സമിത്ര – എഴുത്ത്: भद्रा मनु
തലേ ദിവസം തേച്ച് മടക്കി വെച്ചിരുന്ന കോട്ടൺ സാരി ശ്രദ്ധയോടെ ഞൊറിയിട്ട് ഉടുത്തു കൊണ്ട് സമിത്ര കണ്ണാടിയിൽ നോക്കി….ചെറുതായി മെലിഞ്ഞിട്ടുണ്ട്. പക്ഷെ ആരെയും ആകർഷിക്കുന്ന തന്റെ സർപ്പസൗന്ദര്യത്തിന് ഇപ്പോഴും ഒരു കോട്ടവും വന്നിട്ടില്ല….
കണ്ണാടിയിൽ ഒട്ടിച്ചു വെച്ചിരുന്ന ചുവന്ന പൊട്ടെടുത്തു വളഞ്ഞ പുരികകൊടികൾക്ക് നടുക്കായി തൊട്ട് കൊണ്ട് അവൾ ഹാളിലേക്ക് നടന്നു. എന്റെ ശങ്കു…..നീ ഇതുവരെ ആഹാരം കഴിച്ചു കഴിഞ്ഞില്ലേ…..ഇനിയും അമ്മ വാരി തന്നാലേ കഴിക്കു എന്ന് പറഞ്ഞാലൊന്നും നടക്കില്ലാട്ടോ….ഇന്ന് മുതൽ നീ അഞ്ചാം ക്ലാസ്സിലാ അത് മറക്കണ്ട..ശങ്കുവിന് ആഹാരം വാരി കൊടുത്തു കൊണ്ട് സമിത്ര പറഞ്ഞു.
ഞാൻ വലിയ കുട്ടിയായോ അമ്മാ…പത്തുവയസുകാരൻ ശങ്കർ എന്ന ശങ്കു അവളോട് ചോദിച്ചു. അമ്മ തരുന്ന ഭക്ഷണമൊക്കെ മൊത്തം കഴിച്ചു….സ്കൂളിൽ പോയി നന്നായി പഠിച്ചാലേ അമ്മടെ ശങ്കു വലിയ കുട്ടിയാവൂ… കേട്ടോ…
ആണോ…. എന്നാ ഇന്ന് മുതൽ ശങ്കു ഫുഡ് മൊത്തം കഴിക്കും…എന്നിട്ട് വല്ല്യ ആളാവും. എന്നിട്ട് എല്ലാരേയും ഇടിച്ചു തെറിപ്പിക്കും…കവിളിലെ നുണക്കുഴികൾ വിരിയിച്ചു കൊണ്ട് ശങ്കു ചിരിച്ചു.
അമ്പട…എല്ലാരേയും ഇടിക്കാനാണോ ശങ്കു വലുതാവുന്നെ….അമ്മടെ ശങ്കു വലുതായിട്ട് ഒരുപാട് പേരെ സഹായിക്കണം. അല്ലാതെ ആരെയും വേദനിപ്പിക്കരുത്..ദൈവത്തിന് അത് ഇഷ്ട്ടാവില്ല..നല്ലത് ചെയ്യുന്നവരെയാ ദൈവത്തിനു ഏറ്റവും ഇഷ്ടം…സമിത്ര വാത്സല്ല്യത്തോടെ മോനോട് പറഞ്ഞു.
ഭക്ഷണം കൊടുത്ത ശേഷം സോഫയിൽ തേച്ച് വെച്ചിരുന്ന ഡ്രസ്സ് എടുത്തു അവനെ ധരിപ്പിച്ചു വാതിൽ ഭദ്രമായി പൂട്ടി അവർ ഇറങ്ങി….ശങ്കുവിനെ സ്കൂൾ മാറ്റി അഞ്ചാം ക്ലാസ്സിൽ ചേർക്കുന്ന ദിവസമാണ് ഇന്ന്….പോണ വഴി അമ്പലത്തിൽ കേറി ദേവിയെ മനസ് നിറയെ തൊഴുത് കൊണ്ട് അവർ സ്കൂളിലേക്ക് നടന്നു.
*****************
ശങ്കർ കെ അനിരുദ്ധൻ….
കുട്ടിയുടെ പേര് എഴുതാനുള്ള കോളത്തിൽ ഹെഡ്മിസ്ട്രെസ് അന്ന ചാണ്ടി എഴുതി…ആരാ നിനക്ക് ശങ്കർ എന്ന വലിയ പേരിട്ടത്??? എല്ലാം വിസ്മയത്തോടെ നോക്കിയിരിക്കുന്ന ശങ്കുവിനോട് അന്ന ചാണ്ടി ചോദിച്ചു.
അപ്പ….ശങ്കു തല തിരിച്ചു സൈമിത്രയെ നോക്കികൊണ്ട് പറഞ്ഞു.
എന്നിട്ട് അപ്പ വന്നില്ലേ….അന്ന ചാണ്ടി ചോദിച്ചു.
ഞങ്ങൾ ഡിവോഴ്സ്ഡ് ആണ് മാം….മറുപടി പറഞ്ഞത് സമിത്രയായിരുന്നു.
ഹോ….. ok..കുട്ടിയുടെ ജാതിയും മതവുമൊക്കെ അപ്ലിക്കേഷനിൽ ഫിൽ ചെയ്യാനുണ്ട്…ഓരോന്നായി പറയൂ…അന്ന ചാണ്ടി തിടുക്കം കാണിച്ചു.
ഇവന് ജാതിയില്ല….മതവും…അവന്റെ എല്ലാ രേഖകളിലും അങ്ങനെ തന്നെ ആണ്. അന്ന ചാണ്ടി ആശ്ചര്യത്തോടെ അവളെ നോക്കി.
