കാണാക്കിനാവ് – അവസാനഭാഗം

എഴുത്ത്: ആൻ.എസ്.ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാവിലെ നേരത്തെ തന്നെ നിയ വന്നു വിളിച്ചു. “എന്തുറക്കാ പാറു….? ഇന്ന് നിന്റെ കല്യാണം ആണ്. മതി ഉറങ്ങിയത്. അമ്പലത്തിൽ ഒന്നും പോകണ്ടേ…?”

അവളത് പറഞ്ഞു കേട്ടതും സന്തോഷത്തേക്കാൾ ആകെപ്പാടെ ഒരു ആധി പെരുവിരലിൽ നിന്നും ഇരച്ചു കയറി. ഈശ്വരാ എന്റെ കല്യാണം..!! അമ്പലത്തിൽ പോയി ഉള്ളു തുറന്ന് ദൈവത്തിന് നന്ദി പറഞ്ഞു. ദീർഘ സുമംഗലി ആയിരിക്കാനും അമ്പലപാട്ട് തറവാടിന്റെ മഹത്വവും പരമ്പരയും കാത്തുസൂക്ഷിക്കാനും എന്നെക്കൊണ്ട് കഴിയണമേ എന്നും പ്രാർത്ഥിച്ചു. തിരിച്ചെത്തിയപ്പോഴേക്കും നിയയും നന്ദുവും ബ്യൂട്ടീഷനും കൂടി എന്നെ ചായക്കൂട്ടിൽ മുക്കിയിരുന്നു. പട്ടുസാരിയും ആഭരണങ്ങളും ഒക്കെ അണിഞ്ഞു ടീച്ചറമ്മയുടെ കാൽക്കൽ വീണു അനുഗ്രഹം വാങ്ങിയപ്പോൾ സന്തോഷംകൊണ്ട് ഞങ്ങൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

കതിർമണ്ഡപത്തിൽ കയറി ഇരുന്നതും സദസ്സിൽ നിറഞ്ഞിരിക്കുന്ന അമ്പലപാട്ടു തറവാട്ടിലെ നീണ്ട ബന്ധുനിര കണ്ടതും എന്റെ ഉള്ളിലുള്ള ധൈര്യം എവിടെയോ ചോർന്നുപോയിരുന്നു. എന്റെ മനസ്സ് വായിച്ചിട്ട് എന്നോണം എന്റെ കയ്യിൽ മുറുകെ പിടിച്ചു കാട്ടാളൻ. ആ മുറുകെ പിടിക്കലിൽ എന്റെ എല്ലാ ആകുലതകളും അലിഞ്ഞു പോകുന്നത് ഞാനറിഞ്ഞു. പൂജാരിയുടെ മന്ത്രോച്ചാരണത്തിൽ എന്റെ കഴുത്തിൽ താലിചാർത്തി, നെറ്റിയിൽ സിന്ദൂരം ഇട്ടു തന്നു കാട്ടാളൻ.

“ഇവൾ എന്റെ സ്വന്തം അനിയത്തിയ…ചേർത്തു പിടിച്ചോളണേ അളിയാ…” എന്നും പറഞ്ഞ് എന്നെ കൈ പിടിച്ചു കൊടുത്തത് അരുണേട്ടൻ ആണ്. അഗ്നിയെ വലം വെച്ച് പവിത്രമായ ദാമ്പത്യ ബന്ധത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു ഞാനും എന്റെ കാട്ടാളനും. അപ്പച്ചിയുടെയും മക്കളുടെയും അഭാവം പല ബന്ധുക്കളും ചോദിച്ചെങ്കിലും അമിത പ്രാധാന്യം കൊടുക്കാതെ അമ്മയത് കൈകാര്യം ചെയ്തു. ഫോട്ടോയെടുപ്പും പരിചയപ്പെടലും ഒക്കെയായി അവസാനമാണ് ഞങ്ങളെല്ലാവരും കഴിക്കാൻ ഇരുന്നത്.

