എഴുത്ത്: കർണൻ സൂര്യപുത്രൻ
============
“ഒരാളെ തല്ലാൻ നിനക്കൊക്കെ ആരാടാ അധികാരം തന്നത്?”
പോലിസ് ഇൻസ്പെക്ടർ, ജയകൃഷ്ണനോട് ചൂടായി…സ്റ്റേഷന്റെ മൂലയിൽ നാൽപതു വയസിനു മുകളിൽ പ്രായമുള്ള ഒരാൾ മൂക്കിലൂടെയും വായിലൂടെയും ചോര ഒലിപ്പിച്ചു നില്കുന്നുണ്ട്..
“എന്റെ പൊന്നു സാറേ, പട്ടാപ്പകൽ നഗരമധ്യത്തിൽ അതും തിരക്കുള്ള ബസിൽ ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ട് മിണ്ടാതിരിക്കാൻ മാത്രം കഴിവ് കെട്ടവനല്ല ഞാൻ…”
“അതിന് അടിക്കണോടാ??ഇവിടെ പോലീസും കോടതിയുമൊക്കെ പിന്നെന്തിനാ?”
“പോലീസും കോടതിയുമൊക്കെ ഉള്ള നാട്ടിൽ തന്നാ തീവണ്ടിയിൽ നിന്നു പുറത്തേക്ക് വലിച്ചെറിഞ്ഞ് ഒരു പാവം പെൺകുട്ടിയെ മൃ ഗീയമായി പിച്ചി ചീ ന്തി കൊ ന്നത്….സാറെ എന്റെ കണ്മുന്നിൽ കണ്ടതിനെതിരെ പ്രതികരിച്ചു. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്നപ്പോൾ രണ്ടെണ്ണം കൊടുത്തു…സാർ വേണേൽ എന്നെ പിടിച്ചു അകത്തിട്ടോ…എന്നിട്ട് തൂക്കിക്കൊ ന്നോ….അല്ല പിന്നെ…”
അപ്പോഴേക്കും കസേരയിൽ ഇരുന്ന മെമ്പർ റഷീദിക്ക ഇടപെട്ടു.
“ജയാ നീ മിണ്ടാതിരി..സാറേ..അവൻ ചെയ്തത് തെറ്റാ..അതല്ലല്ലോ ഇവിടുത്തെ പ്രശ്നം…ബസിൽ ഒരതിക്രമം നടന്നു. പ്രതിയെ ഇവിടെ കൊണ്ടുവന്നു..ബാക്കി നടപടികൾ നോക്കി കൂടെ?ആ ബസും യാത്രക്കാരെയും പോകാൻ അനുവദിച്ചിരുന്നെങ്കിൽ നന്നായിരുന്നു..”
സ്റ്റേഷനിലേക്ക് വരുന്ന വഴിക്ക് ജയകൃഷ്ണൻ ഫോൺ വിളിച്ചിട്ട് പാഞ്ഞെത്തിയതാണ് റഷീദിക്ക…
“ജോസേ, അവനെ പിടിച്ചു അകത്തിട്…പരിക്ക് കാര്യമായി വല്ലതും ഉണ്ടോ എന്ന് നോക്കണം…ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പൊയ്ക്കോ…മജിസ്ട്രേറ്റിന്റെ മുന്നിൽ നിന്ന് പരുങ്ങാൻ എനിക്ക് വയ്യ…ആ കുട്ടിയുടെ പരാതി എഴുതി വാങ്ങിക്കോ…സാക്ഷികളുടെ അഡ്രസ്സും ഫോൺ നമ്പറും കൂടെ…..” ഇൻസ്പെക്ടർ കോൺസ്റ്റബിളിനോട് പറഞ്ഞു..
ചുമരിനോട് ചേർത്തിട്ട ബെഞ്ചിൽ മുഖം പൊത്തിയിരുന്നു ഒരു പെൺകുട്ടി കരയുന്നുണ്ടായിരുന്നു…ഒരു വനിതാ കോൺസ്റ്റബിൾ അവളുടെ അടുത്തിരുന്ന് ആശ്വസിപ്പിക്കുന്നുണ്ട്…അഡ്രസ്സും ഫോൺ നമ്പറും കൊടുത്ത് ജയകൃഷ്ണൻ പുറത്തിറങ്ങി..സ്റ്റേഷൻമുറ്റത്തു അവർ വന്ന പ്രൈവറ്റ് ബസ് നില്കുന്നുണ്ട്…പോലീസുകാർ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും മൊഴിയെടുത്ത് അവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു…എല്ലാരും ബസിൽ തിരികെ കയറുമ്പോൾ ജയകൃഷ്ണൻ കണ്ടക്ടറുടെ അടുത്ത് ചെന്നു….
“അനിയാ ഒന്ന് നിന്നേ…നീയെന്താ പറഞ്ഞത്??പ്രശ്നമാക്കേണ്ട ചേട്ടാ വിട്ടേക്കെന്നോ?..എടാ മോനേ…കുറച്ചു നാൾ ഞാനും നിന്റെ ഈ പണി എടുത്തതാ..ഒരു ബസിന്റെയും അതിലെ യാത്രക്കാരുടെയും ഉത്തരവാദിത്തം കണ്ടക്ടർക്ക് ആണ്..അതായത് നീയാണ് ഇതിന്റെ നാഥൻ..അതറിയാവോ?? ഒരു പെൺകുട്ടിക്ക് നിന്റെ ബസിൽ ഇങ്ങനൊരു അതിക്രമം നേരിട്ടപ്പോൾ നിസ്സാരമായി കണ്ട നീയൊക്കെ ഈ സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്…!!”
ആ പയ്യൻ ചൂളി നില്കുകയാണ്…
“വേറൊരാളുണ്ടായിരുന്നല്ലോ വെള്ളഷർട്ട് ഇൻ ചെയ്ത ഒരു മാന്യൻ…എവിടെ??”
ജയകൃഷ്ണൻ ബസിനകത്തേക്ക് നോക്കി…ഒരാൾ ആളുകൾക്കിടയിലേക്ക് വലിഞ്ഞു മാറുന്നത് കണ്ടു..
“താനെന്താ പറഞ്ഞത്?മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന്…അല്ലേ? എടോ നാളെ തന്റെ ഭാര്യക്കോ പെങ്ങൾക്കോ ഇങ്ങനൊരു അവസ്ഥ വന്ന്, മറ്റുള്ളവർ ഇതേ പോലെ പറഞ്ഞാൽ എന്താവും എന്ന് ചിന്തിച്ചിട്ടുണ്ടോ?”
റഷീദിക്ക ജയകൃഷ്ണന്റെ തോളിൽ തട്ടി..
“വിട്ടേക്കേടാ…പൊയ്ക്കോട്ടേ…”
കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പോലീസുകാരികൾ ആ പെൺകുട്ടിയെയും കൂട്ടി പുറത്തേക്കു വന്നു..വീട്ടിൽ കൊണ്ടു വിടാൻ പോകുകയാണ്…റഷീദിക്ക അവരുടെ അടുത്ത് പോയി…
“ഈ കൊച്ചിനെ ഞങ്ങള് കൊണ്ട് വിട്ടോളാം..”
അവർ പരസ്പരം നോക്കി
“പേടിക്കണ്ട..സദാനന്ദൻ സാറിനോട് മെമ്പർ റഷീദ് കൊച്ചിനെ കൊണ്ടു പോയി എന്ന് പറഞ്ഞാൽ മതി…ഇനി ഞാൻ അകത്തു വന്ന് പെർമിഷൻ വാങ്ങണോ??”
രാഷ്ട്രീയം നോക്കാതെ ആർക്കും എന്ത് സഹായവും ചെയ്യുന്ന റഷീദിനെ എല്ലാവർക്കും അറിയാം…പോലീസുകാരികൾ അകത്തേക്ക് കയറിപ്പോയി.
