സനാഥ…
Story written by Jisha Raheesh
=============
“ഈ അച്ഛൻ തന്നെയാണ് അമ്മയെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കുന്നത്…”
പിന്നെയും ഞാൻ എന്റെ കള്ളക്കളി സമ്മതിച്ചു കൊടുക്കാതിരുന്നപ്പോൾ ദേഷ്യത്തോടെ പതിനൊന്നു വയസ്സുകാരനായ എന്റെ സീമന്തപുത്രൻ അപ്പു കൈയിലെ കോയിൻസ് കാരംസ്ബോർഡിലേക്ക് ഇട്ടു…
ഞാൻ വിനയേട്ടനെ ഒന്ന് നോക്കി..ആളുടെ മുഖത്ത് അപ്പോഴും ഒരു കള്ളച്ചിരി ഉണ്ട്..പരസ്പരം നോക്കിയതും എനിക്കും ചിരി വന്നു..ആദ്യം ഇത്തിരി ബലം പിടിച്ചെങ്കിലും അപ്പുവും കൂടെ ചേർന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറിയിരുന്നു…
ഇടയ്ക്കെപ്പോഴോ എന്റെ കണ്ണുകൾ വിനയേട്ടനെ തേടി ചെന്നിരുന്നു..ഞാൻ നോക്കുന്നത് കണ്ടാവും ശബ്ദമില്ലാതെ എന്തു പറ്റിയെന്നു ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് ചുമലിളകി കാണിച്ചു ഞാൻ..
ദൈവം മണ്ണിലേക്കിറങ്ങി വരുമെന്ന് കേട്ടപ്പോഴൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല..വിനയേട്ടൻ എന്റെ ജീവിതത്തിലേക്ക് വരുന്നത് വരെ…
എന്റെ ദൈവം….ഇരുപത്തിയൊന്നു വയസ്സ് പ്രായവ്യത്യാസമുള്ള എന്റെ ഭർത്താവ്…
അഞ്ചു വയസ്സുള്ളപ്പോഴാണ് ഞാൻ ആ അനാഥാലയത്തിൽ എത്തിപ്പെട്ടത്….അച്ഛനെ എനിക്കോർമ്മയില്ല..ഞാൻ ജനിച്ചു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അയാൾ എന്നെയും അമ്മയും ഉപേക്ഷിച്ചു പോയിരുന്നു..അമ്മയ്ക്ക് അങ്ങനെ അടുത്ത ബന്ധുക്കളാരും ഇല്ലായിരുന്നു..എനിക്ക് അഞ്ചു വയസ്സാവുന്നത് വരെ അമ്മ പിടിച്ചു നിന്നിരുന്നു..ഒടുവിൽ എന്നെയും കൊണ്ടു തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന അവസ്ഥയിൽ അമ്മ എന്നെ ആ അനാഥാലയത്തിൽ എത്തിച്ചു..ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ശമ്പളമില്ലാത്ത ജോലിക്കാരിയായി അമ്മയും കൂടി..
ആ സമയത്തൊക്കെ അമ്മയോട് ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിട്ടുണ്ട്..ഞാനും ഒരു അമ്മയായപ്പോൾ എനിക്ക് മനസ്സിലാക്കാനാവുമായിരുന്നു..അന്ന് അമ്മ അനുഭവിച്ചിട്ടുണ്ടാകുമായിരുന്ന വേദന….
അമ്മ എന്നെ അവിടെ ആക്കി പോവുമ്പോൾ ഉണ്ടായിരുന്ന സങ്കടം..എന്റെ അലറിക്കരച്ചിൽ കേൾക്കാനാവാതെ തിരിഞ്ഞു നോക്കാനാവാതെ ധൃതിയിൽ നടന്നകലുന്ന അമ്മയെ എനിക്കിന്നും കാണാം മനസ്സിൽ…
അമ്മയെ കാണണമെന്ന വാശിയിൽ തളർന്നുറങ്ങിയ എനിക്ക് അന്ന് അറിയില്ലായിരുന്നു ഇനിയുള്ള ദിവസങ്ങൾ അഗ്നിപരീക്ഷണത്തിന്റെതാണെന്ന്..
