രചന: സ്വപ്ന.എസ്.കുഴിതടത്തിൽ
ജൂഡ്…നിന്നെ ഞാനിന്നു സ്വപ്നം കണ്ടു. വിദൂര ചിന്തകളിൽ പോലും നീയില്ലാതിരുന്നിട്ടും, ടീച്ചറേ എന്നു വിളിച്ച് നീയെന്റെ അരികിലേക്ക് വന്നത് എന്തിനായിരുന്നു…? ഒരു ഓർമ്മപ്പെടുത്തലിനോ…? നിന്നിലേക്ക് പോകണമെങ്കിൽ ഏഴെട്ടു വർഷം പിന്നിലേക്ക് പോകണം.
ഞാൻ യു.പി ടീച്ചറായിരുന്ന ആ സമയത്ത് ആയിരുന്നല്ലോ ഏഴാം ക്ലാസ്സിൽ നീ അവിടെ പഠിച്ചിരുന്നത്. ക്ലാസിലെ മുതിർന്ന കുട്ടി…അന്ന് നിനക്ക് പതിനെട്ടു വയസുണ്ടായിരുന്നു. അധ്യാപകരെല്ലാം ലേശം അകലം പാലിച്ചിരുന്നു. സ്കൂളിലെ അടിപിടികേസിലൊക്കെ നിന്റെ പേര് വന്നുപോയിട്ടുള്ളത് സ്വാഭാവികം.
അവന്റെ കൂടെ ആരും കൂടുതൽ കളിയ്ക്കണ്ട…ആൾ കരാട്ടെക്കാരൻ കൂടിയാണേ…സിനോജ് സാർ കൂടെക്കൂടെ ഓർമ്മിപ്പിയ്ക്കും.
ജൂഡ് ഒരു പ്രശ്നക്കാരൻ പയ്യനേ ആയിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഏതെങ്കിലും ടീച്ചേഴ്സിനോട് തറുതല പറഞ്ഞതായിട്ടോ, അനുസരണക്കേട് കാട്ടിയതായിട്ടോ കേട്ടിട്ടില്ല.
എന്നാലും ചില പേരുദോഷങ്ങൾ അവനിൽ ചേർത്ത് വച്ചിരുന്നു… അനുസരിയ്ക്കില്ലെന്ന്, പഠിയ്ക്കില്ലെന്ന്, തല്ലുണ്ടാക്കുമെന്ന്, പള്ളീലൊക്കെ പ്രശ്നമാണെന്ന്, പക്ഷെ ഇതിനൊക്കെ സാധുതയുണ്ടോന്ന് പരിശോധിയ്ക്കാൻ ആരും മിനക്കെട്ടില്ല.
അവന്റെ അമ്മ ചിലപ്പോൾ മകനെ കൂട്ടി വരാറുണ്ട്. ഒരിയ്ക്കൽ വന്നപ്പോൾ എന്നെ കണ്ടു. ഇവൻ ഒന്നും പഠിയ്ക്കുന്നില്ല സാറേ…പോത്തുപോലെ വളർന്നുവെന്ന് ഒരു ചിന്തയും ഇല്ല. ഇത്തിരി പേടിയുള്ളത് മാമന്മാരെ മാത്രാ…അവർക്കെപ്പോഴും ഇവന്റെ കൂടെ നടക്കാൻ പറ്റ്വോ..? ഇവനെ ഒന്നു ശ്രദ്ധിച്ചോണേ സാറേ…
ഞാൻ ജൂഡിനെ നോക്കി. അവൻ കുനിഞ്ഞു നിൽക്കുകയാണ്. സ്ഥിരം പോസാണ്. എന്തു ദേഷിച്ചാലും തറയിൽ നോക്കി നിൽക്കും. മുഖത്ത് ഒരു ഭാവഭേദവും ഇല്ല. ഡാ.. ഈ പറയുന്നതൊക്കെ ശരിയാണോ…? വെറുതേ ചോദിച്ചു. അവൻ എന്നെ ഒന്നു നോക്കി. ചുണ്ടിന്റെ കോണിൽ ചെറിയ പുഞ്ചിരി.