ഉണ്ടാവുന്നത് ആൺകുട്ടിയാണെങ്കിൽ ശങ്കർ എന്ന് പേരിടണമെന്നും അവൻ ജാതിയും മതവും ഇല്ലാത്ത പച്ചമനുഷ്യനായി വളരണമെന്നും അച്ഛനായ അനിക്ക് നിർബന്ധമായിരുന്നു…സമിത്ര മനസ്സിൽ ഓർത്തു.
ശങ്കുവിനെ ക്ലാസ്സിൽ കൊണ്ടിരുത്തി സമിത്ര പാർക്കിങ്ങിലേക്ക് നടന്നു…ക്ലാസ്സ്‌റൂമിന്റെ വാതിൽക്കൽ നിന്ന് തന്നെ നോക്കി വിങ്ങി പൊട്ടുന്ന ശങ്കുവിനെ കണ്ടപ്പോ അവൾക്ക് സങ്കടം വന്നു…അവനു നേരെ കൈ വീശി കാണിച്ചു കൊണ്ട് അവൾ കാറിലേക്ക് കേറി…
ഇടപ്പള്ളിയിലെ അത്യാവശ്യം തിരക്കുള്ള ഒരു ബ്യൂട്ടിപാർലറിന്റെ ഉടമയാണ് സമിത്ര. 5 ജോലിക്കാർ അവളുടെ കീഴിൽ ജോലിയെടുക്കുന്നുണ്ട്. അത്യാവശ്യം സ്റ്റിച്ചിങ്ങും വെഡിങ് വർക്കുകളും ഒക്കെ കിട്ടുന്നത് കൊണ്ട് തന്നെ പണത്തിന് യാതൊരു ബുദ്ധിമുട്ടും അവൾക്ക് നേരിടേണ്ടി വന്നിട്ടില്ല. പാർലറിൽ എത്തി തന്റെ റൂമിൽ കേറി ബാഗ് വെച്ച ശേഷം ചെയറിലേക്ക് ഇരുന്ന് അവളൊന്നു കണ്ണടച്ചു…
നല്ല പോലെ തലവേദനിക്കുന്നുണ്ട്. ചെറുതായി മയക്കത്തിലേക്ക് വഴുതി വീണ അവളെ ഞെട്ടിച്ചു കൊണ്ട് ഫോൺ ശബ്‌ദിച്ചു. അവൾ നീരസത്തോടെ അവൾ കയ്യിലെടുത്തു. ജീവൻ കാളിങ്….ഇതെന്താ ഇപ്പോഴൊരു വിളി….അവൾ അമ്പരന്നു….പിന്നെ കാൾ കട്ട് ചെയ്യ്തു ഫോൺ സൈലന്റ് ആക്കി മേശപുറത്ത് വെച്ചു.
തണുത്ത വെള്ളത്തിൽ മുഖം കഴുകി അവൾ പുറത്തേക്ക് നടന്നു. പതിവ് ജോലികളുമായി അവൾ പതിയെ തിരക്കിലായി. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നേരം അവൾ വെറുതെ ഫോൺ എടുത്തു നോക്കി. ജീവന്റെ 17 മിസ്ഡ്കാൾസ്….തിരിച്ചു വിളിക്കണോ വേണ്ടയോ അവളൊന്നു സംശയിച്ചു…പിന്നെ രണ്ടും കല്പിച്ചു തിരിച്ചു വിളിച്ചു.
വിളിക്കായി കാത്തിരുന്ന പോലെ പെട്ടന്ന് തന്നെ കാൾ അറ്റന്റ് ചെയ്യപ്പെട്ടു…സമി…ജീവന്റെ ശബ്ദമവൾ കേട്ടു. എന്താ ജീവൻ….വർഷങ്ങൾക്ക് ശേഷം എന്തിനാണ് ഇപ്പോഴൊരു വിളി സമിത്ര നിർവികാരതയോടെ ചോദിച്ചു.
സമിക്ക് ബുദ്ധിമുട്ടായോ ജീവൻ ചോദിച്ചു. നിങ്ങൾ കാര്യം പറയൂ ജീവൻ…സമിത്ര അസ്വസ്ഥതയോടെ പറഞ്ഞു.
നമ്മുടെ അനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി സമി…ഇന്നലെ രാത്രി…ബാംഗ്ലൂരിൽ അവന്റെ ചിത്രങ്ങളുടെ ഒരു പ്രദർശനം നടത്തിയിരുന്നു. അവിടെന്നു മടങ്ങി വരുമ്പോഴായിരുന്നു…..ചെറുതായി മദ്യപിച്ചിരുന്നു…പേടിക്കാൻ ഒന്നുമില്ല. അവിടുത്തെ തന്നെ ഹോസ്പിറ്റലിൽ ആയിരുന്നു…ഇന്ന് വെളുപ്പിന് നമ്മുടെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി…എത്രയൊക്കെ ആയാലും നീ അവന്റെ ഭാര്യ തന്നെയല്ലേ സമി…അതുമാത്രമല്ല അവന്റെ കുഞ്ഞിന്റെ അമ്മയുമാണ്…ഒന്ന് വിളിച്ചു അറിയിക്കുക എന്നത് ഒരു സുഹൃത്തെന്ന നിലയിൽ എന്റെ കടമയാണെന്ന് എനിക്ക് തോന്നി…അത്കൊണ്ട് ആണ് വിളിച്ചത്…അത്രയും പറഞ്ഞു ജീവൻ ഫോൺ വെച്ചു.