ഭക്ഷണം കിട്ടുമെന്നല്ലാതെ ആരും ശ്രെദ്ധിക്കാനോ കേൾക്കാനോ ഇല്ലാത്ത അനാഥ ബാല്യങ്ങൾ…
ഒരു കണക്കിന് എന്നെപോലെ ഉള്ളവരേക്കാൾ ജനിച്ചപ്പോഴേ അനാഥരായി അവിടെയെത്തുന്നവർ ഭാഗ്യവാന്മാരായിരുന്നു..അവർക്ക് പുറത്ത് മറ്റൊരു ലോകമുണ്ടെന്നോ മാതാപിതാക്കളുടെ സ്നേഹത്തിനെ പറ്റിയോ വലിയ ധാരണയൊന്നും ഉണ്ടാവില്ല..തിരിച്ചറിവാവുമ്പോഴേക്കും അവർ ആ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കും..
അമ്മയെ ഓർത്ത് കരഞ്ഞിരുന്ന നാളുകൾ, ഇടയ്ക്ക് അമ്മയുടെ മണം ഓർമ്മ വരും..വല്ലാത്ത സങ്കടം വരുമ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നും..ചിലപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയുടെ കൈ കൊണ്ടു ഒരുരുള ചോറ് കിട്ടിയെങ്കിൽ എന്ന് തോന്നും..അനാഥബാല്യങ്ങൾക്ക് മാത്രം മനസ്സിലാവുന്ന അവസ്ഥകൾ..ആരുമില്ലായ്മ..അത് പറഞ്ഞറിയിക്കാനാവുന്നതിലും ഭീകരമാണ്..
എങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാനുള്ള മനുഷ്യന്റെ സഹജവാസനയെന്നോണം പതിയെ ഞാനും എന്റെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു തുടങ്ങി…
സ്കൂളിൽ പോയി തുടങ്ങി..വല്ലപ്പോഴും അമ്മ കാണാൻ വരും..അമ്മ വന്നാലുണ്ടാവുന്ന സന്തോഷത്തെക്കാൾ ഹൃദയഭേദകമായിരുന്നു അമ്മ തിരികെ പോവുമ്പോൾ..പലവട്ടം ഞാനും കൂടെ വരട്ടെയെന്ന് ചോദിച്ചു പോയിട്ടുണ്ട്..മുതിർന്നിട്ടും..വെറുതെ..അമ്മയുടെ നിസ്സഹായവസ്ഥ അറിഞ്ഞിട്ടും…എന്ത് പറയണമെന്നറിയാതെ നരച്ചു പഴകിയ സാരിത്തുമ്പ് കൊണ്ടു വായ പൊത്തിപ്പിടിച്ചു നിൽക്കുന്ന അമ്മയുടെ രൂപം മരിക്കുവോളം മനസ്സിൽ ഉണ്ടാവും…
പഠിത്തതിൽ ഞാൻ അത്ര വലിയ മിടുക്കിയൊന്നും ആയിരുന്നില്ലെങ്കിലും ഭേദപ്പെട്ട നിലയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കോളേജിൽ എത്തി..പുസ്തകങ്ങളായിരുന്നു എന്നുമെനിക്ക് കൂട്ട്..വായനയിൽ സകല ദുഖങ്ങളെയും കെട്ടിയിടാനുള്ള കഴിവ് ഞാൻ നേടിയെടുത്തിരുന്നു..ചിലപ്പോഴൊക്കെ വായിച്ച കഥകളിലെ രാജകുമാരിയുടെ മുഖം എന്റേതായി മാറ്റുമായിരുന്നു ഞാനും..
ഡിഗ്രി കഴിഞ്ഞപ്പോഴേക്കും കൂടെയുണ്ടായിരുന്ന ചിലരുടെയൊക്കെ വിവാഹം കഴിഞ്ഞിരുന്നു..അനാഥാലയത്തിലെ പെൺകുട്ടികൾക്ക് ഒരുപാട് വല്യ സ്വപ്നങ്ങൾ കാണാനോ മോഹിക്കാനോ കഴിയില്ലല്ലോ…മിക്കവരും അധികാരപ്പെട്ടവർ നിശ്ചയിക്കുന്ന വിവാഹബന്ധത്തിന് സമ്മതം മൂളും..ചുരുക്കം ചിലർ പ്രണയത്തിലൂടെയും ആ ചുമരുകൾക്കുള്ളിൽ നിന്നും പുറത്ത് കടക്കാറുണ്ട്..
