കാണാക്കിനാവ് – ഭാഗം ഒൻപത്

എഴുത്ത്: ആൻ.എസ്.ആൻ

എട്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

രാവിലെ തന്നെ നിയ കുലുക്കി വിളിച്ചപ്പോഴാണ് ഉണർന്നത്. കണ്ണ് തുറന്ന് അവളെ കണ്ടതും എന്റെ ബോധം പോയി. ആൾ ഇതാ കുളിയൊക്കെ കഴിഞ്ഞു നല്ല പട്ടുപാവാടയും ചന്ദനക്കുറിയും ഒക്കെ ഇട്ട് തനി മലയാളിമങ്ക ആയി ഒരുങ്ങി നിൽക്കുന്നു. എന്റെ നോട്ടം കണ്ടിട്ടാവണം,

“നീ നോക്കണ്ട…ഈ ഫാഷൻ പരേഡ് എല്ലാ തവണയും നാട്ടിൽ വരുമ്പോൾ ഉള്ളതാ…അമ്പലത്തിലേക്ക് ആണ്. അമ്മയ്ക്ക് അത് മാത്രം നിർബന്ധമാണ്. ഞാൻ നാളെ രാവിലെ പോകുകയല്ലേ അപ്പോൾ ഇന്നേ തീർത്തേക്കാം. നമ്മൾ ഒരുമിച്ച് അമ്പലത്തിൽ പോകുന്നു, നിന്നെ ഓഫീസിൽ വിട്ടിട്ട്, ഞാൻ ബാക്കി സമയം മൊത്തം ഷോപ്പിംഗ്, വൈകീട്ട് നിന്നെ വിളിക്കാൻ വരാം. പിന്നെ ഞാൻ ഒരു ഒരു വമ്പൻ പദ്ധതിയും ആവിഷ്കരിച്ചു വെച്ചിട്ടുണ്ട് നിനക്കായി.”

“നിന്റെ പദ്ധതി അല്ലേ….വല്ല ഉഡായിപ്പും ആയിരിക്കും…പറ കേൾക്കട്ടെ.”

“ഇന്ന് മുതൽ നീ ഏതെങ്കിലും വിധത്തിൽ കാട്ടാളനെ കണ്ണും കയ്യും ഒക്കെ കാണിച്ചു വളയ്ക്കുന്നു. എന്നിട്ട് വളച്ച് വളച്ച് ഒടിയും എന്നുറപ്പ് ആകുന്ന നിമിഷം. കിച്ചുചേട്ടനെ കല്യാണം കഴിച്ച് അങ്ങേരെ തേച്ച് ഒട്ടിക്കുന്നു. നീ ഹാപ്പി…കിച്ചുചേട്ടൻ ഹാപ്പി…സൗദാമിനി അപ്പച്ചി ഹാപ്പി…ചുരുക്കി പറഞ്ഞാൽ നിന്റെ ചെലവിൽ അമ്പലപാട്ടു കാരോട് ഒരു മധുര പ്രതികാരം.”

“അതെ…കാട്ടാളൻ അന്നേരം മാങ്ങ പറിക്കാൻ പോകുമല്ലോ…? അങ്ങേര് വല്ല പെട്രോളോ ആസിഡ്ഡോ കൊണ്ടായിരിക്കും വരിക…നീ എന്റെ പുക കണ്ടേ അടങ്ങു അല്ലേ…? ഞാൻ ഇപ്പൊ ശരിയാക്കി തരാം. ഞാൻ നിന്റെ പദ്ധതി ഇപ്പോൾ തന്നെ ഡോക്ടറോട് പറഞ്ഞേക്കാം.”

“ഓ…നിനക്ക് വേണ്ടെങ്കിൽ വേണ്ട. അങ്ങേരോട് കിട്ടുന്നതെല്ലാം കൈനീട്ടി മേടിച്ചോ. ഇപ്പോ എന്റെ കൂടെ അമ്പലത്തിൽ ഒന്നു വരാമോ…?ഒന്നുമില്ലെങ്കിൽ ഒരു വെടിവഴിപാടോ, ശത്രു മുട്ടോ എങ്കിലും നടത്താലോ…?”