അമ്മയും ടീച്ചർ അമ്മയും ഞങ്ങളുടെ ഒരു വശത്തും നന്ദുവും ഡോക്ടറും മറുവശത്തും. ആരും ഞങ്ങളെ ശ്രദ്ധിക്കാത്ത നേരത്ത് ഒരു ഉരുള എന്റെ വായിൽ ഇട്ടു തന്നു കാട്ടാളൻ. “എന്നാലും നിന്റെ ടീച്ചറമ്മയുടെ കാര്യത്തിലാ എനിക്കിപ്പോ സങ്കടം…” കഴിക്കുന്നതിനിടയിൽ അങ്ങനെ പറഞ്ഞപ്പോൾ അസുഖം മാറി വന്ന ടീച്ചർ അമ്മയ്ക്ക് ഇനിയെന്ത് എന്ന മട്ടിൽ ഞാൻ നോക്കി.

“ആ ഇരിക്കുന്നതിന്റെ മുൻപിൽ കാൻസർ ഒക്കെ എന്ത്…?” അങ്ങോട്ടു നോക്കിയപ്പോൾ അരുൺ ഏട്ടനും ഏട്ടന്റെ മടിയിലെന്നോണം ഇരിക്കുന്ന നിയയും. അരുണേട്ടൻ വളരെ സന്തോഷത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്. അത് കേൾക്കുന്നതിനിടയിലും അരുൺ ഏട്ടന്റെ ഇലയിലെ ശർക്കര വരട്ടി എടുത്തു വായിൽ വെക്കുന്നുണ്ട് അവൾ. ഇത് ടീച്ചർ അമ്മയ്ക്കുള്ള പതിനാറിന്റെ പണിയാണെന്നതിൽ എനിക്കും സംശയമൊന്നും തോന്നിയില്ല.

എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ അമ്പലപ്പാട്ട് മുറ്റത്ത് വന്നിറങ്ങി. ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും വിളിച്ചു കുടക്കമ്പി. അമ്മയുടെ മുഖത്ത് ദേഷ്യം വരുന്നത് ഞാൻ കണ്ടു. “ഹരികുഞ്ഞേ എനിക്ക് ഇവിടുത്തെ വണ്ടി ഓടിച്ച് ഓടിച്ച് മടുത്തു. അതു കൊണ്ട് എത്രയും പെട്ടെന്ന് എനിക്ക് ആനയും കുതിരയും ഒക്കെ കളിപ്പിക്കാൻ ഒരു കുഞ്ഞിനെ തന്നാട്ടെ…” അതു കേട്ടതും എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു കാട്ടാളൻ.

“എന്റെ ഗോപി നിന്റെ വായീന്ന് ആദ്യമായിട്ടാ ഒരു നല്ല കാര്യം കേൾക്കുന്നത്. ഇനി പുറകീന്ന് വിളിച്ചതിന് ഞാൻ ഒന്നും പറയുന്നില്ല…” അമ്മയുടെ ദേഷ്യമൊക്കെ മാറി മുഖം വിടരുന്നുണ്ടായിരുന്നു. നിലവിളക്ക് എന്റെ കയ്യിലേക്ക് തന്നിട്ട് എനയെ കൈ പിടിച്ചു അമ്മ വീട്ടിലേക്ക് കയറ്റുമ്പോൾ ഞാൻ സാരിയിൽ തട്ടി വീഴാതിരിക്കാൻ കുനിഞ്ഞുനിന്ന് എന്റെ സാരി ഉയർത്തിപ്പിടിക്കുന്നുണ്ടയിരുന്നു എന്റെ കാട്ടാളൻ.