അധികം സംസാരമൊന്നുമില്ലാത്ത ഒരു പാവം പെണ്ണായിരുന്നു അന്ന് ഞാൻ (ഇപ്പോൾ ഞാൻ പറയുന്ന കഥകളിൽ എന്റെ മക്കൾ വിശ്വസിക്കാത്തത് അതൊന്ന് മാത്രം.. “അമ്മയോ.. പാവമോ..?” അതാണ് അവരുടെ ചോദ്യം ) സുന്ദരിയെന്നൊന്നും പറയാനാവില്ലെങ്കിലും ആരും കണ്ടാൽ തെറ്റ് പറയില്ല..
പഠിത്തം കഴിഞ്ഞപ്പോൾ മുതൽ ആധിയായിരുന്നു മനസ്സിൽ..ആരായിരിക്കും എന്നെ കൊണ്ടുപോവാൻ വരുന്നത്? ഇനി ആരും വരാതെ ആയിപ്പോവുമോ..അങ്ങനെയുള്ള ചിന്തകൾ അലട്ടിക്കൊണ്ടിരുന്ന കാലം…ഇവിടെ നിന്നും വിവാഹം കഴിഞ്ഞു പോയവരിൽ ചിലർക്കെങ്കിലും അനുഭവിക്കേണ്ടി വന്നിട്ടുള്ള വിധിയുടെ ക്രൂ രതകൾ..ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥകളല്ലേ.
പഠിത്തമൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുന്ന സമയം അവിടുത്തെ അല്ലറചില്ലറ ഓഫീസ് ജോലികളൊക്കെ മാനേജർ മാഡം എന്നെ ഏൽപ്പിച്ചിരുന്നു..ആയിടക്കാണ് അനാഥാലയത്തിന്റെ നടത്തിപ്പിൽ എന്തെല്ലാമോ ക്രമക്കേടുകൾ ഉണ്ടെന്നും ഇൻസ്പെക്ഷന് ആള് വരുന്നുണ്ടെന്നുമൊക്കെ കേട്ടത്..തുടർന്നുള്ള ദിവസങ്ങളിൽ എനിക്ക് പിടിപ്പത് പണിയായിരുന്നു..ഒരൊഴിവും കിട്ടാതെ ഫയലുകൾ ഒക്കെ പകർത്തിയെഴുതുന്ന ജോലിയായിരുന്നു..
അമ്മ രണ്ടാഴ്ച്ചയായി വന്നിരുന്നില്ല..സുഖമില്ലെന്ന് പറഞ്ഞത് കൊണ്ടു മനസ്സിൽ ആധിയായിരുന്നു..ഒന്ന് കാണാൻ പറ്റാത്തതിന്റെ സങ്കടവും…അന്ന് രാവിലെ അത്യാവശ്യം ജോലികൾ ഏൽപ്പിച്ചു മാഡം പുറത്ത് പോയിരുന്നു..
മാഡം വരുന്നതിനു മുൻപേ തീർക്കാനുള്ള ഫയൽ തിരക്കിട്ടു എഴുതിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഒരാൾ കയറി വന്നത്..കണ്ണടയൊക്കെ വെച്ച്, സിനിമ നടൻ അരവിന്ദ് സ്വാമിയുടെ ലുക്ക് ഒക്കെ ഉണ്ട്..പക്ഷെ ഇത്തിരി പ്രായമുണ്ട്..വിവാഹമൊക്കെ കഴിഞ്ഞിട്ടുണ്ടാകണം…
“മാനേജർ ഇല്ലേ..മിസ്സിസ് വത്സല..”
എന്തോ എഴുന്നേൽക്കാൻ ഞാൻ മറന്നു പോയിരുന്നു..
“ഇല്ല..പുറത്ത് പോയതാണ്…ആരാണ്..എന്തെങ്കിലും പറയണോ..?”
