എഴുത്ത്: സനൽ SBT
“വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും നിൻ്റെ ശരീരത്തിൽ അവൻ ഒരിക്കൽപ്പോലും കൈ വെച്ചിട്ടില്ലന്നോ…?”
“എൻ്റെ പൊന്നു ചേച്ചി ഒന്ന് പതിയെ പറ അപ്പുറത്ത് അമ്മ ഉണ്ട് കേൾക്കും.”
“എൻ്റെ കൊച്ചെ നീ ഈ പറയുന്നത് സത്യാണോ…?”
“ഉം. അതെ മായേച്ചി.” വൈഗ മായേച്ചിയോട് ആ നഗ്ന സത്യം തുറന്ന് പറഞ്ഞപ്പോഴേക്കും അവളുടെ രണ്ട് ഉണ്ടക്കണ്ണുകളും നിറഞ്ഞ് തുളുമ്പിയിരുന്നു. “അല്ലാ എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ഇന്നത്തെക്കാലത്ത് ഇങ്ങനെയും പിള്ളേരുണ്ടോ…? ഇതെന്ത് കൂത്ത് ഓരോരുത്തര് വിവാഹം ഒന്ന് കഴിയാൻ കാത്ത് നിക്കുമ്പോഴാ ഇങ്ങനത്തെ ഓരോ മണുകോണാഞ്ചന്മാര് ഇതിപ്പോ മാസം രണ്ട് കഴിഞ്ഞില്ലേ.”
“ഉം…” “പുള്ളിക്കാരൻ ആണേൽ പെട്ടിയും കിടക്കയും എടുത്ത് ദുബായിക്കും പോയി. ശ്ശെടാ എന്നിട്ട് ഇത്രയും കാലം നീ ഇത് ആരോടും പറഞ്ഞില്ലേ കൊച്ചേ…”
“ചേച്ചി എന്ത് വിഡ്ഢിത്തമാണ് ഈ പറയണേ ഇതൊക്കെ ഇവിടെയുള്ള അച്ഛനോടും അമ്മയോടും പറയാൻ പറ്റിയ കാര്യാണോ…?” “ഹാ അതും ശരിയാ ഞാനത് ഓർത്തില്ല. അല്ല കൊച്ചെ അവന് നിന്നോട് എന്തെങ്കിലും ഇഷ്ട്ടക്കുറവോ മറ്റോ…? അല്ല വല്ല നിരാശാ കാമുകനാണോ എന്നറിയാനാ…”
“പൊന്നു ചേച്ചി ഇവിടുള്ള രണ്ട് മാസം എന്നോട് നല്ല സ്നേഹായിരുന്നു. ദാ ഇപ്പോ പോയിട്ട് ദിവസം രണ്ട് നേരം വിളിക്കും അതിനോന്നും ഒരു കുറവും ഇല്ല.” “പിന്നെപ്പോ അവന് ഇത് എന്ത് പറ്റി. ഞാൻ ഈ നാട്ടിലേക്ക് കെട്ടിക്കയറി വന്ന അന്ന് മുതൽ കാണാൻ തുടങ്ങിയതാ ഈ മഹിയെ ഇനി വെറെന്തെങ്കിലും കുഴപ്പം.”
“ഒന്ന് പോ ചേച്ചി ചുമ്മാ മനുഷ്യനെ വട്ടാക്കാതെ.” “അതല്ല പൊത്തെ ഞാൻ പറഞ്ഞത് ചിന്തിക്കുമ്പോൾ എല്ലാ വശവും ചിന്തിക്കണമല്ലോ…? അതും നിന്നെ പൊലെ ഒരു കൊച്ചിനെ ഇത്രയും നാൾ കൈയിൽ കിട്ടിയിട്ട് ഒന്നും ചെയ്തില്ല എന്ന് പറയുമ്പോൾ ൻ്റെ തൃപ്പങ്ങോട്ടപ്പാ….”
“ഹോ ഞാനിപ്പത് ആരോടാ ഈ പറയണേ…”
“അതല്ല അപ്പോ മഹി ദുബായിലേക്ക് പോകുന്നതിൻ്റെ തലേന്ന് ഒന്നും….”
