എഴുത്ത് – മഹാ ദേവൻ
മകനോടൊപ്പം ആ പടിയിറങ്ങുമ്പോൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു അദ്ദേഹം…ഒറ്റക്കുള്ള ജീവിതത്തിൽ നിന്നും ഒരു മോചനം. പിന്നെ ഇനിയുള്ള കാലം എങ്കിലും മക്കളെയും പേരകുട്ടികളെയും കണ്ട്, അവരോടൊപ്പം ഇനിയുള്ള ജീവിതം പങ്കിട്ട് സന്തോഷത്തോടെ മരിക്കാലോ എന്ന ചിന്തയും…
വീട് പൂട്ടി താക്കോൽ സ്ഥലം വാങ്ങിയ ആളെ ഏൽപ്പിക്കുമ്പോൾ മനസ്സൊന്നു പിടച്ചു. “ആവുന്ന കാലത്തെ തന്റെ അധ്വാനമാണ് ഈ മണ്ണ്, എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ വീട്.” അത് കൈവിട്ടു പോകുകയാണ് എന്നോർക്കുമ്പോൾ ആ കണ്ണുകൾ അറിയാതെ തന്നെ നിറയുന്നുണ്ടായിരുന്നു.
താക്കോൽ ഏൽപ്പിച്ചു പടിയിറങ്ങുമ്പോൾ പിടയുന്ന മനസ്സുമായി ഒന്നുകൂടി ആ വീടിനെ തിരിഞ്ഞുനോക്കിക്കൊണ്ട് മകന്റെ കൈ പിടിച്ചയാൾ പറയുന്നുണ്ടായിരുന്നു…”മോനെ, എന്തൊക്കെ ആയാലും വീട് വിൽക്കണ്ടായിരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന മണ്ണാണ് അത്. നിന്റെ അമ്മ ഉറങ്ങുന്ന മണ്ണ്. നിങ്ങളൊക്കെ പിച്ചവെച്ചു നടന്ന മണ്ണ്. അച്ഛന്റെ വിയർപ്പുതുള്ളിയെ ആണ് വിറ്റ് കാശാക്കിയത്. ഇനിയിപ്പോ നമ്മൾ നാട്ടിൽ വരുമ്പോൾ താമസിക്കണമെങ്കിൽ പോലും നമുക്കിവിടെ ഒരു തരി മണ്ണില്ലല്ലോ” എന്ന്.
അച്ഛന്റെ വാക്കുകൾക്ക് മുഖവില കൊടുക്കാതെ കാറിന്റെ ഡോർ തുറന്നുകൊടുത്തുകൊണ്ട് മകൻ പറയുന്നുണ്ടായിരുന്നു, “അച്ഛാ, ഇതുപോലുള്ള സെന്റിമെൻസിൽ ഒന്നും കാര്യമില്ല. ഈ കാലത്തോക്കെ കുറച്ചു പ്രാക്ടിക്കലായി ചിന്തിക്കണം. അച്ഛന് അറിയാലോ എനിക്ക് ബാഗ്ലൂരിലെ ജീവിതം വിട്ട് ഇവിടെ വന്ന് നിൽക്കാനോ, അച്ഛനെ നോക്കാനോ പറ്റില്ല. അമ്മ മരിച്ചപ്പോൾ പോലും ഒന്ന് വരാൻ കഴിയാത്ത എന്റെ തിരക്കിനെ കുറിച്ച് അച്ഛനോട് പറഞ്ഞാൽ മനസ്സിലാവില്ല…”
“അമ്മ പോയത് മുതൽ അച്ഛനിവിടെ ഒറ്റക്കാണലോ എന്ന ചിന്തയായിരുന്നു. ഇനിയെങ്കിലും അച്ഛന് ഈ ഒറ്റപ്പെടലിൽ നിന്ന് ഒരു മോചനം വേണമെന്ന തോന്നൽ, പിന്നെ അച്ഛനറിയായാലോ അവിടെ എന്റെ പുതിയ വീട് പണി നടക്കുന്ന കാര്യം, അതിനിനിയും ഒരുപാട് കാശ് വേണം. ഇതാകുമ്പോൾ രണ്ട് കാര്യവും നടക്കും. ഈ വീടും സ്ഥലവും എന്നായാലും എനിക്കുള്ളതല്ലേ. അപ്പൊ പിന്നെ ഈ വിറ്റ കാശ് കൊണ്ട് എന്റെ വീടിന്റെ പണിയും നടക്കും, അച്ഛനെ ഒറ്റക്ക് ആക്കിയില്ലല്ലോ എന്ന സമാധാനവും ഉണ്ടാകും.”
