സദാചാരക്കുരു – എഴുത്ത്: ആദർശ് മോഹനൻ
പാതിരാത്രി ബൈക്കിൽ അമ്മയോടൊപ്പം സെക്കന്റ് ഷോയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങണ സമയത്താണ് അത് സംഭവിച്ചത്. നടുറോഡിൽ വച്ചു വണ്ടി ഓഫായി, പോരാത്തേന് ഫോണും ചാർജ് ഇറങ്ങി പോയി, കഷ്ടകാലം പെട്ടിയോട്ടോറിക്ഷ വിളിച്ചു തന്നെ വരും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പൊ അനുഭവിച്ചു.
പെട്രോൾ കഴിഞ്ഞതാണോ അല്ലേയെന്ന് ടാങ്ക് തുറന്ന് ഉറപ്പുവരുത്തി. അല്ല അരടാങ്ക് പെട്രോൾ ഉണ്ട്, വണ്ടി ചരിച്ചും കിടത്തിയുമൊക്കെ കിക്കറടിച്ചു നോക്കി, നോ രക്ഷ…ഡിപ്ലോമക്ക് കിട്ടിയ മെക്കാനിക്കൽ കോഴ്സിനെ പുറംകാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു ഇലക്ട്രോണിക്സ് തിരഞ്ഞെടുത്ത ആ നിമിഷത്തെ ഞാനൊന്ന് പ്രാകിയതാണ് അന്നേരം.
എന്റെ കോപ്രായങ്ങൾ കണ്ട് എനിക്ക് നേരെ നിന്ന് മുഖംപൊത്തി ചിരിച്ച അമ്മേടെ മുഖം കണ്ടപ്പോ ആ തിരുമോന്ത നോക്കി ഞാനിങ്ങനെ മൊഴിഞ്ഞു…”ഇളിക്കണ്ട നാല് കിലോമീറ്റർ പാട്ടും പാടി നടക്കാം നമുക്ക്…”എന്ന്.
“അതിനെന്താ നടക്കാം ല്ലൊ, എനിക്ക് എന്റെ കാര്യം ഓർത്തിട്ടല്ല തൊട്ടപ്പുറത്തെ വീട്ടിലേക്ക് പോണെങ്കിൽ തന്നെ ഈ കുന്ത്രാണ്ടത്തിൽ സവാരി ചെയ്യുന്ന എന്റെ പൊന്നുമോൻ ഇനി നാല് കിലോമീറ്റർ ഈ പാട്ടയും തള്ളിപ്പിടിച്ചു നടക്കണമല്ലോ എന്നോർത്തപ്പോൾ അറിയാതെ ചിരിച്ചുപോയതാണ്.” അമ്മേടെ ആ കൗണ്ടറടി എനിക്കിട്ട് നന്നായി കൊണ്ടു, പണ്ടാരടങ്ങാൻ ഈ നേരത്ത് ഒരു ഓട്ടോ പോലും കിട്ടില്ലലോ എന്നോർത്ത് ഞാനാ പേടകത്തെ മനസ്സില്ലാ മനസ്സോടെ തള്ളിക്കൊണ്ട് നടന്നു.
പകുതി ദൂരം എത്തിയപ്പോൾ റോഡിന്റെ ഓരത്തുള്ള പറമ്പിൽ ഒരു വെളിച്ചം കണ്ടു, അടുത്തെത്തിയപ്പോൾ മനസ്സിലായി ഒരു പറ്റം ചെറുപ്പക്കാരാണ് അത് എന്ന്, ഏകദേശം എന്റെ അത്രയും പ്രായം കാണും അവർക്ക്…ഏതെങ്കിലും ഓട്ടോക്കാരുടെ നമ്പർ കിട്ടുമോ എന്ന് ചോദിക്കാൻ മുതിർന്നതാണ് ഞാൻ. വട്ടം കൂടിയിരുന്നുള്ള ചീട്ടുകളിക്കുകയായിരുന്നു അവർ ഗ്ലാസിൽ നിറച്ചു വെച്ച മദ്യം നുണയുന്ന അവർക്കിടയിലേക്ക് കയറിച്ചെല്ലാൻ ഞാനൊന്ന് മടിച്ചതാണ്.