“ആ ബെസ്റ്റ് കൂട്ടുകാരും മാമൻ്റെ മക്കളും ഒക്കെ ചേർന്ന് വെള്ളമടിച്ച് പൂക്കുറ്റിയായി നല്ല പോത്ത് പൊലെ കിടന്നുറങ്ങി പിന്നെ പുലർച്ചയ്ക്ക് എണീറ്റ് പോവും ചെയ്തില്ലേ…” “ഉം.മം…ൻ്റെ പൊന്നു മോളെ എന്നിട്ട് നീ എങ്ങനെ പിടിച്ച് നിൽക്കണു….”
“ഓ പിന്നെ പത്തിരുപത്തിരണ്ട് വർഷം ഇങ്ങനെയല്ലേ ജീവിച്ചത് ഇനി രണ്ട് കൊല്ലം കൂടി പിടിച്ച് നിൽക്കാനാണോ പാട്….” “എന്നാലും…” “എനിക്ക് പിന്നെ ഒറ്റത്തവണ പോലും ഇതിൻ്റെ ഒരു എക്സ്പീരിയൻസ് ഉണ്ടായിട്ടിലല്ലോ അതു കൊണ്ട് കുഴപ്പമില്ല.”
“ഹാ അതിനൊക്കെ ഇവിടൊരാള് കല്ല്യാണം കഴിഞ്ഞതിൽ പിന്നെ മര്യാദയ്ക്ക് ഞാൻ കിടന്ന് ഉറങ്ങിയിട്ടില്ല. ആ പിന്നെ നിനക്കൊരു കാര്യം അറിയോ…?”
“ന്താ ചേച്ചി…?”
“ഞാൻ ഇവിടെ വന്നതിൽ പിന്നെ മെൻസസ് ആയിട്ടില്ല. പത്ത് മാസം കഴിഞ്ഞപ്പോഴേക്കും കിച്ചു മോനെ പ്രസവിച്ചു ഞങ്ങടെ ഒന്നാം വിവാഹ വാർഷികത്തിന് അവൻ കുഞ്ഞാ…” “ആഹാ അത് കൊള്ളാലോ….?”
“ഹും എന്നിട്ടും കഴിഞ്ഞോ പൂരം അവന് ഒന്നര വയസ്സ് തികയുന്നതിന് മുൻപ് ഞാൻ വീണ്ടും ഗർഭിണിയായി. ഹാ അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് നിനക്ക് അപ്പം വിശേഷം ആയില്ലേന്ന് കുടുംബക്കാരൊന്നും ചോദിക്കാറില്ലേ…?” “ങ്ങാ അതൊക്കെ ചോദിക്കുന്നുണ്ട് ഞാൻ വല്ലോം പറഞ്ഞ് നൈസായി അങ്ങ് ഒഴിഞ്ഞ് മാറും അല്ലാതെ ഇതോക്കെ ഇപ്പോ നാട്ടുകാരോട് പറയാൻ പറ്റ്വോ…?”
“അത് നീ പറഞ്ഞത് നേരാ…” “ൻ്റെ വിധി അല്ലാതെ എന്ത് പറയാനാ…”
“ഹാ അതിനും വേണം ഒരു യോഗം.”
“യോ മായേച്ചി നേരം സന്ധ്യയായി ഞാൻ പോയി മേല് കഴുകി വിളക്ക് വെയ്ക്കട്ടെ. ഇല്ലേൽ അമ്മ എന്നെ ഇന്ന് കീറി അടുപ്പത്ത് വെയ്ക്കും.” “നിന്നോട് സംസാരിച്ച് ഇരുന്ന് സമയം പോയത് അറിഞ്ഞില്ല. പിള്ളേര് ഇപ്പം ട്യൂഷൻ കഴിഞ്ഞ് വരും ഞാനും എന്നാൽ ഇറങ്ങാൻ നോക്കട്ടെ.” “അപ്പം ശരി ചേച്ചി നാളെ കാണാം.”