ജൂഡ്..പെണ്ണു കെട്ടാറായി..ഇനി എന്നാ നീ നന്നാവുന്നേ…? പ്രയോജനം ഇല്ലെന്നറിയാമെങ്കിലും ഒരു ടീച്ചറിന്റെ റോൾ നിർവഹിയ്ക്കാൻ ശ്രമിച്ചു. ശ്രദ്ധിയ്ക്കാം അവനെ…പൊയ്ക്കോളൂ…ആ പാവം അമ്മയോടായി ഞാൻ പറഞ്ഞു.
എടാ, ടീച്ചർമാരെ അനുസരിയ്ക്കണം. ന്റെ ടീച്ചറേ നല്ല അടികൊടുത്താലും വേണ്ടീല…ഇവനെ ഒന്നു നന്നാക്കിത്തരണേ..അവർ നടന്നു.
ജൂഡ്..നീ ക്ലാസ്സിൽ പോകൂ..അവിടെ ഇപ്പോ എന്റെ പീരീഡാണ്. അവൻ ക്ലാസിലേക്ക് നടന്നു. ക്ലാസ്സിൽ ചെന്നു. കുട്ടികളെല്ലാം നിശബ്ദരായി. മിണ്ടാതിരിയ്ക്കൂ എന്നു പറയേണ്ട കാര്യം ഇല്ലാല്ലോ..ദിവസവും ചോദ്യം ചോദിയ്ക്കുകയും പറയാത്തവർക്ക് അടിയും ഇമ്പോസിഷൻ കൊടുക്കുകയും കൊടുക്കുകയും ചെയ്യുക എന്നത് ശീലമാണ്.
എല്ലാം പഠിച്ചവർ എണീയ്ക്കൂ..പകുതിയിലധികം കുട്ടികൾ എണീറ്റു..അവരോടൊക്കെ ചോദ്യം ചോദിച്ചു..പറയാത്തവർക്ക് അടിയും ഇമ്പോസിഷനും നൽകി. നിങ്ങൾ ഇരുന്നിട്ട് ബാക്കിയുള്ളവർ എണീയ്ക്കൂ. ജൂഡ്, ബോറിസ് ഉൾപ്പടെ പതിനഞ്ചോളം കുട്ടികൾ എണീറ്റു..ഇവർ രണ്ടാളും പതിവ് കക്ഷികളാണ്. വായിൽ വന്നത് മൊത്തോം പറഞ്ഞു..അടികൊടുത്തു..
ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ജൂഡ് കുനിഞ്ഞു നിൽക്കുകയാണ്. അവന്റെ കൈ അപ്പോഴാണ് ശ്രദ്ധിച്ചത്..നീട്ടി വളർത്തിയ നഖങ്ങൾ. രണ്ടു കൈയിലും…അഗ്രം കൂർപ്പിച്ചിട്ട്..നീ രാക്ഷസനാ…? മനം മറിയ്ക്കുന്നു. ഈ നഖം വെട്ടിക്കളയണം കേട്ടോ..
അവൻ മിണ്ടിയില്ല..അവൻ വെട്ടിക്കളയില്ല എന്ന് അറിയാമായിരുന്നു. പിന്നെ ഞാൻ അതങ്ങു മറന്നു. അവൻ വന്നാലല്ലേ ഇതൊക്കെ ഓർക്കൂ..
മയക്കു മരുന്നിന്റെ ഉപയോഗം സ്കൂളിൽ ചെറിയ രീതിയിലെങ്കിലും ഉണ്ടായിരുന്നു. എല്ലാരുടെയും കണ്ണുവെട്ടിച്ച് ചെറിയ പൊതികളിലായി കൈമാറ്റം ചെയ്യും. ഒന്നു ശ്രദ്ധിയ്ക്കണം. ക്ലാസ്സിൽ ചെല്ലുമ്പോൾ കുട്ടികളുടെ ബാഗൊക്കെ ഒന്നു പരിശോധിയ്ക്കണം. സ്റ്റാഫ് മീറ്റിങ്ങിൽ പറഞ്ഞു.
