എഴുത്ത്: കർണൻ സൂര്യപുത്രൻ
============
“കൃഷ്ണേട്ടാ, നജീബ് ഇല്ലേ?”
ഹോട്ടലിന്റെ അകത്തു കയറി ഞാൻ ചോദിച്ചു..
കൗണ്ടറിൽ ഇരുന്ന കൃഷ്ണേട്ടൻ എന്നെ കണ്ട് അമ്പരന്നു…
“ഇതാര്, പ്രവീണോ??നീയെപ്പോ വന്നു?..കഴിഞ്ഞ ആഴ്ച നിന്റെ അച്ഛനെ കണ്ടിരുന്നതാ…ഒന്നും പറഞ്ഞില്ല?”
“രണ്ട് ദിവസമായി കൃഷ്ണേട്ടാ…അമ്പലത്തിൽ ഉത്സവം അല്ലേ..?..”
“നീയിപ്പോ കുവൈറ്റിൽ അല്ലേ?”
“അതെ..”
“എന്താ ജോലി?”
“അവനവിടെ ഹോട്ടലു നടത്തുന്നു…അൽ കൃഷ്ണവിലാസം ടീ സ്റ്റാൾ..നിങ്ങക്ക് എന്തൊക്കെയാ അറിയേണ്ടത് മൂപ്പീന്നേ….” അടുക്കളയിൽ നിന്നും കൈയും തുടച്ചു കൊണ്ട് ഇറങ്ങി വന്ന നജീബ് പറഞ്ഞു…
“ഇനി അടുത്ത ചോദ്യം കുറേ ലീവ് ഉണ്ടോ?എപ്പോഴാ തിരിച്ച് പോകുന്നെ എന്നായിരിക്കും…”
“പ്രവീണേ, നീ ഇവന്റെ കൂടെ അധികം നടക്കണ്ട കേട്ടോ..ഇവനാള് ശരിയല്ല….” കൃഷ്ണേട്ടൻ കെറുവിച്ചു…
“അയ്യോടാ…കുഞ്ഞ് വാവ അല്ലേ ഇവൻ…നിങ്ങളൊന്ന് പോയെ…ആ പിന്നെ, ഒരാഴ്ച ഞാൻ ഉണ്ടാവില്ല…ഉത്സവം തീർന്ന് കൊടിയിറക്കം കഴിഞ്ഞിട്ട് അടുത്ത ദിവസമേ വരൂ…”
“അമ്പലത്തിൽ ഉത്സവം നടക്കുന്നതിനു നീയെന്തിനാടാ ലീവ് എടുക്കുന്നെ?”
“ദേ കൃഷ്ണേട്ടാ, നിങ്ങളൊരുമാതിരി വർഗീയത പറയരുത്…അധികം കളിച്ചാൽ ഞാൻ ഫേസ്ബുക്കിൽ ലൈവ് ഇടും..ചായക്കടക്കാരൻ കൃഷ്ണൻകുട്ടി വർ ഗീയവാദിയാണെന്ന്… “
“എന്റെ പൊന്നോ..ഞാൻ തമാശ പറഞ്ഞതാണ്…അതിന്റെ മോളിലോട്ട് പിടിച്ചു കയറേണ്ട…എടാ നീ പോയാൽ ഇവിടെ ആരാ?”
“ഞാൻ നിസ്സാറിക്കയോട് പറഞ്ഞിട്ടുണ്ട് ഒരാഴ്ച പുള്ളി നോക്കോളും..” നജീബ് സ്കൂട്ടറിലേക്ക് കയറിക്കൊണ്ട് പറഞ്ഞു..
കൃഷ്ണേട്ടന്റെ ചായക്കടയിൽ പൊറോട്ട ഉണ്ടാക്കുന്നതാണ് നജീബിന്റെ പണി. അതു മാത്രമല്ല, രാവിലെ റബ്ബർ ടാപ്പിംഗ്..പിന്നെ സ്ഥലകച്ചവടം, വാഹനകച്ചവടം, കന്നുകാലി കച്ചവടം,…അങ്ങനെ പലതുണ്ട്…നല്ലവനാണ്..അതുപോലെ എടുത്തു ചാട്ടവും മുൻകോപവും ഉണ്ട്…എന്നെ ജീവനാണ്…..