റഷീദിക്കയും ജയകൃഷ്ണനും ആ പെൺകുട്ടിയെ നോക്കി..ചുരീദാറിന്റെ വെള്ള ഷാളിൽ തെരുപ്പിടിച്ചു കൊണ്ട് നില്കുന്നു…തോളിൽ ഒരു പഴയബാഗ് തൂക്കിയിട്ടുണ്ട്…
“മോളുടെ വീടെവിടാ?”
“അമ്പലത്തറ…സ്കൂളിന് അടുത്ത്.” നേർത്ത സ്വരത്തിൽ മറുപടി..
“ങാ, ജയാ..എനിക്ക് ഒന്ന് പഞ്ചായത്ത് വരെ പോണം..നീയൊരു കാര്യം ചെയ്യ്.. ഈ കുട്ടിയെ വീട്ടിൽ കൊണ്ടാക്ക്…”
ജയകൃഷ്ണൻ തലയാട്ടി..
ബൈക്കിൽ കയറി റഷീദിക്ക പോയപ്പോൾ ജയകൃഷ്ണൻ അവൾക്കു നേരെ തിരിഞ്ഞു…
“വാ…പോകാം.”
അവൾ ജയകൃഷ്ണന്റെ പിന്നാലെ നടന്നു. ഓട്ടോസ്റ്റാന്റിന് അടുത്തുള്ള ഹോട്ടലിലേക്ക് അവൻ കയറി…മടിച്ചു മടിച്ചു അവളും..ഒഴിഞ്ഞ ഒരു മേശയ്ക്ക് അടുത്ത് എത്തി അവൻ പറഞ്ഞു…
“ഇരിക്ക്. ഓരോ ചായകുടിച്ചിട്ട് പോകാം. എനിക്ക് തല വേദനിക്കുന്നു..”
ആശങ്കയോടെ അവൾ ഇരുന്നു…സപ്ലെയർ വന്നു…
“ചേട്ടാ രണ്ടു ചായ…ഒന്ന് സ്ട്രോങ്ങ് മധുരം കൂട്ടി…കഴിക്കാൻ എനിക്ക് രണ്ട് സമൂസ..എടുത്തോ…തനിക്ക് എന്താ വേണ്ടേ?”
അവൾ ഒന്നും മിണ്ടിയില്ല
“അവിടേം രണ്ടു സമൂസ എടുത്തോ..”
അയാൾ അകത്തേക്ക് പോയപ്പോൾ ജയകൃഷ്ണൻ അവളോട് പറഞ്ഞു
“എടോ ഒന്ന് റിലാക്സ് ആവ്..കഴിഞ്ഞത് കഴിഞ്ഞു…അത് തന്നെ ആലോചിക്കണ്ട.”
അവൾ ഒന്നും മിണ്ടിയില്ല..അവനു ദേഷ്യം വന്നു…
“എന്തെങ്കിലും ഒന്ന് വായതുറന്ന് സംസാരിക്ക്…”
“താങ്ക്സ് “
“വോ…ആയിക്കോട്ടെ…അപ്പൊ അതൊക്കെ അറിയാം അല്ലേ..?”
അവൾ അവന്റെ മുഖത്തേക്ക് നോക്കി. ഇപ്പോൾ മാത്രമാണ് തന്റെ മാനം രക്ഷിച്ചു തനിക്കു വേണ്ടി വാദിച്ച ആ മനുഷ്യനെ അവൾ വ്യക്തമായി കാണുന്നത്….ചുരുളൻ മുടിയും, അലക്ഷ്യമായി വളർന്ന താടിയും മീശയും…നീല കളർ ഷർട്ടും വെള്ള മുണ്ടും ആണ് വേഷം…മുപ്പത്തഞ്ചിനു മുകളിൽ പ്രായമുണ്ട്….
“എന്റെ പേര് ജയകൃഷ്ണൻ..ജോലി എന്താണെന്ന് ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല..എല്ലാ ജോലിയും ചെയ്യും..കുറച്ച് വിദ്യാഭ്യാസം ഉള്ളത് കൊണ്ട് ഒരു പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപകന്റെ ജോലി ചെയ്യാറുണ്ട്..സ്ഥിരം അല്ല..പിന്നെ ഡ്രൈവർ, വാർക്കപ്പണി, ചെങ്കല്ലിന്റെ ലോഡിങ് and അൺലോഡിങ്…മീൻകച്ചവടം തുടങ്ങി എല്ലാ പണിയും ചെയ്യും..കുറച്ച് സാമൂഹ്യപ്രവർത്തനത്തിന്റെ അസുഖവും ഉണ്ട്… “
അവൻ ചിരിച്ചു…ചായയും സമൂസയും മുന്നിലെത്തി…ചായ ഗ്ലാസ് കൈയിൽ വെറുതെ വച്ചുകൊണ്ട് അവൾ പതിയെ പറഞ്ഞു..
“ഞാൻ തനൂജ…ടൗണിൽ ഒരു ഫാർമസിയിൽ ജോലി ചെയ്യുന്നു..”
“വീട്ടിൽ ആരൊക്കെയുണ്ട്”?
“അമ്മയും അനിയനും…അനിയൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റാണു..അവിടെ പോയി വരുന്ന വഴിയാ ഇതൊക്കെ..” അവൾ കരയാൻ തുടങ്ങി…
“അനിയന് എന്ത് പറ്റി.?”
“വീണതാ…തലക്ക് സ്റ്റിച് ഉണ്ട്..രണ്ടു ദിവസം കൂടി അവിടെ കിടക്കണം..”
“തന്റെ അച്ഛനോ?”
“അച്ഛൻ ആന്ധ്രപ്രദേശിൽ ആണ്..ഞങ്ങളുടെ അടുത്ത് വരാറൊന്നും ഇല്ല. അവിടെ വേറെ കുടുംബമൊക്കെ ഉണ്ടെന്ന് മറ്റുള്ളവർ പറഞ്ഞു കേട്ടു…”
“താൻ ചായകുടിക്ക് തണുക്കും..”
ചായ ഊതിക്കുടിക്കുന്ന ആ പെൺകുട്ടിയെ കൗതുകത്തോടെ ജയകൃഷ്ണൻ നോക്കി..ഓമനത്തം തുളുമ്പുന്ന മുഖം…കീഴ്ച്ചുണ്ടിന്റെ വലതുഭാഗത്തുള്ള മറുക് അവളെ കൂടുതൽ സുന്ദരിആക്കുന്നുണ്ട്…നൂലുപോലുള്ള ഒരു സ്വർണമാലയും അരിമണി വലിപ്പമുള്ള കമ്മലും…
ചായകുടിച്ചു കഴിഞ്ഞ് രണ്ടു പേരും പുറത്തിറങ്ങി..ഓട്ടോയിൽ കയറി..അമ്പലതറ സ്കൂളും കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയപ്പോൾ അവൾ പറഞ്ഞു
“ഇവിടെ മതി..എന്റെ വീട്ടിലോട്ട് വണ്ടി പോകില്ല…”
ഒരു ഇടവഴിക്ക് മുൻപിൽ ഓട്ടോ നിന്നു…ഒരു ചെറിയ കുന്നിന് മുകളിലേക്കാണ് ആ നടപ്പാത…
“ആ കാണുന്നതാ വീട്… ” അവൾ മുകളിലേക്ക് കൈ ചൂണ്ടി..ദൂരെ ഒരു ചെറിയ വീടിന്റെ മേൽക്കൂര കാണാം..
“താനിന്ന് ഒറ്റക്കാണോ അവിടെ താമസിക്കുക? “
“അല്ല..അടുത്ത വീട്ടിലെ ചേച്ചി വരും…”
“എന്നാ ശരി…ഞാൻ പോട്ടെ?”
“അയ്യോ, വീട്ടിലേക്ക് വരാതെ..”