ഇല്ലെന്ന് പറയുമ്പോൾ അയാൾ പോവുമെന്ന എന്റെ ധാരണയെ തെറ്റിച്ചു അയാൾ കസേരയിലേക്ക് ഇരുന്നിരുന്നു..മാഡം ഓടി വരുന്നത് ഞാൻ കണ്ടു..അയാളുടെ അടുത്തേക്ക് ചെന്നു താണുവണങ്ങുന്നതിനിടെ അയാളോട് കാര്യമായ ഭവ്യതയൊന്നും കാണിക്കാതെ പെരുമാറിയ എന്നെ ഒന്ന് രൂക്ഷമായി നോക്കുവാനും പുള്ളിക്കാരി മറന്നില്ല..
അയാൾ എടുത്തു വെച്ച ഫയലുകൾ ഓരോന്നായി നോക്കാൻ തുടങ്ങി..ഇടയ്ക്കിടെ മുഖം ചുളിക്കുന്നതും ഞാൻ കണ്ടു..
അയാൾ മാർക്ക് ചെയ്ത മിസ്റ്റേക്കുകൾ മാഡത്തിനോട് ചൂണ്ടിക്കാണിക്കുമ്പോൾ ഞാൻ വിയർത്തു തുടങ്ങിയിരുന്നു..എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ ഫയൽ തിരുത്തി കൊണ്ടുവരാൻ ഏൽപ്പിച്ചിട്ട് മാഡം അയാളോട് സംസാരിച്ചു കൊണ്ടിരുന്നു..ഓഫീസിനരികെയുള്ള ചെറിയ മുറിയിൽ ഞാൻ തിരക്കിട്ടു എഴുതിയത് ചുരണ്ടി തിരുത്തി ശരിയാക്കി കഴിഞ്ഞപ്പോഴേക്കും മാഡം എന്റടുത്തു എത്തിയിരുന്നു..ശബ്ദം താഴ്ത്തി അവരെന്നെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചു..സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ കരഞ്ഞു പോയി..നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കുന്നതിനിടെയാണ് ഞാൻ ആ കണ്ണുകൾ കണ്ടത്..അവിടെയിരുന്നു ഓഫീസ് ജനലിലൂടെ അയാൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു..ഭൂമി പിളർന്നു അപ്രത്യക്ഷയായി പോയെങ്കിൽ എന്നാഗ്രഹിച്ച നിമിഷം..
നാണക്കേടു കൊണ്ടു ആത്മാഭിമാനം ഉരുകിയൊലിച്ച നിമിഷം..ലോകത്തിനോടും എന്നോട് തന്നെയും ദേഷ്യം തോന്നിയ നിമിഷം..തിരുത്തിയ ഫയലുകൾ അയാളെ തിരികെ ഏൽപ്പിക്കുമ്പോഴും ഞാൻ അയാളുടെ മുഖത്ത് നോക്കിയില്ല..കാരണമറിയാത്ത ഒരു വെറുപ്പ് എന്നിൽ കുമിഞ്ഞു കൂടി..
ഞാൻ തിരികെ എന്റെ സീറ്റിൽ വന്നിരിന്നു..കുറച്ചു നേരം കൂടെ കഴിഞ്ഞു അയാൾ പോകാനായി പുറത്തേക്കിറങ്ങിയപ്പോൾ തിരിഞ്ഞു എന്നെയൊന്നു നോക്കിയിരുന്നു..ഞാൻ മുഖം വെട്ടിത്തിരിച്ചിരുന്നതേയുള്ളൂ..
കാറിനരികിലേക്ക് നടന്നപ്പോൾ അയാളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു..
പിറ്റേന്ന് മാഡത്തിന്റെ മുറിയിലെ ഷെൽഫ് ക്ലീൻ ചെയ്തു കൈ നിറയെ അതിൽ നിന്നും ഒഴിവാക്കിയ സാധനങ്ങളുമായി പുറത്തേക്കിറങ്ങുമ്പോഴാണ് അയാൾ പെട്ടെന്ന് ഉള്ളിലേക്ക് കയറി വന്നത്..
എന്റെ കൈയിലെ പേപ്പേഴ്സും പുസ്തകങ്ങളുമെല്ലാം നിലത്ത് ചിതറിത്തെറിച്ചു…
“സോറി…ഞാൻ കണ്ടില്ല…”
ഒന്നും പറയാതെ അയാളെ നോക്കാതെ ഞാൻ കുനിഞ്ഞിരുന്നു എല്ലാം പെറുക്കിയെടുക്കാൻ തുടങ്ങി..എന്റെ മുഖം കണ്ടാവണം അയാളും നിലത്തേക്ക് കുനിഞ്ഞു..