ഞങ്ങൾ റെഡിയായി അമ്പലത്തിൽ എത്തി. ടീച്ചർ അമ്മയ്ക്ക് വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു. പിന്നെ ഈ നാട്ടിൽ എത്തിയതിനുശേഷം അറിഞ്ഞോ അറിയാതെയോ ചെന്നുപെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് നല്ലത് മാത്രം വരുത്തണമെന്നും പ്രാർത്ഥിച്ചു കഴിഞ്ഞു നോക്കിയതും നിയയെ കാണുന്നില്ല. ഇവളെവിടെ പോയെന്ന് കരുതി പുറത്തെത്തിയപ്പോൾ കണ്ടു അമ്പലത്തിന് മുന്നിൽ നിന്ന് സെൽഫി എടുത്തു കളിക്കുന്നു. എന്നെ കണ്ടതും എന്നെയും വിളിച്ചു. ചേർന്ന് നിന്ന് ഒന്ന് രണ്ട് ഫോട്ടോ എടുത്തു. എന്നിട്ട് അപ്പോൾ തന്നെ അത് ഡോക്ടർക്ക് അയച്ചുകൊടുത്തു അവൾ.

സെൽഫി എടുക്കുമ്പോൾ അവളുടെ മുഖത്ത് വരുന്ന കോപ്രായങ്ങൾ ഒക്കെ കണ്ടിട്ട് ഒന്നു രണ്ടു പ്രായമായ സ്ത്രീകൾ അടക്കം പറയുന്ന കണ്ടപ്പോൾ മെല്ലെ തടി എടുക്കുന്നതാണ് ബുദ്ധി എന്നു മനസ്സിലായ ഞാൻ കൗണ്ടറിലേക്ക് പോട്ടേന്ന് ചോദിച്ചു. “ശത്രു മുട്ട് മറക്കണ്ട…” ഞാൻ അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് നടന്നു.

അപ്പോഴേക്കും കൊടിമരം കൂടി കിട്ടാൻ ആണെന്നു തോന്നുന്നു ചെറുതായി ചാടിയിട്ട് ഒക്കെ ഫോട്ടോ എടുക്കുന്നുണ്ട്. “ചേച്ചിയേ കൊടിമരം ഇത്തിരി താഴ്ത്തി കെട്ടട്ടെ…?” എന്ന് ചോദിച്ച ഒരു പീക്കിരി ചെക്കനോട് അവൾ എന്താ മറുപടി കൊടുത്തതെന്ന് കേൾക്കാൻ പറ്റിയില്ല.

“മോൾക്ക് അമ്പലത്തിൽ വരുന്ന ശീലം ഒക്കെ ഉണ്ടല്ലേ…? നന്നായി…” എന്റെ ചുമലിൽ കൈവച്ചു പറഞ്ഞ സ്ത്രീ ആരാണെന്നുള്ള മട്ടിൽ ഞാൻ തിരിഞ്ഞുനോക്കി. കാട്ടാളന്റെ അമ്മ. അവരെ കണ്ടതും നിയ ഇന്നലെ പറഞ്ഞ കഥയിലെ ഇരു കുടുംബങ്ങളെയും തമ്മിലടിപ്പിച്ച പ്രണയ കഥയിലെ വിവാദ നായികയെ ആണ് എനിക്ക് ഓർമ്മ വന്നത്. ഞാൻ അവരെ വ്യക്തമായി നോക്കി. പ്രായമായിട്ടും സൗന്ദര്യം വിട്ടുപോയിട്ടില്ല. അവരോട് എന്തോ പഴയ സന്തോഷം തോന്നിയില്ലെങ്കിലും ഞാനും ഒരു ചിരി വരുത്തി.