ആലോചിക്കുമ്പോൾ ഒരുതരത്തിൽ അതും ശരിയാണല്ലോ എന്ന് തോന്നിയപ്പോൾ മകനോട് പിന്നെ മറുത്തൊന്നും പറയാതെ അയാൾ കാറിലേക്ക് കയറി.
“പിന്നെ മോനെ അച്ഛന് മറ്റൊരു കാര്യം പറയാനുണ്ട്. മോൻ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് അത് പറഞ്ഞില്ലെങ്കിൽ അച്ഛനൊരു സമാധാനം ഉണ്ടാകില്ല.” എന്ന് പറഞ്ഞ അച്ഛനോട് “ഇനി അച്ഛൻ ഒന്നും പറയണ്ട…ഓരോന്ന് ആലോചിക്കുമ്പോൾ പലതും തോന്നുന്നതാണ്, അതുകൊണ്ട് കണ്ണടച്ച് കിടന്നോ, അവിടെ എത്തുമ്പോൾ ഞാൻ വിളിക്കാം…” എന്ന് പറഞ്ഞ് അച്ഛന്റെ വായ മൂടിക്കെട്ടുമ്പോൾ “ആ കാര്യം ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ മോശമല്ലേ…” എന്നൊരു ചിന്ത ഉണ്ടായിരുന്നു അയാളുടെ മനസ്സിൽ….
സാരമില്ല, സാവധാനം പറയാം എന്ന് വിചാരിച്ചു സീറ്റിലേക്ക് തല വെച്ച് കിടക്കുമ്പോൾ മനസ്സിൽ ഒരു കാലം അങ്ങനെ സഞ്ചരിക്കുന്നുണ്ടായിരുന്നു. അച്ഛവും അമ്മയും മകനും മാത്രമുള്ള സ്നേഹം നിറഞ്ഞ ഒരു വസന്തകാലം…
ആ ഓർമ്മകളിൽ നിന്നും ഉണർന്നത് മകന്റെ വിളി കേട്ടായിരുന്നു. “അച്ഛാ…സ്ഥലം എത്തി” എന്ന് പറഞ്ഞ് കുലുക്കി വിളിക്കുമ്പോൾ കണ്ണുകൾ പതിയെ തുറന്നു നാലുപാടും നോക്കി അയാൾ.
പരിചയമില്ലാത്ത സ്ഥലമാണെങ്കിലും പലയിടത്തും മലയാളത്തിലുള്ള ബോർഡുകൾ കണ്ടപ്പോൾ അയാൾ പതിയെ മകനെ നോക്കി. “നമ്മൾ ഇത്ര പെട്ടെന്ന് ബാഗ്ലൂർ എത്തിയോ മോനേ…” എന്ന് ചോദിച്ച അച്ഛനോട് അവൻ പരുഷമായി ഡോർ തുറന്നിറങ്ങാൻ പറയുമ്പോൾ അവന്റെ മുഖത്ത് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഉള്ള സ്നേഹമൊന്നും ഇല്ലെന്ന് തോന്നി.
പുറത്തേക്കിറങ്ങുമ്പോൾ കണ്ട വൃദ്ധസദനം എന്ന ബോർഡിന് മുന്നിൽ അന്ധാളിച്ചു നിൽക്കുമ്പോൾ അവൻ അച്ഛന്റെ ബാഗുമെടുത്തു അരികിലേക്ക് വന്നു.