**************************

ഞായറാഴ്ചയായതിനാൽ രാവിലെ പതിവ് തിരക്കില്ലാത്ത കൊണ്ട് കണ്ണും തുറന്നു കിടക്കുകയായിരുന്നു ഞാൻ. എന്നെ വരിഞ്ഞുമുറുക്കി കൊണ്ട് കിടപ്പുണ്ട് എന്റെ ആറുവയസ്സുകാരി കല്ലു…കല്യാണി…ഞാൻ ഹരിയേട്ടനെ നോക്കി. അവിടെ ഹരിയേട്ടന്റെ മുഖത്തേക്ക് എന്നോണം കാലുകൾ കേറ്റിവെച്ച് തലകുത്തനെ കിടന്നുറങ്ങുന്നു മൂന്നു വയസ്സുകാരി അന്നു…അനാമിക…

ഹരിയേട്ടനെ കെട്ടിപ്പിടിച്ചേ ഉറങ്ങിക്കൂടൂ കാന്താരിക്ക്…അവൾക്ക് കിടക്കാനുള്ള പാകത്തിന് ചുരുണ്ടു കോടിയുള്ള ഹരിയേട്ടന്റെ കിടപ്പ് കണ്ടിട്ട് എനിക്ക് പാവം തോന്നി. ആൺകുഞ്ഞുങ്ങളെ ആയിരുന്നു എനിക്കിഷ്ടം. ഹരിയേട്ടന് ആണെങ്കിൽ പെൺ കുഞ്ഞുങ്ങളെയും…രണ്ടാമത്തെ കുഞ്ഞും പെണ്ണാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് വന്ന സങ്കടം വളരെ കഷ്ടപ്പെട്ടാണ് അമ്മ മാറ്റിയെടുത്തത്.

ഞാൻ മുറിയിലെ ചുമരിൽ തൂക്കിയിട്ട അമ്മയും ടീച്ചർ അമ്മയും കൂടി നിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കി. ആരോരും ഇല്ലാതിരുന്ന എന്നെ കാട്ടാളന്റെ ഈ സ്നേഹകോട്ടയിലേക്ക് എത്തിച്ച എന്റെ രണ്ട് ആൾ ദൈവങ്ങളേ. കല്ലുവിന് രണ്ട് വയസ്സുള്ളപ്പോൾ ടീച്ചർ അമ്മയും ഒരു വർഷം മുൻപേ അമ്മയും ഞങ്ങളെ വിട്ടു പോയി. മുത്തശ്ശി കഥകൾ കേട്ട് കളിച്ചു വളരാൻ പാവം എന്റെ കുഞ്ഞുങ്ങൾക്കായില്ല.

പെട്ടെന്നാണ് എന്റെ കയ്യിൽ ഒരു നുള്ള്…ഞാൻ ഹരിയേട്ടന്റെ ഭാഗത്തേക്ക് നോക്കി. കള്ളച്ചിരിയോടെ “ഇങ്ങോട്ട് വാ” എന്നമട്ടിൽ. ഞെട്ടിപ്പോയതിന്റെ പരിഭവം എന്നോണം ഞാൻ തിരിഞ്ഞു കിടന്നു. ഒന്നും കൂടി കൈ നീട്ടി എന്നെ വലിക്കാൻ നോക്കിയതും “അച്ചേ…” എന്ന് വിളിച്ച് ചാടിയെണീറ്റു എന്റെ അന്നുക്കുട്ടി. പിന്നെ ചേച്ചി എന്നും വിളിച്ചു കല്ലുവിന്റെ മേലേക്ക് വീണ്ടും ഒരു ചാട്ടം. ഹരിയേട്ടനെ നോക്കി ഒന്നു ആക്കി ചിരിച്ചു പോയി ഞാൻ. അപ്പോഴേക്കും രണ്ടുംകൂടി കട്ടിലിൽ കിടന്നു ഉരുണ്ടു മറിഞ്ഞു ബഹളം തുടങ്ങിയിരുന്നു.