“വേണ്ട..താൻ ഒറ്റക്കല്ലേ ഉള്ളൂ..ഞാൻ വരുന്നത് ശരിയല്ല..അമ്മയും അനിയനുമൊക്കെ ഉണ്ടാകുമ്പോൾ എപ്പോഴെങ്കിലും പറ്റിയാൽ വരാം…”
ജയകൃഷ്ണൻ ഓട്ടോയിൽ കയറാൻ തുടങ്ങി..എന്തോ ആലോചിച്ചു, തിരിഞ്ഞു..
“എടോ തന്റെ കൈയിൽ മൊബൈൽ ഉണ്ടോ? “
“ഉണ്ട് “
“എന്റെ നമ്പർ സേവ് ചെയ്തോ..എപ്പോഴെങ്കിലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി “
അവൾ ബാഗിൽ നിന്നും ഫോൺ എടുത്ത് അവന്റെ നമ്പർ സേവ് ചെയ്തു..അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ ഓട്ടോയിൽ കയറി….
അന്ന് രാത്രി ജയകൃഷ്ണന്റെ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു..
“ഞാൻ തനൂജ ആണ്…ഒരുപാട് നന്ദി ഉണ്ട്..”
“എടോ,താൻ ഒരു പത്തു കിലോ നന്ദി എടുത്ത് ഒന്നിച്ചു തന്നേക്ക്…അടിക്കടി ഇങ്ങനെ പറയേണ്ടല്ലോ…”
“അതല്ല…ബസിൽ അത്രേം പേരുണ്ടായിട്ടും എനിക്ക് വേണ്ടി സംസാരിക്കാൻ നിങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളൂ…”
“തന്റെ സ്ഥാനത്തു വേറെ ഏതു പെണ്ണായാലും ഞാൻ ഇതേ ചെയ്യൂ..അത് പോട്ടെ താൻ ഭക്ഷണം കഴിച്ചോ?”
“ആ “
“എന്നാൽ ഉറങ്ങിക്കോ…എനിക്ക് ഉറക്കം വരുന്നു..നാളെ കുറേ പണി ഉണ്ട്.”
“ഓക്കേ goodnight “
“Goodnight “
പിറ്റേ ദിവസം രാവിലെ ഭക്ഷണം പൊതിഞ്ഞ് കെട്ടി, തനൂജ മെഡിക്കൽകോളേജിലേക്ക് പോയി…വാർഡിൽ അനിയൻ കിടക്കുന്ന ബെഡിന് അരികിൽ എത്തിയപ്പോൾ അവൾ ഞെട്ടിപ്പോയി…ജയകൃഷ്ണൻ അവിടെ ഇരിക്കുന്നുണ്ട്..!അമ്മയോടും അനിയനോടും സംസാരിക്കുന്നു..അവളെ കണ്ടതും പരിചിത ഭാവത്തിൽ അവൻ ചിരിച്ചു..
“ഇവിടെ അടുത്ത് വരെ വരേണ്ട ആവശ്യം ഉണ്ടായിരുന്നു…അപ്പോൾ ഇവനെ ഒന്ന് കണ്ടിട്ട് പോകാമെന്നു കരുതി..”
അത് കള്ളമാണെന്ന് തനൂജക്ക് മനസിലായി…
ജയകൃഷ്ണൻ മെല്ലെ എണീറ്റു. അമ്മയോടും അനിയനോടും പോട്ടെ എന്ന അർത്ഥത്തിൽ തലയാട്ടിയ ശേഷം പുറത്തേക്ക് നടന്നു…പിന്നാലെ അവളും
“വന്നതിന് താങ്ക്സ് പറയണം എന്നുണ്ട്..പക്ഷേ നന്ദി പറച്ചിൽ ഇഷ്ടമില്ലാത്ത ആളല്ലേ?”
“ങാ..പറയണ്ട “
“ഇന്ന് ജോലി ഇല്ലേ? “
“ഉണ്ട്. പോയില്ല..എന്നും പണിക്ക് പോയിട്ട് എന്തിനാ?”
“ചേട്ടന്റെ കുടുംബമൊക്കെ?? ഒന്നും പറഞ്ഞില്ല?”
“താൻ ചോദിച്ചുമില്ലല്ലോ? എനിക്ക് അങ്ങനെ പറയത്തക്ക ആരുമില്ല…അമ്മയും അച്ഛനുമൊക്കെ മരിച്ചു പോയി..ഒരു ചേച്ചിയുണ്ട്…ഡൽഹിയിൽ കുടുംബമായി കഴിയുന്നു…”
“അപ്പൊ തനിച്ചാണോ??കല്യാണം???”
“എനിക്ക് പ്രായപൂർത്തി ആയില്ല…”
അവൾ ചിരിച്ചു…എന്ത് ഭംഗിയാണ് ആ ചിരിക്ക് എന്ന് അവൻ ഓർത്തു….
“ഒരു പ്രണയം ഉണ്ടായിരുന്നു…അസ്ഥിക്ക് പിടിച്ചത്…ഒടുവിൽ അവൾ പോയി..ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ കട്ട തേപ്പ്…കുറേ നാൾ നിരാശകാമുകന്റെ വേഷം കെട്ടി നടന്നു..പിന്നെ ആ ചിന്ത വന്നില്ല…അഞ്ചു സെൻറ് സ്ഥലത്ത് ഒരു ചെറിയ വീടും വച്ചു സന്തോഷത്തോടെ ജീവിക്കുന്നു…ഇത്രേ ഉള്ളൂ എന്റെ ലൈഫ് സ്റ്റോറി “
മുണ്ട് മടക്കി കുത്തി അവൻ അവളെ നോക്കി..
“ഞാൻ പോട്ടെ, വേറെ കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്…പിന്നെ, അമ്മയോട് ഇന്നലെ നടന്നതൊന്നും പറഞ്ഞിട്ടില്ല…താനായിട്ട് ഒന്നും പറയാൻ നിൽക്കണ്ട…പിന്നീടെപ്പോഴെങ്കിലും അറിയിച്ചാൽ മതി. വെറുതെ ആ പാവത്തിനെ എന്തിനാ വിഷമിപ്പിക്കുന്നത്?”
അവൾ തലയാട്ടി..
“ഞാൻ ഡോക്ടറോട് സംസാരിച്ചിരുന്നു..അനിയന്റെ സ്കാനിംഗ് റിപ്പോർട്ട് പരിശോധിച്ചു..കുഴപ്പം ഒന്നുമില്ല..നാളെ വീട്ടിൽ പോകാൻ പറ്റും..”
അതിനും അവൾ തലയാട്ടി…
“തല അധികം ആട്ടണ്ട..ചിലപ്പോൾ ഊരി താഴെ പോകും..”
അവൾ പൊട്ടിച്ചിരിച്ചു….
അതൊരു സൗഹൃദത്തിന്റെ തുടക്കം ആയിരുന്നു….
പ്രായവ്യത്യാസം ഉള്ള രണ്ടുപേർ തമ്മിലുള്ള അനിർവചനീയമായ ഹൃദയബന്ധം…പരസ്പരം എല്ലാം തുറന്നു പറഞ്ഞു തുടങ്ങി…സങ്കടങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും എല്ലാം….
“തനൂ…ഞാൻ നാളെ ഒന്ന് ചെന്നൈ വരെ പോകും..”
“അയ്യോ എന്തിനാ? “
“ഒരു ഓട്ടം കിട്ടിയിട്ടുണ്ട്..ആ വണ്ടിയുടെ ഡ്രൈവർക് സുഖമില്ല..അവനു പകരം ഞാൻ പോകും..ഇച്ചിരി കാശ് കിട്ടുന്ന ഏർപ്പാടാ…”
“ഭാര്യയും മക്കളുമൊന്നുമില്ലാത്ത ഇയാൾക്കെന്തിനാ കാശ്??നാട്ടിൽ രണ്ടോ മൂന്നോ ദിവസം പണിയെടുത്താൽ പോരെ?”