നിയയെ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട്. മൊബൈൽ നോക്കാൻ ആണെന്ന് മനസ്സിലായി. “ഞാൻ പോകുന്നു. നീ അവരുടെ കൂടെ ഓഫീസിൽ പോയാൽ മതി. വിഷ് യു എ ഹാപ്പി തെറിവിളി ഡേ…”

“മോള് ഓഫീസിലേക്ക് അല്ലേ…? എന്റെ കൂടെ വരാലോ…?” ഞാൻ സമ്മതപൂർവ്വം തലയാട്ടി. ഇനി കുടക്കമ്പിയെ സഹിക്കേണ്ടി വരുമല്ലോ…? എന്നോർത്ത് വണ്ടിക്ക് അടുത്തെത്തിയതും കണ്ടു കാറിന് അടുത്തുനിൽക്കുന്ന സാക്ഷാൽ കാട്ടാളനെ…

ഒരു രക്ഷയ്ക്കായി ചുറ്റും നോക്കിയപ്പോൾ കണ്ടു എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് പോകുന്ന നിയയെ…അവൾ കാട്ടാളൻ നിൽക്കുന്നത് കണ്ടിട്ട് എനിക്ക് മനപൂർവം പണി തന്നതാണ് എന്ന് മനസ്സിലായി. കാട്ടാളൻ അമ്പലത്തിലെ കാര്യകാരനോട് ചിരിച്ചുകൊണ്ട് എന്തോ പറയുന്നുണ്ട്. ഞങ്ങളെ കണ്ടതും കാറിന്റെ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു.

“മോളെ കയറു…” അമ്മ എനിക്കായി ഡോർ തുറന്നു തന്നു. ഞാൻ കയറിയിരുന്നു എന്നിട്ട് മുന്നിലത്തെ പ്രതികരണം അറിയാൻ കണ്ണാടിയിൽ നോക്കി. എവിടെ നമ്മളെ ആലുവാമണപ്പുറത്തു വച്ചു പോലും കണ്ടിട്ടില്ല കാട്ടാളൻ. “ഹരികുട്ടാ…ഉത്സവത്തിന്റെ കാര്യം പറഞ്ഞ് കാര്യക്കാരന് പണം കൊടുത്തില്ലേ നീ…?”

“ഉം” ഒരു മൂളൽ മാത്രം. “കേട്ടോ മോളെ…ഞങ്ങളുടെ ഉത്സവം ഈ വരുന്ന മാസം ആണ്. അതിന്റെ കാര്യങ്ങളൊക്കെ ഏൽപ്പിക്കാൻ മാത്രമാ ഇവൻ വന്നത്. ഇവിടെ വരെ വന്നാലും അമ്പലത്തിനുള്ളിൽ കയറിയില്ല. അമ്പലത്തിൽ വന്ന് മനസ്സറിഞ്ഞു സങ്കടം പറഞ്ഞാലുള്ള സുഖം മോൾക്ക് എങ്കിലും അറിയാലോ…?”

“ആർക്ക്…സെൽഫി എടുക്കാൻ അമ്പലത്തിൽ പോകുന്നവർക്ക് ആണോ….?”

ഓ…അപ്പോൾ എല്ലാം നേരത്തെ കണ്ടിട്ടുണ്ട്. കാര്യമായി പോയി. ദൈവ വിരോധിയായ ഇയാളാണോ എന്റെ ഭക്തി തീരുമാനിക്കുന്നത്…? മനസ്സിൽ വിചാരിച്ച് ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.

ഓഫീസിലെത്തി ടീച്ചർ അമ്മയെ വിളിച്ചു കഴിഞ്ഞപ്പോഴേക്കും കാട്ടാളൻ എത്തി. എക്സിക്യൂട്ടീവ് സ്റ്റൈലിൽ വരുന്നത് കണ്ടപ്പോൾ ഇന്നലെ രാത്രി നിയ പറഞ്ഞത് ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തോന്നി. ഫയൽ കൊണ്ടുവരാൻ പറഞ്ഞതും ഞാൻ ഓടിച്ചെന്നു. ഫ്രണ്ട് പേജിൽ മാത്രം ഒന്ന് നോക്കി. ഇന്നലെ നോക്കിയതു കൊണ്ടാവാം പെട്ടെന്ന് തന്നെ സൈൻ ചെയ്തു തന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു…

“താനും വരണം. ജോയിനിങ് റിപ്പോർട്ട് കിട്ടിയപ്പോൾ തന്നെ കാണണമെന്ന് ചീഫ് പറഞ്ഞിരുന്നു.” ഞാൻ തലകുലുക്കി തിരിഞ്ഞതും ഒന്ന് മുരടനക്കിയത് ആയി തോന്നി. ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.

