ബസിൽ വച്ച് ആരോ പേഴ്സ് അടിച്ചു മാറ്റിയപ്പോൾ ഫോൺ ഉൾപ്പെടെ പോയി. ഫോൺ ഒക്കെ നഷ്ടപ്പെട്ടാൽ അതെ നമ്പർ തന്നെ…

പ്രഭ

Story written by Susmitha Subramanian

=========

“പ്രഭേച്ചി…”

നീട്ടിയുള്ള വിളി കേടാണ് പ്രഭ തിരിഞ്ഞു നോക്കിയത്. നല്ല പരിചയമുള്ള മുഖം. അല്ലെങ്കിലേ  ഓഫീസിൽ നിന്ന്  വൈകിയുള്ള വരവ് കൊണ്ട് കെട്ടിയവന്റെ  ചീത്ത കേൾക്കണം. ഇനിയിപ്പോൾ ഒരാണിനോട് മിണ്ടിനിന്നിട്ടു മതി !

“ചേച്ചിക് എന്നെ മനസിലായില്ലേ ? “

“എവിടെയോ വച്ച് കണ്ടിട്ടുണ്ട്. പക്ഷെ ഓർമ കിട്ടുന്നില്ല .”

“ഞാൻ ആനിയുടെ ഹസ്ബന്റ് ആണ്. “

ആനി. പണ്ട് ഒരേ ടെക്സ്റ്റൈൽസിൽ ഉണ്ടായിരുന്നവൾ…കുട്ടിക്ക് പനിയാണ് എന്ന്  പറഞ്ഞു ലീവിൽ പോയതിൽ പിന്നെ കണ്ടിട്ടില്ല. താനും വൈകാതെ അവിടുന്ന് മാറി.

“പ്രഭചേച്ചി എനിക്കൊരു രണ്ടായിത്തഞ്ഞൂറു രൂപ വേണം. ചങ്ങമ്പുഴ പാർക്കിന്റെ അവിടെ ഹസ്ബന്റ് വരും. ഒന്ന് കൊടുത്തേക്കാവോ ?വേറെ ആരുമില്ല ഞങ്ങള്ക് കടം തരാൻ…” ആറുവർഷം മുൻപ് അവസാനമായി അവൾ വിളിച്ചത് ഈ ആവശ്യം പറഞ്ഞാണ്.

പാർക്കിന്റെ അടുത്താണ് തന്റെ വീടെന്നു അവൾക്കറിയാം. താൻ അന്ന് കാശുകൊണ്ട് പോയി കൊടുത്തത് ഇയാൾക്കാണല്ലോ എന്ന് പ്രഭ ഓർത്തു .

“ചേച്ചി ഇപ്പൊ മനസിലായോ ? “

“ആനിയും മോനുമൊക്കെ എന്തെടുക്കുന്നു ?” ഒരു ചിരിയോടെ ചോദിച്ചു

“സുഖമായിട്ടിരിക്കുന്നു ചേച്ചി. ചേച്ചി അന്ന് ആ കാശു തന്നിലായിരുന്നെങ്കിൽ ഞങ്ങളുടെ മോൻ…അവനു ന്യൂമോണിയ കൂടുതൽ ആയിരുന്നു. ഗവണ്മെന്റ് ഹോസ്പിറ്റലിലാ കാണിച്ചേ. പക്ഷെ ഡോക്ടർക്ക് കാശു കൊടുത്താലേ നല്ല ചികിത്സ കിട്ടു എന്ന് പറഞ്ഞു. ഒത്തിരി നാൾ ഹോസ്പിറ്റലിൽ കിടന്നു . ചേച്ചിയെ വിളിക്കാൻ ദൈവമായിട്ട അവളെ കൊണ്ട് തോനിപ്പിച്ചേ…”

അവൻ പോക്കറ്റിൽ നിന്ന് അയ്യായിരം രൂപ എടുത്ത് പ്രഭയുടെ നേരെ നീട്ടി .

“വേണ്ടെടോ…മോൻ സുഖമായല്ലോ. അത് കേട്ടപ്പോൾ തന്നെ സന്തോഷം.” സന്തോഷത്തോടെ  പ്രഭ മറുപടി കൊടുത്തു .

