എഴുത്ത്: Shenoj T P
നിസ്സാര കാര്യങ്ങളായിരുന്നു ഞങ്ങളൂടെ ദാമ്പത്യത്തിലെ വിള്ളലിനു കാരണം. ചെറിയ എന്തോ തര്‍ക്കം ജയിക്കാനായി ജയേട്ടന് എനിക്കെന്തോ അവിഹിതമുണ്ടെന്നു പറഞ്ഞപ്പോള്‍, അതും മീനൂട്ടിയുടെ മുന്നില്‍ വെച്ചു പറഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി.
കഴിഞ്ഞ പതിനാറു വര്‍ഷങ്ങളായി അയാളുടെ ഇഷ്ടങ്ങള്‍ മാത്രം നോക്കി ജീവിച്ച ഞാനിതു കേള്‍ക്കണം, ഞാന്‍ മനസ്സിലോര്‍ത്തു. പക്ഷെ ഞാനും തിരിച്ചടിച്ചു, “എനിക്കു മനസ്സിലായെടോ തനിക്കു എന്നെ ഇപ്പോള്‍ വേണ്ട, എന്നെ ഒഴിവാക്കി മറ്റവളെ കൊണ്ടൂവന്ന് പൊറുപ്പിക്കണേല് പൊറുപ്പിച്ചോ, ഞാനും മോളും ദേ ഇപ്പോള്‍ ഇറങ്ങി തരാം…” എന്നു പറയുമ്പോള്‍ ജയേട്ടന് അതുകേട്ട് സ്തംഭതനായി നില്ക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ രണ്ടും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിട്ടും അയാളെന്നെ തടുത്തില്ല. പോകരുതെന്നു ഒരു വാക്കു പറഞ്ഞില്ല. അതെന്നെ കൂടുതല്‍ തളര്‍ത്തി…ജോലിയുള്ളതുകൊണ്ട് മോളെ നല്ലോണം നോക്കൊമെന്നെനിക്കുറപ്പുണ്ടൊയിരുന്നു. എന്റെ വീട്ടുകാര്‍ക്ക് ബാധ്യത ആവരുതെന്ന് ചിന്തിച്ച കൊണ്ടാണ് എന്റെ സ്വന്തം വീടിനു കുറച്ച് അടുത്ത് തന്നെ ഒരു വീടിന് മുകളില്‍ ഞാനും മോളും വാടകക്ക് താമസമാക്കിയത്.
ആദ്യ നാളുകളില്‍ ജോലി കഴിഞ്ഞുവരുമ്പോള്‍ എന്നെയും മീനുട്ടിയേയും കൂട്ടികൊണ്ടുവരാന്‍ ജയേട്ടന് വന്നിരുന്നെങ്കിലെന്ന് ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചിരുന്നു. ദിവസങ്ങളും മാസങ്ങള്‍ കടന്നു പോകുന്തോറും ഞാനും ജയേട്ടനും കൂടുതല്‍ അകന്നു. പക്ഷെ മീനൂട്ടിയെ ജയേട്ടന് വിളിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ടെന്നവള് പറയുമ്പോള്‍ എന്നെ തിരക്കിയോ മോളേ അച്ഛന് എന്ന് ഞാന്‍ മനസ്സില്‍ അവളോടെന്നും ചോദിച്ചിരുന്നു.
ഒരു വെള്ളിയാഴ്ച രാവിലെ “എനിക്കു ശനിയും ഞായറും അവധിയല്ലേ, ഞാന്‍ ഇന്നു വൈകിട്ട് അച്ഛന്റെ അടുത്തോട്ട് പോയ്ക്കോട്ടെ” എന്ന് മീനുട്ടി ചോദിച്ചപ്പോള്‍ എനിക്കു തടുക്കാനായില്ല. അവള് എന്റെ മാത്രമല്ലല്ലോ ഞാന്‍ മനസ്സിലോര്‍ത്തു. നീയില്ലാതെ ഞാനി വീട്ടില്‍ ഒറ്റക്കു നിക്കില്ലെന്നു പറഞ്ഞ് അവള്‍ക്കൊപ്പം ഞാനും എന്റെ വീട്ടിലോട്ടും ഇറങ്ങി. “എനിക്കു നാളെയും ജോലിയുണ്ട്, ഞാന്‍ നാളെ തറവാട്ടിന്ന് ജോലിക്കു പൊക്കോളാം…” അവളോട് പറഞ്ഞു.
വീടിന്റെ താക്കോല്‍ മീനുട്ടീക്ക് നേരെ നീട്ടികൊണ്ട് ഞാനവളോട് തുടര്‍ന്നൂ…”താക്കോല്‍ നീ കൊണ്ടു പൊയ്ക്കോ, രാവിലെ തന്നെ തിരിച്ചു പോന്നോണം ഇങ്ങോട്, അന്നിട്ട് വീട് തുറന്ന് ഇവിടെ വന്നിരുന്ന പഠിച്ചോണം….” അവള് ശനിയും ഞായറും കൂടി അച്ഛനൊപ്പം നില്ക്കാതിരീക്കാന് വേണ്ടിയാണ് ഞാന്‍ താക്കോല്‍ അവള്‍ക്ക് നല്‍കിയത്. വൈകിട്ട് വരുമ്പോള്‍ എനിക്കു വീട്ടില്‍ കയറാന്‍ താക്കോലുമായി അവള് തിരിച്ചെത്തുമല്ലോ…കുശാഗ്രബുദ്ധിയായിരുന്നു ആ നീക്കത്തില്‍…അയാളുടെ ഒപ്പം അത്രയൊക്കെ നിന്നാ മതിയെന്ന ഒരു വാശീം…
വെള്ളിയാഴ്ച വൈകിട്ടുള്ള ഞങ്ങളുടെ രണ്ടു പേരുടെയും യാത്ര രണ്ടാം ശനിയാഴ്ചകളൊഴിച്ച് പതിവായി മാറി.