“പാറു ഞാൻ ഇന്നലെ കൊണ്ടുവന്ന ചോക്ലേറ്റ് ഫ്രിഡ്ജിൽ തന്നെ അല്ലേ വെച്ചത്…” പറഞ്ഞു തീർന്നില്ല പാറിപ്പറന്നു എന്റെ മക്കൾ രണ്ടും അടുക്കളയിലേക്ക്….കള്ളച്ചിരിയോടെ എന്റെ അടുത്തേക്ക് നീങ്ങി വന്നു ഹരിയേട്ടൻ. “മോളെ പാറു…ഈ ഹരി ഇന്നേവരെ ഒരു കാര്യം ആഗ്രഹിച്ചിട്ട് നേടാതെ ഇരുന്നിട്ടുണ്ടോ…? എന്നോട് കളിക്കുമ്പോൾ തരത്തിൽ ഒക്കെ കളിക്കണ്ടേ….?” “അതു തന്നെയാ എനിക്കും പറയാനുള്ളത്. തരത്തിലെ കളിക്കാവു…ഇല്ലാത്ത ചോക്ലേറ്റ് എടുക്കാൻ പോയ രണ്ട് ചട്ടമ്പികളും തിരിച്ച് വരുമ്പോൾ എന്റെ മോൻ വിവരമറിയും…” അതു പറഞ്ഞു കഴിയുന്നതിനിടയ്ക്ക് തന്നെ ഹരിയേട്ടന്റെ താടിയിലെയും നെഞ്ചിലെയും രോമങ്ങൾ എന്നെ ഇക്കിളികൂട്ടി തുടങ്ങിയിരുന്നു.

കോളിംഗ് ബെൽ നിർത്താതെ അടിയുന്നത് കേട്ട് ഞാൻ താഴേക്ക് ഇറങ്ങി. അപ്പോഴേക്കും ഹരിയേട്ടന്റെ ജീവനെടുക്കാൻ ഓടി പോകുന്നുണ്ടായിരുന്നു എന്റെ കുട്ടി പട്ടാളങ്ങൾ. ഞാൻ താഴെ എത്തി വാതിൽ തുറക്കുമ്പോഴേക്കും കൈവിരലിൽ ഒന്നിനെയും മറ്റേതിനെ തലയിലും വെച്ച് ഹരിയേട്ടനും എത്തിയിരുന്നു. മിഠായി കിട്ടാത്തതിൻറെ ദേഷ്യം ഏട്ടന്റെ മുടിയിൽ തീർക്കുന്നുണ്ട് കാന്താരി. വാതിൽ തുറന്ന് ഞാൻ കണ്ടത് മുറ്റത്ത് നിൽക്കുന്ന ക്ഷീണിച്ച് അവശയായ സ്ത്രീ രൂപം.

“ആരാ ഇത് വന്നിരിക്കുന്നതെന്ന് നോക്കിയേ ചേച്ചി…? ഞാൻ പറഞ്ഞതാ ചേച്ചിയോട് ചോദിച്ചിട്ട് മാത്രം അകത്തു കയറിയ മതീന്ന്. ഇതിപ്പം തനിയെ കേറി വന്നത…” കുടക്കമ്പിയാണ്. അത് അപ്പച്ചി ആണെന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും സ്റ്റെപ്പ് കയറി എന്റെ കൈ പിടിച്ചിരുന്നു അവർ. എന്നെയും ഹരിയേട്ടനും നോക്കി അവർ പറഞ്ഞു തുടങ്ങി.

“മക്കൾ എന്നോട് ക്ഷമിക്കണം. പൊറുക്കാനാവാത്ത തെറ്റ് ആണ് ഞാൻ നിങ്ങളോടൊക്കെ ചെയ്തത്. എന്റെ ലക്ഷ്മിയുടെ കണ്ണടഞ്ഞപ്പോഴെങ്കിലും ഞാൻ വരേണ്ടതായിരുന്നു. പണവും പ്രതാപവും തറവാട്ടു മഹിമയോ ഒന്നുമല്ല സ്നേഹത്തിന് ആണ് പ്രാധാന്യം എന്ന് മനസ്സിലാക്കാൻ ഞാൻ ഇത്തിരി വൈകിപ്പോയി. ഞാൻ പ്രസവിച്ച എന്റെ മക്കൾ തന്നെ അതെനിക്ക് പഠിപ്പിച്ചു തന്നു. എന്റേത് ഒരു പിഴച്ച നാക്ക് ആയിപോയി. എന്റെ മരുമക്കൾ എന്നെ ചട്ടം പഠിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. ഇനിയും അവിടെ കിടന്നാൽ എന്നെ അവർ പട്ടിണികിടാനും മടിക്കില്ല. നിന്നെ ഞാൻ എന്തെല്ലാം പറഞ്ഞു പോയി മോളെ…? ഇനി നിങ്ങൾ കൂടി ഇറക്കി വിട്ടാൽ തെരുവിൽ കിടക്കേണ്ടി വരും ഞാൻ. ഇവിടെ ഒരു മൂലക്ക് ഒരു ശല്യവും ഉണ്ടാക്കാതെ കഴിഞ്ഞോളാം ഞാൻ….”