“അയാൾ ഒരു പ്രത്യേക ടൈപ്പ് ആണ്…? ഒന്ന് സൂക്ഷിച്ചു ഇടപഴകിയാൽ തനിക്ക് കൊള്ളാം. ഇനി തനിക്ക് അതൊന്നും പ്രശ്നമല്ലങ്കിൽ….ഞാൻ പറഞ്ഞെന്നേയുള്ളൂ.”

ഇയാൾ എന്താ സാഡിസ്റ്റ് ആണോ…? നാലാം നൂറ്റാണ്ടിൽ നിന്നും ഇനിയും ബസ് കിട്ടിയിട്ടില്ല എന്ന് തോന്നുന്നു. ചുമ്മാതല്ല സ്റ്റേറ്റിൽ നിന്നൊക്കെ കുറ്റിയും പറിച്ചു ഇങ്ങു പോന്നത്. ഞാൻ മനസ്സിൽ കരുതി പുറത്തേക്കിറങ്ങിയതും ഡ്രൈവർ ഇല്ലാത്തതിനാൽ സർക്കാർ ജീപ്പിന്റെ ഡ്രൈവർ സീറ്റിൽ കയറി ഇരിക്കുന്നു കാട്ടാളൻ. കുടക്കമ്പി അപ്പോഴേക്കും പറന്നു എത്തിയിട്ടുണ്ട്. “മാറ് കുഞ്ഞേ…ഞാൻ ഓടിക്കാം” കുടക്കമ്പിയാണ്.

“ഇത് ഓടിക്കാൻ നിനക്ക് ശമ്പളം തരുന്നത് സർക്കാരാണോ…?” മറുചോദ്യം. “എനിക്ക് ശമ്പളം തരുന്നത് കുഞ്ഞു തന്നെയാണ്. പക്ഷേ ചേച്ചിയെ കൊണ്ടു പോകുന്ന സ്ഥിതിക്ക് ഞാൻ ഓടിക്കാം. ഇല്ലെങ്കിൽ പോണ വഴി കുഞ്ഞു ചേച്ചിയെ വല്ലതുമൊക്കെ പറയും. വേണമെങ്കിൽ വഴിയിൽ ഇറക്കിയും വിടും.” കാട്ടാളനത്വ മുഖം ആകെ ചുമന്നു വരുന്നുണ്ട്. കൂട്ടത്തിൽ എന്നെയും ഒന്ന് കണ്ണുരുട്ടി നോക്കി.

ഒറ്റച്ചാട്ടത്തിന് ഞാൻ സീറ്റിൽ കയറിയിരുന്നു. ഇരുന്നു കഴിഞ്ഞപ്പോഴാണ് ഞാൻ കയറിയിരുന്നത് മുൻപിലത്തെ സീറ്റിൽ ആണെന്ന് ഓർത്തത്. പുറകിൽ മാറി കയറണോ എന്ന് ചിന്തിക്കുമ്പോഴേക്കും വണ്ടി പടിപ്പുര കഴിഞ്ഞിരുന്നു. കുടകമ്പിയുടെ പറച്ചിലിന്റെ ഗുണമായിരിക്കും വഴിയിൽ വാ തുറന്നില്ല കാട്ടാളൻ. ഓഫീസിന്റെ സ്റ്റെപ്പ് കയറുമ്പോൾ ഒക്കെ ഞാൻ കാട്ടാളന് പിറകെ ഓടുകയായിരുന്നു. ഓഫീസറുടെ മുറിക്ക് മുൻപിൽ എത്തിയപ്പോൾ സ്ലോ ആക്കി എന്റെ കയ്യിൽ നിന്നും ഫയൽ വാങ്ങിച്ചു, എന്നോട് കയറാൻ കൈകാണിച്ചു. എന്നിട്ട് എന്റെ പുറകെ വന്നു.