“ഇനി മുതൽ അച്ഛൻ ഇവിടെ ആണ് താമസിക്കാൻ പോകുന്നത്. ഇവിടാകുമ്പോൾ കൂട്ടിന് ഒരുപാട് ആളുകൾ ഉണ്ട്. അച്ഛന് മിണ്ടീ പറഞ്ഞിരിക്കാൻ അച്ഛന്റെ പ്രായക്കാർ തന്നെ ഉണ്ട്. ഇവിടാകുമ്പോൾ അച്ഛന് ഒരു കുറവും വരില്ല, എല്ലാം ഞാൻ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്. അച്ഛന് വേണ്ടി ഞാൻ നാല്ലൊരു തുകയും ഞാൻ ഇവിടെ കൊടുത്തിട്ടുണ്ട്. അച്ഛന് ഇത്രയെങ്കിലും കാശ് ചിലവാക്കേണ്ടത് മകനായ എന്റെ കടമയല്ലേ….” എന്ന് വലിയ കാര്യം പോലെ മകൻ വാ തോരാതെ വിവരിക്കുന്നത് കേട്ടപ്പോൾ അയാൾക്ക് മുഖത്തൊരു ചിരിയാണ് വന്നത്.
“എന്റെ മോൻ ഈ അച്ഛന് വേണ്ടി വല്ലാതെ കഷ്ട്ടപെട്ടല്ലേ…പാവം…എന്തായാലും എനിക്ക് കണ്ട് പിടിച്ച സ്ഥലം കൊള്ളാം. ഒറ്റക്ക് താമസിക്കുന്ന അച്ഛനെ കൂട്ടാൻ സ്നേഹത്തോടെ വന്നപ്പോൾ കരുതി മകന് തിരിച്ചറിവ് ഉണ്ടായെന്ന്…”
“പക്ഷേ, ന്റെ പുന്നാരമോൻ ഒന്നോർത്തില്ല….ഞാൻ നിന്റെ തന്തയാണെന്ന്….” “ഇപ്പോൾ നീ ഇവിടെ കാണിച്ച അഭിനയത്തിൽ ഓസ്കർ വാങ്ങിയവൻ ആണ് നിന്റെ തന്തയായ ഈ ഞാൻ എന്ന്…”
അത്ര നേരം സൗമ്യനായിരുന്ന അച്ഛന്റെ ഭാവവും സംസാരവും മാറുന്നത് കണ്ടപ്പോൾ ആശ്ചര്യത്തിലും അതോടൊപ്പം ഒരു ഞെട്ടലിലും ആയിരുന്നു അവൻ. ആ ഞെട്ടലിന്റെ ബാക്കി ഉള്ള ഞെട്ടിത്തരിക്കലിലേക്കുള്ളതായിരുന്നു അച്ഛന്റെ പിന്നെയുള്ള വാക്കുകൾ.
“നീ എന്താണ് മോനെ കരുതിയത്. നിന്റെ അച്ഛൻ വെറും വിഡ്ഢി ആണെന്നോ…? നിന്നെപ്പോലെ ഒരുപാട് ലോകം കണ്ടിട്ടില്ലെങ്കിലും നിന്നെപ്പോലെ ഒരുപാട് ഉടായിപ്പ് മക്കളെ കണ്ടിട്ടുണ്ട് ഈ അച്ഛൻ. ഒന്നല്ലെങ്കിൽ നിന്നെക്കാൾ ഒരുപാട് ഓണം ഉണ്ടവനല്ലെടാ ഞാൻ…പിന്നെ ഞാൻ പഴഞ്ചനാണെങ്കിലും നിന്നെ പോലെ എന്റെയും ചിന്തകൾ ഇപ്പോൾ പുതുപുത്തൻ ആണ്…ഞാനും ജീവിക്കുന്നത് ഇപ്പോൾ കമ്പ്യൂട്ടർ യുഗത്തിലല്ലേ…ഈ സോഷ്യൽ മീഡിയ വന്നതിൽ പിന്നെ ഞങ്ങളെ പോലുള്ള ചിലർക്ക് ഒരു ഗുണമുണ്ടായി. ഇതുപോലെ കുറെ കഥയും ചെറിയ ചെറിയ സിനിമകളും കാണാൻ കഴിഞ്ഞു. അതിൽ നിന്നെ പോലുള്ള കുറെ മക്കളെയും…അതുകൊണ്ട് ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ ഞാനും ഒന്ന് എറിഞ്ഞിരുന്നു…”
അച്ഛന്റെ സംസാരവും ഭാവവും മാറുന്നത് കണ്ടപ്പോൾ ഒരു പതർച്ചയുണ്ടായിരുന്നു അവന്റെ മനസ്സിൽ. അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നത് അച്ഛൻ ഇനി പറയാൻ പോകുന്ന കാര്യം എന്തായിരിക്കും എന്നായിരുന്നു. അവന്റെ ആ നോട്ടത്തെ അവഗണിച്ചുകൊണ്ട് അച്ഛൻ പിന്നെയും തുടർന്നു….