സമിത്രയുടെ കയ്യിലിരുന്നു ഫോൺ വിറച്ചു….അവളുടെ കൺകോണിലൂടെ ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു….
******************
ഈ അമ്മയ്ക്കിത് എന്താ പറ്റിയെ….വൈകുന്നേരം ആവേശത്തോടെ സ്കൂളിലെ ആദ്യ ദിവസത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുകയായിരുന്ന ശങ്കു തന്നെ അമ്മ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവളെ കുലുക്കി വിളിച്ചു. അവൾക്ക് പെട്ടന്ന് ദേഷ്യം വന്നു. ശങ്കു….അവൾ ദേഷ്യത്തോടെ ഒരല്പം ശക്തിയോടെ കുഞ്ഞിന്റെ കയ്യിൽ അടിച്ചു.
അമ്മ എന്നെയെന്നെ അടിച്ചു ലെ….ശങ്കുവിന്റെ മുഖം പെട്ടന്ന് ചുവന്നു….അവൻ ദേഷ്യത്തോടെ ടീപ്പോയിൽ ഇരുന്ന ചായക്കപ്പ് തട്ടി താഴെയിട്ടു.
ശങ്കു….അമ്മ ദേഷ്യം വന്നപ്പോ അറിയാതെ അടിച്ചു പോയതാ മോനെ…സോറി….സമിത്ര കുഞ്ഞിനെ എടുക്കാൻ കൈ നീട്ടി.
വേണ്ട അമ്മയെന്നെ തൊടണ്ട….അമ്മ ചീത്തയാ…ശങ്കു മുറിയുടെ മൂലയിൽ പോയിരുന്നു മുടി രണ്ട് കൈ കൊണ്ട് പിടിച്ചു വലിച്ചു കൊണ്ട് പിറു പിറുത്തു. അവൾക്ക് പെട്ടന്ന് അനിരുദ്ധനെ ഓർമ വന്നു. അയാളും ഇങ്ങനെയായിരുന്നു….നിയന്ത്രണം വിട്ട് പോവുന്ന സമയത്തെല്ലാം നീട്ടി വളർത്തിയ മുടിയിൽ ശക്തിയായി പിടിച്ചു വലിക്കുമായിരുന്നു…
ശങ്കു….മോനെ…അവൾ കുഞ്ഞിന്റെ അരികിലേക്ക് നടന്നു. ശങ്കു പെട്ടന്ന് എണീച്ചു അവന്റെ മുറിയിൽ കേറി വാതിൽ വലിച്ചടച്ചു. വെറും പത്തു വയസിൽ തന്നെ ഈ കുട്ടിക്ക് എന്തൊരു വാശിയും ദേഷ്യവുമാണ്…സമിത്രയുടെ കണ്ണ് നിറഞ്ഞു.
*****************
അമ്മേ….ഹാളിലെ ടേബിളിൽ തല വെച്ച് കിടക്കുന്ന സമിത്രയുടെ നെറ്റിയിൽ ശങ്കു പതിയെ തൊട്ടു. എന്താ ശങ്കു….
സോറി അമ്മാ…ശങ്കുന് പെട്ടന്ന് ദേഷ്യം വന്നോണ്ടല്ലേ….ഇനി ശങ്കു അമ്മയോട് പിണങ്ങൂലട്ടോ…ശങ്കു തന്റെ കുഞ്ഞികൈകൾ കൊണ്ട് അമ്മയെ കെട്ടിപിടിച്ചു.
ശങ്കു…അമ്മയ്ക്ക് എല്ലാമായിട്ട് ശങ്കു മാത്രല്ലേയുള്ളൂ…ശങ്കു അമ്മയോട് ഇനി പിണങ്ങരുത് ട്ടോ…അവൾ കുഞ്ഞിന്റെ കവിളിൽ ഉമ്മ വെച്ചു.
ഇല്ലമ്മാ….ശങ്കു ഇനി പിണങ്ങൂല..ശങ്കു ചിണുങ്ങി.
എന്ന വേഗം പോയി റെഡി ആവ്…. നമുക്ക് ഇന്ന് ഡിന്നർ പുറത്ത് നിന്നും കഴിക്കാം. ശങ്കു റെഡിയാവാൻ പോവുന്നത് നോക്കി സമിത്ര ഒരു ദീർഘശ്വാസമുതിർത്തു…മുതിർന്നവരുടെ നെഞ്ചിലെ നീറ്റലും പ്രയാസങ്ങളും കുട്ടികൾക്ക് മനസിലാവുമോ….
*****************
രാത്രി ശങ്കുവിനെ കെട്ടിപിടിച്ചു കിടക്കുമ്പോ അറിയാതെ അവളുടെ ഓർമയിലേക്ക് അനിരുദ്ധൻ കയറി വന്നു..
ശങ്കു….
എന്താ അമ്മാ…
മോന് അപ്പയെ കാണാൻ എപ്പോഴെങ്കിലും കൊതി തോന്നിയിട്ടുണ്ടോ…അവൾ വിറയലോടെ കുഞ്ഞിനോട് ചോദിച്ചു.
ഇല്ല….എന്റെ അപ്പയും അമ്മയുമെല്ലാം എന്റെ അമ്മയാണ്…എനിക്കെന്റെ അമ്മ മാത്രം മതി…
അവന്റെ പക്വത നിറഞ്ഞ ഉത്തരം അവളെ തെല്ലും ഞെട്ടിച്ചില്ല…ഒരു പത്തു വയസ് പ്രായത്തിൽ കൂടുതൽ ബുദ്ധിയും പക്വതയും അവനുണ്ട്. മോൻ ഉറങ്ങിക്കോ….അമ്മയൊന്നു കുളിക്കട്ടെ….