എന്നെ കണ്ടതും ചീഫ് എഞ്ചിനീയർ ചാടിയെഴുന്നേറ്റു കൈ തന്നു. “ഞാൻ പ്രതീക്ഷിച്ചതിലും യങ് ആൻഡ് ബ്യൂട്ടിഫുൾ ആണ് മിസ്സ്. പാർവതി. എറണാകുളം എന്ന് കേട്ടപ്പോൾ കുറച്ചുകൂടി മോഡേൺ ആണ് പ്രതീക്ഷിച്ചത്. എന്തു സഹായം വേണമെങ്കിലും ഏതുസമയത്തും പാർവതിക്ക് എന്നെ വിളിക്കാം.” ഇതൊക്കെ പറയുമ്പോഴും എന്റെ കൈ അയാളുടെ കയ്യിൽ കുലുങ്ങി കൊണ്ടിരുന്നു.

കാട്ടാളൻ എന്നെയൊന്നു നോക്കി. കോഴി നല്ല നാടൻ പൂവൻ തന്നെയല്ലേ എന്ന മട്ടിൽ. പിന്നെ ഇതിനെ വറുക്കണോ അതോ കറി വെക്കണോ എന്നമട്ടിൽ അയാളെയും…”സർ…ഫയൽ” കാട്ടാളൻ അത് നീട്ടിയപ്പോൾ എന്റെ കൈ വിട്ട് ഫയൽ വാങ്ങിച്ച് മറിച്ചു നോക്കാൻ തുടങ്ങി. “മിസ്റ്റർ ഹരിഹരൻ നിങ്ങളുടെ ഈ റിപ്പോർട്ട് ശരിയല്ലല്ലോ…? ഇതിലും ചെറിയ തുകയ്ക്ക് വർക്ക് ഏറ്റെടുക്കാൻ ആളുള്ളപ്പോൾ നിങ്ങൾ എന്തിനാണ് മറ്റൊരു കമ്പനിക്ക് ഇത് കൊടുക്കുന്നത്…? ഇനി വേറെ എന്തെങ്കിലും കമ്മിറ്റമെൻറ്സ്…?”

ഞാനും കാട്ടാളനും ഒന്നും തമ്മിൽ തമ്മിൽ നോക്കി. എന്നിട്ട് കാട്ടാളൻ ആ ഫയൽ തിരികെ വാങ്ങി മറിച്ചു നോക്കി. പിന്നെ പേശി ഒക്കെ മുറുകി. കണ്ണൊക്കെ ചുവന്നു മേശപ്പുറത്ത് ഒരു അടി. സത്യം പറയാലോ മൂന്നുലോകം ഒരുമിച്ച് കണ്ടു ഞാൻ.

“ഇന്നലെവരെ ഇല്ലാത്ത കൊട്ടേഷൻ എഴുതിച്ചേർത്തത് ഇവൾ ഒരുത്തിയാണ് സാർ. പെണ്ണാണെന്നു കരുതി ശ്രദ്ധിച്ചില്ല ഞാൻ…? എന്റെ തെറ്റ്. വിഷവിത്ത് ആണിവൾ….ഈ പറയുന്ന കളരികണ്ടിയിൽ കൺസ്ട്രക്ഷൻസിന്റെ ഉറ്റ ബന്ധുവാണ് ഇവൾ. ഇന്നലെ രാത്രി ഈ ഫയൽ ഇവളുടെ വീട്ടിൽ കൊണ്ടുപോകുന്നത് എന്റെ ഡ്രൈവർ കണ്ടിട്ടുണ്ട്. ഈ ഹരി ആരാണെന്ന് ഇവൾ അറിയാൻ പോകുന്നതേയുള്ളൂ….വെറുതെ വിടില്ല ഞാൻ.”