“നീ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും ജയിച്ചെന്ന്. അച്ഛന്റെ സ്വത്ത് സ്വന്തമാക്കി ഒരു ഒഴിയാബാധയായ അച്ഛനെ നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കി എന്നൊക്കെ…എന്നാൽ ഒന്ന് നീ കേട്ടോ…നൈസ് ആയിട്ട് ഒഴിവാക്കിയത് ഞാനാ…നിന്നെ….”
അച്ഛനിത് എന്തൊക്കെ ആണ് പറയുന്നതെന്ന് അറിയാതെ മിഴിച്ചു നിൽക്കുന്ന അവന് മുന്നിൽ ഓരോന്നും വിവരിക്കുമ്പോൾ അവനും ഞെട്ടലിൽ ആയിരുന്നു.
“നിനക്കോർമ്മയുണ്ടോ അച്ഛൻ ആ സ്ഥലം വാങ്ങുമ്പോൾ നിന്റെ അമ്മ പറഞ്ഞത്, ഞങ്ങളെ രണ്ട് പേരെയും അതിൽ അടക്കണമെന്ന്…ആ അവളുടെ വാക്ക് പാലിക്കാൻ മകനായ നിനക്ക് പറ്റില്ലെങ്കിലും അവളുടെ കെട്ടിയോൻ ആയ എനിക്ക് കഴിയും. കഴിയണമല്ലോ…എന്നാലല്ലേ ഞാൻ നിന്റെ തന്തയാകൂ…”
“പിന്നെ നിനക്ക് തന്ന കാശ്. ഓർമ്മയുണ്ടൊ അച്ഛനോടും അമ്മയോടും സ്നേഹം ഉണ്ടായിരുന്ന കാലത്ത് നാട്ടിൽ നിനക്ക് കുറച്ചു സ്ഥലം വേണമെന്ന് പറഞ്ഞപ്പോൾ നിന്റെ കാശ് കൊണ്ട് തന്നെ വാങ്ങിയത്. അന്ന് നിനക്ക് വരാൻ പറ്റാത്തത് കൊണ്ട് അച്ഛന്റെ പേരിൽ രജിസ്റ്റർ ചെയ്താൽ മതി. പിന്നീട് മാറ്റം എന്ന് പറഞ്ഞത്…അതങ്ങ് ഞാൻ മാറ്റി…പണമായിട്ട്…അതാണ് ഇപ്പോൾ നിന്റെ കയ്യിലിരിക്കുന്ന പണം. അല്ലതെ ന്റെ കെട്ടിയോൾ ഉറങ്ങുന്ന മണ്ണ് വിട്ട് കളയാൻ ഞാൻ വിഡ്ഢിയോന്നും അല്ല…”
“പിന്നെ താക്കോൽ കൊടുത്തത്…അത് അവരുടെ കയ്യിൽ ഏല്പിച്ചെന്ന് മാത്രം. ബാംഗ്ലൂർക്ക് ആണ് പോകുന്നതെന്ന് വിചാരിച്ചു. അതുകൊണ്ട് ആ വീട് വെറുതെ കിടക്കണ്ടല്ലോ എന്ന് കരുതി ആർക്കെങ്കിലും വാടകക്ക് കൊടുക്കാൻ വേണ്ടി…”
“വീട് വിട്ട് വണ്ടിയിൽ കേറുമ്പോൾ ഞാൻ ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക്. അപ്പൊ നീ അത് വേണ്ടെന്ന് പറഞ്ഞ് അവഗണിച്ചു. അത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു. അപ്പൊ ഞാൻ ആ കാര്യം പറഞ്ഞിരുന്നെങ്കിൽ പിന്നെ ആ വീട് വിൽക്കുന്നത് വരെ കൂടി നിന്റെ കപടസ്നേഹം സഹിക്കേണ്ടി വരുമായിരുന്നു.”