അവന്റെ സ്കൂട്ടറിന്റെ പിന്നിൽ കയറി ഞാൻ ചോദിച്ചു,.
“എവിടെക്കാടാ “?
“നിന്നെ നിന്റെ വീട്ടിൽ വിടാം..ഞാൻ ഒന്ന് പോയി കുളിച്ചു റെഡി ആവട്ടെ, എന്നിട്ട് അമ്പലത്തിൽ പോകാം….”
ഞങ്ങളുടെ ഗ്രാമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് ഉത്സവകൊടിയേറ്റം ആണ്…കുട്ടികാലം തൊട്ട് ഞങ്ങൾക്ക് ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ, എല്ലാത്തിനേക്കാളും പ്രിയം അമ്പലത്തിലെ ഉത്സവത്തിനോട് ആയിരുന്നു…ഞാൻ, നജീബ്, മനു, രാകേഷ്, റിയാസ്, മനാഫ്…അങ്ങനെ എല്ലാരും ജാതിമതഭേദം ഇല്ലാതെ ആഘോഷിക്കും…സന്തോഷം നിറഞ്ഞ 7 ദിവസം…
“എടാ, നിന്റെ ഏതോ ഫ്രണ്ട് ഉത്സവത്തിന് വരുന്നു എന്ന് പറഞ്ഞല്ലോ… വന്നോ?”
“ആ, എന്റെ ഫേസ്ബുക് ഫ്രണ്ട് ആണ്…ശാരിക…വീട്ടിലുണ്ട്…”
“വെറും ഫ്രണ്ട് ആണോ? അതോ?”
“ഇപ്പൊ അത്രയേ ഉള്ളൂ…”
“അപ്പൊ ഭാവിയിൽ മാറാമെന്ന്…കൊള്ളാം..”
വർഷങ്ങളായി ഉള്ള സൗഹൃദം ആണ് ശാരികയുമായി…എഫ്ബിയിൽ കണ്ടു മുട്ടി..എറണാകുളംകാരി..കർണാടകയിൽ നേഴ്സ് ആണ്…വീട്ടുകാരുമായും നല്ല അടുപ്പം..എന്റെ വീടും നാടും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ക്ഷണിച്ചു..അവളും അവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്..നജീബിനെ കണ്ടിട്ട് വരാമെന്ന് പറഞ്ഞിട്ട് ഞാൻ മുങ്ങിയതാണ്..എന്റെ വീട്ടിനു മുൻപിൽ സ്കൂട്ടർ നിർത്തി നജീബ് ഉറക്കെ വിളിച്ചു..
“സുജാത ചേച്ചിയേ…കൂയ്..”
അമ്മ മുറ്റത്തിന്റെ അരികിൽ ചാക്ക് വിരിച്ചിട്ട് ചക്ക വെട്ടുകയാണ് കൂടെ ശാരികയും അവളുടെ അമ്മയും ഉണ്ട്..അതിന്റെ അടുത്ത് തന്നെ എന്റെ അച്ഛനും, അവളുടെ അച്ഛനും ഇരുന്ന് ചെസ്സ് കളിക്കുന്നു…
“നീയെന്തിനാടാ അവിടുന്ന് കാറുന്നേ…അകത്തോട്ടു വന്നൂടെ…”
“ഞാൻ പോയിട്ട് വരാം കുളിക്കണം…വിരുന്നു വന്ന ചേട്ടോ…കുമാരേട്ടൻ കള്ള കളി കളിക്കും ശ്രദ്ധിച്ചോണം..” അച്ഛൻ അവനെ എറിയാൻ എന്തെങ്കിലും കിട്ടുമോ എന്ന് ചുറ്റും നോക്കുന്നത് കണ്ട് ഒരു പൊട്ടിച്ചിരിയോടെ അവൻ സ്കൂട്ടറിൽ പാഞ്ഞു പോയി. രണ്ടു വീട് അപ്പുറം ആണ് അവന്റെ വീട്.. ഒരു വലിയ കുടുംബം…ഇവനാണ് മൂത്തത്.