“വേണ്ടാ..ഞാൻ എടുത്തോളാം..പ്ലീസ്..”
“ഇനി ഇതിനും കൂടെ കേൾക്കാൻ വയ്യ.. “
രണ്ടാമത്തെ വാചകം ഞാൻ സ്വയമെന്നോണം പിറുപിറുത്തയിരുന്നു..എന്നെയൊന്നു നോക്കി അയാൾ അകത്തേക്ക് കയറി പോയി..
എനിക്ക് അയാളോടുള്ള ദേഷ്യവും വെറുപ്പും വർദ്ധിച്ചതേയുള്ളൂ..ഒരിക്കൽ പോലും ഞാൻ അയാളുടെ മുഖത്തേക്ക് സൗമ്യതയോടെ ഒന്ന് നോക്കിയിട്ടില്ല..പിന്നെയും പലതവണ അയാൾ അവിടെ വന്നു..ചിലപ്പോഴൊക്കെ മറ്റുള്ള ഓഫീസേഴ്സിനൊപ്പവും..മറ്റുള്ളവരോട് സംസാരിച്ചെങ്കിലും അയാളെ ഞാൻ അവഗണിച്ചു കൊണ്ടേയിരുന്നു..
ഓഫീസിലെ അത്യാവശ്യം ചില കാര്യങ്ങൾക്കായി ഞാൻ പുറത്ത് പോവരുണ്ടായിരുന്നു…പലയിടത്തും വെച്ച് ഞാൻ അയാളെ കണ്ടെങ്കിലും ഒരു പരിചയഭാവവും ഞാൻ കാണിച്ചതേയില്ല..
ഒരു ദിവസം ഒരു കാര്യം സംസാരിക്കാനുണ്ടെന്ന മുഖവുരയോടെ മാഡം വിളിപ്പിച്ചപ്പോഴേ ഉള്ളിൽ ഒരാപത്ശങ്ക തോന്നിയിരുന്നു..
“ഇന്ദുവിന് ഒരു കല്യാണലോചന വന്നിട്ടുണ്ട്. ആള് ഇന്ദുവിനെ കണ്ടിഷ്ടപ്പെട്ടു വന്നതാണ്..പക്ഷെ…”
ഉള്ളൊന്ന് കിടുങ്ങി..
“സ്വല്പം പ്രായക്കൂടുതലുണ്ട്..ആളിനെ നിനക്കറിയാം.. ഇവിടെ ഇൻസ്പെക്ഷന് വന്നില്ലേ..വിനയൻ..വിനയചന്ദ്രൻ..”
ഞെട്ടിത്തരിച്ചു പോയി..
“അയാളോ..എനിക്ക്..എനിക്കിഷ്ടമല്ല..”
പൊടുന്നനെയുള്ള എന്റെ ഉത്തരം കേട്ട് മാഡവും പകച്ചു പോയി കാണണം..
“പ്ലീസ്..മാഡം എനിക്കിത് വേണ്ടാ..”
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് കണ്ടിട്ടാവണം അവരൊന്നും പറഞ്ഞില്ല..പക്ഷെ തിരിഞ്ഞു നടന്നപ്പോൾ വാതിൽക്കൽ അയാൾ..എല്ലാം കേട്ടു കാണണം..അയാളെ നോക്കാതെ തന്നെ പുറത്തേക്ക് നടന്നു..
പിന്നെയും ഒന്നു രണ്ടിടത്തു വെച്ചു കണ്ടെങ്കിലും ആള് എന്നെ മൈൻഡ് ചെയ്തില്ല..എനിക്ക് അയാളെ കാണുമ്പോഴേ മുട്ട് വിറയ്ക്കാൻ തുടങ്ങും..അത്രയ്ക്ക് പേടിയായിരുന്നു..വെറുപ്പും..