വൈഗ വീടിൻ്റെ പൂമുഖത്തു നിന്ന് നേരെ റൂമിലേക്ക് നടന്നു. കുളി കഴിഞ്ഞ് തറവാട്ട് വക കുടുംബക്ഷേത്രത്തിലും അതിനോടടുത്തുള്ള സർപ്പക്കാവിലും വിളക്ക് തെളിയിച്ചു. ദേവിയേയും നാഗത്താൻന്മാരെയും മനമുരുകി പ്രാർത്ഥിച്ചു. “മോളെ വൈഗേ കുറെ നേരമായല്ലോ നിൻ്റെ ഫോൺ കിടന്ന് ബെല്ലടിക്കാൻ തുടങ്ങിയിട്ട്…”
“ഞാൻ വിളക്ക് വെയ്ക്കാൻ കാവിൽ പോയതാ അമ്മേ.” “ഹാ എന്നാൽ പോയി ആരാന്ന് നോക്ക് ചിലപ്പോൾ മഹിയാവും.” “ആ ശരിയമ്മേ….”
“ഹലോ…” “ഹലോ മഹിയേട്ടാ….” “ൻ്റെ വൈഗേ എത്ര നേരായി ഞാൻ കിടന്ന് വിളിക്കുന്നു. നീ ഇത് എവിടെ പോയി കിടക്കുവാ…”
“ഓ ഒലിപ്പീര് ഒക്കെ കേട്ടാൽ തോന്നും ഇപ്പോ അങ്ങ് മല മറിയ്ക്കും എന്ന്…”
“ന്താ നീ പറഞ്ഞേ ഇത് നെറ്റ് കോളാണ് ശരിക്ക് കേട്ടില്ല. ഓലപ്പീപ്പിയോ….?”
“അയോ അതല്ല ഞാൻ കാവിൽ വിളക്ക് വെയ്ക്കാൻ പോയതാ എന്ന് പറയുവാർന്നു.” “ആ അങ്ങിനെ. പിന്നെ നിനക്ക് സുഖല്ലേ…?” “ഹോ ഇങ്ങനെയൊക്കെ കഴിഞ്ഞ് പോകുന്നപ്പാ. എന്ത് സുഖം…”” “അത് ശരിയാ ഞാൻ ഇവിടെയല്ലേ ല്ലേ…” “ഹോ…പറയണ് കേട്ടാൽ തോന്നും ഇവിടെ ഉണ്ടാവുമ്പോൾ വല്യ സുഖത്തിലാണ് എന്ന്.” “ന്താ പറഞ്ഞേ കേട്ടില്ല.” “അല്ല മഹിയേട്ടൻ ഇനി എന്നാ വരുന്നേ നാട്ടിലേക്ക്.” |ഇപ്പോ വന്നിട്ട് കുറച്ചല്ലേ ആയൊള്ളൂ ലീവ് കിട്ടിയാൽ അപ്പോ വരാം.” “ആ മഹിയേട്ടൻ പെട്ടെന്ന് വരാൻ നോക്ക് ഇവിടെ വീട്ടിൽ ചുമ്മാ ഇരുന്ന് വേരുറച്ചു.” “ഞാൻ നിന്നോട് പണ്ടേ പറഞ്ഞതല്ലേ നിൻ്റെ കോഴ്സ് കംപ്ലീറ്റ് ചെയ്തോളാൻ.” “ശ്ശെടാ കല്ല്യാണം കഴിഞ്ഞ് ഞാൻ പ്രഗ്നൻ്റ് ഒക്കെയായി ആശുപത്രിയിൽ പോക്കും വരവും അങ്ങിനെ വല്യ ബിസി യാവും എന്നല്ലേ ഞാൻ വിചാരിച്ചേ. ഇതിപ്പോ ഇങ്ങനെയാവും എന്ന് ഞാൻ അറിഞ്ഞോ…?” ഇത്തവണ ഏതായാലും ആ പറഞ്ഞ് മഹിയ്ക്ക് ശരിക്കും കൊണ്ടു.
“ങ്ങാ. ശരി…ശരി എനിക്ക് ഇവിടെ കുറച്ച് പണിയുണ്ട്. പിന്നെ ഞാൻ ഇപ്പോ ഡ്യൂട്ടി കഴിഞ്ഞ് വന്നതേയുള്ളൂ പിന്നെ വിളിക്കാടോ കാര്യങ്ങൾ നടക്കട്ടെ…” “ഓക്കെ ശരി മഹിയേട്ടാ.”