കുഞ്ഞിനെ പുതപ്പിച്ചു കിടത്തി കൊണ്ട് അവൾ ബാത്‌റൂമിലേക്ക് നടന്നു. ഷവറിനു കീഴിൽ തണുത്ത വെള്ളം ദേഹം നനച്ചു കടന്നു പോയപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി. വെള്ളത്തോടൊപ്പം കണ്ണുനീരും താഴേക്ക് വീണു ചിതറി….മാറിടങ്ങൾക്ക് നടുവിലായി മിന്നുന്ന ഇനിയും അഴിച്ചു വെക്കാത്ത തിളങ്ങുന്ന താലിയിൽ അവൾ മുറുകെ പിടിച്ചു…
കുളിച്ചു ഭക്ഷണം കഴിച്ചു അവൾ ശങ്കുവിന്റെ അരികിലായി ചേർന്ന് കിടന്നു…ചില നേരങ്ങളിൽ ശങ്കുവിന് പോലും അനിരുദ്ധന്റെ വിയർപ്പിന്റെ മണമാണ്…അവളുടെ കണ്ണുകൾ അനുവാദമില്ലാതെ നിറയാൻ തുടങ്ങി.
******************
സമി….നീ വരുന്നോ…നമ്മുടെ അനിരുദ്ധന്റെ ചിത്രങ്ങൾ പ്രദർശനത്തിന് വെക്കുന്നുണ്ട്…നമുക്ക് ഒന്ന് പോയാലോ….പുള്ളിയെ നേരിട്ട് കാണുകയും ചെയ്യാലോ…കൂട്ടുകാരി ദിവ്യ സമിത്രയോട് പറഞ്ഞു.
ഞാൻ വരുന്നില്ല നീ പൊയ്ക്കോ…സമിത്ര പറഞ്ഞു.
എടി…അറിയപ്പെടുന്ന ചിത്രകാരനാണ് അനിരുദ്ധൻ…പോരാത്തതിന് ഒരുപാട് ആരാധികമാരുള്ള ഒരു ചുള്ളനും…അയാളെ നേരിട്ടൊന്ന് കാണുകയെന്നു വെച്ചാൽ ഭാഗ്യമാടി…
ആം വരാം നീ അതിന് ഇങ്ങനെ തള്ളി മറിക്കണ്ട….സമിത്ര ചിരിയോടെ പറഞ്ഞു.
സമിത്രയും ദിവ്യയും ഫൈനൽ ഇയർ ഡിഗ്രി സ്റ്റുഡന്റസ് ആണ്….ദിവ്യക്ക് ലേശം കവിതഭ്രാന്തൊക്കെ ഉള്ള കൂട്ടത്തിലാണ്. അനിരുദ്ധന്റെ കടുത്ത ആരാധികകൂടിയാണ് അവൾ….ചിത്രപ്രദര്ശനവും കഴിഞ്ഞു അനിരുദ്ധനെ കാണാൻ ദിവ്യയും സമിത്രയും ചെന്നു.
സർ…. ഞാൻ, ദിവ്യ…. ഇത് സമിത്ര….ഞങ്ങൾ സാറിന്റെ ചിത്രങ്ങളൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്. അപ്പോ ഒന്ന് കാണണമെന്ന് തോന്നി വന്നതാണ്…ദിവ്യ ആരാധനയോടെ അനിരുദ്ധനെ നോക്കി….
ഇരിക്കൂ…..അനിരുദ്ധൻ അവരെ ക്ഷണിച്ചു…..
ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും സമിത്ര ആദ്യമായി അനിരുദ്ധനെ കാണുകയായിരുന്നു…അവൾ ഇടംകണ്ണിട്ട് അയാളെ നോക്കി….തോളൊപ്പം കിടക്കുന്ന നല്ല ചുരുണ്ട ഇടതൂർന്ന മുടി….ഷേപ്പിൽ വെട്ടിയൊതുക്കിയ താടിയും മീശയും വൃത്തിയുള്ള ജീൻസും ഷർട്ടും….ഭംഗിയുള്ള നീണ്ട വിരലുകൾ….ചിരിക്കുമ്പോൾ തെളിയുന്ന ഇടപ്പല്ല്…മൊത്തത്തിൽ ഒരു കലാകാരന്റെ ലുക്ക് ഒന്നുമില്ലെങ്കിലും കാണാനൊരു ചന്തമൊക്കെയുണ്ട്.
ദിവ്യ അയാളുമായി വാ തോരാതെ സംസാരിക്കുമ്പോഴും സമിത്ര അനിരുദ്ധനെ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുകയായിരുന്നു..പലപ്പോഴും അയാളുടെ കണ്ണുകൾ തന്നെ ശ്രദ്ധിക്കുന്നതും അവൾ കണ്ടുപിടിച്ചു.
തന്റെ കൂട്ടുകാരിയെന്താ സംസാരിക്കില്ലേ…ദിവ്യയോട് അനിരുദ്ധൻ ചോദിച്ചു.
അത് പിന്നെ ഞാൻ…സമിത്ര വിക്കി…നമുക്ക് പോവാമെന്ന് അവൾ ദിവ്യയെ നോക്കി കണ്ണ് കാണിച്ചു.
ഞങ്ങൾ ഇറങ്ങട്ടെ സാർ…ദിവ്യ പറഞ്ഞു….