തിരിഞ്ഞ് നടന്നപ്പോൾ കൂട്ടത്തിൽ ഒരുത്തനെന്നോട് ചോദിച്ചു….”മ്മ്, എന്താ വേണ്ടത്…? ഇവിടെ മുൻപൊന്നും കണ്ടിട്ടില്ലാലോ തന്നെ…?”
“ചേട്ടാ ഞങ്ങൾ സെക്കന്റ് ഷോ കഴിഞ്ഞു വരികയായിരുന്നു, ഇടയിൽ വച്ചു ബൈക്ക് ഒന്ന് കേടായി. ഏതെകിലും ഓട്ടോക്കാരുടെ നമ്പര് കിട്ടിയാൽ ഉപകാരമായിരുന്നു.”
“കൂടെയുള്ളത് ആരാ…?” അയാൾ അർത്ഥം വച്ചെന്റെ അമ്മയെ നോക്കികൊണ്ടാണത് പറഞ്ഞത്.
“എന്റെ അമ്മയാണ് ചേട്ടാ…” അത് കേട്ടപ്പോഴേക്കും അയാൾ അട്ടഹസിച്ചുകൊണ്ട് എന്റെ തോളിൽ തട്ടി.
“വേല കയ്യിലിരിക്കട്ടെ മോനെ, ഇത് നിന്റെ അമ്മയാണ് എന്നതിന് എന്താ തെളിവ്, ഇങ്ങനെ പല അടവുകളും കണ്ടിട്ടുള്ളതാ ഇവിടുത്തെ നാട്ടുകാര് വെറും മണ്ടന്മാർ ആണെന്ന് കരുതരുത് നീ”
അത് കേട്ടപ്പോൾ എന്റെ രക്തം തിളച്ചു വന്നതാണ്, ദേഷ്യത്തെക്കാൾ കൂടുതൽ വിഷമമാണ് അന്നേരം തോന്നിയതും…പറഞ്ഞു നിൽക്കലെ ഒരുത്തനെന്റെ കോളറിൽ പിടുത്തമിട്ടു. “സത്യം പറയെടാ ഇവരുമായിട്ട് നിനക്കെന്താണ് ഇടപാട് പറഞ്ഞാൽ തടി കേടാകാതെ പോകാം അല്ലെങ്കിൽ പോലീസ് നെ വിളിച്ചു വരുത്തും.”
എന്നേ തല്ലാനവൻ കയ്യോങ്ങിയതും അമ്മയോടിവന്നവന്റെ കാലിൽ വീണു അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. “മോനെ മോന്റെ അമ്മേടെ പ്രായമുണ്ടാകില്ലേ എനിക്ക്, ഇങ്ങനൊന്നും ആരോടും പെരുമാറരുത്.” ഒരു ദാക്ഷീണ്യവുമില്ലാത്ത അവന്റെ മറുപടി എന്റെ സിരകളെ ചൂടുപിടിപ്പിച്ചതാണ്, അമ്മേം പെങ്ങളെയും തിരിച്ചറിയാത്തവന്റെ മറുപടി ഇപ്രകാരമായിരുന്നു.
“എന്റെ അമ്മ, രാത്രിയായാൽ ഇങ്ങനെ പുറത്ത് അഴിഞ്ഞാടി നടക്കാറില്ല, കുടുംബത്തിൽ പിറന്ന ഒരു സ്ത്രീയും അങ്ങനെ ചെയ്യില്ല.” ഞങ്ങളെ വെറുതെ വിടണം സത്യമായിട്ടും ഇതെന്റെ മകൻ തന്നെയാണ് എന്ന് പറയുമ്പോൾ ആ കണ്ണുകൾ അനുരസരണയില്ലാതെ പെയ്തിറങ്ങുന്നുണ്ടായിരുന്നു.