“ഇങ്ങേർക്ക് ഇതെന്ത് തലയ്ക്ക് ഓളവോ. ഇങ്ങേര് ഇല്ലാതെ ഇതെന്ത് കാര്യങ്ങള് നടക്കാൻ…ശ്ശോ ആ മായേച്ചീടെ കാര്യങ്ങള് ഒക്കെ കേട്ടിട്ട് മനുഷ്യന് കൊത്യാവാ…” വൈഗ പിറുപിറുത്തു കൊണ്ട് റൂമിൽ നിന്ന് കിച്ചണിലേക്ക് ഇറങ്ങിപ്പോയി.
ഇങ്ങനെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി മാസങ്ങൾ കടന്നു പോയി.പെട്ടെന്നൊരു സുപ്രഭാതത്തിൽ മുറ്റമടിക്കാൻ ഇറങ്ങിയ വൈഗ കാറിൽ വന്നിറങ്ങിയ മഹിയെ കണ്ട് ഞെട്ടി. “വൈഗേ മിഴിച്ച് നിൽക്കാതെ കാറിൽ നിന്ന് ഈ പെട്ടിയൊക്കെ ഒന്ന് വിലച്ചിറക്ക്.”
“ങ്ങേ…ഇതെന്താ മഹിയേട്ടാ ഒരു മുന്നറിയിപ്പും ഇല്ലാതെ…” “ലീവ് പെട്ടെന്ന് കിട്ടി അടുത്ത ഫ്ലയ്റ്റിന് ഞാനിങ്ങ് പോന്നു. പിന്നെ വിളിച്ച് പറയാതിരുന്നത് നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു.” “ഹോ…പോയിട്ട് ആറുമാസം അല്ലേ അയുള്ളൂ ഞാനും വിചാരിച്ചു ഉള്ള പണിയും പോയി കൂടും കുടുക്കയും എടുത്ത് വണ്ടി കയറിയതാണെന്ന്.” “നീ ഇങ്ങ് വന്നേ വിശേഷം ഒക്കെ പിന്നെ പറയാം നീയില്ലാതെ എനിക്ക് എന്ത് ആഘോഷം.” മഹി വൈഗയുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു.
“അയ്യടാ എന്തൊരു സ്നേഹം. ദേ നാട്ടുകാര് കാണും മുറ്റത്ത് നിന്ന് റൊമാൻസ് കാണിക്കാതെ വീട്ടിന് അകത്ത് കയറാൻ നോക്ക്.” “അമ്മ എന്തിയെടീ….” “അപ്പുറത്ത് ഉണ്ട് വാ.” “ഹേയ് സരോവരം ന്താ രാവിലെ പരിപാടി. ഇന്നെന്താ സ്പെഷ്യൽ അപ്പവും മുട്ടക്കറിയും ആണോ…?” “ൻ്റെ ഗുരുവായൂരപ്പാ മഹീ മോനെ. പേടിപ്പിച്ച് കളഞ്ഞല്ലോടാ നീ.” “ഒരു മാസത്തെ ലീവ് കിട്ടി ഇങ് പോന്നു വെറൊന്നും ഇല്ല അമ്മേ…” “മക്കള് വരുന്ന വഴിക്ക് വല്ലതും കഴിച്ചോ…?” “ഇല്ലന്നെ നേരെ ഇങ് പോന്നൂ…” “എന്നാൽ വേഗം കുളിച്ചിട്ട് വാ അമ്മ കാപ്പി എടുത്തു വെയ്ക്കാം.” “ങ്ങാ ശരിയമ്മേ…” “ടീ വന്ന് എണ്ണയും തോർത്തും എടുത്ത് തന്നേ…”
വൈഗ പതിയെ റൂമിലേക്ക് നടന്നു കൂടെ മഹിയും. റൂമിൻ്റെ കതക് അടച്ചതും മഹി വൈഗയെ ചേർത്ത് പിടിച്ചു. ഒന്നും വിശ്വസിക്കാനാവാതെ അവൾ മഹിയുടെ കണ്ണുകളിലേക്ക് നോക്കി നിന്നു. ഇനി ഇതെല്ലാം വല്ല സ്വപ്നവും ആയിരിക്കുമോ…? മഹി ഒന്നു കൂടെ അവളെ ചേർത്ത് പിടിച്ച് അവളുടെ നുണക്കുഴി കവിളിൽ ഒരു ചുംബനം നൽകി. നാണത്താൽ പൂത്തുലഞ്ഞ അവളുടെ അധരത്തിൽ മഹി തുരുതുരെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു.