ഉം ഓക്കേ…അനിരുദ്ധൻ ചിരിയോടെ പറഞ്ഞു. ദിവ്യയും സമിത്രയും എണീച്ചതും അനിരുദ്ധൻ പെട്ടന്ന് അവരോട് നിൽക്കാൻ പറഞ്ഞു…തന്റെ നമ്പർ എനിക്കൊന്നു തരാൻ പറ്റുമോ… ചിരിയോടെ അയാൾ സമിത്രയോട് ചോദിച്ചു…
ഒരു പരുങ്ങലോടെ നമ്പർ കൊടുത്തു കൊണ്ട് അവർ തിരിഞ്ഞു നടന്നു….പകുതിയെത്തി അവളൊന്നു തിരിഞ്ഞു നോക്കി..അവളെ തന്നെ നോക്കി കൊണ്ട് ചെറുചിരിയോടെ അനിരുദ്ധൻ നിൽപ്പുണ്ടായിരുന്നു.
*******************
എടി സമി….ആ അനിരുദ്ധന് നിന്നോടെന്തോ ഉണ്ട് കേട്ടോ…രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദിവ്യ സമിത്രയെ കളിയാക്കി.
പോടീ…. അറിയാതെ സമിത്രക്ക് നാണം വന്നു…എടി നമ്പർ വാങ്ങിയിട്ട് വിളിയൊന്നും വന്നില്ലല്ലോ…ദിവ്യ പറഞ്ഞു.
പെട്ടന്ന് ഫോൺ ഇരുമ്പി….എടി പുള്ളി ആണെന്ന തോന്നുന്നേ ദിവ്യ ഫോൺ എടുത്തുകൊണ്ടു പറഞ്ഞു. സമിത്ര ഫോൺ വാങ്ങി കാൾ എടുത്തു. സമിത്ര…..ഞാനാണ് അനിരുദ്ധൻ…അയാളുടെ ഗാംഭീര്യം നിറഞ്ഞ ശബ്ദം ഫോണിലൂടെ ഒഴുകിയെത്തി.
പറയൂ സർ…തന്റെ നമ്പർ വാങ്ങിയത് വേറെ ഒന്നിനുമല്ല കേട്ടോ…എന്റെ ചിത്രങ്ങൾക്ക് മോഡൽ ആവാനൊരു കുട്ടിയെ തപ്പി നടക്കുകയായിരുന്നു ഞാൻ…എന്തോ തന്നെ കണ്ടപ്പോ താൻ അതിന് പറ്റുമെന്ന് തോന്നി….തനിക്ക് താല്പര്യം ഉണ്ടെങ്കിൽ ആലോചിച്ചിട്ട് തിരിച്ചു വിളിക്കു….ഞാൻ കുറച്ചു ദിവസം ഇവിടെ കാണും…വേറെ ഒന്നും പറയാതെ അയാൾ ഫോൺ കട്ട് ചെയ്തു.
എന്താടി പറഞ്ഞെ….ആകാംക്ഷയോടെ ദിവ്യ ചോദിച്ചു. അനിരുദ്ധൻ പറഞ്ഞതൊക്കെ അവൾ ദിവ്യയോട് പറഞ്ഞു…ആഹാ കൊള്ളാലോ ഡി മോളെ….നീ ഓക്കേ പറ…ഇതൊക്കെ ഒരു ഭാഗ്യമല്ലേ…
പക്ഷെ എനിക്കെന്തോ…വേണ്ടടി….അതൊന്നും ശരിയാവില്ല സമിത്ര പറഞ്ഞു. ഒരു കുഴപ്പവുമില്ല….നീ വിളിക്ക്…ദിവ്യ പറഞ്ഞു. വിളിക്കണോ സമിത്ര മടിച്ചു. വിളിക്കടി….നേരത്തെ വിളിച്ച നമ്പറിലേക്ക് അവൾ തിരിച്ചു വിളിച്ചു.
******************
സമിത്ര….ഇതാണ് ജീവൻ…എന്റെ ചെറുപ്പം മുതലുള്ള കൂട്ടാണ്….അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആണ്….ജീവനാണ് തന്നെ ഒരുക്കുക. ദിവ്യക്കും സമിത്രയ്ക്കും ജീവനെ അനിരുദ്ധൻ പരിചയപെടുത്തി. അയാൾ അവരെ നോക്കി പുഞ്ചിരിച്ചു.
ചെല്ല്….ഡ്രസ്സ് ഒക്കെ റൂമിൽ ഉണ്ട്…ചെന്ന് മാറിയിട്ട് ജീവനെ കാണൂ….അവൻ മേക്കപ്പ് ഇടട്ടെ…ഞൊറിയിട്ട ചുവന്ന ചേലയും അണിഞ്ഞു മുടിയിൽ പട്ടത്തിപൂവും ചൂടി അന്ന് ആദ്യമായി അയാൾക്ക് മുൻപിൽ അവൾ സ്വയം മറന്നിരുന്നു…മണിക്കൂറുകൾക്ക് ശേഷം അയാൾ വരച്ച സ്വന്തം ചിത്രം കണ്ട് അവൾ പോലും വിസ്മയപെട്ടു പോയി….അതിമനോഹരമായി തന്റെ സൗന്ദര്യത്തെ അയാൾ ഒപ്പിയെടുത്തിരിക്കുന്നു. അതൊരു തുടക്കമായിരുന്നു….
പിന്നീടങ്ങോട്ട് അയാൾ വരച്ച ജീവൻ തുടിക്കുന്ന ഒരുപാട് ചിത്രങ്ങൾക്ക് അവളുടെ മുഖമായിരുന്നു. അതിനിടയിൽ ദിവ്യയും ജീവനും തമ്മിൽ പ്രണയത്തിൽ ആവുകയും വിവാഹിതരാവുകയും ചെയ്തു. എപ്പോഴോ അനിരുദ്ധന് തന്റെ ചിത്രങ്ങളോട് തോന്നിയ പ്രണയം ആ ചിത്രങ്ങൾക്ക് ജീവൻ പകർന്ന മോഡലിനോടും തോന്നി…അത് തുറന്നു പറയുമ്പോൾ അതിനായി കാത്തിരുന്ന പോലെ സമിത്രയുടെ കണ്ണുകളിൽ വല്ലാത്തൊരു പ്രകാശം അനിരുദ്ധൻ കണ്ടു….