ഒരു ആണിന്റെ ബലവും ബലഹീനതയും അവന്റെ വീട്ടിലുള്ള സ്ത്രീ തന്നെയാണ്. പത്ത് പേരെ ഒരുമിച്ച് നേരിടാൻ ഉള്ള ചങ്കുറപ്പ് ഇല്ലാഞ്ഞിട്ടല്ല, തല്ല് കൊണ്ട് ചത്താലും പോട്ടെന്നു വക്കും ഞാൻ. പക്ഷെ ഇതിപ്പോ…? എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെന്റെ അമ്മയെ…? ഒന്നും ഉരിയാടാൻ ആകാതെ പ്രതികരണ ശേഷി നിലച്ച് ഒരു നോക്കുകുത്തിയെ പോലെ ഞാൻ നിന്നപ്പോ എന്റെ അമ്മ കരുതിക്കാണും ഞാനാ വയറ്റിൽ നിന്ന് തന്നെയാണോ പിറന്ന് വീണത് എന്ന്…
രാത്രി പെട്രോളിംഗിന് ഇറങ്ങിയ പോലീസ് വണ്ടി അവിടേക്ക് കുതിച്ചു പാഞ്ഞെത്തിയപ്പോൾ തന്നെ ഈ പറഞ്ഞവരെല്ലാം ഓടി മറയുകയാണ് ഉണ്ടായത്. പക്ഷെ അപ്പോഴും നെഞ്ചില് തീയായിരുന്നു, നെറികെട്ട നിയമവാഴ്ച്ച നടക്കുന്ന ഇന്നത്തെ കാലത്ത് നിയമപാലകരോട് തന്നെയായിരുന്നു എനിക്ക് ഏറ്റവും കൂടുതൽ വെറുപ്പ് ഉണ്ടായിരുന്നത്. ഞങ്ങളെ സുരക്ഷിതമായി ആ പോലീസ് വണ്ടിയിൽ തന്നെ വീട്ടിലേക്ക് എത്തിക്കും വരെയേ എന്റെയാ ചിന്തക്ക് ആയുസ്സ് ഉണ്ടായിരുന്നൊള്ളു. നെല്ലില് പതിരും കതിരും ഉണ്ടെന്നുള്ള പോലെ പോലീസുകാരിലും നല്ലവർ ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു ഞാൻ.
അന്ന് രാത്രി അച്ഛന്റെ മാലയിട്ട് വച്ച് തിരി തെളിയിച്ച ഫോട്ടോക്ക് മുൻപിലിരുന്ന് ഒരുപാട് കരഞ്ഞതാണ് എന്റെ അമ്മ. എനിക്കറിയാം ആ മനസ്സിൽ എന്താണ് ഉള്ളത് എന്ന്, എന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ല എന്നായിരിക്കും അത്. ഒരു മകനെന്ന നിലയിൽ സമ്പൂർണ തോൽവി നേരിട്ട ദിവസമായിരുന്നു എനിക്കത്…
പിന്നീടൊക്കെ അച്ഛന്റെയ പുഞ്ചിരിച്ച മുഖത്തോടെ ഉള്ള ഫോട്ടോയിലേക്ക് നോക്കുമ്പോ ആ ചിരി മെല്ലെ മായും പോലെ തോന്നാറുണ്ട് പുച്ഛത്തോടെ നീ എന്റെ മകൻ തന്നെയാണോ എന്ന് ചോദിക്കും പോലെ തോന്നാറുണ്ട്. ഉറങ്ങാൻ കിടക്കുമ്പോ ആ പാറനറിയുടെ മുഖം ആണ് മുന്നിലേക്ക് ഓടിയെത്തുന്നത് അവന്റെ അമ്മയുടെ പ്രായം ഉള്ള സ്ത്രീയെ അപമാനിച്ചു വിട്ട അവന്റെ കരണം പൊകക്കണം എന്നുള്ളത് എന്റെ ജീവിതാഭിലാഷമായി മാറി പിന്നീടങ്ങോട്ട്, മനസ്സ് അസ്വസ്ഥമാകാറുള്ളപ്പോളൊക്കെ ഈ മകന്റെ കഴിവ് കേട് മാപ്പാക്കാൻ വേണ്ടി ഉറങ്ങിക്കിടക്കുന്ന അമ്മയുടെ കാൽപ്പാദങ്ങൾ കണ്ണുനീർ കൊണ്ട് കഴുകിയെടുക്കാറുണ്ട് പലപ്പോഴും.