“കുറച്ചു നാളുകൾ ഞാൻ ജോലിയില്ലാതെയും മറ്റും ഇരുന്നു. അവൾക്കും മോനെ വിട്ട് ജോലിക് പോകാൻ പറ്റിലായിരുന്നു. നല്ലൊരു ജോലി കിട്ടി ആദ്യം സാലറി കിട്ടിയപ്പോൾ തന്നെ ഞാൻ ഇവിടെയാണ് വന്നത്. ചേച്ചിയുടെ വീട് അന്വേഷിച്ചു പക്ഷെ ആർക്കും അറിയില്ലായിരുന്നു. പിന്നീട് എല്ലാ മാസവും സാലറി കിട്ടിയാൽ ഞാൻ ഇവിടെ വരാറുണ്ട്. കൈയിൽ ഇരുന്നാൽ തീർന്നു പോകുമേ…ചേച്ചിയുടെ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ചോഫ്.”

അന്ന് ബെയ്‌സ് മോഡൽ നോക്കിയ ഫോൺ ആയിരുന്നു കൈയിൽ. ബസിൽ വച്ച് ആരോ പേഴ്സ് അടിച്ചു മാറ്റിയപ്പോൾ ഫോൺ ഉൾപ്പെടെ പോയി. ഫോൺ ഒക്കെ നഷ്ടപ്പെട്ടാൽ അതെ നമ്പർ തന്നെ വീണ്ടും എടുക്കാമെന്നുള്ള വിവരമൊന്നും തനിക് ഇല്ലായിരുന്നല്ലോ…

“എന്റെ ഫോൺ പോയി. കൂടെ എല്ലാവരുടെയും നമ്പറുകളും “

“ചേച്ചി ഇത് വാങ്ങണം, എന്റെ മോന്റെ ജീവനോളം വരില്ലല്ലോ ഇത്. അവൾക്കും അതാകും സമാധാനം.”

അതിൽ നിന്ന് രണ്ടായിരത്തഞ്ഞൂറു രൂപ മാത്രമെടുത്തു ബാക്കി തിരിച്ചു കൊടുത്തു.

“ഞങ്ങളുടെ പ്രാത്ഥനയിൽ ചേച്ചി എന്നും ഉണ്ടാകും.” കൈ കൂപ്പി പറഞ്ഞു കൊണ്ടവൻ നടന്നകന്നു .

ആറുവർഷം മുൻപ് കാശുകൊടുത്തു തിരിച്ചു വന്ന ദിവസം പ്രഭ ഓർത്തു… “നിന്റെ ഈ സ്വഭാവം മാറ്റാതെ നീ ഗുണം പിടിക്കില്ലെടി…” ചേട്ടൻ അന്ന് എന്തോരമാണ് ദേഷ്യപ്പെട്ടത്…

അമ്മ പറഞ്ഞു “നീ ചെയ്തത് നല്ല കാര്യമാ മോളെ, അവളുടെ കയ്യിൽ കാശുണ്ടാകില്ല. അല്ലെങ്കിൽ ഇത്രയും ദൂരം രണ്ടായിത്തഞ്ഞൂറു രൂപയ്ക്കുവേണ്ടി അവൻ വരില്ലായിരുന്നു…” അല്ലെങ്കിലും അമ്മയുടെ സ്വഭാവമാണല്ലോ തനിക്കും കിട്ടിയിരിക്കുന്നത്.

ആനിയെ അന്നൊന്നും വിളിക്കാതിരുന്നത് കാശിന്റെ കാര്യം ഓർത്തു അവൾ ഫോൺ എടുത്തില്ലെങ്കിലോ എന്നോർത്താണ്. പിന്നീട് ഫോണും പോയി. അവളെ ഇടയ്ക്കൊക്കെ ഓർക്കുമ്പോൾ കാശിന്റെ കാര്യമാണ് പക്ഷെ ഓർമവരുന്നത്. ഇനിയത് കിട്ടില്ലെന്ന്‌ മനസ്സിൽ ഉറപ്പിച്ചു. കിട്ടാനുള്ളതൊക്കെ മറന്നു വീണ്ടും മറ്റുള്ളവക്ക് കടം കൊടുത്തു തുടങ്ങിയപ്പോൾ ആനിയും മറവിയിലേയ്ക്ക് പോയി. തന്റെ പേര് തന്നെ പലരും സേവ് ചെയ്ത് വച്ചിരിക്കുന്നത് വേൾഡ് ബാങ്ക് എന്നാണല്ലോ.

എങ്കിലും ആറുവർഷമായി തരാനുള്ള കാശുമായി ഒരാൾ നടക്കുന്നത് അവൾക്കു അത്ഭുതമായി തോന്നി. സന്തോഷം കൊണ്ട് , ഇടയ്ക്കെങ്കിലും തെറ്റിദ്ധരിച്ചല്ലോ എന്നുള്ള കുറ്റബോധം കൊണ്ട് , പ്രഭയുടെ കണ്ണ് നിറഞ്ഞു…