തുടർന്നു ആകാശവും ഭൂമിയും അസൂയപെടും വിധം അവർ മത്സരിച്ചു പ്രണയിക്കുകയായിരുന്നു….നീണ്ട രണ്ട് വർഷത്തെ പ്രണയത്തിന്റെ അവസാനം വീട്ടുകാരെ എതിർത്തു കൊണ്ട് ഒരു താലി ചരടിൽ അനിരുദ്ധൻ സമിത്രയെ സ്വന്തമാക്കി. സന്തോഷവും പ്രണയവും നിറഞ്ഞു തുളുമ്പിയ ഒരുപാട് ദിവസങ്ങൾ മാസങ്ങൾ…..പിന്നീട് ശങ്കറിന്റെ ജനനം…അനിരുദ്ധന്റെ ആഗ്രഹമായിരുന്നു കുഞ്ഞിന് ശങ്കർ എന്ന് പേരിടണമെന്നു…ശങ്കറും അനിരുദ്ധനും സമിത്രയും….ആരും കൊതിച്ചു പോവുന്ന സന്തുഷ്ട കുടുംബം…
പിന്നീട് എപ്പോഴാണ് അനിരുദ്ധൻ തന്നിൽ നിന്നും അകന്നത്….ഉപേക്ഷിച്ച മദ്യപാനവും ലഹരിയും എങ്ങനെയാണു അവനിലേക്ക് വീണ്ടും തിരിച്ചെത്തിയത്…വീട്ടിൽ പലപ്പോഴും അയാൾക്കൊപ്പം വന്നിരുന്ന സ്ത്രീ സുഹൃത്തുകളിൽ പലരുമായി അയാൾക്ക് മോശപ്പെട്ട ബന്ധമുണ്ടെന്നു അയാളുടെ ഫോണിലെ ചിത്രങ്ങളും വീഡിയോകളും കാണിച്ചു തന്ന അന്ന് താൻ ആദ്യമായി അയാൾക്ക് നേരെ ശബ്ദമുയർത്തി. അന്ന് അവൾ തല്ലി ചതയ്ക്കപ്പെട്ടു….
ക്രൂരമായ അയാളുടെ പീഡനങ്ങൾക്ക് അവൾ ഇരയായി തുടർച്ചയായ മദ്യവും മയക്കുമരുന്നും ഉപയോഗം അയാളെ ഒരു ഭ്രാന്തനാക്കി മാറ്റിയിരുന്നു. ഒരിക്കൽ വീട് വിട്ടു പോയ അനിരുദ്ധനെ തുടർച്ചയായ നാലാം ദിവസവും കാണാതെ വന്നപ്പോൾ സ്വയം ശപിച്ചു കൊണ്ട് ഒരു വയസു മാത്രമുള്ള ശങ്കുവിനെയും എടുത്തു അവൾ ആ വീടിന്റെ പടി കടന്നു.
കയ്യിൽ ഉണ്ടായിരുന്ന കുറച്ചു സ്വർണം വിറ്റാണ് അവൾ സ്വന്തമായി ഒരു പാർലർ തുടങ്ങിയത്…പിന്നീട് അങ്ങോട്ടൊരു വാശിയായിരുന്നു…ജീവിക്കാനുള്ള വാശി…സ്വന്തമായി വീട് വെച്ചു വണ്ടി വാങ്ങി….നന്നായി തന്നെ ശങ്കുവിനെ വളർത്തി പഠിപ്പിച്ചു. അതിന് ഇടയിൽ എപ്പോഴൊക്കെയോ അനിരുദ്ധന്റെ വിളികൾ തന്നെ തേടിയെത്തി….എല്ലാം കണ്ടിട്ടും കണ്ടില്ലെന്നു തന്നെ നടിച്ചു.
ഇപ്പൊ വർഷം ഒൻപതു കഴിഞ്ഞിരിക്കുന്നു…ഒരു സമയം ജീവന് തുല്യം സ്നേഹിച്ചിരുന്നവൻ ആണ് കുറച്ചു അകലെ സ്വന്തം ജീവന് വേണ്ടി പിടയുന്നത്….നീറുന്ന ഒരുപാട് ഓർമകളാൽ സമിത്രയുടെ കണ്ണുകൾ നിറഞ്ഞു….ഒന്നുകൂടി ശങ്കുവിനെ ചേർത്ത് പിടിച്ചു കൊണ്ട് വിങ്ങലോടെ സമിത്ര കണ്ണടച്ചു.
******************
ഹലോ ജീവൻ…
പറയൂ സമി…
അനിക്ക് എങ്ങനെയുണ്ട് ഇപ്പോൾ…
ബോധം വന്നു…വാർഡിലേക്ക് മാറ്റി…. പേടിക്കാൻ ഒന്നുമില്ല.
നാളെ ഞാൻ വരുന്നുണ്ട്….വർഷങ്ങൾക്ക് ശേഷമുള്ള ഒരു കൂടി കാഴ്ച്ചക്ക് ഒരുങ്ങിക്കോളാൻ പറഞ്ഞേക്കു അയാളോട്….അത്രയും പറഞ്ഞു സമിത്ര ഫോൺ കട്ട് ആക്കി.
