരനായ ദിനേശനുമായി അമ്മയെ അടുപ്പിച്ചത്. അയാൾ അമ്മയ്ക്ക് മുന്നിൽ ഒരു ജീവിതം വെച്ച് നീട്ടിയപ്പോൾ അമ്മ തടയാതിരുന്നത്…
പക്ഷെ, അയാളുടെ കണ്ണുകൾ വളർന്ന് വരുന്ന എന്റെ ശരീരത്തിലേക്ക് നീണ്ടത് അമ്മ അറിഞ്ഞിട്ടുണ്ടാകില്ല. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കൽ അമ്മ വൈകിവന്ന ദിവസം നേരം വൈകിയും പുഴയരികിൽ ഇരുന്ന എന്നെ വീട്ടിലേക്ക് കൊണ്ടുവന്നു പൊതിരെ തല്ലിലായിരുന്നു.
കാരണങ്ങൾ പലതായിരുന്നു വൈകിയും പുഴവക്കിൽ ഇരുന്നു, പനിയായിട്ടിരുന്ന അച്ഛനെ നോക്കിയില്ല. അച്ഛനെ സ്നേഹിക്കുന്നില്ല. അന്ന് അമ്മ തല്ലിയ പാടുകളിൽ അയാൾ തഴുകുന്നത് സ്നേഹം കൊണ്ടാണെന്നു അമ്മ വിശ്വസിച്ചിരിക്കണം.
പക്ഷെ, അയാളുടെ കൈകൾ എത്തിയിരുന്നത് എന്റെ ശരീരത്തിന്റെ മുഴുപ്പുകളിൽ ആയിരുന്നു…
പഠിക്കാൻ വളരെ മോശമായിരുന്ന ഞാൻ എങ്ങനെയൊക്കെയോ പത്താം തരം പാസായി. തുടർപഠനത്തിന് താല്പര്യം എനിക്കോ അമ്മയ്‌ക്കൊ ഇല്ലാതിരുന്നതിനാൽ അമ്മയോടൊപ്പം പ്ലാന്റ്റേഷനിലെ ജോലിയ്ക്ക് ഞാനും പോയി തുടങ്ങി.
ഒരു കണക്കിന് അതെനിക്ക് അനുഗ്രഹമായിരുന്നു..വീട്ടിൽ അയാളോടൊപ്പം ഒറ്റയ്ക്കാക്കുന്ന നിമിഷങ്ങളെ ഞാൻ ഭയപ്പെട്ടിരുന്നു..
വർഷങ്ങൾ കഴിഞ്ഞപ്പോൾ പതിനഞ്ചു കാരി മധുര പതിനേഴു കാരിയായി..ഏത് പെൺകുട്ടിയെയും പോലെ പതിനേഴിന്റെ സൗന്ദര്യം എന്നിലും വശ്യമായിരുന്നു. ആഗ്രഹങ്ങളും വികാരങ്ങളും എന്റെ മനസിനെയും കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു.
എന്റെ ആദ്യ പ്രണയം പ്ലാന്റ്റേഷൻ ഉടമയായ സത്യൻ മുതലാളിയുടെ മകൻ ദർഷൻ സുന്ദരൻ, കണ്ണുകളിലും ചുണ്ടിലും പ്രണയം. പ്ലാന്റ്റേഷന് പിറകിലെ ഷെഡിൽ വെച്ച് ഒരുനാൾ എന്റെ പ്രണയം അവന്റേത് മാത്രം ആയപ്പോൾ എന്താല്ലാമോ സ്വപ്‌നങ്ങൾ എന്റെ മനസ്സിൽ രൂപം കൊണ്ടിട്ടുണ്ടായിരുന്നു. അതെല്ലാം അവസാനിച്ചത്… അവന്റെ പ്രണയം എന്റെ ഉദരത്തിൽ ഒരു ജീവനായി തുടിക്കുന്നു എന്നറിഞ്ഞപ്പോഴുള്ള അവന്റെ പ്രതികരണത്തിന് ശേഷമായിരുന്നു.
“പ്ലാന്റ്റേഷനിൽ ആകെയുള്ളത് ഇരുപതിനാല് പുരുഷൻമാർ അതിൽ ആരുടേതാ” പരിഹാസത്തോടെയുള്ള അവന്റെ സംസാരം അതിനു മറുപടി കൊടുത്തത് കരണം പുകച്ചൊരു അടിയിലൂടെ ആയിരുന്നു.
ഒരു സ്ത്രീയിൽ നിന്ന് മറ്റൊരു പെണ്ണിന് ഇതൊന്നും മറച്ചു പിടിക്കാൻ പറ്റില്ലല്ലോ. എല്ലാം അറിഞ്ഞ അമ്മ പൊതിരെ തല്ലി. എനിക്ക് വേദന ഇല്ലായിരുന്നു. കൊന്നോട്ടെ…
അമ്മ ശാപംവാക്കുകളാൽ എന്നെ ഉപേക്ഷിച്ചു. അത് മനസിലായത് പിറ്റേന്ന് അയാളുടെ ബന്ധത്തിൽപെട്ട ഒരു സ്ത്രീ എന്നെ കൊണ്ട് പോകാൻ വന്നപ്പോഴായിരുന്നു. എന്റെ മേലുള്ള അവരുടെ ഉത്തരവാദിത്വങ്ങൾ രണ്ട്.. ഒന്ന്, എന്റെ ഉള്ളിൽ വളരുന്ന ജീവനെ നശിപ്പിക്കുക. രണ്ട്, ഒരു ജോലി നൽകുക.