ഇത്രയും പറഞ്ഞ് വാതിൽ കൊട്ടിയടച്ച് മുറിയിൽ നിന്നും ഇറങ്ങിപ്പോയി കാട്ടാളൻ. എന്റെ തലയ്ക്ക് ചുറ്റും ഭൂമി കറങ്ങി കൊണ്ടിരിക്കുകയായിരുന്നു. എന്താ സംഭവിച്ചതെന്ന് പോലും പെട്ടെന്ന് മനസ്സിലായില്ല. “മിസ് പാർവതി…നിങ്ങളിൽ നിന്നും ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല…ചീപ്പ് ആയിപ്പോയി. മിസ്റ്റർ ഹരി വ്യക്തമായ തെളിവുകൾ നൽകിയാൽ എനിക്ക് നിങ്ങൾക്കെതിരെ ആക്ഷൻ നിർദ്ദേശിക്കണ്ടി വരും. അത് വേണമെങ്കിൽ ഡിസ്മിസൽ വരെ ആകാം.”

ഞാൻ ആ ഫയൽ കയ്യിലെടുത്തു നോക്കി. കാട്ടാളൻ പറഞ്ഞത് ശരിയാണ്. ഒഴിവുള്ള ഭാഗത്ത് പുതിയ കൊട്ടേഷൻ എഴുതിച്ചേർത്തിരിക്കുന്നു. ഇന്നലെ ഞങ്ങൾ മുറിയിൽ നിന്നും പുറത്തു പോകുമ്പോൾ സൂരജ് അവിടെ നിന്നത് ഓർമ്മവന്നു…അയാളായിരിക്കും. അപ്പോഴാണ് ഞാൻ ഇന്നലെ എടുത്തുവച്ച മറ്റൊരു കോപ്പി ഓർമ്മ വന്നത്. അത് ബാഗിൽ തപ്പിനോക്കി. അവിടെത്തന്നെയുണ്ട്.

“സാർ…എന്റെ കയ്യിൽ ഒറിജിനൽ റിപ്പോർട്ടിന്റെ ഇന്നലെ എടുത്ത കോപ്പി ഉണ്ട്. കവർപേജ് മാറ്റാതെ പുതിയ സീലും സൈനും ചെയ്താൽ പോരേ…ഇതിപ്പോൾ നമ്മൾ മാത്രമല്ലേ അറിഞ്ഞിട്ടുള്ളൂ.” അയാളത് വാങ്ങി നോക്കി. “ഓക്കേ…ഞാൻ ഹരിയോട് ഒന്ന് സംസാരിക്കട്ടെ. അവന്റെ കൂടെ സിഗ്നേച്ചർ വേണമല്ലോ…?” സാർ അതും എടുത്ത് പുറത്തേക്ക് പോയി.

കുറച്ചുകഴിഞ്ഞ് രണ്ടാളും മുറിയിലേക്ക് കയറി വന്നു. എന്റെ മുഖത്ത് പോലും നോക്കാതെ കാട്ടാളൻ ഫയൽ റെഡിയാക്കി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു എന്നിട്ട് ഒരൊറ്റ ഇറങ്ങി പോകും. ഞാൻ ഓടിപ്പിടിച്ച് താഴെ എത്തിയതും കാട്ടാളൻ എന്നെ കൂട്ടാതെ പോകാൻ വണ്ടി സ്റ്റാർട്ട് ആക്കിയിരുന്നു. എന്റെ ഉള്ളിൽ സങ്കടവും ദേഷ്യവും അപമാനവും എല്ലാം ചേർന്ന് ഒരു സമ്മിശ്ര വികാരമായിരുന്നു. രണ്ടുംകൽപ്പിച്ച് ഞാൻ അയാളെ വിളിച്ചു.