******************
ശങ്കു….. മോന് അപ്പയെ ഫോണിലെ ഫോട്ടോയിൽ കണ്ടുള്ള പരിചയമല്ലേ ഉള്ളു….നമുക്കിന്നു അപ്പയെ കാണാൻ പോയാലോ….?
പോവാം അമ്മാ….ശങ്കുവിന് ഉത്സാഹമായി. അത് അച്ഛനെ കാണാനുള്ള കൊതി കൊണ്ടുള്ള ഉത്സാഹമല്ലന്നു സമിത്രക്കറിയാം. പുറത്തു എവിടെ പോവാമെന്ന് പറഞ്ഞാലും അവനു ഉത്സാഹമാണ്…ശങ്കുവിന് ഭക്ഷണവും കൊടുത്തു ഒരുക്കി വീടും പൂട്ടി അവർ ഹോസ്പിറ്റലിലേക്ക് യാത്രയായി.
*****************
തന്റെ മുൻപിൽ കണ്ണടച്ചു കിടക്കുന്ന അനിരുദ്ധനെ സമിത്ര വല്ലായ്മയോടെ നോക്കി. കാലം അയാളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. മുടിയിഴകൾ അങ്ങിങ്ങായി നര വീണിരിക്കുന്നു. കൺതടങ്ങളിൽ കറുപ്പ് പടർന്നിരിക്കുന്നു….ശ്വാസമെടുക്കുമ്പോൾ നെഞ്ചിൽ ഉയർന്നു പൊങ്ങുന്ന വാരിയെല്ലുകൾ….വല്ലാത്തൊരു വീർപ്പ്മുട്ടലോടെ സമിത്ര അയാളുടെ മെലിഞ്ഞ കൈകളിൽ മെല്ലെ തലോടി…
അനി….അവൾ പതുക്കെ വിളിച്ചു. നീര് വന്നു ചീർത്ത കൺപോളകൾ അനിരുദ്ധൻ വലിച്ചു തുറന്നു. തനിക്ക് മുൻപിൽ നിൽക്കുന്നത് ആരാണെന്നു ഒരു നിമിഷം അയാൾക്ക് മനസിലായില്ല. ഒന്നുടെ കണ്ണ് ചിമ്മി തുറന്നു കൊണ്ട് അയാൾ നോക്കി…സമി….അയാളുടെ ചുണ്ടുകൾ വിറച്ചു….
അതേ സമിത്ര തന്നെ….
നീ ഇവിടെ എങ്ങനെ വന്നു….
എന്നെ ജീവൻ വിളിച്ചിരുന്നു…
ഉം… അയാൾ വെറുതെ മൂളി. പെട്ടന്ന് വാതിൽ തുറന്നു ജീവനും ദിവ്യയും ശങ്കുവും കേറി വന്നു.
ശങ്കു….ദേ ഇതാണ് അപ്പ..സമിത്ര അനിരുദ്ധനെ പുച്ഛത്തോടെ നോക്കികൊണ്ട് ശങ്കുവിനോട് പറഞ്ഞു. സമിത്രയുടെ പിന്നിൽ പകുതി മറഞ്ഞു നിക്കുന്ന ശങ്കുവിനെ അനിരുദ്ധൻ വാത്സല്ല്യത്തോടെ നോക്കി.
വാ…അയാൾ കൈ നീട്ടി കുഞ്ഞിനെ വിളിച്ചു. ശങ്കു മടിച്ചു മടിച്ചു അയാൾക്ക് അരികിലേക്ക് നടന്നു….അയാൾ കുഞ്ഞിന്റെ കയ്യെടുത്തു ചുണ്ടോട് ചേർത്ത് ഉമ്മ വെച്ചു…ശങ്കു പെട്ടന്ന് കൈ വലിച്ചു സമിത്രയുടെ അരികിലേക്ക് ഓടി.
നിങ്ങളിനി പൊയ്ക്കോളൂ ജീവൻ….ഇനി ഞാൻ നോക്കിക്കോളാം അനിയെ…ഇടയ്ക്ക് ഒന്ന് വന്നാൽ മതി…ജീവനും ദിവ്യയും അനിരുദ്ധനും വിശ്വാസം വരാതെ അവളെ നോക്കി. പാർലർ തത്കാലം പൂട്ടിയേക്കുവാ….ഇനി ഞാനുണ്ടാകും ഇവിടെ…ഡിസ്ചാർജ് ആവും വരെ ശങ്കുവിനെ നിങ്ങളുടെ കൂടെ ഒന്ന് നിർത്തിയാൽ മാത്രം മതി.
യാത്ര പറഞ്ഞു ഇറങ്ങിയ ശങ്കുവിനെ അവൾ സങ്കടത്തോടെ കെട്ടിപിടിച്ചു….മോൻ വിഷമിക്കണ്ട ട്ടോ…അപ്പയ്ക്ക് സുഖമായാല് അമ്മ വേഗം വന്നു മോനെ കൂട്ടി കൊണ്ട് വരാട്ടോ….
******************
ഒന്ന് അനങ്ങാൻ പോലും കഴിയാതെ കിടന്ന അനിരുദ്ധനെ സകല വെറുപ്പും മാറ്റിവെച്ചു അവൾ നല്ലപോലെ നോക്കി….അയാളുടെ മലവും മൂത്രവും ഒരു അറപ്പും കൂടാതെ നീക്കം ചെയ്യ്തു അയാളെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു…നിർദേശിച്ച മരുന്നൊക്കെ കറക്റ്റ് സമയത്ത് കഴിപ്പിച്ചും പതുക്കെ പതുക്കെ അയാളെ അവൾ തിരികെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വന്നു.