അങ്ങനെ ഒരൂ വെള്ളിയാഴ്ച രാത്രി മീനുട്ടി ജയേട്ടനടുത്തേക്കും ഞാന്‍ എന്റെ വീട്ടിലോട്ടും പോന്ന പതിവു പോലൊരു ദിവസം, രാത്രി ആയപ്പോള്‍ ആണ് ഓഫിസിലെ എന്റെ മേശയുടെ ചാവി വാടകവീട്ടില്‍ നിന്ന് എടുക്കാന്‍ മറന്നത് പെട്ടെന്നോര്‍ത്തത്. ചേട്ടന്റെ മോന് വിനീഷിനെയും കൂട്ടി രാത്രി തന്നെ വാടക വീട്ടിലെത്തി, ഹൗസ് ഓണറെ വിളിച്ചെഴുന്നേപ്പിച്ച് കാര്യം പറഞ്ഞു, ഡൂപ്ളിക്കേറ്റ് ചാവി ആവശ്യപ്പെട്ടപ്പോൾ അയാള്‍ തന്ന ഡൂപ്ളിക്കേറ്റ് ചാവിയുമായി വീടു തുറന്ന് അകത്ത് കയറിയ ഞാനും വീനീഷും ഞെട്ടിപ്പോയി.
അകത്തിരുന്ന് മീനൂട്ടി ഫോണ്‍ ചെയ്തിരീക്കുന്നു. ഞങ്ങളെ കണ്ട വെപ്രാളത്തില്‍ അവളും തിരിച്ച് ഞങ്ങളും സ്തംഭതയായി നിന്നു പോയി. ഞെട്ടല്‍ വിട്ടൊഴിഞ്ഞ ഞാന്‍ അവളോട് ചോദിച്ചു…”നീ തിരിച്ചു വന്നതെന്താണെന്ന്…” അച്ഛന് അവിടെ ഇല്ലായിരുന്നു അതുകൊണ്ട് തിരിച്ചു പോന്നതാണമ്മേ. അവളുടെ കൃത്യമായ മറുപടി എത്തി.
“അന്നിട്ടെന്താ അതെന്നോട് വിളിച്ചു പറയാഞ്ഞത്…?” എന്നില്‍ നിന്ന് ചാട്ടുളി പോലെ ചോദ്യങ്ങള്‍ അവള്‍ക്കു നേരെ നീങ്ങി. അവള് മിണ്ടിയില്ല. പെട്ടെന്ന് എന്നെയും വിനീഷിനെയും ഞെട്ടിച്ചു കൊണ്ട് ഞങ്ങളെ തള്ളി മാറ്റി അവള് ആ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ഓടി. ഞങ്ങള്‍ പുറകെയും…ഇരുളില്‍ അവള് എവിടെയോ മറഞ്ഞു.
ഞങ്ങള്‍ അവളെ അവിടെയൊക്കെ തിരഞ്ഞു കണ്ടു കിട്ടിയില്ല. അപ്പോഴും ജയേട്ടനെ വിളിക്കാന്‍ എന്നിലെ ഈഗോ സമ്മതിക്കുന്നുണ്ടായില്ല. വിനീഷിനോട് ഞാന്‍ ജയേട്ടനെ വിളിക്കാന്‍ പറഞ്ഞു. വിനീഷ് ജയേട്ടനോട് നടന്ന കാര്യങ്ങള്‍ പറഞ്ഞു, ജയേട്ടന് പറഞ്ഞ കാര്യങ്ങള്‍ അവന് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നിരുന്നു പോയ്. ഒരു ദിവസം പോലും അവള് രാത്രി ജയേട്ടനടുത്തു നിന്നിട്ടില്ലത്രേ…വൈകിട്ട് വരും കുറച്ച് കാശൊക്കെ വാങ്ങി അപ്പോള്‍ തന്നെ തിരിച്ചു പോന്നിരൂന്നു.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി അവളെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടുമ്പോള്‍ ഭാര്യയും ഭര്‍ത്താവുമായ ഞാനും ജയേട്ടനും അപ്പോഴും തമ്മില്‍ മിണ്ടിയിരുന്നില്ല. ചെറിയ പിണക്കങ്ങളും വാശിയും വിട്ടു വീഴ്ച ചെയ്ത് അച്ഛനും അമ്മയും ആയിരുന്ന ഞാനൂം ജയേട്ടനും തമ്മില്‍ മിണ്ടിയിരുന്നെങ്കില്‍, മകളായ മീനുട്ടി ഇന്നും ഉത്തരങ്ങള്‍ നല്കി ഞങ്ങളുടെ കൂടെയുണ്ടായേനേ…
വീടിന് പുറത്ത് തെക്ക് കിഴക്കേ മൂലക്കിന്നുറങ്ങുന്നവള് വീടിനകത്തു കിടന്നുറങ്ങുന്നുണ്ടായേനേ…