അന്ന്, എന്റെ വീട് വീട്ടിറങ്ങുമ്പോൾ അമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല. അമ്മ അവസാനം പറഞ്ഞ വാക്കുകൾ മാത്രം കാതുകളിൽ മുഴങ്ങി. “ഒരിക്കലും.. ഈ ജന്മത്തിൽ ഒരിക്കലും നിന്റെ മുഖം കാണരുത്. എന്റെ മരണത്തിൽ പോലും നിന്റെ സാനിധ്യം ഉണ്ടാവരുത്”
“ഇല്ല , അമ്മേ ഇത് വാക്കാണ്…ഒരിക്കലും ഈ ശാപജന്മം അമ്മയുടെ മുന്നിൽ വരില്ല.”
അയാൾ എല്പിച്ച സ്ത്രീ അവരുടെ കർമം ഭംഗിയായി ചെയ്തു. എന്റെ ഉള്ളിലെ ജീവനെ ഇല്ലാതാക്കി. ആരോഗ്യം നന്നാവുന്നത് വരെ എന്നെ നോക്കി. പിന്നെ ജോലി….ഇവിടെ….രാത്രികളിൽ മാത്രം ജീവൻ വെയ്ക്കുന്ന ചുമരുകളും, രാത്രിയെ മാത്രം പ്രണയിക്കുന്ന സഹപ്രവർത്തകരും. പിന്നെ…രാത്രിയിൽ മാത്രം ഞങ്ങളുടെ സേവനം ആവശ്യമായ ‘കസ്റ്റമേഴ്സും ‘
ആ കൂട്ടത്തിൽ ഒരാളായിരുന്നു അവനും..ഗോപാൽ..എന്നാൽ മറ്റുള്ളവരെ പോലെ എനിക്ക് അവൻ നൽകിയത് ചൂടും വികാരങ്ങളുമായിരുന്നില്ല..
പ്രണയം ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ലാത്തത്ര തീവ്രമായ പ്രണയം. രാത്രിയുടെ അവസാനങ്ങളിൽ ജനാലകൾ കടന്ന് വന്നിരുന്ന മേഖമൽഹാരിന്റെ സുഖം ഞാൻ അറിഞ്ഞത് അവന്റെ ചുടുകളിലൂടെയായിരുന്നു. മേഘമൽഹാരിലൂടെ അവന്റെ പ്രണയം എന്നിൽ മഴപോലെ പെയ്യുന്നുണ്ടായിരുന്നു.
ഇന്ന്, കുറച്ചു മുൻപ് വരെ അവനെന്റെ തീവ്ര പ്രണയമായിരുന്നു. അവൻ നാട്ടിൽ പോയ ഒരു മാസം നീണ്ട ഇടവേള എന്നെ അത്യധികം വേദനിപ്പിച്ചെങ്കിലും തിരികെ വരുന്ന അവനു നൽകാൻ എന്റെ പ്രണയം ഞാൻ സൂക്ഷിച്ചിരുന്നു. അവനെ കണ്ട മാത്രയിൽ അവന്റെ മാറില്ലേക്ക് വീണ എന്നെ അകറ്റി നിർത്തിയപ്പോഴും എന്റെ കണ്ണിൽ പ്രണയം മാത്രം ആയിരുന്നു.
പക്ഷെ, അവന്റെ മുഖത്ത് മാത്രം നിസംഗഭാവം തെളിഞ്ഞു നിന്നിരുന്നു. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം എരിഞ്ഞടങ്ങിയത് പോലെ. പണ്ട്, ദർശൻറെ മുഖത്തു കണ്ട ഭാവം പുച്ഛമായിരുന്നു.
ഇവിടെ..ഇവിടെ എനിക്ക് നിർവചിക്കാനാവാത്ത ഭാവം. അവന്റെ വിരലിലെ ‘നീലിമ ‘എന്ന പേര് കൊത്തിയ ആ വിവാഹ മോതിരം കാണും വരെ ഞാൻ അവന്റെ കണ്ണുകളിലെ ഭാവം തിരഞ്ഞുകൊണ്ടിരുന്നു.
അവൻ അറിയിക്കാൻ വന്ന കാര്യം ഞാൻ അറിഞ്ഞെന്നു മനസിലായിട്ടാവണം പിന്തിരിഞ്ഞു നോക്കാതെ അവൻ നടന്നകന്നു. അവനിൽ നിന്നും അകലാതിരുന്നത് എന്റെ കണ്ണുകൾ മാത്രം ആയിരുന്നു.
എന്റെ പ്രണയം…എന്റെ മനസിനെ തകർത്ത് ശരീരത്തെ ചിന്നഭിന്നമാക്കി ഇതാ ഒഴുകുന്നു. പ്രണയത്തിന്റെ നിറം ചുവപ്പാണല്ലോ. എന്നിൽ നിറഞ്ഞിരുന്നത് പ്രണയവും.
ഒരു തൂവൽ പോലെ താഴേക്ക് പതിച്ചപ്പോൾ എന്നിൽ നിന്നും ഒഴുകി കൊണ്ടിരുന്നത് പ്രണയം മാത്രമായിരുന്നു. ഞാൻ നിന്റെ ഓർമകളുമായി വന്നിരുന്ന ഈ വാകമര ചുവട്ടിൽ വാകപ്പൂക്കളുടെ ചുവപ്പുമായി എന്റെ പ്രണയം ഒന്നുചേരട്ടെ. ഒരിക്കലും മങ്ങാത്ത രക്തവർണമായി ശോഭിക്കാൻ നിന്റെ പൂക്കൾക്ക് നിറം പകരാൻ എന്റെ പ്രണയം നിന്റെ വേരുകൾ വലിച്ചെടുക്കട്ടെ…
എന്ന് സ്വന്തം മീര….