“നിന്നെ കെട്ടിക്കാൻ ഒരുപാട് കാശു വേണ്ടേ??”
“അങ്ങനാണേൽ പോയി വാ “
“വരുമ്പോൾ നിനക്ക് എന്തെങ്കിലും കൊണ്ടു വരണോ?”
“ഒരു തമിഴത്തിയെ കൊണ്ടു വാ..ഞാൻ കല്യാണം നടത്തി തരാം “..
“നിനക്ക് ഒരു തമിഴനേം കൊണ്ടു വരാം…പോരെ..”
“പോടാ..”
അങ്ങനെ അബദ്ധത്തിൽ വിളിച്ചു പോയതാണ്…
“സോറി “
“എന്തിനാടീ..”
“പോടാന്നു വിളിച്ചതിനു..”
“എന്ത് വിളിച്ചെന്നു?”
“പോടാന്ന് “
“എന്ത്? കേട്ടില്ല..”
“പോടാ, പോടാ, പോടാ…ഇപ്പോ കേട്ടോ?”
“കേട്ടു..സന്തോഷമായി..ഞാൻ പോയിട്ട് വരാം…”
സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾ കടന്നു പോയിക്കൊണ്ടിരുന്നു..
ഒരു ദിവസം അവൾ ജയകൃഷ്ണനെ വിളിച്ചു…
“ജയേട്ടാ..ഒരു കാര്യം പറയാനുണ്ട്.”
“എന്താടീ…”
“നേരിൽ കാണാൻ പറ്റുമോ?”
“നീ നേരെ ബീച്ചിലോട്ട് വാ. എനിക്ക് അവിടെ ഒരുലോഡ് ചെങ്കല്ല് ഇറക്കാനുണ്ട്…ഞാനവിടുണ്ടാവും..”
തനൂജ ഒരു ഓട്ടോ പിടിച്ചു ബീച്ച്ലേക്ക് പോയി…അവിടെ പുതുതായി ഒരു പാർക്കിന്റെ പണി നടക്കുന്നുണ്ട്…നിർതിയിട്ട ലോറിയിൽ നിന്ന് കുറച്ച് പേർ ചെങ്കല്ല് ഇറക്കുന്നു…അവളെ കണ്ടതും കൈ കാണിച്ചു കൊണ്ട് ജയകൃഷ്ണൻ അടുത്ത് വന്നു..മണ്ണും ചളിയും നിറഞ്ഞ കൈലിയും ഷർട്ടുമാണ് വേഷം…തലയിൽ ഒരു തോർത്ത് കെട്ടിയിട്ടുണ്ട്..അതും നിറയെ മണ്ണ്….
അവൾ അവന്റെ കൈയിൽ പിടിച്ചു അടുത്തുള്ള സിമന്റ് ബെഞ്ചിന്റെ അടുത്തേക്ക് നടന്നു.
“ബാ, അവിടിരിക്കാം..”
“വിട് കുരിപ്പേ…ദേഹം അപ്പടി അഴുക്കാ..നിന്റെ കൈ ചീത്തയാകും…”
“ഓ, സാരമില്ല..ഇങ്ങു വാ..”
അവർ അവിടിരുന്നു….അവൾ കടലിലേക് നോക്കി..കുറേ സമയം അങ്ങനെ കടന്നു പോയി..
“എടീ മുപ്പത്തി എട്ട്..അതോ മുപ്പത്തി ഒൻപതോ?”
“എന്ത്?”
“തിര…ഞാൻ എണ്ണിയത് തെറ്റിയോ?”
“ജയേട്ടാ കളിക്കല്ലേ?”
“അല്ല പിന്നെ… നീ കാര്യം പറ കൊച്ചേ..”
“ഇതൊക്കെ ടൈം എടുത്തേ പറയാൻ പറ്റൂ..സിനിമയിലൊക്കെ അങ്ങനാ…”
“എന്നാൽ അനു സിതാര പറ…താങ്കളുടെ പ്രശ്നം എന്താ?”
“ജയേട്ടാ എന്റെ കൂടെ ഫാർമസിയിൽ ജോലി ചെയ്യുന്ന പ്രതീഷ് ഇല്ലേ?”
“ആ…ആ ചുള്ളൻ ചെക്കൻ…നിന്നെ ഇടം കണ്ണിട്ട് നോക്കാറുണ്ടെന്ന് പറഞ്ഞ ലവനോ??”
“അതേ അവൻ തന്നെ…”
“അവനെന്തു പറ്റി..”?
“അവനിന്നെന്നെ പ്രപ്പോസ് ചെയ്തു..”
“ആണോ…അവനു ജീവിതം മടുത്തു കാണും..”
“ജയേട്ടാ…തമാശ കള..പ്ലീസ് “
“സോറി…”
“ഞാനെന്താ ചെയ്യാ??”
“നീ അവനോട് എന്താ പറഞ്ഞെ?”
“ഞാനൊന്നും മിണ്ടിയില്ല…എസ്കേപ്പ് ആയി “
“നിനക്ക് ഇഷ്ടമാണോ?”
“അങ്ങനെ ചോദിച്ചാൽ… “
“അങ്ങനെ ചോദിച്ചാൽ ഉത്തരം പറയണം…”
“ഇഷ്ടക്കേടൊന്നും ഇല്ല…പാവം ആണ്..എല്ലാരോടും നല്ല പെരുമാറ്റം..ദുഃശീലം ഒന്നും ഇല്ല…”
“ദുഷ്ശീലങ്ങൾ ഉള്ളവരെല്ലാം ദുഷ്ടന്മാരൊന്നും അല്ല…നല്ലപെരുമാറ്റം ഉള്ളവരൊന്നും നല്ലവരും ആകണമെന്നില്ല..”
“ഓ…മാഷ് ക്ലാസ്സെടുക്കുന്നത് വിട്ടിട്ട്, ഞാനെന്തു ചെയ്യണം എന്ന് പറ “?
“ഞാനെന്തു പറയാനാടീ…നിനക്ക് ഇഷ്ടമാണെങ്കിൽ ഇഷ്ടമാണെന്നു പറ, അല്ലെങ്കിൽ അല്ലാന്നു…ഇതിൽ ഇത്ര ആലോചിക്കാനെന്തിരിക്കുന്നു?”
“ജയേട്ടന് ഇഷ്ടക്കേടൊന്നും ഇല്ലല്ലോ”
“ഞാനാണോ അവന്റെ കൂടെ ജീവിക്കേണ്ടത്?”
“നിങ്ങളോട് ചോദിച്ച എന്നെ വേണം തല്ലാൻ..”
“ങാ..രണ്ടു തല്ലിന്റെ കുറവ് നിനക്കുണ്ട്..”
അവൾ കെറുവിച്ച് നിന്നു…
“തനൂ..”
അവൾ ഒന്നും മിണ്ടിയില്ല..
“എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല മോളൂ..നിന്റെ സന്തോഷം ആണ് എനിക്ക് വലുത്…സൂക്ഷിക്കണം..അമ്മയ്ക്കും അനിയനും നീ മാത്രമേ ഉള്ളൂ…ഇന്നത്തെ കാലം അത്ര നല്ലതൊന്നും അല്ല. ആരെയും അമിതമായി വിശ്വസിക്കരുത്…നാളെ നീ ദുഃഖിക്കുന്നത് കാണാൻ എനിക്ക് താല്പര്യം ഇല്ല.”
അവൾ ഒന്നും മിണ്ടിയില്ല…
“നീ പൊയ്ക്കോ വീട്ടിൽ എത്താൻ വൈകണ്ട..”
അവൾ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു…
അവർക്കിടയിലേക്ക് അങ്ങനെ പ്രതീഷ് കടന്നു വന്നു…തനൂജ സന്തോഷവതി ആയിരുന്നു..എന്നും വിളിക്കുമ്പോഴും നേരിൽ കാണുമ്പോഴും അവരുടെ പ്രണയത്തെ പറ്റി അവൾ ജയകൃഷ്ണനോട് പറയും…സന്തോഷത്തോടെയും അതീവ താല്പര്യത്തോടെയും കേട്ടിരിക്കും…അവരുടെ സൗഹൃദം നിറം മങ്ങാതെ തുടർന്നു…..