അവരോട് മറുപടി പറയാൻ തുടങ്ങുന്നതിന് മുൻപേ “പാറു” എന്നും വിളിച്ചു അകത്തേക്ക് കയറി ഇരുന്നു ഹരിയേട്ടൻ. ഞാനും പിറകെ ചെന്നു. ഞാൻ പറയാൻ ഒരുങ്ങിയതും “നീയൊന്നും പറയണ്ട പാറു…അത് നടക്കില്ല. അപ്പച്ചിയുടെ സ്വഭാവം നിനക്ക് അറിയാത്തതല്ലല്ലോ…? അവരു കാരണം ജീവിതകാലം മുഴുവൻ സങ്കടപ്പെട്ടത എന്റെ അമ്മ. ഞാൻ എത്ര കാലം എന്റെ അമ്മയെ വെറുത്തു…? നിന്നോട് അവർ ചെയ്തത് നിനക്ക് പൊറുക്കാൻ പറ്റുമോ…? നിനക്ക് ചിലപ്പോൾ പറ്റുമായിരിക്കും. എനിക്ക് പറ്റില്ല…”

“എന്താ ഹരിയേട്ടാ…? അവരുടെ രൂപവും, മാറ്റവും ഏട്ടനും കണ്ടില്ലേ…? പാവം. ഈ തറവാട്ടിൽ ജനിച്ചത് അല്ലേ അവര്….? അമ്മയുണ്ടായിരുന്നെങ്കിൽ അവരെ സ്വീകരിച്ചേനേ എനിക്ക് ഉറപ്പാ…” “എത്ര മാറിയാലും അവരിവിടെ താമസിച്ചാൽ നിന്റെ സങ്കടം ഞാൻ തന്നെ കാണേണ്ടി വരും. ഒരാളുടെ സ്വഭാവം അങ്ങനെ പെട്ടെന്നൊന്നും മാറ്റാൻ പറ്റില്ല. ഇനി നിനക്ക് നിന്റെ വാശിയാണ് വലുതെങ്കിൽ ആയിക്കോ…ഞാൻ തടസ്സം നിൽക്കില്ല. പിന്നെ അതുമിതും പറഞ്ഞ് കണ്ണീരൊലിപ്പിച്ച് എന്റെ അടുത്ത് വരരുത്.”

“ഇല്ല അവർ ഹരിയേട്ടനെ ശല്യപ്പെടുത്താൻ വരില്ല…പോരെ…” “ശരി…പക്ഷേ നീ എങ്ങാനും സങ്കടപ്പെട്ടു നിൽക്കുന്നത് കണ്ടാൽ നോക്കിനിൽക്കില്ല ഞാൻ ശക്തമായി പ്രതികരിക്കും. നീ വേണമെങ്കിൽ നോക്കിക്കോ ഇന്ന് തന്നെ നിന്നെ സങ്കടപ്പെടുത്തിയിരിക്കും അവർ”