പിന്നെ ആരും ഒന്നും പറഞ്ഞതുമില്ല. അയാളെ കാണാതെയും ആയി…ഒരു രാവിലെ എന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല..അമ്മയല്ലാതെ മറ്റാരും വരാനില്ലല്ലോ..പക്ഷെ അഴിഞ്ഞുലഞ്ഞ മുടി കൈ കൊണ്ടു വാരിക്കെട്ടി ഓടിയെത്തിയ എന്നെ കാത്ത് നിന്നത് അയാളായിരുന്നു..ആ മുഖം കണ്ടതും ഭയം എന്നെ കീഴടക്കാൻ തുടങ്ങിയിരുന്നു..
“ഇന്ദു..എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..”
ഞാൻ ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു.
“സഹോദരങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള ഓട്ടപ്പാച്ചിലിൽ സ്വന്തം ജീവിതത്തെ പറ്റി ഓർത്തിരുന്നില്ല..പിന്നെ സമയം കഴിഞ്ഞു പോയെന്ന് തോന്നി..പക്ഷെ തന്നെ കണ്ടപ്പോൾ കൂടെ കൂട്ടാനൊരാഗ്രഹം തോന്നി..സഹതാപമൊന്നുമല്ല..ശരിക്കും ഇഷ്ടമായിട്ട് തന്നെയാണ്..”
കേട്ട് നിന്നതേയുള്ളൂ..
“വീട്ടിൽ ആരും സമ്മതിക്കില്ല..പക്ഷെ അതൊന്നും എനിക്ക് പ്രശ്നമല്ല..എന്റെ പ്രായക്കൂടുതൽ തനിക്കൊരു പ്രെശ്നമല്ലെങ്കിൽ തന്നെ എനിക്ക് തന്നൂടെ..”
അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല..
“മറക്കാൻ ശ്രെമിച്ചിട്ടും പറ്റാത്തത് കൊണ്ടാണെടോ വീണ്ടും വന്നത്..സോറി..”
ആള് തിരിഞ്ഞു നടന്നകന്നിട്ടും അതെ നിൽപ്പായിരുന്നു ഞാൻ..
അത് കഴിഞ്ഞായിരുന്നു വത്സല മാഡത്തിന്റെ ക്ലാസ്സ്..എനിക്ക് അഹങ്കാരമാണെന്നും എന്ത് കണ്ടിട്ടാണീ നെഗളിപ്പെന്നുമൊക്കെ അവർ പറയാതെ പറയുന്നുണ്ടായിരുന്നു..നല്ല ജോലി, കാണാനും യോഗ്യൻ, ആവശ്യത്തിന് സമ്പാദ്യവുമുണ്ട്..പിന്നെ കുറച്ചു പ്രായക്കൂടുതൽ..ദാമ്പത്യജീവിതത്തിന് അതൊരു അയോഗ്യതയല്ലെന്ന് അവർ പറഞ്ഞപ്പോൾ തിരിച്ചൊന്നും പറയാനാവാതെ ഞാനും നിന്നു..
മാഡത്തിന്റെ നീരസം കൂടിക്കൂടി വന്ന നാളുകളൊന്നിലാണ് അമ്മ കാണാനെത്തിയത്..മടിച്ചു മടിച്ചാണ് പറഞ്ഞത്..
“മോളെ ആ സാർ എന്നെ കാണാൻ വന്നിരുന്നു..മോൾക്കിഷ്ടമല്ലാത്തത് കൊണ്ടാണ് അമ്മ ഒന്നും പറയാതിരുന്നത്..നല്ലവനാണെന്ന് തോന്നുന്നു മോളെ..മോളെ പൊന്നുപോലെ നോക്കുമെന്നൊരു തോന്നൽ..നിന്നെയോർത്ത് തീയാണ് മനസ്സിൽ എപ്പോഴും..മോൾക്ക് ഒന്നൂടെ ആലോചിച്ചൂടെ…നീയെങ്കിലും സമാധാനത്തോടെ ജീവിക്കുന്നത് കാണാനൊരു കൊതി..”
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..ജീവിതത്തിൽ ഒരിക്കൽ പോലും സന്തോഷമോ സമാധാനമോ അനുഭവിക്കാത്ത സ്ത്രീ..പിന്നെ കൂടുതൽ ഒന്നുംഞാനും ആലോചിച്ചില്ല..വിവാഹത്തിന്റെ ദിവസം കുറിച്ചെങ്കിലും അയാളോട് അടുക്കാൻ ഞാൻ തയ്യാറായില്ല..ഫോൺ വിളിച്ചാലും സംസാരിക്കില്ല..വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും എടുക്കാൻ ഞാൻ പോയില്ല..വിവാഹദിവസത്തിന് രണ്ടുനാൾ മുൻപേ അയാൾ വീണ്ടും എന്നെ കാണാനെത്തി..