കുറച്ചു ദിവസമായി തനൂജയുടെ ഫോൺ കാൾ വന്നിട്ട്…ജയകൃഷ്ണന് പരിഭ്രമം തോന്നി…ജോലിതിരക്ക് കാരണം ഒരു ദിവസം അവൾ ഫോൺ വിളിച്ചപ്പോൾ എടുത്തില്ല…25 missed കാൾ ഉണ്ടായിരുന്നു. തിരിച്ച് വിളിച്ചപ്പോൾ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല..പിണങ്ങിയായിരിക്കും എന്ന് കരുതി…പിണക്കം മാറുമ്പോൾ തിരിച്ച് വിളിക്കുമെന്ന് വിചാരിച് കാത്ത് നിന്നു…ഇന്നേക്ക് 6 ദിവസം ആയി..ഇത്രയും നാളൊന്നും മിണ്ടാതിരുന്നിട്ടില്ല…ജയകൃഷ്ണൻ അവളുടെ വീട്ടിലേക്ക് പോയി..
നടവഴി കയറുമ്പോൾ അവളുടെ അമ്മ താഴേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു…
“ആരിത്?ജയകൃഷ്ണനോ..? കുറേ ആയല്ലോ കണ്ടിട്ട്?”
“തനൂജ ഇല്ലേ?”
“അവൾക്കു സുഖമില്ല, നല്ല പനി…കിടക്കുകയാ..”
“അയ്യോ, ഹോസ്പിറ്റലിൽ പോയില്ലേ?”
“എത്ര തവണ പറഞ്ഞു..അവൾ കേൾക്കണ്ടേ? മോൻ പോയി ഒന്ന് പറ..ഞാനിപ്പോൾ വരാം റേഷൻകടയിൽ പോകാനിറങ്ങിയതാ…”
ജയകൃഷ്ണൻ അവളുടെ മുറ്റത്തു എത്തി..അവളുടെ അനിയൻ വരാന്തയിലിരുന്ന് എന്തോ വായിക്കുന്നുണ്ട്…ജയകൃഷ്ണനെ കണ്ടതും അവൻ സന്തോഷത്തോടെ എഴുന്നേറ്റു..കൈയിൽ ഇരുന്ന ചോക്ലേറ്റ് ബോക്സ് അവനു കൊടുത്ത് ജയകൃഷ്ണൻ ചോദിച്ചു,
“ചേച്ചി എവിടെ കണ്ണാ?”
“അകത്തു കിടക്കുവാ”…അവൻ കൈ ചൂണ്ടി..
ജയകൃഷ്ണൻ അകത്തേക്കു നടന്നു. കട്ടിളപ്പടിയിൽ മുട്ടാതിരിക്കാൻ തല കുനിച്ചു അവളുടെ മുറിയിൽ കയറി..തല മുതൽ പാദം വരെ പുതച്ചു കിടക്കുകയാണ് അവൾ…താൻ വന്നത് അറിഞ്ഞിട്ടില്ല..മെല്ലെ അടുത്തിരുന്ന് മൃദുവായി വിളിച്ചു….
“തനൂ “
അവൾ ഒന്ന് ഞെട്ടി…മുഖത്തെ പുതപ്പ് മാറ്റി..ജയകൃഷ്ണനെ കണ്ടതും ചാടിഎണീറ്റ് അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…
“എന്താടീ…നിനക്കെന്തു പറ്റി..”
“എന്നോട് ക്ഷമിക്കണം ജയേട്ടാ….”
“നീ കാര്യം പറയെടീ…”
“ആരെയും അമിതമായി വിശ്വസിക്കരുതെന്നു ജയേട്ടൻ പറഞ്ഞിട്ട് ഞാൻ കേട്ടില്ല..എല്ലാം എന്റെ തെറ്റാണു…”
“നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ മോളൂ…”
“അന്ന് പ്രതീഷിന്റെ ചേട്ടന്റെ വീട് പാല് കാച്ചൽ ചടങ്ങിന് പോകാൻ എന്നെ വിളിച്ചു…ഞാൻ പോയി..കൂടെ ഫാർമസിയിലെ മഞ്ജു ചേച്ചിയും അടുത്ത ഷോപ്പിലെ സ്റ്റാഫുകളുമൊക്കെ ഉണ്ടായിരുന്നു…അവിടുന്ന് എന്നോട് അവന്റെ വീട് കാണിച്ചു തരാം എന്ന് പറഞ്ഞു…നാളെ നീ കയറി വരേണ്ട വീടല്ലേ ഒന്ന് കണ്ടോ എന്ന് പറഞ്ഞു….എനിക്ക് പേടി ആയിരുന്നു…എന്ത് ചെയ്യണം എന്ന് ചോദിക്കാനാ ജയേട്ടനെ വിളിച്ചേ…25 തവണ വിളിച്ചിട്ടും ജയേട്ടൻ ഫോൺ എടുത്തില്ല…അവസാനം മനസ്സില്ലാ മനസോടെ പോയി…
വീട്ടിൽ ആരും ഉണ്ടായിരുന്നില്ല..അവൻ കുറേ അപേക്ഷിച്ചപ്പോൾ, സ്നേഹത്തോടെ കെഞ്ചിയപ്പോൾ, അറിയാതെ ഞാനും തെറ്റു ചെയ്യാൻ സമ്മതിച്ചു…എന്തായാലും എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ, പോരാഞ്ഞിട്ട് അവന്റെ സ്വന്തം വീടും..അതോണ്ടാ ഞാൻ…എല്ലാം നഷ്ടപ്പെട്ടു…..””
അവൾ എങ്ങലടിച്ചു കരഞ്ഞു..ജയകൃഷ്ണൻ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു..
“സാരമില്ല പോട്ടെ..എത്രയും പെട്ടെന്ന് കല്യാണത്തിനുള്ള ഏർപ്പാട് ഞാൻ നോക്കാം…”
“അത് നടക്കില്ല ജയേട്ടാ..അവന്റെ കുടുംബത്തിൽ തന്നെയുള്ള ഒരു കുട്ടിയുമായി നേരത്തെ പറഞ്ഞുറപ്പിച്ചിട്ടുണ്ടത്രേ..അവന്റെ കസിൻ സിസ്റ്റർ എന്നോട് പറഞ്ഞു…”
“നീ അവനോട് ചോദിച്ചില്ലേ?”
“ചോദിച്ചു…എന്നോട് അത്രക്ക് ഇഷ്ടമാണ്..പക്ഷേ അച്ഛനെ ധിക്കരിച്ചു ഒന്നും ചെയ്യാൻ പറ്റില്ലെന്നാ പറയുന്നേ…ഞാൻ നശിച്ചു ജയേട്ടാ…അന്ന് ജയേട്ടൻ ഫോൺ എടുത്തിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു…”
അവളുടെ കാൾ എടുക്കാതിരുന്ന നിമിഷത്തെ ജയകൃഷ്ണൻ ശപിച്ചു..മെല്ലെ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കോരിയെടുത്തു…
“തനൂ.. ഇങ്ങോട്ട് നോക്ക്…”
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി..
“കരയണ്ട…കഴിഞ്ഞത് കഴിഞ്ഞു.. ഇനി അടുത്ത് എന്താണെന്നു നോക്കാം…നീ ഒച്ചവച്ചു അമ്മയെ അറിയിക്കേണ്ട…”
“ഞാൻ മരിച്ചോട്ടെ ജയേട്ടാ…എനിക്ക് നിങ്ങളെയൊക്കെ നേരിടാൻ പറ്റുന്നില്ല..”