“ഇല്ല..നമുക്ക് നോക്കാം” എന്നെ തറപ്പിച്ച് ഒന്ന് നോക്കി കോണി കയറി പോയി ഹരിയേട്ടൻ. ഏട്ടൻ പറഞ്ഞത് വാസ്തവം ആണെങ്കിലും ഒറ്റപ്പെടലിന്റെ വേദന വേണ്ടുവോളം അനുഭവിച്ച എനിക്ക് അപ്പച്ചിയെ കൂടെ കൂട്ടിയെ തീരൂ. ഞാൻ പുറത്തേക്ക് ചെന്നപ്പോഴേക്കും അപ്പച്ചിയുടെ മടിയിൽ ഉണ്ട് അന്നുക്കുട്ടി. കല്ലു ആണെങ്കിൽ അപ്പച്ചിയുടെ ചുരുങ്ങി വരുന്ന കൈകൾ ഒക്കെ തഴുകുന്നുണ്ട്. ആശ്വാസം തോന്നി കണ്ടിട്ട്.

“എന്റെ കൊച്ചു മക്കളെപോലും എന്റെ അടുത്തേക്ക് വിടില്ല എന്റെ മക്കളും മരുമക്കളും. ഒരു ശത്രുവിനെ പോലെയ എന്നെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്…” അപ്പച്ചി വിങ്ങിപ്പോയിരുന്നു അത് പറഞ്ഞപ്പോഴേക്കും. അപ്പച്ചിയുടെ കൈപിടിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി ഞാൻ. രാത്രിയായപ്പോഴേക്കും മക്കൾക്ക് അപ്പച്ചി ഇല്ലാതെ വയ്യെന്നായി. ചോറ് പോലും അപ്പച്ചി തന്നെ വാരി കൊടുക്കണം. ഹാളിലിരുന്ന് അവരുടെ മടിയിൽ കിടന്ന് കഥ കേൾക്കുന്ന മക്കളെ നോക്കി നിൽക്കുന്ന ഹരിയേട്ടനെ കണ്ടപ്പോൾ ഞാൻ ഒന്നു നോക്കി ഇപ്പോൾ ആരാ ജയിച്ചത് എന്നുള്ള മട്ടിൽ.

“കിടക്കേണ്ട അപ്പച്ചി…” എന്ന് ചോദിച്ചു അടുത്ത് ചെന്നു ഞാൻ. “എനിക്ക് ലക്ഷ്മിയുടെ മുറി മതി. പിന്നെ കുട്ടികൾ എന്റെ അടുത്ത് കിടന്നോട്ടെ മോളെ?” എന്ത് പറയണമെന്ന് അറിയാതെ ഹരിയേട്ടനെ നോക്കി ഞാൻ. സമ്മതം അറിയിച്ച് ഒരു നോട്ടം തന്നു എനിക്ക്. കുട്ടികളെ കൊണ്ടു പോയി അമ്മയുടെ മുറിയിൽ കിടത്തി കൊടുത്തു. “മിടുക്കി കുട്ടികള രണ്ടും…ഒന്ന് ലക്ഷ്മിയെ മുറിച്ച് വച്ചിട്ടുണ്ട്…മറ്റേത് നിന്നെയും. എന്നാലും ഇവരൊക്കെ വേറെ ഒരു തറവാട്ടിൽ ചെന്നു കയറേണ്ടവരല്ലേ…? ഹരിയുടെ കാലം കഴിയുമ്പോൾ ഈ തറവാടിന്റെ പരമ്പര നിലനിർത്താൻ ഒരു ആൺകുഞ്ഞ് ഇല്ലാതെ പോയല്ലോ മോളെ…?”

അപ്പച്ചി ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല എങ്കിലും കേട്ടപ്പോൾ എനിക്ക് വീണ്ടും സങ്കടം വന്നു തുടങ്ങി. ഒരു പൊട്ടിച്ചിരി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ വെള്ളവുമായി വാതിൽക്കൽ നിൽക്കുന്നു ഹരിയേട്ടൻ. എന്റെ ഭാവം അത്ര നല്ലതല്ലാത്തതിനാൽ പെട്ടെന്ന് തന്നെ സ്ഥലം വിട്ടു. ഞാനും വെച്ചു പിടിച്ചു പിന്നാലെ…ഞാൻ അകത്ത് കടന്നതും വാതിലടച്ചു ഹരിയേട്ടൻ.