രാത്രി എല്ലാവരും ചേർന്ന് അമ്പലത്തിലേക്ക് പോയി…നല്ല ആൾക്കൂട്ടം തന്നെ ഉണ്ട്…4 ദേശക്കാർ ഒത്തു ചേരുന്ന ആഘോഷം ആണ്…ശാരിക എല്ലാം ക്യാമെറയിൽ ഒപ്പിയെടുക്കുന്നുണ്ട്…എല്ലാവരും എന്നോട് കുശലം ചോദിച്ചു..ഭൂരിപക്ഷത്തിനും അറിയേണ്ടത് കൂടെയുള്ള പെണ്ണ് ആരെന്നാണ്..നാട്ടിൻപുറത്തിന് അങ്ങനെ ഒരു പ്രശ്നം ഉണ്ടല്ലോ…
അമ്പലത്തിന്റെ പടിഞ്ഞാറെ നടയിൽ പായസവിതരണം നടക്കുന്നുണ്ട്..ഞാൻ തിക്കി തിരക്കി മുന്നിൽ കയറി അതു വാങ്ങി..തിരക്കൊഴിഞ്ഞ ഒരിടത്തു ഞാനും നജീബും ശാരികയും ഇരുന്നു…കുറച്ച് പായസം വായിലിട്ട് ബാക്കി അവൾക്കു കൊടുത്തു..അവൾ അതിൽ കുറച്ചെടുത്ത്, നജീബിന് നേരെ നീട്ടി..അവൻ വേണ്ട എന്ന് തലയാട്ടി.
അവൾ പതുക്കെ എന്നോട് ചോദിച്ചു “അതെന്താ അവൻ കഴിക്കാത്തത്?മതപരമായ പ്രശ്നം ആണോ?”
“നീ അവനോട് തന്നെ ചോദിക്ക്..”
“എന്താടാ രണ്ടും കൂടെ പിറുപിറുക്കുന്നെ?”
“നീ പായസം കഴിക്കാത്തത് എന്താണെന്നു?ഹിന്ദുക്കളുടെ അമ്പലത്തിലെ ആയതുകൊണ്ടാണോ എന്നാ ഇവൾക്ക് സംശയം….”
അവൻ അവളെ തുറിച്ചു നോക്കി..എവിടുന്ന് വരുന്നെടാ എന്ന അർത്ഥത്തിൽ..
“കൊച്ചേ…ഇത് അമ്പലത്തിലെ പ്രസാദം അല്ലെ? നീ നോൺ വെജ് കഴിച്ചു അതിന്റെ കൂടെ തന്നെ ഇത് കഴിക്കുമോ?” ഇല്ലെന്ന് അവൾ തലയാട്ടി..
“അതു തന്നെ കാരണം..ഞാൻ വീട്ടിൽ നിന്ന് വരുമ്പോൾ ഇ റച്ചി കഴിച്ചിരുന്നു…” അവൾ അത്ഭുതത്തോടെ അവനെ നോക്കി…
“നിന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായി. ഇതുപോലുള്ളവർ ഇപ്പോഴും ഉണ്ടോ എന്നല്ലേ?ഇതുപോലുള്ളവരാ കൂടുതലും..ഫേസ്ബുക്കീന്ന് പുറത്തിറങ്ങി കണ്ണും തുറന്നു നോക്കിയാൽ മതി.”
മൂന്നാമത്തെ ദിവസം ശാരികയും കുടുംബവും പോയി… ഞങ്ങൾ പഴയതു പോലെ തന്നെ ആഘോഷിച്ചു..ബാല്യത്തിലേക്ക് തിരിച്ച് പോയത് പോലെ..ചിലപ്പോൾ തോന്നും വലുതാവേണ്ടായിരുന്നു എന്ന്..ഏഴാം നാൾ ഉത്സവം അവസാനിച്ചു…
അന്ന് വൈകിട്ട് ശൂന്യമായ അമ്പലപ്പറമ്പിൽ ഇരിക്കുമ്പോൾ നജീബ് നെടുവീർപ്പ് ഇട്ടു..