പലപ്പോഴും തന്റെ നേർക്ക് നീളുന്ന അയാളുടെ പ്രണയവും സ്നേഹവും നിറഞ്ഞ നോട്ടങ്ങളെ അവൾ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു…മാസങ്ങൾ നീണ്ട പരിചരണങ്ങൾക്കും ചികത്സക്കും ശേഷം അയാളുടെ ആരോഗ്യം മെച്ചപ്പെട്ടു….
ഇന്ന് വേണമെങ്കിൽ അനിരുദ്ധനെ ഡിസ്ചാർജ് ചെയ്യാം….മരുന്നൊക്കെ മുടങ്ങാതെ കഴിച്ചാൽ മതി….പതിവ് റൗണ്ട്സിനു വന്ന ഡോക്ടർ അവളോട് പറഞ്ഞു.
ഡോക്ടർ പോയതും അവൾ തന്റെ ഫോൺ എടുത്തു ജീവനെ വിളിച്ചു….അനിയെ ഡിസ്ചാർജ് ചെയ്യുകയാണ് ജീവൻ….നിങ്ങൾ ഇവിടെ വരെ വരുമോ…?
**********************
ദിവ്യയും സമിത്രയും കൂടി സാധനങ്ങൾ പാക്ക് ചെയ്യുമ്പോഴൊക്കെ അനിരുദ്ധൻ സമിത്രയെ തന്നെ നോക്കികൊണ്ടിരുന്നു…എല്ലാം പാക് ചെയ്യ്തു ശേഷം ശങ്കുവിന്റെ കയ്യും പിടിച്ചു സമിത്ര അനിരുദ്ധന്റെ മുൻപിലേക്ക് ചെന്നു. ഞങ്ങൾ ഇറങ്ങുകയാണ്…
അപ്പോൾ നിങ്ങൾ എനിക്കൊപ്പം വരുന്നില്ലേ…അനിരുദ്ധൻ ഞെട്ടലോടെ അവളോട് ചോദിച്ചു.
വരാനോ…എങ്ങോട്ട്…സമിത്ര ചിരിച്ചു കൊണ്ട് ചോദിച്ചു. നിങ്ങളെന്താ കരുതിയെ…നിങ്ങളോടുള്ള സ്നേഹത്തിന്റെ പുറത്താണ് ഞാൻ നിങ്ങളെ നോക്കിയതെന്നോ…എന്റെ ശങ്കുവിന് വേണ്ടി മാത്രം നാളെ അവൻ എന്നെ ചോദ്യം ചെയ്യാൻ ഒരു സാഹചര്യം വരരുതെന്നു കരുതി മാത്രം…ഇനിയും നിങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങൾ കടന്നു വന്നു ഇനിയും നരകിക്കാൻ എനിക്ക് വയ്യ…ശങ്കു ഇപ്പൊ കുഞ്ഞല്ല…നിങ്ങളുടെ വൃത്തികേടുകൾ കണ്ട് എന്റെ കുഞ്ഞ് പഠിക്കരുത്…അതെന്റെ വാശിയാണ്….ജീവിക്കാൻ അത്യാവശ്യം നല്ലൊരു ജോലി എനിക്ക് ഉണ്ട്…അത് മതി…പിന്നെ നിങ്ങൾ അച്ഛനെയും മകനെയും തമ്മിൽ ഞാൻ വേർപിരിക്കുകയൊന്നുമില്ല. പക്ഷെ ഇപ്പൊ എന്റെ കുഞ്ഞിനെ ഞാൻ നിങ്ങൾക്ക് വിട്ടു തരില്ല…അവനു അറിവ് വരുന്ന പ്രായത്തിൽ എല്ലാം തിരിച്ചറിഞ്ഞു കൊണ്ട് അവൻ നിങ്ങളെ തേടി വരുമെങ്കിൽ നിങ്ങളെ തേടി വരട്ടെ…നിങ്ങളുടെ കുഞ്ഞിന്റെ അമ്മ എന്ന നിലയിൽ നിങ്ങൾക്കു വേണ്ടി ഞാൻ ഇത്രയൊക്കെ ചെയ്യ്തു തന്നു…ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല…അത്കൊണ്ട് പോവുന്നു…
അത്രയും പറഞ്ഞു ഒരു മറുപടിക്ക് പോലും കാക്കാതെ സമിത്ര ശങ്കുവുമായി പുറത്തേക്ക് നടന്നു…
വീട്ടിലേക്കുള്ള യാത്രയിൽ പുറത്തേക്ക് നോക്കി മിണ്ടാതെ ഇരിക്കുന്ന ശങ്കുവിന്റെ മുടിയിൽ സമിത്ര അരുമയോടെ തലോടി. മോൻ അമ്മയോട് പിണക്കമാണോ….അപ്പയോട് അങ്ങനെയൊക്കെ പറഞ്ഞതിന്….
നോ അമ്മാ….എന്റെ അമ്മ എപ്പോഴും ബെസ്റ്റ് ആണ് എനിക്കറിയാം…ശങ്കു പുഞ്ചിരിയോടെ പറഞ്ഞു.
ഇത് മതി…ഈ വാക്കുകൾ മാത്രം മതി….നീതിയും ന്യായവുമെല്ലാം ഇനി വളർന്നു വലുതാവുമ്പോൾ അവൻ തന്നെ തീരുമാനിക്കട്ടെ…..നിറഞ്ഞ കണ്ണുകൾ അവനിൽ നിന്നും മറച്ചു കൊണ്ട് അവൾ സമാധാനത്തോടെ വീട്ടിലേക്ക് കാറോടിച്ചു…