അവനെ കുറിച്ച് പല രീതിയിലും ഉള്ള അന്വേഷണം നടത്തി, നാട്ടിലെ പ്രമുഖനായ രാഷ്ട്രീയക്കാരന്റെ മൂത്ത സന്തതി അവിടെ വച്ചു അവനു നേരെ ഒരു ചെറുവിരൽ പോലും അനക്കാൻ സാധിക്കില്ല എന്ന നല്ല ബോധ്യമുണ്ടായിരുന്നു എനിക്ക്. ഒരു അവസരത്തിനായി കാത്തു കെട്ടി കിടന്നപ്പോൾ ആണ് അവനായിട്ട് തന്നെ എനിക്ക് നേരെ വന്നു വീഴുന്നത് അതും കൂടെ ഒരു പെൺകൊച്ചിനൊപ്പം…
അവനെ കണ്ടതും നേരെ ചെന്നൊരെണ്ണം പൊട്ടിക്കാൻ എന്റെ കൈ തരിച്ചതാണ് പക്ഷെ എന്റെ കൂട്ടുകാരൻ എന്നേ തടഞ്ഞു. അവരെ തന്നെ പിന്തുടരുകയും അവർ ചിലവഴിച്ച പ്രണയാർദ്രമായ നിമിഷങ്ങളെ ഫോണിൽ പകർത്തുകയും ചെയ്തു. ആ പെൺകുട്ടിയെ അവളുടെ ഹോസ്റ്റലിനു മുൻപിൽ കൊണ്ടിറക്കിയതും ഞാനും ചങ്കും അവനു മുൻപിൽ പ്രത്യക്ഷപ്പെട്ടതും ഒരുമിച്ച് തന്നെയായിരുന്നു. നിന്ന നില്പിൽ വിയർത്തുകുളിച്ച അവനെ കണ്ടപ്പോൾ തന്നെ മനസ്സൊന്നു തണുത്തതാണ്.
ഞാനെന്തേലും പറയും മുൻപേ തന്നെ എന്റെ ചങ്ക് അവന്റെ കോളറിൽ കേറി പിടിച്ചുകൊണ്ടവനോട് പറയുന്നുണ്ടായിരുന്നു. “നാ*&ന്റെ മോനെ എവിടെപ്പോയെടാ നിന്റെ സദാചാര ബോധം, ആണാണെങ്കിൽ നിന്റെ തിളപ്പ്, ഇപ്പൊ കാണിക്കെടാ….”
കുമ്പിട്ടു നിൽക്കുന്ന അവന്റെ ശിരസ്സ് കണ്ടപ്പോൾ തന്നെ കൂടെയുണ്ടായിരുന്ന ആ പെൺകൊച്ചു ഭയന്ന് വിറക്കാൻ തുടങ്ങിയിരുന്നു. അവളുടെ മുഖത്തേക്ക് നോക്കി ഞാൻ മെല്ലെയവളോടായി ചോദിച്ചു….”പെങ്ങൾക്ക് ഇപ്പൊ എത്ര വയസായി…?”
“പതി……പതിനേഴ്.”
“ഒരു അങ്ങളേടെ സ്ഥാനത്ത് നിന്ന് ഞാൻ പാറയാണ് ന്ന് കരുതിയാൽ മതി, അമ്മേനേം പെങ്ങളെയും തിരിച്ചറിയാത്ത ഇവനെപ്പോലുള്ളവന്റെ കൂടെ ജീവിച്ചു മോള് വെറുതെ ജീവിതം പാഴാക്കരുത്. പെങ്ങള് പൊക്കോ ഇവനോട് കുറച്ച് സംസാരിക്കാനുണ്ട് ഞങ്ങൾക്ക്…” അവൾ നടന്നകന്നപ്പോൾ അവൻ വിട്ട നെടുവീർപ്പിൽ ഞാൻ അറിഞ്ഞു അന്നേരം അവനെത്രത്തോളം ഭയന്നിട്ടുണ്ടായിരുന്നു എന്ന്.