“ഇനി ഒരു വർഷം കാത്തിരിക്കണം..ഉത്സവം കഴിഞ്ഞ് കുറച്ചു ദിവസം അമ്പലത്തിന്റെ അടുത്തുകൂടെ പോകാൻ തോന്നില്ലെടാ..ഏഴു ദിവസം ഒച്ചപ്പാടും ബഹളവുമൊക്കെആയിട്ട് പെട്ടെന്ന് നിശബ്ദം ആകുമ്പോൾ കരച്ചിൽ വരും…”
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു..
“എടാ ഒരു കാര്യം പറയാനുണ്ട്.”
“എന്താ?”
“എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്. കല്യാണം കഴിക്കണം..”
“അതിനെന്താ?”
“അവള് ഹിന്ദു ആണ് “
“മനുഷ്യസ്ത്രീ തന്നല്ലേ?”
“എടാ വലിയ പ്രശ്നം ആകും..”
“എന്നാ കെട്ടണ്ട “
“നീ ഒരുമാതിരി…” അവൻ ദേഷ്യപ്പെട്ടു.
“നജീബേ…നിനക്കും അവൾക്കും താല്പര്യം ഉണ്ടെങ്കിൽ കെട്ട്..ഇതിൽ ആരുടെയും അഭിപ്രായം നോക്കണ്ട..ഇനി വീട്ടുകാരെ വിഷമിപ്പിക്കണ്ട എന്നാണെങ്കിൽ മാന്യമായി പിരിഞ്ഞോ…” അവൻ ഒന്നും മിണ്ടിയില്ല…
ഒരു മാസം കഴിഞ്ഞ് ഞാൻ തിരിച്ച് പറന്നു..ജോലിതിരക്കിൽ കുറച്ചു നാൾ നാട്ടിലോട്ട് ഫോൺ വിളിച്ചുമില്ല…ഒരു ദിവസം നജീബിന്റെ വീഡിയോകാൾ വന്നു…അവന്റെ കൂടെ ഒരു പെൺകുട്ടിയും…
“ടാ..അവസാനം ഞാൻ കെട്ടി..!!”
“ആഹാ അഭിനന്ദനങ്ങൾ..വീട്ടുകാർ സമ്മതിച്ചോ?”
“ഒന്നും പറയണ്ട മോനേ…ഒരു കലാപം തന്നെ നടക്കാനിരുന്നതാ…എന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു..എന്റേം ഇവളുടെം വീട്ടിൽ കയറേണ്ട എന്ന് പറഞ്ഞു..ഇപ്പൊ വാടകക്ക് ഒരു വീടെടുത്താ താമസം…”
അവൻ അവളെ ചേർത്തു നിർത്തി
“ഇത് മായ…എടീ..ഇതാണ് പ്രവീൺ..എന്റെ ചങ്ക്…” അവൾ ഒന്ന് പുഞ്ചിരിച്ചു…പിന്നീട് എനിക്കും അവനും ഇടയിൽ അവൾ കൂടെ വന്നു..ഒരു സഹോദരനോട് എന്നപോലെ ഇട പഴകി..ചിലപ്പോൾ ഗ്രൂപ്പ് കാളിൽ ശാരികയും വരും…പണ്ടത്തെ പായസതിന്റെ കാര്യം പറഞ്ഞു നജീബ് കളിയാക്കും…സന്തോഷത്തോടെ മാസങ്ങൾ കടന്നു പോയി…
ഒരു ദിവസം അച്ഛൻ ഫോൺ വിളിച്ചു..
“മോനേ നമ്മുടെ നജീബ് പോയെടാ…”!!
“എന്ത്?”