“മക്കളിപ്പോൾ ഓർക്കുന്നുണ്ടാകും ഇങ്ങനൊക്കെ ചിന്തിക്കാൻ പഴഞ്ചനായ അച്ഛന് എങ്ങനെ കഴിഞ്ഞെന്ന്….അച്ഛനും ഉണ്ട് മോനെ, ഫേസ്ബുക്കും യൂട്യൂബും ഒക്കെ….ഇതുപോലെ ഉള്ള എത്ര കഥകൾ കണ്ടതും വായിച്ചതുമാണ് അച്ഛൻ…ആ എന്നോടാ നിന്റെ ഈ ഒടുക്കത്തെ ഒരു നാടകം…മോനെ…നീ എന്റെ തന്തയല്ല…ഞാൻ നിന്റെ തന്തയാണ്…അത് മറക്കല്ലേ…”
അച്ഛന്റെ വാക്കുകൾക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ പകച്ചു നിൽക്കുന്ന അവർക്കരികിലേക്ക് അപ്പോൾ ഒരാൾ വരുന്നുണ്ടായിരുന്നു. “സർ, ഇവിടെ തന്നെ നിൽക്കുവാണോ…അകത്തേക്ക് ഇരിക്കൂ…” പിന്നെ ഇതാണോ ആൾ എന്ന മട്ടിൽ അച്ചനെ ഒന്ന് നോക്കി.
അത് മനസ്സിലാക്കിയ അച്ഛൻ പതിയെ ബാഗ് തുറന്ന് അതിൽ നിന്നും ഒരു പൊതിയെടുത്തു വന്ന ആൾക്ക് നേരെ നീട്ടി, “ഇത് കുറച്ച് ഉണ്ണിയപ്പം ആണ്. സത്യം പറഞ്ഞാൽ ഇത് തരാൻ വേണ്ടിയാണ് ഞാൻ വന്നത്. പിന്നെ എന്റെ മോൻ നല്ലൊരു കാശ് ഇവിടെ തന്നിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോ അത് അവന്റെ ഒരു സംഭാവനയായി കണക്കാക്കി ആ റസീറ്റ് കൊടുത്തേക്ക്. അങ്ങനെയെങ്കിലും കുറച്ച് പുണ്യം കിട്ടട്ടെ എന്റെ മകന്….” അതും പറഞ്ഞ് പൊതി അയാളുടെ കയ്യിൽ ഏൽപ്പിച്ഛ് തിരികെ മകനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
“സാരമില്ല, എപ്പഴും ജയിച്ചെന്ന് അഹങ്കരിക്കുമ്പോൾ ഇടക്കൊരു തോൽവി നല്ലതാ. അത് സ്വന്തം തന്തയോടാകുമ്പോൾ ചിന്തക്കാനുണ്ടാകും ഒരുപാട്. അതുകൊണ്ട് ന്റെ മോൻ വിട്ടോ ബാംഗ്ലൂരിലേക്ക്. പോകുന്ന വഴിക്ക് നല്ലോണം ഒന്ന് ചിന്തിക്കു…സമയമുണ്ടല്ലോ ഒരുപാട്…ഞാൻ ഇവിടെ വല്ല ബസ്സും പിടിച്ച് അങ്ങ് എത്തിക്കോളാം…”
അതും പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് ബാഗും തൂക്കി മുന്നോട്ട് നടക്കുന്ന അച്ഛനെ കണ്ണ് മിഴിച്ചു നോക്കുമ്പോൾ അച്ഛൻ പറഞ്ഞ വാചകം ചെവിയിലിങ്ങനെ മൂളിപ്പറക്കുന്നുണ്ടായിരുന്നു.
“ഞാൻ നിന്റെ തന്തയാണ്. നീയൊക്കെ ഇപ്പോൾ കളിക്കുന്ന നാടകത്തിന്റെ അഭിനയത്തിന് ഓസ്കാർ വാങ്ങിയ നിന്റെ തന്ത….”