“എടാ ചെറ്റേ നിന്റെ പോലെ തെണ്ടിത്തരം കാണിക്കാൻ എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല സ്ത്രീകളെ ബഹുമാനിക്കാൻ ആണ് എന്റെ അമ്മയെന്നെ പഠിപ്പിച്ചിട്ടുള്ളത്…” കുറച്ച് മുൻപേ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ അവനു നേരെ കാണിച്ചിട്ട് ഞാനവനോട് ഇത്രയേ പറഞ്ഞുള്ളൂ… “ഈ വീഡിയോ അവളുടെ വീട്ടിലേക്ക് അയച്ചു കൊടുത്ത് നിന്റെ സ്വഭാവ ഗുണം കൂടെ ഒന്ന് വിവരിച്ചു കൊടുത്ത് ഒപ്പം സോഷ്യൽ മീഡിയയിൽ നല്ല മസാല ഡയലോഗ് ആയുള്ള ഹെഡിങ്ങും ചേർത്ത് പബ്ലിഷചെയ്താൽ ഉണ്ടാകാൻ പോകുന്നത് എന്താണ് എന്ന് നിനക്കറിയുമോ…? ആ പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ല, അവളുടെ വീട്ടുകാർ ചിലപ്പോൾ നിനക്കെതിരെ ഒരു പെറ്റിഷൻ അങ്ങോട്ട് ഫയൽ ചെയ്യും, ഇതൊന്നും സംഭവിച്ചില്ലെങ്കിലും നിന്റെ അച്ഛന്റെ രാഷ്ട്രീയ ഭാവിയുടെ കാര്യത്തിൽ എങ്കിലും ഒരു തീരുമാനം ആകും, നീ വീടിന് പുറത്തും ആകും….”
അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ അറിയുന്നുണ്ടറിയിരുന്നു. മാപ്പ് പറഞ്ഞവനെന്റെ കാലിൽ വീണപ്പോൾ തെല്ലു പോലും ദയ തോന്നിയില്ല എനിക്ക്…കരണം അവൻ നോവിച്ചത് എന്നേ മാത്രമായിരുന്നില്ല എന്റെ അമ്മയെ കൂടെയായിരുന്നു. മേലാൽ ഇനി നീ എന്തേലും തൊട്ടിത്തരം കാണിച്ചു എന്ന് ഞാനറിഞ്ഞാൽ അണ്ണാക്കിലിട്ടു പൊട്ടിക്കാൻ ഈ വീഡിയോ എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ…
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭൂതിയോടെയാണ് ഞാൻ വീട്ടിൽ വന്നു കയറിയത്, അച്ഛന്റെ മാലയിട്ട ഫോട്ടോയിൽ നോക്കിയപ്പോൾ പതിവിനെക്കാൾ തേജസ്സോടെ പുഞ്ചിരിച്ചു നിൽക്കുന്ന പോലെ തോന്നി.
“അല്ല ഏട്ടാ അപ്പൊ അവനിട്ട് പൊട്ടിച്ചൊന്നും ഇല്ലേ…?”
ആദ്യരാത്രിയിലെന്റെ വീരഗാഥ പറഞ്ഞു കേൾപ്പിക്കും മുൻപ് തന്നെ അറിയാമായിരുന്നു ക്ലൈമാക്സിൽ അവൾക്ക് സംപ്തൃപ്തി കുറയും എന്ന്. “ഇനി എന്തിനാടി തല്ലുന്നത്, ഒരു തല്ലിനേക്കാൾ ഗുണം ചെയ്യില്ലേ ഇതുപോലുള്ള മരുന്നുകൾ…” ഒരു കള്ളച്ചിരിയോടെ ഞാനത് പറഞ്ഞു തീർത്തപ്പോൾ തന്നെ അവൾ പറഞ്ഞ മറുപടി കേട്ടപ്പോൾ ഒന്നാർത്തു അട്ടഹസിക്കാനാണ് എനിക്ക് തോന്നിയത്.
“എന്റെ ഏട്ടൻ വല്ലതും ആയിരിക്കണം അടിച്ചവന്റെ പല്ലെടുത്തെനെ…” എന്ന്.