“നിങ്ങൾക്ക് എന്താ മനുഷ്യ ഇത്ര ചിരി…?” “നിന്റെ സ്നേഹനിധിയായ അപ്പച്ചി കാരണം നിനക്ക് ഒട്ടും സങ്കടം വന്നില്ലല്ലോ എന്ന് ഓർത്തിട്ട്…” “ഓഹോ… അപ്പം എനിക്ക് വിഷമമായി എന്ന് മനസ്സിലായിട്ടു നിങ്ങളെന്തേ പ്രതികരിക്കാത്തേ…? രാവിലെ അങ്ങനെ ഒന്നും അല്ലല്ലോ എന്നോട് പറഞ്ഞത്” “നിനക്ക് സങ്കടം ആയിട്ട് ഞാൻ പ്രതികരിക്കാതിരിക്കുകയോ…? നടക്കുന്ന കാര്യമാണോ അത്…?” “എന്നാ അപ്പച്ചി ഉറങ്ങി കാണില്ല. പോയി രണ്ട് പറഞ്ഞിട്ട് വാ”

“പറയാനല്ല…പ്രവർത്തിക്കാൻ ആ ഞാൻ പോണത്. കൃത്യം 10 മാസം കഴിയുമ്പോൾ ഒരു ജൂനിയർ ഹരിയെ അപ്പച്ചിയുടെ കയ്യിലേക്ക് വെച്ച് കൊടുക്കാം നമുക്ക്. അപ്പൊ നിന്റെ സങ്കടവും മാറുമല്ലോ…?” “വേണ്ട…അങ്ങനെ ഇപ്പം പ്രതികരിക്കേണ്ട. എന്റെ സങ്കടം മാറി.” “ഇതാ ഞാൻ ആദ്യമേ പറഞ്ഞത്…ഓരോ വയ്യാവേലി എടുത്തു തലയിൽ വെക്കേണ്ട എന്ന്. എന്നാലും പാറു ഇതെനിക്ക് രസിച്ചു ട്ടോ…” “എന്ത്…?” “അല്ല അപ്പച്ചിയും നമ്മുടെ മക്കളും കൂടി നടക്കുന്നത് കണ്ടപ്പോൾ…എന്തോ അമ്മയെ ഓർത്തു പോയി പോയി ഞാൻ. അപ്പച്ചിക്ക് നീ പറഞ്ഞ പോലെ തന്നെ നല്ല മാറ്റമുണ്ട്…ശരിക്കും”

“അല്ലേലും ഞാനല്ലേ ഓരോന്ന് സമയത്തിന് നല്ല രീതിയിൽ ചെയ്യുന്നത്…? ഹരിയേട്ടന് ചിലനേരം കാട്ടാളന്റെ സ്വഭാവമല്ലേ…?” “പാറു…ഇനിയും നീ എന്നെ അങ്ങനെ വിളിച്ചാൽ ശരിക്കും കാട്ടാളൻ എന്താണെന്ന് ഞാൻ നിനക്ക് കാണിച്ചു തരും.” “അല്ലേലും എനിക്ക് ഈ പാവം ഹരിയേട്ടനെക്കാൾ ഇഷ്ടം എന്റെ കാട്ടാളനെ തന്നെയാണ്.” “ആണോ ടീ…?എന്നാൽ നിന്നെ ഇന്ന് ഞാൻ….” അങ്ങനെ തട്ടിയും മുട്ടിയും പാറുവും അവളുടെ കാട്ടാളനും സന്തോഷത്തോടെ ജീവിക്കുന്നു.

അവസാനിച്ചു.

ആദ്യമായി ഒരു കഥ എഴുതണം. അതും ഒരു തുടർക്കഥ…എന്ന അതിമോഹവുമായി വന്ന എന്നെ പാതിവഴിക്ക് ഓടിക്കാതിരുന്ന എല്ലാ വായനക്കാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് ആൻ എന്ന ഞാൻ വിടവാങ്ങുന്നു.