“മിസ്റ്റർ ഹരിഹരൻ….നിങ്ങളെന്താണ് എന്നെക്കുറിച്ച് കരുതിയിരിക്കുന്നത്…? നിങ്ങളെ പോലെ തന്നെ ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന ആളാണ് ഞാനും. ഇനി അതിൽ കള്ളം കാണിക്കണം എങ്കിൽ ഞാൻ ജീവനോടെ ഇല്ലാതിരിക്കണം. എന്റെ അറിവില്ലാതെ ആരോ എഴുതിച്ചേർത്തതാണ് അത്. എനിക്ക് അഴിമതി കാണിക്കാൻ ആയിരുന്നെങ്കിൽ ഞാനെന്തിന് ഈ കോപ്പി അയാൾക്ക് കൊടുക്കണം…? ആ കോപ്പി ഇല്ലാതെ എനിക്കെതിരെ വല്ല തെളിവും നിങ്ങളുടെ കയ്യിലുണ്ടോ…ഇല്ലല്ലോ…? ഇനിയെങ്കിലും സത്യം അന്വേഷിക്കാതെ ആരെയും കുറ്റപ്പെടുത്തരുത്. നിങ്ങൾ രണ്ടാംതവണയാണ് എന്നോട് ഇതേ തെറ്റ് ചെയ്യുന്നത്.”

അത്രയും പറഞ്ഞ് ഞാൻ മുൻപോട്ടു നടന്നു. കാട്ടാളൻ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. നടക്കുന്ന വഴിയിൽ ഞാൻ നിയയെ വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞു. സൂരജ് ആയിരിക്കും അത് ചെയ്തതെന്ന് അവളും പറഞ്ഞു. അയാൾ അത്ര നല്ലവൻ അല്ലെന്നും എന്തൊക്കെയോ ചീത്ത കൂട്ടുകെട്ട് ഉണ്ടെന്നും ഇതൊക്കെ അമ്മാവനെ പറഞ്ഞു ബോധ്യപ്പെടുത്തി വേണ്ടത് ചെയ്തോളാം എന്നു അവളും പറഞ്ഞു. തൽക്കാലം ഇക്കാര്യം ഡോക്ടറെ അറിയിക്കേണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു.

കുറച്ച് നടന്ന് കഴിഞ്ഞപ്പോഴേക്കും കാട്ടാളൻ വണ്ടി എന്റെ അടുത്ത് കൊണ്ടുവന്നു നിർത്തി. ഞാൻ കാണാത്തത് പോലെ നടന്നു തുടങ്ങി. ഒരുതവണ ഹോൺ അടിച്ചു. കുറച്ച് അവിടെ നിൽക്കട്ടെ എന്ന് ഞാനും കരുതി. കുറച്ചുകൂടി എന്റെ അടുത്ത് വന്ന് ഒന്നുംകൂടി സ്ലോ ആക്കി എന്നെ ഒന്ന് നോക്കി.

എന്നാലും ഒരു “സോറിയോ…ഒന്ന് കയറു…” ഒന്നും തന്നെ പറഞ്ഞേക്കരുത്…കാട്ടാളൻ..!!എന്തായാലും കേറിയക്കാം എന്ന് മനസ്സിൽ കരുതിയതും കണ്ടു സ്പീഡിൽ പറപ്പിച്ചു പോണു കാട്ടാളൻ. ആ പോക്ക് നോക്കി നിന്നു പോയി ഞാൻ.

നിർത്തിയപ്പോൾ കയറിയാൽ മതിയായിരുന്നു. അല്ലേലും പോയ ബുദ്ധി ഇനി വരില്ലല്ലോ…ഞാൻ റോഡിൽ മൊത്തം നോക്കി. ഒരു സൈക്കിളിൽ പോകുന്ന ചെറിയ പയ്യൻ ഒഴികെ ആരും ഇല്ല. ഇനിയിപ്പോൾ എന്താ ചെയ്യുക എന്ന് ഒരു നിമിഷം ആലോചിച്ചു നിന്നപ്പോഴേക്കും ഒരു ജീപ്പ് സ്പീഡിൽ വന്നു സൈഡിലേക്ക് എന്റെ നേരെ ചീറി വന്നു.

പെട്ടെന്ന് ഞാൻ ചാടി മാറിയെങ്കിലും എന്റെ കയ്യിൽ സൈഡിൽ ഉരസിക്കൊണ്ട്…എന്റെ മുൻപിൽ സൈക്കിളിൽ പോയിരുന്ന പയ്യനെ ഇടിച്ചുവീഴ്ത്തിയിട്ട് നിർത്താതെ പോയി…

തുടരും…