“നിന്റെ ഏട്ടൻ…ഹ ഹ ഹ നിന്റെ ഏട്ടൻ…” ഞാൻ മനസ്സിൽ പതിയെ പറഞ്ഞു. അവളോട് പറഞ്ഞു മുഴുവിപ്പിക്കാതെ നിർത്തിയ ആ സന്ദർഭത്തെ ഒന്നുകൂടെ ഞാനോർത്തെടുത്തു.
പൊൻതളികയിൽ ഇരിക്കുന്ന ചുവന്ന ആപ്പിളെടുത്ത് ഞാനെന്റെ ഉള്ളംകൈയിൽ എടുത്തു. അന്നത്തെ അടിയിൽ ചുവന്നു തുടുത്ത എന്റെ സ്വന്തം അളിയന്റെ മുഖത്തിന്റെ അത്ര ചുവപ്പൊന്നും ആ ആപ്പിളിന് ഉണ്ടെന്ന് തോന്നിയില്ല എനിക്ക്, കെട്ട് കഴിഞ്ഞു കിണ്ടിയിൽ കാല് കഴുകിത്തന്ന അവന്റെ കുനിഞ്ഞ ശിരസ്സ് കണ്ടാൽ അറിയാം അവന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നെന്ന്.
അടിയും കഴിഞ്ഞു ചിറി പൊത്തി നിൽക്കുന്നുണ്ടായിരുന്ന അവന്റെ മുഖത്തു നോക്കി ഞാൻ പറഞ്ഞു. “ഈ അടി എന്റെ അമ്മക്ക് വേണ്ടി മാത്രമല്ല ലോകത്തുള്ള എല്ലാ അമ്മമാർക്കും വേണ്ടി ഞാൻ ഡെഡിക്കേറ്റ് ചെയ്യുകയാണ്, കാരണം നാളെ ഒരിക്കലും ഒരു സ്ത്രീയെ അപമാനിക്കാൻ ആയി നിന്റെ നാവ് പൊന്തരുത് അതിന് വേണ്ടി മാത്രം.”
എന്റെ അമ്മയെ വേദനിപ്പിച്ചവനെ തല്ലാതെ പോന്നാൽ പിന്നെ ഞാനൊരു ആണാണെന്ന് പറഞ്ഞു നടക്കുന്നതിൽ അർത്ഥം ഇല്ലാലോ…അവളുടെ ആ ഡയലോഗ് ഒന്നുകൂടെ ഓർത്തെടുത്തപ്പോൾ വീണ്ടും ഞാനൊന്നു ഉള്ളിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിന്റെ ഏട്ടൻ…..”
അവന്റെ കുടുംബക്കാരുമായിട്ട് കല്യാണ ആലോചന കൊണ്ട് വന്നതും അമ്മ തന്നെയായിരുന്നു. ഫോട്ടോ കണ്ട് പെണ്ണിനെ ബോധിച്ചു. പക്ഷെ അവന്റെ പെങ്ങൾ ആണെന്ന് അറിഞ്ഞപ്പോ തന്നെ ഞാനമ്മയോട് ചോദിച്ചതാണ്. “ഇങ്ങനെ ഒരു കുടുംബത്തിൽ നിന്ന് പെണ്ണ് കെട്ടുന്നത് ശരിയാകുമോ അമ്മേ…” എന്ന്.
അന്നേരം അമ്മ ഇത്ര മാത്രമേ എന്നോട് പറഞ്ഞുള്ളൂ…”ആദി, ഒരു മരത്തിൽ ഒരുപാട് പഴങ്ങൾ ഉണ്ടാകും അതിൽ ചിലതിൽ പുഴുക്കടിയുള്ളത് ഉണ്ടാകും, അത് പക്ഷെ ആ മരത്തിന്റെ തെറ്റ് അല്ലല്ലോ….” എന്ന്. കൂടുതൽ ആലോചിച്ചു കാടുകയറാതെ ഞങ്ങൾ കലാപരിപാടികളിലേക്ക് കടന്നു എന്തെന്നോ…
സദാചാരകുരുക്കൾക്കെതിരെ പോരാടാൻ വേണ്ടി ശക്തമായ ഒരു തലമുറയെ വാർത്തെടുക്കാൻ ഉള്ള ഒരു കലാപരിപാടിയിൽ…