അവൻ വേദനിപ്പിക്കാതെ അവളുടെ കവിളിൽ ഒരു അടി അടിച്ചു…
“അനാവശ്യം പറഞ്ഞാൽ അടിച്ചു പല്ല് കൊഴിക്കും ഞാൻ….നീ എനിക്ക് രണ്ടു ദിവസത്തെ സമയം താ..എന്ത് ചെയ്യാൻ പറ്റുമെന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ…മനസ്സിൽ വേണ്ടാത്തതൊന്നും ചിന്തിക്കരുത്..ഞാനില്ലേ നിനക്ക്….”
അവളെ ആശ്വസിപ്പിച്ച് അവൻ പുറത്തിറങ്ങി..അമ്മ അരി സഞ്ചിയും തൂക്കി വരുന്നുണ്ടായിരുന്നു..
“അവളെന്തു പറഞ്ഞു മോനേ…ഹോസ്പിറ്റലിൽ പോകുമോ?”
“പേടിക്കണ്ട…മരുന്ന് കഴിച്ചിട്ടുണ്ട്..നാളെ കുറവില്ലെങ്കിൽ ഞാൻ കൂട്ടി പൊയ്ക്കോളാം…”
അമ്മ തലയാട്ടി…ജയകൃഷ്ണൻ റോഡിലേക്ക് നടന്നു…
ഫാർമസിയിൽ നല്ല തിരക്കുണ്ട്…ഒരു സ്റ്റൂളിന്റെ മുകളിൽ കയറി നിന്ന് ഏതോ മരുന്നെടുക്കുന്ന പ്രതീഷിനെ ജയകൃഷ്ണൻ കണ്ടു..
“പ്രതീഷ്..” അവൻ വിളിച്ചു
ജയകൃഷ്ണനെ കണ്ടപ്പോൾ പ്രതീഷിന്റെ മുഖം വിളറി വെളുത്തു…നേരത്തെ അറിയാം…തനൂജയെ കാണാൻ പലതവണ ജയകൃഷ്ണൻ വന്നിട്ടുണ്ട്…
“ഒരു മിനുട്ട് ഒരു കാര്യം പറയാനുണ്ട്…”
“ഇവിടെ തിരക്കാണ് “
“ഈ തിരക്കും കടയും നീയും ബാക്കി ഉണ്ടാവണമെങ്കിൽ ഇപ്പൊ വന്നോ…നിന്നോട് ഇനി കെഞ്ചില്ല….”
കസ്റ്റമേഴ്സും സ്റ്റാഫും പരിഭ്രമത്തോടെ ജയകൃഷ്ണനെ നോക്കി..ആ മുഖത്തു ഭയപ്പെടുത്തുന്ന ഒരു രൗദ്രത നിറഞ്ഞിരുന്നു…പ്രതീഷ് മെല്ലെ പുറത്തിറങ്ങി…
ജയകൃഷ്ണൻ അവന്റെ തോളിൽ കയ്യിട്ടു ഫാർമസിയുടെ അരികിലൂടെ ഉള്ള ഗോവണി കയറി..അതിന് മുകളിലത്തെ നില പഴയൊരു ലോഡ്ജ് ആയിരുന്നു..ഇപ്പോൾ നിലവിലില്ല…ആ ബിൽഡിങ്ങിലെ എല്ലാ കടയിലെയും പഴയ സാധനങ്ങൾ സൂക്ഷിക്കുന്ന ഒരിടം മാത്രമാണ് ഇപ്പോൾ അവിടം..പടികളിൽ നിറയെ സിഗരറ്റ് കുറ്റികൾ…മുകളിൽ എത്തിയ ശേഷം ജയകൃഷ്ണൻ ചുറ്റും നോക്കി..ആരുമില്ല..അവൻ പ്രതീഷിനെ ചുമരിൽ ചാരി നിർത്തി.. കണ്ണുകളിലേക്ക് നോക്കി..
“ഞാൻ വന്ന കാര്യം മനസ്സിലായല്ലോ…ഒറ്റ ചോദ്യമേ ഉള്ളൂ…എന്താണ് നിന്റെ പ്ലാൻ?”
“എന്നോട് ക്ഷമിക്കണം…തെറ്റ് പറ്റിപ്പോയി..”
“ഡാ ചെറുക്കാ…സിനിമാ ഡയലോഗ് കേൾക്കാനുള്ള ക്ഷമ എനിക്കില്ല…ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം മാത്രം പറ..നിനക്ക് തനൂജയെ വിവാഹം കഴിക്കാൻ പറ്റുമോ?”
“എന്നോട് ക്ഷമിക്ക് ചേട്ടാ…എന്റെ വീട്ടുകാർ അറിഞ്ഞാൽ കൊല്ലും….” അവൻ കരയാൻ തുടങ്ങി..
ജയകൃഷ്ണൻ അവനെ ചുമരിനോട് ചേർത്ത് ഞെരിച്ചു…
“പ ട്ടീടെ മോനേ…അവളെ കൂടെ കിടക്കാൻ വിളിച്ചപ്പോൾ നിനക്ക് വീട്ടുകാരെ ഓർമ ഉണ്ടായിരുന്നില്ലേ?”
ശ്വാസം മുട്ടി പ്രതീഷ് ചുമയ്ക്കാൻ തുടങ്ങി…ജയകൃഷ്ണൻ പിടി വിട്ടു.
“എടാ…ഒരു പെണ്ണ് നിന്റെയൊക്കെ ആഗ്രഹങ്ങൾക് സമ്മതിച്ചു തരുന്നത് അവൾക്കു വികാരം അടക്കാൻ പറ്റാഞ്ഞിട്ടല്ല…നിന്നോടൊക്കെയുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ്…അതൊക്കെ മനസ്സിലാവണമെങ്കിൽ നല്ല മാതാപിതാക്കൾക് ജനിക്കണം..പെണ്ണിനെ ബഹുമാനിക്കാൻ വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്…..”
ജയകൃഷ്ണൻ മുണ്ട് മടക്കി കുത്തി..
“നാല് പേരെ അറിയിച്ചു ഒരു പോലീസ് കേസും കൊടുത്ത് നിന്നെ കൊണ്ട് അവളെ കെട്ടിക്കാൻ എനിക്ക് അറിയിഞ്ഞിട്ടല്ല..പക്ഷേ വേണ്ട..കാരണം നീ സ്നേഹിച്ചത് അവളുടെ ശരീരത്തിനെയാണ് മനസിനെ അല്ല….നിന്നെപോലുള്ള ഒരു നാറിയെ ആ പെൺകുട്ടിക്ക് വേണ്ട…അവളുടെ കൂടെ ജീവിക്കാനുള്ള യോഗ്യത നിനക്കില്ല…”
അവൻ പ്രതീഷിന്റെ മുഖത്തിന് നേരെ തന്റെ മുഖം അടുപ്പിച്ചു…
“ഇനി ഞാനോ അവളോ നിന്നെ ഒരിക്കലും കാണാൻ ഇട വരരുത്…നിന്റെ നിഴലു പോലും അവളുടെ അടുത്ത് വരാൻ പാടില്ല….അങ്ങനെ സംഭവിച്ചാൽ , നിന്നെ ഞാൻ കൊ ന്നു കളയും…വളരെ ക്രൂ രമായി…പണ്ട് അവളെ ബസിൽ വച്ചു ഒന്ന് തോണ്ടിയതിന് ഒരുത്തന്റെ മൂക്കിടിച്ചു പരത്തിയവനാ ഞാൻ..അപ്പോൾ ഇത്രയും ദ്രോഹം ചെയ്ത നിന്നെ എങ്ങനെയൊക്കെ വേദനിപ്പിച്ചു കൊ ല്ലും എന്ന് നിനക്ക് ചിന്തിക്കാൻ പോലും പറ്റില്ല..എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല…ബന്ധുക്കളോ കുടുംബക്കാരോ ഒന്നും…കൊ ല്ലുമെന്ന് പറഞ്ഞാൽ ഞാൻ കൊ ല്ലും… അവൾക്കു വേണ്ടിയാകുമ്പോൾ വളരെ സന്തോഷത്തോടെ ചെയ്യും….”