ഞാൻ ജൂഡിന്റെ ക്ലാസിൽ ആയിരുന്നു. അന്നും ഉത്തരം ഒന്നും പറയാതെ നിൽക്കുന്ന അവനെ കണ്ടപ്പോൾ ദേഷ്യം വന്നു..രണ്ടു മൂന്നു ദിവസം ആബ്സെന്റായി അന്നാണ് എഴുന്നള്ളുന്നത്. നിന്റെ ബാഗൊന്നു പരിശോധിയ്ക്കണം. അവൻ ഒന്നും മിണ്ടിയില്ല. ബുക്കെല്ലാം പുറത്തെടുത്തു. ബാഗ് പരിശോധിച്ചു. ഒന്നും കിട്ടിയില്ല.
ബോക്സ് തുറന്നു. അതിൽ ഒരു കൊച്ചു പൊതി..ജൂഡ് പിടിയ്ക്കപ്പെടാൻ പോകുന്നു..കുട്ടികളെല്ലാം ആകാംക്ഷയോടെ നോക്കിനിൽക്കുകയാണ്..ഒരു കുറ്റവാളിയെ നോക്കുന്നതുപോലെ ഞാനവനെ തറപ്പിച്ചു നോക്കി..അവന്റെ ചുണ്ടിലെ പുഞ്ചിരി എന്നെ അസ്വസ്ഥയാക്കി..ഇങ്ങോട്ടു മാറി നിൽക്കൂ..ചൂണ്ടിക്കാണിച്ചിടത്തേക്കു അവൻ നിന്നു.
പതുക്കെ പൊതിയഴിച്ചു. ആദ്യം ഒന്നുഞെട്ടി…ആ ഞെട്ടൽ ഒരു പൊട്ടിച്ചിരിയായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. അവന്റെ വെട്ടിമാറ്റിയ കൂർത്തു മൂർത്ത നഖങ്ങളായിരുന്നു ഭദ്രമായി അതിൽ വച്ചിരുന്നത്. സ്കൂളിൽ വന്നതിനു ശേഷം എന്റെ പിരീഡിനു മുൻപായി വെട്ടിയതാകാം എന്നു ഞാനൂഹിച്ചു.
വല്ലാത്ത ഒരു സ്നേഹം തോന്നി ജൂഡിനോട്…അവൻ ഹൈസ്കൂളിൽ എത്തി. ഒരു ദിവസം ആരോടോ ഗുസ്തി പിടിയ്ക്കുന്നത് കണ്ടുകൊണ്ടാണ് ഞാൻ ചെന്നത്. എന്നെ കണ്ടതും അനുസരണയുള്ള ഒരാട്ടിൻ കുട്ടിയെ പോലെ അവൻ ഒതുങ്ങി. അഹങ്കാരം കൂടുന്നു ജൂഡ് എന്നു പറഞ്ഞ് നല്ലൊരു നുള്ളു കൊടുത്തു..ടീച്ചറിന്റെ മാത്രമേ അവനു പേടിയുള്ളൂ..അഖിൽ പറയും.
ജൂഡ് എന്നെ പേടിയ്ക്കേണ്ട ഒരാവശ്യവും ഇല്ല. ആ പേടി എന്നോടുള്ള സ്നേഹത്തിൽ നിന്നും ഉണ്ടായതായിരിയ്ക്കും എന്ന് ഉറപ്പായിരുന്നു. ഞാൻ ഹയർ സെക്കൻഡറിയിലേക്ക് വന്നു. ജൂഡ് വിസ്മൃതിയിലായി.