“തനിക്ക് എന്നെ ഒരു തരത്തിലും ഉൾക്കൊള്ളാനാവുന്നില്ലെങ്കിൽ നമുക്ക് ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കാം..എല്ലാവരോടും ഞാൻ സംസാരിച്ചോളാം..”
ഇനി വിവാഹം വേണ്ടെന്നു വെച്ചാലുള്ള ഭവിഷ്യത്ത് എനിക്ക് ഓർക്കാൻ പോലും ആവുമായിരുന്നില്ല..
“എനിക്ക്..എനിക്ക് സമ്മതക്കുറവൊന്നുമില്ല..”
ആ മുഖത്തേക്ക് നോക്കാൻ ശ്രെമിച്ചെങ്കിലും അയാളുടെ കണ്ണുകളെ നേരിടാനാവാതെ ഞാൻ മുഖം താഴ്ത്തി..തെല്ല് നേരം എന്നെ നോക്കി നിന്നിട്ട് ഒന്നും പറയാതെ ആള് പോയി..
അയാളുടെ അകന്ന ബന്ധത്തിലുള്ള ഒരു കസിൻ ഒഴികെ ബന്ധുക്കളാരും വിവാഹത്തിൽ പങ്കെടുത്തില്ല..സഹോദരങ്ങൾക്ക് പണവും സമ്പത്തും പൊയ്പോവുന്നതായിരുന്നെങ്കിൽ അച്ഛനും അമ്മയ്ക്കും മകൻ കുടുംബമഹിമയും ആഭിജാത്യവുമൊക്കെ മറന്നു ഒരനാഥപെണ്ണിനെ വിവാഹം കഴിക്കുന്നതായിരുന്നു പ്രെശ്നം..അമ്മയെയും അനാഥാലയത്തിലെ സഹോദരങ്ങളെയും സാക്ഷികളാക്കി വിനയചന്ദ്രൻ എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് സങ്കടവും പേടിയും മാത്രമായിരുന്നു..
വിവാഹം കഴിഞ്ഞു ചെന്നു കയറിയത് അയാൾ ഏർപ്പാട് ചെയ്തിരുന്ന വാടകവീട്ടിലേക്കായിരുന്നു..എന്റെ ഭർത്താവ് അടുത്ത് വരുമ്പോഴൊക്കെ എന്റെ ദേഹം അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു…
രാത്രിയിൽ ബെഡ്റൂമിൽ കൂട്ടിലകപ്പെട്ട എലിയെ പോലെ ഭയന്നു വിറച്ചിരിക്കുമ്പോഴാണ് ആള് കയറി വന്നത്. അറിയാതെ എഴുന്നേറ്റു നിന്നു പോയി..അരികിലെത്തിയതും രണ്ടു ചുവട് പിറകോട്ടു വേച്ചിരുന്നു..തൊട്ടരികെ നിന്നും എന്തോ പറയാൻ തുടങ്ങിയതും ഞാൻ ഇരുകൈകൾ കൊണ്ടും മുഖം പൊത്തി കരഞ്ഞു..
“എന്നെ ഉപദ്രവിക്കരുത്…”
ആളൊന്ന് പകച്ചു..പിന്നെ എന്റെ കൈകൾ ബലമായി പിടിച്ചു മാറ്റി..വിരൽ കൊണ്ടു താടിത്തുമ്പ് പിടിച്ചുയർത്തി..
“താനെന്തിനാടോ ഇങ്ങനെ പേടിക്കുന്നത്..ഞാൻ ഉപദ്രവിക്കാനല്ല സ്വന്തമാക്കിയത്..കൂടെ ജീവിക്കാനാണ്..എന്നെ സ്നേഹിക്കാൻ..എനിക്ക് സ്നേഹിക്കാൻ. “
ഞാൻ അയാളെ നോക്കിയില്ല..