മരണത്തിന്റെ ദൂതനാണ് തന്റെ മുൻപിൽ നില്കുന്നതെന്നു പ്രതീഷിന് തോന്നി…അവന്റെ കൈകാലുകൾ വിറച്ചു…പിടി വിട്ടിട്ട് ജയകൃഷ്ണൻ നടന്നു..പെട്ടെന്ന് തിരിഞ്ഞു നിന്ന് അവനോട് ചോദിച്ചു..
“നീ അവളുടെ ഫോട്ടോയോ വീഡിയോയോ വല്ലതും എടുത്തു വച്ചിട്ടുണ്ടോ…?”
അവൻ പേടിയോടെ ഇല്ലെന്നു തലയാട്ടി..
“ഇനി അഥവാ ഉണ്ടെങ്കിൽ, നിന്നെ ഞാൻ കൊ ല്ലുന്ന വീഡിയോ ലോകം മുഴുവൻ കാണും…നിന്നെപ്പോലുള്ളവരാൽ ചതിക്കപ്പെട്ട പെൺകുട്ടികൾക്കു ഇച്ചിരിയെങ്കിലും ആശ്വാസം കിട്ടട്ടെ…”
ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ജയകൃഷ്ണൻ കൈ വീശി അവന്റെ കവിളിൽ ആഞ്ഞടിച്ചു…പടക്കം പൊട്ടുന്ന ഒച്ച അവിടെ മുഴങ്ങി. പ്രതീഷ് വട്ടം കറങ്ങി നിലത്തു വീണു…ഒരു ചുമയോടൊപ്പം കുറച്ചു ചോരയും വായിൽ നിന്നു വന്നു..
“നീ എന്റെ ജീവനാ ചവിട്ടിയരച്ചത്….ഇത്രയെങ്കിലും നിന്നോട് ചെയ്തില്ലെങ്കിൽ ഞാൻ ആണല്ലതായി പോകും…ഞാൻ പോകുന്നു…പറഞ്ഞതൊന്നും മറക്കണ്ട..താഴേക്ക് വരുമ്പോൾ വായൊക്കെ കഴുകിയിട്ടു വന്നാൽ മതി…ഇവിടെ നടന്നത് വേറാരെലും അറിഞ്ഞാലും നേരത്തെ പറഞ്ഞത് നടക്കും…”
ജയകൃഷ്ണൻ താഴേക്ക് ഇറങ്ങി..
മാസങ്ങൾ കടന്നു പോയി…
തനൂജയെ പഴയ പോലെ ആക്കുവാൻ ജയകൃഷ്ണൻ കഷ്ടപ്പെടുകയാണ്…എല്ലാവരോടും സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുമ്പോഴും അവളുടെ മനസ്സ് വിങ്ങുന്നത് അവൻ മാത്രം കണ്ടു…ചതിക്കപ്പെട്ടവരുടെ വേദന, അതനുഭവിച്ചവർക്ക് പെട്ടെന്ന് മനസിലാകും….
ഒരു ദിവസം രാവിലെ അവൻ തനൂജയെ വിളിച്ചു..
“തനൂ പെട്ടെന്ന് റെഡി ആയി നില്ക്…ഞാൻ ഇപ്പൊ വരും..ഒരിടം വരെ പോണം…”
“എവിടെക്കാ…”?
“എവിടാന്ന് അറിഞ്ഞാലേ നീ വരൂ?”
“ആ “
“എന്നാൽ റെഡി ആവണ്ട…ഇട്ടിരിക്കുന്ന ഡ്രെസ്സോടെ ഞാൻ പൊക്കിക്കോളാം..”
അവൻ ഫോൺ വച്ചു..അവൾ വേഗം കുളിച്ചു റെഡി ആയി താഴെ റോഡിലേക്ക് ഇറങ്ങി നിന്നു..കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാർ വന്നു..ജയകൃഷ്ണൻ അതിൽ നിന്നിറങ്ങി…
“പുതിയ വണ്ടിയൊക്കെ വാങ്ങിയോ?”
“പുതിയതൊന്നും അല്ലെടീ…കുറച്ച് പഴയതാ…എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ…?”
“ആ…നന്നായിട്ടുണ്ട്..”
“നീ കേറ്. നേരമില്ല…”
അവൾ കയറി..യാത്രയിലുടനീളം ജയകൃഷ്ണൻ ഓരോന്ന് സംസാരിച്ചു..രാഷ്ട്രീയം, സിനിമ, സംഗീതം, എല്ലാത്തിനെയും പറ്റി….മൂളി കേൾക്കുന്നതല്ലാതെ അവള് പ്രതികരിച്ചില്ല…മനസ്സ് വേറെവിടെയോ ആണ്….
ഒരു മണിക്കൂറോളം ഓടിയ ശേഷം ഒരു ഒറ്റ നില വീടിന്റെ മുൻപിൽ കാർ നിന്നു..
“ഇറങ്ങിക്കോ…ഇതാണെന്റെ കൊട്ടാരം…”
അവൾ അമ്പരപ്പോടെ ഇറങ്ങി. ഇത്ര കാലമായിട്ടും അവളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നില്ല…ആണൊരുത്തൻ തനിയെ താമസിക്കുന്നിടത്തേക്ക് നിന്നെ കൊണ്ടു പോയാൽ നാട്ടുകാർ വേണ്ടാത്തത് പറയും എന്നായിരുന്നു എപ്പോഴും പറയാറുള്ളത്…
ജയകൃഷ്ണൻ വാതിൽ തുറന്ന് അവളെ അകത്തേക്ക് വിളിച്ചു…ഒതുക്കമുള്ള വീട്.. രണ്ടു മുറികളും അടുക്കളയും..പൂജമുറിയോ ദൈവങ്ങളുടെ ഫോട്ടോയോ ഒന്നും ഇല്ല..പകരം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ….ജയകൃഷ്ണന്റെ അച്ഛന്റെയും അമ്മയുടെയും ആണ്…
ഒരു തീപ്പെട്ടി എടുത്ത് അവളുടെ കൈയിൽ കൊടുത്ത് കൊണ്ട് അവൻ ചോദിച്ചു…
“വീട് ഇഷ്ടപ്പെട്ടോ?”
“നല്ല വീട്…”
“നീ അച്ഛന്റേം അമ്മയുടെയും മുൻപിലെ വിളക്ക് ഒന്ന് കത്തിക്ക്….”
അവൾ ഒന്നും മിണ്ടാതെ വിളക്ക് കൊളുത്തി..അവൻ ആ ഫോട്ടോയിലേക്ക് നോക്കി നിന്നു കൊണ്ട് പറഞ്ഞു..
“നന്നേ ചെറുപ്പത്തിൽ എന്നെ ഒറ്റക്ക് ആക്കി ഇവര് പോയി…പിന്നങ്ങോട്ട് ജീവിതം ഒരു പോരാട്ടമായിരുന്നു..എല്ലാം ഒറ്റക്ക്…സ്നേഹിക്കാൻ ഒരു പെണ്ണിനെ കിട്ടിയപ്പോൾ ഞാൻ ഒത്തിരി സന്തോഷിച്ചു…അവസാനം അവളും എന്നെ തനിച്ചാക്കി പോയി…പിന്നെയും വർഷങ്ങൾ തനിയെ…അന്നൊന്നും എനിക്ക് സങ്കടം തോന്നിയില്ല…പിന്നെയാണ് നീ വന്നത്…നീ കൂടെയുള്ളപ്പോൾ ഞാൻ പൂർണമായും സന്തോഷവാനായിരുന്നു. ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു…നിന്റെ അമ്മയെയും അനിയനെയും ഞാൻ എന്റെ കുടുംബമായി കണ്ടു…നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നപ്പോഴാ ഇതൊക്കെ സംഭവിച്ചത്…എനിക്ക് ആ പഴയ നിന്നെ തിരിച്ച് വേണം…അതിനായാണ് ഇത്രയും നാൾ കഷ്ടപ്പെട്ടത്..എന്നാൽ ഇന്നും നീ കഴിഞ്ഞതൊക്കെ ആലോചിച്ചു സ്വയം വേദനിപ്പിക്കുകയാണ്…ഒരു പാട് ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തി..അതു നിന്നോട് പറയാനാ ഇവിടെ കൂട്ടി വന്നത്….”