അപ്പോഴേക്കും അവൻ പഠിത്തം നിർത്തിയെന്നു എന്റെ മകൻ ശരത് പറഞ്ഞു കേട്ടു..അവന്റെ ക്ലാസ്സിലായിരുന്നു. പിന്നെ അവനെ കുറിച്ച് കേൾക്കുന്നത് ആശച്ചേച്ചി പറഞ്ഞിട്ടാണ്. റിതിക്കിന് കരാട്ടെ ക്ലാസ് എടുക്കുന്ന ഒരു മാഷുണ്ട്. ജൂഡ്…ഇത്തിരി സ്ട്രിക്ടാ..ഇത്തിരി തെറ്റിച്ചാലും വല്ലാത്ത പണിഷ്മെന്റ് നൽകും. റിതിക്കിന് മടിയാ പോകാൻ..ജൂഡ്..ആ പേര് സ്ട്രൈക്ക് ചെയ്തു. അവൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണല്ലോ.
ചേച്ചീ..അവനെ ഞാൻ പഠിപ്പിച്ചതാ. എന്നെ അറിയുമോന്നു ചോദിയ്ക്കണേ. ചേച്ചി അഞ്ചാലും മൂട്ടിലാണ് താമസം. പിന്നെ എന്നെ വിളിച്ചു. അവൻ തന്നെയാണ്..നിന്നെ തിരക്കിയെന്നു പറയണേ എന്നു പറഞ്ഞു ജൂഡ്..ഇപ്പോ റിതിക്കിനെ വലിയ കാര്യമാണ്. എനിയ്ക്കു സന്തോഷം തോന്നി.
പിന്നെയെപ്പോഴോ fb യിൽ ഇൻബോക്സിൽ തെളിഞ്ഞ ജൂഡ് ക്രിസ്റ്റഫറിന്റെ പേര്. അതിശയം തോന്നി. അവനു പഠിയ്ക്കണമെന്നും, തുല്യതാ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തുവെന്നും, പക്ഷേ പരീക്ഷാ ഭവനിൽ നിന്നും എഴുതാൻ പറ്റില്ലെന്നും പറഞ്ഞ് ലെറ്റർ വന്നു എന്നൊക്കെ എഴുതി. ജീവിതത്തെ അവൻ ഗൗരവമായി സമീപിയ്ക്കാൻ തുടങ്ങിയത് എന്നെ സന്തോഷിപ്പിച്ചു. പിന്നെയും അവൻ വിസ്മൃതിയിലേക്ക്..
ഇടയ്ക്ക് ഇൻബോക്സിൽ വന്ന അവന്റെ hai..എന്തോ ഞാൻ അവഗണിച്ചു. കഴിഞ്ഞ വർഷം ആണ്..അമ്മേ നമ്മുടെ ജൂഡ് മരിച്ചു. ശരത് പത്രം എടുത്തു കൊണ്ട് അടുക്കളയിലേക്ക് ഓടിവന്നു..ഒരായിരം അമിട്ടുകൾ ഒരുമിച്ചു പൊട്ടുന്നതുപോലെ. പത്രത്തിൽ അമിത വേഗത്തിൽ ഓടിച്ച ബൈക്ക് ആക്സിഡന്റിൽ പെട്ടു മരിച്ച 24വയസുള്ള യുവാവിന്റെ ചിത്രം..അതെന്റെ ജൂഡ് ആയിരുന്നു..
ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച പുഞ്ചിരി ഒരു വിഷാദാർദ്ര കവിതയായി എന്നെ പിടിച്ചുലച്ചു..
എങ്കിലും ഇപ്പോ പിന്നെയും ഒരു വർഷത്തിനു ശേഷം എന്റെ സ്വപ്നത്തിലേക്കു നീ വന്നത് എന്തിനാകും ജൂഡ്..? ഇങ്ങനെ ഒരു ഓർമ്മക്കുറിപ്പ് നിന്നെക്കുറിച്ച് എഴുതാനാകുമോ..?
ഒത്തിരി പേരെ പഠിപ്പിച്ചുവെങ്കിലും ഓർമ്മയിൽ തങ്ങി നിൽക്കുന്ന അനശ്വര മുഖങ്ങളിൽ ഒന്നായി പ്രിയ ജൂഡ് നീ എന്നിൽ ഉണ്ടാകും..എന്നും…