“താനായിട്ട് എന്നെ മനസ്സിലാക്കുന്നത് വരെ സ്നേഹിക്കുന്നത് വരെ ഒന്നിനും ഞാൻ നിർബന്ധിക്കില്ല…”
പിന്നെ പതിഞ്ഞ ശബ്ദത്തിലാണ് പൂർത്തിയാക്കിയത്…
“അത്രക്കിഷ്ടമാടോ…”
വാക്ക് പാലിച്ചിരുന്നു വിനയേട്ടൻ..എന്റെ പേടിയും സംശയങ്ങളും മാറാൻ മാസങ്ങൾ എടുത്തിരുന്നു..വിനയേട്ടൻ ക്ഷമയോടെ കാത്തിരുന്നു..അത് വരെ ഉണ്ടെന്ന് പോലും അറിയാത്ത സ്നേഹവും സംരക്ഷണവും അനുഭവിച്ചു തുടങ്ങുകയായിരുന്നു ഞാൻ..
അച്ഛനും സഹോദരനും സുഹൃത്തുമായ ആള് പിന്നീടെപ്പോഴോ കാമുകനും ഭർത്താവുമായി കഴിഞ്ഞിരുന്നു..ആദ്യം മനസ്സ് പങ്കു വെച്ചിട്ടാണ് ഞാൻ വിനയേട്ടന്റെ സ്വന്തം ഇന്ദുവായി മാറിയത് ..
വൈകാതെ തന്നെ അമ്മയും ഞങ്ങളോടൊപ്പം ചേർന്നിരുന്നു..അനാഥത്വത്തിലെ ആഗ്രഹമായിരുന്നു നിറയെ ആളുകളുള്ള വീട്..ബന്ധുക്കൾ..എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹത്തിന്റെ തറവാട്ടിൽ പോയത്..കാണാൻ പോലും ആരും തയ്യാറായില്ല..എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു…
“ഞാനില്ലേ…അത് പോരേ…”
മതിയായിരുന്നു..ഒരു ജന്മം മുഴുവനും ലഭിക്കേണ്ട സ്നേഹം ഞാൻ അനുഭവിച്ചു കഴിഞ്ഞിരുന്നു..എല്ലാ അർത്ഥത്തിലും എന്റെ നല്ല പാതി..സന്തോഷത്തിലും സങ്കടത്തിളുമെല്ലാം തുണയായി…ഇടയ്ക്കിടെ ചെറിയ ചെറിയ പിണക്കങ്ങളുമായി ഞങ്ങളിങ്ങനെ..വെറുമൊരു തൊട്ടാവാടിയായിരുന്ന എന്നെ ഒരു തന്റേടിയാക്കിയത് ആ സ്നേഹമായിരുന്നു..ഞങളുടെ സ്നേഹക്കൂട്ടിലേക്ക് രണ്ടു കുഞ്ഞിക്കുരുവികൾ കൂടെ വിരുന്നെത്തിയപ്പോൾ ജീവിതം പൂർണ്ണമായിരുന്നു..
തന്നെക്കാൾ ഒത്തിരി ചെറുപ്പമായ ഭാര്യയുടെ മുൻപിൽ പിടിച്ചു നിൽക്കണ്ടേന്നു കളിയായി പറഞ്ഞുകൊണ്ടാണെങ്കിലും ആള് എപ്പോഴും ഫിറ്റ്നെസ്സിൽ ശ്രെദ്ധിക്കും..അതുകൊണ്ടെന്താ എന്റെ ഭർത്താവ് എന്നേക്കാൾ ചെറുപ്പമാണെന്നേ തോന്നിക്കൂ..
എന്റെ ഭർത്താവ്..ഞാൻ ദൈവത്തെ കണ്ടത് അദ്ദേഹത്തിലൂടെയാണ്…
**************
ഒരുപാട് സങ്കടങ്ങൾക്കൊടുവിൽ വലിയൊരു സന്തോഷം ദൈവം കാത്തുവെച്ചിട്ടുണ്ടാവും എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും വിശ്വസിക്കാൻ തോന്നുന്നത് ചിലരെയൊക്കെ കണ്ടുമുട്ടുമ്പോഴാണ്..
എന്നും നന്മകൾ പ്രിയ സുഹൃത്തിനും കുടുംബത്തിനും ??
~സൂര്യകാന്തി ? (ജിഷ രഹീഷ് )