ഒന്ന് നിർത്തിയ ശേഷം അവൻ തുടർന്നു..
“ഈ വിളക്ക് എന്നും നിനക്ക് കൊളുത്താൻ പറ്റുമോ?”
അവൾ ഞെട്ടലോടെ അവനെ നോക്കി..അവൻ ഫോട്ടോയിൽ തന്നെ നോക്കി നില്കുകയാ….
“എന്താ ജയേട്ടൻ പറഞ്ഞത്?”
“ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ എന്ന്.?”
അവൾ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പിന്നോട്ട് നടന്നു..കണ്ണുകൾ നിറഞ്ഞൊഴുകി…
“വേണ്ട ജയേട്ടാ…”
അവൻ അവളുടെ നേരെ കൈ നീട്ടി. അവൾ തട്ടി മാറ്റി…. അവൻ ബലമായി അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു…അവൾ കുതറി…നഖങ്ങൾ അവന്റെ ശരീരത്തിലേക്ക് ആഴ്ത്തി..ചോര പൊടിഞ്ഞിട്ടും അവൻ വിട്ടില്ല..അവളെ ചേർത്തു പിടിച്ചു..കുറച്ചു നേരത്തെ ചെറുത്ത് നിൽപ്പിന് ശേഷം അവൾ വിതുമ്പിക്കരച്ചിലോടെ അവനെ ചുറ്റിപ്പിടിച്ചു..
“അതു ശരിയാവില്ല ജയേട്ടാ..”
“എനിക്കും അറിയാം..14 വയസ് പ്രായവ്യത്യാസം ഉണ്ട് നമ്മൾ തമ്മിൽ…പോരാഞ്ഞിട്ട് എനിക്ക് സൗന്ദര്യവും ഇല്ല..”
അവൾ കൈ വിടുവിച്ചു അവന്റെ താടി പിടിച്ചുയർത്തി…
“അതാണോ ജയേട്ടൻ എന്നെ പറ്റി കരുതിയിരിക്കുന്നെ…? ഞാൻ ന ശിച്ചവളാണ്…വേറൊരുത്തൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞവൾ..ആ ഞാനൊരിക്കലും നിങ്ങളെപ്പോലുള്ള ഒരാൾക്കു ചേരില്ല…”
ജയകൃഷ്ണൻ അവളുടെ വായ പൊത്തി..
“നിന്നോടുള്ള സഹതാപം കൊണ്ടൊന്നുമല്ല ഞാൻ ഇതിനു തീരുമാനിച്ചത്. ശരിക്കും ഇഷ്ടമാണ്…സ്വന്തമാക്കണം എന്ന് ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല…നീ സന്തോഷവതിയായി ഇരിക്കണം…അത്രയെ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ…പിന്നെ നശിച്ചു എന്നത്…എടീ പൊട്ടീ…ആണിന് ഒന്നും നഷ്ടപ്പെടാൻ ഇല്ലെങ്കിൽ പെണ്ണിനും ഒന്നും ഇല്ല…ചാരിത്ര്യം…തേങ്ങാക്കൊല!!! അതൊക്കെ വല്ല സിനിമയിലും മാത്രം…നീ നശിച്ചവളാണെന്ന ചിന്ത ആദ്യം മാറ്റ്…നഷ്ടം നിനക്കല്ല, അവനാണ്…നിന്നെപ്പോലെ ഒരു ദേവതയെ അവനു വിധിച്ചിട്ടില്ല…”
“എന്നാലും…”
“ഒരു എന്നാലുമില്ല…നീ പേടിക്കണ്ട..നിന്നെ ഇന്ന് തന്നെ കെട്ടി ഭാര്യയാക്കാനൊന്നും ഞാൻ പോകുന്നില്ല…എപ്പോ നിന്റെ മനസ്സ് അതിന് തയ്യാറെടുക്കുന്നോ അന്ന് മാത്രം…അതു വരെ പണ്ട് എങ്ങനെയായിരുന്നോ അതേ പോലെ തന്നെ ഞാൻ കൂടെ ഉണ്ടാവും…”
അവൻ അവളുടെ കണ്ണുകൾ തുടച്ചു..
“നിന്റെ അമ്മയോട് ഞാൻ ഇക്കാര്യം സംസാരിച്ചു…അവർക്ക് ഇഷ്ടക്കേടൊന്നും ഇല്ല എന്ന് പറഞ്ഞു “
“എപ്പോ…?”
“അതൊക്കെ പറഞ്ഞു ..”
തനൂജ അവനെ തന്നെ നോക്കി നിന്നു….പണ്ട് പോലിസ് സ്റ്റേഷനിൽ നിന്നും കൂട്ടി ചായ വാങ്ങിച്ചു തന്നപ്പോൾ കണ്ട അതേ മുഖം….കരുതലും സ്നേഹവും നിറഞ്ഞു നിൽക്കുന്ന ഒരു പുരുഷന്റെ മുഖം…
“എന്താടീ നോക്കുന്നെ?”
“ദേ മീശയിൽ ഒന്ന് നരച്ചിരിക്കുന്നു..”
“പ്രായമായി വരികയല്ലേ..”
അവൾ ആ വെള്ളരോമം പിടിച്ചു വലിച്ചു…അവനു നല്ല വേദന എടുത്തു…
“ആഹ്…നീ എന്ത് ജന്മമാടീ കുരങ്ങേ…”
കുറച്ചു നേരം അവിടെ ഇരുന്ന ശേഷം പുറത്തിറങ്ങി…ജയകൃഷ്ണൻ ആരുടെയോ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിക്ക് വച്ചു…താക്കോൽ അവളുടെ കൈയിൽ കൊടുത്ത് വീട് പൂട്ടാൻ ആംഗ്യം കാണിച്ചു…അവൾ പൂട്ടി ഇറങ്ങിയപ്പോൾ അവൻ ഫോൺ വച്ചു കഴിഞ്ഞിരുന്നു…
കാർ സ്റ്റാർട്ട് ചെയ്ത് അവൻ ചോദിച്ചു..
“പോകാം “?
“ആ വേഗം..അമ്മ വിഷമിക്കും…”
“അമ്മയും അനിയനും ടൗണിലേക്ക് വരും..നമ്മൾ എല്ലാരും ഒരിടം വരെ പോകുന്നു…”
“എവിടേക്ക്?”
“അതു സർപ്രൈസ് “…
“പറ ജയേട്ടാ…പ്ലീസ്..”
അവൾ കെഞ്ചി
“കൊല്ലൂർ മൂകാംബിക ക്ഷേത്രം…അവിടുന്ന് കുടജാദ്രി….ചെറുപ്പം മുതൽ ഉള്ള ആഗ്രഹമാണ്…ഒറ്റക്ക് പോകാൻ താല്പര്യം ഇല്ലായിരുന്നു….ഇന്ന് ഒരു കുടുംബം ഉണ്ടല്ലോ…പോയി വരാം…”
അവൾ ഒന്നും മിണ്ടാതെ അവന്റെ കൈയിലേക്ക് മുഖം ചേർത്തു….കാർ മെല്ലെ നീങ്ങി തുടങ്ങി….ഒരു പുതിയ ജീവിതത്തിലേക്കുള്ള യാത്ര…..
End.