“അതേടാ…അവൻ പോയി..ബൈക്ക് ആക്സിഡന്റ് ആയിരുന്നു…”
ഫോൺ വഴുതി താഴെ വീണു…ചെവികൾ അടഞ്ഞു..കണ്ണിൽ ഇരുട്ട് നിറഞ്ഞു…കുട്ടികാലം തൊട്ട് സുഖദുഃഖങ്ങളിൽ ഒന്നായിരുന്ന സുഹൃത്ത് ഇനി ഇല്ല…അവന്റെ പുഞ്ചിരിയും ആത്മവിശ്വാസം നിഴലിക്കുന്ന മുഖവും ഇനി കാണാനാവില്ല…ലോകത്തിലെ ഏറ്റവും വലിയ വേദന, പ്രിയപ്പെട്ട ഒരാൾ ഇനി കൂടെ ഇല്ല എന്ന തിരിച്ചറിവ് ആണ്….കണ്ണീരിന്റെകുറേ നാളുകൾ..കമ്പനി ലീവ് തരാത്തത് കൊണ്ട് അവസാനമായി അവനെ കാണാനും പറ്റിയില്ല…
രണ്ടു വർഷങ്ങൾക് ശേഷം വീണ്ടും നാട്ടിലെത്തി..വീട്ടിൽ എത്തിയപ്പോൾ സന്തോഷത്തിനു പകരം ശൂന്യതയാണ് തോന്നുന്നത്..സ്കൂട്ടറിൽ പാഞ്ഞു വന്നു “സുജാതച്ചേച്ചിയേ,…അവനെവിടെ?” എന്ന് ചോദിക്കാൻ ആരുമില്ലല്ലോ…..
കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ മായയെ കാണാൻ പോയി..അവൾ ടൗണിൽ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു എന്ന് അമ്മ പറഞ്ഞിരുന്നു..അവിടെ കയറി അവളെ അന്വേഷിച്ചു..ഒരാൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നടന്നു..അവിടെ സാധനങ്ങൾ അടുക്കി വയ്ക്കുന്ന അവളെ കണ്ടു..
“മായ “…
അവൾ തിരിഞ്ഞു നോക്കി..പഴയ മായയുടെ പ്രേതം പോലെ തോന്നി…വരണ്ട മുഖം…നിർവികാരമായ കണ്ണുകൾ…
“പ്രവിയേട്ടനോ…എപ്പോഴാ വന്നേ?”
“കുറച്ചു ദിവസമായി…മുൻപിൽ വരാൻ എന്തോ ഒരു വല്ലായ്മ…”
അവൾ ഒന്നും മിണ്ടിയില്ല..
“വീട്ടുകാരൊക്കെ??” ഞാൻ ശങ്കയോടെ ചോദിച്ചു..
“ഇനിയിപ്പോ ആരുണ്ടായിട്ടെന്താ?”
കുറച്ചു നേരത്തെ മൗനം..ഇനി എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു…
“വിഷമിക്കരുത്…ദൈവം കൂടെയുണ്ടാകും..”
അവൾ വേദനയോടെ ഒന്ന് ചിരിച്ചു..
“എനിക്ക് വിഷമം ഒന്നുമില്ല പ്രവിയേട്ടാ..നജീബിക്കയോട് ദേഷ്യമാണ് തോന്നുന്നത്..എന്തൊക്കെ സ്വപ്നമായിരുന്നു..സ്വന്തമായി ഒരു വീട്..കുഞ്ഞുങ്ങൾ..വീട്ടിലെ മുകൾ നിലയിലെ മുറി പ്രവിയേട്ടനും ശാരിക ചേച്ചിക്കുമായി എന്നും ഒഴിച്ചിടണം..മരണം വരെ നാല് പേരും സന്തോഷത്തോടെ കഴിയണം..എന്നിട്ടിപ്പോ എന്നെ ഒറ്റക്ക് ആക്കിയിട്ട് പോയില്ലേ…” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
“പോട്ടെ പ്രവിയേട്ടാ…കുറച്ച് ജോലി ബാക്കിയുണ്ട്…ചുമ്മാ സംസാരിച്ചു നില്കുന്നത് കണ്ടാ വഴക്ക് പറയും..”
ഇരുപതാമത്തെ വയസ്സിൽ എല്ലാം നഷ്ടപ്പെട്ട ആ പെൺകുട്ടി നടന്നകലുന്നത് പ്രാണൻ പിടയുന്ന വേദനയോടെ നോക്കി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ..
ഒരാൾ മരിക്കുമ്പോൾ അയാൾ മാത്രമല്ല, അയാൾക് ചുറ്റുമുള്ള പലരുടെയും സ്വപ്നങ്ങളും കൂടെയാണ് എന്നെവിടെയോ കേട്ടത് മനസ്സിലേക്ക് കടന്നു വന്നു..
End