പെട്ടെന്ന് അവൾ മഹിയെ തള്ളി മാറ്റി. “ശ്ശോ വിട് ഏട്ടാ എന്താ ഈ കാണിക്കണേ.” “നീ ഇങ്ങ് വന്നേ ഈ ഒരു ദിവസത്തിന് വേണ്ടി ഞാൻ എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയാവോ…?” “മഹിയേട്ടന് ഇത് എന്താ പറ്റിയെ കല്ല്യാണം കഴിഞ്ഞ് രണ്ട് മാസം ഇവിടെ തന്നെ ഉണ്ടായിരുന്നില്ലേ അന്നൊന്നും കണ്ടിലല്ലോ ഇത്. ഇത് ഒരു മാതിരി ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ട പോലെ.” “അതിൻ്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത്. നന്മടെ കല്ല്യാണത്തിൻ്റെ ഒരാഴ്ച മുമ്പാ എനിക്കൊരു ഓപ്പറേഷൻ കഴിഞ്ഞത് പിന്നെ അങ്ങോട്ട് ആറ് മാസം മരുന്നും മന്ത്രവും നീ ടെൻഷൻ ആവണ്ട എന്ന് വിചാരിച്ച് ഞാൻ ഒന്നും പറഞ്ഞില്ല എന്നെയുള്ളൂ. ഹോ ഈ ആറു മാസക്കാലം പിടിച്ച് നിൽക്കാൻ ഞാൻ പെട്ടൊരു പെടാപ്പാട്…”
“എന്തിൻ്റെ ഓപ്പറേഷൻ…”
“ആ അത് ചെറിയൊരു ഓപ്പറേഷൻ നിന്നോട് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല. അതൊക്കെ പോട്ടെ നീ ഇപ്പം ഇങ് വാ കുറച്ച് കഴിഞ്ഞാൽ അമ്മ വിളി തുടങ്ങും.” മഹി വൈഗയുടെ കൈ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു. “പൊന്നു മോനെ ഒരു പരിപാടിയും നടക്കില്ല. ഞാൻ ഔട്ടാണ്.” “ഔട്ടോ അതിനെന്താ ഇവിടെ വല്ല ക്രിക്കറ്റ് കളിയും നടക്കുന്നുണ്ടോ…?”
“യോ മരമണ്ടൻ അതല്ല പറഞ്ഞത് ഒരാഴ്ച പറ്റത്തില്ല എന്ന്.” “ൻ്റെ മാതാവേ ഏത് നേരത്താണാവോ ഇല്ലാത്ത ലീവും ഉണ്ടാക്കി അവിടെ നിന്ന് കുറ്റിയും പറിച്ച് പോരാൻ തോന്നിയത്.” “സർപ്രൈസ് എന്നും പറഞ്ഞ് ഓരോന്ന് ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു ഇനിയിപ്പം കുറച്ച് പച്ചവെള്ളം കുടിച്ച് അങ്ങ് കമഴ്ന്ന് കിടന്നോ. ഒരാഴ്ച തോടാൻ പറ്റില്ല മോനെ….” ഇതാണ് പണ്ടുള്ളവർ പറയുന്നത് ഇടി വെട്ടിയവൻ്റെ കാലേൽ പാമ്പ് കടിച്ചു എന്ന്.
ഹോ ഇത്രയും വലിയ സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം. ദൈവമേ ഇതിനേക്കാളും വലിയ ഗതികെട്ടവൻ ലോകത്ത് വെറെ ആരും ഉണ്ടാവരുതെ….